2010 ജനുവരി 17, ഞായറാഴ്‌ച

സര്‍ഗാത്മകതയുടെ മാമ്പഴക്കാലം



സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാള കവിതാ രചനാ മത്സരത്തില്‍ എ ഗ്രേഡ് ലഭിച്ച ദിവ്യ, സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ത്രെഡ് പാറ്റേണില്‍  എ ഗ്രേഡ് ലഭിച്ച സൂര്യ എന്നീ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍, അവര്‍ക്കുള്ള  ഉപഹാരങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം, മുഖ്യാഥിതിയായെത്തിയ പ്രശസ്ത എഴുത്തുകാരന്‍ സി. വി ബാലകൃഷ്ണന്‍ തന്റെ സ്കൂള്‍ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. ഓര്‍മ്മകളെ അതിന്റെ സൂക്ഷ്മാംശത്തില്‍ നുള്ളിപ്പെറുക്കാന്‍  കഴിവുള്ള ഈ എഴുത്തുകാരന്‍ പക്ഷെ പഴയകാല സ്കൂള്‍ അനുഭവങ്ങളെ ഒട്ടും ആഹ്ലദത്തോടുകൂടിയല്ല അവവിറക്കിയത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ഇങ്ങനെയായിരുന്നു.


"ഇന്നത്തെ കുട്ടികള്‍ എത്രയോ ഭാഗ്യവാന്മാരാണ്. ഇത് ഞാന്‍ പഠിച്ച സ്കൂളാണ്.(പയ്യന്നൂര്‍ ഗവ. ഹൈസ്ക്കൂളിലാണ് അദ്ദേഹം പഠിച്ചത്, പിന്നീടത് ബോയ്സ്, ഗേള്‍സ്‌ എന്ന് രണ്ടായി വിഭജിക്കുകയുണ്ടായി.) ഇവിടെ നിന്നും നോക്കിയാല്‍ ഞാന്‍ അന്ന് പത്താം തരത്തില്‍ ഇരുന്ന ക്ലാസ് റൂം കാണാം. ഇത്രയും വൃത്തിയോ സൌകര്യങ്ങളോ അന്ന് ഞങ്ങളുടെ ക്ലാസ് മുറികള്‍ക്ക് ഇല്ലായിരുന്നു. പൊതുവേ സാമ്പത്തികമായി ദരിദ്രരായ, ആധുനികമായ ഒന്നിനെക്കുറിച്ചും, ധാരണയില്ലാത്ത, വിനോദങ്ങല്‍ക്കായി യാതൊരു സൌകര്യങ്ങളും ഇല്ലാത്ത ഒരു കാലമായിരുന്നു ഞങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടം. മാത്രമല്ല സര്‍ഗാത്മകമായ ഒരു പ്രവര്‍ത്തങ്ങള്‍ക്കും യാതൊരു പ്രോത്സാഹനവും അന്നത്തെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നില്ല. ആരും അത് പ്രധാനമാണെന്ന് അന്ന് കരുതിയിരുന്നില്ല. ഞാന്‍ ആലോചിച്ചത് ആ കാലത്ത് ആരെങ്കിലും അന്ന് ഒരു നല്ല വാക്കുമായി എന്റെ തോളില്‍ തട്ടിയിരുന്നോ എന്നാണ്. സത്യത്തില്‍ അന്ന് അങ്ങിനെയൊരു സ്നേഹസ്പര്‍ശം ലഭിച്ചിരുന്നെങ്കില്‍ അത് എത്രമാത്രം എന്നെ സന്തോഷിപ്പിച്ചേനെ.

അന്ന് കോളേജുകളായിരുന്നു, സര്‍ഗാത്മകമായി ഉള്ളില്‍ എന്തെങ്കിലും കൊണ്ട് നടന്നിരുന്നവര്‍ക്ക് അത് പുറത്തെടുക്കുന്നതില്‍ കാര്യമായ അന്തരീക്ഷം ഒരുക്കിയത്. സഗാത്മകതയുടെ വസന്തകാലമായിരുന്നു അന്ന് കാമ്പസ്സുകളില്‍. എന്നാല്‍ എന്ന് ഈ അവസ്ഥ നേരെ തിരിച്ചിടപ്പെട്ടിരിക്കയാണ്. നമ്മുടെ കോളേജുകള്‍ സഗാത്മകതയുടെ എല്ലാ കണികകളും വറ്റിപ്പോയി ഊഷരമായി ത്തീര്‍ന്നിരിക്കുന്നു എന്ന്, അന്നത്തെ വിദ്യാര്‍ത്ഥികളും    പിന്നീട്  അവിടുത്തെ അധ്യാപകരുമായ ആളുകള്‍ തന്നെ പറയുന്നു. മറിച്ച് നമ്മുടെ സ്കൂളുകള്‍  സര്‍ഗാത്മകതയുടെ പുതിയ കുളമ്പടിയൊച്ചകള്‍  കേള്‍പ്പിച്ചുകൊണ്ടിക്കുന്നു എന്ന് കുട്ടികള്‍ എഴുതുന്ന രചനകളും അവര്‍ ഇറക്കുന്ന പുസ്തകങ്ങളും തെളിയിച്ചുകൊണ്ടിരിക്കുന്നു. പുതിയ പഠനാന്തരീക്ഷത്തിനു ഇതില്‍ പ്രധാനമായ ഒരു പങ്കുണ്ട്. അവര്‍ എത്രയോ ആത്മവിശ്വാസമുള്ളവരാണ്. അവര്‍ക്ക് പുതിയ അവബോധമുള്ള അധ്യാപകരുടെ പിന്തുണയുണ്ട്. എഴുത്തിനെ ഗൌരവമായി എടുക്കുന്നവര്‍ക്ക് (അത് വളരെ നിസ്സാരമായ ഒന്നല്ല; കഠിനമായി പ്രയത്നം ചെയ്‌താല്‍ മാത്രമേ നിങ്ങള്‍ക്ക് ആ വഴിക്ക് മുന്നോട്ടു പോകാന്‍ കഴിയൂ ) അതിനു രക്ഷകര്‍ത്താക്കള്‍, പഠനഭാരം തുടങ്ങിയ മറ്റെന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടാകാമെങ്കിലും, സ്കൂള്‍ അതിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്."

ഈ പ്രസംഗം ഇത്രയും ദീര്‍ഘമായി ഉദ്ദരിച്ചത് മലയാളത്തിലെ അനുഗ്രഹീതനായ ഒരു എഴുത്തുകാരന്‍ സ്കൂളിലെ ചലനങ്ങളെ  എത്രമാത്രം സൂക്ഷ്മമായി അനുധാവനം ചെയ്യുന്നു എന്ന് കാണിക്കാനാണ്. എഴുത്തിനെ സംബന്ധിക്കുന്ന രചനാപരമായ എല്ലാത്തിനെയും കുറിച്ച് ഇന്ന് കുട്ടികള്‍ക്ക് ധാരണയുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. എഴുത്തിനെക്കുറിച്ച് മാത്രമല്ല സിനിമയെക്കുറിച്ചുപോലും  അവര്‍ക്ക് സൂക്ഷ്മമായ അറിവാണുള്ളത്. എന്താണ് തിരക്കഥ, സംവിധായകന്‍ എന്താണ് ചെയ്യുന്നത്, ക്യാമറ എവിടെയാണ് വെക്കുന്നത്, എഡിറ്റര്‍ എന്താണ് ചെയ്യുന്നത്, വെളിച്ചവും പശ്ചാത്തലവും എങ്ങിനെയാണ് ഒരുക്കുന്നത് എന്നിവയെക്കുറിച്ചെല്ലാം അവര്‍ക്ക് നല്ല ധാരണയുണ്ട്. പഴയകാലത്ത് ക്ലാസ് മുറിയില്‍ നിന്ന് ഓടിപ്പോയി സിനിമ കാണാറുള്ള, സിനിമയോട് അത്രമാത്രം അഭിനിവേശമുണ്ടായിരുന്ന ചില സന്ദര്‍ഭങ്ങള്‍ ഓര്‍മിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു, അന്ന് തിരശ്ശീലയില്‍ തെളിയുന്ന ചിത്രങ്ങളും അവര്‍ പറയുന്ന സംഭാഷണങ്ങളും അല്ലാതെ ഈ വിസ്മയത്തിന്റെ അന്തര്‍ലോകത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ലായിരുന്നു.


മറ്റെന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാനിക്കാം എങ്കിലും പുതിയ വിദ്യാലയ അന്തരീക്ഷം സൃഷ്ടിച്ച സര്‍ഗാത്മകമായ തുടിപ്പുകളെ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. പഠനത്തെക്കുരിച് സ്വീകരിച്ച പുതിയ സമീപനത്തിന്റെയും വിദ്യാലയ ജനാധിപത്യത്തെക്കുറിച്ച് മുന്നോട്ടുവെച്ച കാഴ്ചപ്പാടിന്റെയും ഒരു ഫലം തന്നെയാണ് അത്. ഓരോ ചെറു ചലനങ്ങളും ഉണ്ടാക്കുന്ന വലിയ തരംഗങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍, നോക്കിക്കാണാന്‍, അതിനു വളമേകാന്‍ വലിയൊരു വിഭാഗം അധ്യാപകരെ അത് പ്രാപ്തരാക്കി. പണ്ടാണെങ്കില്‍ മുളയിലെ നുള്ളിക്കളയുമായിരുന്ന എത്ര തുടിപ്പുകളാണ് ഇന്ന് സ്കൂള്‍ അങ്കണത്തില്‍ വിരിഞ്ഞു നില്‍ക്കുന്നത്. മലയാളത്തിലെ സര്‍ഗാത്മകതയുടെ കൊടിയടയാളമായ എം.ടി, ഓ.എന്‍.വി,അടൂര്‍ തുടങ്ങി പി.പി. രാമചന്ദ്രന്‍, സന്തോഷ്‌ ഏച്ചിക്കാനം, ഷെറി (കടല്‍ത്തീരത്തിന്റെ സംവിധായകന്‍) വരെയുള്ള പ്രതിഭകളുമായി അടുത്തിടപഴകാനും സംവദിക്കാനും ഇന്ന് പാഠ്യപദ്ധതി തന്നെ ആവശ്യപ്പെടുന്നു. അതിന്റെ അന്തസ്സത്തയോട് ആത്മാര്‍ത്ഥതയുള്ള ഒന്നോ രണ്ടോ പേരെ ഒരു സ്കൂളില്‍ കാണുകയുള്ളൂ, പക്ഷെ അവര്‍ മതി, അവരുടെ സാമീപ്യം വിരിയിക്കുന്ന വസന്തങ്ങള്‍ നാളെ ആ സ്കൂളിനെ, അവിടുത്തെ പഠനകാലത്തെ ഒരു മാമ്പഴക്കാലം പോലെ മനസ്സില്‍കൊണ്ടുനടക്കും; തീര്‍ച്ച.

2010 ജനുവരി 11, തിങ്കളാഴ്‌ച

ഒരു കോഴ്സിന്റെ നിലവിളികള്‍

വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഒരധ്യാപകന്റെ മുന്നില്‍ രക്ഷിതാവ് ഗൌരവമുള്ള ഒരു പരാതിയുമായി എത്തി. എസ്. എസ്. എല്‍. സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിച്ച അദ്ദേഹത്തിന്റെ മകള്‍ക്ക് ഹയര്‍ സെക്കന്ററിയില്‍  ഹ്യുമാനിറ്റീസ്  വിഷയങ്ങള്‍ പഠിക്കാനാണ് താത്പര്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് മകളുടെ  അപേക്ഷാ  ഫോറം  പൂരിപ്പിച്ച് സ്കൂളിലെത്തിയ അദ്ദേഹത്തെ ഒരു  വിചിത്ര ജന്തുവിനെപ്പോലെയാണ് പ്രിന്‍സിപ്പല്‍ നോക്കിയത്. ഇത്രയും മികച്ച അക്കാദമിക് നിലവാരത്തിലുള്ള ഈ കുട്ടിയുടെ ഭാവി നശിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങിനെ തോന്നി എന്നായി അദ്ദേഹം. മാനവിക വിഷയങ്ങള്‍ പഠിക്കുക എന്ന ആത്മഹത്യാ മുനമ്പിലേക്ക്‌ തന്റെ മകളെ എറിഞ്ഞുകൊടുക്കുന്ന കശ്മലനു ചുറ്റും ആളുകൂടാന്‍ അധിക സമയം വേണ്ടി വന്നില്ല. ആകെ ഭയന്നുപോയ അദ്ദേഹം അപേക്ഷാ ഫോറം നല്‍കാതെ മകളെ ഗുണദോഷിക്കാനായി പ്രിന്‍സിപ്പല്‍ ‍ ഉപദേശിച്ചു തന്ന വാക്യങ്ങളും ഉരുവിട്ടുകൊണ്ട് വീട്ടിലേക്കുതന്നെ തിരിച്ചു. സയന്‍സ്‌ പഠിക്കാന്‍ ഒരു തരത്തിലും ഇനി താനില്ലെന്ന് തീരുമാനിച്ച ആ കൊച്ചുമിടുക്കിയാകട്ടെ പാവം പിതാവിനെ കൂടുതല്‍ ഗുരുതരമായ സംര്‍ഷങ്ങളിലേക്ക് തള്ളിവിട്ടു. ഈ വ്യഥകള്‍ പങ്കുവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത സ്ഥാനത്തിരിക്കുന്ന മുന്‍ സഹപ്രവര്‍ത്തകനെത്തേടി രക്ഷിതാവായ പാവം മാഷ്‌ എത്തിയത്. സ്കൂളുകളുടെ ഭരണ മേലധികാരികള്‍ വച്ചുപുലര്‍ത്തുന്ന സമൂഹ വിരുദ്ധമായ അജ്ഞതയെ ഉദാഹരിക്കാനാണ് അദ്ദേഹം ഈ കഥ ഞങ്ങളോട് പറഞ്ഞത് .
ഹയര്‍ സെക്കന്ററി പഠനവുമായി ബന്ധപ്പെട്ട ഒന്നിലധികം ഗൌരവ പ്രശ്നങ്ങള്‍ ഈ സംഭവത്തില്‍
അന്തര്‍ഭവിച്ചതായി എനിക്ക് തോന്നി. കൌമാരത്തിന്റെ അവസാന ഘട്ടമെന്ന നിലയില്‍ ഹയര്‍ സെക്കന്ററി പോലെ അത്യധികം പ്രാധാന്യത്തോടെയും കാര്യ ഗൌരവത്തോടെയും മാനേജ് ചെയ്യുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഉയര്‍ന്ന മാതൃക കാട്ടിക്കൊണ്ട്  നയിക്കുകയും ചെയ്യേണ്ടുന്ന സ്ഥാപന മേലധികാരികള്‍ വെച്ചുപുലര്‍ത്തുന്ന  ധാരണകള്‍ എത്രമാത്രം വികലവും നെഗറ്റീവും ആണ് എന്നതാണ് അതിലൊന്ന്. വ്യത്യസ്ത പഠനശാഖകളുടെ ആഴവും പരപ്പും സാധ്യതകളും അറിയുന്നതിനോ അംഗീകരിക്കുന്നതിനോ കഴിയുന്നില്ലെന്ന് മാത്രമല്ല തങ്ങളുടെ കാലഹരണപ്പെട്ട ചില വെളിപാടുകള്‍ അനവസരത്തില്‍ തന്റെ പദവിക്ക് ചുറ്റും വന്നു പെടുന്ന പാവങ്ങള്‍ക്ക്മേല്‍  അപകര്‍ഷതയില്ലാതെ വിളമ്പുകയും ചെയ്യും ഇവര്‍. ഇക്കാര്യം മറ്റൊരവസരത്തില്‍ ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടത് കൊണ്ട് ഇപ്പോള്‍ ഈ വിഷയത്തിന്റെ രണ്ടാമത്തെ പരിഗനയിലേക്ക് ചാടുകയാണ്.
 
നമ്മുടെ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ ഹ്യുമാനിറ്റീസ് കോഴ്സുകളുടെ നടത്തിപ്പ്, അധ്യാപനം, പഠന നിലവാരം, കുട്ടികള്‍ എന്നിവയെക്കുറിച്ച് അടിയന്തിരമായും ചില പുനരാലോചനകള്‍ വേണ്ടതുണ്ട്.  ഹയര്‍ സെക്കന്ററിയില്‍ ഏകജാലക പ്രവേശനം നടപ്പാക്കിയതോടെ യഥാര്‍ഥത്തില്‍ പരുങ്ങലിലായത്  ഹ്യുമാനിറ്റീസ് വിഷയം പഠിപ്പിക്കുന്ന അധ്യാപകരാണ്. മിക്കയിടത്തും ഒരു ബാച്ചിനുള്ള കുട്ടികള്‍ തന്നെ കഷ്ടിയാണ്‌. ശരിയായ  ഒരു കണക്കെടുപ്പും അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപക പുനര്‍ വിന്യാസവും നടപ്പാക്കിയാല്‍ മിക്ക ഹ്യുമാനിറ്റീസ് അദ്ധ്യാപരും  സ്വന്തം ജില്ലക്ക് വെളിയിലാവും. ഈ ഗ്രൂപ്പിന് സംഭവിച്ച തിളക്കക്കുവിന്റെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയാണ്.

പ്രീ ഡിഗ്രീ മാറി പ്ലസ് ടു വന്നപ്പോള്‍ ഈ കോഴ്സിന്റെ അലകും പിടിയും മാറ്റാന്‍ നമുക്ക് ലഭിച്ച സുവര്‍ണാവസരം നമ്മള്‍ കളഞ്ഞു കുളിക്കുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു പ്രീ ഡിഗ്രീ കോളേജുകളില്‍ നിന്ന് അവസാനം അടര്‍ത്തിമാറ്റിയ സംസ്ഥാനം നമ്മുടെതായിരുന്നല്ലോ. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആരംഭിച്ച ഡി ലിങ്ക് പരിപാടി അവസാനിച്ചത് 1999 ല്‍ ആണ്. നീണ്ട പത്തു വര്‍ഷം ഇതിന്റെ അക്കാദമിക് ഘടനയെ സംബന്ധിച്ച് ആലോചിക്കുവാനും ട്രൈ ഔട്ട്‌ നടത്തുവാനും നമുക്ക് അവസരമുണ്ടായിരുന്നു. ഒന്നും ചെയ്യാതെ പ്രീ ഡിഗ്രിക്ക് ഉണ്ടായിരുന്ന വിഷയങ്ങളും ഗ്രൂപ്പുകളും അതേപടി തുടര്‍ന്നു. അപ്പോഴേക്കും മധ്യവര്‍ഗ മലയാളിയുടെ വിമോചന സ്വപ്നമായ എന്‍ട്രന്‍സിനെ പ്രോജ്വലിപ്പിക്കുന്നതിനായി ഒന്നും രണ്ടും ഗ്രൂപ്പുകള്‍ ചേര്‍ത്ത് സയന്‍സിനു ഒറ്റ ഗ്രൂപ്പാക്കി. അപ്പോള്‍ മെഡിസിനോ എന്ജിനീയ
റിങ്ങിനോ എന്ന നേരത്തെ തീരുമാനിക്കേണ്ട കാര്യം ലിസ്റ്റ് വന്നിട്ട് മതി എന്നായി. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളുടെ അക്കാദമികമായ ആലോചനകള്‍ ഒന്നും തന്നെയുണ്ടായില്ല. ഭാഷാ വിഷയങ്ങുളുടെ കാര്യം പറയുകയും വേണ്ട.

ഹയര്‍ സെക്കന്റ
റിയില്‍ ഏറ്റവും അധികം വിഷയ വൈപുല്യമുള്ളത് ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ്. 26 കോമ്പിനേഷനുകള്‍ ( http://dhsekerala.gov.in/subjects.aspx?gcode=H ) ഇത്തരം കോമ്പിനേഷനുകള്‍ നിശ്ചയിക്കപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തില്ലാണ്? എന്ത് തരത്തിലുള്ള ശാസ്ത്രീയമായ പഠനമാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ളത്? ഒന്നും ഇല്ല. ചില മന്ത്രി ബന്ധുക്കള്‍ ബിരുദാനന്തര ബിരുദം എടുത്തു, ചില ഉന്നത ഉദ്യോഗസ്ഥരെ കോഴ്സുകള്‍ പഠിച്ചവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നിത്യാദി അത്യന്താധുനിക അഭ്യാസങ്ങളാണ് കോമ്പിനേഷനുകളും വിഷയങ്ങളും നിശ്ചയിക്കുന്നതിന് മാനദണ്ഡം ആയത്.ഹ്യുമാനിറ്റീസിന് ചേരുന്ന പാവം കുട്ടികളുടെ അണ്ഡകടാഹം ഇളക്കുവാന്‍ പോകുന്ന വിഷയങ്ങള്‍ വരെ ഇങ്ങനെ ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെട്ടു.

കോളേജുകളില്‍ പ്രീ ഡിഗ്രീ നിലനിന്നപ്പോള്‍ മൂന്നാം ഗ്രൂപ്പ് കോളേജിലെ കലാ,സാഹിത്യ, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇവര്‍ എത്തുന്ന ഹിസ്റ്ററി, ഇക്കണോമിക്സ്‌, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങിയ മാനവിക വിഷയങ്ങളുടെ വിദ്യാര്‍ഥികള്‍ കൂടിച്ചേരുമ്പോള്‍ ആണ് അത് ഒരു 'കോളേജ്' ആയി മാറുന്നത്.   എന്നാല്‍ ഇന്ന് മാനവിക വിഷയങ്ങള്‍ക്ക്‌ ചേരാന്‍ കുട്ടികളെ അന്വേഷിച്ച് കോളേജ് മാഷന്മാര്‍ പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ വീട്ടിലേക്കു മാര്‍ച്ച് നടത്തേണ്ടഅവസ്ഥയാണ്. എങ്കിലും ഹ്യുമാനിറ്റീസ് കോഴ്സിനു ബാച്ചുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പിശുക്കും കാണിക്കുന്നില്ല.

ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ  ഈ നിറംകെടലിനു കേരളീയ സാഹചര്യങ്ങളില്‍ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് അന്വേഷിക്കാതെ ഈ കൊഴ്സുമായി ഏറെക്കാലം നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. പുതിയകാലത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താത്ത, സാധ്യതകളെ പരിഗണിക്കാത്ത ഒരു പഠന ശാഖയ്ക്കും ഇക്കാലത്ത് ആളെക്കിട്ടില്ല. 

ഹ്യുമാനിറ്റീസ് ശാഖയ്ക്ക് വന്ന ഈ മങ്ങല്‍ കൊമേഴ്സുമായി താരതമ്യം ചെയ്‌താല്‍ കൂടുതല്‍ വ്യക്തമാകും. കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത് കൊമേഴ്സ് ഗ്രൂപ്പിലാണ്. ബിസിനെസ്സ് സ്റ്റഡീസ്, അക്കൌണ്ടന്‍സി, ഇക്കണോമിക്സ്‌ , കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വളരെ ആകര്‍ഷകമായ ഒരു വിഷയ ഘടനയാണ് കൊമേഴ്സിന് ഉള്ളത്. പുതിയ ആഗോളവത്കരണ കാലത്ത് കച്ചവടം മാത്രമേ വയറ്റിപ്പിഴപ്പിനുതാകൂ എന്ന് മലയാളിക്ക്  മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കു മനസ്സിലാകാനാണ്.
 
കേരളത്തില്‍ പ്ലസ് ടു കോഴ്സ് ആരംഭിച്ചപ്പോള്‍ കോളടിച്ചത് അണ്ണാച്ചിമാരും തെലുങ്കരുമൊക്കെയാണ്. ഹൈസ്കൂളുകളിലെ കണക്ക്‌, മലയാളം, സയന്‍സ് തുടങ്ങിയ വിഷയങ്ങളുടെ ഒന്നാംതരം മാഷന്മാര്‍ രായ്ക്കുരാമാനം ആന്ധ്രയ്ക്കും അണ്ണാമാലയ്ക്കമൊക്കെ വണ്ടി കയറി. നാലും മൂന്നും ഏഴ് എസ്സേ, പത്ത് ഷോര്‍ട്ട് ആറുകള്‍ ( അതിനു പറ്റുമെങ്കില്‍ ഗൈഡ് വെച്ചുതന്നെ എഴുതാം ) കഴിഞ്ഞു ഇത്രയേയുള്ളൂ എം.എ. പഠനം.  (we can't give marks in blank answer papers എന്നാണ് പരീക്ഷകനായി എത്തിയ ഒരു ഏമാന്‍പരീക്ഷാർത്ഥികള്‍ക്ക് നല്‍കിയ സന്ദേശം. സിനിമാപ്പാട്ടെങ്കിലും എഴുതിവെച്ചിട്ട് പോടേ.. ) പോളിട്ടിക്സിലും സോഷ്യോജിയിലും ഇക്കണോമിക്സിലും ആളുകള്‍ ഒരു സുപ്രഭാതത്തില്‍ പണ്ഡിതരായി രേഖകളുമായി തിരിച്ചെത്തി. എല്ലാവര്‍ക്കും ഹയര്‍ സെക്കന്ററിയിലേക്ക് പ്രമോഷനായി. ഇങ്ങനെ ബിരുദം നേടിയവരില്‍ സ്വപ്രയത്നം കൊണ്ട് പിന്നീട് റെഗുലറായി പഠിച്ചവരെക്കാള്‍ മുന്നോട്ട് പോയ എത്രയോ പേരുണ്ടെന്നതും വാസ്തവം. പക്ഷെ അവരുടെ എണ്ണം ച്ചിരി ക്കുറവാണ് എന്ന്  മാത്രം.വിഷയവുമായോ അതിന്റെ പുതിയ പഠന ശാഖകളുമായോ പഠനരീതിയുമായോ ഇവരില്‍ ബഹുഭൂരിപക്ഷത്തിനും പുലകുളി ബന്ധം പോലും ഇല്ല. ഒരു കോഴ്സ് പാതാളത്തിലേക്ക് ആണ്ടുപോകാന്‍ ഇതിലും വലുതായി എന്തെങ്കിലും വേണോ?

മറ്റൊരു കോഴ്സിനും കിട്ടാത്ത പൊതുവേ പഠന നിലവാരത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ്
ഹ്യുമാനിറ്റീസിന് ചേരുന്നത്. ചിലപ്പോള്‍ ഐ. എ. എസ്, ഐ. ഐ.ടി പ്രതീക്ഷകളുമായി എത്തുന്ന ചിലക്കൂടിക്കാല്‍കാരും കൂട്ടത്തില്‍ ഉണ്ടാകും.അവരുടെ കാര്യം ബഹുകഷ്ടം. പല ക്ലാസുകളുടെയും നിലവാരം, ഓതാന്‍ പോയി ഉള്ള പുത്തിയും പോയി എന്ന് പറഞ്ഞ പോലാണ്. കുട്ടിയുടെ പൊതുവായനയേയും ബോധത്തെയും പരിഹസിക്കുന്ന തരത്തിലാകുമാത്. പല വിഷയത്തിലും ഡി പ്ലസ് കിട്ടിയവരായിരിക്കും മിക്കവാറും. അവിടെ എങ്ങിനെ ഇക്കണോമിക്സിലെ പുതിയ ഗണിതതത്ത്വങ്ങള്‍, സ്റ്റാറ്റിസ്റ്റിക്സിലെ പ്രോബ്ലങ്ങള്‍ എന്നിവ അവര്‍ക്ക്  ദഹിക്കുമാ  നല്‍കാന്‍ കഴിയും. അതുകൊണ്ട് ഒരു 'പാട്ടാ  പാടും. എന്തൂട്ട്  തിരിഞ്ഞെന്നു' ചോദിക്കരുത്. ഇതാണ് മിക്കവരുടെയും കലാപരിപാടി. 
ഹയര്‍ സെക്കന്ററിയില്‍ വിഷയങ്ങള്‍ ഇങ്ങനെ വാട്ടര്‍ ടൈറ്റ്  കംബാർട്ടുമെൻറുകളായി എത്രകാലം പോകും? സയന്‍സ്, ഹ്യുമാനിറ്റീ‍സ് എന്നിങ്ങനെ വേര്‍തിരിവില്ലാതെ താത്പര്യമുള്ള ചില മാനവിക വിഷയങ്ങള്‍ എല്ലാവരും പഠിക്കണം എന്ന സമീപനമായിരിക്കും ഈ വിഷയങ്ങള്‍ പാതാളത്തോളം താണ്‌പോയതില്‍ നിന്നും അല്പമെങ്കിലും വലിച്ചു കയറ്റാന്‍സഹായകമാകുക.




2010 ജനുവരി 1, വെള്ളിയാഴ്‌ച

ആദിവാസികളുടെ സ്വപ്നഭൂമി - ഒരു ചിത്ര വായന


പാഠപുസ്തകങ്ങള്‍ ജനകീയ സ്കാനിങ്ങിനു വിധേയമായപ്പോള്‍ പരിഗണിക്കപ്പെട്ടത് അതിലെ ടെക്സ്റ്റ് മാത്രമല്ല; ചിത്രങ്ങള്‍ കൂടിയാണ്. ചിലരുടെ ചിത്രങ്ങള്‍ തെളിയാതിരുന്നതും മറ്റുചിലരുടെത് ബഹുവര്‍ണത്തില്‍ എക്സ്ട്രാ തെളിച്ചത്തോടെയായതും പകല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ചിലര്‍ക്ക് തിരിഞ്ഞു. വരക്കപ്പെട്ട കാര്‍ട്ടൂണ്‍ ടൈപ്പിലുള്ള ചില ചിത്രങ്ങള്‍ക്ക് രചയിതാക്കള്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത സാമ്യങ്ങളും അര്‍ത്ഥങ്ങളും മാധ്യമ സുഹൃത്തുക്കള്‍ കണ്ടെത്തി. ചിത്രങ്ങളുടെ നിലവാരം, സ്റ്റൈല്‍, മീഡിയം ഒക്കെ ചര്‍ച്ചയ്ക്കു വിധേയമായി. സത്യത്തില്‍ പാഠപുസ്തകങ്ങളില്‍ ഇന്നേവരെ കടന്നു വരാത്ത ഒരിനം, ചിത്ര വായന അറിയാതെയാണെങ്കിലും ഒരു അധിക അഭ്യാസമായി അതില്‍ കടന്നുകൂടി. അധ്യാപകരും പാഠപുസ്തകത്തിലെ ചിത്രങ്ങളില്‍ വ്യാഖ്യാനിക്കാന്‍ വല്ലതും കിടയ്ക്കുമെന്നു തിരിച്ചറിഞ്ഞു.

മറ്റു പുസ്തകങ്ങളില്‍ നിന്നും പാഠപുസ്തകതിനുള്ള ഒരു വ്യത്യാസം അത് ഒരു സര്‍ക്കാര്‍ വസ്തു ആണ് എന്നതാണ്. അതില്‍ വരുന്ന ഓരോ കുത്തിനും കൊമയ്ക്കും വരയ്ക്കും കുറിക്കും സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ക്ക് മറുപടി പറയേണ്ടിവരും. പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം എപ്പോഴും പൊതുസമൂഹത്തിന്റെ സൂക്ഷ്മ വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കും. രചിച്ചവര്‍ ഉദ്ദേശിച്ചതോ ഉദ്ദേശിക്കാത്തതോ ആയ ഏതൊരു അര്‍ത്ഥവും ആ ടെക്സ്റ്റുകളില്‍ നിന്നും സമൂഹം ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കും.

ഈ വിഷയം ഇപ്പോള്‍ ചിന്തിക്കാന്‍ ഇടവന്നത് ഒരു സര്‍ക്കാര്‍ പരസ്യം കൌതുകം ഉണര്‍ത്തിയതിനാലാണ്. രണ്ടു ദിവസം മുന്‍പ് എല്ലാ പത്രത്തിലും കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഒരു ഡമ്മി നാലിലൊന്ന് പരസ്യം ഉണ്ടായിരുന്നു. 'ആദിവാസികള്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം' എന്ന ശീര്‍ഷകത്തോടെ ആദിവാസി ഭൂരേഖാവിതരണ മേളയുടെ. കുളത്തൂപ്പുഴ ( അതെവിടെ? ഏത് ജില്ല? സ്ഥല വിജ്ഞാനീയവുമായി ബന്ധപ്പെട്ട് ഈയുള്ളവന്റെ അറിവില്ലായ്മ സമ്മതിക്കുന്നതിനോടൊപ്പം അതുകൂടി അറിയിക്കാനല്ലേ ഈ പരസ്യം എന്ന് ഒരു സംശയം കൂടി കിടക്കട്ടെ. കുളത്തൂപ്പുഴയിലെ ബാലകന്‍ അത് തീര്‍ത്തുതരുമാറാകട്ടെ.) വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ആറ് മന്ത്രിമാരും സ്ഥലം എം. എല്‍. എ യും പങ്കെടുക്കുന്നുണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് അത് എന്ന് സാന്നിധ്യം കൊണ്ട് തന്നെ മനസിലാക്കാം. മാത്രമല്ല മുത്തങ്ങ, ചെങ്ങറ തുടങ്ങിയ കേരളത്തിലെ സമീപകാല സാമൂഹികചരിത്രത്തിലെ നിര്‍ണായകമായ ചില സമരമുഖങ്ങളുടെ ഓര്‍മയും ഈ ഭൂമി വിതരണ പരസ്യം വായിക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാകും.ഏറ്റുമുട്ടലിന്റെയും വെടിവെപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും ആത്മഹത്യയുടെയും പട്ടിണിയുടെയും രോഗത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളാണ് ആദിവാസി ഭൂമി എന്നീ രണ്ടു പദങ്ങള്‍ സമാസിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്. അതെല്ലാം മറന്നേക്കൂ എന്നാണു പരസ്യത്തിലെ, പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെയും പങ്കെടുക്കുന്ന ആറ് മന്ത്രിമാരുടെയും അധ്യക്ഷന്‍ കൂടിയായ സ്ഥലം എം.എല്‍.എ യുടെയും ചിരിക്കുന്ന മുഖങ്ങള്‍ പറയുന്നത്.

ഒരു പിടി മണ്ണ് - ഒരു സ്വപ്നഭൂമി, കേരളം ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പരസ്യത്തില്‍, മന്ത്രിമാരുടെ ചിരിക്കുന്ന മുഖങ്ങള്‍ കഴിഞ്ഞാല്‍ ഉള്ളത് ഒരു ആദിവാസി കുടുംബത്തിന്റെ സംതൃപ്തമായ ജീവിത രംഗമാണ്. സര്‍ക്കാരിന്റെയോ സ്വകാര്യ ഏജന്‍സിയുടെയോ പോറ്റിലുള്ള ഒരു ചിത്രകാരന്‍ ആ സ്വപ്ന ഭൂമിയിലെ ജീവിതം ചിത്രീകരിച്ചതാണത്. ഒരു പിടി മണ്ണ് സ്വന്തമായ ആ കുടുംബത്തിന്റെ ആഹ്ലാദം മിക്ക മന്ത്രി ഓഫീസിലും കയറി ഇറങ്ങിയായിരിക്കും ( ചുരുങ്ങിയത് ആറ് ) പത്രത്തിലൂടെ ഒടുവില്‍ വെളിച്ചം കണ്ടത്. ആ ചിത്രമാണ് ഇവിടെ വായനയ്ക്ക് വിധേയമാക്കാന്‍ശ്രമിക്കുനത്. (ആദിവാസികളെക്കുറിച്ചുള്ള കേരളത്തിലെ പോതുമനസ്സിന്റെ ചിത്രം കൂടിയാകുന്നു അത് എന്നതിനാലാണ് ഇത് എന്ന് ഈ എഴുത്തിന്റെ ആമുഖം).




ചിത്രത്തിന്റെ പശ്ചാത്തലം കുന്നുകളാണ്. അതിന്റെ താഴ്വാരത്തിലെ കുറ്റിക്കാടിനു സമീപമാണ് സ്വപ്നഭൂമിയിലെ സ്വപ്നഭവനം. അത് വേലികെട്ടി വേര്‍തിരിച്ചിട്ടുണ്ട്. വീടിനു മുന്നില്‍ ആഹ്ലാദത്തോടെ ഒരു ആദിവാസി കുടുംബം.ഗൃഹനാഥന്‍, ഗൃഹനാഥ, രണ്ടു കുട്ടികള്‍.

വിജയകുമാര്‍ മേനോനെപ്പോലുള്ള ഒരു ചിത്രകലാ നിരൂപകന് ഒരു പുസ്തകമെഴുതാന്‍ പാകത്തില്‍ വിശദീകരണ പ്രാപ്തിയുള്ള, അത്യന്തം ധ്വന്യാത്മകമായ ഒരു ചിത്രം തന്നെയാണിത്. ഈ ചിത്രത്തെ മാത്രം വ്യാഖ്യാനിച്ചാല്‍ ആറ് മന്ത്രിമാര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഔചിത്യം പോലും പുഷ്പം പോലെ വിശദീകരിക്കാന്‍ കഴിയും.

പശ്ചാത്തലത്തിലെ കുന്നുകള്‍ നോക്കൂ. മൊട്ടകുന്നുകള്‍. കേരളത്തിന്റെ ബ്രാന്‍ഡ്‌ ഐക്കണ്‍ ആകാന്‍ ഇതിലും പറ്റിയ ഇമേജ് വേറെയുണ്ടോ? വനവിസ്തൃതി അനുനിമിഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പഴയ 'കാട'ന്‍ നാടാണല്ലോ നമ്മുടേത്‌. വനമാഫിയകള്‍ വൈദ്യുതപദ്ധതികള്‍പ്പോലും നടപ്പിലാക്കാനും പാതിവഴിയില്‍ ഉപേക്ഷിക്കാനും ശക്തിനേടിയ ഒരു സംസ്ഥാനം! വന്‍കിട തോട്ടം മുതലാളിമാര്‍ ലക്ഷക്കണക്കിന് ഏക്കര്‍ വനം അനധികൃതമായി കൈയേറുകയും വെട്ടിവെളുപ്പിക്കുകയും ചെയ്തിട്ടും അവരെ തൊടാന്‍ ധൈര്യമില്ലാത്ത പ്രമാണിമാര്‍ എല്ലാം തീരുമാനിക്കുന്ന സംസ്ഥാനം! ഇതിന്റെയെല്ലാം ഉത്തരവാദിത്വം കാടും നാടും ഇല്ലാതായ ആദിവാസികള്‍ക്കും. അപ്പോള്‍ അവരുടെ സ്വപ്ന ഭൂമിക്കു പശ്ചാത്തലം മറ്റെന്താവാന്‍ ? വെളുത്തു വരുന്ന കുന്നുകള്‍ വനംമന്ത്രിയെ പരിപാടിക്ക് ക്ഷണിക്കുന്നതിന്റെ പശ്ചാത്തലം കൂടിയാവും. മലകളും കാടുകളും അഭയമായിരുന്ന ആദിവാസികളെ ആ പരിസത്തുനിന്നും അകറ്റുകയാണ് വനം മാഫിയയുടെ പ്രധാന കര്‍മ പരിപാടികളിലൊന്ന്. വനാവകാശ നിയമം എന്നത് പത്രപ്പരസ്യത്തിലെ മുദ്രാവാക്യം മാത്രം. വനം അവകാശപ്പെട്ടവര്‍ അത് അനുഭവിക്കുന്നു; യാതൊരു തടസ്സവുമില്ലാതെ. വനം എന്തായാലും ആദിവാസികള്‍ക്ക് കിട്ടില്ല എന്നത് ചിത്രത്തിലെ സ്വപ്ന ഭൂമിയില്‍ നിന്നും ആര്‍ക്കുംവായിക്കാം.

വനത്തില്‍ നിന്നും കൃത്യം വേലികെട്ടി തിരിച്ചാണ് ചിത്രത്തിലെ കുടുംബത്തിനു വീട് നല്‍കിയിരിക്കുന്നത്. കാടും വീടും തമ്മിലുള്ള അതിരാണ് വേലി. തന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും അവനെ ഈ വേലി എന്നെന്നേക്കുമായി വേര്‍പെടുത്തുന്നു.
നാളെ നാഗരികനാവേണ്ട അവനു അതിനു വേണ്ട പരിശീലനം ഇന്നേ നല്‍കണം. പൊതു ഇടമായി കാടിനെ കണ്ട അവനെ സ്വകാര്യസ്വത്ത്‌ എന്ന പുതിയ റവന്യൂനിയമം പഠിപ്പിക്കണം. സ്വകാര്യതയുടെ,സ്വാര്‍ഥതയുടെ, ഉപഭോഗത്തിന്റെ പുതിയ വഴി അവനെ പഠിപ്പിക്കാന്‍ തീര്‍ച്ചയായും റവന്യൂമന്ത്രിക്കു കഴിയും.

ചിത്രത്തിലെ വീടാണ് കലാപരതയില്‍ മുന്നിട്ടു നില്‍ക്കുന്ന ബിംബം. അടിത്തറ ഇല്ലാത്തതും കമ്പുകളില്‍ ഉയര്‍ത്തിക്കെട്ടിയതുമായ ഒരു പുല്ലുമേഞ്ഞ കുടില്‍. ആദിവാസിയുടെ സ്വപ്ന ഗൃഹം.ഇതിലും മികച്ച ഒരു വീട് ആഗ്രഹിക്കാന്‍ ആദിവാസികള്‍ക്ക് എന്ത് അവകാശം. പ്രകൃതിയുടെ മടിത്തട്ട് എന്നുതന്നെ പറയാവുന്ന ഒരു വീടായിരിക്കണമല്ലോ ആദിവാസിക്ക് പ്രിയം. റിസോര്‍ട്ടുകളിലും മറ്റും ഇപ്പോള്‍ ഇങ്ങനത്തെ വീടാണ് എന്ന് ഏതു കാഴ്ചക്കാരനും അസൂയപ്പെടും. കോടികളുടെ മണിമന്ദിരങ്ങള്‍ അവര്‍ക്ക് ഒട്ടും ചേരില്ല. "സ്വപ്നഗൃഹങ്ങള്‍ നിങ്ങള്‍ എന്തിനു നിര്‍മ്മിക്കണം; ഇതാ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് ഞങ്ങള്‍ നിങ്ങള്‍ക്കായി അണിയിച്ചൊരുക്കുന്ന സ്വപ്നഗൃഹം" എന്നാണ് കേരളത്തിലെ എല്ലാ റിയാല്‍ എസ്റ്റേറ്റ് കോര്‍പ്പറേറ്റുകളുടെയും ഫ്ലാറ്റ് മുതലാളിമാരുടെയും വാഗ്ദാനം. അത്തരം സ്വപ്ന ഭാവന നിര്‍മ്മാതാക്കളാണ് പത്രം, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ തന്നെ നിലനില്‍പ്പിന്റെ അടിസ്ഥാനം. രാവും പകലും എല്ലാ മലയാളികളും താലോലിക്കുന്നത് അത് അല്ലെങ്കില്‍ അതുപോലൊന്ന് എന്നാണ്. പക്ഷെ ആദിവാസിയുടെ കാര്യത്തിലാവുമ്പോള്‍ അത് ഒരു ടെറസ്സ് പോയിട്ട് ഓടിട്ട വീടുപോലുമാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. 'ചോര്‍ച്ച, തണുപ്പ്, മഴ ഇതൊന്നും അവര്‍ക്ക് പ്രശ്നമല്ലെന്നെ'. ഈ പൊതുബോധത്തിന്റെ അടയാളമാണ് ചിത്രകാരന്‍ മിഴിവുറ്റ രീതിയില്‍അവതരിപ്പിച്ചിരിക്കുന്നത്. വനം മന്ത്രിക്കു തന്നെ ഭവന നിര്‍മാണ വകുപ്പും ഉള്ളത് കൊണ്ട് പ്രക്രുതിക്കനുസൃതമായ ഭവനനിര്‍മാണത്തെക്കുറിച്ച് ഒരു കവിതയുമാകാം.

കുടുംബാസൂത്രണത്തിന്റെ അത്യുഗ്രന്‍ മാതൃകകൂടി ആദിവാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭം ചിത്രകാരന്‍ ഒട്ടും പാഴാക്കിയില്ലെന്നത് കാണാതിരുന്നുകൂടാ. നോക്കൂ അവരുടെ സംതൃപ്തിക്കടിസ്ഥാനം ആ അണുകുടുംബ വ്യവസ്ഥിതി അല്ലേ? ആദിവാസികളെ അവരുടെ കാലഹരണപ്പെട്ട കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച്‌ ആധുനികരാക്കാന്‍ ചിത്രകാരന്മാര്‍ക്കുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലാതെപോയല്ലോ. അല്ലെങ്കില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയെ ഈ പരിപാടിയില്‍ നിന്ന് ഒഴിവാക്കുമോ?

ഗൃഹനാഥന്‍ ചെയ്യുന്ന തൊഴിലും ശ്രദ്ധിക്കാതെ പോകരുത്. പരമ്പരാഗതമായി ആദിവാസികള്‍ക്ക് സംവരണം ചെയ്ത കുട്ടനെയ്ത്ത്. കുട്ട നെയ്യുന്നത് മാത്രമാണ് ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും അതിനു മുമ്പ് അദ്ദേഹം ഇതിനു വേണ്ടി ചെയ്തിരിക്കാവുന്ന കായികമായ അധ്വാനവും കാണികള്‍ക്ക് ഊഹിക്കാനാവും. കായികമായ ഇത്തരം തൊഴിലല്ലാതെ മറ്റൊന്നും ഇത്തരക്കാര്‍ക്ക് പറ്റില്ലെന്ന് ആര്‍ക്കാണറിയാത്തത്. പരമ്പരാഗത തൊഴിലുകള്‍ എന്ത് നഷ്ടം സഹിച്ചും ചെയ്യാന്‍ ആദിവാസികളെയല്ലാതെ ഇന്ന് മറ്റാരെ കിട്ടാന്‍ . പരമ്പരാഗത തൊഴിലുകളുടെ മാഹാത്മ്യം അവരെ ബോധ്യപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് മന്ത്രിക്ക് തീര്‍ച്ചയായും കഴിയും. അതുവഴി വിദേശനാണ്യം കുന്നു കുന്നായി നാട്ടിലേക്കു വരികയും ചെയ്യും.


ചിത്രത്തിന്റെ ഫോക്കസ്സില്‍ ചിത്രകാരന്‍ കൊണ്ടുവന്നിരിക്കുന്നത് ആരെയാണെന്ന് നോക്കൂ. ഇടുപ്പിലും കൈയിലും പാത്രങ്ങളുമായി ആദിവാസി വീട്ടമ്മ വെള്ളം എടുക്കാന്‍ പോകുന്നു. അവരെത്തന്നെ ഫോക്കസ്സില്‍ നിര്‍ത്തിയത് സ്ത്രീ എന്ന പരിഗണന കൊണ്ടൊന്നുമല്ല. ഉദ്ദേശം അതിനു പിറകില്‍ ഉണ്ട്. നമ്മുടെ കാടുകള്‍ വെളുക്കുകയും കുന്നുകള്‍ മൊട്ടയാവുകയും ചെയ്തതിന്റെ ഏറ്റവും വലിയ ഇരകള്‍ ആദിവാസികള്‍ തന്നെയല്ലേ? അവരുടെ ഉപജീവനം മാത്രമല്ല കുടിവെള്ളം കൂടി മുട്ടിക്കുന്നതായിരുന്നു നമ്മുടെ എല്ലാ വികസന മാതൃകകളും. ആവാസ വ്യവസ്ഥയില്‍ നിന്നും പറിച്ചെറിയപ്പെടുക കൂടി ചെയ്യുന്ന ആദിവാസികള്‍ എവിടെയാണ് ചെന്ന് വീഴുക എന്നുകൂടി ധ്വന്യാത്മകമായി ഈ സ്ത്രീയുടെ അവസ്ഥ ചിത്രീകരിക്കുന്നുണ്ട്. അല്ലെങ്കിലും ഏത് നികൃഷ്ടാവസ്ഥയുടെയും യാതനകള്‍ അവകാശപ്പെട്ടത് സ്ത്രീകള്‍ക്ക് തന്നെയാണല്ലോ. സ്വന്തമായി ലഭിക്കുന്ന സ്വപ്നഭൂമിയില്‍ കിണറു കുഴിക്കുന്നതിനുള്ള സ്വൌകര്യം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ല. തൊട്ടുകൂടായ്മയുള്ളത് കൊണ്ടല്ല അവള്‍ക്ക് ഇരുകുടങ്ങളുമായി വെള്ളത്തിന്‌ പോകേണ്ടി വന്നത്. ചിലപ്പോള്‍ സമീപ പ്രദേശങ്ങളില്‍ തന്നെ കിണറുകള്‍ ഉണ്ടാകാന്‍ വഴിയില്ല. കിണറ് സമീപത്താണെങ്കില്‍ ഒറ്റക്കുടത്തില്‍ വെള്ളമെടുത്താല്‍ മതിയായിരുന്നു അവള്‍ക്ക്. സ്വപ്നഭൂമി സ്വന്തമായാല്‍പ്പോലും കുടിവെള്ളത്തിനായി അല്പകാലം കൂടി ആദിവാസികള്‍ അലയേണ്ടിവരും എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് ജലവിഭവവകുപ്പ് മന്ത്രി തന്നെ ഇന്ന് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.

രണ്ടു കുട്ടികളെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ആഹ്ലാദത്തോടെ പന്തിനു പിറകെ പായുന്ന ഒരാണ്കുട്ടിയും കുടിലിന്റെ തിണ്ണയില്‍ കളിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയും. സ്വപ്ന ഭൂമിക്കായി കാലങ്ങളായുള്ള കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദം ചിത്രീകരിക്കാന്‍ കുട്ടികളെത്തന്നെ മാധ്യമമാക്കിയതിന്റെ ഔചിത്യം ശ്രദ്ധേയമാണ്. ആദിവാസി കുട്ടികളെപ്പോല്‍ ജീവിതത്തിന്റെ മധുരം നുണയാന്‍ ഭാഗ്യമുള്ളവര്‍ ആര്?അവരില്‍ മിക്കവര്‍ക്കും സ്കൂളുകള്‍ പോലും അന്യം. വിദ്യാഭ്യാസമെന്ന പന്തയക്കുതിരക്ക് പിറകെ കേരളത്തിലെ മുഴുവന്‍ രക്ഷകര്‍ത്താക്കളും ഓടിത്തളരുമ്പോള്‍ അതിന്റെയൊന്നും ടെന്‍ഷനില്ലാതെ കഴിഞ്ഞുകൂടുന്നത് ആദിവാസികള്‍മാത്രം. അവരുടെ കുട്ടികള്‍ക്ക് ട്യുഷനും സ്പെഷല്‍ ക്ലാസ്സും ബാധകമല്ല. കുട്ടികളുടെ കളികള്‍ തിരെഞ്ഞെടുക്കുന്നതില്‍പ്പോലും ചിത്രകാരന്‍ കാണിച്ച സൂക്ഷ്മത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടിക്ക് ചോറും കറിയും ഉണ്ടാക്കുന്നതുപോലുള്ള കളി നല്‍കുമ്പോള്‍ ആണ്‍കുട്ടി പന്തിനു പിറകെ ഓടുകയാണ്. ലിംഗ വിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ കളികളിലൂടെയാനല്ലോ പകരേണ്ടത്.

ഇതിലെ ഓരോ സൂക്ഷ്മാംശത്തെയും വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ ഇന്നും നാളെയും സംഗതി തീരില്ല. ഉള്ളില്‍ ഈട്ടം കൂടിയ ആശയങ്ങളുടെ പ്രത്യക്ഷീകരണമാണല്ലോ വാക്കുകളും വരകളും. ഇതല്ലാതെ 'തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍'. അപ്പോള്‍ ഓരോ വക്കും വരയും ആശയങ്ങളുടെ ഒളിച്ചും തെളിച്ചും വെച്ച ഭൂഖണ്ഡങ്ങളെ പ്രധിനിധാനം ചെയ്യും. ആദിവാസികളെക്കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രത്യക്ഷത്തില്‍ കാണാത്ത മഞ്ഞുമലകളെത്തന്നെയാണോ ഈ സര്‍ക്കാര്‍ പരസ്യവും ഉള്ളില്‍ വഹിക്കുന്നത്. എങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത്പറയാന്‍!

2009 ഡിസംബർ 29, ചൊവ്വാഴ്ച

അന്നവിചാരം മുന്നവിചാരം




കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വരാത്ത ശിഷ്യനെ ശിക്ഷിക്കാനായി, അവന്റെ ഉള്ളം കൈയിലേക്ക് ചൂരല്‍ പ്രയോഗിക്കാന്‍ ഒരിങ്ങി നിന്ന ഗുരുവിനോട് അവന്‍ വിറച്ചു കൊണ്ട് പറഞ്ഞു," മൂന്നു ദിവസമായി ഒന്നും കഴിക്കാത്തതിനാല്‍ ഇന്നലെ വഴിയില്‍ തലകറങ്ങി വീണത്‌ കൊണ്ടാണ് സാര്‍ ക്ലാസ്സില്‍ വരാന്‍ കഴിയാത്തത് ". കക്കാടിന്റെ പ്രശസ്തമായ 'ശിഷ്യനായ ഗുരു' എന്ന കവിതയിലാണ് ഈ രംഗം. കേരളത്തിലെ വിദ്യാഭാസത്തെക്കുറിച്ചുള്ള ഒരു കാലത്തെ ചര്‍ച്ചകള്‍ മിക്കപ്പോഴും കറങ്ങിയിരുന്നത് ദാരിദ്രമെന്ന സാമൂഹിക ദുര്‍ഭൂതത്തെ ചുറ്റിയാണ്‌. 'കള്ളകുട്ടികള്‍ ഊണ് കഴിഞ്ഞു കയ്യ് മുഖത്ത് മണപ്പിക്കും' എന്ന് വൈലോപ്പിള്ളിയും, ഉച്ചയ്ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന ഈ അവസ്ഥയെ തീവ്രമായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നെയുള്ളത് ജാതീയവും മതപരവുമായ അസമത്വമാണ് . രണ്ടിലും പട്ടിണി കിടന്നും സ്കൂളിലെത്താനുള്ള, പഠിക്കാനുള്ള ദൃഡമനസ്സുകളുടെ ആവേശമാണ് ഉപസംഹാരത്തില്‍. അങ്ങിനെ പഠിച്ച് സമൂഹത്തിന്റെ ഉന്നത നിലയിലെതിയവര്‍, നിസ്വജനങ്ങളുടെ പ്രതീക്ഷയായിരുന്നവര്‍ അവരെ ചുറ്റിയുള്ള അപദാനങ്ങള്‍ ഇവ സത്യത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലനില്പിന്റെ തന്നെ അക്കാലത്തെ ഊര്‍ജംആയിരുന്നു.

പട്ടിണി, വിശപ്പ്‌ എന്നീ ആശയങ്ങളെ ഇന്നത്തെ ഒരു ക്ലാസ് മുറിയില്‍ അവതരിപ്പിക്കുമ്പോഴുള്ള വിമ്മിട്ടം സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെത് മാത്രമായി ചുരുക്കണോ? ഇവ ഒരു അനുഭവം എന്ന നിലയില്‍ വരാത്ത സമൂഹം തീര്‍ച്ചയായും നല്ലത് തന്നെ. എങ്കിലും കേരളീയ സമൂഹം നിരവധി സങ്കീര്‍ണപ്രക്രിയകളിലൂടെ, സാമൂഹിക മുന്നേറ്റങ്ങളിലൂടെ മറികടന്ന ഒരു അവസ്ഥ എന്ന നിലയിലെങ്കിലും ഇവയെ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കഴിയേണ്ടതല്ലേ. ഈ ആലോചനകള്‍, ആഹാരത്തിനു ഒരു പ്രയാസവുമില്ലെങ്കിലും ഒന്നും കഴിക്കാതിരിക്കുന്നത് ഫാഷനാകുന്ന പുതിയ കാലത്തിന്റെ രീതി കണ്ട്‌ അമ്പരക്കുമ്പോള്‍ ഉണ്ടായതാണ്.

ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സ്കൂളില്‍ എത്തിച്ചേരുന്ന കുട്ടികളില്‍ തൊണ്ണൂറുശതമാനം പേരും കേരളത്തില്‍ ഹയര്‍ സെക്കണ്ടറിവരെ എത്തിച്ചേരുന്നു എന്നാണ് കണക്ക്‌. ദേശീയ ശരാശരി ഇത് നല്പത്തില്‍ താഴെയാണ്. (www.education.nic.in: gross enrolment rate for elementary education in 2007-8 was 85 percent, but for secondary education, the enrolment figure stood at 39 percent). മുണ്ട് എത്ര മുറുക്കിയുടുത്തും മക്കള്‍ക്ക്‌ പഠനത്തിനാവശ്യമായ സര്‍വ സൌകര്യങ്ങളും ഒരുക്കാന്‍ കേരളത്തിലെ രക്ഷകര്‍താക്കളെ ഇന്ന് ആരും ഉപദേശിക്കേണ്ട. ഫീസും, പുസ്തകവും മാത്രമല്ല ഏറ്റവും പുതിയ ഫാഷനിലുള്ള ബാഗുകളും മൊബൈല്‍ ഫോണുകളും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍തികളുടെ പക്കല്‍ വരെ ഇന്നുണ്ട്. സാമ്പത്തികമായ വിവേചനത്തിന് ഇരയാകുന്നവര്‍ മിക്കവാറും ആദിവാസികളും ദളിതരും മാത്രമാകും.( ഇത് ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു വിഷയമാണ് ) ശേഷിക്കുന്ന മഹാഭൂരിപക്ഷത്തിനും വിശന്ന വയറുമായി ക്ലാസില്‍ വന്നിരിക്കേണ്ട ഒരവസ്ഥയുമില്ല. എന്നിട്ടും ചോദിച്ചുനോക്കിയാല്‍ അറിയാം രാവിലത്തെ ഭക്ഷണം കഴിക്കാതെ വരുന്നവര്‍, ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ട് വരാത്തവര്‍ നമ്മുടെ ക്ലാസില്‍ എത്രയുണ്ടെന്ന്.

ക്ലാസ് PTA വിളിക്കുമ്പോള്‍ കുട്ടികള്‍ ആഹാരം കഴിക്കാത്തതിനെക്കുറിച്ച് അധ്യാപകരോട് രക്ഷിതാക്കള്‍ പരാതി പറയുന്നു. ഒന്നാം പിരിയേട്‌ തന്നെ ഡെസ്കില്‍ തലവെച്ചു കിടക്കുന്നതെന്തിനെന്നു മാഷും അതിശയം കൂറുന്നു. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളാണ് ഭക്ഷണത്തോടുള്ള വിരക്തിയായി തെളിയുന്നതെന്നാണ് ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ ഒരു കൌണ്‍‍സിലിങ്ങില്‍ കണ്ടെത്തിയത്. (എന്നാല്‍ ചെറിയ കുട്ടികളില്‍ തന്നെ ഈ സ്വഭാവം എന്നെത്തെക്കാളും അധികം ശക്തമാണെന്ന് ഓരോരുത്തര്‍ക്കും അനുഭവം.)
ഭക്ഷണത്തോട് സെക്കണ്ടറി /ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ കാണിക്കുന്ന വിരക്തി സവിശേഷമായി പഠിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. സ്വന്തം ശരീരത്തെ പറ്റിയുള്ള ശാസ്ത്രീയമായ ബോധം വികസിച്ചു വരേണ്ട, ചിന്തയുടെ തെളിച്ചം മിഥ്യാ ബോധത്തിന്റെ കടയ്കല്‍ തീവെക്കെണ്ടുന്ന സുപ്രധാനമായ ഒരു ഘട്ടമാണിത്. ആഹാരത്തിന്റെ ശാസ്ത്രീയമായ പ്രയോജനത്തെക്കുറിച്ച് ചെറു ക്ലാസുകളില്‍ വെച്ചേ പഠിച്ചു വന്നവരാവര്‍‍. എന്നിട്ടും സ്വന്തം കാര്യത്തിലെത്തുമ്പോള്‍ ഏട്ടിലെ പശു ഒന്നും തിന്നാത്തതെന്ത്? നിലനില്‍ക്കുന്ന, പഠനം എന്ന തികച്ചും പ്രകൃതി വിരുദ്ധവും ശരീര വിരുദ്ധവും ആയ ഒരേര്‍പ്പാടാണ് ഇക്കൂട്ടത്തിലെ ഒന്നാം പ്രതി. ഭക്ഷണത്തെ അറിഞ്ഞ്, ആസ്വദിച്ച് കഴിക്കാനുള്ള ഒരു മനസ്സ് അവരില്‍ നിന്നും തട്ടിപ്പറിക്കുന്നത് അധ്യാപകരും രക്ഷിതാക്കളും തന്നെയാണ്. പഠനത്തിന്റെയും പരീക്ഷയുടെയും കെട്ടിത്തൂക്കിയ വാളിന്റെ ചുവട്ടിലിരുന്നാണ് അവര്‍ വല്ലവിധവും രണ്ടു വറ്റ് വാരിത്തിന്നുന്നത്. നാളെ ചെയ്തു തീര്‍ക്കേണ്ട അസ്സൈന്മെന്റുകള്‍, കാണിക്കേണ്ട റിക്കാര്‍ഡുകള്‍, എഴുതേണ്ട പരീക്ഷകള്‍ ഇവയാണ് അവരുടെ തൊണ്ടയിലെ വെള്ളം പ്രധാനമായും വറ്റിക്കുന്നത്. ഇത്രമാത്രം ടെൻഷനടിച്ചും, സ്വശരീരത്തെപ്പോലും പീഡിപ്പിച്ചും ആ൪ജിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം എന്ന ഈ ഏര്‍പ്പാട്.

മിക്ക ഹയര്‍ സെക്കന്ററി സ്കൂളിലും ക്ലാസ്സുകള്‍ ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. ഏറ്റവും മികച്ചതെന്നു കേള്‍വികേട്ട സ്കൂളുകള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള കിലോമീറ്ററുകള്‍ നീളുന്ന യാത്ര രക്ഷിതാക്കള്‍ക്കും ആദ്യപരിഗണനാ വിഷയമല്ല. സ്കൂള്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുകള്‍ കൂടി ആവുമ്പോള്‍, പഠനത്തിനായുള്ള പെടാപ്പാട് ആരംഭിക്കുന്നത് രാവിലെ 7 മണി മുതലാവുന്നു. പുലര്‍കാല ട്യൂഷന്‍ കൂടിയാവുമ്പോള്‍ 5 മണിക്കിങ്ങുന്നവരുമുണ്ട്. എന്തായാലും സ്കൂളില്‍ 9 മണിയ്ക്ക് എത്തിയില്ലെങ്കില്‍ ആദ്യം ഡിസിപ്ലിന്‍ കമ്മിറ്റി നേതാക്കള്‍, തുടര്‍ന്ന് ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവരുടെ കമന്റുകള്‍, വിചാരണ, ഭീഷണി ആദിയായവ നേരിടുമ്പോഴേക്കും ഒരുവിധപ്പെട്ടവരെല്ലാം സ്വന്തം വിധിയെ ആത്മാര്‍ഥമായും ശപിച്ചിരിക്കും. രാവിലെ തന്നെയുള്ള ഈ അപമാനത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ഓരോ കുട്ടിയുടെയും സ്കൂളിനെ കുറിച്ചുള്ള ആദ്യത്തെ പരിഗണന. ഒന്നാം പിരിയേഡുതന്നെ മുഴുവന്‍ അധ്യാപകരുടെയും നോട്ടപ്പുള്ളിയായി ക്ലാസ്സിനു വെളിയില്‍ നില്‍ക്കേണ്ടിവരുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? പ്രഭാത ഭക്ഷണം പോയിട്ട് പ്രഭാത കൃത്യങ്ങള്‍ പോലും അവരുടെ പ്രഥമ പരിഗണനയല്ല. ഈ ക്രൂര വിചാരണ ഒഴിവാക്കുകയാണ് ഏറ്റവും മുന്തിയകാര്യം. ഈ ഓട്ടത്തിനിടയില്‍ രാവിലെത്തെയും ഉച്ചയ്ക്കെയും ഭക്ഷണം മിക്കപ്പോഴും കഴിക്കാതെയും എടുക്കാതെയും ആണ് കുറേപ്പേരെങ്കിലും വരുന്നത്.

പഠനത്തെയും സ്കൂളിലെത്താനുള്ള സംഘര്‍ഷത്തെയും കൂടാതെ ഒരു ഫാഷനായും ആഹാരം കഴിക്കതിരിക്കുന്ന കുട്ടികളുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്. അവരുടെ റോള്‍ മോഡലുകള്‍ ഐശ്വര്യാ റായിയെപ്പോലുള്ള സ്ലിംബ്യൂട്ടികള്‍. അതുപോലെ തന്നെ ജങ്ക് ഫുഡ്ഡുകള്‍, കൃത്രിമ പാക്കെറ്റ് ഫുഡ്ഡുകള്‍, ഫാസ്റ്റ് ഫുഡ്ഡുകള്‍ ഇവയെ സ്റ്റാറ്റസ് ചിഹ്നങ്ങളായി കാണുന്ന പ്രവണതയും ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരത്തില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ പിറകിലോട്ടു വലിക്കുന്നു.

ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ സമര്‍പ്പണമാണ്‌ ചിന്തയുടെയും ഏകാഗ്രതയുടെയും അടിസ്ഥാനമെന്ന് തിരിച്ചറിയുക, അതിനു ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും അറിയുകയും ആസ്വദിക്കുകയും ചെയ്യുക - ഇതെല്ലം പ്രധാനമെന്ന് ആരാണ് അവരെ ബോധ്യപ്പെടുത്തുക. ആരോഗ്യത്തെക്കുറിച്ചുള്ള ശരിയും ശാസ്ത്രീയവുമായ പാഠങ്ങള്‍ പരീക്ഷയ്ക്കായല്ലാതെ എന്തുകൊണ്ടാണ് അവരുടെ ജീവിത പാമാക്കാന്‍ സുവോളജിയും ബോട്ടണിയും മാറിമാറി പഠിപ്പിച്ചിട്ടും നമുക്ക് കഴിയുന്നില്ല. ശരീരത്തിന്റെ ഈ ഘട്ടത്തിലുള്ള ശ്രദ്ധ ഭാവിയില്‍ ഏതു പ്രതിസന്ധിഘട്ടത്തിലും തുണയാകും എന്നതാണ് ഓരോ ദിവസത്തെയും ആദ്യപാവും അവസാനപാവും ആകേണ്ടത്. 'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്നത് ഒരു പഴകിയ മന്ത്രം മാത്രമല്ല സ്കൂള്‍ അന്തരീക്ഷത്തിലെ സുപ്രധാനമായ ശീലമാക്കാന്‍ ആദ്യം ചുവടുകള്‍ വെക്കേണ്ടത് അധ്യാപകര്‍തന്നെയാണ്.

2009 ഡിസംബർ 25, വെള്ളിയാഴ്‌ച

കൈ കഴയ്‌ക്കുന്ന പ്രതിജ്ഞകള്‍




നമ്മുടെ സുരക്ഷ

ആകസ്‌മികമായി വന്നു ഭവിക്കുന്ന ദുരന്തങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ കടമയാണ്‌.
തട്ടെക്കാടും ഇരിക്കൂറിനടുത്ത പെരുമന്നിലും ഇടനാടും അരീക്കോടും ഒക്കെ സംഭവിച്ച ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായ കുട്ടികളെ ഇവിടെ സ്‌മരിക്കുന്നു.
ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ്‌ കരുതല്‍ നടപടികള്‍ എടുക്കുന്നതിനു വിദ്യാര്‍ഥി സമൂഹം പ്രപ്‌തരാകേണ്ടാതാണെന്ന്‌ നാം മനസ്സിലാക്കുന്നു.
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്‌ എങ്ങിനെയെന്ന്‌ സുരക്ഷാ സമിതി വഴി പഠിക്കുമെന്നും അധ്യാപകരുടെ സഹായത്തോടെ അത്‌ നടപ്പിലാക്കുമെന്നും ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു.
ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ നമ്മുടെ സുരക്ഷാ സമിതിയില്‍ പ്രവര്‍ത്തിച്ച്‌ ഞാന്‍ പ്രപ്‌തനാകുമെന്നു ദൃഢനിശ്ചയം ചെയ്യുന്നു.
ഭാവി സമൂഹത്തിലെ ദുരന്ത നിവാരണ പ്രവര്‍ത്തങ്ങളില്‍ സഹായത്തിനായി ഞാനുമുണ്ടാകുമെന്ന്‌ ഉറച്ച മനസ്സോടെ ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.


ഈയിടെ സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച്‌ കേരളത്തിലെ പൊതു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഏറ്റുചൊല്ലിയ
പ്രതിജ്ഞയാണിത്‌. ഇത്തരം ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട്‌ ഏറ്റുചൊല്ലിക്കാന്‍ തീരുമാനിക്കുന്നവര്‍ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌ എന്തൊക്കെയാവും. അറുപതു ലക്ഷത്തോളം കുട്ടികളുടെ ഇരുപത്‌ മിനുറ്റ്‌ പഠന സമയം അപഹരിച്ചാണ്‌ ( 60,0000 x 20 = 1,20,00000 മിനുറ്റ്‌ = 2,00000 മണിക്കൂര്‍ ) ഈ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി തീര്‍ത്തത്‌. ഒരു വര്‍ഷം ചുരുങ്ങിയത്‌ ഇത്തരം ആറോ ഏഴോ പ്രതിജ്ഞകള്‍ പൊള്ളുന്ന വെയിലത്തും ചാറ്റല്‍ മഴയത്തും നിന്ന്‌ ഹതഭാഗ്യരായ പോതുവിദ്യലയങ്ങളിലെ കുഞ്ഞുങ്ങള്‍ ചൊല്ലി തീര്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം പ്രതിജ്ഞകളുടെ ആശയ ഭാരമോ സമയ നഷ്ടമോ ഒന്നും ബാധിക്കാത്ത 'മിടുക്കര്‍', അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഈ സമയത്ത്‌ എഴുത്തും വായനയുമായി കഴിയുന്നു. ഇത്‌ വലിയ കാര്യമായതുകൊണ്ടാല്ല, മറിച്ച്‌ ഓരോ ചുവടിലും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിന്റെ ആഴം ഇവിടെയും പ്രതിഫലിക്കുന്നത്‌ കണ്ടുള്ള അമ്പരപ്പാണ്‌.

വലുതു കൈ ചുരുട്ടിയോ ചുരുട്ടതെയോ ഉയര്‍ത്തി നീട്ടിപ്പിടിച്ചാണ്‌ കുട്ടികള്‍ പ്രതിജ്ഞ ചൊല്ലേണ്ടത്‌. ഒരുമാതിരിപ്പെട്ടവരുടെ കൈ രണ്ടോ മൂന്നോ നിമിഷം കഴിയുമ്പോള്‍ തന്നെ കഴയും. പിന്നെയാണ്‌ തമാശ. നീട്ടിപ്പിടിച്ച കൈ മുന്നിലെ കുട്ടിയുടെ ചുമലില്‍ താങ്ങിയും ഇടതു കൈകൊണ്ട്‌ വലതുകൈക്ക്‌ താങ്ങ്‌ കൊടുത്തും അവര്‍ പ്രതിജ്ഞ ആസ്വദിക്കാന്‍ തുടങ്ങും. അടക്കിപ്പിടിച്ച ചിരി ഏതു നിമിഷവും പൊട്ടാം. ഓരോരാളും മറ്റുള്ളവരെ ശ്രദ്ധിച്ച്‌, ചിരിയടക്കാന്‍ പാടുപെടും.

രണ്ടു ഗൌരവപ്പെട്ട കാര്യങ്ങള്‍ ഇതില്‍ ആലോചിക്കേണ്ടതുണ്ടെന്നു തോന്നുന്നു.. ഒന്ന്‌ സ്‌കൂള്‍ അസ്സംബ്ലികളുടെ നടത്തിപ്പ്‌.
രണ്ട്‌. അര്‍്‌ത്ഥമറിയാതെ ചൊല്ലുന്ന പ്രതിജ്ഞകള്‍.

സ്‌കൂള്‍ പിന്തുടരുന്നത്‌ അതാതുകാലത്തെ അധികാര ഘടനയെയാണ്‌. ഏകാധിപത്യത്തിന്റെ നാളുകളില്‍ എകശാസനനായ ഒരു മാഷുടെ തിരുവായ്‌ക്‌ മുന്നില്‍ എതിര്‍്‌ വായില്ലാതെ അടിമകളായ കുഞ്ഞുങ്ങള്‍ നിലം മുട്ടെ താണ്‌ തൊഴുതു. ശിഷ്യരുടെ ശരീരവും മനസ്സും തന്റെ അധികാരത്തിന്റെ പ്രയോഗസ്ഥലിയാക്കാന്‍ അധികാരി ഒട്ടും മടികാണിച്ചിട്ടില്ല. ഈ ഭീഷണി മുഴക്കാന്‍ ഏറ്റവും ഉചിതമായ ഒരിടം അസ്സംബ്ലിയായിരുന്നു. അവിടം പട്ടാളചിട്ടകളുടെ പരേഡ്‌ ഗ്രൗണ്ടായിരുന്നു. ചുവടുവെപ്പുകളും സല്യൂട്ടടികളും അറ്റന്‍ഷനും സ്‌റ്റാന്ററ്റീസും മറ്റുമായി ഒരു കൊച്ചു പട്ടാള ബാരക്ക്‌. ശ്വാസം വിടാതെ അവിടെ നിന്ന്‌ അന്ന്‌ കേട്ട ഉപദേശങ്ങള്‍ എവിടെപ്പോയി എന്ന്‌ ഓരോരുത്തരും സ്വയം ചോദിച്ചു നോക്കേണ്ടതാണ്‌. വായിക്കു തോന്നുന്നത്‌ കോതയ്‌ക്ക്‌ പാട്ടെന്ന ഈണത്തില്‍ ഒന്നാം സ്ഥാനക്കാരും (അതുതനെ മിക്കയിടത്തും രണ്ടാണ്‌; ഹെഡും പ്രിന്‍സിയും) അതിലും ഭീകരരായ രണ്ടാം സ്ഥാനക്കാരും മത്സരിച്‌ ഉപദേശിക്കുന്ന ഈ സംഗതി കുട്ടികളില്‍ ഉണ്ടാക്കുന്ന ബോറ്‌ എത്രയെന്നു കണ്ടെത്തണമെങ്കില്‍ അതിനെ ക്ലാസ്‌ റൂമിലെ ഉപദേശത്തോട്‌ താരതമ്യം ചെയ്യണം. ആദ്യതെതില്‍ വെയിലിന്റെ ശല്യവും ഉണ്ടെന്നുമാത്രം. രണ്ടും കൊടും ക്രൂരതകള്‍.

അസ്സംബ്ലി, കുട്ടികളില്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ ഹൈക്കോടതി ഉത്തരവുകള്‍ക്ക്‌ ശേഷവും ആരാലും പരിഗണിക്കപ്പെടാതെ പോവുന്നു. നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാതെ ഓടിയെത്തുന്ന കുട്ടികള്‍ ഇരുപത്‌ മിനിട്ടോളം അനങ്ങാതെ വെയിലത്ത്‌ നിന്ന്‌ തല കറങ്ങി വീഴുന്നു. അറ്റന്‌ഷനിലും സ്‌ടാണ്ടടീസിലും ശ്വാസം മുട്ടുമ്പോള്‍ ബോധത്തിന്റെ അവസാനത്തെ വെളിച്ചത്തെപ്പോലും അണക്കും മാഷന്മാരുടെ ഗിരി പ്രഭാഷണങ്ങള്‍. അസ്സംബ്ലിയില്‍ വീഴുന്നവരെ താങ്ങി എടുക്കാന്‍ പ്രത്യേകം ചുമതല നല്‍കുന്ന സ്‌കൂളുകളും ഉണ്ട്‌. ഒന്നനങ്ങിയ്യാല്‍ പി.ടി. മാഷുടെ ചൂരല്‍ പുറത്തു വീഴും. എന്നിട്ടും അസ്സംബ്ലിയില്‍ ഡിസിപ്ലിന്‍ പോര എന്നാണ്‌ മിക്ക മാഷന്മാരുടെയും പരാതി.

അസ്സംബ്ലിയുടെ എണ്ണമാണ്‌ സ്‌കൂള്‍ ഡിസിപ്ലിന്റെ അടിരേഖ എന്ന്‌ ധരിച്ചു വശായ സ്‌കൂള്‍ അധികാരികള്‍ എത്ര? സ്‌കൂള്‍ നടത്തിപ്പിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങളെ നേരാം വണ്ണം തിരിച്ചറിയാന്‍ ഇതില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌ എന്ന്‌ പരിശോധിച്ചിട്ടുണ്ടോ? ക്ലാസില്‍ പോയി പറയാന്‍ പണിയായതുകൊണ്ട്‌, പ്യൂണ്‍ നോട്ടീസും കൊണ്ട്‌ പോകാന്‍ പറഞ്ഞാല്‍ കേള്‍ക്കതതുകൊണ്ട്‌ ഉടന്‍ വിളിക്കുന്നു അസ്സംബ്ലി. ണിം..., ണിം...., ണിം.....
അസംബ്ലിയിലെ തന്നെ ഏറ്റവും 'ക്രൂരവും പൈശാചികവും' അയ ചടങ്ങ്‌ പ്രതിജ്ഞ യാണ്‌. സ്ഥിരം പ്രതിജ്ഞക്ക്‌ പുറമേ അപ്പപ്പോള്‍ തോന്നുന്ന ഉള്‍വിളിക്കനുസരിച്‌ പടച്ചു വിടുന്ന സാധനങ്ങളുമുണ്ട്‌.അവയിലെ ഭാഷ, ആശയം തൊട്ടു അത്തരം സാധനങ്ങള്‍ ഏറ്റു ചൊല്ലിക്കുന്നതിലെ അധികാര ഘടനവരെ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്‌. ആരുടെ നാവായാണ്‌ ഒരേ സമയം അറുപതു ലക്ഷം പേര്‍ 'ഹെയ്‌ ഹിറ്റ്‌ലര്‍' വിളിക്കുന്നത്‌. സുരക്ഷയെക്കുറിച്ചും പൊതുമുതല്‍ നശിപ്പിക്കുന്നതിനെക്കുറിച്ചും കായികക്ഷമതെയെക്കുറിച്ചും ഇങ്ങനെ തന്നെ വേണോ കുട്ടികളെ ബോധവാന്മാരാക്കാന്‍. മറിച്ച്‌ ഇത്തരം കാര്യങ്ങളെ ക്കുറിച്ച്‌ ചര്‍ച്ചചെയ്യാനും തങ്ങളുടെ ചിന്തകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കുന്ന ഒരു രീതിയല്ലേ വേണ്ടത്‌. അപ്പോഴാണ്‌ സുരക്ഷയുടെയും പൊതുമുതല്‍ സംരക്ഷിക്കുന്നതിന്റെയും ചില അടിസ്ഥാന പാഠങ്ങള്‍ കുട്ടികള്‍ക്ക്‌ സ്വാംശീകരിക്കാന്‍ കഴിയുക.

വിമര്‍ശനാത്മക പഠനം അടിസ്ഥാന സമീപനമായി സ്വീകരിച്ച ഒരു പാഠ്യപദ്ധതിയാണ്‌ നമ്മുടേത്‌ എന്നാണ്‌ വീമ്പുപറച്ചില്‍. വിമര്‍ശനം പോയിട്ട്‌ തുമ്മാന്‍ പോലും അനുവദിക്കാത്ത അച്ചടക്കമാണ്‌ മറ്റൊരിടത്ത്‌ പഥ്യം. പാഠ്യപദ്ധതിയുടെ അന്തസത്തയെ തന്നെ കെടുത്തുന്ന ഇത്തരം ഒരിടപെടലും വകുപ്പ്‌ മേലധ്യക്ഷന്മാരുടെ പക്കല്‍നിന്നു ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌.കുട്ടികളെ ഏറ്റുചൊല്ലിക്കാന്‍ മാത്രമുള്ള ആട്ടിന്‍ കൂട്ടമായി കാണുന്ന സമീപനം കാലത്തിനു നിരക്കാത്തതാണ്‌.

സമീപനത്തിലെ ശരിയും നടത്തിപ്പിലെ ആത്മാര്‍ഥതയുമാണ്‌ ഒരു കാര്യത്തെ നെഞ്ചിലേറ്റാന്‍ ആരെയും പ്രേരിപ്പിക്കുന്നത്‌; കുട്ടികളുടെ കാര്യത്തിലായാലും മുതിര്‍ന്നവരുടെ കാര്യത്തിലായാലും. മൊത്തം സമൂഹത്തെ പരിഹസിച്ചു കൊണ്ട്‌, മോക്ഷത്തിലേക്കുള്ള വഴി കാണിക്കലാണെങ്കിലും അത്‌ നടത്തുന്നത്‌ അങ്ങേയറ്റം വൃത്തികേടാണ്‌. സമൂഹത്തിന്റെ ഉത്തരവാദിത്വക്കുറവു കൊണ്ട്‌ മാത്രം നടക്കുന്ന ദുരന്തങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ പാവം കുഞ്ഞുങ്ങളെ പ്രേരിപ്പിക്കുന്ന മേല്‍ക്കൊടുത്ത പ്രതിജ്ഞ ശ്രദ്ധിച്ചില്ലേ? ദുരന്തങ്ങള്‍ കുറച്ചുകൊണ്ട്‌ വരുന്നതിനുള്ള എന്ത്‌ ആത്മാര്‍ഥമായ നടപടി യാണ്‌ അവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യുന്നത്‌ . ഏറ്റവും എളുപ്പം അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കു മാത്രമാണെന്നും ഇനി മുതല്‍ നിങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു ശ്രദ്ധക്കുറവും ഉണ്ടാകരുതെന്നും ഭീഷണിപ്പെടുത്തുകയാണ്‌. അത്‌ ഏറ്റു പറയിക്കുമ്പോള്‍ പ്രതിക്കൂട്ടിലിരുന്നു ചിലര്‍ക്ക്‌ ആര്‍ത്തുചിരിക്കാം. ഇതാ ഞങ്ങളുടെ കൈകള്‍ ഭദ്രം. കുറ്റവാളികള്‍ കുറ്റം സ്വയം ഏറ്റെടുത്തിരിക്കുന്നു. പക്ഷെ അവര്‍ കുട്ടികളായതുകൊണ്ട്‌ ശിക്ഷ വെയിലത്തെ ഏറ്റുപറച്ചിലില്‍ ഒതുക്കാം.

പ്രതിജ്ഞയെന്നത് ഒരു ആശയത്തോട് ജീവന്‍ നല്‍കിയും ചേര്‍ന്ന് നില്‍ക്കുന്ന ഒരു മനോഭാവത്തിന്റെ പ്രത്യക്ഷീകരമാണ്. രക്തത്തില്‍ മുക്കിയും അഗ്നിക്കുമേലെ കൈവച്ചും ഏറ്റെടുത്ത ഉത്തരവാദിത്വമാണ് അതിന്റെ കാതല്‍. എന്നാല്‍ രാഷ്ട്രത്തിന്റെ ഭരണകര്‍ത്താക്കള്‍ മുതല്‍ കൊണ്ടാടപ്പെടുന്ന സെലിബ്രിറ്റികള്‍ വരെ ചൊല്ലുന്ന പ്രതിജ്ഞകളെ കൈകള്‍ താഴ്തുന്നതിനു മുമ്പേ കുടഞ്ഞു കളയുന്നതാണ് നമ്മുടെ അനുഭവ സാക്ഷ്യം. പ്രതിജ്ഞയെന്ന പദത്തിന്റെ അര്‍ത്ഥത്തെപ്പോലും അതിന്റെ സത്യത്തില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടിരിക്കുകയാണ് ഇന്ന്. അര്‍ത്ഥത്തെ അതിന്റെ അടിസ്ഥാനമായ വാക്കുകളില്‍ നിന്നും വേര്‍പെടുത്തുന്ന ശ്രമകരമായ ദൌത്യമാണ് സമൂഹത്തിന്റെ ആഘോഷപ്പൂമുഖങ്ങളില്‍ നിന്നും ഉയരുന്നത്. വാക്കുകളുടെ അര്‍ത്ഥം മനസ്സില്‍ തൊടാതെ ഉച്ചരിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഗൌരവപൂര്‍വ്വം, വിനയപൂര്‍വ്വം ഉച്ചരിച്ചിരുന്ന വാക്കുകള്‍ ആളുകള്‍ സോപ്പുപതയില്‍ നിന്നും ഉണ്ടാക്കുന്ന കുമിളകള്‍ പോലെ നിസ്സാരമായി പറത്തിവിട്ടുകൊണ്ടിരിക്കുകയാണ്. വിരസമായ കൈകള്‍ നിവര്‍ത്തുമ്പോള്‍ കവിതകളിലെ മനോഹര പദങ്ങളില്‍ നിന്ന് പോലും അവയുടെ സ്വര്‍ഗീയമായ വിശുദ്ധിയുള്ള അര്‍ത്ഥങ്ങള്‍ പറന്നുപോകും. ജീര്‍ണപട്ടാളകംസമനസ്സുകള്‍ക്ക് തച്ചുടക്കാനോ മലിനമാക്കാനോ അവ നിന്ന് തരികയുമില്ല. പിന്നെയല്ലേ ഏറ്റുചോല്ലിക്കാനായി മാത്രം വളച്ചൊടിച്ചും ഒട്ടിച്ചുചെര്‍ത്തും അര്‍ത്ഥമുണ്ടാക്കുന്ന പ്രതിജ്ഞകള്‍ കുട്ടികളുടെ മനസ്സില്‍കുടിയേറാന്‍. വഗര്‍ത്ഥങ്ങള്‍ നിലവിളിച്ചു കൊണ്ട് രണ്ടു വഴിക്ക് പിരിഞ്ഞു പോകുന്ന ഭീകരമായ ഓപ്പറേഷന്‍ ടേബിളുകള്‍ കൂടിയാണ് നമ്മുടെ അസംബ്ലികള്‍.

പ്രതിജ്ഞ, അതാവശ്യപ്പെടുന്ന ധൈര്യവും ഉത്തരവാദിത്വ ബോധവും കടമയുമെല്ലാം വെട്ടി മാറ്റി സമൂഹമെന്ന തയ്യല്‍ക്കാരന്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ ഒരു പാവം പദം. അതിന്റെ വലിപ്പവും മിനുപ്പും കണ്ട് ചിലര്‍ ഇപ്പോഴും അതെടുത്ത് ഉയര്‍ത്തുന്നു. സത്യത്തില്‍ അപ്പോഴുണ്ടാകുന്ന പൊടിയും ശ്വാസംമുട്ടലും കൊണ്ട് കുറേപ്പേര്‍ തല കറങ്ങി വീഴുന്നുണ്ടെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണംസാര്‍.