എല്ലാ നല്ല ചലച്ചിത്രങ്ങളേയും ഏതെങ്കിലും തരത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാവുന്നതാണ്. കാരണം പുതിയ കാലത്തും സിനിമതന്നെയാണ് സാമൂഹിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നത്. ചലച്ചിത്രങ്ങളെ അറിവുനിര്‍മ്മാണപ്രക്രിയയുടെ ഏറ്റവും സാധ്യതയുള്ള ഉപകരണമായി തിരിച്ചറിഞ്ഞുകൊണ്ടാണ് അവയ്ക്ക് ഇന്ന് ക്ലാസ് മുറികളിലടക്കം സുപ്രധാന സ്ഥാനം നല്‍കിവരുന്നത്. ലോകത്തിലെ മികച്ച പല ചിത്രങ്ങളും നേരിട്ട് വിദ്യാഭ്യാസത്തെ തന്നെ പ്രമേയമാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസ സിനിമകള്‍ എന്ന് വിഭാഗം തിരിച്ച് രേഖപ്പെടുത്താന്‍ മാത്രം എണ്ണപ്പെട്ട ചിത്രങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. ത്യാഗപൂര്‍ണ്ണമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍, അതിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള അതിശക്തമായ ഹൃദയ ബന്ധങ്ങള്‍, ആത്മസമര്‍പ്പണം തന്നെ നടത്തി ശരിയായ പാതകളിലേക്ക് പഠിതാക്കളെ നയിക്കുന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് ഇവയില്‍ ചിലതിനെങ്കില്‍ വിദ്യാഭ്യാസമെന്ന മര്‍ദ്ദകോപകരണം എങ്ങിനെയാണ് വിദ്യാര്‍ത്ഥികളെയും അതിലുള്‍പ്പെട്ട മറ്റുള്ളവരെയും ഭീകരമായി തകര്‍ത്തുകളയുന്നതാണ് മറ്റുചില ചിത്രങ്ങളുടെ പ്രമേയം. 2013 ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷന്‍ ലഭിച്ച സൗദി അറേബ്യന്‍ സിനിമയായ 'വജ്ദ', സ്‌കൂളിനെയും അതുദ്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും അതില്‍ അന്തര്‍ഭവിച്ച കാപട്യങ്ങളെയും വളരെ ലളിതമായി തുറന്നുകാട്ടിക്കൊണ്ടാണ് സമീപകാല ലോകസിനിമയില്‍ സുപ്രധാനമായ സ്ഥാനം നേടിയത്.
സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാട്ടി മാത്രമല്ല. അത് സ്വയം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും ആണ്. ബാറ്റില്‍ഷിപ് പൊട്ടൈംകിന്‍ ലോകത്തെമ്പാടുമുള്ള പോരാളികളുടെ ആവേശമാണെങ്കില്‍ വജ്ദ പോലുള്ള ചിത്രങ്ങള്‍ സ്വയം സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകയാണ്. എവിടെയാണോ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും മനുഷ്യന്റെ അസ്തിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് അവിടങ്ങളില്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ചലച്ചിത്ര പ്രതിഭകള്‍ സിനിമയെന്ന മാധ്യമത്തെ സ്വാതന്ത്ര്യത്തിന്റെ അപരലോകം കാട്ടികൊടുക്കാന്‍ എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ സമീപകാല നിദര്‍ശനം കൂടിയാണ് വജ്ദ.
ചലച്ചിത്രനിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും ഏറെ വിലക്കുകള്‍ ഉള്ള രാജ്യമാണ് സൗദി അറേബ്യ. ഇന്നും സജീവമായ ഒരു സിനിമാതിയേറ്റര്‍ പോലും അവിടില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സൗദി സംവിധായകരുടെതായി പുറത്തുവന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് സിനിമ ചിത്രീകരിക്കുന്നതിനും അവിടെ അനുവാദം ലഭിക്കില്ല. സ്ത്രീകള്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നതിനും ഏറെ വിലക്കുകള്‍ ഉണ്ട്. ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവ സംവിധായിക, അവര്‍ രാജ്യത്തെ ആദ്യവനിതാ സംവിധായിക കൂടിയാണ്, വജ്ദ എന്ന ഹൃദ്യമായ ചലച്ചിത്രം ഒരുക്കിയത്. അതീവ ലളിതമായ ഒരു പ്രമേയം തികച്ചും അനാര്‍ഭാടമായി പറയുന്നതിനിടയില്‍ തന്നെ ആ രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ കാഴ്ചപ്പാടുകളെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപചയത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പുരുഷന്മാരടക്കമുള്ള അഭിനേതാക്കള്‍ക്ക് ഒരു സ്ത്രീ നിര്‍ദ്ദേശങ്ങള്‍കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതിനാലും പൊതുസ്ഥലങ്ങളിലെ സിനിമാ ചിത്രീകരണം നിരോധിക്കപ്പെട്ടതായത് കൊണ്ടും ഒരു വാനില്‍ മറഞ്ഞിരുന്നു വാക്കി ടോക്കിയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്താണ് ഈ ചിത്രം ഹൈഫ അല്‍ മണ്‍സൂര്‍ ഷൂട്ട് ചെയ്തത് എന്ന് കൂടി അറിയുമ്പോഴേ ഒരു സമരായുധമായ സിനിമ എന്ന നിലയില്‍ വജ്ദയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.
റിയാദില്‍ താമസിക്കുന്ന വജ്ദ എന്ന പതിനൊന്നു വയസ്സുകാരിയുടെ സ്വപ്‌നങ്ങളെയും അവള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെയും ആണ് ഈ സിനിമ ലളിതമായി പകര്‍ത്തുന്നത്. മദ്രസയില്‍ മതപാഠങ്ങള്‍ കൂട്ടമായി ഉരുവിടുന്ന കുട്ടികളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഈ ഏറ്റുചൊല്ലലില്‍ വജ്ദയ്ക്കുള്ള മടുപ്പ് അവളുടെ ചെറിയ ചലനങ്ങളിലൂടെ വ്യക്തമാക്കിക്കൊണ്ടാണ് സംവിധായിക തന്റെ കഥാപാത്രത്തിന്റെ റിബല്‍ സ്വഭാവം തുടക്കത്തിലെ നമ്മെ ബോധ്യപ്പെടുത്തുന്നത്. അവളുടെ കാന്‍വാസ് ഷൂവിനെയും സൂക്ഷ്മതയോടെ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള സ്‌കൂള്‍ ഷൂസുകളാണ് മറ്റെല്ലാവരും അണിയുന്നതെങ്കില്‍ ആണ്‍കുട്ടികള്‍ അണിയുന്നതരം ക്യാന്‍വാസ് ഷൂസാണ് വജ്ദ ധരിക്കുന്നത്. പിന്നീട് ഈ ഷൂസ് ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പ്രിന്‍സിപ്പാള്‍ അവളോട് കര്‍ക്കശമായി പറയുന്നുമുണ്ട്. അപ്പോഴും വജ്ദ തന്റെ ഷൂസ് മാറ്റുന്നില്ല. മറ്റുകുട്ടികളുടെത് പോലെയാകാന്‍ അവള്‍ അതില്‍ കറുപ്പ് മഷിതേക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഈ ഷൂസിനെയാണ് സംവിധായിക മുഖ്യമായും പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌കൂളില്‍ നിന്ന് ചെറിയ തെറ്റുകള്‍ക്ക് പോലും ലഭിക്കുന്ന വലിയ ശിക്ഷകള്‍ സിനിമയുടെ തുടക്കം മുതലേ സംവിധായിക കാട്ടിത്തരുന്നുണ്ട്. ശരിയാം വണ്ണം ഖുറാന്‍ വാക്യങ്ങള്‍ ഉരുവിടാന്‍ കഴിയാത്തതുകൊണ്ട് വജ്ദയെ സ്‌കൂളില്‍ പൊരിവെയിലത്ത് നിര്‍ത്തുകയാണ്. 'വിശ്വാസത്തിന്റെ വെളിച്ചത്തോടെ എന്റെ ഹൃദയത്തെ ഞാന്‍ നിന്നിലേക്ക് ഉയര്‍ത്തുന്നു' എന്ന ഖുറാന്‍ വാക്യം കുട്ടികള്‍ ഉറക്കെ ചൊല്ലുമ്പോള്‍ വജ്ദ കത്തിക്കാളുന്ന ഉച്ചവെയിലിലേക്ക് തന്റെ കണ്ണുകള്‍ ഉയര്‍ത്തുകയാണ്.
വജ്ദയുടെ ഉമ്മ വീട്ടില്‍ നിന്നും വളരെ അകലെ ഒരു സ്‌കൂളിലാണ് ജോലിചെയ്യുന്നത്. ഉപ്പ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രമേ വീട്ടിലെത്തൂ. വീടിന്റെ അകത്തളങ്ങള്‍ ഒരു അമേരിക്കന്‍ വസതിയെന്നപോലെ ആധുനികമായ അടുക്കള ഉപകരണങ്ങളാലും കമ്പ്യൂട്ടര്‍ ഗെയിമുകളാലും പോപ് സംഗീതത്തിനാലും നിറഞ്ഞതാണ്. എന്നാല്‍ വീടിനു പുറത്തു മതത്തിന്റെ കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളും എല്ലാ ചലനങ്ങളെയും നിയന്ത്രിച്ചുകൊണ്ടുണ്ട്. അയല്‍വീട്ടിലെ അബ്ദുള്ളയാണ് വജ്ദയുടെ കൂട്ട്. അവളെ പരാജയപ്പെടുത്താന്‍ അബ്ദുള്ളയുടെ കയ്യില്‍ പ്രധാനപ്പെട്ട ഒരായുധമുണ്ട് അവന്റെ സൈക്കിള്‍. സൈക്കിളില്‍ വന്നു അവളുടെ ശിരോവസ്ത്രം തട്ടിപ്പറിക്കുകയും അവളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അവന്‍. തനിക്കും ഒരു സൈക്കിള്‍ കിട്ടട്ടെ. അപ്പോള്‍ ഞാന്‍ നിന്നെ തോല്പ്പിച്ചിരിക്കും എന്ന് അവള്‍ ആത്മവിശ്വാസത്തോടെ അവനു മറുപടി കൊടുക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും ഞാന്‍ ഒരു സൈക്കിള്‍ സ്വന്തമാക്കുമെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ച ഒരു രാജ്യത്ത് ഒരു പെണ്‍കുട്ടിക്ക് സൈക്കിള്‍ ലഭിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. എങ്കിലും അതിനായി അവള്‍ കഠിനമായി പ്രയാസപ്പെടാന്‍ തന്നെ തീരുമാനിക്കുന്നു.
സമീപത്തെ കടയില്‍ പുതുതായെത്തിയ സൈക്കിള്‍ അവളുടെ മനം കവരുന്നു. അത് മറ്റാര്‍ക്കും വില്‍ക്കാതിരിക്കാന്‍ അവള്‍ കടക്കാരനുമായി സൗഹൃദം സ്ഥാപിക്കുന്നു. സൈക്കിളിന്റെ വില 800 റിയാലാണ്. അമ്മയുടെ കയ്യില്‍ കുറച്ചു പണം ഇരിപ്പുണ്ടെന്ന് അവള്‍ക്കറിയാം. പക്ഷേ, പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് പ്രസവിക്കില്ല എന്നുവരെ അവര്‍ ധരിച്ചിട്ടുണ്ട്. ബാപ്പയും കുടുംബത്തിലെ മറ്റാളുകളും മാത്രമല്ല സമൂഹം തന്നെ തന്റെ മകളെ സൈക്കിള്‍ ഓടിക്കുകയാണെങ്കില്‍ ഒറ്റപ്പെടുത്തും എന്ന് അവര്‍ സത്യമായും ഭയക്കുന്നു. ഭീഷണികളും മുന്നറിയിപ്പുകളും അവളെ തളര്‍ത്തുന്നില്ല. നൂലുകള്‍ കൊണ്ട് ബ്രേസ്ലറ്റുകള്‍ ഉണ്ടാക്കിയും ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ മിക്‌സ് ചെയ്‌തെടുത്തും കൂട്ടുകാരികള്‍ക്ക് നല്‍കി അവള്‍ സ്വന്തമായി പണം സമ്പാദിക്കാന്‍ ആരംഭിക്കുന്നു. സ്‌കൂളിലെ കൂട്ടുകാരിയായ അബീറിനെ കുറച്ചു റിയാലുകള്‍ക്ക് വേണ്ടി അവള്‍ സഹായിക്കുന്നു. തന്റെ സഹോദരനെന്ന് പറഞ്ഞ ചെറുപ്പക്കാരന് അബീറിന്റെ പുറത്തു നടക്കാനുള്ള പാസ് വജ്ദ എത്തിച്ചുകൊടുക്കുന്നു. അത് അബീറിന്റെ സഹോദരന്‍ അല്ലായിരുന്നെന്ന് പിന്നീടാണ് മനസ്സിലാവുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹുസ്സായുടെ വീട്ടില്‍ ഒരു കള്ളന്‍ കയറാന്‍ ശ്രമിച്ച വാര്‍ത്ത ഇതിനിടയില്‍ കുട്ടികളില്‍ പരക്കുന്നുണ്ട്. അത് കള്ളനൊന്നുമല്ല അവരുടെ കാമുകനാണെന്ന് കുട്ടികള്‍ക്കെല്ലാവര്‍ക്കും അറിയാം. വ്യക്തിജീവിതത്തില്‍, രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് കാമുകനെ വിളിച്ചു വരുത്തുന്ന അവര്‍ പക്ഷേ സ്‌കൂളില്‍ നടപ്പാക്കുന്നത് കര്‍ശനമായ മത/സദാചാര പാഠങ്ങളാണ്. ആണുങ്ങള്‍ കാണുന്നിടത്ത് പെണ്‍കുട്ടികള്‍ കളിക്കുന്നത് അവര്‍ വിലക്കുന്നു, പര്‍ദ്ദ ധരിക്കാതെ വരുന്നവരെ അവ ഇടീക്കുന്നു, ശബ്ദം താഴ്ത്തി സംസാരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നു. ചിരിച്ചുകൊണ്ട് സ്‌കൂളിലേക്ക് കയറി വരുന്ന കുട്ടികളോട് ഒരിക്കല്‍ അവര്‍ പറയുന്നുണ്ട്, 'സ്ത്രീകളുടെ ശബ്ദം പുറത്തുള്ള പുരുഷന്മാര്‍ കേള്‍ക്കാന്‍ പാടില്ലെന്നത് നിങ്ങള്‍ മറന്നോ? എത്ര തവണ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഒരു സ്ത്രീയുടെ ശബ്ദം എന്നത് അവളുടെ നഗ്‌നതയാണെന്ന്!' ക്ലാസ് മുറിയിലെ കര്‍ക്കശമായ ചിട്ടകള്‍, മതശാസനകള്‍ പുരോഹിതന്മാരേക്കാള്‍ നിഷ്ഠയോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്... എല്ലാം സൂക്ഷ്മമായി കാട്ടിത്തന്നുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസം എവിടെയാണ് നില്‍ക്കുന്നതെന്നാണ് ഹൈഫ അല്‍ മണ്‍സൂര്‍ തുറന്നുകാട്ടുന്നത്. അവിഹിതമായത് എന്തോ ചെയ്തു എന്ന സംശയത്താല്‍ രണ്ടു പെണ്‍കുട്ടികളെ വിചാരണ ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്. അവര്‍ സ്‌കൂളിനു പിന്നിലിരുന്ന് നെയില്‍ പോളീഷ് ഇടുകയായിരുന്നു. പക്ഷേ, അത് അധ്യാപകരുടെ വ്യാഖ്യാനത്തില്‍ മറ്റെന്തൊക്കെയോ ആയി. സ്‌കൂള്‍ അസംബ്ലി വിളിച്ച് പ്രിന്‍സിപ്പാള്‍ പറയുന്നു, 'സ്‌കൂളെന്നാല്‍ അറിവിനൊപ്പം സദാചാരവും അഭ്യസിക്കാനുള്ള ഇടമാണ്. ഒരു പാപപ്രവൃത്തി ചെയ്യുമ്പോള്‍ രണ്ടു കുട്ടികളെ സ്‌കൂളിനു പിന്നില്‍ വെച്ച് പിടിക്കുകയുണ്ടായി. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിനായി, ഇനി മുതല്‍ പൂക്കള്‍ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ നിങ്ങളെ അനുവദിക്കുന്നതല്ല. അതുപോലെ, സ്‌നേഹവും ആരാധനയും പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകളും. കൈകള്‍ ചേര്‍ത്തുപിടിക്കാനും ആരെയും ഇനിമുതല്‍ അനുവദിക്കുന്നതല്ല.' അതേസമയം വജ്ദയുടെ ക്ലാസില്‍ പഠിക്കുന്ന, മതത്തിന്റെയും സ്‌കൂളിന്റെയും ചിട്ടവട്ടങ്ങള്‍ അനുകിടതെറ്റാതെ പെരുമാറുന്ന സല്‍മ എന്ന പെണ്‍കുട്ടിയുടെ വിവാഹം ഇതിനിടയില്‍ കഴിയുന്നുണ്ട്. അവളുടെ വിവാഹ ഫോട്ടോകള്‍ നോക്കി ഖുറാന്‍ പഠിപ്പിക്കുന്ന അധ്യാപിക അവളെ അഭിനന്ദിക്കുകയാണ്. വരന്റെ വയസ്സ് അവളോട് ടീച്ചര്‍ തിരക്കിയപ്പോള്‍ നാണത്തോടെ അവള്‍ പറഞ്ഞു, ഇരുപത്. സ്‌കൂളില്‍ നിന്ന് ആണ്‍കുട്ടികള്‍ പഠിക്കുന്ന പാഠം വജ്ദയോട് സുഹൃത്തായ അബ്ദുള്ള പറയുന്നുണ്ട്. അരയ്ക്കു ചുറ്റും സ്‌പോടകവസ്തുക്കള്‍ കെട്ടിവെച്ച് പൊട്ടിച്ചു മരിച്ച ഒരു കുട്ടിയെക്കുറിച്ച് അവന്‍ അവളോട് പറഞ്ഞു. 'അവനു വട്ടാണ്. അതെത്രമാത്രം വേദനയുണ്ടാക്കുന്നതായിരിക്കും!' എന്ന് വജ്ദ അതിശയം പ്രകടിപ്പിച്ചു. 'ദൈവത്തിനുവേണ്ടിയാണ് മരിക്കുന്നതെങ്കില്‍ ഒരു സൂചികുത്തുന്ന വേദനയെ കാണൂ. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരും, മാത്രമല്ല 70 വധുക്കളെയും അവന് ലഭിക്കും!' മതം നേരിട്ട് വിദ്യാഭ്യാസത്തില്‍ ഇടപെടുന്നമ്പോള്‍ അത് എങ്ങിനെയെല്ലാം നമ്മുടെ സ്‌കൂളുകളെയും കുഞ്ഞുങ്ങളെയും മാറ്റിത്തീര്‍ക്കും എന്നുള്ളതിന്റെ എവിടെക്കുമുള്ള തെളിവുകളാണ് 'വജ്ദ' എടുത്തുകാട്ടുന്നത്.
വജ്ദയുടെ ഉമ്മ ഒന്നിനെയും ചോദ്യം ചെയ്യാന്‍ കെല്പില്ലാത്തവരും ഭര്‍ത്താവിന്റെ ഹിതത്തിനനുസരിച്ച് ജീവിക്കുന്നവരും ആണ്. ഉമ്മ ഇറങ്ങാനായി താമസിച്ചു എന്ന് പറഞ്ഞ് അവരെ ശകാരിക്കുന്ന കാര്‍ െ്രെഡവറോട് വജ്ദയാണ് ഉത്തരം പറയുന്നത്. പരപുരുഷന്‍മാരുടെ മുന്നില്‍ ഇറങ്ങാത്ത സദാചാരനിഷ്ഠയുണ്ട് അവര്‍ക്ക്. ദിവസവും തന്നെ കൊന്നുകളയുന്ന സ്‌കൂളിലേക്കുള്ള കഠിനമായ യാത്ര ഒഴിവാക്കാന്‍ കഴിയുന്ന, മാന്യമായ ജോലി വീട്ടിനടുത്ത് കിട്ടുവാനുള്ള ഒരവസരം അവരുടെ കൂട്ടുകാരി ഒരുക്കിക്കൊടുക്കുന്നുണ്ട്. എന്നാല്‍ അവിടെ ജോലിചെയ്യുമ്പോള്‍ അന്യപുരുഷന്മാരോട് സംസാരിക്കേണ്ടി വരും, അത് തന്റെ ഭര്‍ത്താവിന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് അവള്‍ അത് തട്ടിക്കളയുന്നു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാന്‍ പാടില്ല എന്ന് വജ്ദയെ താക്കീത് ചെയ്യുന്നു. ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും വേണ്ടി ഭക്ഷണം പാകം ചെയ്ത്, വാതിലിനിപ്പുറം വെച്ച് മടങ്ങുകയും അവരുടെ ഉച്ഛിഷ്ടം ഭുജിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകാര്യം? ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നില്ല എന്ന ന്യായവും പറഞ്ഞ്, അയാള്‍ക്കായി അയാളുടെ ഉമ്മ കണ്ടെത്തിയ യുവതിയെ വിവാഹം കഴിക്കാനായി അവരെ ഉപേക്ഷിച്ച് ദാക്ഷിണ്യമില്ലാതെ അയാള്‍ കടന്നുകളയുന്നു.
സ്‌കൂളിലെ 'റിലിജിയസ് ക്ലബ്ബിന്റെ' ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുറാന്‍ പാരായണ മത്സരമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. മത്സര വിജയിക്ക് ആയിരം റിയാലാണ് സമ്മാനമായി ലഭിക്കുക എന്ന പ്രലോഭനത്താല്‍ വജ്ദയും അതില്‍ പങ്കെടുക്കാന്‍ പേര് നല്‍കുന്നു. അന്നുവരെ ഖുറാന്‍ അവളുടെ വിഷയമേ അല്ലായിരുന്നു. സൈക്കിളിനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് കഠിനമായ പരിശീലനത്തിന് അവള്‍ക്ക് തുണയായത്. അടുക്കളയില്‍ മാത്രം പാടാന്‍ വിധിക്കപ്പെട്ട മനോഹരമായി പാടുന്ന ഉമ്മയുടെ സഹായവും അവള്‍ക്ക് ലഭിക്കുന്നുണ്ട്. താന്‍ കാസറ്റും ബ്രേസ്ലറ്റും ഉണ്ടാക്കി വിറ്റ് സമ്പാദിച്ച പണം കൊണ്ട് ഖുറാന്‍ പഠിക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം അവള്‍ വാങ്ങി. വജ്ദയുടെ മാറ്റം പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സന്തോഷിപ്പിക്കുന്നുപോലുമുണ്ട്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചു. വജ്ദ സ്‌കൂളിന്റെ അഭിമാനമാണെന്നും അവള്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാണെന്നും പ്രിന്‍സിപ്പാള്‍ സമ്മാനദാന ചടങ്ങില്‍ പ്രസ്താവിക്കുന്നു. സമ്മാനമായികിട്ടിയ 1000 റിയാല്‍ കൊണ്ട് നീ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വേദിയില്‍ വെച്ച് തന്നെ പ്രിന്‍സിപ്പല്‍ വജ്ദയോട് ചോദിച്ചു. അവള്‍ക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. 'അങ്ങാടിയില്‍ നിന്ന് താന്‍ ഒരു സൈക്കിള്‍ വാങ്ങിക്കാന്‍ പോകുന്നു. പഠിക്കുവാനുള്ള സൈഡിലുള്ള പെഡലുകള്‍ ഇല്ലാത്തത്. കാരണം താന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞു.' വേദിയിലും സദസ്സിലുമുള്ള മുഴുവാനാളുകളും സ്തംഭിച്ചുനില്‍ക്കെ, പതറാത്തതും അരുതാത്തതാണ് ചെയ്യുന്നതെന്ന കുറ്റബോധം ഇല്ലാത്തതും ആയ വാക്കുകളാല്‍ അവള്‍ തലയുയര്‍ത്തിത്തന്നെ പറഞ്ഞുനിര്‍ത്തി. കര്‍ക്കശമായ മതപാഠങ്ങളാല്‍ വിധേയരായ ഒരു തലമുറയെ കെട്ടിപ്പടുക്കാനുള്ള തന്റെയും വിദ്യാഭ്യാസമെന്ന വ്യവസ്ഥയുടെയും തന്നെ താത്പര്യങ്ങളുടെ കോട്ടകളെയാണ് ചങ്കൂറ്റത്തോടെ ഒരു കൊച്ചുപെണ്‍കുട്ടി പൊളിച്ചടുക്കതെന്ന് പ്രിന്‍സിപ്പലിന് അറിയാമായിരുന്നു. അവളുടെ ആഗ്രഹങ്ങളെ ചവിട്ടിയരച്ചുകൊണ്ട് അവര്‍ പ്രഖ്യാപിക്കുന്നു, 'സൈക്കിള്‍ പെണ്‍കുട്ടികളുടെ കളിപ്പാട്ടമേ അല്ല. പ്രത്യേകിച്ചും സ്വന്തം ആത്മാവിനെയും കുലീനതയെയും പരിപാലിക്കുന്ന, അടക്കവും ഒതുക്കവുമുള്ള വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക്. നിന്റെ കുടുംബം ഇതിനു ഒരിക്കലും അനുവദിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ നമ്മള്‍ ആ തുക പലസ്തീനിലുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് സംഭാവന ചെയ്യുന്നു.' വജ്ദ കരയുകയോ തളരുകയോ ചെയ്തില്ല. പ്രിന്‍സിപ്പല്‍ രൂക്ഷമായി നോക്കിക്കൊണ്ട് അവളോട് പറഞ്ഞു, 'നിന്റെ ഈ വൃത്തികെട്ട സ്വഭാവം നിന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടും.' പരിഹാസം ധ്വനിക്കുന്ന മുഖഭാവത്തോടെ അവള്‍ എടുത്തുചോദിച്ചു, 'നിങ്ങളുടെ 'സുന്ദരനായ' കള്ളനെപ്പോലെ എന്നാണോ ഉദ്ദേശിച്ചത്?'
സ്ത്രീ സ്വത്വത്തിന്റെ ഉദ്‌ഘോഷണമാണ് ചിത്രത്തിന്റെ അന്ത്യം. ഖുറാന്‍ പാരായണമത്സര ദിവസം രാത്രിയാണ് ഉപ്പയുടെ പുതിയ വിവാഹവും. അന്ന് പകല്‍ മുഴുവന്‍ ഉമ്മ എവിടെയോ ആയിരുന്നു. വീട്ടില്‍ ആ രാത്രി വജ്ദ തനിച്ചായിരുന്നു. തന്റെ കഠിനമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിലല്ല, ഇനി ഒരിക്കലും തനിക്ക് ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ കഴിയില്ലല്ലോ എന്ന അകംപൊള്ളുന്ന നീറ്റല്‍ അവളെ ഒട്ടൊക്കെ ഉലയ്ക്കുന്നുണ്ട്. തളര്‍ന്നുറങ്ങിയ അവള്‍ രാത്രിയിലെപ്പോഴോ കണ്ണ് തുറന്ന്! നോക്കിയപ്പോള്‍ ഉമ്മ വീടിന്റെ മട്ടുപ്പാവില്‍ അസ്വസ്ഥയായി ഉലാത്തുകയാണ്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചതും അവള്‍ അരുതാത്ത ആവശ്യം പരസ്യമായി ഉന്നയിച്ചതുമെല്ലാം അപ്പോഴേക്കും ഉമ്മ അറിഞ്ഞിരുന്നു. തനിക്ക് സമ്മാനത്തുക ലഭിക്കാത്തതില്‍ വിഷമിക്കുന്ന മകളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ പറയുന്നു, 'അവരെയോ അവരുടെ പണമോ നിനക്ക് ആവശ്യമില്ല.' ഇന്നാണ് ഉപ്പയുടെ വിവാഹം എന്ന് അറിഞ്ഞപ്പോള്‍ ഉമ്മയോട് അവള്‍ പറയുന്നു, 'ഉപ്പയെ ഏറ്റവും ആകര്‍ഷിക്കുന്ന ആ ചുവന്ന പട്ടുകുപ്പായം വാങ്ങി അവിടെപ്പോയി നമുക്ക് ഉപ്പയെ കൂട്ടാം'എന്ന്. 'ഇനി അതിന്റെ ഒരാവശ്യവുമില്ല. നമുക്കിനി നമ്മള്‍ മാത്രമേയുള്ളൂ. മാത്രമല്ല, ആ പണം ഞാന്‍ ചെലവാക്കുകയും ചെയ്തു. ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി നീ ആയിരിക്കണം എന്നാണെന്റെ ആഗ്രഹം. ഈ ലോകത്ത് എനിക്കായി അവശേഷിച്ചിട്ടുള്ളത് ഇനി നീ മാത്രമാണ്.' ഉമ്മ അവളുടെ ഏറെനാളത്തെ സ്വപ്‌നം അവളുടെ മുന്നിലേക്ക് നീക്കിവെച്ചു. അവള്‍ വാങ്ങാന്‍ കൊതിച്ച സൈക്കിള്‍! 'ചുണക്കുട്ടിയായ ഒരു കൊച്ചു പെണ്‍കുട്ടിക്കുവേണ്ടി ആ കടക്കാരന്‍ ആഴ്ചകളായി ഇത് പിടിച്ചു വെച്ചിരിക്കയാണ്..' എന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. വിശാലമായ ലോകത്ത് പൊടുന്നനെ തനിച്ചായിപ്പോയ അമ്മയും മകളും പരസ്പരം പുണര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്നില്‍ ആകാശത്തില്‍ ഏതോ വെടിക്കെട്ടിലെ പ്രകാശങ്ങള്‍ ആഹ്ലാദത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കുന്നുണ്ടായിരുന്നു. സ്വന്തം സൈക്കിളോടിച്ച്, അബ്ദുല്ലയെ തോല്‍പ്പിച്ച്, കാറുകളും മറ്റുവാഹനങ്ങളും ചീറിപ്പായുന്ന വിസ്തൃതമായ പൊതുനിരത്തിലെത്തി ആത്മവിശ്വാസത്തോടെ ലോകത്തെനോക്കി പുഞ്ചിരിക്കുന്ന മനോഹരമായ ഷോട്ടിലാണ് വജ്ദ അവസാനിക്കുന്നത്.
കഥകൊണ്ടല്ല, കഥയിലെ ചില സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി സവിശേഷമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് കൊണ്ടാണ് വജ്ദ നമ്മുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്നത്. സിനിമ നിഷിദ്ധമായ സൌദി അറേബ്യയിലെ ഒരു സ്‌കൂളില്‍ നിന്നാണ് വജ്ദയായി വേഷമിട്ട വാദ് മുഹമ്മദ് എന്ന പെണ്‍കുട്ടിയെ സംവിധായിക കണ്ടെത്തിയത്. ആദ്യമായി ക്യാമറയെ കാണുന്ന ആ പെണ്‍കുട്ടി അസാധാരണമായ അഭിനയ മികവാണ് കാട്ടുന്നത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്ക് കീഴില്‍ ജീവിക്കുന്ന ഏതൊരു നാട്ടിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹൃദയത്തെ ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിക്കും. അത് സ്ത്രീവിമോചനത്തിന്റെ കാഹളം വിളി ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് കൊണ്ടല്ല, അതിസാധാരണമായ സന്ദര്‍ഭങ്ങളിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ കാഴ്ചയിലൂടെ അതിതീവ്രമായ ഇതേ പ്രശ്‌നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചത് കൊണ്ടാണ്. 'അത് നീ ചെയ്യരുത്', 'അത് നിനക്ക് പറ്റിയതല്ല' എന്നിങ്ങനെ ചുറ്റിലുമുയരുന്ന കര്‍ശനമായ വിലക്കുകള്‍ക്കുള്ളില്‍ 'ഞാന്‍ ഇവിടെയുണ്ട്, ഞാന്‍ ഞാന്‍ മാത്രമാണ്, എനിക്ക് സാധിക്കാത്തതായി ഒന്നുമില്ല' എന്നൊക്കെ വിളിച്ചുപറയാന്‍ ശ്രമിക്കുന്ന വജ്ദയുടെ നിശ്ചയദാര്‍ഢ്യവും അവളുടെ കണ്ണുകളില്‍ സ്പുരിക്കുന്ന ആത്മവിശ്വാസവുമാണ് ഈ ചിത്രം പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിക്കുക. ആ സ്വപ്‌നങ്ങളെയും അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസത്തെയും ഊതിത്തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് തല്ലിക്കെടുത്താതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ടെന്ന് നിശ്ശബ്ദമായി ഈ സിനിമ അധ്യാപകരെയും ബോധ്യപ്പെടുത്തും.