2014, സെപ്റ്റംബർ 10, ബുധനാഴ്‌ച

ഗ്രേസ് മാര്‍ക്കുകള്‍ കെടുത്തുന്ന തിളക്കങ്ങള്‍.

സ്‌കൂളില്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റ് അനുവദിച്ചത് വലിയ ആഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. വളരെക്കാലമായുള്ള ശ്രമമായിരുന്നു. നേരത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) യൂനിറ്റിനായി അപേക്ഷ ക്ഷണിച്ചപ്പോള്‍ പരമാവധി അതിനായി ശ്രമിച്ചെങ്കിലും സംഗതി കയ്യില്‍ വന്നിരുന്നില്ല. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്ന കുട്ടിപ്പോലീസ് സംവിധാനവും ഏറെക്കാലമായി മോഹിപ്പിച്ച് കൊണ്ട് സമീപത്തെ പല സ്‌കൂളുകളിലും ഉണ്ട്. അതിന് ശ്രമിച്ചിട്ട് ഇനി വലിയ കാര്യമൊന്നുമില്ല, ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് അത് അനുവദിക്കുന്നില്ല എന്ന് മാത്രമല്ല ഹൈസ്‌കൂള്‍ വിഭാഗത്തിന് അനുവദിച്ചു കിട്ടണമെങ്കില്‍ തന്നെ ആറുലക്ഷത്തോളം രൂപ ബാങ്കില്‍ കെട്ടിവെക്കണം എന്നും കേള്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ആണ് ലോട്ടറിയടിക്കും പോലെ ഗൈഡ്‌സ് യൂനിറ്റ് സ്വപ്‌നത്തില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്ക് തിരശ്ശീല നീക്കിയത്.

സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങി ജൂനിയര്‍ റെഡ്‌ക്രോസ് വരെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ആഭിമുഖ്യം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്താനായി നിരവധി സംവിധാനങ്ങള്‍ ഇന്ന് സ്‌കൂളുകളില്‍ ഉണ്ട്. ഇവയുടെ എല്ലാം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും വിരളമല്ല. ഏകദേശം ആ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗമായിരിക്കും. സേവനത്തിനായി ഏതു മേഖല തെരെഞ്ഞെടുക്കണമെന്ന പേരില്‍, ഇവയെ നയിക്കുന്ന അധ്യാപകര്‍ തമ്മില്‍ വാക്പയറ്റിലും കൈയ്യാങ്കളിയിലും വരെ ചെന്നെത്തുന്ന പുക്കാറുകള്‍ സ്‌കൂളില്‍ ഉണ്ടാകാറുണ്ട്. ''ഇതെന്താ മാഷേ സ്‌കൂളിലെ മൊത്തം ആളുകളും ഇപ്പോള്‍ സേവനതത്പരരും സാമൂഹികപ്രവര്‍ത്തകരും ആയി മാറിയോ'' എന്ന് ആരെങ്കിലും സംശയിച്ചാലും കുറ്റം പറയാന്‍ പറ്റില്ല.

സ്‌കൌട്‌സ് ആന്‍ഡ് ഗൈഡ്‌സും എന്‍.എസ്.എസ്സും ജൂനിയര്‍ റെഡ്‌ക്രോസുമൊക്കെ സ്‌കൂളിലെ 'മുന്നോക്ക'ക്കാരുടെ പരിഗണനാ വിഷയം ആയിരുന്നില്ല ഇത്രകാലവും. പാഠപുസ്തക കേന്ദ്രിതമായ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, പൊതുവേ പഠനത്തില്‍ മിടുക്കര്‍ അല്ലെന്ന് വിധിയെഴുതപ്പെട്ട പിന്‍ബഞ്ചുകാരാണ് നിര്‍ബന്ധിക്കപ്പെട്ട് ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിരുന്നത്. വെയിലും മഴയും കൂസാതെ മാര്‍ച്ചുപാസ്റ്റുകളിലും പരേഡുകളിലും ജാഥകളിലും അവര്‍ പങ്കെടുത്തു. സ്‌കൂള്‍ പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കുകയും കുറ്റിക്കാടുകള്‍ വെട്ടിമാറ്റുകയും ചെയ്തു. നാട്ടുമ്പുറങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ റോഡ് വെട്ടുകയും തോട് കീറുകയും ചെയ്തു. നാട്ടിലെ സര്‍വ്വപരിപാടികളിലും രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരായി എല്ലാ പണികളും ചെയ്തു. കുലീന വിദ്യാര്‍ത്ഥികള്‍ക്ക് ആലോസരമായിരുന്നു അന്ന് ഇത്തരം ഏര്‍പ്പാടുകളെല്ലാം.
പിന്നെ ഒരുനാള്‍ ഇവയെങ്ങിനെ സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ പോലും 'ക്രൌഡ് പുള്ളര്‍' ഘടകമായി മാറി എന്നതാണ് അതിശയകരം. ഇന്ന് കുട്ടിയെ ഹൈസ്‌കൂളിലോ ഹയര്‍ സെക്കന്ററിയിലോ ചേര്‍ക്കാന്‍ ആലോചിക്കുമ്പോള്‍ രക്ഷിതാവ് ആദ്യം അന്വേഷിക്കുന്ന കാര്യം അവിടെ നല്ല അധ്യാപകരുണ്ടോ പഠിക്കാന്‍ സൗകര്യമുണ്ടോ എന്നൊന്നുമല്ല; മറിച്ച് അവിടെ എന്‍.എസ്.എസ്സുണ്ടോ സ്‌കൗട്ടുണ്ടോ കുട്ടിപ്പോലീസുണ്ടോ എന്നൊക്കെയാണ്! ഈ അമ്പരപ്പിന്റെ ലളിതമായ ഉത്തരം ഇവയ്‌ക്കെല്ലാം വാരിക്കോരി ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എന്ന അനുഗ്രഹം മാത്രമാണ്. വാര്‍ഷിക പരീക്ഷയുടെ മൊത്തം മാര്‍ക്കിന്റെ അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ ഈ കുറുക്കുവഴിയിലൂടെ സമ്പാദിക്കാന്‍ കഴിയുമ്പോള്‍, മക്കളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ഒരുങ്ങുന്ന ഏതു രക്ഷിതാവും അന്വേഷിക്കും 'മാഷേ, ഇവിടെ നമ്മളെ എന്‍.എസ്.എസ്സും കുട്ടിപ്പോലീസുമൊക്കെ ഉണ്ടല്ലോ' എന്ന്. (ഇന്ന് ഈ സന്നദ്ധഭടന്മാര്‍ ക്യാമ്പുകളില്‍പ്പോലും ശുചിത്വപരിപാടികളോ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോ അല്ല മുഖ്യമായും നടത്തുന്നത്, കലാ സാംസ്‌കാരിക പരിപാടികളാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്)

ഇവയ്ക്ക് മാത്രമല്ല ഇന്ന് പൊതുപരീക്ഷകളില്‍ ഗ്രേസ് മാര്‍ക്ക് ഉദാരമായി നല്കപ്പെടുന്നത്. കലോത്സവങ്ങള്‍, ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തി പരിചയ മേളകള്‍, അറബിക് സംസ്‌കൃതം പോലുള്ള കലാമേളകള്‍ എന്നിവയിലും സംസ്ഥാനതലത്തില്‍ ഒരു എ ഗ്രേഡ് ഒപ്പിച്ചാല്‍ സംഗതികഴിച്ചിലാവും;  മുപ്പത് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഈ ഗ്രേസ് മാര്‍ക്ക് ആവട്ടെ ഒരു വിഷയം പഠിച്ചു നേടുന്ന മാര്‍ക്കിനെക്കാള്‍ ഒട്ടും വീര്യം കുറഞ്ഞതല്ല. രണ്ടും തമ്മില്‍ തിരിച്ചറിയാനും വഴിയില്ല. ഫുള്‍ എ പ്ലസ്സിന്റെ പത്തരമാറ്റില്‍ നെഞ്ചുവിരിക്കുന്ന പലരും താഴെ ഇട്ട ഗ്രേസ് മാര്‍ക്കിന്റെ പലകപ്പുറത്തായിരിക്കും പക്ഷെ നില്‍ക്കുന്നത്. സ്‌കൂളിന്റെ വിജയശതമാനം മൊത്തമായി ഉയര്‍ത്തിക്കാട്ടുവാനും ഈ വളഞ്ഞ വഴി മിക്ക സ്‌കൂളുകളും പയറ്റുന്നുണ്ട്.
ഗ്രേസ് മാര്‍ക്കുകള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടുന്നതിനും മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നതിനും ഉള്ള ഒറ്റമൂലിയായതോടെ ഏതു വഴിക്കായാലും അത് സംഘടിപ്പിക്കാന്‍ കുട്ടികളും രക്ഷകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും നടത്തുന്ന കൂട്ടയോട്ടത്തിന് തടയിടാനായി കഴിഞ്ഞ വാര്‍ഷിക പരീക്ഷാ സമയത്ത് വിദ്യാഭ്യാസ വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സമീപകാലത്ത് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ അക്കാദമികമായ ഉള്ളടക്കമുള്ള ആ ഉത്തരവില്‍ ഗ്രേസ് മാര്‍ക്ക് വകയില്‍ നിലവിലുള്ള പൊല്ലാപ്പുകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
ഉത്തരവിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.

1. ഹയര്‍ സെക്കന്ററി കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഇനങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ഉള്ളതായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
    •  നിലവിലെ രീതിയില്‍ അക്കാദമിക മികവു പുലര്‍ത്തുന്നവരെക്കാള്‍ ഉയര്‍ന്ന സ്‌കോറുകള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കിലൂടെ ലഭിക്കുന്നു.
    •  ഉന്നത പഠനത്തിനു പരിഗണിക്കുമ്പോള്‍ ഗ്രേസ് മാര്‍ക്കിലൂടെ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍, മികച്ച അക്കാദമിക് നിലവാരമുള്ളവരെ അപേക്ഷിച്ച് മുന്നിലെത്തുന്നു.
   •  പ്ലസ് വണ്‍ / പ്ലസ് ടു പരീക്ഷകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നേടാന്‍ വേണ്ടി മാത്രം വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പ്രവണത ഏതാനും വര്‍ഷങ്ങളായി ക്രമാനുഗതം വര്‍ദ്ധിച്ചുവരികയാണ്.
  •  പ്ലസ് ടു തലത്തില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു തന്നെ ഉപരിപടനത്തിന് പരിഗണിക്കുമ്പോള്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി പരിഗണനയിലൂടെയും വെയിറ്റേജ് നല്‍കി വരുന്നുണ്ട്. ഇത് രണ്ടു തവണ ഒരേ ഇനത്തിന് പ്രയോജനം ലഭിക്കുവാന്‍ ഇടയാകുന്നു. ഇത് അക്കാദമിക് മികവ് പുലര്‍ത്തുന്നവരെ പ്രതികൂലമായി ബാധിക്കുന്നതാണ്.
 
2. മേല്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് 2014 മാര്‍ച്ചിലെ പരീക്ഷ മുതല്‍ പ്ലസ് വണ്‍  വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ സ്‌കോര്‍ 90 % ആയി നിജപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുകയുണ്ടായി.
 
3. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു. 2014 മാര്‍ച്ചിലെ പൊതു പരീക്ഷമുതല്‍ ഗ്രേസ് മാര്‍ക്കിലൂടെ ഒരു പ്ലസ് വണ്‍ / പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ലഭിക്കാവുന്ന ആകെ മാര്‍ക്ക് 90 % ആയി നിജപ്പെടുത്തി ഉത്തരവാകുന്നു.
 
07/02/2014 നു പുറത്തിറങ്ങിയ പൊ വി നമ്പര്‍ 650/14/സാധാരണ ഉത്തരവ് വിദ്യാര്‍ത്ഥികളിലും രക്ഷകര്‍ത്താക്കളിലും വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്. ഈ ഉത്തരവ് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്നൊന്നും പറയാന്‍ കഴിയില്ല. മാത്രമല്ല, പരീക്ഷയുടെ നോട്ടിഫിക്കേഷനില്‍ പറഞ്ഞതിന് വിരുദ്ധമായ ഒരു കാര്യവും, അത് അക്കാദമികമായി എത്രമേല്‍ പുരോഗമനാത്മകമാണെങ്കില്‍ പോലും അവസാന നിമിഷം നടപ്പാക്കാന്‍ ശ്രമിച്ചത് ശരിയുമായില്ല. ചര്‍ച്ച ആ രീതിയില്‍ വഴിമാറിപ്പോയത് കൊണ്ട് ഒടുവില്‍ പ്രസ്തുത ഉത്തരവ് താത്കാലികമായി മരവിപ്പിച്ച് തടിയൂരുകയാണ് വിദ്യാഭ്യാസ വകുപ്പും ചെയ്തത്.
 
ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കണ്ടെത്തിയിട്ടുള്ള കാര്യങ്ങള്‍ മിക്കതും ശരിയാണെന്ന് ഇക്കാര്യത്തെക്കുറിച്ച് സാമാന്യനുഭാവമുള്ള ആരും സമ്മതിക്കും. എല്ലാം ഗ്രേസ് മാര്‍ക്ക് ലക്ഷ്യം വച്ചുകൊണ്ടാവുന്നത് കലയെയും മറ്റു കഴിവുകളേയും സംബന്ധിച്ചും മാര്‍ക്ക് നല്‍കപ്പെടുന്ന വിഷയങ്ങളെ സംബന്ധിച്ചും ദോഷം മാത്രമേ ചെയ്യൂ. ക്ലാസ് നഷ്ടപ്പെടുത്തിയതിന്റെ അണ പൈ കണക്കിന്റെ പേരില്‍ ലഭിക്കേണ്ട ഒരവകാശമായി, എല്ലാത്തിനുമുള്ള ഒറ്റമൂലിയായി ഗ്രേസ് മാര്‍ക്കിനെ കാണുന്ന സമീപനമാണ് അടിസ്ഥാനപരമായി മാറേണ്ടത്. ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടുന്ന കുട്ടിയുടെ പക്ഷത്തുനിന്നോ അതിനായി അങ്ങേയറ്റം വിയര്‍പ്പൊഴുക്കിയ രക്ഷകര്‍ത്താക്കളുടെ ഭാഗത്തു നിന്നോ അല്ല, പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടതെന്ന് തോന്നുന്നു.
ഇതുമായി ബന്ധപ്പെട്ട് ഉള്ള ആലോചനകളെ ഇങ്ങനെ ക്രോഡീകരിക്കാനാണ് തോന്നുന്നത്.
 
1. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്‌കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. സര്‍ഗാത്മകവും അക്കാദമികവുമായ രചനകള്‍, അവതരണാത്മക പ്രവര്‍ത്തനങ്ങള്‍, അന്വേഷണാത്മക പ്രവര്‍ത്തനങ്ങള്‍, സംവാദാത്മക പ്രവര്‍ത്തനങ്ങള്‍ ( Creative and Academic writing, Performance based, Interactive, Investigative) എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്‌കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.
 
2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് തീര്‍ത്തും അയുക്തികമാണ്. ഇത് സംസ്ഥാനതല വിജയികളായ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്. ജില്ലയില്‍ ചെറിയൊരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്‌നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? അങ്ങിനെയെങ്കില്‍ ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്കും ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ട്. അവ എവിടെയും പരിഗണിക്കപ്പെടുന്നില്ല.
 
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക് മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറ് എന്നത് അപ്രായോഗികവുമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.
 
4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായിട്ടുണ്ട്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരംതാണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. ''അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ് അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്‌മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട...'' ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്‌പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.
 
5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. വടക്കെമലബാറിലെ പൂരം എന്നാല്‍ എന്താണെന്ന് ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്‌റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. മലബാറിലെ ചില കലാപരിശീലകര്‍ക്ക് അത് കൊയ്ത്തു കാലമാണ്. നാല് ജില്ലയില്‍ പൂരക്കളി പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്‌ക്കൊന്നിനും കാസര്‍ഗോഡ്കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്.
 
6. ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളും കലാ കായിക മികവുകളും പ്രായോഗികമായും അതാതിന്റെ അന്തസത്ത ഉള്‍ക്കൊണ്ടും എങ്ങിനെ പരിഗണിക്കാം എന്നത് സംബന്ധിച്ച് സൂക്ഷ്മമായ ആലോചനകള്‍ നടക്കണം. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ),നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ,ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിവയിലെ പ്രവര്‍ത്തനം ഗ്രേഡ് ചെയ്യപ്പെടുകയും അതിനനുസരിച്ച മുന്‍ഗണന ഉപരിപഠനത്തിനും തൊഴിലിനും പരിഗണിക്കപ്പെടുകയും വേണം. പ്രത്യേകിച്ചും ഇവയുമായി നേരിട്ട് ബന്ധമുള്ള കോഴ്‌സുകള്‍ക്കും തൊഴിലുകള്‍ക്കും. കലാപഠനത്തിനായും ആ മേഖലയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ക്കും ഉള്ള പ്രധാന പരിഗണനകളിലൊന്നായി ഇവിടെ ലഭിക്കുന്ന ഗ്രേഡുകള്‍ മാറണം.
 
7. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്‌സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട്. പഠന വിഷയങ്ങളുടെ ആന്തരികമായ ഗൗരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. സയന്‍സിനും ഇംഗ്ലീഷിനും മികവുകാട്ടുന്ന ഒരു കുട്ടിക്ക് ശാസ്ത്രീയ സംഗീതത്തിലും ഭരതനാട്യത്തിലും അഞ്ചുമാര്‍ക്ക് അധികം നല്‍കുമോ എന്നചോദ്യം പ്രസക്തമാണ്.
 
8. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെ ഈ ഉത്തരവ് തടയുന്നുമില്ല. നൂറ് ശതമാനം മാര്‍ക്കിനു വേണ്ടിയുള്ള ഈ പരക്കം പാച്ചില്‍ പാഠ്യപദ്ധതിയെത്തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക.
 
സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, നാഷണല്‍  കേഡറ്റ് കോര്‍പ്‌സ് (എന്‍ സി സി ), നാഷണല്‍ സര്‍വ്വീസ് സ്‌കീം, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയും സ്‌കൂളിലെ വിവിധങ്ങളായ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും ഒരു കുട്ടിയില്‍ പാകിമുളപ്പിക്കുന്ന ആത്മവിശ്വാസവും താന്‍പോരിമയും സേവനസന്നദ്ധതയും തന്നെയാണ് അതിന്റെ സത്തയും പ്രയോജനവും. ആ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌കൂളിന്റെ കണ്ണാവുകയാണ്. നേതൃപാടവവും സമൂഹത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും ഈ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ എക്കാലത്തേക്കുമായി നേടുന്ന വിലമതിക്കാന്‍ കഴിയാത്ത മൂലധനമാണ്. ഈ ഒരു കാഴ്ചപ്പാടോടെ നമുക്ക് ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും കഴിയുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്‌നം. അതിന്റെ തന്നെ ആന്തരിക ബലത്താല്‍ വേണം ഓരോ ചെറു പുല്‍നാമ്പും തല ഉയര്‍ത്തി നില്‍ക്കാന്‍. അതിന് പഠന വിഷയങ്ങളില്‍ ഗ്രേസ് മാര്‍ക്കുകൂടി കിട്ടിയേ തീരൂ എന്ന വാശി രണ്ടിന്റെയും വിലയറിയാതെയുള്ള വിടുവായത്തമാണ്. വരമ്പത്തെക്കൂലിക്കുവേണ്ടിയുള്ള കാട്ടിക്കൂട്ടലുകളല്ല സേവന പ്രവര്‍ത്തനങ്ങളും കലാപ്രവര്‍ത്തനങ്ങളും എന്ന ലളിതമായ സത്യം വിളിച്ചു പറയാന്‍ വിദ്യാഭ്യാസം എന്നത് എന്താണെന്ന സാമാന്യ ബോധം മാത്രമേ വേണ്ടതുള്ളൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ആഗസ്ത് ലക്കത്തില്‍ വന്നത്.)    

2 അഭിപ്രായങ്ങൾ:

  1. ഗ്രേസ് മാര്‍ക്ക് തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ടോ? പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കലല്ലല്ലോ വിദ്യാഭ്യാസം.?
    സി.ഇ മാര്‍ക്കു നല്‍കുന്നത് അധ്യാപകരല്ല? അതിനു് ശരിയായ മാനദണ്ഡം പാലിക്കുവാന്‍ അധ്യാപകര്‍ക്കു കഴിയുന്നുണ്ടോ? പലയിടത്തും അണ്ടനും അടകോടനും ബഹുമുഖപ്രതിഭയും തമ്മിലുള്ള സി.ഇ. മാര്‍ക്കിന്റെ വ്യത്യാസം പൂജ്യം അല്ലെങ്കില്‍ 1.
    പിന്നെയാണ് മേളകള്‍ക്കു മാര്‍ക്കിടുന്ന അധ്യാപകരുടെ കാര്യം.

    കന്നട പദ്യം ചൊല്ലല്‍ മത്സരത്തിനു മാര്‍ക്കിടുവാന്‍ എത്ര കന്നട കവികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ശരിയായ മൂല്യനിര്‍ണയം നടക്കാതെ സംസ്ഥാനതലത്തില്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നതെങ്ങനെ?അതുകൊണ്ടു ശരിയായ മൂല്യനിര്‍ണയം ആണ് ആവശ്യം.അതിന് യോഗ്യരായവരെ കണ്ടെത്താന്‍ ഒരു യോഗ്യതാപരീക്ഷ ആയിക്കുടെ?
    ബി.എഡ് പഠനത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് എയിഡ് സ് പോലും കാശുകൊടുത്തു ചെയ്യിപ്പിച്ചവര്‍ക്കും ശാസ്ത്രമേളകളിലെ വിധികര്‍ത്താക്കളായി വരുവാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുതന്നയല്ലേ?
    ഐ.ടി.മേളകളിലെ പരാതി mathsblog.in ലെ കമന്റ്സ് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. വെബ് ഡിസൈനിംഗ് അറിയാത്തവര്‍ക്കും വിധികര്‍ത്താക്കളാകാം. പ്രേമന്‍ മാഷിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ഗ്രേസ് മാര്‍ക്ക് തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ടോ? പുസ്തകപ്പുഴുക്കളെ സൃഷ്ടിക്കലല്ലല്ലോ വിദ്യാഭ്യാസം.?
    സി.ഇ മാര്‍ക്കു നല്‍കുന്നത് അധ്യാപകരല്ല? അതിനു് ശരിയായ മാനദണ്ഡം പാലിക്കുവാന്‍ അധ്യാപകര്‍ക്കു കഴിയുന്നുണ്ടോ? പലയിടത്തും അണ്ടനും അടകോടനും ബഹുമുഖപ്രതിഭയും തമ്മിലുള്ള സി.ഇ. മാര്‍ക്കിന്റെ വ്യത്യാസം പൂജ്യം അല്ലെങ്കില്‍ 1.
    പിന്നെയാണ് മേളകള്‍ക്കു മാര്‍ക്കിടുന്ന അധ്യാപകരുടെ കാര്യം.

    കന്നട പദ്യം ചൊല്ലല്‍ മത്സരത്തിനു മാര്‍ക്കിടുവാന്‍ എത്ര കന്നട കവികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ശരിയായ മൂല്യനിര്‍ണയം നടക്കാതെ സംസ്ഥാനതലത്തില്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നതെങ്ങനെ?അതുകൊണ്ടു ശരിയായ മൂല്യനിര്‍ണയം ആണ് ആവശ്യം.അതിന് യോഗ്യരായവരെ കണ്ടെത്താന്‍ ഒരു യോഗ്യതാപരീക്ഷ ആയിക്കുടെ?
    ബി.എഡ് പഠനത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് എയിഡ് സ് പോലും കാശുകൊടുത്തു ചെയ്യിപ്പിച്ചവര്‍ക്കും ശാസ്ത്രമേളകളിലെ വിധികര്‍ത്താക്കളായി വരുവാന്‍ കഴിയുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുതന്നയല്ലേ?
    ഐ.ടി.മേളകളിലെ പരാതി mathsblog.in ലെ കമന്റ്സ് ശ്രദ്ധിച്ചാല്‍ മനസ്സിലാകും. വെബ് ഡിസൈനിംഗ് അറിയാത്തവര്‍ക്കും വിധികര്‍ത്താക്കളാകാം. പ്രേമന്‍ മാഷിന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ