2010 ഒക്‌ടോബർ 18, തിങ്കളാഴ്‌ച

തലയെണ്ണാന്‍ വരുന്ന പോലീസ്.

സ്കൂളും ജയിലും തമ്മിലുള്ള രസകരമായ ഒരു താരതമ്യമുണ്ട്, ഗാരി നോര്‍ത്തിന്റെ 'രണ്ട് ബസ്സുകളുടെ കഥ'യില്‍ .  മുന്നിലും പിന്നിലുമായി പോകുന്ന മഞ്ഞ നിറത്തിലും വെള്ള നിറത്തിലും ഉള്ള രണ്ടു ബസ്സുകള്‍ .ഒന്ന് സ്കൂളിലെക്കുള്ളത് മറ്റേതു ജയിലിലേക്കും. ഒന്‍പതു വയസ്സുകാരനായ മകന്‍ അവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അച്ഛനോട് ചോദിക്കുന്നു. വലിയ വ്യത്യാസമുണ്ട് അവയ്ക്ക് തമ്മില്‍ എന്ന ആമുഖത്തോടെ സ്കൂളിന്റെയും ജയിലിന്റെയും സ്വഭാവങ്ങള്‍ ഓരോന്നായി വിശദീകരിക്കാന്‍ തുടങ്ങിയ അച്ഛനോട് മകന്‍ അതൊക്കെ രണ്ടിനും ഒരു പോലെ ബാധകമല്ലേ എന്ന് എല്ലായ്പ്പോഴും ചോദിച്ചു കൊണ്ടേയിരുന്നു. ജയിലേക്കും സ്കൂളിലേക്കും ഉള്ള   ബസ്സുകളില്‍ പോകാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്, തെരുവുകളില്‍ കുഴപ്പമുണ്ടാക്കുന്നത് കൊണ്ടാണ് ഇരുവരെയും വലിയ കെട്ടിടങ്ങളില്‍ അടച്ചിട്ടിരിക്കുന്നത്, അനധികൃത വില്പ്പനകളില്‍ രണ്ടിടത്തെയും അന്തേവാസികള്‍ ഏര്‍പ്പെടുന്നു, രണ്ടിടത്തെയും ഭക്ഷണം ഒരേ ഏജന്‍സി വിതരണം ചെയ്യപ്പെടുന്നത് പോല്‍ മോശമാണ്, പരിശോധനകള്‍ , ഹാജര്‍ വിളി,അനുവാദമില്ലാതെ പുറത്തുകടക്കാന്‍ പറ്റായ്ക എല്ലാം രണ്ടിടത്തും ഒരു പോലെ.ഒരിടത്ത് പോലീസുകാരാണ് ചെയ്യുന്നതെങ്കില്‍ മറ്റെയിടത്തു അധ്യാപകരാണ് അഭിമാനപൂര്‍വം ഇതെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ജയിലിലെ ശിക്ഷാകാലം പരമാവധി പത്തുവര്‍ഷം- ഇടയില്‍ ചിലപ്പോള്‍ പരോളും ലഭിക്കും. എന്നാല്‍ പരോളില്ലാത്തതും പന്ത്രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്നതുമായ തടവ്‌ സ്കൂളില്‍ മാത്രം. പോലീസ് നേരിട്ട് സ്കൂളുകളില്‍ പരിശോധന നടത്തുന്ന കാലം വരാന്‍ പോകുന്നതോര്‍ത്തുള്ള അന്തക്കേടില്‍ ഓര്‍മ്മവന്നതാണ് ഈകഥ.

കേരളാ ഹൈക്കോടതിയുടെ രണ്ടു ദിവസം മുന്‍പുണ്ടായ വിധിയാണ് പോലീസുകാര്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കാന്‍ പോകുന്നത്. നേരത്തെ ഒരു അധ്യാപക സമരകാലത്ത് പോലീസുകാര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക പോലും ചെയ്തിട്ടുള്ള സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ (ഏതു പോലീസുകാര്‍ക്കും ചെയ്യാവുന്നത് എന്ന പ്രയോഗംതന്നെ നടപ്പില്‍ വന്നത് അന്നാവാന്‍ മതി) കുട്ടികളുടെ തലയെണ്ണുന്ന  ഈ പണി  മറ്റേതു കൊഞ്ഞാണന്‍ മാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് ( കഴിഞ്ഞ അഞ്ചു വര്‍ഷം ആചാരവെടി വെക്കല്‍ മാത്രമായിരുന്നു കേരളത്തില്‍ ഏമാന്മാരുടെ പണി എന്നാണല്ലോ സത്യ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിന്റെ പോലും വചനങ്ങള്‍ )  ഈ പണിയെങ്കിലും നടക്കട്ടെ എന്ന് കോടതിയും വിചാരിച്ചുകാണും. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിത്തിന് വെച്ച മാതിരി കുറച്ചു കുട്ടികളെ ശേഷിക്കുന്നുള്ളൂ എന്ന് മാതൃഭൂമി മനോരമയാദികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ പോലീസുകാര്‍ക്ക് ഇതില്‍ വലിയ പ്രയാസം നേരിടുകയുമില്ല. കൈകാലുകളില്‍   കൂട്ടാവുന്നതെയുള്ളൂ ഇവന്മാരുടെ ആകെമൊത്തംടോട്ടല്‍ . മറ്റൊരു ഉഗ്രന്‍ പ്രയോജനം കൂടി ഇതുവഴിയുണ്ട്. സര്‍ക്കാരിന്റെ ചിലവുകുറക്കല്‍ ആണല്ലോ കോടതിയടക്കം സര്‍വമാന ആളുകളുടെയും ആഗോള അജണ്ട. നാളെ പിള്ളാരുടെ എണ്ണം നോക്കാന്‍ ഇടിയന്‍ നാറാണപിള്ളയും  ഹെഡ്കാന്‍സ്റ്റബ്ള്‍ മീശക്കാരന്‍  കുട്ടന്‍പിള്ളയും - പോലീസുകാരുടെ  ആയകാലത്തെയുള്ള പ്രതിനിധികള്‍ - വരുന്നു എന്ന് കേട്ടാല്‍ ഒരു വിധപ്പെട്ട പിള്ളേരൊന്നും ആ സര്‍വേ നമ്പരില്‍  കൂടി ഒരാഴ്ച പോകില്ല എന്ന് ഉറപ്പാണല്ലോ .അതുവഴി, ഞാളെ ചെറിയപുത്തിയില്‍  പച്ചി മൂന്നാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞത് മാതിരി കൃത്യം കണക്കും കിട്ടും, പിള്ളാരുടെ എണ്ണവും കുറയും, സ്കൂളും പൂട്ടാം .

ഏറ്റവും രസകരമായ കാര്യം ആര് പറഞ്ഞതും എഴുതിയതും വിശ്വാസമില്ലാതെയാണ് പോലീസുകാരെ ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നാണ്. മാഷന്മാരെക്കുറിച്ച് ഇക്കാലമത്രയും സമൂഹത്തിനുണ്ടായിരുന്ന ചില ധാരണകളെക്കൂടിയാണ് കോടതി വൃത്തിയായി പൊളിച്ചടുക്കിയത്.സത്യം, നന്മ, നേര്, നെറി എന്നിങ്ങനെയുള്ള സദ്‌ ഗുണങ്ങള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചുറപ്പിച്ച ഒരു വിഭാഗത്തെയാണ് വാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് പരസ്യമായി കോടതി വിളിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ എണ്ണമെങ്കിലും വൃത്തിയായി കൊടുക്കാതെ കൃത്രിമം കാട്ടി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാശ് കട്ടെടുക്കുന്നവര്‍ എന്ന് പരിഹസിച്ചിരിക്കുന്നത്. തീര്‍ച്ചയായും കള്ളന്മാര്‍ക്കുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കുക തന്നെ വേണം. എയിഡഡ് സ്കൂളുകള്‍ എന്ന് കേട്ടാലെ കേരളത്തിലെ പൊതുമനസ്സിന് കലിയാണ്. മാനജര്‍മാര്‍ തുകയുടെ വലിപ്പത്തില്‍ മാത്രം അധ്യാപകരുടെ യോഗ്യതകള്‍ നോക്കികണ്ടു നിയമനം നടത്തുകയും ശമ്പളം കൃത്യമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ മറ്റൊരിടത്തും കേട്ടുകേള്വിയില്ലത്ത സംവിധാനത്തിന്റെ ഓമനപ്പേരാണല്ലോ എയിഡഡ് സ്കൂള്‍ എന്നത്.
പഴയകാലത്ത് നിയമിക്കപ്പെട്ടുപോയ ചില ഹതഭാഗ്യര്‍ ഒഴികെ ( ആ തലമുറ മിക്കാവാറും കുറ്റിയറ്റു കഴിഞ്ഞു ) ലക്ഷങ്ങള്‍ വാരിയെറിയാതെ ആരും ആ വഴി നടന്നിട്ടില്ല. അതൊന്നും പോരാതെയാണ് അണ്‍ എയിഡഡ്സ്കൂളുകളില്‍ നിന്നും പിള്ളേരെ ഇറക്കി കളിക്കുന്നത്. മിക്ക സ്കൂളുകളിലും പരിശോധനക്കെത്തുന്ന പാവംപിടിച്ച മാഷന്മാരെയും ടീച്ചര്‍മാരെയും കറക്കാനും വട്ടംചുറ്റിക്കാനും   വിദഗ്ദ്ധന്മാരായ, പിള്ളാരെ ഒരു ക്ലാസ്സില്‍ നിന്ന് നാല്  ക്ലാസിലേക്ക് നിമിഷങ്ങള്‍ക്കകം മാറ്റാന്‍ കഴിവുള്ള സീനിയര്‍മാര്‍ ഉണ്ട്. അവരെപ്പേടിച്ച് ഏകദിന പരിശോധനയ്ക്ക് പോയ ഒരു പാവം മാഷും ഒന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പൊറ്റക്കാടിന്റെ 'ഇന്‍സ്പെക്ഷന്‍ 'എന്ന കഥയില്‍  ജീവിതത്തിന്റെ  പൊറുതികേടു കൊണ്ടു സ്കൂളില്‍ പോകാത്ത കുട്ടികളെ അത്യാവശ്യം പ്രലോഭിപ്പിച്ചും രക്ഷിതാക്കളെ സോപ്പിട്ടും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന പാവം മാഷുടെ കഥയുണ്ട്. ചേട്ടന്റെ കുപ്പായം ളോഹ പോലെ ഇട്ടുവന്ന, സീറ്റില്‍ ഒരിക്കലും ഇരിക്കാത്ത  ഒരുവനെക്കുറിച്ച് പൊറ്റക്കാട്‌ ഗംഭീരന്‍ ഒരുപമ നടത്തുണ്ട്. മാഷ്‌ ഈ ചങ്ങാതിയെ പിടിച്ചു ബലമായി ഇരുത്തും. പിടിവിടുമ്പോള്‍ കക്ഷി ഓട്ടോമാറ്റിക് ആയി പൊങ്ങും. ഇങ്ങനെ ഞെക്കലും താഴ്തലും പൊങ്ങലും ആവര്‍ത്തിക്കുമ്പോഴാണ് ഉപമാ പ്രയോഗം, 'ഹാര്‍മോണിയത്തിന്റെ കട്ടപോലെ'. കഥ അവസാനിക്കുന്നത്, ഇന്‍സ്പെക്ഷനെക്കുറിച്ചും ഗ്രാന്റിനെക്കുറിച്ചും മാത്രം ആലോചിച്ചു സമനില തെറ്റിയ ആ മാഷ്‌, ദിവസങ്ങളായി പട്ടിണി കിടക്കുന്ന, അസുഖബാധിതയായ മകളെ ചികിത്സിക്കാന്‍ പോലും വഴിയില്ലാത്ത ആ പാവം, കണ്ടാമൃഗത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോട് "കണ്ടാമൃഗത്തിനു എത്ര ഗ്രാന്റുകിട്ടും?" എന്ന് തിരിച്ചു ചോദിക്കുന്നിടത്താണ്.

പോലീസിനെ ഉപയോഗിച്ച് കുട്ടികളുടെ തലയെണ്ണുന്നത് അത്യാവശ്യമായി വരുന്ന സന്ദര്‍ഭത്തിലെക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം പോസ്റ്റുകള്‍ നിലനിര്‍ത്താന്‍ , മാനേജ്മെന്റിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ , റിസള്‍ട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്ന അധ്യാപഹയര്‍ ഇപ്പോള്‍ മിക്ക സ്കൂളിലും ഉണ്ട്. ഏകജാലക പ്രവേശനം പോലും അട്ടിമറിക്കാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്തുകൊടുത്ത പ്രിന്‍സിപ്പാള്‍മാര്‍ അനവധി ഉള്ള നാടാണ് ഇന്ത നാട്. തട്ടിപ്പ് കൈയോടെ പിടികൂടിയാലും ഇവിടെ ഒന്നും നടക്കില്ല. അത്രമാത്രം മുറുക്കമുള്ളതാണ് നമ്മുടെ സംഘടിത ശക്തി. സര്‍ക്കാര്‍ ആപ്പീസുകളിലെ കൈക്കൂലി പകല്‍ വെളിച്ചം പോലെ പരന്നൊഴുകിയിട്ടും സംഘങ്ങള്‍  നോക്കുമ്പോള്‍ സംഗതി കാനല്‍ജലം പോലെ, അടുത്തെത്തുമ്പോള്‍ ഒന്നുമില്ല, എല്ലാം വെറും തോന്നല്‍ . മറ്റൊരര്‍ത്ഥത്തില്‍ അപ്പീസുകളിലെ അഴിമതിയെക്കാള്‍ ഭീകരമാണ് കുട്ടികളുടെ എണ്ണം തിരിമറിചെയ്ത് പോസ്റ്റ്‌ നേടുന്ന മാഷന്മാര്‍ ചെയ്യുന്നത്. മറ്റേതു ഒരാളുടെ വ്യക്തിപരമായ നഷ്ടമാണെങ്കില്‍ ഇത് ഓരോ പൌരനേയും കാലങ്ങളോളം ചോര്‍ത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്. 

മറ്റൊന്ന് കൂടി കാണണം. ഏതു രാജ്യത്തെ പോലീസിനെയാണ് നാം ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നതാണത്. ലോക്കപ്പിലെ ഉരുട്ടിക്കൊല, പ്രതിയെ പീഢിപ്പിച്ചുകൊല്ലല്‍ , പ്രമാണിമാര്‍ക്കെതിരെ മിണ്ടാട്ടമില്ലായ്മ എന്നിത്യാതി കടുത്ത ആരോപണങ്ങള്‍ പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത പോലീസല്ലേ അത്.

ആലോചിച്ചു നോക്കൂ, രാവിലെ ഒരു വണ്ടി പോലീസ്  സ്കൂളിനുമുന്നില്‍ .സുരേഷ് ഗോപിയുടെ പ്രേതം കൂടിയ എസ്. ഐ. സര്‍വീസ് റിവോള്‍വര്‍ കൈവിരലില്‍ ചുഴറ്റി ക്കൊണ്ട് നേരെ ക്ലാസിലേക്ക്. നിങ്ങള്‍ ഇതുവഴി ഓഫീസ് കവര്‍ ചെയ്യണം. നിങ്ങള്‍ ഹൈസ്കൂള്‍ കെട്ടിടത്തില്‍ അന്വേഷിക്കണം. ഞങ്ങള്‍ ഇതുവഴി ഏഴില്‍ ചെന്ന് കേറാം. ഹാന്‍സ് അപ്പ് ... എന്താ മാഷേ പഠിപ്പിക്കുന്നത്‌? ശരി ..ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം...

ഒന്നിനും രണ്ടിനും മുട്ടി ഒരുവിധപ്പെട്ട മാഷന്മാരൊക്കെ അപ്പോഴേക്കും കുനിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.      

2010 സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനായിട്ട്  ഇരുപതു വര്‍ഷമായി. ഇരുപതു അധ്യാപക ദിനങ്ങള്‍ ആഘോഷിച്ചു. ഈ ദിനത്തില്‍ പലപ്പോഴും കുട്ടികളെ കൊണ്ട് അവരുടെ ജീവിതത്തില്‍ അവരെ ഏറ്റവും സ്വാധീനിച്ച, അവര്‍ക്ക് ഇഷ്ടപ്പെട്ട അധ്യാപകരെക്കുരിച്ചുള്ള ഓര്‍മ്മകള്‍ എഴുതിച്ചിട്ടിണ്ട്. എപ്പോഴും എല്ലാവരും എഴുതിയിരുന്നത് അവരെ പ്രൈമറി ക്ലാസുകളിലോ ഹൈസ്കൂളിലോ പഠിപ്പിച്ച അധ്യാപകരെക്കുറിച്ചാണ്. അപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്, എന്നോട് ഇത്തരം ഒരു കുറിപ്പെഴുതാന്‍ കുട്ടികള്‍ തിരിച്ചു ചോദിച്ചെങ്കില്‍ ഞാന്‍ ആരെക്കുറിച്ചാണ് എഴുതുക. ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു സ്പര്‍ശം, ഒരു പ്രോത്സാഹനം, സൗഹൃദം അതിനായി എന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ എല്ലാ മൂലകളിലും അനേകം തവണ കുഴിച്ചു നോക്കിയിട്ടുണ്ട് ഞാന്‍. പരുക്കന്‍ പാറക്കഷ്ണങ്ങളല്ലാതെ മധുരമൂറുന്ന ഒരു കരിമ്പിന്‍ചണ്ടി പോലും അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്കൂളിനെക്കുറിച്ച് എന്റെ ചേച്ചിമാര്‍ പറഞ്ഞു തന്ന ചില അവക്ത മധുരമായ ചിത്രങ്ങള്‍ പ്രൈമറി ജീവിതത്തിലുടനീളം ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതെല്ലാം അനന്തന്‍മാഷുമായി ബന്ധപ്പെട്ടതായിരുന്നു. ആ പേരുപോലും ഞാന്‍ മറന്നിട്ടില്ല. സ്ലേറ്റ്‌ മായിക്കാന്‍ അന്ന് കൊണ്ടുപോകാറുണ്ടായിരുന്ന കൊച്ചുകുപ്പിയിലെ വെള്ളം ബെഞ്ചില്‍ മറിഞ്ഞാല്‍ " എന്തേ ബെഞ്ചേ, എന്റെ കുട്ടിയുടെ വെള്ളം തട്ടി മറിക്കാന്‍" എന്ന് ബെഞ്ചിനു ചുട്ട അടികൊടുക്കുന്ന അനന്തന്‍ മാഷ്‌. താന്‍ കൊണ്ടു വരുന്ന പലഹാരപ്പൊതിയില്‍ നിന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ മധുരമുള്ള വിഭവങ്ങള്‍ ഊട്ടുന്ന, ആംഗ്യപ്പാട്ട് പാടിപ്പാടി കുട്ടികളെ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന അനന്തന്‍ മാഷ്‌. എന്നാല്‍ എന്റെ പ്രൈമറി സ്കൂള്‍ കാലത്തൊന്നും എനിക്ക് വെള്ള മുണ്ടിലും കുപ്പായത്തിലും ചിരിച്ചുമാത്രം വരുന്ന അനന്തന്‍ മാഷെ കണ്ടെത്താനായില്ല. സത്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ അത്തരമൊരു മാഷ്‌ ഉണ്ടായിരുന്നോ? സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന എന്നെ പ്രലോഭിപ്പിക്കാന്‍,  അന്നേ കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന എന്റെ ചേച്ചിമാര്‍ ഉണ്ടാക്കിയ സൌമ്യ സങ്കല്പപമായിരുന്നോ അത്? അല്ല, എല്ലാ കുട്ടികളും മനസ്സില്‍ കാംക്ഷിക്കുന്ന അധ്യാപകനെ സംബന്ധിക്കുന്ന സ്നേഹരൂപമാണോ അനന്തന്‍ മാഷ്‌? അറിയില്ല.

ചെറിയ ക്ലാസുമുതല്‍ പരിചയപ്പെട്ട മിക്ക മാഷന്മാരുടെയും കയ്യില്‍ നല്ല വടിയുണ്ടായിരുന്നു. വടിയെടുക്കാതെ വരുന്നവര്‍ ക്ലാസ്സില്‍ എത്തിയ ഉടനെ വടിപൊട്ടിക്കാന്‍ ലീഡറെ പുറത്തേക്കോടിച്ചു. സ്കൂളിനു മുന്നില്‍ നിരനിരയായി നില്‍ക്കുന്ന പേരമരത്തിന്റെ മിക്ക ശാഖകളും പൊട്ടിത്തെറിച്ചത് ഞങ്ങളില്‍ ചിലരുടെ കൈവെള്ളയിലും പുറത്തും ചന്തിയിലും വെച്ചായിരുന്നു. ഒരു വടിക്ക് പകരം അഞ്ചും പത്തും വടികള്‍ പൊട്ടിച്ചു കൊണ്ട് വന്നു ലീഡര്‍മാര്‍ അവര്‍ക്കുള്ള അടിയില്‍ ഇളവുനേടി. വടിയില്ലാത്തവര്‍ രസം കണ്ടെത്തിയത് പൂഴിമണ്ണ്  ചേര്‍ത്തു കുപ്പായകൈ കയറ്റി തോല് പോകും വരെ തിരുമ്മി നുള്ളുന്നതിലായിരുന്നു. വെറുംകൈ പ്രയോഗക്കാര്‍ ചെവിയില്‍ നുള്ളിയും ചെകിടത്തടിച്ചും തൃപ്തിപ്പെട്ടു. ബെഞ്ചില്‍ കയറ്റിയും ക്ലാസിനു പുറത്തു നിര്‍ത്തിയും പെണ്‍കുട്ടികളുടെ സൈഡില്‍ കൊണ്ട് പോയി നിര്‍ത്തിയും അപമാനിച്ചവരും കുറവല്ല. എന്തോ ചെറിയൊരു വികൃതിക്ക് എനിക്ക് ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ഹെഡ് മാഷുടെ മുറിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നു. അതുവഴി വന്ന ചെറു ബാല്യക്കാരനായ മാഷ്‌ "ഇതൊക്കെ കോളേജില്‍ എത്തിയിട്ട് പോരെ മോനെ" എന്ന ഒരു സുയിപ്പ്. ഇവനൊക്കെ കൊളെജിലെത്തിയാല്‍ ആ കോളേജു തന്നെ മറിച്ചിടും എന്ന് ഹെഡ് മാഷുടെ കമന്റ് . 'കേരളാ കരിക്കുലം ഫ്രെയിം വര്‍ക്കിനെ'ക്കുറിച്ച് അതേ ഹെഡ് മാസ്റ്റര്‍ക്ക്  ക്ലാസെടുക്കാന്‍ അവസരമുണ്ടായപ്പോള്‍ 'ഇവന്‍ എന്റെ ശിഷ്യനാണ് 'എന്ന് മാഷ്‌ അഭിമാനം കൊണ്ടു. പണ്ട് അനുഭവിച്ച വിഷമം അപ്പോള്‍ ഓര്‍മ്മയില്‍ വന്നതേയില്ല. അന്ന് ഏറ്റവും മോശം എന്ന് പേരുകേട്ട ഒരു എയിഡഡ് സ്കൂളില്‍ നിന്നും നിരന്തരമായ അടിയും അപമാനിക്കലുമാല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.

അതുകൊണ്ട് തന്നെ പയ്യന്നൂര്‍ കോളേജില്‍ വെച്ച് പവിത്രന്‍ മാഷെ കാണുന്നത് വരെ അധ്യാപകരെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അന്ന് റബല്‍ സങ്കല്‍പ്പത്തിനു ഞങ്ങള്‍ക്ക് മാഷിനപ്പുറം കൊടുമുടികളുണ്ടായിരുന്നില്ല. കുടുക്ക് പൊട്ടിയ പരുക്കന്‍ ഖദര്‍ കുപ്പായം പിന്നുകുത്തിയിടുന്നതു അഭിമാനമായി കണ്ടിരുന്ന, ചെരുപ്പ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രശ്നമില്ലാത്ത, താടിയും മുടിയും അലസമായി അതിന്റെ പാട്ടിനു വിട്ടിരുന്ന മാഷുമായി സൗഹൃദം എളുപ്പമായിരുന്നു. അത് ഒരു ആളിക്കത്തലായിരുന്നു. മാഷുടെ എരിപുരത്തെ വാടക വീട്ടില്‍, ഇരിണാവിലെ തറവാട്ടില്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം കയറിയിറങ്ങി. അന്നൂരിലെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നും വായിച്ച പുസ്തകങ്ങള്‍ക്കപ്പുറമുള്ള  സാഹിത്യത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മാഷ്‌ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളില്‍ നല്ല കേള്‍വിക്കാരെ മാഷിനു പിന്നീടു ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല. ബീഡി വലിക്കാന്‍ സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ എത്ര സമയം വേണമെങ്കിലും മാഷുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചു കൂട്ടാന്‍ പ്രയാസവുമുണ്ടായില്ല. ഞാന്‍, കണ്ണഞ്ചേരി പ്രദീപന്‍ എന്നിവര്‍ മാഷുടെ ശിങ്കിടികള്‍ എന്ന് വിളികൊള്ളുന്നതില്‍ അഭിമാനിച്ചു. കോളേജ് കാന്റീനില്‍ നിന്ന് ഒരുമിച്ചു ചായകുടിച്ച്‌, വലിച്ച ബീഡികുറ്റി വലിച്ചെറിഞ്ഞ് മാഷ്‌ ക്ലാസെടുക്കാനും ഞങ്ങള്‍ ക്ലാസ്സില്‍ ഇരിക്കാനും മാത്രം രണ്ടായി. തന്റെ തിരക്കില്‍ മിക്കപ്പോഴും കോളേജില്‍ വരാതിരിക്കുകയും നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം വരെ വാങ്ങിത്തന്നു തുടര്‍ച്ചയായി സ്പെഷല്‍ ക്ലാസുകള്‍ എടുത്തുതരികയും ചെയ്തിരുന്ന എം. ആര്‍. സി മാഷ്‌, സി വി യും  കേരള പാണിനീയവും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ചിരുന്ന പട്ടേരി മാഷ്‌, ക്ലാസ് മുറിയെ പ്രഭാഷണവേദിപോലെ കണ്ടിരുന്ന മേലത്ത് മാഷ്‌ .... പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗത്തില്‍ അന്ന് പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും സിലബസ്സിന്റെ സര്‍വേ നമ്പറില്‍ കൂടി പോകാത്ത, ഒന്ന് പറഞ്ഞാല്‍ മുന്നൂറിലേക്ക്‌ യാതൊരു ആസ്പദവുമില്ലാതെ കൈവിട്ടു ചാടിക്കൊണ്ടിക്കൊണ്ടിരുന്ന, ബഷീര്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്രകാരം ദൈവത്തെപ്പോലെ ആദിയും അന്തവുമില്ലാത്ത, പവിത്രന്‍ മാഷുടെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പഠിക്കാന്‍ സീരിയസ്സായി വരുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും പക്ഷേ മാഷുടെ ക്ലാസ് തീരെ ദഹിക്കാറില്ല.

പവിത്രന്‍ മാഷ്‌ ഞങ്ങള്‍ക്ക് അന്ന് നല്‍കിയത് ഒരിക്കലും അക്കാദമികമായ ഒരു പിന്തുണയായിരുന്നില്ല. മാഷുടെ ക്ലാസില്‍ ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് മനസിലാകുന്നവയായിരുന്നില്ല. പക്ഷെ അത് നല്‍കിയ ലോകബോധം വലുതായിരുന്നു. അന്ന് മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല. ചരിത്രത്തില്‍, പ്രത്യേകിച്ചും പ്രാദേശിക ചരിത്രത്തില്‍ നല്ല താത്പര്യമുണ്ടായിരുന്ന മാഷ്‌ ഞങ്ങളെ എരമത്തെ മുനിമടകളിലേക്ക് കയറ്റുകയും മാടായിപ്പാറയിലെ ജൂതക്കുളത്തിലേക്ക് ഇറക്കുകയും ചെയ്തു. നാട്ടിന്റെ വിപ്ലവ ചരിത്രങ്ങളില്‍ ആവേശം കൊള്ളുകയും പഴയ വീരസഖാക്കളെ കണ്‍മുന്‍പില്‍ കാണിച്ചു തരികയും ചെയ്തു. 'മൂവീമാനിയ' എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ ഞങ്ങളെക്കാള്‍ മുന്‍കൈയെടുത്തു. എ സോണിനും ഇന്റര്‍ സോണിനും ഞങ്ങളെ അനുഗമിച്ചു.

ഒരു പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ മാഷിലേക്ക് വലിച്ചടുപ്പിച്ചത് മാഷുടെ കുടുംബമാണ്. സ്വന്തം വീട്ടിനെക്കാളും സ്വാതന്ത്ര്യം എടുത്തു ഞങ്ങള്‍ പെരുമാറുന്നതിന് ഒരിക്കലും തടസ്സം നിന്നില്ല രതി ടീച്ചര്‍. മാഷിനോപ്പം വായനയിലും ഞങ്ങളുടെ ചര്‍ച്ചകളിലും ടീച്ചറും പങ്കുകൊണ്ടു. കോളേജു കഴിഞ്ഞിട്ട് എത്രയോ വര്‍ഷം, ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ പങ്കാളികളായി. എന്റെ വീട്ടിലെ വിരുന്നുകള്‍ക്ക് അടുക്കളക്കാരിയായി പലപ്പോഴും രതിടീച്ചര്‍. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രന്‍ രഹസ്യമായി പറയുമായിരുന്നു, മാഷും രതിടീച്ചറും ഒരു പെരുമഴയത്ത്  ഒറ്റക്കുടയില്‍ വരുന്ന ഒരു നിമിഷത്തിലാണ് ഞാന്‍ ഒരു കുടുംബ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയതെന്ന്.

മാഷുടെ വീട് പണി തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. പ്രായോഗിക കാര്യങ്ങളില്‍ അന്ന് ഏറ്റവും പിന്നിലായിരുന്നു മാഷുടെ നടപ്പ്. അതുകൊണ്ട് തന്നെ വീടിന്റെ പണിയുടെ മേല്‍നോട്ടം, സഖാവ് എന്ന് മാത്രം എല്ലാവരും വിളിച്ചിരുന്ന മാഷുടെ അച്ഛനായിരുന്നു. ആ വീടിന് ഒരു ഗേറ്റുണ്ടാക്കാന്‍ മുള കൊത്താന്‍ പോയ സംഭവം മറക്കാന്‍ കഴിയാത്തതാണ്. വലിയൊരു കൂട്ടം മുളയില്‍ നിന്നാണ് രണ്ടോ മൂന്നോ മുള കൊത്തേണ്ടത്. സീമക്കൊന്ന കൊത്തുന്ന ലാഘവത്തോടെ മുള കൊത്താന്‍ പോയ ഞങ്ങള്‍ പെട്ട് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. നല്ലത് നോക്കി മുളങ്കൂട്ടത്തിന്റെ സൈഡില്‍ മൂന്നു മുളകള്‍ അടിയില്‍ നിന്ന് തന്നെ ആദ്യം കൊത്തിവെച്ചു. വലിച്ചപ്പോള്‍ ഓരോന്നും ഓപ്പറേഷന്‍ ചെയ്താലും വിടാത്ത മട്ടില്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. എത്ര കൊച്ചു ശിഖരങ്ങള്‍ കൊത്തി വിടര്‍ത്തിയാലും സംഭവും വീണ്ടും പഴയത് പോലെ തന്നെ . മുളയുടെ മുള്ളുകള്‍ കൊണ്ട് ശരീരം അവിടവിടെ കീറിമുറിഞ്ഞു. ഒടുവില്‍ പടുകൂറ്റന്‍ മുളയുടെ നമുക്കാവശ്യമുള്ള ഉയരം മാത്രം കൊത്തിയെടുത്ത്, ഉടമസ്ഥന്‍ കാണുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം വിട്ടു. അതുപോലെ മാഷുടെ പറമ്പില്‍  പ്രദീപന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞിമംഗലം മാവുകള്‍ വെക്കാനായി ഉത്സാഹിച്ചത്‌. ഒന്നും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത, ഓര്‍മ്മയിലെ മധുരചിത്രങ്ങളാണ്.

മാഷുടെ വീടിന്റെ കുടിയോലിനു ഞാന്‍ വലിയൊരു കടലാസ് പൊതിയും കൊണ്ടാണ് പോയത്. "എന്താണിത് ; നീ ഞങ്ങള്‍ക്ക് സമ്മാനമോ?" എന്ന് ദേഷ്യപ്പെടാനൊരുങ്ങിയ മാഷിന്റെയും ടീച്ചറിന്റെയും മുന്നില്‍ ഞാന്‍ മടിച്ചുമടിച്ച് പൊതിയഴിച്ചു. എ. എസ്. മാതൃഭൂമിയില്‍ യയാതിക്ക് വേണ്ടി വരച്ച ചിത്രം വലുതാക്കി ഒരു ക്യാന്‍വാസില്‍ ഞാന്‍ തീര്‍ത്ത പകര്‍പ്പായിരുന്നു അത്. എത്രയോ നാളുകള്‍ ആ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആ ചിത്രം തൂങ്ങിക്കിടന്നു. പിന്നീട് മാഷുടെ വീട് ഇരുനിലയാക്കിയുയര്‍ത്തി ആകമാനം പരിഷ്കരിച്ചെങ്കിലും എടുത്തുമാറ്റാതെ, അപ്പോഴേക്കും എനിക്ക് തന്നെ അപകര്‍ഷത തോന്നിക്കുന്ന അമെച്വറായ ആ ചിത്രം അവിടെ തന്നെ മാഷ്‌ തൂക്കിയിട്ടു.

ഇപ്പോഴും അത് അവിടെത്തന്നെയുണ്ടോ? സാധ്യതയില്ല.ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്, എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.
അല്ല, മാഷുടെ വീട്ടിലേക്കുള്ള വഴി ഇപ്പോള്‍ ഏതു ഭാഗത്ത് കൂടിയാണ്?

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഷേണായി ഡോക്ടര്‍

അവിചാരിതമായാണ് ഇന്നലെ ഷേണായി ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടത്. തന്റെ പഴയ ചേതക് സ്കൂട്ടറില്‍ കാണുന്ന നാട്ടുകാരോടെല്ലാം ചിരിച്ചും ചിലരോടെല്ലാം "എന്തുണ്ട് ' എന്ന് കുശലം ചോദിച്ചും മൂപ്പര്‍ മെല്ലെ ബസാറിലേക്ക് പോകുകയായിരുന്നു.

ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌ ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍ എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ് ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന് മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു. കന്നഡ കലര്‍ന്ന മലയാളത്തില്‍ "എന്റാ അമ്മാ .... വയറ്റീന്നു നല്ല മാതിരി പോക്ക് ശരിയില്ലേ ..." എന്ന മാതിരി സംസാര രീതി എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കൈപ്പുണ്യം പാടി നീട്ടി വലിയ സംഭവ കഥകളുണ്ടായി. ഞങ്ങളുടെ നാട്ടില്‍ അലിഞ്ഞു ചേര്‍ന്ന അദ്ദേഹം നാട്ടിലെ ഏതു ആഘോഷ പരിപാടികള്‍ക്കും കൈയയച്ചു സംഭാവനകള്‍ നല്‍കി, സമയം കിട്ടുമ്പോഴെല്ലാം പങ്കെടുത്തു.

ഷേണായി ഡോക്ടറെ കാണുമ്പോള്‍ പല സ്ത്രീകളും ചില പുരുഷന്മാരും നാണിച്ചു മുഖം കുനിക്കുന്നതിന്റെ രഹസ്യം എനിക്ക് പിന്നീടാണ് മനസ്സിലായത്‌. അദ്ദേഹത്തിന്റെ സര്‍ജറികളില്‍ വലിയൊരു ശതമാനവും പൈല്‍സിന്റെതായിരുന്നു. തലശ്ശേരിയിലെ ഭരതന്‍ ഡോക്ടര്‍ പേരെടുക്കുന്നതിനും നാട്ടില്‍ മൂലക്കുരു ക്ലിനിക്കുകള്‍ കൊച്ചു ലോഡ്ജു  മുറികളില്‍ പോലും പെരുകുന്നതിനും മുന്‍പ് ഇക്കാര്യത്തില്‍ ഞങ്ങളുടെ കണ്‍കണ്ട ദൈവം ഷേണായി ഡോക്ടറായിരുന്നു. തിരക്ക് വര്‍ദ്ദിച്ചു വര്‍ദ്ദിച്ച് രോഗികളുടെ മുഖം തന്നെ തിരിച്ചറിയാന്‍ കഴിയാതെയായി അദ്ദേഹത്തിന്.  ഇക്കാര്യത്തില്‍ അനേകം കഥകള്‍ അദ്ദേഹവുമായി ബന്ധപ്പെടുത്തി ഞങ്ങള്‍ നാട്ടുകാര്‍ പറഞ്ഞു രസിച്ചിരുന്നു. കുറിഞ്ഞിയിലെ കളിയാട്ടത്തിന്റെ വമ്പിച്ച തിരക്കില്‍ കണാരേട്ടന്‍ ഷേണായി ഡോക്ടറെ കാണുന്നു. ഓപ്പറേഷന്‍ ചെയ്ത് തന്റെ പ്രഭാതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ദൈവമാണ് കണാരേട്ടന് ഡോക്ടര്‍. ഓടിപ്പോയി ഡോക്ടറെ തൊഴുതു. എത്ര പരിചയപ്പെടുത്തിയിട്ടും ഡോക്ടര്‍ക്ക് ആളെ മനസ്സിലായില്ല. പിന്നെ കണാരേട്ടന്‍ മടിച്ചില്ല, മുണ്ടും പൊക്കി പിറകോട്ടു തിരിഞ്ഞു ആള്‍കൂട്ടത്തിനിടയില്‍  കുനിഞ്ഞൊരു നില്പാണ്. " ഓ.. കാനാരന്‍ .. " ഒരു നിമിഷം കൊണ്ട് ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ റൂട്ടില്‍ ട്രക്കര്‍ സര്‍വീസ് നടത്തുന്ന രാജേട്ടനാണ് ഷേണായി ഡോക്ടറുടെ രണ്ടു മൂന്നു രസകരമായ കഥകള്‍ എന്നോട് പറഞ്ഞത്. പിന്നീട് ഡോക്ടറെ കാണുമ്പോഴൊക്കെ പരിചയത്തിനപ്പുറം ആ കഥകളുടെ അലയൊലിയാലും ആണ് ഞാന്‍ വിശദമായി ചിരിക്കാറുള്ളത്.  തന്റെ വണ്ടി തടഞ്ഞു നിര്‍ത്തി ഫസ്റ്റ്‌ ഐഡ് ബോക്സ് പരതി "എവിടെ ഇതിലെ സാധനങ്ങള്‍, ഈര്‍ക്കില്‍ എവിടെ?" എന്നെല്ലാം തിരക്കിയ പോലീസുകാരോട് ഞാന്‍ ഇന്ന് രാവിലെ നാവു തുടച്ചു കളഞ്ഞതെയുള്ളൂ സാര്‍ എന്ന് നിഷ്കളങ്കമായി മറുപടി പറഞ്ഞ അന്ന് മുതല്‍ രാജേട്ടന്റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിക്കാരുണ്ടായിരുന്നു. ട്രക്കറിലെ സ്ഥിരമായ ഇരിപ്പും ഹോട്ടല്‍ ഭക്ഷണവും കാരണം ഷേണായി ഡോക്ടറെ കാണിക്കേണ്ടുന്ന വേദന ഒരിക്കല്‍ രാജേട്ടനും പിടിപെട്ടു. വിശദമായ പരിശോധനയാണ് ഈ രോഗത്തിന് ഡോക്ടര്‍ നടത്താറുള്ളത്. രോഗികളെ അടിവസ്ത്രമൊന്നുമില്ലാതെ കുനിച്ചു നിര്‍ത്തി ഇരു വിരലുകല്‍ക്കൊണ്ടും മലദ്വാരം വിടര്‍ത്തി നോക്കിയാണ് അദ്ദേഹം പരിശോധിക്കുക. ഇതിനിടയില്‍ അവിടുത്തെ പേശികളുടെ സങ്കോച വികാസങ്ങള്‍ അറിയുന്നതിന് വേണ്ടി അദ്ദേഹം രോഗികളോട് നിരന്തരമായി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അങ്ങിനെ രാജേട്ടനോട് ട്രക്കര്‍ സര്‍വീസിന്റെയും നാട്ടിലെ റോഡുകളുടെയും എല്ലാം കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് "അല്ലാ നിങ്ങള്‍ പുകവലിക്കാറുണ്ടോ" എന്ന് ഡോക്ടര്‍ അന്വേഷിച്ചത്. രാജേട്ടന്‍ " ഇല്ല ഡോക്ടര്‍, എന്താ പുക വരുന്നുണ്ടോ " എന്ന് പതിവ് നിഷ്കളങ്കതയോടെ തന്നെയാണ് ഉത്തരവും പറഞ്ഞത്.

ആയിടക്ക്‌ കുറച്ചു ദിവസം ഡോക്ടറുടെ കഴുത്തു ഒരു വശത്തേക്ക്  തിരിഞ്ഞിരുന്നു. പൈല്‍സ് കാണാന്‍ കുനിഞ്ഞു കുനിഞ്ഞു ചഞ്ഞും ചെരിഞ്ഞും നോക്കി പറ്റിയതാവനാണ് വഴിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. രാജേട്ടനാണ് സംഭവം എന്താണെന്ന് വ്യക്തമാക്കിയത്. ഡോക്ടര്‍ ഒരു ദിവസം തന്റെ പ്രിയപ്പെട്ട ചേതക്കില്‍ വരികയായിരുന്നു. നേരിയ ചാറ്റല്‍ മഴയുള്ളത്‌ കൊണ്ട് റെയിന്‍ കോട്ടും ഇട്ടായിരുന്നു വരവ്. ഒരു നല്ല വളവില്‍ ലക്കും ലഗാനുമില്ലാതെ വരുന്ന ജീപ്പുമായി ഡോക്ടറുടെ സ്കൂട്ടര്‍ ഇടിച്ചു. ഡോക്ടര്‍ സ്കൂട്ടറില്‍ നിന്നും തെറിച്ചു ദൂരേക്ക്‌ വീണു. വീഴ്ചയില്‍ തന്നെ ബോധവും പോയി. ആളുകള്‍ ഓടിക്കൂടി. നോക്കുമ്പോള്‍ ശരീരത്തില്‍ മുറിവോ ചതവോ ഒന്നുമില്ല, പക്ഷെ വീഴ്ചയില്‍ കഴുത്തു പൂര്‍ണമായും തിരിഞ്ഞു പോയിരുന്നു. മുഖം നേരെ പിറകോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. എന്തുചെയ്യണ മെന്നറിയാതെ ആളുകള്‍ അമ്പരന്നു നില്‍ക്കെ അവിടുത്തെ പ്രധാനിയായ ചന്തു ഗുരുക്കള്‍ മുന്നോട്ടു വന്നു. "ഇത് വീഴ്ചയില്‍ പറ്റിയത്താണ്. പ്രശ്നമൊന്നുമില്ല. ഇപ്പൊ ശരിയാക്കാം" എന്ന് പറഞ്ഞു ഡോക്ടറുടെ അടുത്തു തന്നെ മുട്ടുകുത്തി ഇരുന്നു. ഗുരുക്കളുടെ കാല്‍മുട്ടെടുത്തു ഡോക്ടറുടെ കഴുത്തില്‍ അമര്‍ത്തിവെച്ച് ഇരു കൈകള്‍ കൊണ്ടും തലയില്‍ മുറുകെപ്പിടിച്ച്  മെല്ലെ തിരിച്ചു ശിരസ്സ്‌ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. തല മുക്കാല്‍ ഭാഗത്തോളം തിരിഞ്ഞതും ബോധംപോയ ഡോക്ടര്‍ ഞെട്ടി ഉണര്‍ന്നു പരിസരം ഞെടുങ്ങു മാറ് ഉറക്കെ നിലവിളിച്ചു. പേടിച്ചു പോയ ഗുരുക്കള്‍ ഞെട്ടി പിറകോട്ടു മാറി. അപ്പോഴാണ്‌ ആരോ വിളിച്ചു പറഞ്ഞത്. "അയ്യോ ഡോക്ടറുടെ തല തിരിഞ്ഞതല്ല; അദ്ദേഹം ഓവര്‍ കോട്ട് തിരിച്ചിട്ടതാണ്."
പിന്നീട്‌ ഇന്നുവരെ ഏതു പെരുമഴയത്തും അദ്ദേഹം ഓവര്‍ കോട്ട് ഇട്ടിട്ടില്ല എന്നാണു രാജേട്ടന്‍ പറഞ്ഞത്.

2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

അച്ഛന്‍

ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച്‌ അതിന്റെ മുന്നില്‍ നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത് അവിശ്വസനീയമായിരുന്നു. ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍ പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍ കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന്  കണ്ട ഉടനെ അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍ മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക്‌ ഓടി ചെന്നു. അച്ഛാ, എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍ ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത് എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.

ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ മാഗസിന്‍ ഇറക്കാതിരിക്കാനും  ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.  ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ധര്‍ണാസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നത്‌. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി  ചൂടായി കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ് അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു.
"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ തൊട്ടടുത്തുതന്നെയാണ്‌." "എന്നാല്‍ നമുക്ക് അങ്ങോട്ട്‌  പോകാം."  എന്റെ ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി, ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍ എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും ചെയ്തു.

ഹോസ്റ്റലിലേക്കുള്ള  പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍ അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട് ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍  ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു.
"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്‌? "
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് സിഗരറ്റു വലിക്കുന്നത് ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.

പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന് അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ. അവിടെ കിട്ടിയ നാട്ടുകാരായ  സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്‌. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന് മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്ത് ഉരുകി. കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക്‌ ഒരു ഓട്ടമാണ് പിന്നീട്. അധികം ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).

അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട്  കൂടി അക്കാര്യം ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന് ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത്‌ വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍ കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

പരസ്യക്കുടചൂടുന്ന മാവേലികള്‍


നഗരത്തില്‍ ഓണത്തിരക്ക് അതിന്റെ ആര്‍പ്പുവിളി തുടങ്ങിക്കഴിഞ്ഞു. പരസ്പരം മുട്ടാതെ മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയില്ല. ഈ തിരക്കില്‍ ഒരു വിധം അങ്ങിനെ നൂണ് നൂണ് പോകുമ്പോഴാണ്  ചെണ്ടയുടെ മേളം. നോക്കിയപ്പോള്‍ അതിശയിച്ചുപോയി. ഒരു പത്തു മുപ്പതു മാവേലികള്‍ കൂട്ടമായി നടന്നു വരുന്നു. ചെണ്ടയുടെ അകമ്പടിയോടെ രാജകീയമായി തന്നെയാണ് വരവ്. ഇടയില്‍ ചില കുടവയറന്‍ മാവേലികള്‍ കടകളില്‍ കയറുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ നോട്ടീസ് വിതരണമാണ്. കടകളില്‍ മാത്രമല്ല വഴിയെ പോകുന്ന ആളുകളെയും വെറുതെ വിടുന്നില്ല. നഗരത്തില്‍ ഈയിടെ തുടങ്ങിയ വസ്ത്രശാലയുടെ നോട്ടീസുകളാണ് മാവേലികള്‍ വിതരണം ചെയ്യുന്നത്. ഓണം സമം മാവേലിയുടെ കുടവയര്‍ എന്ന് ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറെക്കാലമായി പരസ്യക്കാര്‍ ആണല്ലോ. മാവേലികളുടെ  വ്യത്യസ്ത പരസ്യസാധ്യതകളെക്കുറിച്ച് നാം ഇനിയും ഏറെ പഠിക്കാനുണ്ടെന്നു തോന്നുന്നു.

ഓണത്തിന്റെ മാവേലിയെഴുന്നള്ളത്ത്  ഇപ്പോള്‍ പലയിടത്തും കാശ് പിരിച്ചെടുക്കാനുള്ള ചെറുപ്പക്കാരുടെ സൂത്ര വിദ്യമാത്രമാണ്. കുടവയറിനനുസരിച്ചു റേറ്റ് ഉറപ്പിച്ചു നല്ല മാവേലി വേഷക്കാരെ നേരത്തെ ബുക്ക് ചെയ്യുന്നത്തിനു നഗരത്തില്‍ കലാ സമിതിക്കാരും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരും തമ്മില്‍ അടിയാണ്. എങ്കിലും മിക്ക പ്രദേശങ്ങളിലെയും കുട്ടികള്‍ 'വടിവൊത്ത' ( എടുത്താല്‍ പൊങ്ങാത്ത കുടവയര്‍, കൊമ്പന്‍ മീശ ഇവ പ്രാഥമിക ലക്ഷണം ) മാവേലിയെ കാണുന്നത് എല്‍. ജി യുടെയോ സോണിയുടെയോ സാംസംഗിന്റെയോ പരസ്യ ചിത്രത്തില്‍ മാത്രമാണ്. ചിത്രങ്ങളില്‍ നിലനില്‍ക്കുന്ന മാവേലി സത്യത്തില്‍ നമ്മുടെ ടി വി കളില്‍ തുള്ളിയാടുന്ന വേഷം കേട്ട് മാവേലികളെക്കാള്‍  എത്രയോ നല്ലതാണ്. ഇന്ന്  കലാ സമിതിക്കാരെയും  റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരെയും കടത്തി വെട്ടി ലക്ഷണമൊത്ത മാവേലി രൂപക്കാരെ,  കനത്ത പ്രതിഫലവും ഓഫറുകളും നല്‍കി ആദ്യം ബുക്ക് ചെയ്യുന്നത് തുണിക്കടക്കാരും ജ്വല്ലറിക്കാരുമാണ്.

ഓണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്. മലയാളം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പല ക്ലാസ്സുകളിലും ഓണം ഒരു പ്രധാന തീമായി കടന്നു വരുന്നുണ്ട്. ഒരു കാര്‍ഷിക സംസ്കൃതി എങ്ങിനെ കമ്പോള സംസ്കാരമായി മാറുന്നു എന്ന് തൊട്ടു കാണിക്കാനുള്ള ഒരു ചിഹ്നമാണ് ഓണം. കാര്‍ഷിക സംസ്കാരത്തിന്റെ എല്ലാ മുദ്രകളും അടയാളപ്പെടുത്തപ്പെട്ടവയാണ് നമ്മുടെ ഉത്സവങ്ങള്‍ എന്നത് ഇന്നത്തെ കുട്ടിയുടെ അനുഭവമാക്കാന്‍ അധ്യാപകര്‍ക്ക് എളുപ്പം കഴിയില്ല. വിത്തും ഉഴലും കൊയ്തും മെതിയും പുന്നെല്ലരിയും എങ്ങിനെ അവരുടെ അനുഭവ സീമയിലേക്ക് കൊണ്ട് വരും. ഓണപ്പാട്ടുകള്‍ പാടി നടത്താവുന്ന അകം പൊള്ളയായ ഒരു കഥാപ്രസംഗമായി മിക്കപ്പോഴും അത് മാറും. ഈ വിഷയത്തെ പൊലിപ്പിച്ചു കാട്ടി ഓണനാളുകളില്‍ ടെലിവിഷനില്‍ വരുന്ന മെലോ ഡ്രാമകള്‍ അവരില്‍ ഓക്കാനം ഉളവാക്കുകയെ ഉള്ളൂ.

പതിനൊന്നാം ക്ലാസ്സില്‍ എം. ടി. വാസുദേവന്‍ നായരുടെ മനോഹരമായ ഒരു സ്മരണ പഠിക്കാനായി ഉണ്ട്. 'കണ്ണാന്തളിപ്പൂക്കളുടെ കാലം'. കൂടല്ലൂരിലും വന്നേരിയിലും കഴിച്ചു കൂട്ടിയ കുട്ടിക്കാലത്തെ ഓണക്കാലത്തിന്റെ മനോഹരമായ, ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണ. കണ്ണാന്തളിപ്പൂവ് എന്ന മനോഹരമായ ഇമേജിനെ മുന്‍ നിര്‍ത്തി ഓണത്തെ ഓര്‍ത്തെടുക്കുന്ന ഗദ്യത്തിലെഴുതപ്പെട്ട കാല്‍പനിക കവിത. പട്ടിണിയുടെ കര്‍ക്കിടകം ഞങ്ങള്‍ക്ക് കണ്ണാന്തളിപ്പൂക്കള്‍ക്കും പുന്നെല്ലരി ചോറിനും വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലവും കൂടിയായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഓരോ ദിവസവും പാടത്തെത്തി നെല്ലിലെ പാല് എത്രമാത്രം ഉറച്ചു എന്ന് നോക്കുന്ന, ഓരോ വിത്തിന്റെയും മൂപ്പിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന, അടക്കയുടെ വിളവിനെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു ബാല്യം. വീട്ടിലെ കൃഷിക്കാരായ അയ്യപ്പനും പാട്ടിക്കും എത്ര കഷ്ടപ്പാടാണെങ്കിലും ഓണക്കോടി വാങ്ങുന്ന, ഓണത്തിന്റെ ഒരു ദാരിദ്രകാലത്തില്‍ എത്തിയ ചെറിയമ്മാമയ്ക്ക്‌  പഴം പുഴുങ്ങിയതില്ലാതെ ചായ കൊടുക്കേണ്ടി വന്നപ്പോള്‍ അപമാനിതയായി നില്‍ക്കുന്ന അമ്മയുടെ പ്രയാസങ്ങള്‍ തൊട്ടറിയുന്ന സന്ദര്‍ഭങ്ങളിലൂടെ എം. ടി. ഓണം ഒരു കാര്‍ഷികോത്സവമായിരുന്നതിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ കോറിയിടുന്നു. ഇത് പുതിയ ഓണക്കാലവുമായി താരതമ്യം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്.  ( 'വിളറിയ നിലാവ് 'എന്ന  മറ്റൊരു ഓര്‍മ്മക്കുറിപ്പില്‍ തിരുവാതിരയ്ക്കും നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും വന്ന മാറ്റത്തില്‍ എം. ടി. വേദനിക്കുന്നുണ്ട്‌).

ഓണം പൂര്‍ണമായും ഒരു കമ്പോള ഉത്സവമായത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികള്‍ കൃത്യമായും എടുത്തുകാട്ടും. എല്‍.ജി യും സോണിയും സാംസങ്ങും നോക്കിയയും ലക്ഷ്യമിടുന്ന ഓണക്കാല വില്പ്പനയെക്കുരിച്ചുള്ള പ്രതീക്ഷകളുടെ പത്രവാര്‍ത്തകള്‍ അവര്‍ തെളിവായി കൊണ്ടുവരും. ആയിരം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന, തമിഴ് നാട്ടിലും കര്‍ണാടകത്തിലും ഓണം വിപണി മുന്നില്‍ കണ്ട് ഏതു വിഷമടിച്ചിട്ടായാലും വിളയിച്ചെടുക്കുന്ന പൂക്കളുടെയും പച്ചക്കറികളുടെയും റിപ്പോര്‍ട്ടുകളും അവര്‍ കൊണ്ട് വരും. പുന്നെല്ലരിയുടെ മണത്തിനു പകരം ഫാസ്റ്റ്ഫുഡ്  കടകളില്‍ നിന്ന് കൊണ്ട് വരുന്ന വിഭവങ്ങളുടെ മണത്തിനു മൂക്ക് കൂര്‍പ്പിക്കുന്ന പുതിയ ഓണക്കാലത്തെക്കുറിച്ചും അവര്‍ പറയും.ശരിയാണ്. പക്ഷെ.. അതിനുശേഷം ക്ലാസ്സില്‍ പൂക്കളമൊരുക്കാന്‍ അവര്‍ കാശ് വാരിയെറിയുന്നത് കാണേണ്ടി വരുമ്പോള്‍, ഇട്ട അതിമനോഹരമായ പൂക്കളത്തില്‍ ഒറ്റ തുമ്പപ്പൂവോ കാക്കപ്പൂവോ മഞ്ഞപ്പൂവോ ഹനുമാന്‍ കിരീടമോ ഇല്ലാത്തത് കാണുമ്പോള്‍, എവിടെയാണ് ഓണം എന്ന ഉദാത്ത ഭാവം കൊണ്ട് ക്ലാസ്സില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മനോഭാവങ്ങള്‍ കടപുഴകുന്നത് എന്നോര്‍ത്തു മനസ്സുരുകും. അല്ല, തീര്‍ച്ചയായും അത് കുട്ടികളുടെ കുഴപ്പമല്ല. ചെളി പുരണ്ട പാടങ്ങളിലും വെളിമ്പറമ്പുകളിലും ചവിട്ടരുത് എന്ന് അവരെ വിലക്കിയത് നമ്മള്‍ തന്നെയല്ലേ? ഇതൊന്നും അല്ല ജീവിതത്തില്‍ പ്രധാനമെന്ന് അവരെ പഠിപ്പിച്ചത് നാമല്ലേ?


പിന്നെ ആശ്വസിക്കും ഓണം എങ്ങിനെ മാറിയാലും മാറിക്കൂടാത്താത് അത് മുന്നോട്ടു വെക്കുന്ന ചില മനോഭാവങ്ങലല്ലേ. ഓണത്തെക്കുറിച്ച്‌ ഏറെ പാടിയിട്ടുള്ള വൈലോപ്പിള്ളി ഓണപ്പാട്ടുകാരില്‍ പാടുന്നതുപോലെ,

"പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പഥങ്ങളിലിപ്പോഴധോമുഖവാമനര്‍,
ഇത്തിരിവട്ടം മാത്രം കാണ്മവര്‍, ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍,
മൂവടിമണ്ണിനിരന്നു കവര്‍ന്നു, വധിച്ചു, നശിപ്പോരല്‍പ്പസുഖത്തിന്‍
പാവകളി,ച്ചതു തല്ലിയുടച്ചു കരഞ്ഞു മയങ്ങിയുറങ്ങീടുന്നവര്‍        
സല്‍ഗുണ മഹിമ ചവിട്ടിയമര്‍ത്തി വസുന്ധരയോക്കെയസുന്ദരമാക്കി"
മുന്നോട്ടു കുതിക്കുന്ന പുതിയ കാലത്തിന്റെ മനോഭാവത്തെ പ്രതിരോധിക്കാനാണല്ലോ ഞാന്‍ ഓണത്തെ ഒരു ഉപാധിയായി കണ്ടത്. ഈ ആസുരമായ കാലത്ത് ഒരു മാഷ്‌ ക്ക്  മറ്റെന്തു ചെയ്യാന്‍ കഴിയും. അല്ല, 'പുത്തന്‍ മഹിമ മണക്കും കല്‍ഹാരങ്ങള്‍ തിരഞ്ഞു പോകുമ്പോഴും' വൈലോപ്പിള്ളി തന്നെ പാടിയപോലെ
ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
 മണവും മമതയും - ഇത്തരി കൊന്നപ്പൂവും ( വിഷുക്കണി )
എന്ന് മോഹിക്കാനല്ലാതെ നമുക്ക് മറ്റെന്താവും. അതുകൊണ്ട്
"പോവുക നാമെതിരെല്‍ക്കുക നമ്മളൊരുക്കുക നാളെയൊരോണം".