''ആര്‍ക്കെങ്കിലും മലയാളത്തിലുള്ള ചോദ്യം ആവശ്യമുണ്ടോ? അത്യാവശ്യമുള്ളവര്‍ എഴുന്നേറ്റാല്‍ മതി. വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ വന്നിട്ടുള്ളൂ.'' പ്രധാനാധ്യാപിക പരീക്ഷ നടക്കുന്ന ഓരോ മുറിയിലും ചെന്ന് വിളിച്ചുപറഞ്ഞു.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഒരു കേന്ദ്രത്തിലാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉദേ്യാഗക്കയറ്റത്തിനായി ഈ പരീക്ഷ ജയിച്ചിരിക്കണം. കേരളാ സര്‍വ്വീസ് റൂള്‍, കേരളാ വിദ്യാഭ്യാസ നിയമം, പഞ്ചായത്ത് നിയമങ്ങള്‍, അക്കൗണ്ട് ടെസ്റ്റ്, ഓഫീസ് നടപടിക്രമങ്ങള്‍, തുടങ്ങി ഇരുപതോളം വിഷയങ്ങളില്‍ പരീക്ഷയുണ്ട്. നേരത്തെ വിവരണാത്മകമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 'ഒബ്ജക്ടീവ് ടൈപ്പ്' ആയി. തന്നിരിക്കുന്ന നാല് ഉത്തരങ്ങളില്‍നിന്ന് ശരിയായത് കണ്ടെത്തി, ഒ.എം.ആര്‍.ഷീറ്റിലെ നിശ്ചിത കളങ്ങള്‍ കറുപ്പിച്ചാല്‍ മതി. ഇംഗ്ലീഷിലാണ് സാധാരണയായി ചോദ്യങ്ങള്‍ ഉണ്ടാവുക. ഓരോ സെന്ററിലും അപൂര്‍വ്വമായി ഒരു പാക്കറ്റ് (ഇരുപതെണ്ണം) മലയാളത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അത് ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ എന്ന് വിളിച്ചുചോദിച്ചുകൊണ്ടാണ് പ്രധാനാധ്യാപിക കഷ്ടപ്പെട്ട് മുറികളില്‍ കയറിയിറങ്ങുന്നത്.
ആരും മലയാളം ചോദ്യക്കടലാസ് ആവശ്യപ്പെട്ടില്ല. ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ വായിച്ച് മനസിലാക്കാന്‍ കഴിയാത്ത മണ്ടന്‍/ മണ്ടിയാണ് താനെന്ന് മറ്റുള്ളവര്‍ വിചാരിക്കുന്നത് ആരാണ് ഇഷ്ടപ്പെടുക. അതും അത്യാവശ്യം ഇംഗ്ലീഷൊക്കെ പൊട്ടിച്ച് ആളുകളെയും കുട്ടികളെയും വിരട്ടുന്ന ഉദ്യോഗസ്ഥരും മാഷന്മാരും. പരീക്ഷ ജയിച്ചില്ലെങ്കിലും സാരമില്ല, മാനം പോയാല്‍ പോയതുതന്നെ! ഉദ്യോഗസ്ഥരെല്ലാവരും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ചോദ്യത്തിലേക്ക് മുഖം പൂഴ്ത്തി അമര്‍ന്നിരുന്നു.
കേരളത്തിലെ മിക്കവാറും എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഭരണഭാഷ മലയാളം തന്നെയാണ്. 'മാതൃഭാഷ ഭരണഭാഷ' എന്ന സൂക്തം എല്ലാ സര്‍ക്കാര്‍ എഴുത്തുകുത്തിന്റെയും മുകളില്‍ തെളിഞ്ഞു കാണാം. 'ഈ ഓഫീസിലേക്കുള്ള എഴുത്തുകുത്തുകള്‍ മലയാളത്തില്‍ മാത്രം' എന്ന ബോര്‍ഡുകള്‍ എല്ലാ ഓഫീസുകള്‍ക്കു മുന്നിലും തൂക്കിയിടണമെന്ന് സര്‍ക്കാര്‍ ഉത്തരവുമുണ്ട്. ഉദ്യോഗസ്ഥന്മാര്‍ ഫയലുകളില്‍ കുറിപ്പുകള്‍ എഴുതേണ്ടത്, ചട്ടങ്ങളും വകുപ്പുകളും എടുത്തുകാട്ടേണ്ടത് എല്ലാം മലയാളത്തിലായിരിക്കണം. കേരളാ സര്‍വ്വീസ് നിയമങ്ങള്‍, കേരള വിദ്യാഭ്യാസ നിയമങ്ങള്‍, ഓഫീസ് നടപടി ക്രമങ്ങള്‍, പഞ്ചായത്ത് ചട്ടങ്ങളും നിയമങ്ങളും തുടങ്ങി ഇവിടങ്ങളില്‍ ബാധകമായ വകുപ്പുകളെല്ലാം മാതൃഭാഷയിലൂടെ നടപ്പില്‍ വരുത്താനും എഴുത്തുകുത്തുകള്‍ മലയാളത്തില്‍ത്തന്നെ നിര്‍വഹിക്കാനും പ്രാപ്തരാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. മറ്റൊന്ന,് ഇതെല്ലാം ഇംഗ്ലീഷില്‍ പറഞ്ഞു പ്രതിഫലിപ്പിക്കാനും എഴുതി അവതരിപ്പിക്കാനും അവരില്‍ മഹാഭൂരിപക്ഷത്തിനും ബുദ്ധിമുട്ടുമാണ്. കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ സംബന്ധിച്ചിടത്തോളം അത് അത്ര പ്രധാനവുമല്ല. ഈയൊരു പശ്ചാത്തലത്തിലാണ്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തിനുള്ള പരീക്ഷ കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറുപയോഗിച്ച് നടത്തുന്നതിനെ പരിശോധിക്കേണ്ടത്.
വകുപ്പുതല പരീക്ഷ എഴുതുന്നത് മഹാഭൂരിപക്ഷവും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ക്ലാര്‍ക്കുമാരും അധ്യാപകരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാവാന്‍ പത്താം ക്ലാസ്സ് പാസാവണമെന്നില്ല. ക്ലാര്‍ക്കിന്റെ അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സാണ്. ടി.ടി.സി.യോ, ബി.എഡ്ഡോ പാസ്സായവരാണ് അധ്യാപകര്‍. കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷകള്‍ പാസായാണ് ഇവരെല്ലാവരും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. ആ പരീക്ഷകളെല്ലാം മലയാളത്തിലായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും. (ചില അധ്യാപകപരീക്ഷകള്‍ ഒഴികെ) ജോലിയില്‍ പ്രവേശിച്ചതിനുശേഷവും അവരില്‍ മഹാഭൂരിപക്ഷത്തിനും ഇംഗ്ലീഷ് ഔദ്യോഗികമായി കൂടുതലൊന്നും ഉപയോഗിക്കേണ്ടി വന്നിരിക്കാനും ഇടയില്ല. സര്‍വ്വീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളെല്ലാം മാതൃഭാഷയുടെ ബലത്തില്‍ത്തന്നെയായിരിക്കണം അവര്‍ മറികടന്നിട്ടുണ്ടാവുക. ഏതെങ്കിലും ഒരു വകുപ്പ്/ചട്ടം ഒരപേക്ഷയില്‍ എടുത്തുകാട്ടണമെങ്കില്‍ അത് മലയാളത്തിലായിരിക്കും ചെയ്തിരിക്കുക. ഭരണപരമായ ഏതെങ്കിലും നടപടിക്രമങ്ങളെക്കുറിച്ച് സംശയമോ തര്‍ക്കമോ ഉണ്ടായാല്‍ അത് പരിഹരിച്ചിട്ടുണ്ടാവുക തീര്‍ച്ചയായും മലയാളത്തിലായിരിക്കും. ഇങ്ങനെ മലയാളത്തില്‍ മിക്ക കാര്യങ്ങളും നിര്‍വഹിക്കുന്ന അധ്യാപകരും ക്ലാര്‍ക്കുമാരും പരീക്ഷയെഴുതാനായി മാത്രം ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ടോ? മലയാളത്തില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങളും നിര്‍വഹിക്കുന്ന, സര്‍ക്കാര്‍ ഉത്തരവിലൂടെതന്നെ എല്ലാ നടപടിക്രമങ്ങളും മാതൃഭാഷയില്‍ പാലിക്കുന്ന ഒരു പ്രദേശത്തിന്റെ ഭാഷ അവിടത്തെ ജീവനക്കാര്‍ക്ക് സര്‍വ്വീസ് ചട്ടങ്ങളും വകുപ്പുകളും ഉത്തരവുകളും എത്രമാത്രം നിശ്ചയമുണ്ടെന്ന് പരിശോധിക്കാന്‍ നടത്തുന്ന പരീക്ഷയുടെ മാധ്യമം ആകാത്തത് എന്തുകൊണ്ടാണ്? പരീക്ഷയുടെ നടത്തിപ്പുമായോ എഴുത്തുമായോ അതിലെ വിജയവുമായോ എന്തെങ്കിലും ബന്ധം ഈ 'ഭാഷാപ്രശ്‌ന' ത്തിനുണ്ടോ?
വകുപ്പുതല പരീക്ഷകള്‍ നേരത്തെ വിവരണാത്മക രീതിയിലാണ് നടത്തിയിരുന്നെന്ന് പറഞ്ഞല്ലോ. ഓരോ വകുപ്പുമായും ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും വിശദീകരിച്ചെഴുതണം. സര്‍വ്വീസ് ചട്ടങ്ങളില്‍ 'സ്‌പെഷലൈസ്' ചെയ്ത, അതിലെ വകുപ്പുകളും ഉപവകുപ്പുകളും മന:പാഠമാക്കിയ വിദഗ്ദ്ധര്‍ മിക്ക പ്രദേശങ്ങളിലുമുണ്ടാവും. അവര്‍ ക്ലാസ്സുകള്‍ നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷക്കായി തയ്യാറാക്കുക. വിവരണാത്മക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇംഗ്ലീഷില്‍ ഗുളിക രൂപത്തിലാക്കി അവര്‍ തരും. ചോദ്യം കാണുന്ന മാത്രയില്‍ ഇത് പകര്‍ത്തലാണ് പരീക്ഷ. ഇംഗ്ലീഷില്‍ വേണം പരീക്ഷ എന്നുള്ളത് ഈ വിദഗ്ദ്ധര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ മിക്കവരും മനസ്സുകൊണ്ട് സായിപ്പിന്റെ മക്കളോ മരുമക്കളോ ആയിരുന്നു. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ സര്‍വ്വീസ് നിയമങ്ങളും വകുപ്പുകളുമാണ് ഇപ്പോഴും അവരെ പോറ്റുന്നത്. ആവശ്യമെങ്കില്‍ മലയാളത്തില്‍ പരീക്ഷ എഴുതാനുള്ള വകുപ്പ് അന്നുമുണ്ട്. പക്ഷേ മലയാളത്തില്‍ എഴുതുന്നവരാരും പാസ്സാകില്ല. കാരണം വിവരണാത്മകമായ ഉത്തരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തുന്നത് ഇതുപോലുള്ള വിദഗ്ദ്ധര്‍ ആയിരുന്നു. സര്‍വ്വീസ് ചട്ടങ്ങളുടെ താപ്പാനകള്‍ക്ക് മലയാളം പക്ഷേ വര്‍ജ്യമായിരുന്നു! ചട്ടങ്ങളും വകുപ്പുകളും മലയാളത്തിന് വഴങ്ങില്ലെന്ന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു.''എല്‍.ഡി ക്ലാര്‍ക്കിനെ'അധോമണ്ഡല ഗുമസ്തന്‍' എന്ന് വിളിക്കണോ'' എന്ന്, മലയാളത്തില്‍ പരീക്ഷ എഴുതാമോയെന്ന് ചോദിച്ച ക്ലാര്‍ക്കിനെ അവര്‍ കളിയാക്കും. ''അത് മലയാളമല്ല സര്‍, സംസ്‌കൃതമാണ്. മലയാളമല്ലാത്ത 'സര്‍ക്കാര്‍' എന്ന വാക്ക് മലയാളമായി ഉപയോഗിക്കുന്നതുപോലെ ക്ലാര്‍ക്ക് മലയാളമായിത്തന്നെ ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല'' എന്ന് അവരോട് പറയാന്‍ ആരും മിനക്കെട്ടില്ല. പുനര്‍മൂല്യനിര്‍ണ്ണയമില്ലാത്തതിനാല്‍ അവര്‍ നല്കിയ മാര്‍ക്കിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയുകയുമില്ല. വകുപ്പുതല പരീക്ഷകള്‍ 'ഒബ്ജക്റ്റീവ് ടൈപ്പ്' ആയതോടുകൂടി ഇത്തരം താപ്പാനകളുടെ പിടി ഒട്ടൊന്ന് അയഞ്ഞിട്ടുണ്ട്. ഒ.എം.ആര്‍ ഷീറ്റിലെ കളങ്ങള്‍ മലയാളം വായിച്ചാണോ കറുപ്പിച്ചത് അല്ല ഇംഗ്ലീഷ് വായിച്ചാണോ എന്ന് കമ്പ്യൂട്ടറുകള്‍ ചികയില്ല. ആയതുകൊണ്ടുതന്നെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്തുന്ന സര്‍വീസ് നിയമങ്ങളുടെ അപ്പോസ്തലന്മാരുടെ ഭാഷാവിവേചനത്തെ ഭയന്ന് പൊങ്ങച്ചത്തിനായി മാത്രം ഇനി ഇംഗ്ലീഷിന്റെ മേനിക്കടലാസുതന്നെ പരീക്ഷയ്ക്ക് വാങ്ങണമെന്നില്ല.
വിവരണാത്മകമായി ഉത്തരമെഴുതേണ്ട കാലത്ത് ചോദ്യങ്ങള്‍ തുണ്ടു കടലാസുകളിലായിരുന്നു അച്ചടിച്ചിരുന്നത്. ഇന്ന കാര്യം എന്ത്?, എങ്ങനെ?, എപ്രകാരം തുടങ്ങിയമട്ടില്‍ പുസ്തകങ്ങളില്‍ നിന്ന് നേരിട്ടുള്ള കുഞ്ഞുചോദ്യങ്ങളാണ് ഭൂരിഭാഗവും. പരീക്ഷയ്ക്ക് തൊട്ടുമുമ്പായി അവയ്ക്കുള്ള റെഡിമെയ്ഡ് ഉത്തരങ്ങളും പഠിച്ചുവെച്ചതുകൊണ്ട് ചോദ്യമൊന്നു കാണുകയേ വേണ്ടൂ, വായിക്കുക കൂടി വേണ്ടതില്ല. അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ മലയാളത്തില്‍ വേണമെന്നതിന് വലിയ ശാഠ്യം ആര്‍ക്കുമില്ലായിരുന്നു. തന്നിട്ടുള്ള നാലെണ്ണത്തില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പാകത്തില്‍ ഉത്തരങ്ങള്‍ ചെറുതായപ്പോള്‍ ചോദ്യങ്ങള്‍ വലുതായി. തുണ്ടുകടലാസുകളില്‍ അടിച്ചിരുന്ന ചോദ്യങ്ങള്‍ പുസ്തകരൂപത്തിലായി. ഒരു സന്ദര്‍ഭം ഉണ്ടാക്കി ഇവിടെ ഏത് ചട്ടം/ ഉത്തരവ് ആണ് ബാധകം എന്ന മട്ടിലുള്ള ഭീമന്‍ ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനല്ല സമയമാവശ്യം. ചോദ്യങ്ങള്‍ ശരിയായി മനസ്സിലാക്കുന്നതിനാണ്. ചോദ്യത്തില്‍ ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സില്‍ തെളിഞ്ഞുകിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് തെറ്റും. ഈദൈര്‍ഘ്യമേറിയ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ വായിച്ച് വിയര്‍ക്കുന്ന ഒട്ടേറെപ്പേരുണ്ട്. മലയാളത്തിലുള്ള ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
കേരളത്തിലെ ഒരു സര്‍ക്കാര്‍ ജീവനക്കാരന് ഇംഗ്ലീഷില്‍ അവഗാഹമുണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഉദ്യോഗത്തിനായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ പാസാകാന്‍, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം ആവശ്യമെങ്കില്‍ അത്രമതി. ചില വ്യാകരണ കാര്യങ്ങളും മറ്റും കാണാതെ പഠിച്ചാണ് പലരും അതില്‍ കടന്നു കൂടുന്നത്. പക്ഷേ അതല്ല മലയാളത്തിന്റെ കാര്യം. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും മലയാളം അറിഞ്ഞിരിക്കണം. കളക്ടര്‍മാര്‍ക്കും, ചീഫ് സെക്രട്ടറിക്കും വരെ ഇത് ബാധകമാണ്. മറ്റ് ദേശത്ത് പഠിച്ചുവളര്‍ന്നവരും ഇതില്‍ നിന്ന് ഒഴിവാകുന്നില്ല. അവര്‍ പത്താം തരത്തിന് തുല്യമായ മലയാളം പരീക്ഷ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ഉടന്‍ ജയിച്ചേ പറ്റൂ. സാധാരണ മനുഷ്യരെ സേവിക്കാന്‍ അവരുടെ ഭാഷയിലൂടെയേ സാധ്യമാകൂ എന്ന ജനാധിപത്യപരമായ ഒരു കാഴ്ചപാടിന്റെ കൂടി ഭാഗമാണ് ഇത്. മലയാളം ചോദ്യം ഉപയോഗിച്ച് വകുപ്പുതല പരീക്ഷകള്‍ നടത്തുമ്പോള്‍, ഒരര്‍ത്ഥത്തില്‍ ആ ഭാഷയില്‍ അവര്‍ക്കുള്ള അവഗാഹം കൂടിയാണ് അളക്കപ്പെടുന്നത്. മാതൃഭാഷയെ നമ്മള്‍ അവിടെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഭാഷയിലൂടെ സാധ്യമാകുന്ന ഭരണനടപടിക്രമങ്ങളേ നമുക്കാവശ്യമുള്ളൂ. അല്ലെങ്കില്‍, നമ്മുടെ നാട്ടില്‍ നടപ്പാക്കുന്ന അത്തരത്തിലുള്ള ഭരണപരമായ ഇടപെടലുകള്‍ക്ക് നമ്മുടെ ഭാഷ ശക്തവുമാണ്. ഭാഷയെ ഭരണപരമായ ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഉപാധിയാണ് ചട്ടങ്ങളും വകുപ്പുകളും ഇംഗ്ലീഷില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍. വകുപ്പുതല പരീക്ഷയുടെയും അവിടത്തെ ചോദ്യങ്ങളുടെയും പ്രശ്‌നമായി ഇതിനെ കുറച്ചു കാണേണ്ടതില്ല. ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മാത്രമേ ഭരണനടപടിക്രമങ്ങള്‍ നമുക്ക് പൂര്‍ണ്ണമായും മാതൃഭാഷയിലാക്കാന്‍ കഴിയൂ. നിയമങ്ങളും ചട്ടങ്ങളും വകുപ്പുകളും ഉത്തരവുകളും സാഹിത്യമല്ല. അഭിരുചിയുടെയും താല്പര്യത്തിന്റെയും ചുരുങ്ങിയ വൃത്തത്തിലല്ല അതിന്റെ നിലനില്‍പ്പും പ്രയോഗവും. സാഹിത്യം നിങ്ങള്‍ക്ക് മനസ്സിലാവുന്നില്ലെങ്കില്‍ അത് മറ്റ് പ്രകാരത്തില്‍ നിങ്ങളുടെ ജീവിതത്തിനെ ബാധിക്കണമെന്നില്ല. ചിന്തയുടെയും സൗന്ദര്യത്തിന്റെയും വൈകാരികാനുഭൂതികളുടെയും ഒരു ലോകം നിങ്ങള്‍ക്ക് ചിലപ്പോള്‍ നഷ്ടമായേക്കാം. പക്ഷേ അത് ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. സംഗീതത്തില്‍ നിന്നോ ചിത്രത്തില്‍ നിന്നോ ചലച്ചിത്രത്തില്‍ നിന്നോ ടെലിവിഷന്‍ പരിപാടികളില്‍നിന്നുപോലുമോ അവര്‍ക്കത് കണ്ടെത്താം. ഭരണഭാഷയുടെ പ്രശ്‌നം അതല്ല. അത് മനസ്സിലായേ മതിയാവൂ. നമ്മള്‍ അനുസരിക്കേണ്ടുന്ന മറ്റൊരര്‍ത്ഥത്തില്‍ നമുക്കുവേണ്ടി ഉണ്ടാക്കിയ നിയമങ്ങളും വകുപ്പുകളും നമ്മുടെ ഭാഷയില്‍ത്തന്നെ ആകണം. അത് മനസ്സിലാക്കുകയും നിരന്തരമായ പ്രയോഗത്തിലൂടെ അതിനെ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് മലയാളികളായ സര്‍ക്കാര്‍ ജീവനക്കാര്‍തന്നെയാണ്. അതെത്രമാത്രം സാധ്യമായി എന്നതിന്റെ കൂടി പരിശോധനയാണ് വകുപ്പുതല പരീക്ഷകളില്‍ നടത്തേണ്ടത്. അതു കൊണ്ടാണ് അത്തരം പരീക്ഷകള്‍ പൂര്‍ണ്ണമായും മലയാളത്തിലാക്കേണ്ടത്.
ഒരു പരീക്ഷയ്ക്കുവേണ്ടി മാത്രമുള്ള പഠനം യാന്ത്രികമാണ്. മനുഷ്യരെക്കൊണ്ട് അത് ചെയ്യിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. പതിനായിരം കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയണമെന്നുള്ളത് മനുഷ്യന്റെ ബുദ്ധിക്കുനേരെയുള്ള പരിഹാസമാണ്. ഒരു കൊച്ചു മൈക്രോചിപ്പ് കോടാനുകോടി ഡാറ്റകള്‍ സൂക്ഷിച്ചുവെയ്ക്കുകയും ('മെമ്മറി' എന്നാണ് അതിനെയും വിളിക്കുക) ചോദിക്കുന്ന മാത്രയില്‍ അത് നല്കുകയും ചെയ്യും. നാനോ ടെക്‌നോളജി മനുഷ്യന്‍ കണ്ടെത്തിയതാണ്. മനുഷ്യന്റെ ചിന്തയും വിവേകവും യുക്തിയുമാണ് നാനോ കണങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ കൊണ്ടുവന്നത്. നമ്മുടെ പരീക്ഷണങ്ങളുടെ ഏറ്റവും വലിയ ദുരന്തം, ആ ചിന്തയെയും യുക്തിയേയും അല്ല, അതുകൊണ്ട് സാധ്യമാക്കിയ ലഘുയന്ത്രത്തെയാണ് മാതൃകയാക്കുന്നത് എന്നതാണ്. അതാവാനാണ് നമ്മോട് പബ്ലിക് സര്‍വ്വീസ് കമ്മീഷനടക്കമുള്ള പരീക്ഷാനടത്തിപ്പുകാര്‍ ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ഒരു പ്രയോജനവുമില്ലാത്ത ലക്ഷക്കണക്കിന് ഡാറ്റകള്‍ കാണാതെ പഠിക്കുന്ന ഒരു കൊച്ചുയന്ത്രമാവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷകളില്‍ ഒന്നാമാനാവാം. ഉന്നതപദവികള്‍ നിങ്ങളെ കാത്തിരിക്കും. അതില്‍ ഏതെങ്കിലും രണ്ടോ മൂന്നോ വസ്തുതകള്‍ വിശകലനം ചെയ്യാന്‍, യുക്തിസഹമായി വിശദീകരിക്കാന്‍, അപഗ്രഥിക്കാന്‍, അതില്‍ നിന്നും ചില നിഗമനങ്ങളില്‍ എത്താന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ആര്‍ക്കും അറിയേണ്ടതില്ല. മനുഷ്യസഹജമായ നമ്മുടെ കഴിവുകളെയെല്ലാം ചുരുക്കിച്ചുരുക്കി, ഓര്‍മ്മിക്കാന്‍ മാത്രം കഴിയുന്ന യന്ത്രമാക്കിയാണ് നമ്മളെ പലേയിടത്തേക്കും ഇന്ന് തിരഞ്ഞെടുക്കുന്നത്. അതില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്. (അതല്ല ഇവിടെ പ്രധാനമെന്നുള്ളതുകൊണ്ട് വീണ്ടും പരീക്ഷകളിലേക്ക് വരാം.) പരീക്ഷ എഴുതി ജയിക്കാനുള്ളതല്ല, ഒരു വകുപ്പിലേയും നിയമങ്ങളും ഉത്തരവുകളും. അത് തൊട്ടു നില്‍ക്കുന്നത് ഒരുപാട് മനുഷ്യരുടെ ജീവിതത്തെയാണ്. അത് ഓര്‍മ്മയായി മാത്രം നില്‍ക്കേണ്ട ഒന്നല്ല. വഴക്കമില്ലാത്ത ഒരു ഭാഷയില്‍ കാണാതെ പഠിച്ചുവെച്ച് മാര്‍ക്ക് നേടിയെടുക്കാനുള്ള വിഭവമല്ല അത്. മാതൃഭാഷയിലാണ് നിങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത്. ഓര്‍മ്മയിലല്ല ഹൃദയത്തിലാണ് അവ അവശേഷിക്കേണ്ടത്. അതിലെ സാരം, അതുകൊണ്ട് ഉദ്ദേശിക്കുന്നത്, അതിനാല്‍ ചെയ്യാവുന്നത് എന്താണെന്നാവണം പരീക്ഷകളില്‍ വിലയിരുത്തേണ്ടത്. മാതൃഭാഷയിലൂടെ മാത്രമേ നിങ്ങള്‍ക്കിതൊക്കെ സാധ്യമാവൂ.
മലയാളം ചോദ്യക്കടലാസ് വാങ്ങാന്‍ ആളില്ലാതാവുന്നത് മാതൃഭാഷയെ ഭരണഭാഷയാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വൈമുഖ്യത്തിന്റെ മറ്റൊരു പ്രത്യക്ഷീകരണം മാത്രമാണ്. മാതൃഭാഷയിലുള്ള ചോദ്യപേപ്പറുകളാണ് അവര്‍ ആവശ്യപ്പെടേണ്ടത്. മാതൃഭാഷയില്‍ അനായാസമായും ആഴത്തിലും മനസ്സിലാക്കാന്‍ നമുക്ക് കഴിയുമ്പോള്‍ എന്തിന് അറിയാത്തൊരു വിദേശഭാഷയുടെ ഭാരം പൊങ്ങച്ചത്തിന്റെ പുറത്ത് നാം പേറണം? ഭാഷാവിജ്ഞാനം അളക്കാനുള്ള സന്ദര്‍ഭമല്ല ഇത്തരം പരീക്ഷകള്‍. ജനങ്ങളുടെയും ജീവനക്കാരുടെയും ജീവിതവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ നയങ്ങളും തീരുമാനങ്ങളും എത്രമാത്രം നിങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്, പ്രായോഗികമായ ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എങ്ങനെയാണവ പ്രാവര്‍ത്തികമാക്കുക എന്നെല്ലാമാണ് ഇത്തരം പരീക്ഷകളില്‍ പ്രധാനം. സര്‍ക്കാറിന്റെ നയങ്ങളും ചട്ടങ്ങളും മാതൃഭാഷയില്‍ത്തന്നെ മനസ്സിലാക്കുന്ന ഒരാള്‍ക്ക് നാളെ തന്റെ മുന്നില്‍ വന്നുനില്‍ക്കുന്ന സാധാരണക്കാരനായ ഒരു മനുഷ്യന് ഇതില്‍ ഏതു കൊണ്ടാണ് പ്രയോജനമാവുക എന്ന് ആലോചിക്കാനെങ്കിലും കഴിയും. അതയാള്‍ക്ക് വലിയ ചാരിതാര്‍ത്ഥ്യം നല്‍കും.
കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അതിന്റെ പേരുപോലെതന്നെ മലയാളത്തെ വര്‍ജ്ജിക്കാന്‍ വ്യഗ്രത കാട്ടുന്ന വകുപ്പാണ്. ഇപ്പോഴും പരമാവധി പരീക്ഷകള്‍ എങ്ങനെ ഇംഗ്ലീഷില്‍ നടത്താമെന്ന് ആലോചിക്കുന്നവരാണ് ആ വകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍. അവരുടെ സ്വയംഭരണാവകാശം രാജാധികാരത്തിന് തുല്യമെന്ന അഹംഭാവത്തിന്റെ കുതിരപ്പറത്താണവര്‍. ജനാധിപത്യത്തിലേക്കുള്ള തുറന്നപാതയാണ് മാതൃഭാഷ എന്ന് അവര്‍ ഓര്‍ക്കുന്നില്ല. വകുപ്പു തല പരീക്ഷകള്‍ മാത്രമല്ല (ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വിലയിരുത്താനുള്ള പരീക്ഷകളൊഴികെ) കേരളത്തിലെ ഏത് ഔദ്യോഗിക സ്ഥാനത്തേക്കും നിയമനത്തിനുള്ള പരീക്ഷകള്‍ പ്രാഥമികമായും മലയാളത്തിലായിരിക്കണം. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാന്‍ കൂടുതല്‍ വഴക്കമുള്ള വിഷയമുണ്ടെങ്കില്‍ അവയുടെ ചോദ്യക്കടലാസില്‍ പോലും മലയാളത്തിലുള്ള ചോദ്യങ്ങളും ഉണ്ടായിരിക്കണം. ചോദ്യങ്ങളുടെ ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍ ഒറ്റ ചോദ്യപുസ്തകത്തില്‍ത്തന്നെ ഉണ്ടാക്കുക ഇന്ന് പ്രയാസമല്ല.
പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിക്കുമ്പോള്‍ത്തന്നെ ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് ആവശ്യമെന്ന് ആരായാവുന്നതാണ്. അതിനനുസരിച്ച് ഓരോ കേന്ദ്രത്തിലും ചോദ്യമെത്തിക്കുന്നത് വളരെ ലളിതമായ കാര്യമാണ്. മലയാളം ചോദ്യപേപ്പറുകള്‍ വ്യാപകമാക്കുന്നതിനുള്ള മുന്‍കൈ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ ഭാഗത്തുനിന്നാണുണ്ടാകേണ്ടത്. മലയാളം എല്ലാ വകുപ്പുകളിലും ഭരണഭാഷയാവുകയും പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങളെല്ലാം മലയാളത്തില്‍ ലഭ്യമാവുകയും ചെയ്യുമ്പോഴേ, ഭാഷയുടെ അടിസ്ഥാനത്തില്‍ മാത്രം നിലനില്‍ക്കുന്ന 'കേരളാ' പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്ന സ്ഥാപനം ഇവിടെ അവശേഷിക്കൂ. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയിട്ടുള്ള ചോദ്യക്കടലാസ്സുകള്‍ പരീക്ഷകള്‍ക്ക് ശേഷം കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അതിലെ ഭാഷ, വിവര്‍ത്തനം ഇവ പൊതുവായ വിലയിരുത്തലുകള്‍ക്ക് വിധയമാക്കുകയും വേണം. അടുത്ത പരീക്ഷ എഴുതുന്നവര്‍ പരിശോധിക്കട്ടെ ഏത് ഭാഷയാണ് തനിക്ക് കൂടുതല്‍ വഴങ്ങുന്നതെന്ന.്
ഏറ്റവും പ്രധാനമായും ഇതൊടൊപ്പം വേണ്ടത് ഇത്തരം പരീക്ഷകള്‍ എഴുതുന്നതിനുള്ള മുഴുവന്‍ പുസ്തകങ്ങളും സര്‍ക്കാര്‍ തന്നെ മലയാളത്തില്‍ ലഭ്യമാക്കുക എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പരീക്ഷകള്‍ക്ക് വേണ്ടി മാത്രമല്ല അത്. 'മാതൃഭാഷയാണ് ഭരണഭാഷ' എന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം മേനി നടിക്കുകയല്ല ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്, അത് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അറിഞ്ഞിരിക്കേണ്ട മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും, അവയെക്കുറിച്ച് വിശദമാക്കുന്ന മുഴുവന്‍ പുസ്തകങ്ങളും മലയാളത്തിലുണ്ടാക്കാന്‍ നമുക്കാവുന്നില്ലെങ്കില്‍, ആ ഒറ്റക്കാരണത്താല്‍, ഈ നാട് വൈദേശികാധിപത്യത്തില്‍ നിന്നും സ്വതന്ത്രമായിട്ടില്ല എന്ന് നമുക്ക് ലജ്ജിക്കേണ്ടിവരും. ഭരണപരവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യമാണ് നാം നേടിയതെങ്കില്‍, പതാകയുയര്‍ത്തുമ്പോഴും ദേശീയഗാനമാലപിക്കുമ്പോഴും മാത്രമല്ല സ്വാതന്ത്ര്യത്തെയോര്‍ത്ത് നാം പുളകിതരാകേണ്ടത്; മറിച്ച് നമ്മുടെ ഭരണസംവിധാനങ്ങളില്‍ അവശേഷിക്കുന്ന ആധിപത്യത്തിന്റെ ആയുധമായ ഭാഷയെക്കൂടി അവിടെ നിന്ന് നിഷ്‌കാസനം ചെയ്ത് അവിടങ്ങളിലെല്ലാം മാതൃഭാഷയുടെ കരുത്തുള്ള അക്ഷര മുദ്രകള്‍ പതിക്കുമ്പോഴാണ്. എങ്കില്‍ മാത്രമേ ''മലയാളം ചോദ്യം ആര്‍ക്കെങ്കിലും ആവശ്യമുണ്ടോ'' എന്ന അപമാനത്തില്‍നിന്ന് ''ഇംഗ്ലീഷിലുള്ള ചോദ്യം ആവശ്യമുള്ളവര്‍ ആരെങ്കിലുമുണ്ടോ?'' എന്ന അന്വേഷണത്തിന് മുന്നില്‍ ആരും എഴുന്നേറ്റുനില്‍ക്കാത്ത അഭിമാനത്തിലേക്ക് നാളെയെങ്കിലും മാതൃഭാഷാസ്‌നേഹികള്‍ക്ക് ഉണരാന്‍ കഴിയൂ.
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ 2015 മാര്‍ച്ച് ലക്കത്തില്‍ വന്നത്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ