2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

അച്ഛന്‍

ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച്‌ അതിന്റെ മുന്നില്‍ നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത് അവിശ്വസനീയമായിരുന്നു. ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍ പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍ കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന്  കണ്ട ഉടനെ അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍ മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക്‌ ഓടി ചെന്നു. അച്ഛാ, എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍ ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത് എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.

ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ മാഗസിന്‍ ഇറക്കാതിരിക്കാനും  ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.  ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ധര്‍ണാസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നത്‌. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി  ചൂടായി കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ് അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു.
"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ തൊട്ടടുത്തുതന്നെയാണ്‌." "എന്നാല്‍ നമുക്ക് അങ്ങോട്ട്‌  പോകാം."  എന്റെ ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി, ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍ എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും ചെയ്തു.

ഹോസ്റ്റലിലേക്കുള്ള  പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍ അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട് ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍  ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു.
"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്‌? "
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് സിഗരറ്റു വലിക്കുന്നത് ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.

പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന് അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ. അവിടെ കിട്ടിയ നാട്ടുകാരായ  സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്‌. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന് മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്ത് ഉരുകി. കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക്‌ ഒരു ഓട്ടമാണ് പിന്നീട്. അധികം ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).

അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട്  കൂടി അക്കാര്യം ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന് ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത്‌ വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍ കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

29 അഭിപ്രായങ്ങൾ:

  1. ee bhashayum ormakalum ennum koodeyundayirikkanam

    മറുപടിഇല്ലാതാക്കൂ
  2. this occurred 2 me like a chapter of your autobiography!! or beginning of a novel!!

    he's come b4 a movie camera!
    wat i've seen is a docu-fiction!!

    മറുപടിഇല്ലാതാക്കൂ
  3. malayalam letter illa....ennalum eee style valare ishtapettu ....i remember u r past...and our great achachen..............

    മറുപടിഇല്ലാതാക്കൂ
  4. മനസ്സില്‍ നിന്നും ഇറങ്ങിപോകാത്തൊരു ഓര്‍മ്മകുറിപ്പ്.
    സ്നേഹവും ആദരവും എല്ലാമുണ്ടിതില്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പിന്നീട് പുകവലി തുടര്‍ന്നുവോ. എന്തായാലും അനുഭവം വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  6. അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകുമെങ്കിലും അതു ഭംഗിയായി അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കുമാവില്ല വിവരണം ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. നന്നായി,ഇത്തരം അനുഭവങ്ങള്‍ വരും തലമുറയില്‍ എത്ര കുട്ടികള്‍ക്കുണ്ടാകും..........

    മറുപടിഇല്ലാതാക്കൂ
  8. വളരെ നന്നയിരിക്കുന്നു പറച്ചിലിന്റെ രീതി. നന്നായി.

    മറുപടിഇല്ലാതാക്കൂ
  9. ഉള്ളില്‍ തട്ടിയ ഓര്‍മ,അനുഭവം

    മറുപടിഇല്ലാതാക്കൂ
  10. ഇത് വായിച്ചിട്ട് അച്ഛനെ ഞാന്‍ ഇപ്പോ തന്നെ ഒന്ന് ഫോണ്‍ വിളിച്ചു

    മറുപടിഇല്ലാതാക്കൂ
  11. അച്ഛന്റെ സ്നേഹം ഇന്നും നിധി പോലെ കൊണ്ട് നടക്കുന്നു.. ഒരുപാട് ഓര്‍മ്മകളിലേക്ക് തിരിച്ച് നടത്തി ഈ കുറിപ്പ്.

    മറുപടിഇല്ലാതാക്കൂ
  12. ഈ അനുഭവത്തിന് സ്നേഹത്തിന്റെ നനവുണ്ട്.പത്ത് വര്‍ഷം മുമ്പ് കണ്ണടച്ച എന്റുപ്പാനെ മനസില്‍ കുറേ നേരത്തേക്ക് തിരികെത്തന്നതിന്......ഞെക്കിത്തീര്‍ക്കുന്നില്ല.മനസിലുണ്ട്

    മറുപടിഇല്ലാതാക്കൂ
  13. പ്രേമേട്ടാ ... സത്യത്തില്‍ ഞാനായിരുന്നു ഈ പോസ്റ്റില്‍ ആദ്യത്തെ കമെന്റ് ഇട്ടത്‌. പക്ഷെ അതുമാത്രം കാണുന്നില്ല. പോസ്റ്റ്‌ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. പണ്ട് അച്ഛനെ ആശുപത്രിയില്‍ കാണിക്കാന്‍ മംഗലാപുരത്ത് പോയതും വഴിയില്‍ അച്ഛന്റെ ആവശ്യത്തിനു ചായകുടിക്കാന്‍ നിര്‍ത്തിയതും .....അങ്ങനെ..... അങ്ങനെ...... ഒത്തിരി പങ്കിട്ടതല്ലേ നമ്മള്‍. സ്നേഹത്തിന്റെ നിറം അന്വേഷിച്ചപ്പോഴൊക്കെ കറുപ്പ് മാത്രം കണ്ടതും നമ്മള്‍ തന്നെയല്ലേ ...........

    മറുപടിഇല്ലാതാക്കൂ
  14. പ്രതിക്ഷയോടെ പഠിക്കാന്‍ അയച്ച മകന്‍ ജാഥ നയിക്കുന്നത് കണ്ട് കുറ്റപ്പെടുത്താതെ പോയ അച്ഛന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന സ്നേഹവും
    സങ്കടവും മനസ്സിലായി. നല്ല പോസ്റ്റ്.

    Palakkattettan.

    മറുപടിഇല്ലാതാക്കൂ
  15. മനസ്സില് നനവൂറിനില്ക്കുന്ന ഇത്തരം ഓര്മ്മകളാണ് ജീവിതത്തിന്റെ ഓരോ നെരിപ്പൊടുകളും കെടുത്തുവാന് കരുത്തേകുന്നത്. കരളിലെ തേനുറവകള്ക്ക് കുളിരേകി ആത്മാവില് വസന്തം വിരിയിക്കുന്നത്. ഓര്മ്മ്കളുണ്ടായിരിക്കണം.............
    സ്മിത അരവിന്ദ്

    മറുപടിഇല്ലാതാക്കൂ
  16. ഹൃദ്യമായ അനുഭവത്തിനു സൌമ്യമായ ആവിഷ്കാരം നല്‍കിയ പ്രേമേട്ടന്നു അഭിനന്ദനങ്ങള്‍. അലിവിന്റെ നീലാകാശം അച്ഛനെന്ന പേര് നേടുന്ന അനശ്വരമായ കാഴ്ച ഈ കുറിപ്പില്‍ ഞാന്‍ കാണുന്നു.

    മറുപടിഇല്ലാതാക്കൂ
  17. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

    ormakalkenth sugandam....

    മറുപടിഇല്ലാതാക്കൂ
  18. ഇതു വായിച്ചപ്പോള്‍ മനസ്സില്‍ ഓടിവന്നത് ..ഞാന്‍ ഡിഗ്രിഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ ..എന്‍റെ ഒരു അകന്നബന്ധുവായ ഒരു പെണ്‍കുട്ടി എന്നെ അവള്‍ ഇഷ്ട്ടം ആണന്നു അച്ഛനോട് പറഞ്ഞ സംഭവം ആണ്.. അച്ഛന്‍ ...ചിരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു " നീ പോയി അവനോടു പറയു.. ഉത്തരം പറയേണ്ടതു.. അവന്‍ അല്ലെ എന്ന് "...

    മറുപടിഇല്ലാതാക്കൂ