2014, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ചുവന്നമഷിപുരട്ടിയ ചീര്‍പ്പുകള്‍


ചോദ്യം
താഴെ കൊടുത്ത കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.

തപാല്‍പെട്ടി
മാധവന്‍ പുറച്ചേരി

സ്മൃതിനാശം വന്നിട്ടില്ലാത്ത
തപാല്‍പെട്ടി.
റിലയന്‍സ്,
ഐഡിയ,
ഇ മെയില്‍,
ഇന്റര്‍നെറ്റ്,
വിസ്മയങ്ങളെ ശപിച്ച്
പ്രണയമില്ലാതെ
തുരുമ്പുപിടിച്ചു നില്ക്കുന്നു.

ഒരൊറ്റനെടുവീര്‍പ്പെങ്കിലും
കിട്ടിയിരുന്നുവെങ്കില്‍
പൂത്തുലയാമായിരുന്നു...!

മൗനമുദ്രിതമായ ചുംബനങ്ങളാല്‍
നിറഞ്ഞുകവിഞ്ഞ വസന്തകാലങ്ങള്‍!

'പൊന്നേ, കരളേ,
ഒന്നിങ്ങുവന്നെങ്കില്‍
ഉയിരുക്കുയിരായ...'

കണ്ണീര്‍വെളിച്ചത്തില്‍
മുഴുമിക്കാത്ത വാക്കുകള്‍
എഴുതിയെഴുതിത്തീരാത്തതിനാല്‍
പശപുരണ്ട,
കീറിപ്പോയ അക്ഷരങ്ങള്‍ .
ഹൃദയത്തിനല്ലാതെ
മറ്റൊന്നിനും വായിച്ചെടുക്കാന്‍ പറ്റാത്തവ,
തിരിച്ചുവരാന്‍ മതിയായ സ്റ്റാമ്പില്ലാത്ത
പുഞ്ചിരികള്‍ .
ഒരു മധുരമായ ഓര്‍മ്മ

കുട്ടികള്‍ ചരല്‍ വാരി
തപാല്‍പെട്ടിയിലിട്ടു;
അവരറിയുമോ
അമ്മ അച്ഛനെഴുതിയ കത്തുകള്‍...
........................................................................................................
ഉത്തരം
മധുരമായ ഓര്‍മ്മ
ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്. ദുരിതപൂര്‍ണ്ണമായ ഈ ലോകത്തിന്റെ ചിത്രീകരണം അതിസമര്‍ത്ഥമായാണ് മാധവന്‍ പുറച്ചേരി നിര്‍വ്വഹിച്ചിരിക്കുന്നത്. തപാല്‍പ്പെട്ടി എന്ന കവിത നഷ്ടപ്പെട്ട മൂല്യങ്ങളുടെ ഭാരിച്ച വേദനയാണ്  വായനക്കാരന് സമ്മാനിക്കുന്നത്.

മറവി ബാധിച്ചിട്ടില്ലാത്ത തപാല്‍പ്പെട്ടി ആധുനിക ലോകത്തെ വന്‍കിട കമ്പനികളെയും സാങ്കേതിക വിദ്യയേയും ശപിക്കുകയാണ്. പ്രണയത്തിന്റെ വറ്റാത്ത നെടുവീര്‍പ്പുകള്‍ അതിനു സ്മരണ മാത്രമായിക്കഴിഞ്ഞു. സ്‌നേഹമാധുരമായ വാക്കുകള്‍ പ്രണയികള്‍ പരസ്പരം കൈമാറാന്‍ താന്‍ മാര്‍ഗ്ഗമായ കാലം അസ്തമിച്ചു കഴിഞ്ഞു. അക്ഷരത്തെറ്റുകളും ദാരിദ്രചിഹ്നങ്ങളും വേര്‍പാടിന്റെ അതിദുര്‍ഘടമായ വിരഹവേദനയും നെഞ്ചേറ്റിയ നാളുകള്‍. കുട്ടികള്‍ ഇന്ന് തപാല്‍പ്പെട്ടി കളിക്കോപ്പായി മാറ്റിയിരിക്കുന്നു. മണ്ണുവാരി തപാല്‍പ്പെട്ടിയില്‍ ഇടുമ്പോള്‍ അവരറിയുന്നില്ല അമ്മ അച്ഛന് അയച്ച കത്തുകളെക്കുറിച്ച്.
ആഗോളവത്കരണത്തിന്റെ കറുത്തകരങ്ങളില്‍ പ്രണയവും വികൃതമാക്കപ്പെടുന്ന ആധുനികതയെക്കുറിച്ച് പരിതപിക്കുകയാണ് കവി ഇവിടെ. പ്രണയത്തിനു അകലങ്ങളില്ല. അത് യഥേഷ്ടം വില്‍ക്കപ്പെടുന്നു. അതിനു കണ്ണീരിന്റെ വിലയറിയില്ല. വിരഹ വേദനയറിയില്ല. ആധുനിക സാങ്കേതികവിദ്യ ആ മധുരവികാരത്തെ ഒന്നുമല്ലാതാക്കി മാറ്റിക്കഴിഞ്ഞു. ഇ മെയിലും ഇന്റര്‍നെറ്റും മൊബൈലും പ്രണയത്തിനു പുതിയ വഴികളൊരുക്കുന്നു. ഒരു കാലഘട്ടത്തിന്റെ പ്രണയസ്മാരകങ്ങളായ തപാല്‍പ്പെട്ടികള്‍ ശൂന്യമായിക്കഴിഞ്ഞു. ബഷീറിന്റെ പ്രേമലേഖനം മലയാളിക്ക് വിളമ്പിനല്‍കിയ വികാരം അര്‍ത്ഥശൂന്യമായിക്കഴിഞ്ഞു. രണ്ടു ഹൃദയങ്ങല്‍ക്കപ്പുറം  മറ്റൊന്നിനും തിരിച്ചറിയാനാവാത്ത ആ വികാരം ഇന്ന് ചൂഷണം ചെയ്യപ്പെടുകയാണ്. ദാരിദ്രത്തിലും മാനസികമായ സ്വാന്തനമായി പ്രണയം മനുഷ്യനൊപ്പം ഉണ്ടായിരുന്നു.
ആ വികാരം കേവലം ലൈംഗികതയായി മാറിക്കഴിഞ്ഞ ആധുനിക ലോകത്തെക്കുറിച്ചുള്ള ശക്തമായ പ്രതികരണമാണ് കവിയുടെ വാക്കുകള്‍ 
  അവരറിയുമോ
  അമ്മ അച്ഛനെഴുതിയ
   കത്തുകള്‍ ...
എന്ന വരി ഹൃദയഭേദകമാണ്. സ്‌നേഹവും മൂല്യങ്ങളും നഷ്ടപ്പെട്ടു കഴിഞ്ഞ പുതുതലമുറയുടെ ദുരന്തമാണ് കവി ചിത്രീകരിക്കുന്നത്.
തപാല്‍പ്പെട്ടി എന്ന ശീര്‍ഷകം ഒരു കാലഘട്ടത്തിന്റെ വസന്തസ്മൃതികളുടെ പ്രതീകമാണ്. നഷ്ടങ്ങളെക്കുറിച്ചു വിലപിക്കുന്ന കവികളുടെ ഇടയില്‍ വ്യക്തവും വ്യത്യസ്തവുമായ സ്ഥാനമുറപ്പിക്കുകയാണ് കവി.
...............................................................................................

ഹയര്‍ സെക്കന്ററിയുടെ കാല്‍ക്കൊല്ല പരീക്ഷയ്ക്ക് രണ്ടാം ഭാഷയായി പഠിക്കേണ്ട മലയാളത്തിനു വന്ന ഒരു ചോദ്യവും അതിനു ഒരു വിദ്യാര്‍ത്ഥിനിയുടെ ( മിഥുനാ ബാലകൃഷ്ണന്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍ ) ഉത്തരവും ആണ് മുകളില്‍ കൊടുത്തത്. ഇത് ഒരു കവിതയുടെ സമഗ്രമായ ആസ്വാദനമോ നിരൂപണമോ അല്ല എന്ന് പറയാനാണ് ഇക്കാര്യം ആദ്യമേ വെളിവാക്കിയത്. പത്തോ പന്ത്രണ്ടോ മിനുട്ടില്‍ എഴുതി പൂര്‍ത്തിയാക്കേണ്ട, ഒന്നരപ്പുരത്തില്‍ ഒതുക്കേണ്ട, ശേഷം ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതേണ്ട അങ്ങേയറ്റം സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു സന്ദര്‍ഭത്തിലെ കവിതാ വായനയാണിത്. ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ കവിത വായിക്കാനോ അത് വിശകലനം ചെയ്യാനോ സമയവുമുണ്ടാകില്ല. എന്നിട്ടും ഇത്തരമൊരു കവിതയെഴുത്തില്‍ കവിക്കുണ്ടായേക്കാവുന്ന പിടച്ചലിനെ സ്പര്‍ശിക്കാന്‍ ആ വിദ്യാര്‍ത്ഥിനിക്ക് കഴിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തില്‍ തനിമയുണ്ട്, ഭാഷയ്ക്ക് ശക്തിയുണ്ട്, സമൂഹത്തെക്കുറിച്ചുള്ള ബോധമുണ്ട്. പരീക്ഷാഹാളിലെ സമ്മര്‍ദ്ദത്തിന്റെ ചുട്ടുപൊള്ളലും വേവലുമില്ലെങ്കില്‍ കവിതയുടെ സൂക്ഷ്മപഠനമായി വളര്‍ന്നു പന്തലിക്കാവുന്ന  നിരീക്ഷണത്തിന്റെ ജൈവികത ഈ ആസ്വാദനത്തിലുണ്ട്. പരീക്ഷക്കടലാസുകളെന്ന മരുപ്പറമ്പുകളില്‍ പോലും തളിരുടുന്ന നമ്മുടെ കുട്ടികളുടെ ചിന്തയുടെയും ഭാഷയിലുള്ള കൈയ്യടക്കത്തിന്റെയും തെളിവുകളാണ്  ഇത്. പക്ഷെ ആരാണ് കുട്ടികളുടെ എഴുത്തിലെ സര്‍ഗ്ഗാത്മകതയുടെ ഇത്തരം നാമ്പുകള്‍ കണ്ടെത്തുന്നത്?

വിദ്യാഭ്യാസത്തെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും ഉള്ള ചര്‍ച്ചകളില്‍ എല്ലാം എപ്പോഴും എടുത്തു ചേര്‍ക്കപ്പെട്ടിട്ടുള്ളത് കുട്ടികളുടെ തെറ്റുകള്‍ മാത്രമാണ്. അവരെഴുതിയതിലെ അക്ഷരത്തെറ്റുകള്‍, വാക്യഘടനയിലെ പിഴവുകള്‍, കാര്യം മനസ്സിലാക്കാനുള്ള കഴിവുകുറവ് എന്നിവ നിരന്തരമായി പരിഹസിക്കപ്പെട്ടുപോന്നു. വാല്വേഷന്‍ ക്യാമ്പുകളില്‍ നേരമ്പോക്കുകള്‍ക്കായി അധ്യാപകര്‍ ഉറക്കെ വായിക്കുന്നത് ഇത്തരം തെറ്റുകളാണ്. പൊട്ടിച്ചിരികള്‍ക്ക് മരുന്നിടുന്ന വലിയ വിഡ്ഢിത്തങ്ങള്‍ മാത്രമായി അവര്‍ ഉത്തരക്കടലാസുകളെ ആദ്യമേ കരുതിവെക്കും. നല്ല നിരീക്ഷണങ്ങള്‍, തെളിഞ്ഞ കാഴ്ചപ്പാടുകള്‍, തനിമയുള്ള ആശയങ്ങള്‍, മനോഹരമായ ഭാഷ ഇതൊന്നും ഉത്തരങ്ങളുടെ ഉറക്കെ വായിക്കപ്പെടാനുള്ള യോഗ്യതയാവാറില്ല. മിക്കപ്പോഴും ഇവ കണ്ടെടുക്കപ്പെടാറുപോലുമില്ല.

കുട്ടികളുടെ രചനകളെയും അതിന്റെ വിലയിരുത്തലിനെയും സംബന്ധിച്ച് ശരിയായ ധാരണകള്‍ അധ്യാപകര്‍ക്ക് കൂടിയേ കഴിയൂ. നമ്മളെക്കാള്‍ നന്നായി എഴുതാന്‍ കഴിയുന്ന കുട്ടികളുണ്ട് എന്ന് മേമ്പൊടിയായി ചിലപ്പോഴൊക്കെ നസ്യം തട്ടിവിടുന്ന പലരുമുണ്ട്. എന്നാല്‍ അത് പകല്‍ വെളിച്ചം പോലുള്ള ഒരു വസ്തുതയാണ് എന്ന ഗൗരവം തൊണ്ണൂറു ശതമാനം പേര്‍ക്കും ആത്മാര്‍ത്ഥതയോടെ അംഗീകരിക്കാന്‍ മടിയാണ്. കുട്ടികളുടെ എഴുത്തിനോടും ഭാഷയോടും സര്‍ഗ്ഗാത്മകതയോടും ഉള്ള ആദരവായി അത് മാറുമ്പോള്‍ മാത്രമേ നമ്മളെക്കാള്‍ എത്ര മുകളിലാണ് അവരുടെ ചിന്തയുടെ, നിരീക്ഷണങ്ങളുടെ കൊടി പറക്കുന്നത് എന്ന് കാണാന്‍ കഴിയൂ. മാത്രമല്ല എന്താണ് കുട്ടികളുടെ എഴുത്തില്‍ നിന്ന് നാം കണ്ടെത്തേണ്ടത് എന്നും പലര്‍ക്കും അറിയില്ല. കയ്യെഴുത്തിന്റെ അച്ചടിവടിവും അക്ഷരത്തെറ്റില്ലാത്ത മാനകഭാഷയും മാത്രമാണോ അത്? താന്‍ എഴുതിക്കൊടുത്തത് /പറഞ്ഞു കൊടുത്തത് അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന പലരുമുണ്ട്. പാഠപുസ്തകത്തിലെ വാക്യങ്ങള്‍ കാണാതെ പഠിച്ചു എഴുതികൊണ്ടുവരാന്‍ വാശിപിടിക്കുന്നവരുണ്ട്. എഴുത്ത് എന്ന തന്നെത്തന്നെ സാക്ഷ്യപ്പെടുത്താനുള്ള ലോകത്തിലെ ഏറ്റവും സര്‍ഗ്ഗാത്മകമായ ഒരു വഴിയെയാണ് കുട്ടിക്കാലം തൊട്ടേയുള്ള അധ്യാപകരുടെ ഇത്തരം ശാഠ്യങ്ങള്‍ കരിച്ചു കളയുന്നത്. അത് അവര്‍ക്ക് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രവൃത്തിയായി മാറ്റുന്നത്. സര്‍ഗ്ഗാത്മകമായ എഴുത്തിനെ അപ്രധാന കോടിയില്‍ തള്ളി, കേട്ടെഴുതിയും നോക്കിയെഴുതിയും ഇമ്പോസിഷനെഴുതിയും എഴുത്തിലുള്ള ആത്മവിശ്വാസം തന്നെ ചോര്‍ത്തിക്കളയപ്പെട്ട ഒരു തലമുറയാണ് ഇപ്പോഴത്തെ അധ്യാപകര്‍ എന്നതാണ് വിദ്യാഭ്യാസത്തിലെ വലിയൊരു ദുരന്തം. കുട്ടികളുടെ എഴുത്തിനെ സര്‍ഗ്ഗാത്മകമായി വളരാന്‍, അതിനെ കൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ ഒരു തരത്തിലുള്ള പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്തവരാണ് ഇത്തരക്കാരില്‍ മഹാഭൂരിപക്ഷവും. ഒന്നും എഴുതാത്തതുകൊണ്ട് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും അവര്‍ക്ക് ബാധകമല്ലല്ലോ. കുട്ടികളുടെ ആവിഷ്‌കാരത്തിലെ ഒരു ഘടകത്തെയെങ്കിലും  കണ്ടെത്തി അതിനെ എടുത്തുകാണിക്കാന്‍ അധ്യാപകര്‍ മുതിരുകയാണെങ്കില്‍ തീര്‍ച്ചയായും അടുത്ത എഴുത്തിനായി അവരോടു കൂടുതാല്‍ കാര്‍ക്കശ്യം വേണ്ടിവരില്ല.

കുട്ടികളുടെ എഴുത്തിനെ വിലയിരുത്താന്‍ അല്ലെങ്കില്‍ അധ്യാപകര്‍ക്ക് എന്ത് യോഗ്യതയാനുള്ളത് എന്ന ചോദ്യം ചോദിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. പരമാവധി എഴുത്തില്‍ നിന്നും അകന്നു നടക്കുക എന്നതാണ് അധ്യാപകരുടെ പൊതുരീതി. സര്‍വ്വജീവിത പ്രശ്‌നത്തെ സംബന്ധിച്ചും ചിലപ്പോള്‍ ആധികാരികമായി തന്നെ അധ്യാപകര്‍ സംസാരിച്ചേക്കും. പക്ഷെ എഴുത്തിന്റെ കുരിശുവഴി അവര്‍ക്ക് പഥ്യമല്ല. എഴുത്തിനെ അത്രമേല്‍ സ്‌നേഹിക്കുന്നവരാവണം സത്യത്തില്‍ അധ്യാപകര്‍ . അധ്യാപകരെ നല്ല എഴുത്തുകാര്‍ ആക്കുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങള്‍ കൂടിയാവണം നമ്മുടെ അധ്യാപക പരിശീലനങ്ങള്‍. സര്‍ഗ്ഗാത്മക സാഹിത്യ കൃതികള്‍ എഴിതുന്നവരായി മുഴുവനാളുകളും മാറണം എന്നല്ല. തന്റെ വിഷയ മേഖലയുമായി ബന്ധപ്പെട്ടു വരുന്ന പുതിയ ജ്ഞാനമണ്ഡലങ്ങളെ ഏതുഭാഷയില്‍ നിന്നായാലും സ്വാംശീകരിക്കാനും അത് തന്റെ സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും പൊതു സമൂഹത്തിനും എത്തിച്ചുകൊടുക്കാനും ഉത്സാഹമുള്ളവര്‍  കൂടിയാവണം അധ്യാപകര്‍. എഴുത്തെന്ന പ്രക്രിയയുടെ സൂക്ഷ്മ മുകളങ്ങളിലൂടെ അലഞ്ഞ്, അതിന്റെ ഉപ്പും പുളിപ്പും മധുരവും ചവര്‍പ്പും അവര്‍ അറിയേണ്ടതുണ്ട്. അപ്പോഴേ കുട്ടികളെയും എഴുത്തിന്റെ ലോകത്തിലേക്ക് സ്വാഭാവികമായി കൈപിടിച്ച് കയറ്റുവാനും അവരുടെ എഴുത്തിനെ ഗൗരവപൂര്‍ണ്ണം നോക്കിക്കാണാനും അവര്‍ക്കാവൂ. കുട്ടികളെയും  അധ്യാപകരെയും എഴുത്തിലേക്ക് പ്രചോദിപ്പിക്കുക എന്നതാണ് പുതിയ വിദ്യാഭ്യാസാദര്‍ശം. എഴുതുക എന്നത് അറിവിന്റെ നിര്‍മ്മാണവഴിയും വിതരണവഴിയും കൂടിയാണ്. എഴുത്തിനെ വെറുക്കുന്നവര്‍ എന്നനിലയില്‍ നിന്നും അതിനെ പ്രണയിക്കുന്നവരാക്കി  നമ്മുടെ കുഞ്ഞുങ്ങളെ മാറ്റാന്‍ അധ്യാപകര്‍ക്ക് മാത്രമേ കഴിയൂ. 

മലയാളത്തില്‍ പോലും അക്ഷരത്തെറ്റില്ലാതെ നാല് വാക്യം എഴുതാന്‍ കഴിയാത്തവര്‍ എന്ന അപഖ്യാതി നമ്മുടെ കുഞ്ഞുങ്ങളുടെ ചുമലുകളില്‍ നിന്നും മായാത്തത് അധ്യാപകര്‍ എഴുതാത്തത് കൊണ്ട് മാത്രമാണ്. എന്തിനാണ് കുട്ടികള്‍ എഴുതുന്നത്, എപ്പോഴാണ് മികച്ച രചനകള്‍ നടത്താന്‍ സ്വാഭാവികമായും അവര്‍ താത്പര്യമുള്ളവരായിത്തീരുന്നത് എന്നുപോലും തിരിച്ചറിയാതെയാണ്, പലരും ക്ലാസ്സില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പോലും വീട്ടില്‍ പോയി എഴുതി കൊണ്ടുവരാന്‍ കുട്ടികളോട് ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് മാഷെയും ടീച്ചറെയും ശപിച്ചുകൊണ്ട് വല്ലതും എഴുതിക്കൊണ്ട് പോയാല്‍ അത് പരിശോധിക്കപ്പെടുന്നുണ്ടോ? ആശയത്തിലായാലും ഭാഷയിലായാലും വന്നിട്ടുള്ള തെറ്റുകള്‍ തിരുത്തപ്പെടുന്നുണ്ടോ? അവ പൊതുവായി ക്ലാസുമുറിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ടോ? എല്ലാ ദിവസവും എല്ലാം പരിശോധിക്കണമെന്നും അവതരിപ്പിക്കണമെന്നും പറയുന്നത് ശരിയല്ലെന്നറിയാം. െ്രെപമറി ഘട്ടത്തില്‍ ഇക്കാര്യം പക്ഷെ ശ്രദ്ധയോടെ ചെയ്തിരുന്നെങ്കില്‍, കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ ആഗോളപ്രശ്‌നമായി അവതരിപ്പിക്കുന്ന വിദ്യാഭ്യാസചിന്തകരുടെ വേവലാതികള്‍ക്കെങ്കിലും അറുതി വരുത്താമായിരുന്നു. അക്ഷരത്തിലും വാക്യത്തിലും വരുന്ന തെറ്റുകള്‍ പരിഹരിക്കാന്‍ അക്ഷരത്തെറ്റില്ലാത്ത വാക്കുകളും വ്യാകരണത്തെറ്റില്ലാത്ത വാക്യങ്ങളും അവരുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ട് വന്നു മാത്രമേ സാധിക്കൂ. ഇത് എപ്രകാരം അവരുടെ എഴുത്തുവാനുള്ള താല്പര്യത്തിന്റെ  കൂമ്പുനുള്ളാതെയും ഹൃദയത്തില്‍ അപമാനത്തിന്റെ കയ്പ് പുരട്ടാതെയും ചെയ്യാന്‍ കഴിയും എന്നതാണ് വെല്ലുവിളി.

കുട്ടികളുടെ എഴുത്തിനെ സംബന്ധിച്ച അധ്യാപകരുടെ നിരന്തരമായ പരാതി അവര്‍ എഴുത്തില്‍ വരുത്തുന്ന തെറ്റുകളെക്കുറിച്ചാണ്. അതില്‍ തനിമയുള്ള നിരീക്ഷണങ്ങളും മൗലികമായ ചിന്തകളും ഉണ്ടെന്നു അവര്‍ സമ്മതിക്കും. പക്ഷെ തെറ്റുകള്‍; അത് അനുവദിക്കാന്‍ പറ്റില്ല. ഇത്തരം പരാതികളുടെ  പെരുമഴയുണ്ടായ ഒരധ്യാപകപരിശീലനത്തിലെ അധ്യാപകരുടെ സംസാരം ഞാന്‍ ശ്രദ്ധിച്ചു. പദങ്ങളുടെ ഉച്ചാരണത്തില്‍ കാണിക്കുന്ന ഉദാസീനത, അപൂര്‍ണ്ണമായ വാക്യങ്ങള്‍, തുടങ്ങിയേടത്തുനിന്നും എങ്ങോട്ടോ പിടിവിട്ടു പോകുന്ന വാക്യങ്ങള്‍.. നിരവധി പിഴവുകള്‍. ഈ പിഴവുകളൊന്നും വരുത്താതെ വേണം ചര്‍ച്ചയെന്നു പറഞ്ഞിരുന്നെങ്കില്‍ എത്ര പേര്‍ അതില്‍ പങ്കെടുക്കും. ഈ ഒരു സൗമനസ്യം കുട്ടികളുടെ കാര്യത്തിലും കാണിക്കേണ്ടതല്ലേ. അവര്‍ സ്വതന്ത്രമായി പറയുകയും എഴുതുകയും ചെയ്യട്ടെ. ശരിയായ മാതൃകകള്‍, നല്ല ഭാഷയുടെ ഉദാഹരണങ്ങള്‍ അവര്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരട്ടെ. അത് സ്വാംശീകരിക്കുന്നതിനു പ്രചോദനം നല്‍കാനും എഴുതിയതു കൂടുതല്‍ ആകര്‍ഷകവും ശക്തവുമാക്കാനും എന്തെന്തു ഉപാദികള്‍ സ്വീകരിക്കണമെന്ന് അവരുടെ പക്ഷത്തു നിന്ന് ചൂണ്ടിക്കാട്ടാന്‍ നമുക്ക് കഴിയണം. സ്വന്തം രചനയില്‍ ആവര്‍ത്തിച്ചു വരുന്ന പിഴവുകളെന്തെന്നും അത്തരം പിഴവുകള്‍ കൂടി പരിഹരിക്കപ്പെടുമ്പോള്‍ രചനകള്‍ക്ക് വരുന്ന മിഴിവെന്തെന്നും അവരെ ബോധ്യപ്പെടുത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. എഴുത്തിന്റെ, ആവിഷ്‌കാരത്തിന്റെ പ്രാധാന്യവും ആഹ്ലാദവും തിരിച്ചറിയുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ഭാഷാ ക്ലാസ്മുറിയില്‍ നിന്നും ഉണ്ടായേ പറ്റൂ. തന്റെ ചുറ്റുമുള്ള പലതിലേക്കും കണ്ണുകള്‍ തുറക്കാനും അവയെക്കുറിച്ചുള്ള തന്റെ ബോധ്യങ്ങളെ പൊതു സമൂഹവുമായി പങ്കുവെക്കാനും കുറച്ചു പേരെങ്കിലും ഉണ്ടായല്ലെ പറ്റൂ. ശരിയായി നിരീക്ഷിച്ചാല്‍ പരീക്ഷക്കടലാസിനപ്പുറം എഴുത്തിനെ കൊണ്ടുപോകുന്നവര്‍ അവര്‍ മാത്രമായിരിക്കും.

കൃത്യമായും ശക്തമായും എഴുതാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാത്തതിന്റെ മുഖ്യകാരണം നിരന്തരമായി എഴുതാനും എഴുതിയത് അവതരിപ്പിക്കാനും അവസരങ്ങള്‍ ഉണ്ടാവാത്തതും അതിന്റെ മെച്ചങ്ങളും ന്യൂനതകളും സൂക്ഷ്മമായി വിലയിരുത്തി അവരെ ബോധ്യപ്പെടുത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് കഴിയാത്തതുമാണ്. എഴുതി കയ്യില്‍ കിട്ടിയതില്‍ ഉടനെ ചുവന്ന മഷിയില്‍ ഒരു വരകോറി മാര്‍ക്കിടുന്ന എളുപ്പവഴി ഉപേക്ഷിച്ചെങ്കില്‍ മാത്രമേ മെച്ചപ്പെടുത്തലുകളും രചനാപരമായ പ്രശ്‌നങ്ങളും തൊട്ടടുത്തുനിന്നു അവരെ ബോധ്യപ്പെടുത്താന്‍ കഴിയൂ. എഴുതാന്‍ നിരന്തരമായി നിര്‍ദ്ദേശം കൊടുക്കുന്നതിനപ്പുറത്ത് എഴുത്തിന്റെ കൗതുകകരമായ കളിക്കളങ്ങളില്‍ അവരോടൊപ്പം അധ്യാപകനും പങ്കെടുക്കാന്‍ കഴിയണം. എഴുതുക എന്ന പ്രക്രിയയാണ് മുന്തിയത്. അല്ലാതെ എഴുത്തിന്റെ വിഷയം നല്കലോ അതിലെ തെറ്റുകള്‍ക്ക് എണ്ണിപ്പെറുക്കി ശിക്ഷയും അപമാനവും നല്കലോ അല്ല. എഴുതിയ കടലാസില്‍ കണ്ണീരു വീണു കുതിരുന്ന, അപമാനത്തിന്റെ വിഷനീര് പടരുന്ന എത്രയെത്ര സന്ദര്‍ഭങ്ങളാണ് കുട്ടികള്‍ക്ക് ഇന്നും നമ്മുടെ ക്ലാസ് മുറികളില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. അവര്‍ എഴുത്തിനെ സര്‍വ്വകാലത്തേക്കുമായി വെറുത്തില്ലെങ്കിലാണ് അത്ഭുതമുളവാകുക. എഴുത്ത് നമ്മുടെ ഒരുപാട് അധ്യാപകര്‍ക്ക് കുട്ടികളെ ശിക്ഷിക്കാനുള്ള എളുപ്പവഴിയാണ്. നൂറുതവണ എഴുതുക, ഇത്രമുതല്‍ ഇത്രവരെ എഴുതുക എന്നൊക്കെയുള്ള ശിക്ഷാവിധികള്‍ അനായാസമായി, കുട്ടികള്‍ പഠിക്കാനാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചുകൊണ്ടുതന്നെ, കുഞ്ഞുങ്ങളുടെ കഴുത്തില്‍ കയറ്റിവെക്കുമ്പോള്‍ ആ കൊടുംനുകത്തിന്റെ യഥാര്‍ത്ഥഭാരങ്ങള്‍ അവര്‍ അറിയുന്നില്ല. ഉറക്കംതൂങ്ങിയും വീട്ടില്‍ നിന്നുള്ള ശിക്ഷകളും ചീത്തവിളികളും സഹിച്ചുകൊണ്ടും ഹതാശരായി എഴുത്തിന്റെ ഈ മരുപ്പറമ്പുകള്‍ താണ്ടാന്‍ വിധിക്കപ്പെട്ടവരോട്, എഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അനുഭവങ്ങള്‍ക്ക് അക്ഷര രൂപം നല്‍കുന്നതിന്റെ ആഹ്ലാദത്തെക്കുറിച്ചും പിന്നീട് നമ്മള്‍ എത്ര ആണയിട്ടാലും പഴയ ഓര്‍മ്മയില്‍ ഭയചകിതരായി, ആത്മവിശ്വാസമില്ലാത്തവരായി കൈവിറച്ചുതന്നെ ഇരിക്കും അവര്‍.

ആദ്യത്തെ എസ് എസ് എല്‍ സി വാല്വേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോള്‍, വളരെ വേഗത്തില്‍ അശ്രദ്ധമായി പേപ്പറുകള്‍ നോക്കുന്ന ഒരു സഹപ്രവര്‍ത്തകനോട് അന്നത്തെ ചീഫായിരുന്ന മുതിര്‍ന്ന അദ്ധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്. 'മാഷേ, ചീര്‍പ്പില്‍ ചുവന്ന മഷി പുരട്ടി കോമ്പോസിഷന്‍ നോക്കുമ്പോലെ ഇത് നോക്കല്ലേ.' ഒരു പാട് ശരികള്‍ / തെറ്റുകള്‍ ഒന്നിച്ചിടാന്‍ ചുവന്ന മഷി പുരട്ടിയ ഒരു ചീര്‍പ്പുമതി. പക്ഷെ ഓരോ വരിയിലും വാക്കിലും അത് പുറപ്പെടുവിക്കാന്‍ ഒരു മനസ്സ് നടത്തിയ വേവലാതികളും ആലോചനകളും ഉണ്ട്. വായിച്ചും അന്വേഷിച്ചും ചിന്തിച്ചും അവര്‍ ആര്‍ജ്ജിച്ച ആശയങ്ങളുണ്ട്. ഉള്ളടക്കത്തിലും ഭാഷയിലും നമ്മുടെ സൂക്ഷ്മമായ ശ്രദ്ധ പതിയേണ്ട ഇടങ്ങളുണ്ട്. ഇതൊന്നും അറിയാതെ എന്ത് കിട്ടിയാലും അതില്‍ ചുവന്ന മഷികൊണ്ട് വരക്കാന്‍ അധികാരപ്പെട്ടവരാണ,് അതിനു യോഗ്യതയുള്ളവരാണ് എന്ന ജനാധിപത്യവിരുദ്ധമായ പദവിയില്‍ നിന്നാണ് അധ്യാപകര്‍ താഴെക്കിറങ്ങേണ്ടത്. തന്റെ സാഹിത്യ രചനകള്‍ അധ്യാപകനായ അനുജന് വായിക്കാന്‍ കൊടുത്ത് അതിന്റെ പ്രീതിയാല്‍ അവനില്‍ നിന്നും കുറച്ചുപണം കടം വാങ്ങിക്കാന്‍ ആലോചിച്ച ബഷീര്‍ അല്‍പ്പം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ കണ്ടത് എല്ലാ വരികല്‍ക്കിടയിലും തന്റെ തടിയന്‍ പേനകൊണ്ട് ചുവന്ന മഷിയില്‍ അടിവരയിടുകയും വെട്ടുകയും ചെയ്ത അബ്ദുല്‍ ഖാദറിനെയാണ് . 'എവിടെയാണ് ഇക്കാക്കാ ഇതിലെ ആഖ്യാതം' എന്ന പ്രസിദ്ധമായ ആ അധികാരഭാവത്തോട്, ബഷീറിനെപ്പോലെ, 'നിന്റെ കേടേ്യാള്‍ക്ക് സ്ത്രീധനം കിട്ടിയതല്ലെടാ മലയാള ഭാഷ, ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ എഴുതും' എന്ന് പറയാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയില്ലല്ലോ. ഈ നിസ്സഹായത തിരിച്ചറിഞ്ഞ് അവരുടെ എഴുത്തിന്റെ വഴികളില്‍, ചീര്‍പ്പില്‍ ചുവന്ന മഷിപുരട്ടി വേലികെട്ടുവാന്‍ ചുവന്നതാടിക്കാര്‍ മുതിരാതിരിക്കുകയെങ്കിലും വേണം.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലായ്‌ ലക്കത്തില്‍ വന്നത്.)    

4 അഭിപ്രായങ്ങൾ:

  1. അഭിപ്രായങ്ങളോട് നൂറൂശതമാനം യോജിക്കുന്നു.

    വിഷയത്തില്‍ നിന്ന് ലേശം വ്യതിചലിക്കട്ടെ :)
    കവിതയും ആസ്വാദനവും ഹൃദ്യമായി. ഞാന്‍ ജനിക്കുന്നതിനു രണ്ടു വര്‍ഷം മുന്‍പ് അച്ഛന്‍ പാലക്കാടും അമ്മ വയനാട്ടിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ കാലഘട്ടത്തില്‍ അവര്‍ പരസ്പരം എഴുതിയ കത്തുകള്‍ വീട്ടില്‍ ഒരു അലമാരയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അവരു കാണാതെ ഞാനതെടുത്ത് ഇടക്കിടയ്ക്ക് വായിക്കും. പാലക്കാട്ടേയും വയനാട്ടിലേയും പല സ്ഥലങ്ങളെ പറ്റിയും വായിച്ചറിഞ്ഞതിലൂടെ മാത്രം വളരെ പരിചിതമാണ് എനിക്കാ സ്ഥലങ്ങള്‍. അടുത്തിടെ ആദ്യമായി കല്ലേക്കാട്ട് പോയപ്പൊ ഒരു കല്ലേക്കാട്ടുകാരനായ സുഹൃത്തിനോട് 'ദേ ആ കാണുന്ന പാറപ്പുറത്തിരുന്നിട്ട് എന്റെ അച്ഛന്‍ പണ്ടൊരു കത്തെഴുതിയിട്ടുണ്ടെന്ന് ' പറയുന്നത് ഒരു രസമാണ് അല്ലേ.. ഇപ്പൊ എന്റെ ഒരു അഞ്ചു കൂട്ടുകാര്‍ പരസ്പരം സ്ഥിരമായി കത്തെഴുതാറുണ്ട്. കത്തയച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് അതു കിട്ടാന്‍ വേണ്ടി ഒരാഴ്ചയോളമുള്ള കാത്തിരിപ്പ് ... അതൊന്നു വേറെ തന്നെയാണ്: )


    അവരറിയുമോ
    അമ്മ അച്ഛനെഴുതിയ
    കത്തുകള്‍ ...

    എന്ന വരികള്‍ വായിച്ചപ്പോ എഴുതാന്‍ തോന്നിയതാണ്. :)

    മറുപടിഇല്ലാതാക്കൂ
  2. ഋഷീ... വന്നതിന് നന്ദി... വിഷയത്തില്‍ നിന്ന് ഒട്ടും വ്യതിചലിച്ചില്ലെന്ന് മാത്രമല്ല കവിതയുടെ മറ്റൊരുതലത്തിലേക്ക് പോവുകയും ചെയ്തു.... അനുഭവം ഗംഭീരം... കത്തെഴുതുന്ന കൂട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം...

    മറുപടിഇല്ലാതാക്കൂ
  3. ആ കുട്ടി എഴുതിയ ആസ്വാദനവും സാറിന്റെ ലേഖനവും വായിച്ചു, ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  4. "ആധുനിക ലോകം അഴുക്കുകളാല്‍ നിര്‍ജ്ജീവമാണ്."
    ഇതു നമ്മുടെ സാഹിത്യശിങ്കങ്ങളുടെ സ്ഥിരം പരാതിയാണ്. പാവം കുട്ടി ഇതു കേട്ട് മാഷിനു ഇഷ്ടാകുമെന്ന് കരുതി വെച്ചുകാച്ചിയതാകും.
    “ആഗോളവത്കരണത്തിന്റെ കറുത്തകരങ്ങളില്‍ പ്രണയവും വികൃതമാക്കപ്പെടുന്ന ആധുനികതയെക്കുറിച്ച് പരിതപിക്കുകയാണ് കവി ഇവിടെ.”
    ആരുപറഞ്ഞു നിങ്ങളോടൊന്നും പ്രണയിക്കരുതെന്ന്? ഈ കവികൾക്കും മാഷന്മാർക്കുമൊക്കെ പ്രണയിച്ച് മാതൃകകാണിച്ചൂടെ? സ്വന്തം കാര്യം വരുമ്പോൾ ജാതിയും മതവും പാരമ്പര്യവും മാങ്ങത്തൊലിയും ഒക്കെ നോക്കി നല്ല പുളിങ്കൊമ്പ് പിടിച്ച് ജീവിതം ഭദ്രമാക്കി, നാട്ടുകാരെന്താ പ്രണയിക്കാത്തത് എന്ന് പരിഭവം പറഞ്ഞാൽ ശരിയാകുമോ?
    “ആ വികാരം കേവലം ലൈംഗികതയായി മാറിക്കഴിഞ്ഞ ആധുനിക ലോകത്തെക്കുറിച്ചുള്ള ശക്തമായ പ്രതികരണമാണ് കവിയുടെ വാക്കുകള്‍ “
    അതെന്താ ലൈംഗികതയിൽ പ്രണയമില്ലേ?
    ഇതൊരു ശരാശരിക്കവിതയാണ് മാഷേ, കുട്ടി ബുദ്ധിയുള്ളവളാണ്. എന്തെഴുതിയാലാണ് മാഷന്മാർക്കു ബോധിക്കുക എന്നവൾക്കറിയാം. നിശ്ചയമായും അവൾക്ക് ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമുണ്ടാകും.

    മറുപടിഇല്ലാതാക്കൂ