2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

അച്ഛന്‍

ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച്‌ അതിന്റെ മുന്നില്‍ നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത് അവിശ്വസനീയമായിരുന്നു. ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍ പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍ കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന്  കണ്ട ഉടനെ അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍ മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക്‌ ഓടി ചെന്നു. അച്ഛാ, എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍ ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത് എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.

ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ മാഗസിന്‍ ഇറക്കാതിരിക്കാനും  ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു.  ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ധര്‍ണാസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നത്‌. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി  ചൂടായി കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ് അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു.
"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ തൊട്ടടുത്തുതന്നെയാണ്‌." "എന്നാല്‍ നമുക്ക് അങ്ങോട്ട്‌  പോകാം."  എന്റെ ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി, ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍ എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും ചെയ്തു.

ഹോസ്റ്റലിലേക്കുള്ള  പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍ അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട് ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍  ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു.
"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്‌? "
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് സിഗരറ്റു വലിക്കുന്നത് ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.

പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന് അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ. അവിടെ കിട്ടിയ നാട്ടുകാരായ  സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്‌. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന് മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട്‌ ഓര്‍ത്ത് ഉരുകി. കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക്‌ ഒരു ഓട്ടമാണ് പിന്നീട്. അധികം ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).

അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട്  കൂടി അക്കാര്യം ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന് ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത്‌ വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍ കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക്‌ കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

പരസ്യക്കുടചൂടുന്ന മാവേലികള്‍


നഗരത്തില്‍ ഓണത്തിരക്ക് അതിന്റെ ആര്‍പ്പുവിളി തുടങ്ങിക്കഴിഞ്ഞു. പരസ്പരം മുട്ടാതെ മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയില്ല. ഈ തിരക്കില്‍ ഒരു വിധം അങ്ങിനെ നൂണ് നൂണ് പോകുമ്പോഴാണ്  ചെണ്ടയുടെ മേളം. നോക്കിയപ്പോള്‍ അതിശയിച്ചുപോയി. ഒരു പത്തു മുപ്പതു മാവേലികള്‍ കൂട്ടമായി നടന്നു വരുന്നു. ചെണ്ടയുടെ അകമ്പടിയോടെ രാജകീയമായി തന്നെയാണ് വരവ്. ഇടയില്‍ ചില കുടവയറന്‍ മാവേലികള്‍ കടകളില്‍ കയറുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ നോട്ടീസ് വിതരണമാണ്. കടകളില്‍ മാത്രമല്ല വഴിയെ പോകുന്ന ആളുകളെയും വെറുതെ വിടുന്നില്ല. നഗരത്തില്‍ ഈയിടെ തുടങ്ങിയ വസ്ത്രശാലയുടെ നോട്ടീസുകളാണ് മാവേലികള്‍ വിതരണം ചെയ്യുന്നത്. ഓണം സമം മാവേലിയുടെ കുടവയര്‍ എന്ന് ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറെക്കാലമായി പരസ്യക്കാര്‍ ആണല്ലോ. മാവേലികളുടെ  വ്യത്യസ്ത പരസ്യസാധ്യതകളെക്കുറിച്ച് നാം ഇനിയും ഏറെ പഠിക്കാനുണ്ടെന്നു തോന്നുന്നു.

ഓണത്തിന്റെ മാവേലിയെഴുന്നള്ളത്ത്  ഇപ്പോള്‍ പലയിടത്തും കാശ് പിരിച്ചെടുക്കാനുള്ള ചെറുപ്പക്കാരുടെ സൂത്ര വിദ്യമാത്രമാണ്. കുടവയറിനനുസരിച്ചു റേറ്റ് ഉറപ്പിച്ചു നല്ല മാവേലി വേഷക്കാരെ നേരത്തെ ബുക്ക് ചെയ്യുന്നത്തിനു നഗരത്തില്‍ കലാ സമിതിക്കാരും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരും തമ്മില്‍ അടിയാണ്. എങ്കിലും മിക്ക പ്രദേശങ്ങളിലെയും കുട്ടികള്‍ 'വടിവൊത്ത' ( എടുത്താല്‍ പൊങ്ങാത്ത കുടവയര്‍, കൊമ്പന്‍ മീശ ഇവ പ്രാഥമിക ലക്ഷണം ) മാവേലിയെ കാണുന്നത് എല്‍. ജി യുടെയോ സോണിയുടെയോ സാംസംഗിന്റെയോ പരസ്യ ചിത്രത്തില്‍ മാത്രമാണ്. ചിത്രങ്ങളില്‍ നിലനില്‍ക്കുന്ന മാവേലി സത്യത്തില്‍ നമ്മുടെ ടി വി കളില്‍ തുള്ളിയാടുന്ന വേഷം കേട്ട് മാവേലികളെക്കാള്‍  എത്രയോ നല്ലതാണ്. ഇന്ന്  കലാ സമിതിക്കാരെയും  റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരെയും കടത്തി വെട്ടി ലക്ഷണമൊത്ത മാവേലി രൂപക്കാരെ,  കനത്ത പ്രതിഫലവും ഓഫറുകളും നല്‍കി ആദ്യം ബുക്ക് ചെയ്യുന്നത് തുണിക്കടക്കാരും ജ്വല്ലറിക്കാരുമാണ്.

ഓണത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്. മലയാളം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പല ക്ലാസ്സുകളിലും ഓണം ഒരു പ്രധാന തീമായി കടന്നു വരുന്നുണ്ട്. ഒരു കാര്‍ഷിക സംസ്കൃതി എങ്ങിനെ കമ്പോള സംസ്കാരമായി മാറുന്നു എന്ന് തൊട്ടു കാണിക്കാനുള്ള ഒരു ചിഹ്നമാണ് ഓണം. കാര്‍ഷിക സംസ്കാരത്തിന്റെ എല്ലാ മുദ്രകളും അടയാളപ്പെടുത്തപ്പെട്ടവയാണ് നമ്മുടെ ഉത്സവങ്ങള്‍ എന്നത് ഇന്നത്തെ കുട്ടിയുടെ അനുഭവമാക്കാന്‍ അധ്യാപകര്‍ക്ക് എളുപ്പം കഴിയില്ല. വിത്തും ഉഴലും കൊയ്തും മെതിയും പുന്നെല്ലരിയും എങ്ങിനെ അവരുടെ അനുഭവ സീമയിലേക്ക് കൊണ്ട് വരും. ഓണപ്പാട്ടുകള്‍ പാടി നടത്താവുന്ന അകം പൊള്ളയായ ഒരു കഥാപ്രസംഗമായി മിക്കപ്പോഴും അത് മാറും. ഈ വിഷയത്തെ പൊലിപ്പിച്ചു കാട്ടി ഓണനാളുകളില്‍ ടെലിവിഷനില്‍ വരുന്ന മെലോ ഡ്രാമകള്‍ അവരില്‍ ഓക്കാനം ഉളവാക്കുകയെ ഉള്ളൂ.

പതിനൊന്നാം ക്ലാസ്സില്‍ എം. ടി. വാസുദേവന്‍ നായരുടെ മനോഹരമായ ഒരു സ്മരണ പഠിക്കാനായി ഉണ്ട്. 'കണ്ണാന്തളിപ്പൂക്കളുടെ കാലം'. കൂടല്ലൂരിലും വന്നേരിയിലും കഴിച്ചു കൂട്ടിയ കുട്ടിക്കാലത്തെ ഓണക്കാലത്തിന്റെ മനോഹരമായ, ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണ. കണ്ണാന്തളിപ്പൂവ് എന്ന മനോഹരമായ ഇമേജിനെ മുന്‍ നിര്‍ത്തി ഓണത്തെ ഓര്‍ത്തെടുക്കുന്ന ഗദ്യത്തിലെഴുതപ്പെട്ട കാല്‍പനിക കവിത. പട്ടിണിയുടെ കര്‍ക്കിടകം ഞങ്ങള്‍ക്ക് കണ്ണാന്തളിപ്പൂക്കള്‍ക്കും പുന്നെല്ലരി ചോറിനും വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലവും കൂടിയായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഓരോ ദിവസവും പാടത്തെത്തി നെല്ലിലെ പാല് എത്രമാത്രം ഉറച്ചു എന്ന് നോക്കുന്ന, ഓരോ വിത്തിന്റെയും മൂപ്പിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന, അടക്കയുടെ വിളവിനെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു ബാല്യം. വീട്ടിലെ കൃഷിക്കാരായ അയ്യപ്പനും പാട്ടിക്കും എത്ര കഷ്ടപ്പാടാണെങ്കിലും ഓണക്കോടി വാങ്ങുന്ന, ഓണത്തിന്റെ ഒരു ദാരിദ്രകാലത്തില്‍ എത്തിയ ചെറിയമ്മാമയ്ക്ക്‌  പഴം പുഴുങ്ങിയതില്ലാതെ ചായ കൊടുക്കേണ്ടി വന്നപ്പോള്‍ അപമാനിതയായി നില്‍ക്കുന്ന അമ്മയുടെ പ്രയാസങ്ങള്‍ തൊട്ടറിയുന്ന സന്ദര്‍ഭങ്ങളിലൂടെ എം. ടി. ഓണം ഒരു കാര്‍ഷികോത്സവമായിരുന്നതിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ കോറിയിടുന്നു. ഇത് പുതിയ ഓണക്കാലവുമായി താരതമ്യം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്.  ( 'വിളറിയ നിലാവ് 'എന്ന  മറ്റൊരു ഓര്‍മ്മക്കുറിപ്പില്‍ തിരുവാതിരയ്ക്കും നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും വന്ന മാറ്റത്തില്‍ എം. ടി. വേദനിക്കുന്നുണ്ട്‌).

ഓണം പൂര്‍ണമായും ഒരു കമ്പോള ഉത്സവമായത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികള്‍ കൃത്യമായും എടുത്തുകാട്ടും. എല്‍.ജി യും സോണിയും സാംസങ്ങും നോക്കിയയും ലക്ഷ്യമിടുന്ന ഓണക്കാല വില്പ്പനയെക്കുരിച്ചുള്ള പ്രതീക്ഷകളുടെ പത്രവാര്‍ത്തകള്‍ അവര്‍ തെളിവായി കൊണ്ടുവരും. ആയിരം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന, തമിഴ് നാട്ടിലും കര്‍ണാടകത്തിലും ഓണം വിപണി മുന്നില്‍ കണ്ട് ഏതു വിഷമടിച്ചിട്ടായാലും വിളയിച്ചെടുക്കുന്ന പൂക്കളുടെയും പച്ചക്കറികളുടെയും റിപ്പോര്‍ട്ടുകളും അവര്‍ കൊണ്ട് വരും. പുന്നെല്ലരിയുടെ മണത്തിനു പകരം ഫാസ്റ്റ്ഫുഡ്  കടകളില്‍ നിന്ന് കൊണ്ട് വരുന്ന വിഭവങ്ങളുടെ മണത്തിനു മൂക്ക് കൂര്‍പ്പിക്കുന്ന പുതിയ ഓണക്കാലത്തെക്കുറിച്ചും അവര്‍ പറയും.ശരിയാണ്. പക്ഷെ.. അതിനുശേഷം ക്ലാസ്സില്‍ പൂക്കളമൊരുക്കാന്‍ അവര്‍ കാശ് വാരിയെറിയുന്നത് കാണേണ്ടി വരുമ്പോള്‍, ഇട്ട അതിമനോഹരമായ പൂക്കളത്തില്‍ ഒറ്റ തുമ്പപ്പൂവോ കാക്കപ്പൂവോ മഞ്ഞപ്പൂവോ ഹനുമാന്‍ കിരീടമോ ഇല്ലാത്തത് കാണുമ്പോള്‍, എവിടെയാണ് ഓണം എന്ന ഉദാത്ത ഭാവം കൊണ്ട് ക്ലാസ്സില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മനോഭാവങ്ങള്‍ കടപുഴകുന്നത് എന്നോര്‍ത്തു മനസ്സുരുകും. അല്ല, തീര്‍ച്ചയായും അത് കുട്ടികളുടെ കുഴപ്പമല്ല. ചെളി പുരണ്ട പാടങ്ങളിലും വെളിമ്പറമ്പുകളിലും ചവിട്ടരുത് എന്ന് അവരെ വിലക്കിയത് നമ്മള്‍ തന്നെയല്ലേ? ഇതൊന്നും അല്ല ജീവിതത്തില്‍ പ്രധാനമെന്ന് അവരെ പഠിപ്പിച്ചത് നാമല്ലേ?


പിന്നെ ആശ്വസിക്കും ഓണം എങ്ങിനെ മാറിയാലും മാറിക്കൂടാത്താത് അത് മുന്നോട്ടു വെക്കുന്ന ചില മനോഭാവങ്ങലല്ലേ. ഓണത്തെക്കുറിച്ച്‌ ഏറെ പാടിയിട്ടുള്ള വൈലോപ്പിള്ളി ഓണപ്പാട്ടുകാരില്‍ പാടുന്നതുപോലെ,

"പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പഥങ്ങളിലിപ്പോഴധോമുഖവാമനര്‍,
ഇത്തിരിവട്ടം മാത്രം കാണ്മവര്‍, ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍,
മൂവടിമണ്ണിനിരന്നു കവര്‍ന്നു, വധിച്ചു, നശിപ്പോരല്‍പ്പസുഖത്തിന്‍
പാവകളി,ച്ചതു തല്ലിയുടച്ചു കരഞ്ഞു മയങ്ങിയുറങ്ങീടുന്നവര്‍        
സല്‍ഗുണ മഹിമ ചവിട്ടിയമര്‍ത്തി വസുന്ധരയോക്കെയസുന്ദരമാക്കി"
മുന്നോട്ടു കുതിക്കുന്ന പുതിയ കാലത്തിന്റെ മനോഭാവത്തെ പ്രതിരോധിക്കാനാണല്ലോ ഞാന്‍ ഓണത്തെ ഒരു ഉപാധിയായി കണ്ടത്. ഈ ആസുരമായ കാലത്ത് ഒരു മാഷ്‌ ക്ക്  മറ്റെന്തു ചെയ്യാന്‍ കഴിയും. അല്ല, 'പുത്തന്‍ മഹിമ മണക്കും കല്‍ഹാരങ്ങള്‍ തിരഞ്ഞു പോകുമ്പോഴും' വൈലോപ്പിള്ളി തന്നെ പാടിയപോലെ
ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
 മണവും മമതയും - ഇത്തരി കൊന്നപ്പൂവും ( വിഷുക്കണി )
എന്ന് മോഹിക്കാനല്ലാതെ നമുക്ക് മറ്റെന്താവും. അതുകൊണ്ട്
"പോവുക നാമെതിരെല്‍ക്കുക നമ്മളൊരുക്കുക നാളെയൊരോണം".

2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കുറ്റം; ചെറുതും വലുതും: ഉദാഹരണസഹിതം













അധ്യാപകന്റെ വെട്ടിമാറ്റിയ കൈപ്പത്തിയില്‍ പുരണ്ടിരിക്കുന്നത് തീര്‍ച്ചയായും മതാന്ധതയുടെ ചോരപ്പാടുകളാണ്. ഏതിന്റെയും എന്തിന്റെയും  നിറം സന്ദര്‍ഭത്തിനനുസരിച്ച്  മാറ്റുന്ന മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ  ഒരു കണ്ണടയും പക്ഷേ ഇക്കുറി ആ ചോരപ്പാടുകളെ ന്യായീകരിക്കാനെത്തിയില്ല. സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭര്‍ വിവിധ വീക്ഷണ കോണില്‍ നിന്ന് ഈ സംഭവത്തെ വിലയിരുത്തി. ഏറ്റവും ഒടുവില്‍ ആനന്ദ്  അതില്‍ ഉള്‍പ്പെട്ട ഭരണകൂട റോളിനെയും സൂക്ഷ്മമായി കണ്ടെത്തുകയുണ്ടായി. മാതൃഭൂമി ലക്കം. അദ്ധ്യാപകന്‍ ചെയ്തു പോയ തെറ്റ് അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയുടെയും കടന്നു ചിന്തിക്കാനുള്ള കഴിവില്ലായ്മയുടെയും സാക്ഷ്യപത്രമായി എല്ലാവരും ചൂണ്ടിക്കാട്ടി. എങ്കിലും, മുഹമ്മദും പടച്ചോനും തമ്മില്‍ അയല മുറിക്കുന്നത് സംബന്ധിച്ച് നടത്തിയ സംഭാഷണത്തിലെ അത്യന്തം ജുഗുപ്സാവഹമായ അഭിസംബോധനകള്‍ മാറ്റി നിര്‍ത്തിയാല്‍ എന്തിനാണ് ആ ചോദ്യം, അതിന്റെ മുന്നും പിന്നും നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്, അവ കുട്ടികളുടെ ഏതേത് ശേഷികളുടെ വിലയിരുത്തലാണ് നടത്തുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എങ്ങുനിന്നും ഉണ്ടായില്ല. സത്യത്തില്‍ കേരളത്തിലെ അക്കാദമിക സമൂഹം ലജ്ജിച്ചു തലതാഴ്തേണ്ട സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരരാഹിത്യത്തിന്റെ കറുപ്പിലും വെളുപ്പിലും വെളിവാക്കപ്പെട്ട സാക്ഷ്യപത്രമാണ്‌ ആ ചോദ്യപേപ്പര്‍. അത് ഒരു അധ്യാപകന്റെ വിവരക്കേടിന്റെയോ സമീപനത്തിന്റെയോ പ്രശ്നമല്ല, പഠനത്തെയും   വിലയിരുത്തലിനെയും സംബന്ധിച്ച് ഇപ്പോഴും നമ്മുടെ സര്‍വകലാശാലകള്‍ വെച്ച് പുലര്‍ത്തുന്ന നൂറ്റാണ്ടുകള്‍ക്കു പിറകിലുള്ള  ധാരണകളുടെ പ്രശ്നമാണ്. വിദ്യാര്‍ത്ഥികളുടെ തല ബൌദ്ധികമായി ചവിട്ടിയരച്ചു കൊണ്ടിരിക്കുന്ന, വെട്ടി വീഴ്ത്തുന്ന കോളേജു പഠനത്തിന്റെ ഇപ്പോഴും തുടരുന്ന (സെമസ്റ്ററൈസേഷനും  ക്രെഡിറ്റ് സിസ്റ്റവും വന്നതിനു ശേഷമുള്ള ചോദ്യമാണ് മുകളില്‍ നല്‍കിയതെന്ന് ഓര്‍ക്കുക!!)  രീതിശാസ്ത്രവും ഈ കേസിന്റെ അന്വേഷണ പരിധിയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.

ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താനുള്ള ആത്യന്തികമായ ഉപകരണമല്ലെങ്കിലും അവിടെ നടക്കുന്ന പ്രക്രിയകളേയും വിനിമയത്തെയും സംബന്ധിക്കുന്ന മിനിമം ചില ധാരണകളെങ്കിലും നല്‍കും.  ആ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ പ്രശ്നത്തിന് ആധാരമായ ചോദ്യപേപ്പര്‍ മതസ്പര്‍ദ്ധയ്ക്ക് അപ്പുറം ചില അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് നമ്മുടെ കോളേജുകളിലെ പഠനം, ഏതൊക്കെ ശേഷികളാണ് ക്ലാസ് റൂമുകളില്‍ സാര്‍ത്ഥകമാകുന്നത്, കുട്ടികള്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, വര്‍ഷത്തിന്റെയോ സെമസ്റ്ററിന്റെയോ അന്ത്യമെത്തുമ്പോള്‍ അവിരില്‍ ഉറച്ചിരിക്കും എന്ന് നാം വിശ്വസിക്കുന്ന  കഴിവുകള്‍ എന്തൊക്കെയാണ് എന്നതൊക്കെ അവയില്‍ ചിലതാണ്. കുത്തും കോമയുമിടാനും പൊട്ട വാക്യങ്ങളിലെ തെറ്റുകണ്ടുപിടിക്കാനും കൊച്ചു കുട്ടികള്‍ക്ക് പോലും രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം വിളിച്ചു പറയാന്‍ കഴിയുന്ന ഒറ്റവാക്കില്‍ ഉത്തരമെഴുതാനും തങ്ങളോട് ഇക്കാലത്തും നിരന്തരം ആവശ്യപ്പെടുന്ന ഒരു വിഷയത്തോടുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരിക്കും? കഴിയുമെങ്കില്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ അവര്‍ ആഗ്രഹിക്കില്ലേ?

സെമസ്റ്ററൈസേഷന്‍ എന്ന കുമ്മായം പൂശി വെളുപ്പിക്കാന്‍ ശ്രമിച്ച കോളേജ്  പഠനം അതിന്റെ എല്ലാ വൈകൃതങ്ങളോടെയും പഴയ ശവപ്പെട്ടിയില്‍ കിടന്നു പല്ലിളിക്കുകയാനെന്നു കണ്ടെത്താന്‍ ബിരുദ തലത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ചോദ്യമാതൃകകള്‍ പരിശോധിച്ചാല്‍ മതി. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ പൂര്‍ണതകളോടെയും  പ്രയോജനപ്പെടുത്താറുള്ളത്  മിക്കപ്പോഴും മാതൃഭാഷാപഠനമാണ്. അതുകൊണ്ട് 'സ്ഥാലീപുലികന്യായേനെ' ( ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റുമാത്രം എടുത്തു ഞെക്കി നോക്കുന്ന വിദ്യ ) മലയാളം മെയിനിന്റെയും  രണ്ടാംഭാഷയുടെയും  (പുതിയ രീതിയില്‍  കോമണ്‍ പേപ്പര്‍ ) ഓരോ ചോദ്യപേപ്പര്‍ മാതൃക നല്‍കാം. ഒപ്പം ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഒരു ചോദ്യവും പരിശോധിക്കാം.



എന്താണ് ഇവ ഇങ്ങനെ ആയിത്തീരാന്‍ കാരണം?

പ്രൈമറി,സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ എപ്രകാരമുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കടന്നു വന്ന കുട്ടികളോടാണ് നമ്മള്‍ ഇപ്രകാരമുള്ള സമീപനം എടുക്കുന്നതെന്ന് ആലോചിക്കണം. 2005 മാര്‍ച്ച് മുതലുള്ള എസ്. എസ്. എല്‍.സി പരീക്ഷയിലാണ് പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഓര്‍മ്മിക്കുക, അപഗ്രഥിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക, സര്‍ഗാത്മകമായി ആവിഷ്കരിക്കുക, ഭാവന പ്രയോഗിക്കുക മുതലായ ഉയര്‍ന്ന നിലവാരത്തിലുള്ള ചിന്താപ്രക്രിയകളെ മുഖ്യമായി കണ്ടുകൊണ്ടു ആവിഷ്കരിച്ച ഒരു എഴുത്ത് പരീക്ഷാ പരീക്ഷണമാണ് സത്യത്തില്‍ സ്കൂള്‍ ക്ലാസ് മുറികളെ അടിമുടി നവീകരിച്ചത്‌. ഇത്തരത്തില്‍ ഉള്ള ചോദ്യരൂപങ്ങള്‍ അന്ന് വരെ നമ്മുടെ അധ്യാപകര്‍ പരിചയിച്ചിരുന്നില്ല. പ്രയോഗക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള 'പടവുകള്‍' പോലുള്ള നിരവധി പഠന സാമഗ്രികള്‍ ക്ലാസ് റൂം പരിശീലനത്തിനായി തയ്യാറാക്കിയാണ്  അധ്യാപകരെയും കുട്ടികളെയും പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍ പതറലില്ലാതെ നേരിടാന്‍ പ്രാപ്തരാക്കിയത്. പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിച്ച്  ചോദ്യത്തിന്റെ ഏതെങ്കിലും ഒരു കഷണത്തില്‍ നിന്ന് സന്ദര്‍ഭം തിരിച്ചറിഞ്ഞ്, മനപ്പാഠം പഠിച്ചവ അതുപോലെ ചര്‍ദ്ദിച്ചു വെയ്ക്കുന്ന ഒരു രീതിയ്ക്ക് പകരം നേരത്തെ പരിചയപ്പെട്ട ആശയങ്ങളെ പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന, മറ്റൊന്നുമായി താരതമ്യം ചെയ്യുന്ന, മറ്റൊരു തലത്തില്‍ നോക്കിക്കാണുന്ന, പുതിയ ഒന്നില്‍ നേടിയ ജ്ഞാനം പ്രയോഗിച്ചു നോക്കുന്ന ഒരു എഴുത്ത് പരീക്ഷാരീതി. 2007 മുതല്‍ ഹയര്‍ സെക്കന്ററിയിലും ഈ രീതി നടപ്പില്‍ വന്നു. ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി എഴുത്ത് പരീക്ഷയേയും കാണുന്ന ഈ രീതി മറ്റൊരു തരത്തില്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തെയും ശക്തമാക്കാന്‍ സഹായിച്ചു. " പരിസ്ഥിതിയും വികാസനവും എന്ന വിഷയത്തെ ക്കുറിച്ചുള്ള സെമിനാറില്‍  അവതരിപ്പിക്കപ്പെട്ട ഒരു ആശയമാണ് മുകളില്‍ നല്‍കിയത്. അതിനോട് പ്രതികരിച്ചുകൊണ്ട് നിങ്ങളുടെ രണ്ടു സംശയങ്ങള്‍ ഉന്നയിക്കുക" എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ക്ക്  പല മാനങ്ങള്‍ ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി പഠിച്ചുവെക്കാവുന്നതല്ല. അതതു സന്ദര്‍ഭത്തില്‍ തന്റെ ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് കണ്ടെത്തെണ്ടാവയാണ്.ഒപ്പം സെമിനാറുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍  ക്ലാസ് മുറിയില്‍ ഉറപ്പിക്കുക കൂടിയാണ് അവ ചെയ്യുന്നത്. 2007 മുതല്‍ കോളേജുകളില്‍ എത്തുന്നത് സ്വന്തം ചിന്തയെ പ്രയോഗിച്ചു കൊണ്ട് ഓരോ സന്ദര്‍ഭങ്ങളെയും പ്രശ്നങ്ങളെയും നിര്‍ദ്ദാരണം ചെയ്യാന്‍ പരിചയിച്ച വിദ്യാര്‍ത്ഥികളാണ്. ആശയ വിനിമയത്തിന്റെ കാര്യത്തിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മനസ്സിന്റെ കാര്യത്തിലും ലോക ബോധത്തിന്റെ  കാര്യത്തിലും കുറേക്കൂടി മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍. അവരെയാണ് ക്ലാസ് മുറിയില്‍ കുത്തും കോമയുമിടാന്‍ പഠിപ്പിക്കുന്നത്‌!! 

കോളേജുകളില്‍ എത്തുന്ന കുട്ടികളുടെ നിലവാരത്തിന്റെ കാര്യത്തില്‍ കുത്തനെ ഇടിവുണ്ടായെന്നു നിരന്തരം പരാതി പറയുന്നവരാണ്  മിക്ക കോളേജു വാദ്ധ്യാന്മാരും.  പലര്‍ക്കും മാതൃഭാഷ പോലും നേരാം വണ്ണം എഴുതാന്‍ അറിഞ്ഞു കൂടാ, ഇംഗ്ലീഷില്‍   വ്യാകരണത്തെറ്റില്ലാതെ ഒരു വാക്യം എഴുതാനോ ഉച്ചാരണ ശുദ്ധിയോടെ രണ്ടു വാക്ക് പറയാനോ കഴിയുന്നില്ല, ഒരു കാര്യത്തെ ക്കുറിച്ചും സാമാന്യധാരണയില്ല ഇങ്ങനെ പോകുന്നു പരാതികളുടെ വെള്ളിമീന്‍ചാട്ടങ്ങള്‍. വളരെ ഗൌരവത്തില്‍ പരിഗണിക്കേണ്ടത് തന്നെയാണ് ഈ പരാതികള്‍. അത് പക്ഷെ കൃത്യമായ ഒരു പഠനത്തിന്റെ പിന്‍ബലത്തോടെ ആയിരിക്കണം. നിലവില്‍, കോളേജിലെത്തുന്ന കുട്ടികളുടെ പഠന നിലവാരരാഹിത്യത്തിന്റെ ഉത്തരവാദിത്വം ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും അവിടെ കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഹൈസ്കൂള്‍ അധ്യാപകര്‍ക്കും അവിടെയും കുറഞ്ഞതിന്റെ ഉത്തരവാദികള്‍ പ്രൈമറി അധ്യാപകരും ആണ്. പ്രൈമറി പ്രീ പ്രൈമറിക്കാര്‍ എളുപ്പത്തില്‍ ആ ചീത്തപ്പേര് ചിള്ളി രക്ഷിതാക്കളുടെ കോര്‍ട്ടിലേക്കിടും. പാവം രക്ഷിതാവ് ആ ചീത്തപ്പേരിന് കൊടുക്കാവുന്നിടത്തോളം ശിക്ഷ ചെറുക്കന് അല്ലെങ്കില്‍ ചെറുക്കിക്ക് കൊടുത്തതിനു ശേഷം സ്വന്തം തലവരയെ ശപിച്ച് വിഷാദ രോഗത്തിന് അടിമപ്പെടും. എന്നാല്‍ നിലവാര രാഹിത്യത്തിന്റെ നെല്ലിപ്പലക മുഴുക്കെ കാണാവുന്നത്‌ കോളേജു പഠനത്തിലാണെന്നു ഇപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട്. 

എവിടെയാണ് പഠന നിലവാരം സത്യത്തില്‍ കുറയുന്നത് എന്നത്  സംബന്ധിച്ച് ഒരു സൂക്ഷ്മ പരിശോധനയ്ക്ക് സമയമായിട്ടുണ്ട്. എസ്. എസ്. എല്‍. സി യുടെ തൊണ്ണൂറ്റി ഏഴ് ശതമാനമോ സി. ബി എസ്. സി യുടെ  തൊണ്ണൂറ്റി ഒന്‍പതര ശതമാനമോ വിജയം കാണിക്കുന്നത് അപ്പടി വിശ്വസിക്കാമോ? ഹയര്‍ സെക്കന്റരിയിലെ തുടര്‍ പഠന യോഗ്യത നേടുന്ന എഴുപതു ശതമാനം തികച്ചു യോഗ്യരായവര്‍ തന്നെയാണോ? പക്ഷെ ഒരു കാര്യം സംശയമേതുമില്ലാതെ പറയാം, ഈ യോഗ്യത നേടുന്നവരില്‍ ഏറ്റവും അവസാനത്തെ പടവുകളില്‍ വരുന്ന തൊണ്ണൂറു ശതമാനം പേരും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സാമുദായിക പദവിയിലോ  സാമ്പത്തിക ശ്രേണിയിലോ ഉള്ളവരായിരിക്കുമെന്ന്. നിലവാരക്കുറവിന്റെ പഴി മിക്കപ്പോഴും ഈ വര്‍ഗത്തോടുള്ള അസഹിഷ്ണുതയുടെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്താവും വിളമ്പുക. കുട്ടികള്‍ ഈ നിലവാരത്തിലാണെങ്കില്‍ ഞങ്ങള്‍ എങ്ങിനെ ഇവരെ നന്നായി പഠിപ്പിക്കും എന്നാണ്  കോളേജു മാഷന്മാരുടെ തുരുപ്പുചോദ്യം. പിള്ളേര്‍ക്കെന്തിനാ കഷണം; ചാറ് മാത്രം പോരെ എന്ന്   കോഴിക്കറിവെച്ചപ്പോള്‍ പണ്ടേതോ കാരണവര്‍ പറഞ്ഞതുപോലെ.  അതിന്റെ ഉത്തരവാദിത്വവും പാവം കുട്ടികളുടെ മണ്ടയ്ക്ക്!!

കുട്ടികളെ കേവലം ചില വസ്തുതതകള്‍ ഓര്‍മിച്ചു വെക്കാനുള്ള ഒരു യന്ത്രമായി കാണുന്നവര്‍ക്കല്ലാതെ  മേല്‍പ്പറഞ്ഞ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ.
കടമ്മനിട്ട രാമകൃഷ്ണന്റെ കാട്ടാളന്‍ എന്ന കവിത വിശദമായി പഠിപ്പിച്ചതിനു ശേഷം വാര്‍ഷിക പരീക്ഷയ്ക്ക് ചോദിക്കുന്നു,
' ഉരുള്‍ പൊട്ടിയ മാമല പോലെ
ഉലകാകെ യുലയ്ക്കും മട്ടില്‍
അലറീ കാട്ടാളന്‍ '
എ. അലറിയതാര്?
ബി. രചയിതാവാര്?
സി. കവിത ഏത്?
ഡി. അലര്‍ച്ച ഏത് പോലെ?
ഇത്തരം ചോദ്യങ്ങള്‍ ഇനിയും വായിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് ഇവിടെ ഞെക്കിയാല്‍ കുറച്ചുകൂടെ കിട്ടും. മൂന്നാം തരത്തിലെ കുട്ടികള്‍ ഉത്തരം പറയുന്ന ( സത്യത്തില്‍ ഇത് അവരെ അപമാനിക്കലാണ്. അവിടുത്തെ മലയാളം പരീക്ഷയുടെ ചോദ്യം എന്തായാലും ഇതിലും കടുപ്പമാണ് ) ഇത്തരം സാധനങ്ങള്‍ക്ക് ഉത്തരമെഴുതുകയാണ് വേണ്ടതെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ക്ലാസ്സില്‍ കയറുമോ? പിന്നെ നമ്മളായി കഷ്ടപ്പെട്ട് താരതമ്യത്തിനും വിലയിരുത്തലിനും മറ്റുമായി കവിതകളോ കഥകളോ ലേഖനങ്ങളോ തപ്പിപ്പിടിക്കേണ്ട ആവശ്യമില്ലല്ലോ മാഷന്മാര്‍ക്ക്.

അല്ലെങ്കില്‍ തന്നെ തന്റെ വിഷയത്തിന്റെ മേഖലയിലെങ്കിലും അത്യാവശ്യം താത്പര്യം കാണിക്കുന്ന എത്രപേര്‍ അക്കൂട്ടത്തിലുണ്ട് എന്ന് എണ്ണി നോക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ നിലവാരം കുറഞ്ഞവര്‍ക്കുള്ള സംവരണ സ്ഥലമായി കോളേജുകള്‍ മാറിത്തീര്‍ന്നത്‌  ( മിടുക്കന്മാര്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആകാന്‍ നാളുകള്‍ക്കു മുന്‍പേ ഒരുങ്ങിയിട്ടുണ്ടാകും. 'തിരിവല്ലേ' ഞങ്ങള്‍ക്ക് കിട്ടുന്നത് എന്നൊരു മാഷിന്റെ വിലാപം.) അനുഗ്രഹമായത് അവിടങ്ങളിലെ അധോമുഖവാമനന്മാര്‍ക്കാണ്. ഓറെ ചെറിയ പുത്തിയില്‍ നിന്ന് നമ്മളെ എടങ്ങേറാക്കുന്ന ഒന്നും വരില്ല. ഇത്തിരിവട്ടം മാത്രം കാണ്മവരും  ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ അവരാണ് കോളേജുകളെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അന്വേഷണ പഥങ്ങളാക്കുന്നതിനു പകരം കൊച്ചുവര്‍ത്തമാനങ്ങളുടെയും ഗൈഡ് അധിഷ്ടിത പഠനത്തിന്റെയും നാറുന്ന വെളിമ്പറമ്പുകളാക്കുന്നത് . അവര്‍ ആര്? എന്ന് ?എവിടെവെച്ച് ?എപ്പോള്‍? അത് നിര്‍വഹിച്ചു എന്നല്ലാതെ മറ്റെന്തു ചോദിക്കാന്‍!! ( കോളേജുകളിലെ ഏറ്റവും നന്നായി  പഠിപ്പിക്കുന്ന, ഇത്തരത്തില്‍ ചോദ്യങ്ങള്‍ വരുന്നതില്‍ പ്രയാസപ്പെടുന്ന എന്റെ സുഹൃത്തുക്കളോട് മുന്‍‌കൂര്‍ ക്ഷമാപണം )


ഇപ്പോള്‍ എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൊതു പരീക്ഷാ ചോദ്യപേപ്പറുകള്‍ അയല്‍വക്കത്തെ ഏതെങ്കിലും കുട്ടികളുടെ അടുത്തു നിന്ന് സര്‍വകലാശാലാ അധ്യാപകര്‍ ഒന്ന് വാങ്ങി നോക്കണം. കൊമാല എന്ന ചെറു കഥയിലെ ഒരു കഥാപാത്രമായ ബേങ്ക് സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്നു.
"കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബേങ്കും പൂട്ടി വീട്ടിലിരുന്നാല്‍ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല"
കൊമാല എന്ന കഥയിലെ ബേങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.
ഇവിടെ കുട്ടികള്‍ക്ക് ബേങ്ക് സെക്രട്ടറിയെ ന്യായീകരിച്ചോ അദ്ദേഹത്തിന്‍റെ വാക്കുകളെ വിമര്‍ശിച്ചോ തങ്ങളുടെ പ്രതികരണങ്ങള്‍ രഖപ്പെടുത്താം. അവ എത്ര മാത്രം യുക്തിസഹമാണ്, തനിമയുള്ളതാണ്, അവതരിപ്പിച്ചത് എങ്ങിനെയാണ് എന്നെല്ലാമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ( കൂടുതല്‍ ചോദ്യങ്ങള്‍ മേല്‍ ലിങ്കിലുള്ളത് ശ്രദ്ധിക്കുമല്ലോ ). മിക്ക കുട്ടികളും ഇത്തരത്തില്‍ ഉത്തരം നല്‍കും. കാരണം സ്വന്തമായ ചിന്തയെ പ്രകാശിപ്പിക്കവിധത്തിലാണ് അവരുടെ പഠനം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഏറ്റവും പ്രധാനമായ മറ്റൊരു സംഗതിയുണ്ട്. സ്കൂളുകളിലെ പഠനം സംവാദാത്മകവും അന്വേഷണാത്മകവും അവതരണാത്മകവും, അക്കാദമികവും സര്‍ഗാത്മകവുമായ രചനാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതും ആക്കുമ്പോള്‍ പൊതുസമൂഹത്തിനുണ്ടായ സംശയം ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഏറ്റെടുക്കാന്‍  ആ പ്രായത്തിലെ കുട്ടികള്‍ക്ക് എത്രമാത്രം കഴിയും എന്നതായിരുന്നു. പഠനം എന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമ്പോള്‍  ഉണ്ടാകുന്ന ഉയര്‍ന്ന ചിന്തയുടെ ഫലമാണെങ്കില്‍ അത് ഏറ്റവും ഫലപ്രദമാവുക സര്‍വകലാശാലാ  പഠന കാലയളവിലാണ്. സ്വയം പഠനത്തിന്റെ പ്രകാശ വീഥികളിലേക്ക്  അവരെ ആത്മവിശ്വാസത്തോടെ നയിക്കാന്‍, ഉചിതമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍, ചിന്തകളെ വ്യത്യസ്തമായ കൈവഴികളിലേക്ക് നയിക്കാന്‍ കൈല്‍പ്പുള്ളവര്‍ നമ്മുടെ കോളേജുകളില്‍ ഉണ്ടോ എന്നത് മാത്രമാണ് ചോദ്യം. സയന്‍സിലെ ഏറ്റവും പ്രധാനമായ സിദ്ധാന്തങ്ങളായാലും സാമൂഹിക ചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമായാലും അവ തന്റെ ബുദ്ധിക്കനുസരിച്ച് കഥാപ്രസംഗം നടത്താനല്ലാതെ വിദ്യാര്‍ഥികളുടെ ഒരു അനുഭവമാക്കാന്‍ കഴിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അക്കാദമികമായ എന്ത് ഉന്നമനമാണ് നമ്മുടെ പല കോളെജുകളും അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്ന ചോദ്യം ചോദിക്കാതെ, അവരെ ബുദ്ധി ജീവികളെന്ന നിലയില്‍ പരിചരിക്കാനും സമൂഹത്തിലെ ഏതുകാര്യത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ അവകാശമുള്ളവര്‍ എന്ന സ്ഥാനപ്പേര് നിലനിര്‍ത്താനും  പൊതു സമൂഹം ഏറെക്കാലം അനുവദിക്കുമെന്ന് തോന്നുന്നില്ല.

ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ മാര്‍ക്കിടുന്നതിനുള്ള വെറുമൊരു ഉപാധി  മാത്രമല്ല. അത് എന്താണ് ഇവര്‍ ക്ലാസ് മുറിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ്‌. ഇഞ്ചാതി സംഗതികള്‍ പൂരിപ്പിക്കുന്നതിനോ രണ്ടു വാക്കില്‍ കാണാതെ പഠിച്ചത് ചര്‍ദ്ദിക്കുന്നതിനോ ആണ്, അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രായത്തില്‍ നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുന്നതങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ശിക്ഷാര്‍ഹരാണ്. ചോദ്യപേപ്പറിലെ മതസ്പര്‍ദ്ധ അങ്ങിനെ നോക്കുമ്പോള്‍ താരതമ്യേന ചെറിയ കുറ്റമാണ്.

2010 ജൂലൈ 29, വ്യാഴാഴ്‌ച

അതിരുകളില്‍ നില്‍ക്കുമ്പോള്‍


ജാലിയന്‍  വാലാബാഗും സുവര്‍ണ ക്ഷേത്രവും മാത്രമായിരുന്നു ഡല്‍ഹിയില്‍ നിന്നും അമ്രുതസരിലെക്കുള്ള യാത്ര പുറപ്പെടുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍. ചരിത്ര പുസ്തകങ്ങളില്‍ നിന്നും മാത്രമറിഞ്ഞ ജാലിയന്‍ വാലാബാഗിന്റെ രക്തം കിനിഞ്ഞ മണ്ണിലേക്കുള്ള യാത്രയുടെ ഉത്സാഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. സി. സി. ആര്‍. ടി അധ്യാപകര്‍ക്കായി നടത്തുന്ന ഒരു മാസത്തെ ഓറിയന്റേഷന്‍  കോഴ്സിനു എത്തിയതായിരുന്നു ഞങ്ങള്‍ ഡല്‍ഹിയില്‍. വര്‍ഷം 1997. എന്നെ കൂടാതെ സംഘത്തില്‍ ഉണ്ടായിരുന്നത് നാട്ടുകാരന്‍ കൂടിയായ രാജന്‍, കോഴിക്കോടുകാരനായ കബീര്‍, മലപ്പുറത്തെ ഹാരിസ് എന്നിവര്‍. ഏപ്രിലിലെ ചൂടിലും തിരക്കിലും തിളച്ചുമറിയുന്ന ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെ ആവേശം തണുത്തു; വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്ത റിസര്‍വേഷന്‍ അതെ പോലെ കിടക്കുന്നു. ഉത്തരേന്ത്യയിലൂടെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിന്റെ 'സുഖം' അതിനു മുന്‍പ് രണ്ടു മൂന്നു തവണ അറിഞ്ഞത് കൊണ്ടുതന്നെ ഒരു രാത്രി മുഴുവന്‍ നീളുന്ന ഈ യാത്ര എങ്ങിനെ നടത്തും എന്ന് തലപുകഞ്ഞു. ഒടുവില്‍ സൌമ്യനെന്നു കാഴ്ചയില്‍ തോന്നിച്ച കാശിന്റെ കാര്യത്തില്‍ ഒട്ടും സൌമ്യനല്ലാത്ത ഒരു ടി ടി ആര്‍ കനിഞ്ഞപ്പോള്‍ നാല് പേര്‍ക്കും ബെര്‍ത്ത് റെഡി.

ദല്‍ഹിയിലെ വരണ്ട ഉഷ്ണക്കാറ്റിന്റെ രാത്രിയില്‍ നിന്നും പഞ്ചാബിന്റെ തണുത്ത പ്രഭാതത്തിലെക്കാന് ഉണര്‍ന്നത്. പഞ്ചാബിന്റെയും കേരളത്തിന്റെയും ഭൂപ്രകൃതികള്‍ തമ്മിലുള്ള സമാനതകള്‍, കേട്ടരിവുകള്‍ക്കുമപ്പുറത്താണെന്ന് ബോധ്യമായി. കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങള്‍, ഇടയില്‍ പേരറിയാത്ത മരങ്ങള്‍, കാവല്‍പ്പുരകള്‍. അപ്പോഴേക്കും തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ഏതാനും സര്‍ദാര്‍ജിമാരും ചില പഞ്ചാബി കുടുംബങ്ങളും മാത്രം. കൂട്ടത്തിലെ ഏക ഹിന്ദിവാലയായ രാജന്‍ തന്റെ മുറിഞ്ഞും തെന്നിയും വീഴുന്ന ഹിന്ദിയില്‍ എതിരെയിരിക്കുന്ന സര്‍ദാര്‍ജിയോട് അടുത്തു. താടിയും മുടിയും നരച്ച, ആജാനുബാഹുവായ ആ മനുഷ്യന്‍ നല്ല ഇംഗ്ലീഷില്‍ ഹിന്ദിയുടെ മൃതശരീരത്തെ ചിള്ളി വെളിയിലിട്ടു. ഞങ്ങള്‍ കേരളത്തില്‍ നിന്നാനെന്നരിഞ്ഞപ്പോള്‍ സന്തോഷത്തോടെ ഞങ്ങളെ ഭാഗ്യവാന്മാര്‍ എന്ന് വിശേഷിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ യഥാര്‍ത്ഥ ചിത്രം തത്കാലം ഇംഗ്ലീഷില്‍ വിശദീകരിക്കാന്‍ പ്രയാസമായതിനാല്‍ അതിനു മുതിര്‍ന്നില്ല. പട്ടാള ലോറികളിലും എന്‍ സി സി യുടെ വണ്ടികളിലും ഇരുന്നു തല വെളിയിലെക്കിട്ടു നോക്കി അവര്‍ ഒപ്പിയെടുത്ത നമ്മുടെ നാട്ടിന്റെ ചിത്രം മങ്ങാതെ അങ്ങിനെ തന്നെ കിടക്കട്ടെ.

പഞ്ചാബികളുടെ ധീരതയെക്കുറിച്ചും കൃഷി ചെയ്യുന്നതിലുള്ള പാടവത്തെ ക്കുറിച്ചും അദ്ദേഹം വാചാലനായി. ഭീകരവാദം നാടിനേല്‍പ്പിച്ച  പരിക്കുകളെക്കുറിച്ച് ബോധവാനായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളിലെ ധീരത അദ്ദേഹത്തോട് അനല്‍പ്പമായ ബഹുമാനം ജനിപ്പിക്കുന്നതായിരുന്നു. യാത്രയുടെ ലക്ഷ്യം എന്തൊക്കെയെന്നു അദ്ദേഹം ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നില്ല; ജാലിയന്‍ വാലാ ബാഗ്, പിന്നെ സുവര്‍ണ ക്ഷേത്രം. സുവര്‍ണ ക്ഷേത്രത്തിന്റെ പേരില്‍ വീഴാത ഒരൊറ്റ സര്‍ദാര്‍ജി പോലുമുണ്ടാവില്ലെന്നു ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അദ്ദേഹം രണ്ടു മിനുറ്റ് ആലോചിച്ചു കൊണ്ട് തല അങ്ങുമിങ്ങും ആട്ടി. പിന്നെ പറഞ്ഞു; ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവും തീര്‍ച്ചയായും നിങ്ങള്‍ കാണണം. പക്ഷെ കേരളത്തില്‍ നിന്ന്  ഇവിടെ വരെ വന്ന നിങ്ങള്‍ കാണേണ്ടുന്ന ഇതിനേക്കാള്‍ പ്രാധാന്യമുള്ള ഒരു സ്ഥലമുണ്ട്: അതിര്‍ത്തി. വാഗാ അതിര്‍ത്തി. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്ന് എത്തിയ, അതിര്‍ത്തിയായി കടലിനെ മാത്രം കണ്ടു ശീലിച്ച നിങ്ങള്‍ക്ക് അതൊരു മറക്കാനാവാത്ത അനുഭവമായിരിക്കും.


ഒരു പകലിന്റെ നീളത്തിനപ്പുറം പഞ്ചാബില്‍ ചിലവഴിക്കാന്‍ നിര്‍വാഹമില്ലാത്ത യാത്രയായിരുന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് ചണ്ടീഗഡ്, പിന്നെ സിംല, മടക്കം ഹരിദ്വാര്‍ ഋഷികേശ്  വഴി.. നാല് ദിവസം കൊണ്ട് ഇങ്ങനെ കറങ്ങി വരണം. അതാണ്‌ പദ്ധതി. അപ്പോള്‍ വാഗാ അതിര്‍ത്തി.. ഞങ്ങളുടെ സംശയം മനസ്സിലായതുപോലെ അദ്ദേഹം പറഞ്ഞു; നിങ്ങള്‍ നേരെ അട്ടാരിയിലേക്ക് പോകൂ. അവിടെ നിന്ന് അതിര്‍ത്തിയില്‍ പോയി മടങ്ങിയാല്‍ ജാലിയന്‍ വാലാ ബാഗും സുവര്‍ണ ക്ഷേത്രവുംകണ്ടു നിങ്ങള്‍ക്ക് രാത്രി തന്നെ ഇവിടെ നിന്ന് തിരിക്കാം. ആ ഉറപ്പില്‍ മറ്റൊന്നും സംശയിക്കാനില്ലായിരുന്നു. അമൃതസര്‍ റെയില്‍വേ സ്റെഷനില്‍ ഇറങ്ങി ബസ്സ്റ്റാന്റിലേക്കുള്ള വഴിയും അതിര്‍ത്തിയിലെക്കുള്ള റൂട്ടും പറഞ്ഞുതന്നു കൈതന്നു ആ മനുഷ്യന്‍ ഞങ്ങളെ യാത്രയാക്കി.

അമൃതസറില്‍ നിന്ന് അട്ടാരിയിലെക്കുള്ള ഒന്നര മണിക്കൂര്‍ ബസ് യാത്ര രസകരമായിരുന്നു. വിശാലമായ ഗോതമ്പ് പാടങ്ങള്‍ക്കു നടുവിലൂടെ നേര്‍വരപോലെ പോകുന്ന റോഡ്‌. ബസ്സില്‍ വെച്ച് ആര്‍ക്കും മനസ്സിലാകില്ലെന്ന ഉറപ്പോടെ ഉച്ചത്തില്‍ മലയാളത്തില്‍ സംസാരിക്കുന്ന ഞങ്ങളെ സര്‍ദാര്‍ജിമാര്‍ കൌതുകത്തോടെ നോക്കി. രാജന്‍ വീണ്ടും മുറി ഹിന്ദി തട്ടിക്കുടഞ്ഞെടുത്തും കയ്യും കലാശവും കാണിച്ചും അട്ടാരി എത്താറായോ എന്ന് അടുത്തിരിക്കുന്ന ചെറുപ്പക്കാരനോട്‌  അന്വേഷിച്ചു കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി. കേരളത്തില്‍ നിന്നേ അതിര്‍ത്തി കാണാനെത്തിയ ഞങ്ങളെ അദ്ദേഹവും അഭിനന്ദന സൂചകമെന്നോണം ഒന്ന് നോക്കിയോ? അട്ടാരിയില്‍ ബസ് നിര്‍ത്തിയപ്പോഴേക്കും ഞങ്ങളുടെ ബേഗുകളും വേഷവും കണ്ട സൈക്കിള്‍ റിക്ഷക്കാര്‍ ഞങ്ങളെ വളഞ്ഞു. നേരത്തെ കണ്ട ചെറുപ്പക്കാരന്‍ അപ്പോഴേക്കും ഓടി വന്നു. ഇത് എന്റെ സ്വന്തം ആളുകളെന്ന മട്ടിലായി പിന്നീട് അയാളുടെ പെരുമാറ്റം. അതിര്‍ത്തിയിലെക്കുള്ള റിക്ഷാ ചാര്‍ജ്ജ് ഇരുനൂറു രൂപയില്‍ നിന്നും പതുക്കെ അമ്പതിലെത്തി. അമ്പത് രൂപയില്‍ ഒരു പൈ പോലും അധികം നല്‍കരുതെന്ന് ഞങ്ങളെ ശട്ടം കെട്ടി രണ്ടു റിക്ഷകളിലായി ഞങ്ങളെ കയറ്റി കൈവീശി യാത്ര പറയുമ്പോള്‍  ഇതൊക്കെ എന്തതിശയം എന്ന് ഞങ്ങള്‍ പരസ്പരം നോക്കി അന്തം വിട്ടു.     


അട്ടാരിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്ക് രണ്ടു കിലോമീറ്റര്‍ ദൂരമുണ്ടാകും. വെയിലിനു ചൂട് കൂടിക്കൂടി വന്നു. കയ്യില്‍ കരുതിയ വാഴപ്പഴം ഞങ്ങള്‍ റിക്ഷക്കാരുമായി പങ്കിട്ട് കഴിച്ചു. റോഡിനു ഇരുവശവും 'പച്ചയും മഞ്ഞയും മാറിമാറി, പാറിക്കളിക്കും പരന്ന പാടം' എന്ന് ഇടശ്ശേരി എഴുതിയ പോലെ അതിവിശാലമായ പാടങ്ങള്‍. അതിനിടയില്‍ക്കൂടി ദൂരേക്ക്‌ നീണ്ടു പോകുന്ന നിരത്തുകള്‍. ട്രാക്ക്റ്ററുകളില്‍ കൃഷി ഭൂമിയിലേക്ക്‌ നീങ്ങുന്ന ഗ്രാമീണര്‍. വിസിലൂതിയും ഒച്ചയെടുത്തും അവരോട് സൗഹൃദം പങ്കിടുന്ന നമ്മുടെ സൈക്കിള്‍ വാലകള്‍. അധ്വാനത്തിന്റെ ചക്രങ്ങള്‍ ഇടതടവില്ലാതെ കറങ്ങിക്കൊണ്ടിരുന്നു. അന്തമില്ലാത്ത പാടങ്ങള്‍. ജനവാസത്തിന്റെ സൂചനകളായി വീടുകള്‍ അധികമൊന്നും കാണാനില്ല. ഇടയ്ക്കിടെ കാണുന്ന ധാന്യപ്പുരകളില്‍ ഉഴാനും കൊയ്യാനുമുള്ള ട്രാക്ക്റ്ററുകള്‍. ഇടയില്‍ കടന്നു പോകുന്ന മിലിട്ടറി ട്രക്കുകള്‍.

അതിര്‍ത്തിയെ സമീപിക്കുംതോറും ഞങ്ങളുടെ സംസാരം മെല്ലെമെല്ലെ കുറയുകയും അകാരണമായ ഒരു ഭീതിയും വികാരവും ഞങ്ങളില്‍ അരിച്ചു കേറുകയും ചെയ്തു. അതിര്‍ത്തിയുടെ ചിഹ്നങ്ങള്‍... മുള്‍കമ്പികള്‍  ചുറ്റി വളച്ചുണ്ടാക്കിയ അനന്തതയിലേക്ക് നീളുന്ന വലി..... ഉയരത്തില്‍ കെട്ടിപ്പൊക്കിയ കാവല്‍പ്പുരകള്‍... എങ്ങും തോക്കേന്തിയ പട്ടാളക്കാര്‍ ... അതിര്‍ത്തിയിലെ ഒന്നാം ഗേറ്റുവരെ സൈക്കിള്‍ റിക്ഷയില്‍ പോകാം. സന്ദര്‍ശകര്‍ക്കായി ഒരുക്കിയ താത്കാലിക കടകള്‍ അവിടെയും സമൃദ്ധം. പെപ്സിയുടെയും കൊക്കൊക്കോളയുടെയും തിളങ്ങുന്ന പെട്ടികളും ബോട്ടിലുകളും കൊണ്ട് അലങ്കരിക്കപ്പെട്ട അവയുടെ ഉള്‍ഭാഗം പീഞ്ഞപ്പെട്ടികളും പഴകി ദ്രവിച്ച മരക്കഷണങ്ങളും ആസ്ബറ്റോസ് ഷീറ്റുകളും കൊണ്ട്  കുത്തിനിറുത്തിയവയാണ്. ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ തികച്ചും ഉപയുക്തം!!
ഉയര്‍ന്നു നില്‍ക്കുന്ന ഗേറ്റിനുള്ളിലൂടെ നോക്കിയാല്‍ അങ്ങ് കുറച്ചു കൂടി ഉള്ളിലായി മറ്റൊരു ഗേറ്റ് കൂടെ കാണാം. അതാണ്‌ ശരിയായ അതിര്‍ത്തി! അതാണ്‌ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിര്‍ വരമ്പ്! അവിടം വരെ പോകാന്‍ എന്താണ് വഴി. ഗേറ്റിലെ പട്ടാള ഉദ്യോഗസ്ഥനോട് സി സി ആര്‍ ടി യുടെ ഐടിന്റിറ്റി കാര്‍ഡുകാണിച്ചു വിനീതമായി അപേക്ഷിച്ചു, കേരളത്തില്‍ നിന്നും വരുന്നതാണ്.. അപ്പുറത്തെ ഗേറ്റ് വരെ പോകാന്‍ കഴിയുമോ? നാല് മണിക്ക് ശേഷമേ അങ്ങോട്ട്‌ പോകാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. അപ്പോഴാണ്‌ പതാക വന്ദനം. എത്ര അപേക്ഷിച്ചിട്ടും രക്ഷയില്ല. പെട്ടെന്ന് ആരോടോ കയര്‍ത്തു കൊണ്ട് അടുത്തുള്ള ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നു തോന്നിച്ച ചെറുപ്പക്കാരന്റെ അടുത്തെത്തി ഞങ്ങള്‍ വിനീതമായി ഒന്ന് കൂടെ അഭ്യര്‍ത്ഥിച്ചു. കുറച്ചു സമയം നില്‍ക്കാന്‍ പറഞ്ഞു അദേഹം ഒഫീസിനുള്ളിലേക്ക് തന്നെ കയറിപ്പോയി. ആരോടോ അനുവാദം ചോദിച്ചു ഉടന്‍ പുറത്തുവന്ന അദ്ദേഹം, പെട്ടെന്ന് പോയി വരണമെന്ന നിര്‍ദേശത്തോടെ ഞങ്ങള്‍ക്ക് ഉള്ളിലേക്ക് പോകാനുള്ള അനുവാദം തന്നു.
അവിടെനിന്നു ശരിയായ അതിര്‍ത്തിവരെ പട്ടാളക്കാരുടെ ഓഫീസുകളുടെ നിരയാണ്. ഓരോ അടിവെപ്പിലും തിരിച്ചറിയാന്‍ കഴിയാത്ത ഏതോ വികാരത്തിന്റെ കനം ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു.  ക്യാമറ കൊണ്ട് പോകാന്‍ അനുവാദം ലഭിച്ചിരുന്നെങ്കിലും ഫോട്ടോ എടുക്കാമോ എന്നാ സംശയം അപ്പോഴുമുണ്ടായിരുന്നു. ഒടുവില്‍, ഈ അനുഭവത്തിന്റെ സാക്ഷ്യ പത്രമായി ഒരു ഫോറ്റൊയെങ്കിലും ഇല്ലാതിരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച് ക്യാമറ പുറത്തെടുത്തപ്പോഴേക്കും ഒരു പട്ടാള ഓഫീസര്‍ ഉറക്കെ വിളിച്ചു. പിരിച്ചു കയറ്റിയ മീശയുടെ ഗൌരവത്തിലേക്ക് മെല്ലെ നടക്കുമ്പോള്‍ ഹൃദയം പട പാടാ മിടിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ ആരാണ് അനുവാദം തന്നതെന്ന ചോദ്യത്തിന് മുറിഞ്ഞു മുറിഞ്ഞു ഉത്തരം പറഞ്ഞു.  അവിടെ ... ഗേറ്റില്‍ ... ചെറുപ്പക്കാരനായ ഒരോഫീസര്‍.... പിന്നെ പഠിച്ചു വെച്ച ഈരടികള്‍ നീട്ടി പ്പാടി .. സാര്‍, ഞങ്ങള്‍ കേരളത്തില്‍ നിന്ന് ..സി സി ആര്‍ ടി യുടെ കോഴ്സ് ... മുഖത്തെ ഗൌരവം പെട്ടെന്ന് അയഞ്ഞു. ഞാന്‍ വെറുതെ ചോദിച്ചതല്ലേ... നിങ്ങള്‍ ആവശ്യത്തിനു ഫോട്ടോ എടുത്തുകൊള്ളൂ... അപ്പോഴാണ്‌ ശ്വാസം നേരെ വീണത്‌.  

ഇത്  ലാഹോറിലേക്ക് നീളുന്ന പ്രധാന പാത. മുന്നില്‍ ഇന്ത്യയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന കൂറ്റന്‍ ഗെയ്റ്റ്. ഒരു നേരിയ വരയുടെ അപ്പുറത്തും ഇപ്പുറത്തുമായി പാറുന്ന ഇരു രാജ്യങ്ങളുടെയും പതാകകള്‍. ഇന്ത്യയുടേത് ഇപ്പുറത്തെക്കും  പാക്കിസ്ഥാന്റേത്   അപ്പുറത്തേക്കും തുറക്കാം.
ഇപ്പുറത്തും അപ്പുറത്തും കാവല്‍ നിക്കുന്ന പട്ടാളക്കാരുടെ മുഖത്തു നിസ്സംഗത മാത്രം. ഒരേ സംസ്കാരവും  ഭാഷയും കൈമുതലായുള്ള ജനത ഒരു രേഖയ്ക്ക് ഇരുപുരമായി തീര്‍ത്ത ഇരുമ്പ് ഗേറ്റുകളാല്‍ പകുക്കപ്പെട്ടിരിക്കുന്നതിന്റെ വേദന അവിടെ നില്‍ക്കുമ്പോഴാണ് അറിയുന്നത്. പരസ്പര ഭീതിയുടെ നിഴല്‍ ആ ഉച്ചയിലും അവിടെങ്ങും പരന്നിരുന്നു. യൂണിഫോമുകളില്‍, നിറങ്ങളില്‍ കൃത്യമായും വ്യക്തമാകണമെന്ന ഉദ്ദേശത്തോടെ തീര്‍ത്ത ഭിന്നതയുടെ അതിരുകള്‍ കൂടിയാണ് അവിടെ പാറിക്കളിച്ച പതാകകളും പട്ടാളക്കാരും.
ഉയര്‍ത്തിക്കെട്ടിയ രക്ത സാക്ഷി കുടീരത്തിനുമേല്‍ പരസ്പര സൌഹൃദത്തിന്റെ അടയാളമായി മുറുകെ പിടിച്ചിരിക്കുന്ന രണ്ടു കൈകള്‍.അതില്‍ തന്നെ സൂക്ഷിച്ചു നോക്കുമ്പോള്‍ അവയുടെ പിറകിലുള്ള കണ്ണുകളും കാണാന്‍ കഴിയുന്നു. അതില്‍ തെളിയുന്നത് സൌഹൃദത്തിന്റെ ഊഷ്മളതയോ മത്സരത്തിന്റെ വീറോ? ലാഹോറില്‍ നിന്നും വരുന്ന റോഡിനു മുകളിലായി തീര്‍ത്ത കൂറ്റന്‍ കമാനത്തിനു അപ്പുറത്ത് ഇന്ത്യയിലക്ക് സ്വാഗതമെന്നും ഇപ്പുറത്തു 'മേരാ ഭാരത്‌ മഹാന്‍ ഹെ' എന്നും എഴുതിയിട്ടുണ്ട്. ഭാരതമെന്ന പേരിനു മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഭംഗി!! എന്റെ നാടെന്ന  സുരക്ഷാബോധം ഭീതിയുടെ വെടിപ്പുകകള്‍ക്കിടയിലും അവിടെ നില്‍ക്കുമ്പോള്‍ സത്യത്തില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.





 അപ്പോഴേക്കും രാജന്റെ ശബ്ദം ഉയര്‍ന്നു. 'സാരേ ജഹാംസെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ..' മറ്റൊന്നുമാലോചിക്കാതെ ഞങ്ങള്‍ അതേറ്റുപാടി. അത് കഴിയുമ്പോഴേക്കും കൈകള്‍ നീട്ടിപ്പിടിച്ച് കബീര്‍ പ്രതിജ്ഞയ്ക്ക്  തയ്യാറെടുത്തിരുന്നു. 'ഭാരതം എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്...' എന്റെ ഊഴമാണ് അടുത്തത്‌. പെട്ടെന്ന് നാവില്‍ വന്നത് ഞാനും പാടി,
"ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ കേവലമൊരുപിടി മണ്ണല്ലാ 
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ പുണ്യഗൃഹമല്ലോ"

2010 ജൂലൈ 25, ഞായറാഴ്‌ച

സ്‌കൂളിലെ കഷ്‌ടജീവിതവും കോച്ചിംഗ്‌ സെന്ററിലെ (വി)ശിഷ്‌ടജീവിതവും

ശ്രീ. എന്‍. ശ്രീകുമാര്‍ ഒരു കമന്റു വഴി ഓര്‍മിപ്പിച്ച പഴയ ഒരു പോസ്റ്റ്‌.
ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പുന: പ്രസിദ്ധീകരിക്കുന്നു.


ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററിക്കുകൂടി പൊതുപരീക്ഷ ഏര്‍പ്പെടുത്തിയത്‌ ഉപകരമായത്‌ ഒരൊറ്റ വിഭാഗത്തിനാണ്‌-കേരളത്തിലെ സ്വകാര്യട്യൂഷന്‍/ കോച്ചിംഗ്‌ സ്ഥാപനങ്ങള്‍ക്ക്‌. ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വ്യാപകമായതോടുകൂടി പൂട്ടാനാഞ്ഞ പാരലല്‍ കോളേജുകള്‍, ഞൊടിയിടയിലാണ്‌ വന്‍കിട കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികളായി മാറിയത്‌. നേരത്തെ പതിനൊന്നാം ക്ലാസ്‌ പഠനം കുറേക്കൂടി സ്വതന്ത്രവും ഉല്ലാസപ്രദവുമായിരുന്നത്‌ മാറി അതും പത്തിനെയും പന്ത്രണ്ടിനെയും പോലെ ജയപരാജയങ്ങളുടെയും ഗ്രേഡിന്റെയും മാര്‍ക്കിന്റെയും ഭീഷണിയുടെയും അമിത പ്രതിക്ഷകളുടെയും ഉത്‌കണ്‌ഠകളുടെയും തുലാസിലേക്ക്‌ വന്നു വീഴുകയും ചെയ്‌തു.

ഹയര്‍സെക്കന്ററി
തലത്തിലെ വാര്‍ഷിക കോച്ചിംഗ്‌ ഫീസ്‌ 12000 ത്തിനും 15000 നും ഇടയിലാണ്‌.ഇത്‌ മുപ്പതിനായിരം വരെ ആകുന്ന സ്ഥാപനങ്ങളും ഉണ്ട്‌. പൊതുവിദ്യാഭ്യാസം സൗജന്യമാണ്‌ എന്നൊക്കെ വിശ്വസിക്കുന്നവരായി ഇക്കാലത്ത്‌ ഒരു രക്ഷകര്‍ത്താവും ഉണ്ടാവില്ല. വിദ്യാഭ്യാസം ഒരുപാട്‌ മുതല്‍ മുടക്കുള്ളതും ചെലവേറിയതും ആണെന്ന സമ്മതിപത്രം നേരത്തെ തന്നെ സമൂഹം അധികാരികള്‍ക്ക്‌ നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ സ്‌കൂളിലെ IT പഠനത്തിനായി പ്രതിവര്‍ഷം 250 രൂപ വാങ്ങാനുള്ള തീരുമാനം ഒരെതിര്‍പ്പും കുടാതെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്‌.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍, വിദ്യാലയത്തിനകത്തെ പഠനത്തില്‍, തന്റെ കുട്ടിയുടെ കഴിവുകളില്‍ വിശ്വാസം നഷ്‌ടപ്പെട്ടവരാണ്‌ ഇന്ന്‌ കേരളത്തിലെ രക്ഷിതാക്കളില്‍ അധികവും. പണമിറക്കി പണം നേടുക എന്ന ചൂതാട്ടയുക്തിയാണ്‌ അവരെ ഭരിക്കുന്നത്‌. ഫീസ്‌ ഏറ്റവും കൂടിയ ട്യൂഷന്‍സെന്ററില്‍ കുട്ടിയ ചേര്‍ക്കുകയാണ്‌ ഏറ്റവും സുരക്ഷിതമായ മാര്‍ഗം. മുടക്കിയ കാശ്‌ നഷ്‌ടമാകാനുള്ള സാധ്യത ഇവിടെ വളരെക്കുറവ്‌. ഏറ്റവും ഉന്നതരായവര്‍ക്ക്‌ പ്രവേശനപരീക്ഷകളില്‍ ഇടറിയാലും പരിഭ്രമിക്കാനില്ല. മെഡിസിനുള്ള മുപ്പതോ നാല്‌പതോ ലക്ഷമോ, എഞ്ചിനീയറിംഗിനുള്ള അഞ്ചോ പത്തോ ലക്ഷമോ അവരുടെ കയ്യില്‍ ഇപ്പോഴെ റെഡി. തനിക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങള്‍ മക്കളിലൂടെയെങ്കിലും സാക്ഷാത്‌കരിക്കണം എന്ന സ്വപ്‌നത്താല്‍, മക്കളൂടെ പഠനത്തിനുവേണ്ടി സ്വന്തം ജീവിതസൗഭാഗ്യങ്ങള്‍പോലും ഉപേക്ഷിച്ച ഇടത്തരം രക്ഷകര്‍ത്താക്കളാണ്‌ കോച്ചിംഗ്‌ സെന്ററുകാരുടെ പ്രധാന ഇരകള്‍. മൂന്ന്‌ സയന്‍സ്‌ വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ത്ഥിനിക്കായി SAY പരീക്ഷയുടെ ഫീസ്‌ അടക്കാന്‍ വന്ന രക്ഷകര്‍ത്താവിനോട്‌ `മകളെവിടെ' എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പോയിരിക്കുകയാണ്‌ എന്നാണുത്തരം! ഇദ്ദേഹവും മകളെ പന്ത്രണ്ടായിരം രൂപ നല്‍കി ഒരു വര്‍ഷം `എന്‍ട്രന്‍സ്‌ ഓറിയന്റഡ്‌' കോച്ചിംഗ്‌ സ്ഥാപനത്തില്‍ അയച്ചതാണ്‌. ഒട്ടുമിക്ക സര്‍ക്കാര്‍, എയിഡഡ്‌ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ഇന്ന്‌ കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ അനുബന്ധം മാത്രമാണ്‌. റജിസ്‌ട്രേഷന്‍, പരീക്ഷയെഴുത്ത്‌, പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണയം ഇവയ്‌ക്കുവേണ്ടി മാത്രം ഒരു സ്‌കൂള്‍. പഠനവും പരിശീലനവും കോച്ചിംഗ്‌ സെന്ററുകളില്‍!

സര്‍ക്കാരില്‍
നിന്ന്‌ പതിനായ്യായിരം മുതല്‍ കാല്‍ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളമായി പറ്റുന്ന അധ്യാപകര്‍തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളില്‍ നിന്ന്‌ അത്രയുമോ അതിലുമേറെയോ സമ്പാദിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസത്തെ ഒറ്റുകൊടുക്കുന്നത്‌. അവരുടെ കോച്ചിംഗ്‌ സെന്ററുകളിലെ പ്രഭാഷണങ്ങളും പ്രവൃത്തികളുമാണ്‌, വിദ്യാലയത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചും രക്ഷകര്‍ത്താക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തത്‌. പാഠ്യപദ്ധതി, അധ്യാപക പരിശീലനങ്ങള്‍, മൂല്യനിര്‍ണയം, ക്ലസ്റ്ററുകള്‍ എന്നിവയെ അങ്ങേയറ്റം വിഷലിപ്‌തമായ വാക്കുകളാല്‍ അധിക്ഷേപിക്കുന്ന ഇവര്‍, പ്രതിമാസം തുപ്പലുതൊട്ട്‌ നോട്ടുകളെണ്ണി വാങ്ങുന്ന കാര്യത്തില്‍ മാത്രമാണ്‌ സ്വന്തം വിദ്യാലയത്തില്‍ ശുഷ്‌കാന്തി കാട്ടുന്നത്‌.
ചെറുക്ലാസുകളില്‍ നിന്നേ ആരംഭിക്കുന്ന ട്യൂഷന്‍ സംസ്‌ക്കാരം കുട്ടിയുടെ പ്രായോഗികജീവിതത്തിലും ശാരീരിക-മാനസിക ആരോഗ്യത്തിലും വരുത്തുന്ന ഗുരുതരമായ താളഭംഗങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌. ഉരുവിട്ടുറപ്പിക്കാനും കാണാപ്പാഠം പഠിക്കാനും മാത്രം ആവശ്യപ്പെട്ടിരുന്ന ഒരു പഠനരീതിയുടെ സ്ഥാനത്ത്‌ സ്വന്തം ചിന്താശേഷിയെയും അന്വേഷണത്വരയെയും ആശയവിനിമയപാടവത്തെയും കേന്ദ്രസ്ഥാനത്ത്‌ വെക്കുന്ന മറ്റൊരു രീതിശാസ്‌ത്രം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്‌ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. നേരത്തെ ട്യൂഷനുകള്‍ അല്‌പമെങ്കിലും ഉപകാരപ്രദമായിരുന്നത്‌ ഇവിടെ നടന്നതിന്റെ (ചിലപ്പോള്‍ തിരിച്ചും) ആവര്‍ത്തനം ഒരിക്കല്‍ക്കൂടി നടക്കുന്നു എന്നതുകൊണ്ട്‌ മാത്രമാണ്‌. ചില വസ്‌തുതകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവ സഹായകമാവുന്നു. എന്നാല്‍ ഇന്ന്‌ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന രീതിയുടെ കടകവിരുദ്ധമായ രീതിയാണ്‌ ട്യൂഷന്‍ സെന്ററുകളില്‍ സ്വീകരിക്കപ്പെടുന്നത്‌. ചില ശേഷികള്‍ (Skill) വളര്‍ത്തിയെടുക്കാനുള്ള പരിശീലനം മാത്രം. (പരിശീലനമെന്നപദം തന്നെ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ്‌ കുടുതല്‍ ചേരുക). ഒരിടത്ത്‌ അസൈന്മെന്റുകളും പ്രൊജക്‌ടുകളും ഫീല്‍ഡ്‌ സ്റ്റഡിയും സംവാദവും ചര്‍ച്ചയും. മറ്റേയിടത്ത്‌ ആവര്‍ത്തിച്ചുറപ്പിക്കലും കാണാപ്പാഠം പഠിക്കലും. സ്വാഭാവികവും ജൈവികവുമായ അറിവുനിര്‍മ്മാണവും കൃത്രിമവും യാന്ത്രികവുമായ ഓര്‍മ്മപരീക്ഷണവും. രണ്ട്‌ രീതിയും ഒരേ സമയം പീഡിപ്പിക്കുന്ന കുട്ടികളുടെ നിലവിളി ആര്‌ കേള്‍ക്കാനാണ്‌?

കോച്ചിംഗ്‌
സെന്ററുകള്‍ നിലനില്‍പ്പിനായി കളിക്കുന്ന തുരുപ്പാണ്‌ പാഠഭാഗങ്ങള്‍ മുന്‍കൂട്ടി പഠിപ്പിക്കല്‍ എന്നത്‌. പാഠത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അധ്യാപകര്‍, വിഷയത്തെക്കുറിച്ച്‌ എന്തൊക്കെ മുന്നറിവുകള്‍ കുട്ടി ആര്‍ജ്ജിച്ചിട്ടുണ്ട്‌ എന്ന്‌ തിരിച്ചറിയുന്നതിനായി ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്‌. വലിയ വായില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്നത്‌ ട്യൂഷന്‍ സന്താനങ്ങളായിരിക്കും. എല്ലാ തലകളും പിന്നീട്‌ അവളുടെ/അവന്റെ നേര്‍ക്ക്‌ വടക്കുനോക്കിയന്ത്രത്തിന്റെ സൂചിപോലെ തിരിഞ്ഞിരിക്കും. കുട്ടികളെ വ്യക്തിപരമായോ സംഘങ്ങളായോ ഒരു പ്രവര്‍ത്തനത്തിന്റെ വ്യത്യസ്‌ത ഘട്ടത്തിലുടെ കടത്തിക്കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം ചിന്താശേഷി ഉപയോഗിച്ച്‌ ഉത്തരങ്ങള്‍ / മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവര്‍ മുന്നോട്ടുപോകും. കണ്ടെത്തുന്ന ഉത്തരങ്ങളേക്കാള്‍ പ്രധാനം അതിന്റെ പ്രക്രിയയ്‌ക്കാണ്‌. ഇതാണ്‌ കുട്ടിയില്‍ ആത്മവിശ്വാസം നിറയ്‌ക്കുന്നത്‌. ഓരോ പ്രശ്‌നങ്ങളെയും നേരിടാനുള്ള പ്രയോഗികാനുഭവം പ്രദാനം ചെയ്യുന്നത്‌. പുതിയ വഴികള്‍ ആരായാന്‍ പ്രേരണയാകുന്നത്‌. ഇതെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നു എന്നല്ല. അതിനായിയുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. അതിനെ ഒട്ടാകെ തുരങ്കം വെക്കുന്നത്‌ ട്യൂഷന്‍സെന്ററുകളില്‍ ഹൃദയവും ബുദ്ധിയും കെട്ടിത്തൂക്കിയ പുതിയ കാലത്തെ അധ്യാപകര്‍ തന്നെയാണ്‌. സ്‌പൂണില്‍ ഫീഡ്‌ ചെയ്‌ത്‌ കയറ്റിയ വിജ്ഞാനശകലങ്ങളുടെ ബലത്തില്‍ ഉന്നതസ്‌കോര്‍ / നില നേടിയ പലരും ജീവിതത്തിന്റെ ചരല്‍പ്പാതകളില്‍ കാലിടറിവീഴുന്നത്‌ മാത്രം ആരും കാണുന്നില്ല.

സര്‍ക്കാര്‍
, എയിഡഡ്‌ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകന്മാര്‍ തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളിലെയും താരങ്ങള്‍. തങ്ങളുടെ ആത്മാവ്‌ പണയം വെച്ച കോച്ചിംഗ്‌ സ്ഥാപനങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനാണ്‌ ഇവര്‍ മാതൃസ്ഥാപനങ്ങളില്‍ ചെല്ലുന്നത്‌. തങ്ങളുടെ സ്ഥാപനത്തില്‍ ചേരാത്ത കുട്ടികളെ പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണ്ണയം എന്നിവകാട്ടി ഭീഷണിപ്പെടുത്തുവാന്‍ പോലും തയ്യാറാകുന്നവരുണ്ട്‌. പഴയ ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകരെ ഓര്‍മ്മയില്ലേ. സ്ഥിരം ജോലി ലഭിക്കുന്നതിനുമുന്നിലെ ഇടവേളകളില്‍ ഒട്ടനവധിപേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്‌തിരിക്കും. ക്ലാസുകള്‍ കഴിഞ്ഞാലും സംസ്‌കാരിക -രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ ചര്‍ച്ചയും വിശകലനവുമായി, അവിടുന്ന്‌ ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, സൗഹൃദങ്ങളുടെ ലഹരിയുമായി കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ ഒട്ടനവധി പേര്‍ക്കുണ്ടാവും. കാറിലും ബൈക്കിലും വന്നിറങ്ങി മണിക്കൂറുകള്‍ക്ക്‌ ആയിരങ്ങള്‍ വിലപേശിവാങ്ങിക്കുന്ന, പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ ജീവിക്കുന്ന പുതിയ കാലത്തെ കോച്ചിംഗ്‌ വിദഗ്‌ധര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയില്ല അക്കാലം. സംസ്ഥാനത്തെ മൂന്ന്‌ലക്ഷത്തോളം വരുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ രണ്ട്‌ ലക്ഷത്തിനടുത്തുവരും സയന്‍സ്‌ വിദ്യാര്‍ത്ഥികള്‍. ഇതില്‍ പകുതിപ്പേരെങ്കിലും സ്ഥിരമായി കോച്ചിംഗിന്‌ പോകുന്നവരാണെന്ന്‌ കണക്കുകൂട്ടിയാല്‍ തന്നെ രണ്ടുവര്‍ഷത്തേക്കായി 150 മുതല്‍200 കോടി രൂപയാണ്‌ രംഗത്ത്‌ മുടക്കപ്പെടുന്നത്‌ (75,000 X10,000 X2).നൂറ്‌ശതമാനവും പ്രയോജനരഹിതമായ ഒരു വ്യായാമത്തിനായി ദരിദ്രസംസ്ഥാനം പ്രതിവര്‍ഷം മുടക്കുന്നത്‌ 150 കോടി രൂപ. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ കഞ്ഞികുടിക്കായല്ല തുക വിഭജിച്ചുപോകുന്നതെന്ന്‌ ഓര്‍ക്കണം. എന്‍ട്രന്‍സ്‌ എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ഇത്‌ കൂടിവരികയേയുള്ളു. നഗരങ്ങളില്‍ മാത്രം മുന്‍വര്‍ഷങ്ങളില്‍ ഒതുങ്ങിയിരുന്ന കോച്ചിംഗ്‌ സെന്ററുകള്‍ ഇന്ന്‌ ഗ്രാമീണമേഖലയില്‍പ്പോലും ഒഴിച്ചുകുടാന്‍ കഴിയാത്ത സ്ഥാപനങ്ങളായിത്തീര്‍ന്നു.

സ്വന്തം
സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുന്ന കഴിവുള്ള അധ്യാപകര്‍ തന്നെയാണ്‌ സ്‌കൂളുകളെ ഒറ്റുകൊടുത്തുകൊണ്ട്‌ പ്രവണതയ്‌ക്ക്‌ ശക്തി പകരുന്നത്‌. സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ മറ്റധ്യാപകര്‍ക്കുകൂടി താത്‌പര്യം നഷ്‌ടപ്പെടുന്ന രീതിയിലാണ്‌ ഇതിപ്പോള്‍ എത്തിനില്‍ക്കുന്നത്‌. ക്ലാസില്‍ പുതുതായി, നല്ല ആസൂത്രണത്തോടെ അവതരിപ്പിക്കേണ്ടുന്ന ഒരു പ്രശ്‌നം കേവലം കാണാപ്പാഠം പഠിക്കേണ്ട വസ്‌തുതയായി ട്യൂഷന്‍ ക്ലാസില്‍ നിന്നും പൊതിഞ്ഞു കൊടുത്തിരിക്കും. സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസുകള്‍ എടുക്കണമെങ്കില്‍, കുട്ടികള്‍ക്കായി ക്യാമ്പുകളോ ചലച്ചിത്രപ്രദര്‍ശനങ്ങളോ നടത്തണമെങ്കില്‍ കോച്ചിംഗ്‌ ക്ലാസുകാരുടെ കൂടി അനുവാദം ആവശ്യമാണ്‌. അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാവില്ല ഇതിനൊന്നും. ഇതിന്‌ മുന്‍കൈയെടുത്ത അധ്യാപകന്‍/ അധ്യാപിക കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കോച്ചിംഗ്‌സെന്ററുകാരുടെയും കരിമ്പട്ടികയിലും ആകും.
സ്‌കൂളിലെയും കോച്ചിംഗ്‌സെന്ററിലെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ അതിദയനീയമാണ്‌. പുലര്‍ച്ചെ ആരംഭിക്കുന്ന ഇവരുടെ പഠനക്ലാസുകള്‍ ചിലപ്പോള്‍ രാത്രിവരെ നീളും. അതിനുശേഷം വേണം രണ്ടിടങ്ങളിലെയും രചനകള്‍ പൂര്‍ത്തീകരിക്കാനും ടെസ്റ്റുകള്‍ക്ക്‌ തായ്യാറാവാനും. തനിക്കുവേണ്ടി രക്ഷകര്‍ത്താക്കള്‍ മുടക്കിയിട്ടൂള്ള ഭീമമായ തുകയെക്കുറിച്ചുള്ള ചിന്ത, അവരുടെ പ്രതീക്ഷകള്‍, വിഷയത്തില്‍ പലതും തനിക്ക്‌ പിടികിട്ടാത്തതിലുള്ള ഉത്‌കണ്‌ഠ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഊഹാതീതങ്ങളാണ്‌. ഭീതിയുടെയും ഉത്‌കണ്‌ഠകളുടെയും കൊടുമുടിയിലേക്ക്‌ കുട്ടികളെ ഉന്തിക്കേറ്റുന്നതാണോ വിദ്യാഭ്യാസം? പ്രാഥമിക കൃത്യങ്ങള്‍പോലും ശരിയായി നിര്‍വ്വഹിക്കാതെ, നേരത്തിനും കാലത്തിനും വല്ലതും കഴിക്കാതെ, ശരിയായി ഉറങ്ങാതെ നിര്‍വ്വഹിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം? തൊട്ടടുത്തിരിക്കുന്ന കുട്ടിയെവരെ മനസ്സില്‍ ശത്രുവായി പ്രതിഷ്‌ഠിച്ച്‌ നടത്തേണ്ട പോരാട്ടമാണോ വിദ്യാഭ്യാസം ? വിദ്യാഭ്യാസമെന്ന ആര്‍ക്കും തട്ടിക്കളിക്കാവുന്ന പന്തിനെ കച്ചവടത്തിന്റെ കോര്‍ട്ടില്‍ നിന്ന്‌ വിശാലമായ മൈതാനത്തിലേക്ക്‌ കൊണ്ടുവരുന്നതുവരെ ഇത്തരം ചോദ്യങ്ങള്‍ക്കുതന്നെ പ്രസക്തിയുണ്ടാവില്ല.