2009, ഡിസംബർ 29, ചൊവ്വാഴ്ച

അന്നവിചാരം മുന്നവിചാരം




കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വരാത്ത ശിഷ്യനെ ശിക്ഷിക്കാനായി, അവന്റെ ഉള്ളം കൈയിലേക്ക് ചൂരല്‍ പ്രയോഗിക്കാന്‍ ഒരിങ്ങി നിന്ന ഗുരുവിനോട് അവന്‍ വിറച്ചു കൊണ്ട് പറഞ്ഞു," മൂന്നു ദിവസമായി ഒന്നും കഴിക്കാത്തതിനാല്‍ ഇന്നലെ വഴിയില്‍ തലകറങ്ങി വീണത്‌ കൊണ്ടാണ് സാര്‍ ക്ലാസ്സില്‍ വരാന്‍ കഴിയാത്തത് ". കക്കാടിന്റെ പ്രശസ്തമായ 'ശിഷ്യനായ ഗുരു' എന്ന കവിതയിലാണ് ഈ രംഗം. കേരളത്തിലെ വിദ്യാഭാസത്തെക്കുറിച്ചുള്ള ഒരു കാലത്തെ ചര്‍ച്ചകള്‍ മിക്കപ്പോഴും കറങ്ങിയിരുന്നത് ദാരിദ്രമെന്ന സാമൂഹിക ദുര്‍ഭൂതത്തെ ചുറ്റിയാണ്‌. 'കള്ളകുട്ടികള്‍ ഊണ് കഴിഞ്ഞു കയ്യ് മുഖത്ത് മണപ്പിക്കും' എന്ന് വൈലോപ്പിള്ളിയും, ഉച്ചയ്ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന ഈ അവസ്ഥയെ തീവ്രമായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നെയുള്ളത് ജാതീയവും മതപരവുമായ അസമത്വമാണ് . രണ്ടിലും പട്ടിണി കിടന്നും സ്കൂളിലെത്താനുള്ള, പഠിക്കാനുള്ള ദൃഡമനസ്സുകളുടെ ആവേശമാണ് ഉപസംഹാരത്തില്‍. അങ്ങിനെ പഠിച്ച് സമൂഹത്തിന്റെ ഉന്നത നിലയിലെതിയവര്‍, നിസ്വജനങ്ങളുടെ പ്രതീക്ഷയായിരുന്നവര്‍ അവരെ ചുറ്റിയുള്ള അപദാനങ്ങള്‍ ഇവ സത്യത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലനില്പിന്റെ തന്നെ അക്കാലത്തെ ഊര്‍ജംആയിരുന്നു.

പട്ടിണി, വിശപ്പ്‌ എന്നീ ആശയങ്ങളെ ഇന്നത്തെ ഒരു ക്ലാസ് മുറിയില്‍ അവതരിപ്പിക്കുമ്പോഴുള്ള വിമ്മിട്ടം സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെത് മാത്രമായി ചുരുക്കണോ? ഇവ ഒരു അനുഭവം എന്ന നിലയില്‍ വരാത്ത സമൂഹം തീര്‍ച്ചയായും നല്ലത് തന്നെ. എങ്കിലും കേരളീയ സമൂഹം നിരവധി സങ്കീര്‍ണപ്രക്രിയകളിലൂടെ, സാമൂഹിക മുന്നേറ്റങ്ങളിലൂടെ മറികടന്ന ഒരു അവസ്ഥ എന്ന നിലയിലെങ്കിലും ഇവയെ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കഴിയേണ്ടതല്ലേ. ഈ ആലോചനകള്‍, ആഹാരത്തിനു ഒരു പ്രയാസവുമില്ലെങ്കിലും ഒന്നും കഴിക്കാതിരിക്കുന്നത് ഫാഷനാകുന്ന പുതിയ കാലത്തിന്റെ രീതി കണ്ട്‌ അമ്പരക്കുമ്പോള്‍ ഉണ്ടായതാണ്.

ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സ്കൂളില്‍ എത്തിച്ചേരുന്ന കുട്ടികളില്‍ തൊണ്ണൂറുശതമാനം പേരും കേരളത്തില്‍ ഹയര്‍ സെക്കണ്ടറിവരെ എത്തിച്ചേരുന്നു എന്നാണ് കണക്ക്‌. ദേശീയ ശരാശരി ഇത് നല്പത്തില്‍ താഴെയാണ്. (www.education.nic.in: gross enrolment rate for elementary education in 2007-8 was 85 percent, but for secondary education, the enrolment figure stood at 39 percent). മുണ്ട് എത്ര മുറുക്കിയുടുത്തും മക്കള്‍ക്ക്‌ പഠനത്തിനാവശ്യമായ സര്‍വ സൌകര്യങ്ങളും ഒരുക്കാന്‍ കേരളത്തിലെ രക്ഷകര്‍താക്കളെ ഇന്ന് ആരും ഉപദേശിക്കേണ്ട. ഫീസും, പുസ്തകവും മാത്രമല്ല ഏറ്റവും പുതിയ ഫാഷനിലുള്ള ബാഗുകളും മൊബൈല്‍ ഫോണുകളും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍തികളുടെ പക്കല്‍ വരെ ഇന്നുണ്ട്. സാമ്പത്തികമായ വിവേചനത്തിന് ഇരയാകുന്നവര്‍ മിക്കവാറും ആദിവാസികളും ദളിതരും മാത്രമാകും.( ഇത് ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു വിഷയമാണ് ) ശേഷിക്കുന്ന മഹാഭൂരിപക്ഷത്തിനും വിശന്ന വയറുമായി ക്ലാസില്‍ വന്നിരിക്കേണ്ട ഒരവസ്ഥയുമില്ല. എന്നിട്ടും ചോദിച്ചുനോക്കിയാല്‍ അറിയാം രാവിലത്തെ ഭക്ഷണം കഴിക്കാതെ വരുന്നവര്‍, ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ട് വരാത്തവര്‍ നമ്മുടെ ക്ലാസില്‍ എത്രയുണ്ടെന്ന്.

ക്ലാസ് PTA വിളിക്കുമ്പോള്‍ കുട്ടികള്‍ ആഹാരം കഴിക്കാത്തതിനെക്കുറിച്ച് അധ്യാപകരോട് രക്ഷിതാക്കള്‍ പരാതി പറയുന്നു. ഒന്നാം പിരിയേട്‌ തന്നെ ഡെസ്കില്‍ തലവെച്ചു കിടക്കുന്നതെന്തിനെന്നു മാഷും അതിശയം കൂറുന്നു. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളാണ് ഭക്ഷണത്തോടുള്ള വിരക്തിയായി തെളിയുന്നതെന്നാണ് ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ ഒരു കൌണ്‍‍സിലിങ്ങില്‍ കണ്ടെത്തിയത്. (എന്നാല്‍ ചെറിയ കുട്ടികളില്‍ തന്നെ ഈ സ്വഭാവം എന്നെത്തെക്കാളും അധികം ശക്തമാണെന്ന് ഓരോരുത്തര്‍ക്കും അനുഭവം.)
ഭക്ഷണത്തോട് സെക്കണ്ടറി /ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ കാണിക്കുന്ന വിരക്തി സവിശേഷമായി പഠിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. സ്വന്തം ശരീരത്തെ പറ്റിയുള്ള ശാസ്ത്രീയമായ ബോധം വികസിച്ചു വരേണ്ട, ചിന്തയുടെ തെളിച്ചം മിഥ്യാ ബോധത്തിന്റെ കടയ്കല്‍ തീവെക്കെണ്ടുന്ന സുപ്രധാനമായ ഒരു ഘട്ടമാണിത്. ആഹാരത്തിന്റെ ശാസ്ത്രീയമായ പ്രയോജനത്തെക്കുറിച്ച് ചെറു ക്ലാസുകളില്‍ വെച്ചേ പഠിച്ചു വന്നവരാവര്‍‍. എന്നിട്ടും സ്വന്തം കാര്യത്തിലെത്തുമ്പോള്‍ ഏട്ടിലെ പശു ഒന്നും തിന്നാത്തതെന്ത്? നിലനില്‍ക്കുന്ന, പഠനം എന്ന തികച്ചും പ്രകൃതി വിരുദ്ധവും ശരീര വിരുദ്ധവും ആയ ഒരേര്‍പ്പാടാണ് ഇക്കൂട്ടത്തിലെ ഒന്നാം പ്രതി. ഭക്ഷണത്തെ അറിഞ്ഞ്, ആസ്വദിച്ച് കഴിക്കാനുള്ള ഒരു മനസ്സ് അവരില്‍ നിന്നും തട്ടിപ്പറിക്കുന്നത് അധ്യാപകരും രക്ഷിതാക്കളും തന്നെയാണ്. പഠനത്തിന്റെയും പരീക്ഷയുടെയും കെട്ടിത്തൂക്കിയ വാളിന്റെ ചുവട്ടിലിരുന്നാണ് അവര്‍ വല്ലവിധവും രണ്ടു വറ്റ് വാരിത്തിന്നുന്നത്. നാളെ ചെയ്തു തീര്‍ക്കേണ്ട അസ്സൈന്മെന്റുകള്‍, കാണിക്കേണ്ട റിക്കാര്‍ഡുകള്‍, എഴുതേണ്ട പരീക്ഷകള്‍ ഇവയാണ് അവരുടെ തൊണ്ടയിലെ വെള്ളം പ്രധാനമായും വറ്റിക്കുന്നത്. ഇത്രമാത്രം ടെൻഷനടിച്ചും, സ്വശരീരത്തെപ്പോലും പീഡിപ്പിച്ചും ആ൪ജിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം എന്ന ഈ ഏര്‍പ്പാട്.

മിക്ക ഹയര്‍ സെക്കന്ററി സ്കൂളിലും ക്ലാസ്സുകള്‍ ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. ഏറ്റവും മികച്ചതെന്നു കേള്‍വികേട്ട സ്കൂളുകള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള കിലോമീറ്ററുകള്‍ നീളുന്ന യാത്ര രക്ഷിതാക്കള്‍ക്കും ആദ്യപരിഗണനാ വിഷയമല്ല. സ്കൂള്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുകള്‍ കൂടി ആവുമ്പോള്‍, പഠനത്തിനായുള്ള പെടാപ്പാട് ആരംഭിക്കുന്നത് രാവിലെ 7 മണി മുതലാവുന്നു. പുലര്‍കാല ട്യൂഷന്‍ കൂടിയാവുമ്പോള്‍ 5 മണിക്കിങ്ങുന്നവരുമുണ്ട്. എന്തായാലും സ്കൂളില്‍ 9 മണിയ്ക്ക് എത്തിയില്ലെങ്കില്‍ ആദ്യം ഡിസിപ്ലിന്‍ കമ്മിറ്റി നേതാക്കള്‍, തുടര്‍ന്ന് ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവരുടെ കമന്റുകള്‍, വിചാരണ, ഭീഷണി ആദിയായവ നേരിടുമ്പോഴേക്കും ഒരുവിധപ്പെട്ടവരെല്ലാം സ്വന്തം വിധിയെ ആത്മാര്‍ഥമായും ശപിച്ചിരിക്കും. രാവിലെ തന്നെയുള്ള ഈ അപമാനത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ഓരോ കുട്ടിയുടെയും സ്കൂളിനെ കുറിച്ചുള്ള ആദ്യത്തെ പരിഗണന. ഒന്നാം പിരിയേഡുതന്നെ മുഴുവന്‍ അധ്യാപകരുടെയും നോട്ടപ്പുള്ളിയായി ക്ലാസ്സിനു വെളിയില്‍ നില്‍ക്കേണ്ടിവരുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? പ്രഭാത ഭക്ഷണം പോയിട്ട് പ്രഭാത കൃത്യങ്ങള്‍ പോലും അവരുടെ പ്രഥമ പരിഗണനയല്ല. ഈ ക്രൂര വിചാരണ ഒഴിവാക്കുകയാണ് ഏറ്റവും മുന്തിയകാര്യം. ഈ ഓട്ടത്തിനിടയില്‍ രാവിലെത്തെയും ഉച്ചയ്ക്കെയും ഭക്ഷണം മിക്കപ്പോഴും കഴിക്കാതെയും എടുക്കാതെയും ആണ് കുറേപ്പേരെങ്കിലും വരുന്നത്.

പഠനത്തെയും സ്കൂളിലെത്താനുള്ള സംഘര്‍ഷത്തെയും കൂടാതെ ഒരു ഫാഷനായും ആഹാരം കഴിക്കതിരിക്കുന്ന കുട്ടികളുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്. അവരുടെ റോള്‍ മോഡലുകള്‍ ഐശ്വര്യാ റായിയെപ്പോലുള്ള സ്ലിംബ്യൂട്ടികള്‍. അതുപോലെ തന്നെ ജങ്ക് ഫുഡ്ഡുകള്‍, കൃത്രിമ പാക്കെറ്റ് ഫുഡ്ഡുകള്‍, ഫാസ്റ്റ് ഫുഡ്ഡുകള്‍ ഇവയെ സ്റ്റാറ്റസ് ചിഹ്നങ്ങളായി കാണുന്ന പ്രവണതയും ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരത്തില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ പിറകിലോട്ടു വലിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ സമര്‍പ്പണമാണ്‌ ചിന്തയുടെയും ഏകാഗ്രതയുടെയും അടിസ്ഥാനമെന്ന് തിരിച്ചറിയുക, അതിനു ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും അറിയുകയും ആസ്വദിക്കുകയും ചെയ്യുക - ഇതെല്ലം പ്രധാനമെന്ന് ആരാണ് അവരെ ബോധ്യപ്പെടുത്തുക. ആരോഗ്യത്തെക്കുറിച്ചുള്ള ശരിയും ശാസ്ത്രീയവുമായ പാഠങ്ങള്‍ പരീക്ഷയ്ക്കായല്ലാതെ എന്തുകൊണ്ടാണ് അവരുടെ ജീവിത പാമാക്കാന്‍ സുവോളജിയും ബോട്ടണിയും മാറിമാറി പഠിപ്പിച്ചിട്ടും നമുക്ക് കഴിയുന്നില്ല. ശരീരത്തിന്റെ ഈ ഘട്ടത്തിലുള്ള ശ്രദ്ധ ഭാവിയില്‍ ഏതു പ്രതിസന്ധിഘട്ടത്തിലും തുണയാകും എന്നതാണ് ഓരോ ദിവസത്തെയും ആദ്യപാവും അവസാനപാവും ആകേണ്ടത്. 'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്നത് ഒരു പഴകിയ മന്ത്രം മാത്രമല്ല സ്കൂള്‍ അന്തരീക്ഷത്തിലെ സുപ്രധാനമായ ശീലമാക്കാന്‍ ആദ്യം ചുവടുകള്‍ വെക്കേണ്ടത് അധ്യാപകര്‍തന്നെയാണ്.

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

കൈ കഴയ്‌ക്കുന്ന പ്രതിജ്ഞകള്‍




നമ്മുടെ സുരക്ഷ

ആകസ്‌മികമായി വന്നു ഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌.
തട്ടെക്കാടും ഇരിക്കൂറിനടുത്ത പെരുമന്നിലും ഇടനാടും അരീക്കോടും ഒക്കെ സംഭവിച്ച ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ ഇവിടെ സ്‌മരിക്കുന്നു.
ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ്‌ കരുതല്‍ നടപടികള്‍ എടുക്കുന്നതിനു വിദ്യാര്‍ഥി സമൂഹം പ്രപ്‌തരാകേണ്ടാതാണെന്ന്‌ നാം മനസ്സിലാക്കുന്നു.
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്‌ എങ്ങിനെയെന്ന്‌ സുരക്ഷാ സമിതി വഴി പഠിക്കുമെന്നും അധ്യാപകരുടെ സഹായത്തോടെ അത്‌ നടപ്പിലാക്കുമെന്നും ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു.
ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ നമ്മുടെ സുരക്ഷാ സമിതിയില്‍ പ്രവര്‍ത്തിച്ച്‌ ഞാന്‍ പ്രപ്‌തനാകുമെന്നു ദൃഢനിശ്ചയം ചെയ്യുന്നു.
ഭാവി സമൂഹത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ സഹായത്തിനായി ഞാനുമുണ്ടാകുമെന്ന്‌ ഉറച്ച മനസ്സോടെ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.


ഈയിടെ സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച്‌ കേരളത്തിലെ പൊതു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഏറ്റുചൊല്ലിയ
പ്രതിജ്ഞയാണിത്‌. ഇത്തരം ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട്‌ ഏറ്റുചൊല്ലിക്കാന്‍ തീരുമാനിക്കുന്നവര്‍ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌ എന്തൊക്കെയാവും. അറുപതു ലക്ഷത്തോളം കുട്ടികളുടെ ഇരുപത്‌ മിനുറ്റ്‌ പഠന സമയം അപഹരിച്ചാണ്‌ ( 60,0000 x 20 = 1,20,00000 മിനുറ്റ്‌ = 2,00000 മണിക്കൂര്‍ ) ഈ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി തീര്‍ത്തത്‌. ഒരു വര്‍ഷം ചുരുങ്ങിയത്‌ ഇത്തരം ആറോ ഏഴോ പ്രതിജ്ഞകള്‍ പൊള്ളുന്ന വെയിലത്തും ചാറ്റല്‍ മഴയത്തും നിന്ന്‌ ഹതഭാഗ്യരായ പോതുവിദ്യലയങ്ങളിലെ കുഞ്ഞുങ്ങള്‍ ചൊല്ലി തീര്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം പ്രതിജ്ഞകളുടെ ആശയ ഭാരമോ സമയ നഷ്ടമോ ഒന്നും ബാധിക്കാത്ത 'മിടുക്കര്‍', അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഈ സമയത്ത്‌ എഴുത്തും വായനയുമായി കഴിയുന്നു. ഇത്‌ വലിയ കാര്യമായതുകൊണ്ടാല്ല, മറിച്ച്‌ ഓരോ ചുവടിലും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിന്റെ ആഴം ഇവിടെയും പ്രതിഫലിക്കുന്നത്‌ കണ്ടുള്ള അമ്പരപ്പാണ്‌.

വലുതു കൈ ചുരുട്ടിയോ ചുരുട്ടതെയോ ഉയര്‍ത്തി നീട്ടിപ്പിടിച്ചാണ്‌ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലേണ്ടത്‌. ഒരുമാതിരിപ്പെട്ടവരുടെ കൈ രണ്ടോ മൂന്നോ നിമിഷം കഴിയുമ്പോള്‍ തന്നെ കഴയും. പിന്നെയാണ്‌ തമാശ. നീട്ടിപ്പിടിച്ച കൈ മുന്നിലെ കുട്ടിയുടെ ചുമലില്‍ താങ്ങിയും ഇടതു കൈകൊണ്ട്‌ വലതുകൈക്ക്‌ താങ്ങ്‌ കൊടുത്തും അവര്‍ പ്രതിജ്ഞ ആസ്വദിക്കാന്‍ തുടങ്ങും. അടക്കിപ്പിടിച്ച ചിരി ഏതു നിമിഷവും പൊട്ടാം. ഓരോരാളും മറ്റുള്ളവരെ ശ്രദ്ധിച്ച്‌, ചിരിയടക്കാന്‍ പാടുപെടും.

രണ്ടു ഗൌരവപ്പെട്ട കാര്യങ്ങള്‍ ഇതില്‍ ആലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു.. ഒന്ന്‌ സ്‌കൂള്‍ അസ്സംബ്ലികളുടെ നടത്തിപ്പ്‌.
രണ്ട്‌. അര്‍്‌ത്ഥമറിയാതെ ചൊല്ലുന്ന പ്രതിജ്ഞകള്‍.

സ്‌കൂള്‍ പിന്തുടരുന്നത്‌ അതാതുകാലത്തെ അധികാര ഘടനയെയാണ്‌. ഏകാധിപത്യത്തിന്റെ നാളുകളില്‍ എകശാസനനായ ഒരു മാഷുടെ തിരുവായ്‌ക്‌ മുന്നില്‍ എതിര്‍്‌ വായില്ലാതെ അടിമകളായ കുഞ്ഞുങ്ങള്‍ നിലം മുട്ടെ താണ്‌ തൊഴുതു. ശിഷ്യരുടെ ശരീരവും മനസ്സും തന്റെ അധികാരത്തിന്റെ പ്രയോഗസ്ഥലിയാക്കാന്‍ അധികാരി ഒട്ടും മടികാണിച്ചിട്ടില്ല. ഈ ഭീഷണി മുഴക്കാന്‍ ഏറ്റവും ഉചിതമായ ഒരിടം അസ്സംബ്ലിയായിരുന്നു. അവിടം പട്ടാളചിട്ടകളുടെ പരേഡ്‌ ഗ്രൗണ്ടായിരുന്നു. ചുവടുവെപ്പുകളും സല്യൂട്ടടികളും അറ്റന്‍ഷനും സ്‌റ്റാന്ററ്റീസും മറ്റുമായി ഒരു കൊച്ചു പട്ടാള ബാരക്ക്‌. ശ്വാസം വിടാതെ അവിടെ നിന്ന്‌ അന്ന്‌ കേട്ട ഉപദേശങ്ങള്‍ എവിടെപ്പോയി എന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു നോക്കേണ്ടതാണ്‌. വായിക്കു തോന്നുന്നത്‌ കോതയ്‌ക്ക്‌ പാട്ടെന്ന ഈണത്തില്‍ ഒന്നാം സ്ഥാനക്കാരും (അതുതനെ മിക്കയിടത്തും രണ്ടാണ്‌; ഹെഡും പ്രിന്‍സിയും) അതിലും ഭീകരരായ രണ്ടാം സ്ഥാനക്കാരും മത്സരിച്‌ ഉപദേശിക്കുന്ന ഈ സംഗതി കുട്ടികളില്‍ ഉണ്ടാക്കുന്ന ബോറ്‌ എത്രയെന്നു കണ്ടെത്തണമെങ്കില്‍ അതിനെ ക്ലാസ്‌ റൂമിലെ ഉപദേശത്തോട്‌ താരതമ്യം ചെയ്യണം. ആദ്യതെതില്‍ വെയിലിന്റെ ശല്യവും ഉണ്ടെന്നുമാത്രം. രണ്ടും കൊടും ക്രൂരതകള്‍.

അസ്സംബ്ലി, കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ഉത്തരവുകള്‍ക്ക്‌ ശേഷവും ആരാലും പരിഗണിക്കപ്പെടാതെ പോവുന്നു. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ ഓടിയെത്തുന്ന കുട്ടികള്‍ ഇരുപത്‌ മിനിട്ടോളം അനങ്ങാതെ വെയിലത്ത്‌ നിന്ന്‌ തല കറങ്ങി വീഴുന്നു. അറ്റന്‌ഷനിലും സ്‌ടാണ്ടടീസിലും ശ്വാസം മുട്ടുമ്പോള്‍ ബോധത്തിന്റെ അവസാനത്തെ വെളിച്ചത്തെപ്പോലും അണക്കും മാഷന്മാരുടെ ഗിരി പ്രഭാഷണങ്ങള്‍. അസ്സംബ്ലിയില്‍ വീഴുന്നവരെ താങ്ങി എടുക്കാന്‍ പ്രത്യേകം ചുമതല നല്‍കുന്ന സ്‌കൂളുകളും ഉണ്ട്‌. ഒന്നനങ്ങിയ്യാല്‍ പി.ടി. മാഷുടെ ചൂരല്‍ പുറത്തു വീഴും. എന്നിട്ടും അസ്സംബ്ലിയില്‍ ഡിസിപ്ലിന്‍ പോര എന്നാണ്‌ മിക്ക മാഷന്മാരുടെയും പരാതി.

അസ്സംബ്ലിയുടെ എണ്ണമാണ്‌ സ്‌കൂള്‍ ഡിസിപ്ലിന്റെ അടിരേഖ എന്ന്‌ ധരിച്ചു വശായ സ്‌കൂള്‍ അധികാരികള്‍ എത്ര? സ്‌കൂള്‍ നടത്തിപ്പിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളെ നേരാം വണ്ണം തിരിച്ചറിയാന്‍ ഇതില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്ന്‌ പരിശോധിച്ചിട്ടുണ്ടോ? ക്ലാസില്‍ പോയി പറയാന്‍ പണിയായതുകൊണ്ട്‌, പ്യൂണ്‍ നോട്ടീസും കൊണ്ട്‌ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കതതുകൊണ്ട്‌ ഉടന്‍ വിളിക്കുന്നു അസ്സംബ്ലി. ണിം..., ണിം...., ണിം.....
അസംബ്ലിയിലെ തന്നെ ഏറ്റവും 'ക്രൂരവും പൈശാചികവും' അയ ചടങ്ങ്‌ പ്രതിജ്ഞ യാണ്‌. സ്ഥിരം പ്രതിജ്ഞക്ക്‌ പുറമേ അപ്പപ്പോള്‍ തോന്നുന്ന ഉള്‍വിളിക്കനുസരിച്‌ പടച്ചു വിടുന്ന സാധനങ്ങളുമുണ്ട്‌.അവയിലെ ഭാഷ, ആശയം തൊട്ടു അത്തരം സാധനങ്ങള്‍ ഏറ്റു ചൊല്ലിക്കുന്നതിലെ അധികാര ഘടനവരെ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്‌. ആരുടെ നാവായാണ്‌ ഒരേ സമയം അറുപതു ലക്ഷം പേര്‍ 'ഹെയ്‌ ഹിറ്റ്‌ലര്‍' വിളിക്കുന്നത്‌. സുരക്ഷയെക്കുറിച്ചും പൊതുമുതല്‍ നശിപ്പിക്കുന്നതിനെക്കുറിച്ചും കായികക്ഷമതെയെക്കുറിച്ചും ഇങ്ങനെ തന്നെ വേണോ കുട്ടികളെ ബോധവാന്മാരാക്കാന്‍. മറിച്ച്‌ ഇത്തരം കാര്യങ്ങളെ ക്കുറിച്ച്‌ ചര്‍ച്ചചെയ്യാനും തങ്ങളുടെ ചിന്തകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്ന ഒരു രീതിയല്ലേ വേണ്ടത്‌. അപ്പോഴാണ്‌ സുരക്ഷയുടെയും പൊതുമുതല്‍ സംരക്ഷിക്കുന്നതിന്റെയും ചില അടിസ്ഥാന പാഠങ്ങള്‍ കുട്ടികള്‍ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുക.

വിമര്‍ശനാത്മക പഠനം അടിസ്ഥാന സമീപനമായി സ്വീകരിച്ച ഒരു പാഠ്യപദ്ധതിയാണ്‌ നമ്മുടേത്‌ എന്നാണ്‌ വീമ്പുപറച്ചില്‍. വിമര്‍ശനം പോയിട്ട്‌ തുമ്മാന്‍ പോലും അനുവദിക്കാത്ത അച്ചടക്കമാണ്‌ മറ്റൊരിടത്ത്‌ പഥ്യം. പാഠ്യപദ്ധതിയുടെ അന്തസത്തയെ തന്നെ കെടുത്തുന്ന ഇത്തരം ഒരിടപെടലും വകുപ്പ്‌ മേലധ്യക്ഷന്മാരുടെ പക്കല്‍നിന്നു ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌.കുട്ടികളെ ഏറ്റുചൊല്ലിക്കാന്‍ മാത്രമുള്ള ആട്ടിന്‍ കൂട്ടമായി കാണുന്ന സമീപനം കാലത്തിനു നിരക്കാത്തതാണ്‌.

സമീപനത്തിലെ ശരിയും നടത്തിപ്പിലെ ആത്മാര്‍ഥതയുമാണ്‌ ഒരു കാര്യത്തെ നെഞ്ചിലേറ്റാന്‍ ആരെയും പ്രേരിപ്പിക്കുന്നത്‌; കുട്ടികളുടെ കാര്യത്തിലായാലും മുതിര്‍ന്നവരുടെ കാര്യത്തിലായാലും. മൊത്തം സമൂഹത്തെ പരിഹസിച്ചു കൊണ്ട്‌, മോക്ഷത്തിലേക്കുള്ള വഴി കാണിക്കലാണെങ്കിലും അത്‌ നടത്തുന്നത്‌ അങ്ങേയറ്റം വൃത്തികേടാണ്‌. സമൂഹത്തിന്റെ ഉത്തരവാദിത്വക്കുറവു കൊണ്ട്‌ മാത്രം നടക്കുന്ന ദുരന്തങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ പാവം കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്ന മേല്‍ക്കൊടുത്ത പ്രതിജ്ഞ ശ്രദ്ധിച്ചില്ലേ? ദുരന്തങ്ങള്‍ കുറച്ചുകൊണ്ട്‌ വരുന്നതിനുള്ള എന്ത്‌ ആത്മാര്‍ഥമായ നടപടി യാണ്‌ അവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യുന്നത്‌ . ഏറ്റവും എളുപ്പം അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കു മാത്രമാണെന്നും ഇനി മുതല്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു ശ്രദ്ധക്കുറവും ഉണ്ടാകരുതെന്നും ഭീഷണിപ്പെടുത്തുകയാണ്‌. അത്‌ ഏറ്റു പറയിക്കുമ്പോള്‍ പ്രതിക്കൂട്ടിലിരുന്നു ചിലര്‍ക്ക്‌ ആര്‍ത്തുചിരിക്കാം. ഇതാ ഞങ്ങളുടെ കൈകള്‍ ഭദ്രം. കുറ്റവാളികള്‍ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുന്നു. പക്ഷെ അവര്‍ കുട്ടികളായതുകൊണ്ട്‌ ശിക്ഷ വെയിലത്തെ ഏറ്റുപറച്ചിലില്‍ ഒതുക്കാം.

പ്രതിജ്ഞയെന്നത് ഒരു ആശയത്തോട് ജീവന്‍ നല്‍കിയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു മനോഭാവത്തിന്റെ പ്രത്യക്ഷീകരമാണ്. രക്തത്തില്‍ മുക്കിയും അഗ്നിക്കുമേലെ കൈവച്ചും ഏറ്റെടുത്ത ഉത്തരവാദിത്വമാണ് അതിന്റെ കാതല്‍. എന്നാല്‍ രാഷ്ട്രത്തിന്റെ ഭരണകര്‍ത്താക്കള്‍ മുതല്‍ കൊണ്ടാടപ്പെടുന്ന സെലിബ്രിറ്റികള്‍ വരെ ചൊല്ലുന്ന പ്രതിജ്ഞകളെ കൈകള്‍ താഴ്തുന്നതിനു മുമ്പേ കുടഞ്ഞു കളയുന്നതാണ് നമ്മുടെ അനുഭവ സാക്ഷ്യം. പ്രതിജ്ഞയെന്ന പദത്തിന്റെ അര്‍ത്ഥത്തെപ്പോലും അതിന്റെ സത്യത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ് ഇന്ന്. അര്‍ത്ഥത്തെ അതിന്റെ അടിസ്ഥാനമായ വാക്കുകളില്‍ നിന്നും വേര്‍പെടുത്തുന്ന ശ്രമകരമായ ദൌത്യമാണ് സമൂഹത്തിന്റെ ആഘോഷപ്പൂമുഖങ്ങളില്‍ നിന്നും ഉയരുന്നത്. വാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തൊടാതെ ഉച്ചരിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഗൌരവപൂര്‍വ്വം, വിനയപൂര്‍വ്വം ഉച്ചരിച്ചിരുന്ന വാക്കുകള്‍ ആളുകള്‍ സോപ്പുപതയില്‍ നിന്നും ഉണ്ടാക്കുന്ന കുമിളകള്‍ പോലെ നിസ്സാരമായി പറത്തിവിട്ടുകൊണ്ടിരിക്കുകയാണ്. വിരസമായ കൈകള്‍ നിവര്‍ത്തുമ്പോള്‍ കവിതകളിലെ മനോഹര പദങ്ങളില്‍ നിന്ന് പോലും അവയുടെ സ്വര്‍ഗീയമായ വിശുദ്ധിയുള്ള അര്‍ത്ഥങ്ങള്‍ പറന്നുപോകും. ജീര്‍ണപട്ടാളകംസമനസ്സുകള്‍ക്ക് തച്ചുടക്കാനോ മലിനമാക്കാനോ അവ നിന്ന് തരികയുമില്ല. പിന്നെയല്ലേ ഏറ്റുചോല്ലിക്കാനായി മാത്രം വളച്ചൊടിച്ചും ഒട്ടിച്ചുചെര്‍ത്തും അര്‍ത്ഥമുണ്ടാക്കുന്ന പ്രതിജ്ഞകള്‍ കുട്ടികളുടെ മനസ്സില്‍കുടിയേറാന്‍. വഗര്‍ത്ഥങ്ങള്‍ നിലവിളിച്ചു കൊണ്ട് രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്ന ഭീകരമായ ഓപ്പറേഷന്‍ ടേബിളുകള്‍ കൂടിയാണ് നമ്മുടെ അസംബ്ലികള്‍.

പ്രതിജ്ഞ, അതാവശ്യപ്പെടുന്ന ധൈര്യവും ഉത്തരവാദിത്വ ബോധവും കടമയുമെല്ലാം വെട്ടി മാറ്റി സമൂഹമെന്ന തയ്യല്‍ക്കാരന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ഒരു പാവം പദം. അതിന്റെ വലിപ്പവും മിനുപ്പും കണ്ട് ചിലര്‍ ഇപ്പോഴും അതെടുത്ത് ഉയര്‍ത്തുന്നു. സത്യത്തില്‍ അപ്പോഴുണ്ടാകുന്ന പൊടിയും ശ്വാസംമുട്ടലും കൊണ്ട് കുറേപ്പേര്‍ തല കറങ്ങി വീഴുന്നുണ്ടെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണംസാര്‍.


2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചരടറ്റത്തെ കോമാളിപ്പാവകള്‍

മാതൃഭുമിയില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.




ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ്‌ ലിയോ ടോള്‍സ്റ്റോയ്‌ തന്റെ വിഖ്യാതഗ്രന്ഥം `എന്താണ്‌ കല' ആരംഭിക്കുന്നത്‌. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌ത്‌, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച്‌ തലതാഴ്‌ത്തിനില്‌കുന്നു. തന്റെ പ്രസക്തമായ ചോദ്യം ഉന്നയിക്കാന്‍ ടോള്‍സ്റ്റോയ്‌ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമാണിത്‌. ``ഈ പാടെല്ലാം പെടുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌? ഇതിന്‌ ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമോ?'' കല മുന്നോട്ട്‌ വെക്കുന്ന ആനന്ദമോ സരളതയോ അല്ല ഒരു സാധാരണ ഓപ്പറയുടെ റിഹേഴ്‌സലില്‍പ്പോലും കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ്‌ `കല എന്തെന്ന' അത്യന്തം ലളിതവും നിശിതവുമായ ചോദ്യത്തിലേക്കും തുടര്‍ന്ന്‌ തന്റെതടക്കമുള്ള വിഖ്യാതരചനകള്‍ വെറും കലാഭാസം മാത്രമാണെന്നുള്ള കണ്ടെത്തലിലേക്കും അദ്ദേഹം ചെന്നെത്തുന്നത്‌. എങ്കില്‍ കലയുടെ പേരില്‍ നമ്മുടെ സ്‌കൂള്‍കലോത്സവങ്ങള്‍ക്കു പിറകില്‍ നടക്കുന്ന സമാനതകളില്ലാത്ത സംഘര്‍ഷങ്ങളുടേയും കാപട്യങ്ങളുടേയും കഥയറിയുമ്പോള്‍ എന്തെന്ത്‌ കടുത്തതീരുമാനങ്ങള്‍ നിങ്ങളില്‍ നിന്ന്‌ ഉണ്ടാകില്ല!

കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്‌ക്കല്‍ വേദികള്‍ എന്ന നിലയ്‌ക്ക്‌ യുവജനോത്സങ്ങള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ട്‌? വിദ്യാഭ്യാസ ലക്ഷ്യങ്ങളേയും രീതികളേയും കുറിച്ച്‌ ഇന്ന്‌ നാം മുന്നോട്ട്‌ വെക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ എത്രമാത്രം വിരുദ്ധമായാണ്‌ ഇതിന്റെ നടത്തിപ്പ്‌? യുവജനോത്സവ വേദികളിലും അതിന്റെ തയ്യാറെടുപ്പുകളിലും കലയുടെ ഉത്‌കൃഷ്‌ടമായ മൂല്യങ്ങള്‍ തന്നെയാണോ തിളങ്ങിനില്‍ക്കുന്നത്‌? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
യുവജനോത്സവങ്ങള്‍ പേരും ചേരുവകളും മാറ്റി കേരളാസ്‌കൂള്‍ കലോത്സവം എന്ന പേരിലാണ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. പ്രൈമറി മുതല്‍ ഹയര്‍സൈക്കന്ററി വരെയുള്ള കുട്ടികളെയും, അറബിക്‌, സംസ്‌കൃതം മുതലായ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സരഇനങ്ങളേയും ഉള്‍പ്പെടുത്തി നേരത്തെ ഉള്ളതിനേക്കാള്‍ വിപുമായാണ്‌ ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തി വരുന്നത്‌.പേരല്ലാതെ സ്വഭാവത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല.

സ്‌കൂള്‍ തലംമുതലുള്ള കലോത്സവങ്ങളുടെ സംഘാടന രീതിയെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആര്‍ക്കും അത്‌ എത്രമാത്രം വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവും. കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരഇനങ്ങളുടെ ദൈര്‍ഘ്യമേറിയ പട്ടികയില്‍ കൃത്യമായ പരിശീലനമുള്ളവര്‍ക്കല്ലാതെ, ഒരു സാധാരണവിദ്യാര്‍ത്ഥിക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന എത്ര ഇനങ്ങളുണ്ട്‌? സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ കലോത്സവ പങ്കാളികള്‍ (കൃത്യമായ ആസൂത്രണത്തോടെ പങ്കെടുക്കുന്നവര്‍) അതുകൊണ്ടുതന്നെ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. മുഴുവന്‍ കുട്ടികളില്‍ നിന്നും ഭീമമായ തുകപിരിച്ചാണ്‌ ഈ മഹോത്സവം സ്‌കൂളില്‍ നടത്തപ്പെടുന്നതെന്നോര്‍ക്കണം. സ്‌കൂളിലെ എത്രയോ പഠനസമയം നഷ്‌ടപ്പെടുത്തിയാണ്‌ ഇതിന്റെ സംഘാടനം. സ്‌കൂള്‍തലത്തില്‍ഹൗസ്‌ അടിസ്ഥാനത്തിലുള്ള മത്സരമായതുകൊണ്ട്‌, തങ്ങളുടെ ഹൗസുകളുടെ പേര്‌ മൈക്കിലുടെ ` ഭാവാത്മകമായി' അനൗണ്‍സ്‌ ചെയ്യുമ്പോള്‍ (മൈക്ക്‌ വിഴുങ്ങികളായ ചില അധ്യാപകരുടെ ഓളിയിടലുകള്‍ക്കില്‍ പോയിന്റ്‌ നില അനൗണ്‍സ്‌ ചെയ്യാനുള്ള പ്രത്യേകാവകാശം അക്കൊല്ലത്തെ കലോത്സവകണ്‍വീനര്‍ക്ക്‌ ആണ്‌) കയ്യടിക്കല്‍ മാത്രമായി കലോത്സവം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണകുട്ടികള്‍ക്കും, രണ്ടുദിവസം പഠിപ്പില്ലാത്തതിന്റെ സന്തോഷം മാത്രമാണ്‌ സ്‌കൂള്‍ കലോത്സവം. വൈകുന്നതിനുമുമ്പ്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്ന ഒറ്റലക്ഷ്യമേ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്ന അധ്യാപര്‍ക്കുമുള്ളൂ.



വിധി നിര്‍ണയമെന്ന നേരമ്പോക്ക്‌ :

കലോത്സവങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട തമാശകള്‍ അധ്യാപകര്‍ക്കിടയിലെ നേരംകൊല്ലി കഥകളിലെ മുഖ്യഇനമാണ്‌. സ്‌കൂള്‍ തലത്തിലെ വിധികര്‍ത്താക്കള്‍ അതത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്നകാലത്തൊരിക്കലും കലോത്സവേദികളുടെയോ കലാപ്രവര്‍ത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്ത പാവം പിടിച്ച അധ്യാപികമാരെയാണ്‌, അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ പോലും വിധികര്‍ത്താക്കളായി ഇരുത്തുന്നത്‌. (മിമിക്രി, മോണോ ആക്‌ട്‌, നാടകം, മൈം തുടങ്ങിയ ഇനങ്ങള്‍ക്ക്‌ നിലയവിദ്വാന്‍മാരായ ബു.ജികള്‍ ഇരിക്കാന്‍ അര്‍ദ്ധ സമ്മതം മൂളും) മിക്കവരും അബദ്ധത്തില്‍പ്പോലും അതുവരെ സ്റ്റേജില്‍ കയറിയവരായിരിക്കില്ല. (പി.ടി.എ യോഗത്തില്‍ സ്വാഗതം പറയുമ്പോള്‍ വിയര്‍ത്ത്‌ കളിച്ച്‌ വിക്കി വിക്കി ഒപ്പിച്ച ടിച്ചറാണ്‌ പ്രസംഗമത്സരത്തിന്റെ `ജഡ്‌ജ്‌'). ചില ഇനങ്ങളെക്കുറിച്ച്‌, നീന്തല്‍ പോസ്റ്റലായി പഠിച്ചപോലുള്ള വിവരമൊക്കെ ഉള്ള ആളുകള്‍ സ്‌കൂളിലില്ലെന്നല്ല. കുടുതല്‍ കുട്ടികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക്‌ ഇവരൊന്നും ഇരുന്നുതരില്ല!

സബ്‌ജില്ലാ, ജില്ലാതലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാര്‍ഗ്ഗംകളി ഏത്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയില്‍ വെച്ച്‌ ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ `വിദ്‌ഗധനിരയില്‍' ഉണ്ടാകും. (ഇപ്പോഴത്തെ പല പ്രഗത്ഭജഡ്‌ജികളും മിക്കഇനങ്ങളും ജഡ്‌ജായി ഇരുന്ന്‌ മാത്രം കണ്ട്‌ പരിചയിച്ചവരാണ്‌). മലയാള പദ്യരചനയ്‌ക്കുവന്ന പാവത്താന്‍ അറബി, ഉറുദു, കന്നട പദ്യങ്ങള്‍ക്കും~ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്‌ തുടങ്ങിയ ഇനങ്ങള്‍ക്കും മാര്‍ക്കിട്ടുവന്ന്‌ ക്ഷീണം തീര്‍ക്കുമ്പോഴാണ്‌ കണ്‍വീനറുടെ അടുത്ത തല ചൊറിയല്‍,``സര്‍, രണ്ട്‌ പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ''അധ്യാപകരായാല്‍ ഏതിനത്തിനും മാര്‍ക്കിടാം എന്ന്‌ ഉളുപ്പില്ലാത്ത ചിലര്‍ താന്‍ വിധിനിര്‍ണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ്‌ നെഞ്ചുവിരിച്ച്‌ പ്രഖ്യാപിക്കുന്ന കാഴ്‌ച സ്‌കൂളിലെ അരോചക ദൃശ്യങ്ങളില്‍ ഒന്നാണ്‌. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ്‌ സ്ഥിതി. എങ്ങിനേയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേര്‍ ആരായാലും പ്രശ്‌നമില്ല. മാര്‍ക്കിടാനും അത്യാവശ്യത്തിന്‌ റിസല്‍ട്ട്‌ പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ! പതിനായിരങ്ങള്‍ പരിശീലകനു ദക്ഷിണവെച്ച ്‌ വേദിയില്‍ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ മണ്ടന്‍മാരുടെ മുന്നിലാണ്‌ തങ്ങളുടെ പ്രകടനമെന്നത്‌. സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍പ്പോലുള്ള അടികലശലിലെത്താറുള്ള ആരോപണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

സ്വാഭിമാനമുള്ള ഒരു വിധക്കാരൊന്നും ഇപ്പോള്‍ ഈ പണിക്ക്‌ പോകാറില്ല. എന്നാല്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്ന കുറച്ചുപേരും ഉണ്ട്‌. ഏതെങ്കിലും ഒരു രംഗത്തുപോലും സാമാന്യമായ പ്രാഗത്ഭ്യം തെളിയിക്കാത്ത ഇക്കൂട്ടര്‍ നിരന്തരം ജഡ്‌ജിപ്പണി ചെയ്‌ത്‌ `തയക്കവും പയക്കവും' നേടിയവരാണ്‌. അവര്‍ ആധികാരികമായി, വിധിപ്രഖ്യാപനത്തോടൊപ്പം വിളമ്പുന്ന മണ്ടത്തരങ്ങള്‍ കുട്ടികളില്‍ കനത്ത തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നവയാണ്‌. ഇവിടേക്ക്‌ ഇവരെ വിളിക്കുന്ന സബ്‌ജില്ലാ/ജില്ലാ കണ്‍വീനര്‍മാര്‍ തിരിച്ച്‌ അവരുടെ സബ്‌ ജില്ലകളില്‍/ജില്ലകളില്‍ ജഡ്‌ജായിരിക്കുമെന്നത്‌ തീര്‍ച്ച. സദ്യയ്‌ക്കു ദേഹണ്ഡിക്കുന്നവര്‍ തായ്യാറാക്കി സൂക്ഷിച്ച ചാര്‍ത്തുപോലെ, താന്‍ വിധി നിര്‍ണയം നടത്തിവരുന്ന നാല്‌പതോളം ഇനങ്ങളുടെ അച്ചടിച്ച ചാര്‍ത്തുമായി എത്തുന്ന ചില വിദ്വാന്‍മാരും ഉണ്ട്‌. ഇത്തരക്കാര്‍ കലോത്സവ സംഘാടകരുടെ കണ്ണിലുണ്ണികളാണ്‌. ഏതിനത്തിനും ഇരുത്താം. ഏത്‌ ബ്ലാങ്ക്‌ വൗച്ചറിലും ഒപ്പിടീക്കാം.



പരിശീലകരാണ്‌ താരങ്ങള്‍:

കലാപരിശീലകരാണ്‌ ശരിക്കും യുവജനോത്സവത്തിന്റെ താരങ്ങള്‍. ഈ കാലയളവില്‍ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പര്‍ ഗുരുക്കന്മാരെക്കുറിച്ച്‌ വന്ന ഫീച്ചറുകള്‍ എത്ര! ഇപ്പോള്‍ ഔദ്യോഗിക തിലക പ്രതിഭാപ്പട്ടങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ പോയന്റെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കുമാത്രമല്ല; നേരത്തെ അന്തസ്സ്‌ കുറവായിരുന്ന പ്രസംഗം, പദ്യം ചൊല്ലല്‍, മോണോ ആകട്‌, മിമിക്രി തുടങ്ങിയവയ്‌ക്കുപോലും ഇന്ന്‌ പ്രൊഫഷണല്‍ പരിശീലകരുണ്ട്‌. പരിശീലകരോട്‌ ചേര്‍ന്നാണ്‌ എല്ലാ ഒന്നാംസമ്മാനക്കാരും ക്യാമറയുടെ മുന്നില്‍ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങള്‍പ്പോലും ഇപ്പോള്‍ കലോത്സവങ്ങളില്ല. കലോത്സവേദികളില്‍ ചൊല്ലാന്‍ മാത്രം എഴുതപ്പെടുന്ന കവിതകളും അവയുടെ ഘനഗംഭീരമായ ആലാപനങ്ങളും സി.ഡി.യില്‍ തയ്യാര്‍. രചനാമത്സരങ്ങളില്‍ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികര്‍ത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ്‌ പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം.
ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌ മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഷണല്‍ സ്‌പാര്‍ശമുള്ളത്‌; മുറുകിയത.്‌ താക്കോല്‍ കൊടുത്തു വിട്ട പാവകളെപ്പോലെ ഒരു ചുവട്‌ മാറാതെ അവര്‍ ആടിത്തിമിര്‍ക്കും; പാടിക്കുളിര്‍ക്കും. ഒരു സാക്ഷാത്‌കാരത്തെ കലായാക്കുന്നതിലെ അപൂര്‍വ്വത, കൈക്കാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്രകൂടി അത്‌ വഹിക്കുമ്പോഴാണ്‌. എന്നാല്‍ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തില്‍ നിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ സ്‌കൂള്‍ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌ ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ക്ക്‌ (തമിഴ്‌, കന്നട ഇവ മാതൃഭാഷയായുള്ളവര്‍ക്കുള്ള പദ്യപരായണം, വടക്കേ മലബാറിലെ അനുഷ്‌ഠാനകലാരൂപമായ പൂരക്കളി മുതലായവ), വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയുംപോലെ കൈയാങ്കളിവരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തില്‍ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്നപാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികള്‍ ഒന്നാംസ്ഥാനം നേടുന്നതും (അവരുടെ ഭാഷയില്‍ തുള്ളിക്കളി), ഒരിക്കല്‍ മത്സരിക്കാന്‍ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവതാരങ്ങളുടെ ഇഷ്‌ടഇനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളില്‍ ചിലതുമാത്രം. തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോള്‍, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവര്‍ വളര്‍ത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ്‌ വിറ്റുതിന്നുന്നതെന്ന്‌ ഇവര്‍ അറിയുന്നില്ല. ഓരോ കലാരൂപത്തിനും അതിന്റേതായ തുടക്കവും വളര്‍ച്ചയും സമാപനവും അവതരണത്തിലുണ്ടാവും കലോത്സവങ്ങള്‍ക്കാവശ്യം ഇതില്‍ നടുക്കഷണം മാത്രമാണ്‌. മുന്‍പിന്‍ ബന്ധമില്ലാത്തതും എന്നാല്‍ മാംസളവുമായ ഈ നടുക്കഷണമാണ്‌ ഒരു കലാരൂപമെന്ന നിലയില്‍, അത്‌ പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോള്‍ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങള്‍ക്ക്‌ പഥ്യം കുറയുകയും വിധികര്‍ത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകള്‍ക്കും താളങ്ങള്‍ക്കും രസങ്ങള്‍ക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല,സമ്മാനം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ കരാര്‍ പ്രകാരം ഉറപ്പിച്ച മുഴുവന്‍ തുകയും പരിശീലകന്‌ ലഭിക്കു.



കല സംഘാടനത്തിനുവേണ്ടി:

സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളില്‍ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാനയുവജനനോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും കലോത്സവ ഫണ്ട്‌ രണ്ടും മൂന്നും ലക്ഷം കഴിഞ്ഞിട്ടുണ്ടാവും. സ്‌കൂള്‍തലത്തില്‍ തന്നെ വിശാലമായ പന്തല്‍, ലൈറ്റ്‌& സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങള്‍, വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഇനങ്ങള്‍..മിക്ക സ്‌കൂളുകള്‍ക്കും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കുള്ളതുക ഇവിടെത്തന്നെ ചെലവാകും. ഓരോ രക്ഷകര്‍ത്താവും പരിശീലനത്തിനും മറ്റും ചെലവിടുന്ന പണം ഇതിനുപുറമെയാണ്‌. സബ്‌ജില്ലാ, ജില്ലാ യുവജനോത്സവങ്ങളുടെ ബഡ്‌ജറ്റ്‌ പത്ത്‌ ലക്ഷത്തിനടുത്തുവരും. സംസ്ഥാനയുവജനോത്സവത്തിന്‌ കോടിയിലധികവും. ഓരോ ഘട്ടത്തിലും, ഇത്‌ എന്തിനാണ്‌ ?ഇതിന്റെ പ്രയോജനമെന്താണ്‌ ?എന്നൊന്നും ആലോചിക്കാതെ അതതുപ്രദേശത്തെ ജനങ്ങള്‍ രാപ്പകല്‍ അധ്വാനിച്ചാണ്‌ കലോത്സവം ഗംഭീര വിജയമാക്കിത്തീര്‍ക്കുന്നത്‌. സ്‌കൂളില്‍ കലോത്സവ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്ന അധ്യാപകര്‍ക്ക്‌ നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര! ഗ്രൂപ്പ്‌ ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവംമടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകള്‍ നടക്കാറേയില്ല. ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളിലെ എല്ലാ സ്‌കൂള്‍ പ്രവര്‍ത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ്‌.

സംഘടാനമികവിന്റെ അടിസ്ഥാനത്തിലാണ്‌ സബ്‌ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന്‌ വിലയിരുത്തപ്പെടുന്നത്‌. സബ്‌ജില്ല മുതല്‍ വിവിധ സബ്‌കമ്മറ്റികളുടെ ചുമതല അധ്യാപകസംഘടനകള്‍ക്കാണ്‌. പ്രോംഗ്രാം, ദക്ഷണം എന്നീ അഭിമാനക്കമ്മറ്റികള്‍ പ്രബല അധ്യാപക സംഘടനകള്‍ വര്‍ഷതോറും വീതം വെക്കാറാണ്‌ പതിവ്‌. ശേഷിക്കുന്ന കമ്മറ്റികള്‍ ദുര്‍ബലവിഭാഗങ്ങള്‍ നോക്കിക്കൊള്ളും. ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട്‌ വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തില്‍ നിലനില്‌ക്കുന്ന ഈര്‍ക്കിലി സംഘടനകള്‍ക്ക്‌ ആളും അര്‍ത്ഥവും കുട്ടാനുള്ള സുവര്‍ണാവസരമാണ്‌ കലോത്സവ നടത്തിപ്പ്‌. കമ്മറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെയാണ്‌ പലപ്പോഴും ബാധിക്കാറുള്ളത്‌. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘടകമികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോള്‍ പലപ്പോഴും അയവില്ലാത്തതും കര്‍ക്കശവുമായ നിലപാടിലേക്ക്‌ അവര്‍ എത്തപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാള്‍ പ്രധാനം നിശ്ചയിച്ച സമയത്ത്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്നതാണ്‌, യോഗ്യരായ വിധികര്‍ത്താക്കളെകൊണ്ടു വരിക എന്നതിനുപകരം വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

കലോത്സവങ്ങളുടെ ഇര:

കലോത്സവങ്ങളെപ്പോലെ കുട്ടികളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളില്‍ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിതമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ,്‌ നിലനിന്നുപോന്നിരുന്ന മൂന്ന്‌ പരീക്ഷകളെ രണ്ടാക്കിചുരുക്കാന്‍ പോലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്‌. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഭീകരമായ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ പരീക്ഷപ്പേടി വെറും ഉമ്മാക്കി മാത്രം. കലോത്സവവേദിയുടെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതല്‍ കുട്ടി ഇതിന്‌ വിധേയനാണ്‌ വിധേയയാണ്‌. അക്കാദമിക്‌ മികവില്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗമാണ്‌, കുട്ടികളെ ഈ ബഢവാഗ്‌നിയിലേക്ക്‌ തള്ളിവിടുന്നത്‌. സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്ന പൊങ്ങച്ചം ഭാഗ്യമുണ്ടെങ്കില്‍ സംസ്ഥാന തലം വരെ കൊണ്ടുപോകാവുന്നതാണ്‌.

പക്കമേളക്കാരുടെ താന്‍ പോരിമയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും, മൈക്ക്‌ സെറ്റ്‌കാരന്റെ ലോക്കല്‍ പ്ലെയറില്‍ എപ്പോഴും നിന്നുപോകാവുന്ന സി.ഡി. നൃത്ത ഇനത്തിലെ കുട്ടിക്ക്‌ നല്‍ക്കുന്ന ഉത്‌കണ്‌ഠ വിവരണാധീതമാണ്‌. എത്രകഴിവുണ്ടെങ്കിലും സ്‌കൂളില്‍ത്തന്നെ പരിശീനം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പങ്കാളികളാവണമെങ്കില്‍ ഓരോ കുട്ടിയും നിശ്ചിതതുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രനായ ഒരു കുഞ്ഞ്‌ ഈ ഇനത്തില്‍പെട്ടുപോയിട്ടുണ്ടങ്കില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും സര്‍ക്കസ്സിലെ മൃഗശിക്ഷകന്‍മാരില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല. പത്ത്‌ രൂപ കുട്ടികളുടെ പരിപാടിക്കായി സംഭവന ചെയ്യണമെന്ന ചര്‍ച്ച സ്റ്റാഫ്‌ റൂമില്‍ എത്തിയാല്‍, `കാശുള്ളവരെ കുട്ടിയാല്‍മതി, ഇതൊന്നും സ്റ്റാഫിന്റെ ചുലതലയല്ലെന്ന്‌' എടുത്തടിക്കുന്ന സാറമ്മാരാണല്ലോ മിക്കയിടത്തും. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ നമ്മുടെ സ്‌കൂള്‍ കലോത്സവത്തില്‍ മുന്‍തൂക്കം എന്ന്‌ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തില്‍ എന്തായാലും അത്‌ കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദികള്‍ക്കുപിന്നിലും പ്രോംഗ്രാം കമ്മറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീരിന്റെ പരലുകള്‍ക്ക്‌ വര്‍ഷം കഴിയുന്തോറും വര്‍ദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. നിസ്സാരമായ പിഴവുകള്‍ക്കുകൂടി ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌. രാത്രി വൈകിവരെ നീളുന്ന അവതരണങ്ങള്‍, വേഷവും മേക്കപ്പുമിട്ട്‌, മറ്റ്‌ ചിലപ്പോള്‍ മേക്കപ്പ്‌ മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം (തിരക്കില്‍ ഉടുത്ത കെട്ടിയ വേഷ്‌ടിയും മുണ്ടും അഴിഞ്ഞു വീഴുമോ എന്നതിലല്ലാതെ തിരുവാതിരക്കളിയുടെ പാട്ടിലോ താന്‍ ശ്രദ്ധിച്ചേയില്ലെന്ന്‌ ഒരു കുട്ടിയുടെ സാക്ഷ്യം), ചാക്യാര്‍കൂത്തിന്റെ വേഷമഴിക്കാതെ അറബിപദ്യം ചൊല്ലാനുള്ള ജാള്യത, അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനങ്ങള്‍, ചിലപ്പോള്‍ കാരണ്യം തേടി ഹൈക്കോടതിവരെയുള്ള യാത്ര... ഇതിലും തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക്‌ ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന്‌ തള്ളിവിടാനാകും.

കലാപ്രകടനങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ഇന്ന്‌ ആരെങ്കിലും കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ്‌ സബ്‌ ജില്ലാ, ജില്ലാ, സംസ്ഥാനകലോത്സവങ്ങളിലെ പ്രേക്ഷകര്‍? വേദികളില്‍ നിന്നും വേദികളിലേക്കുള്ള മത്സരാര്‍ത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയില്‍ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന്‌ ആര്‍ക്കാണ്‌ നേരം. തങ്ങളുടെ ഊഴമാകാന്‍ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകര്‍ത്താക്കളും അധ്യാപകരുമല്ലാതെ ആരാണ്‌ വേദികള്‍ക്കുമുന്നില്‍ ഉള്ളത്‌. അവര്‍ അന്വേഷിക്കുന്നതാവട്ടെ തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ മെച്ചമാണോ ഇത്‌? ഇവര്‍ക്ക്‌ വല്ല ചുവടും പിഴക്കുന്നണ്ടോ? ആര്‍ക്കാവും സമ്മാനം? എന്നതുമാത്രം. മാധ്യമപ്രവര്‍ത്തകരും, അവതരണമികവിനപ്പുറം, ബൈലൈന്‍ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകന്‍ കണ്ണുകളുമായാണ്‌ വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്‍ അല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും- അത്‌ കല പകരുന്ന അനുഭൂതികളാവട്ടെ, മറ്റെന്തുമാവട്ടെ- ഈ സര്‍വ്വേ നമ്പറില്‍ പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും- കുട്ടികള്‍ക്കൊഴികെ -ഇന്നറിയാം.

ക്രേന്ദീകരിച്ചുള്ള കലോത്സവങ്ങള്‍ പ്രസക്തമായ ഭൂതകാലത്തില്‍ നിന്നും ഭിന്നമാണ്‌ ഇന്നത്തെ സാധ്യതകളും പഠനത്തോടുള്ള നമ്മുടെ സമീപനവും. കുട്ടികളുടെ സര്‍ഗാത്മകമായ മികവുകളെ അന്ന്‌ ക്ലാസ്‌ മുറിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കാണാപ്പാഠം പഠിക്കലും ആവര്‍ത്തിച്ചുറപ്പിക്കലും മുറജപമായിരുന്ന അക്കാലത്ത്‌ ഇത്തരം വേദികള്‍ക്ക്‌ പ്രതിഭകളുടെ അവതരണസ്ഥലങ്ങളെന്ന നിലയ്‌ക്ക്‌ സാംഗത്യമുണ്ടായിരുന്നു. അന്ന്‌ യുവജനോത്സവ വിജയികള്‍ക്ക്‌ ഗ്ലാമറോ, മുന്‍പേജിലെ കളര്‍ചിത്രമാവാനുള്ള യോഗമോ, സിനിമ/സീരിയല്‍ സ്വപ്‌നങ്ങളോ, ഗ്രേസ്‌ മാര്‍ക്കുകളോ, പ്രൊഷണല്‍ സീറ്റുകളിലെ സംവരണമോ ഉന്നമല്ലായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിക്കപ്പെട്ട്‌ നടത്തപ്പെടുന്ന മേളകളിലല്ല സ്‌കൂളിലെ സര്‍ഗാത്മകതയുടെ മുളകള്‍ അന്വേഷിക്കേണ്ടത്‌. ക്ലാസ്‌മുറിക്കകത്തും പുറത്തും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എത്രയോ ചെറിയ ചെറിയ ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവമായ പങ്കാളിത്തവും ആവിഷ്‌കരണങ്ങളും പ്രതിഭയുടെ തിളക്കമല്ലെങ്കില്‍ പിന്നെന്താണത്‌? ഭാഷാ ക്ലാസുമുറികളില്‍ നടക്കേണ്ടുന്ന രചനാപ്രവര്‍ത്തനങ്ങള്‍, ആടാനും പാടാനുമുള്ള നിരന്തരമായ സന്ദര്‍ഭങ്ങള്‍, ശാസ്‌ത്ര സാമൂഹിക ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന ഉത്‌പന്നങ്ങള്‍, കണ്ടെത്തലുകള്‍ ഇവയിലൊക്കെക്കൂടിയും ഒരു കുട്ടിയുടെ സര്‍ഗാത്മകതയുടെ ആഴം കണ്ടെത്താന്‍ സ്‌കൂളില്‍ കഴിയില്ലേ? ഭീമമായ പണചെലവോ, നിരവധി വര്‍ഷം നിണ്ടുനില്‍ക്കുന്ന.പരിശീലനമോ ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിന്‌ അടിസ്ഥാനമാകുന്നില്ല. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കാനും ഏറ്റെടുക്കാനും നമുക്ക്‌ കഴിയുമോ എന്നതാണ്‌ ചോദ്യം ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളുടെ സര്‍ഗാത്മകായ ആവിഷ്‌കാരത്തിന്‌, നാം കെട്ടിപ്പൂട്ടിവെച്ച സ്‌കൂള്‍ വാര്‍ഷികങ്ങളെ ഒന്ന്‌ മിനുക്കിയെടുക്കുകയേ വേണ്ടതുള്ളൂ. വാര്‍ഷികാഘോഷങ്ങളും നാടിന്റെ ഉത്സവങ്ങളാവട്ടെ. അവിടെ മത്സരങ്ങളില്ല. തെരഞ്ഞെടുപ്പില്ല. പ്രതിഭാപട്ടമില്ല. രക്ഷകര്‍ത്താക്കളും നാട്ടുകാരും സമീപസ്‌കൂളിലെ കുട്ടികളും സ്‌കൂളിലെത്തട്ടെ. മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ഉല്ലാസത്തോടെ അവരുടെ സര്‍ഗാത്മകതയ്‌ക്ക്‌ ചിറകുനല്‍കുക തന്നെ ചെയ്യും.


2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

2009, സെപ്റ്റംബർ 27, ഞായറാഴ്‌ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.