ബ്രണ്ണന്‍ കോളേജിന്റെ കുന്നുകയറി അച്ഛന്‍ വിയര്‍ത്തൊലിച്ചു വരുന്ന ഉച്ചയ്ക്ക് ഞാന്‍ ഗംഭീരമായ ഒരു പ്രകടനം നയിച്ച് അതിന്റെ മുന്നില്‍ നടക്കുകയായിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മകളില്‍ ഏറ്റവും തിളക്കത്തോടെ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം എനിക്ക് ഈ കണ്ടുമുട്ടലാണ്. അത് അവിശ്വസനീയമായിരുന്നു. ഒരുപാട് അസുഖങ്ങളാല്‍ ഉഴറിയിരുന്ന അച്ഛന്‍ പത്തെഴുപതു കിലോമീറ്റര്‍ സഞ്ചരിച്ച് ആദ്യമായി മകന്‍ പഠിക്കുന്ന കോളേജില്‍. കോളേജില്‍ ചേര്‍ക്കാന്‍ പോലും, "നീ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു പോയാല്‍ മതി" എന്ന് പറഞ്ഞിരുന്ന പുള്ളിയാണ്. വിയര്‍ത്തു കുളിച്ചു രതീശന്റെ ചായക്കടയ്ക്ക് മുന്നില്‍ കിതപ്പാറ്റുന്ന അച്ഛനെ പ്രകടനത്തിന്റെ മുന്‍ നിരയില്‍ നിന്ന് കണ്ട ഉടനെ അമ്പരന്ന ഞാന്‍ കണ്ണ് കൊണ്ട് ചോദിച്ചു, എന്തേ? കണ്ണിറുക്കിത്തന്നെ അച്ഛന്‍ മറുപടി പറഞ്ഞു, ഒന്നുമില്ല... നീ പോയി വാ. ഒരു നിമിഷം പ്രകടനത്തില്‍ നിന്നും ഒഴിഞ്ഞു മാറി ഞാന്‍ അച്ഛന്റെ അടുത്തേക്ക് ഓടി ചെന്നു. അച്ഛാ, എന്തെങ്കിലും വിശേഷങ്ങള്‍. ഹേയ്.. അങ്ങിനെയൊന്നുമില്ല നീ നിന്റെ പണിയൊക്കെത്തീര്‍ത്തിട്ടു വാ.. ഞാനിവിടെ നില്‍ക്കാം. അച്ഛനെ ചായക്കടയില്‍ ഇരുത്തി, രതീശേട്ടാ നോക്കിയേക്കണേ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു വീണ്ടും പ്രകടനത്തിലേക്ക് ചേരുമ്പോഴും മനസ്സില്‍ നിറയെ അച്ഛന്‍ വന്നത് എന്തിനായിരുന്നു അന്ന ചിന്തയായിരുന്നു.
ബ്രണ്ണനിലെ അന്നത്തെ പ്രിന്‍സിപ്പാള്‍ മേരിമാത്യു ടീച്ചറുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ കോളേജു പടിക്കല്‍ നടന്ന ധര്‍ണാ സമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രകടനമായിരുന്നു അത്. അധ്യാപകര്‍ മാത്രമല്ല വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളിന്റെ പല നടപടിയിലും വല്ലാതെ കുപിതരായിരുന്ന സമയമായിരുന്നു അത്. കോളേജു യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍, യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും പ്രിന്‍സിപ്പാളുമായി നിരന്തരം കലഹിക്കേണ്ടി വന്നിരുന്നു എനിക്ക്. സോമന്‍ കടലൂര്‍ എഡിറ്ററായ ഞങ്ങളുടെ മാഗസിന്‍ ഇറക്കാതിരിക്കാനും ഇറങ്ങിയപ്പോള്‍ അതിന്റെ കാശ് തരാതിരിക്കാനും അവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. ഇക്കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞു കൊണ്ടായിരുന്നു ഞാന്‍ ധര്‍ണാസമരത്തിനു അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പ്രസംഗിച്ചിരുന്നത്. രതീശന്റെ ചായക്കടയില്‍ ഇരുന്നു തന്നെ അച്ഛന്‍ എന്റെ പ്രസംഗം മുഴുവനും കേട്ടു. എന്‍. പ്രഭാകരന്‍ മാഷാണ് തുടര്‍ന്ന് അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പ്രസംഗം നടത്തിയത്. മാഷെ, ജീവിതത്തില്‍ ആദ്യമായി ചൂടായി കണ്ട, കേട്ട ഏക ദിവസം മുമ്പും പിന്‍പും അതുമാത്രമായിരുന്നു. പരിപാടി തീര്‍ന്നതും ഞാന്‍ ഓടി അച്ഛന്റെ അടുത്തത്തി. അപ്പോഴേക്കും ചായകുടി കഴിഞ്ഞ് അച്ഛന്‍ രണ്ടാമത്തെ ബീഡിക്ക് തീകൊളുത്തിയിരുന്നു.
"നമുക്ക് എവിടെയെങ്കിലും കുറച്ചു നേരം ഇരിക്കാം" എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അതെവിടെ എന്നായി ഞാന്‍. "നീ താമസിക്കുന്ന മുറി ദൂരെയാണോ..." "ഹേയ്.. ഇതാ തൊട്ടടുത്തുതന്നെയാണ്." "എന്നാല്‍ നമുക്ക് അങ്ങോട്ട് പോകാം." എന്റെ ഹോസ്റല്‍ മുറിയുടെ പരുവം എന്തായിരിക്കും എന്ന് ഭയന്നുകൊണ്ടാണ് ഓരോ അടിയും എണ്ണിത്തീര്‍ത്തത്. ഞങ്ങള്‍ മൂന്നു പേര്‍ക്കാണ് ഒരു മുറി.സത്യന്‍, ഗോപി, ഞാന്‍. മൂന്ന് പേരും സാമാന്യം വലിക്കും.മുറി അടിച്ചു വാരിയിട്ടു ദിവസങ്ങള്‍ എത്രയോ ആയിട്ടുണ്ടാകും. ബീഡി, സിഗരറ്റുകുറ്റികള്‍ നിറഞ്ഞു തറ കാണാതായിട്ടുണ്ടാകും. മറ്റെന്തൊക്കെ അവശിഷ്ടങ്ങളാണ് ഉണ്ടാവുക എന്ന് പടച്ചോന് മാത്രമേ അറിയൂ. അച്ഛനാണെങ്കില്‍ മുറിയിലേക്ക് പോകാമെന്ന് പറയുകയും ചെയ്തു.
ഹോസ്റ്റലിലേക്കുള്ള പടികള്‍ അച്ഛന്‍ പതുക്കെ കയറി. ഞാന്‍ അച്ഛന്റെ കയ്യില്‍ ബലമായി പിടിച്ചു. വീട്ടിലേക്കു പോയിട്ട് ദിവസമെത്രയോയായി. ആ കൈകളില്‍ തൊട്ടപ്പോള്‍ വീടിന്റെ വിളി കടലിരമ്പം പോലെ അടിച്ചുയര്‍ന്നു. മുറിയിലെത്തിയ അച്ഛന്‍ ഉള്ളിലാകെ ഒന്ന് നോക്കി. സംഗതി ഞാന്‍ ഭയപ്പെട്ടതിനേക്കാള്‍ ഭീകരം ആയിരുന്നു.
"ഇതിനുള്ളില്‍ പെരുച്ചാഴികളെ പോലെ എങ്ങിനെയാടാ നീയൊക്കെ കഴിയുന്നത്? "
ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നു പോയത് സിഗരറ്റു വലിക്കുന്നത് ആദ്യമായി അച്ഛന്‍ കണ്ടു പിടിച്ച ദിവസമായിരുന്നു.
പയ്യന്നൂരില്‍ അച്ഛന്‍ നടത്തിയിരുന്ന ആയുര്‍വേദക്കടയാണ് രംഗവേദി. അച്ഛന് അക്കാലം ഒരുപാട് ദിവസം മണിപ്പാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിരുന്നു. നെഞ്ചുവേദന. ആശുപത്രിയില്‍ പേഷ്യന്‍റ് പാര്‍ട്ടിയായി ഞാനാണ് കൂടെ. അവിടെ കിട്ടിയ നാട്ടുകാരായ സുഹൃത്തുക്കളില്‍ നിന്നാണ് മൂക്കില്‍ കൂടി പുകവിടുന്ന ഈ മഹനീയ വിദ്യ അഭ്യസിച്ചത്. തിരിച്ചെത്തിയപ്പോള്‍ ആയുര്‍വേദ കട നടത്തിപ്പ് എന്റെ പണിയായി. അച്ഛന്‍ ഇടയില്‍ എപ്പോഴെങ്കിലും വരും. കടയുടെ പിന്നിലുള്ള ഇത്തിരി സ്ഥലത്ത് നിന്ന് ഒരു ദിവസം പുതുതായി പഠിച്ചെടുത്ത വിദ്യ പരീക്ഷിക്കുമ്പോഴാണ് അച്ഛന്‍ മെല്ലെ കടന്നു വന്നത്. പകുതി വലിച്ച സിഗരറ്റുമായി കൈയോടെ പിടിയില്‍. ഉഗ്രമായി ഒന്ന് നോക്കി. 'തുടങ്ങിയോ' എന്ന് മാത്രം ഒരു ചോദ്യം. ബാക്കി ഞാന്‍ വീട്ടില്‍ വെച്ച് പറയാം എന്നും പറഞ്ഞു അച്ഛന്‍ ഇറങ്ങി. ഇതികര്‍ത്തവ്യതാമൂഢനായി എന്ന് പറഞ്ഞപോലെ ഞാന്‍ കുറച്ചു നേരം നിന്നു. വീട്ടിലെത്തി ഇക്കാര്യം അമ്മയോടും മറ്റും പറഞ്ഞു ഒരു ആഗോള പ്രശ്നമാകുമ്പോഴുണ്ടാകുന്ന നാണക്കേട് ഓര്‍ത്ത് ഉരുകി. കടയില്‍ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്ക് ഒരു ഓട്ടമാണ് പിന്നീട്. അധികം ദൂരം എത്തുന്നതിനു മുന്‍പ് കണ്ടു പിടിച്ചു. അടുത്തു പോയി നേരെ പറഞ്ഞു, ഈ പ്രശ്നം നമ്മള്‍ രണ്ടു പേരും അറിഞ്ഞാല്‍ മതി. ഇനി അമ്മയോടും മറ്റും പറഞ്ഞു പ്രശ്നമാക്കേണ്ട. പറഞ്ഞു കഴിഞ്ഞതും അച്ഛന്‍ അറിയാതെ ചിരിച്ചു പോയി. (ആ ചിരിയില്‍ തെളിഞ്ഞു നിന്ന സ്നേഹത്തിന്റെ ആഴം ഇപ്പോഴും മനസ്സിലുണ്ട്).
അച്ഛന്‍ വന്ന കാര്യം പറഞ്ഞു. അനുജത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം. ഒരര്‍ത്ഥത്തില്‍ അച്ഛന് തനിയെ തീരുമാനിക്കാവുന്നതെയുള്ളൂ അത്. എങ്കിലും എന്നോട് കൂടി അക്കാര്യം ആലോചിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനാണ് വിയര്‍ത്തുകുളിച്ചു ഈ നട്ടുച്ചയ്ക്ക് വയ്യാത്ത അച്ഛന്‍ എത്തിയിരിക്കുന്നത്. എല്ലാം സംസാരിച്ചതിന് ശേഷം ഹോസ്റ്റലിനു മുന്നിലെ ഇടവഴിയില്‍ കൂടി ഞാനും അച്ഛനും പതുക്കെ ധര്‍മ്മടം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നിന്റെ പഠനം എങ്ങിനെയുണ്ട് എന്നോ രാഷ്ട്രീയം ഇത്രയും വേണോ എന്നോ അച്ഛന്‍ ഒരു വാക്ക് പോലും ചോദിച്ചില്ല. കച്ചവടം തീര്‍ത്തും മോശമാവുന്നതിനെക്കുറിച്ചും അനുജത്തിയുടെ വിവാഹത്തിനു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും പറഞ്ഞു. "ഞാന്‍ പറഞ്ഞു എന്നേയുള്ളൂ .. നീ അതൊന്നും ഓര്‍ത്ത് വിഷമിക്കേണ്ട" എന്ന്, തലകുനിച്ചു നടക്കുന്ന എന്നെ ആശ്വസിപ്പിച്ചു. എത്ര ദിവസമായി നേരാം വണ്ണം ക്ലാസ്സില്‍ കയറിയിട്ട് എന്ന് കുറ്റബോധത്തോടെ അന്നേരം ഞാന്‍ ഓര്‍ത്തു. ധര്‍മടം ബസ് സ്റ്റോപ്പില്‍, നന്നേ തിരക്കുള്ള ഒരു ബസ്സില്‍ അച്ഛനെ കണ്ണൂരേക്ക് കയറ്റി വിട്ടു തിരിച്ചു കോളെജിലേക്ക് നടക്കുമ്പോള്‍ എന്തിനെന്നറിയാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. അടുത്ത കൂട്ടുകാര്‍ ആരെങ്കിലും കണ്ടു എന്തെടാ എന്ന് ചോദിച്ചിരുന്നെങ്കില്‍ കരഞ്ഞു പോയനെ.
2010, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച
2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച
പരസ്യക്കുടചൂടുന്ന മാവേലികള്‍
നഗരത്തില്‍ ഓണത്തിരക്ക് അതിന്റെ ആര്‍പ്പുവിളി തുടങ്ങിക്കഴിഞ്ഞു. പരസ്പരം മുട്ടാതെ മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ കഴിയില്ല. ഈ തിരക്കില്‍ ഒരു വിധം അങ്ങിനെ നൂണ് നൂണ് പോകുമ്പോഴാണ് ചെണ്ടയുടെ മേളം. നോക്കിയപ്പോള്‍ അതിശയിച്ചുപോയി. ഒരു പത്തു മുപ്പതു മാവേലികള്‍ കൂട്ടമായി നടന്നു വരുന്നു. ചെണ്ടയുടെ അകമ്പടിയോടെ രാജകീയമായി തന്നെയാണ് വരവ്. ഇടയില്‍ ചില കുടവയറന്‍ മാവേലികള്‍ കടകളില്‍ കയറുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോള്‍ നോട്ടീസ് വിതരണമാണ്. കടകളില്‍ മാത്രമല്ല വഴിയെ പോകുന്ന ആളുകളെയും വെറുതെ വിടുന്നില്ല. നഗരത്തില്‍ ഈയിടെ തുടങ്ങിയ വസ്ത്രശാലയുടെ നോട്ടീസുകളാണ് മാവേലികള്‍ വിതരണം ചെയ്യുന്നത്. ഓണം സമം മാവേലിയുടെ കുടവയര്‍ എന്ന് ഓരോ വര്‍ഷവും നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറെക്കാലമായി പരസ്യക്കാര്‍ ആണല്ലോ. മാവേലികളുടെ വ്യത്യസ്ത പരസ്യസാധ്യതകളെക്കുറിച്ച് നാം ഇനിയും ഏറെ പഠിക്കാനുണ്ടെന്നു തോന്നുന്നു.
ഓണത്തിന്റെ മാവേലിയെഴുന്നള്ളത്ത് ഇപ്പോള്‍ പലയിടത്തും കാശ് പിരിച്ചെടുക്കാനുള്ള ചെറുപ്പക്കാരുടെ സൂത്ര വിദ്യമാത്രമാണ്. കുടവയറിനനുസരിച്ചു റേറ്റ് ഉറപ്പിച്ചു നല്ല മാവേലി വേഷക്കാരെ നേരത്തെ ബുക്ക് ചെയ്യുന്നത്തിനു നഗരത്തില്‍ കലാ സമിതിക്കാരും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരും തമ്മില്‍ അടിയാണ്. എങ്കിലും മിക്ക പ്രദേശങ്ങളിലെയും കുട്ടികള്‍ 'വടിവൊത്ത' ( എടുത്താല്‍ പൊങ്ങാത്ത കുടവയര്‍, കൊമ്പന്‍ മീശ ഇവ പ്രാഥമിക ലക്ഷണം ) മാവേലിയെ കാണുന്നത് എല്‍. ജി യുടെയോ സോണിയുടെയോ സാംസംഗിന്റെയോ പരസ്യ ചിത്രത്തില്‍ മാത്രമാണ്. ചിത്രങ്ങളില്‍ നിലനില്‍ക്കുന്ന മാവേലി സത്യത്തില്‍ നമ്മുടെ ടി വി കളില്‍ തുള്ളിയാടുന്ന വേഷം കേട്ട് മാവേലികളെക്കാള്‍ എത്രയോ നല്ലതാണ്. ഇന്ന് കലാ സമിതിക്കാരെയും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍കാരെയും കടത്തി വെട്ടി ലക്ഷണമൊത്ത മാവേലി രൂപക്കാരെ, കനത്ത പ്രതിഫലവും ഓഫറുകളും നല്‍കി ആദ്യം ബുക്ക് ചെയ്യുന്നത് തുണിക്കടക്കാരും ജ്വല്ലറിക്കാരുമാണ്.
ഓണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ഉണ്ട്. മലയാളം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പല ക്ലാസ്സുകളിലും ഓണം ഒരു പ്രധാന തീമായി കടന്നു വരുന്നുണ്ട്. ഒരു കാര്‍ഷിക സംസ്കൃതി എങ്ങിനെ കമ്പോള സംസ്കാരമായി മാറുന്നു എന്ന് തൊട്ടു കാണിക്കാനുള്ള ഒരു ചിഹ്നമാണ് ഓണം. കാര്‍ഷിക സംസ്കാരത്തിന്റെ എല്ലാ മുദ്രകളും അടയാളപ്പെടുത്തപ്പെട്ടവയാണ് നമ്മുടെ ഉത്സവങ്ങള്‍ എന്നത് ഇന്നത്തെ കുട്ടിയുടെ അനുഭവമാക്കാന്‍ അധ്യാപകര്‍ക്ക് എളുപ്പം കഴിയില്ല. വിത്തും ഉഴലും കൊയ്തും മെതിയും പുന്നെല്ലരിയും എങ്ങിനെ അവരുടെ അനുഭവ സീമയിലേക്ക് കൊണ്ട് വരും. ഓണപ്പാട്ടുകള്‍ പാടി നടത്താവുന്ന അകം പൊള്ളയായ ഒരു കഥാപ്രസംഗമായി മിക്കപ്പോഴും അത് മാറും. ഈ വിഷയത്തെ പൊലിപ്പിച്ചു കാട്ടി ഓണനാളുകളില്‍ ടെലിവിഷനില്‍ വരുന്ന മെലോ ഡ്രാമകള്‍ അവരില്‍ ഓക്കാനം ഉളവാക്കുകയെ ഉള്ളൂ.
പതിനൊന്നാം ക്ലാസ്സില്‍ എം. ടി. വാസുദേവന്‍ നായരുടെ മനോഹരമായ ഒരു സ്മരണ പഠിക്കാനായി ഉണ്ട്. 'കണ്ണാന്തളിപ്പൂക്കളുടെ കാലം'. കൂടല്ലൂരിലും വന്നേരിയിലും കഴിച്ചു കൂട്ടിയ കുട്ടിക്കാലത്തെ ഓണക്കാലത്തിന്റെ മനോഹരമായ, ഗൃഹാതുരത്വമുണര്‍ത്തുന്ന സ്മരണ. കണ്ണാന്തളിപ്പൂവ് എന്ന മനോഹരമായ ഇമേജിനെ മുന്‍ നിര്‍ത്തി ഓണത്തെ ഓര്‍ത്തെടുക്കുന്ന ഗദ്യത്തിലെഴുതപ്പെട്ട കാല്‍പനിക കവിത. പട്ടിണിയുടെ കര്‍ക്കിടകം ഞങ്ങള്‍ക്ക് കണ്ണാന്തളിപ്പൂക്കള്‍ക്കും പുന്നെല്ലരി ചോറിനും വേണ്ടിയുള്ള കാത്തിരിപ്പിന്റെ കാലവും കൂടിയായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ഓരോ ദിവസവും പാടത്തെത്തി നെല്ലിലെ പാല് എത്രമാത്രം ഉറച്ചു എന്ന് നോക്കുന്ന, ഓരോ വിത്തിന്റെയും മൂപ്പിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന, അടക്കയുടെ വിളവിനെക്കുറിച്ച് നല്ല ബോധ്യമുള്ള ഒരു ബാല്യം. വീട്ടിലെ കൃഷിക്കാരായ അയ്യപ്പനും പാട്ടിക്കും എത്ര കഷ്ടപ്പാടാണെങ്കിലും ഓണക്കോടി വാങ്ങുന്ന, ഓണത്തിന്റെ ഒരു ദാരിദ്രകാലത്തില്‍ എത്തിയ ചെറിയമ്മാമയ്ക്ക് പഴം പുഴുങ്ങിയതില്ലാതെ ചായ കൊടുക്കേണ്ടി വന്നപ്പോള്‍ അപമാനിതയായി നില്‍ക്കുന്ന അമ്മയുടെ പ്രയാസങ്ങള്‍ തൊട്ടറിയുന്ന സന്ദര്‍ഭങ്ങളിലൂടെ എം. ടി. ഓണം ഒരു കാര്‍ഷികോത്സവമായിരുന്നതിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ കോറിയിടുന്നു. ഇത് പുതിയ ഓണക്കാലവുമായി താരതമ്യം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. ( 'വിളറിയ നിലാവ് 'എന്ന മറ്റൊരു ഓര്‍മ്മക്കുറിപ്പില്‍ തിരുവാതിരയ്ക്കും നമ്മുടെ ഗ്രാമങ്ങള്‍ക്ക് പോലും വന്ന മാറ്റത്തില്‍ എം. ടി. വേദനിക്കുന്നുണ്ട്).
ഓണം പൂര്‍ണമായും ഒരു കമ്പോള ഉത്സവമായത്തിന്റെ ലക്ഷണങ്ങള്‍ കുട്ടികള്‍ കൃത്യമായും എടുത്തുകാട്ടും. എല്‍.ജി യും സോണിയും സാംസങ്ങും നോക്കിയയും ലക്ഷ്യമിടുന്ന ഓണക്കാല വില്പ്പനയെക്കുരിച്ചുള്ള പ്രതീക്ഷകളുടെ പത്രവാര്‍ത്തകള്‍ അവര്‍ തെളിവായി കൊണ്ടുവരും. ആയിരം കോടി രൂപയുടെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന, തമിഴ് നാട്ടിലും കര്‍ണാടകത്തിലും ഓണം വിപണി മുന്നില്‍ കണ്ട് ഏതു വിഷമടിച്ചിട്ടായാലും വിളയിച്ചെടുക്കുന്ന പൂക്കളുടെയും പച്ചക്കറികളുടെയും റിപ്പോര്‍ട്ടുകളും അവര്‍ കൊണ്ട് വരും. പുന്നെല്ലരിയുടെ മണത്തിനു പകരം ഫാസ്റ്റ്ഫുഡ് കടകളില്‍ നിന്ന് കൊണ്ട് വരുന്ന വിഭവങ്ങളുടെ മണത്തിനു മൂക്ക് കൂര്‍പ്പിക്കുന്ന പുതിയ ഓണക്കാലത്തെക്കുറിച്ചും അവര്‍ പറയും.ശരിയാണ്. പക്ഷെ.. അതിനുശേഷം ക്ലാസ്സില്‍ പൂക്കളമൊരുക്കാന്‍ അവര്‍ കാശ് വാരിയെറിയുന്നത് കാണേണ്ടി വരുമ്പോള്‍, ഇട്ട അതിമനോഹരമായ പൂക്കളത്തില്‍ ഒറ്റ തുമ്പപ്പൂവോ കാക്കപ്പൂവോ മഞ്ഞപ്പൂവോ ഹനുമാന്‍ കിരീടമോ ഇല്ലാത്തത് കാണുമ്പോള്‍, എവിടെയാണ് ഓണം എന്ന ഉദാത്ത ഭാവം കൊണ്ട് ക്ലാസ്സില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച മനോഭാവങ്ങള്‍ കടപുഴകുന്നത് എന്നോര്‍ത്തു മനസ്സുരുകും. അല്ല, തീര്‍ച്ചയായും അത് കുട്ടികളുടെ കുഴപ്പമല്ല. ചെളി പുരണ്ട പാടങ്ങളിലും വെളിമ്പറമ്പുകളിലും ചവിട്ടരുത് എന്ന് അവരെ വിലക്കിയത് നമ്മള്‍ തന്നെയല്ലേ? ഇതൊന്നും അല്ല ജീവിതത്തില്‍ പ്രധാനമെന്ന് അവരെ പഠിപ്പിച്ചത് നാമല്ലേ?
പിന്നെ ആശ്വസിക്കും ഓണം എങ്ങിനെ മാറിയാലും മാറിക്കൂടാത്താത് അത് മുന്നോട്ടു വെക്കുന്ന ചില മനോഭാവങ്ങലല്ലേ. ഓണത്തെക്കുറിച്ച് ഏറെ പാടിയിട്ടുള്ള വൈലോപ്പിള്ളി ഓണപ്പാട്ടുകാരില്‍ പാടുന്നതുപോലെ,
"പൃത്ഥിയിലന്നു മനുഷ്യര്‍ നടന്ന പഥങ്ങളിലിപ്പോഴധോമുഖവാമനര്‍,മുന്നോട്ടു കുതിക്കുന്ന പുതിയ കാലത്തിന്റെ മനോഭാവത്തെ പ്രതിരോധിക്കാനാണല്ലോ ഞാന്‍ ഓണത്തെ ഒരു ഉപാധിയായി കണ്ടത്. ഈ ആസുരമായ കാലത്ത് ഒരു മാഷ് ക്ക് മറ്റെന്തു ചെയ്യാന്‍ കഴിയും. അല്ല, 'പുത്തന്‍ മഹിമ മണക്കും കല്‍ഹാരങ്ങള്‍ തിരഞ്ഞു പോകുമ്പോഴും' വൈലോപ്പിള്ളി തന്നെ പാടിയപോലെ
ഇത്തിരിവട്ടം മാത്രം കാണ്മവര്‍, ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍,
മൂവടിമണ്ണിനിരന്നു കവര്‍ന്നു, വധിച്ചു, നശിപ്പോരല്‍പ്പസുഖത്തിന്‍
പാവകളി,ച്ചതു തല്ലിയുടച്ചു കരഞ്ഞു മയങ്ങിയുറങ്ങീടുന്നവര്‍
സല്‍ഗുണ മഹിമ ചവിട്ടിയമര്‍ത്തി വസുന്ധരയോക്കെയസുന്ദരമാക്കി"
എന്ന് മോഹിക്കാനല്ലാതെ നമുക്ക് മറ്റെന്താവും. അതുകൊണ്ട്ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവുംമണവും മമതയും - ഇത്തരി കൊന്നപ്പൂവും ( വിഷുക്കണി )
"പോവുക നാമെതിരെല്‍ക്കുക നമ്മളൊരുക്കുക നാളെയൊരോണം".
2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച
കുറ്റം; ചെറുതും വലുതും: ഉദാഹരണസഹിതം
അധ്യാപകന്റെ വെട്ടിമാറ്റിയ കൈപ്പത്തിയില്‍ പുരണ്ടിരിക്കുന്നത് തീര്‍ച്ചയായും മതാന്ധതയുടെ ചോരപ്പാടുകളാണ്. ഏതിന്റെയും എന്തിന്റെയും നിറം സന്ദര്‍ഭത്തിനനുസരിച്ച് മാറ്റുന്ന മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഒരു കണ്ണടയും പക്ഷേ ഇക്കുറി ആ ചോരപ്പാടുകളെ ന്യായീകരിക്കാനെത്തിയില്ല. സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭര്‍ വിവിധ വീക്ഷണ കോണില്‍ നിന്ന് ഈ സംഭവത്തെ വിലയിരുത്തി. ഏറ്റവും ഒടുവില്‍ ആനന്ദ് അതില്‍ ഉള്‍പ്പെട്ട ഭരണകൂട റോളിനെയും സൂക്ഷ്മമായി കണ്ടെത്തുകയുണ്ടായി. മാതൃഭൂമി ലക്കം. അദ്ധ്യാപകന്‍ ചെയ്തു പോയ തെറ്റ് അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയുടെയും കടന്നു ചിന്തിക്കാനുള്ള കഴിവില്ലായ്മയുടെയും സാക്ഷ്യപത്രമായി എല്ലാവരും ചൂണ്ടിക്കാട്ടി. എങ്കിലും, മുഹമ്മദും പടച്ചോനും തമ്മില്‍ അയല മുറിക്കുന്നത് സംബന്ധിച്ച് നടത്തിയ സംഭാഷണത്തിലെ അത്യന്തം ജുഗുപ്സാവഹമായ അഭിസംബോധനകള്‍ മാറ്റി നിര്‍ത്തിയാല്‍ എന്തിനാണ് ആ ചോദ്യം, അതിന്റെ മുന്നും പിന്നും നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്, അവ കുട്ടികളുടെ ഏതേത് ശേഷികളുടെ വിലയിരുത്തലാണ് നടത്തുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എങ്ങുനിന്നും ഉണ്ടായില്ല. സത്യത്തില്‍ കേരളത്തിലെ അക്കാദമിക സമൂഹം ലജ്ജിച്ചു തലതാഴ്തേണ്ട സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരരാഹിത്യത്തിന്റെ കറുപ്പിലും വെളുപ്പിലും വെളിവാക്കപ്പെട്ട സാക്ഷ്യപത്രമാണ് ആ ചോദ്യപേപ്പര്‍. അത് ഒരു അധ്യാപകന്റെ വിവരക്കേടിന്റെയോ സമീപനത്തിന്റെയോ പ്രശ്നമല്ല, പഠനത്തെയും വിലയിരുത്തലിനെയും സംബന്ധിച്ച് ഇപ്പോഴും നമ്മുടെ സര്‍വകലാശാലകള്‍ വെച്ച് പുലര്‍ത്തുന്ന നൂറ്റാണ്ടുകള്‍ക്കു പിറകിലുള്ള ധാരണകളുടെ പ്രശ്നമാണ്. വിദ്യാര്‍ത്ഥികളുടെ തല ബൌദ്ധികമായി ചവിട്ടിയരച്ചു കൊണ്ടിരിക്കുന്ന, വെട്ടി വീഴ്ത്തുന്ന കോളേജു പഠനത്തിന്റെ ഇപ്പോഴും തുടരുന്ന (സെമസ്റ്ററൈസേഷനും ക്രെഡിറ്റ് സിസ്റ്റവും വന്നതിനു ശേഷമുള്ള ചോദ്യമാണ് മുകളില്‍ നല്‍കിയതെന്ന് ഓര്‍ക്കുക!!) രീതിശാസ്ത്രവും ഈ കേസിന്റെ അന്വേഷണ പരിധിയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.
ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താനുള്ള ആത്യന്തികമായ ഉപകരണമല്ലെങ്കിലും അവിടെ നടക്കുന്ന പ്രക്രിയകളേയും വിനിമയത്തെയും സംബന്ധിക്കുന്ന മിനിമം ചില ധാരണകളെങ്കിലും നല്‍കും. ആ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ പ്രശ്നത്തിന് ആധാരമായ ചോദ്യപേപ്പര്‍ മതസ്പര്‍ദ്ധയ്ക്ക് അപ്പുറം ചില അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് നമ്മുടെ കോളേജുകളിലെ പഠനം, ഏതൊക്കെ ശേഷികളാണ് ക്ലാസ് റൂമുകളില്‍ സാര്‍ത്ഥകമാകുന്നത്, കുട്ടികള്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, വര്‍ഷത്തിന്റെയോ സെമസ്റ്ററിന്റെയോ അന്ത്യമെത്തുമ്പോള്‍ അവിരില്‍ ഉറച്ചിരിക്കും എന്ന് നാം വിശ്വസിക്കുന്ന കഴിവുകള്‍ എന്തൊക്കെയാണ് എന്നതൊക്കെ അവയില്‍ ചിലതാണ്. കുത്തും കോമയുമിടാനും പൊട്ട വാക്യങ്ങളിലെ തെറ്റുകണ്ടുപിടിക്കാനും കൊച്ചു കുട്ടികള്‍ക്ക് പോലും രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം വിളിച്ചു പറയാന്‍ കഴിയുന്ന ഒറ്റവാക്കില്‍ ഉത്തരമെഴുതാനും തങ്ങളോട് ഇക്കാലത്തും നിരന്തരം ആവശ്യപ്പെടുന്ന ഒരു വിഷയത്തോടുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരിക്കും? കഴിയുമെങ്കില്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ അവര്‍ ആഗ്രഹിക്കില്ലേ?
സെമസ്റ്ററൈസേഷന്‍ എന്ന കുമ്മായം പൂശി വെളുപ്പിക്കാന്‍ ശ്രമിച്ച കോളേജ് പഠനം അതിന്റെ എല്ലാ വൈകൃതങ്ങളോടെയും പഴയ ശവപ്പെട്ടിയില്‍ കിടന്നു പല്ലിളിക്കുകയാനെന്നു കണ്ടെത്താന്‍ ബിരുദ തലത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ചോദ്യമാതൃകകള്‍ പരിശോധിച്ചാല്‍ മതി. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ പൂര്‍ണതകളോടെയും പ്രയോജനപ്പെടുത്താറുള്ളത് മിക്കപ്പോഴും മാതൃഭാഷാപഠനമാണ്. അതുകൊണ്ട് 'സ്ഥാലീപുലികന്യായേനെ' ( ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റുമാത്രം എടുത്തു ഞെക്കി നോക്കുന്ന വിദ്യ ) മലയാളം മെയിനിന്റെയും രണ്ടാംഭാഷയുടെയും (പുതിയ രീതിയില്‍ കോമണ്‍ പേപ്പര്‍ ) ഓരോ ചോദ്യപേപ്പര്‍ മാതൃക നല്‍കാം. ഒപ്പം ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഒരു ചോദ്യവും പരിശോധിക്കാം.
എന്താണ് ഇവ ഇങ്ങനെ ആയിത്തീരാന്‍ കാരണം?
പ്രൈമറി,സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ എപ്രകാരമുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കടന്നു വന്ന കുട്ടികളോടാണ് നമ്മള്‍ ഇപ്രകാരമുള്ള സമീപനം എടുക്കുന്നതെന്ന് ആലോചിക്കണം. 2005 മാര്‍ച്ച് മുതലുള്ള എസ്. എസ്. എല്‍.സി പരീക്ഷയിലാണ് പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഓര്‍മ്മിക്കുക, അപഗ്രഥിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക, സര്‍ഗാത്മകമായി ആവിഷ്കരിക്കുക, ഭാവന പ്രയോഗിക്കുക മുതലായ ഉയര്‍ന്ന നിലവാരത്തിലുള്ള ചിന്താപ്രക്രിയകളെ മുഖ്യമായി കണ്ടുകൊണ്ടു ആവിഷ്കരിച്ച ഒരു എഴുത്ത് പരീക്ഷാ പരീക്ഷണമാണ് സത്യത്തില്‍ സ്കൂള്‍ ക്ലാസ് മുറികളെ അടിമുടി നവീകരിച്ചത്. ഇത്തരത്തില്‍ ഉള്ള ചോദ്യരൂപങ്ങള്‍ അന്ന് വരെ നമ്മുടെ അധ്യാപകര്‍ പരിചയിച്ചിരുന്നില്ല. പ്രയോഗക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള 'പടവുകള്‍' പോലുള്ള നിരവധി പഠന സാമഗ്രികള്‍ ക്ലാസ് റൂം പരിശീലനത്തിനായി തയ്യാറാക്കിയാണ് അധ്യാപകരെയും കുട്ടികളെയും പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍ പതറലില്ലാതെ നേരിടാന്‍ പ്രാപ്തരാക്കിയത്. പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിച്ച് ചോദ്യത്തിന്റെ ഏതെങ്കിലും ഒരു കഷണത്തില്‍ നിന്ന് സന്ദര്‍ഭം തിരിച്ചറിഞ്ഞ്, മനപ്പാഠം പഠിച്ചവ അതുപോലെ ചര്‍ദ്ദിച്ചു വെയ്ക്കുന്ന ഒരു രീതിയ്ക്ക് പകരം നേരത്തെ പരിചയപ്പെട്ട ആശയങ്ങളെ പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന, മറ്റൊന്നുമായി താരതമ്യം ചെയ്യുന്ന, മറ്റൊരു തലത്തില്‍ നോക്കിക്കാണുന്ന, പുതിയ ഒന്നില്‍ നേടിയ ജ്ഞാനം പ്രയോഗിച്ചു നോക്കുന്ന ഒരു എഴുത്ത് പരീക്ഷാരീതി. 2007 മുതല്‍ ഹയര്‍ സെക്കന്ററിയിലും ഈ രീതി നടപ്പില്‍ വന്നു. ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി എഴുത്ത് പരീക്ഷയേയും കാണുന്ന ഈ രീതി മറ്റൊരു തരത്തില്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തെയും ശക്തമാക്കാന്‍ സഹായിച്ചു. " പരിസ്ഥിതിയും വികാസനവും എന്ന വിഷയത്തെ ക്കുറിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട ഒരു ആശയമാണ് മുകളില്‍ നല്‍കിയത്. അതിനോട് പ്രതികരിച്ചുകൊണ്ട് നിങ്ങളുടെ രണ്ടു സംശയങ്ങള്‍ ഉന്നയിക്കുക" എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ക്ക് പല മാനങ്ങള്‍ ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി പഠിച്ചുവെക്കാവുന്നതല്ല. അതതു സന്ദര്‍ഭത്തില്‍ തന്റെ ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് കണ്ടെത്തെണ്ടാവയാണ്.ഒപ്പം സെമിനാറുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിയില്‍ ഉറപ്പിക്കുക കൂടിയാണ് അവ ചെയ്യുന്നത്. 2007 മുതല്‍ കോളേജുകളില്‍ എത്തുന്നത് സ്വന്തം ചിന്തയെ പ്രയോഗിച്ചു കൊണ്ട് ഓരോ സന്ദര്‍ഭങ്ങളെയും പ്രശ്നങ്ങളെയും നിര്‍ദ്ദാരണം ചെയ്യാന്‍ പരിചയിച്ച വിദ്യാര്‍ത്ഥികളാണ്. ആശയ വിനിമയത്തിന്റെ കാര്യത്തിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മനസ്സിന്റെ കാര്യത്തിലും ലോക ബോധത്തിന്റെ കാര്യത്തിലും കുറേക്കൂടി മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍. അവരെയാണ് ക്ലാസ് മുറിയില്‍ കുത്തും കോമയുമിടാന്‍ പഠിപ്പിക്കുന്നത്!!
കോളേജുകളില്‍ എത്തുന്ന കുട്ടികളുടെ നിലവാരത്തിന്റെ കാര്യത്തില്‍ കുത്തനെ ഇടിവുണ്ടായെന്നു നിരന്തരം പരാതി പറയുന്നവരാണ് മിക്ക കോളേജു വാദ്ധ്യാന്മാരും. പലര്‍ക്കും മാതൃഭാഷ പോലും നേരാം വണ്ണം എഴുതാന്‍ അറിഞ്ഞു കൂടാ, ഇംഗ്ലീഷില്‍ വ്യാകരണത്തെറ്റില്ലാതെ ഒരു വാക്യം എഴുതാനോ ഉച്ചാരണ ശുദ്ധിയോടെ രണ്ടു വാക്ക് പറയാനോ കഴിയുന്നില്ല, ഒരു കാര്യത്തെ ക്കുറിച്ചും സാമാന്യധാരണയില്ല ഇങ്ങനെ പോകുന്നു പരാതികളുടെ വെള്ളിമീന്‍ചാട്ടങ്ങള്‍. വളരെ ഗൌരവത്തില്‍ പരിഗണിക്കേണ്ടത് തന്നെയാണ് ഈ പരാതികള്‍. അത് പക്ഷെ കൃത്യമായ ഒരു പഠനത്തിന്റെ പിന്‍ബലത്തോടെ ആയിരിക്കണം. നിലവില്‍, കോളേജിലെത്തുന്ന കുട്ടികളുടെ പഠന നിലവാരരാഹിത്യത്തിന്റെ ഉത്തരവാദിത്വം ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും അവിടെ കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഹൈസ്കൂള്‍ അധ്യാപകര്‍ക്കും അവിടെയും കുറഞ്ഞതിന്റെ ഉത്തരവാദികള്‍ പ്രൈമറി അധ്യാപകരും ആണ്. പ്രൈമറി പ്രീ പ്രൈമറിക്കാര്‍ എളുപ്പത്തില്‍ ആ ചീത്തപ്പേര് ചിള്ളി രക്ഷിതാക്കളുടെ കോര്‍ട്ടിലേക്കിടും. പാവം രക്ഷിതാവ് ആ ചീത്തപ്പേരിന് കൊടുക്കാവുന്നിടത്തോളം ശിക്ഷ ചെറുക്കന് അല്ലെങ്കില്‍ ചെറുക്കിക്ക് കൊടുത്തതിനു ശേഷം സ്വന്തം തലവരയെ ശപിച്ച് വിഷാദ രോഗത്തിന് അടിമപ്പെടും. എന്നാല്‍ നിലവാര രാഹിത്യത്തിന്റെ നെല്ലിപ്പലക മുഴുക്കെ കാണാവുന്നത് കോളേജു പഠനത്തിലാണെന്നു ഇപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട്.
എവിടെയാണ് പഠന നിലവാരം സത്യത്തില്‍ കുറയുന്നത് എന്നത് സംബന്ധിച്ച് ഒരു സൂക്ഷ്മ പരിശോധനയ്ക്ക് സമയമായിട്ടുണ്ട്. എസ്. എസ്. എല്‍. സി യുടെ തൊണ്ണൂറ്റി ഏഴ് ശതമാനമോ സി. ബി എസ്. സി യുടെ തൊണ്ണൂറ്റി ഒന്‍പതര ശതമാനമോ വിജയം കാണിക്കുന്നത് അപ്പടി വിശ്വസിക്കാമോ? ഹയര്‍ സെക്കന്റരിയിലെ തുടര്‍ പഠന യോഗ്യത നേടുന്ന എഴുപതു ശതമാനം തികച്ചു യോഗ്യരായവര്‍ തന്നെയാണോ? പക്ഷെ ഒരു കാര്യം സംശയമേതുമില്ലാതെ പറയാം, ഈ യോഗ്യത നേടുന്നവരില്‍ ഏറ്റവും അവസാനത്തെ പടവുകളില്‍ വരുന്ന തൊണ്ണൂറു ശതമാനം പേരും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സാമുദായിക പദവിയിലോ സാമ്പത്തിക ശ്രേണിയിലോ ഉള്ളവരായിരിക്കുമെന്ന്. നിലവാരക്കുറവിന്റെ പഴി മിക്കപ്പോഴും ഈ വര്‍ഗത്തോടുള്ള അസഹിഷ്ണുതയുടെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്താവും വിളമ്പുക. കുട്ടികള്‍ ഈ നിലവാരത്തിലാണെങ്കില്‍ ഞങ്ങള്‍ എങ്ങിനെ ഇവരെ നന്നായി പഠിപ്പിക്കും എന്നാണ് കോളേജു മാഷന്മാരുടെ തുരുപ്പുചോദ്യം. പിള്ളേര്‍ക്കെന്തിനാ കഷണം; ചാറ് മാത്രം പോരെ എന്ന് കോഴിക്കറിവെച്ചപ്പോള്‍ പണ്ടേതോ കാരണവര്‍ പറഞ്ഞതുപോലെ. അതിന്റെ ഉത്തരവാദിത്വവും പാവം കുട്ടികളുടെ മണ്ടയ്ക്ക്!!
കുട്ടികളെ കേവലം ചില വസ്തുതതകള്‍ ഓര്‍മിച്ചു വെക്കാനുള്ള ഒരു യന്ത്രമായി കാണുന്നവര്‍ക്കല്ലാതെ മേല്‍പ്പറഞ്ഞ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ.
കടമ്മനിട്ട രാമകൃഷ്ണന്റെ കാട്ടാളന്‍ എന്ന കവിത വിശദമായി പഠിപ്പിച്ചതിനു ശേഷം വാര്‍ഷിക പരീക്ഷയ്ക്ക് ചോദിക്കുന്നു,
ഇത്തരം ചോദ്യങ്ങള്‍ ഇനിയും വായിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് ഇവിടെ ഞെക്കിയാല്‍ കുറച്ചുകൂടെ കിട്ടും. മൂന്നാം തരത്തിലെ കുട്ടികള്‍ ഉത്തരം പറയുന്ന ( സത്യത്തില്‍ ഇത് അവരെ അപമാനിക്കലാണ്. അവിടുത്തെ മലയാളം പരീക്ഷയുടെ ചോദ്യം എന്തായാലും ഇതിലും കടുപ്പമാണ് ) ഇത്തരം സാധനങ്ങള്‍ക്ക് ഉത്തരമെഴുതുകയാണ് വേണ്ടതെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ക്ലാസ്സില്‍ കയറുമോ? പിന്നെ നമ്മളായി കഷ്ടപ്പെട്ട് താരതമ്യത്തിനും വിലയിരുത്തലിനും മറ്റുമായി കവിതകളോ കഥകളോ ലേഖനങ്ങളോ തപ്പിപ്പിടിക്കേണ്ട ആവശ്യമില്ലല്ലോ മാഷന്മാര്‍ക്ക്.' ഉരുള്‍ പൊട്ടിയ മാമല പോലെഉലകാകെ യുലയ്ക്കും മട്ടില്അലറീ കാട്ടാളന്‍ 'എ. അലറിയതാര്?
ബി. രചയിതാവാര്?
സി. കവിത ഏത്?
ഡി. അലര്‍ച്ച ഏത് പോലെ?
അല്ലെങ്കില്‍ തന്നെ തന്റെ വിഷയത്തിന്റെ മേഖലയിലെങ്കിലും അത്യാവശ്യം താത്പര്യം കാണിക്കുന്ന എത്രപേര്‍ അക്കൂട്ടത്തിലുണ്ട് എന്ന് എണ്ണി നോക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ നിലവാരം കുറഞ്ഞവര്‍ക്കുള്ള സംവരണ സ്ഥലമായി കോളേജുകള്‍ മാറിത്തീര്‍ന്നത് ( മിടുക്കന്മാര്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആകാന്‍ നാളുകള്‍ക്കു മുന്‍പേ ഒരുങ്ങിയിട്ടുണ്ടാകും. 'തിരിവല്ലേ' ഞങ്ങള്‍ക്ക് കിട്ടുന്നത് എന്നൊരു മാഷിന്റെ വിലാപം.) അനുഗ്രഹമായത് അവിടങ്ങളിലെ അധോമുഖവാമനന്മാര്‍ക്കാണ്. ഓറെ ചെറിയ പുത്തിയില്‍ നിന്ന് നമ്മളെ എടങ്ങേറാക്കുന്ന ഒന്നും വരില്ല. ഇത്തിരിവട്ടം മാത്രം കാണ്മവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ അവരാണ് കോളേജുകളെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അന്വേഷണ പഥങ്ങളാക്കുന്നതിനു പകരം കൊച്ചുവര്‍ത്തമാനങ്ങളുടെയും ഗൈഡ് അധിഷ്ടിത പഠനത്തിന്റെയും നാറുന്ന വെളിമ്പറമ്പുകളാക്കുന്നത് . അവര്‍ ആര്? എന്ന് ?എവിടെവെച്ച് ?എപ്പോള്‍? അത് നിര്‍വഹിച്ചു എന്നല്ലാതെ മറ്റെന്തു ചോദിക്കാന്‍!! ( കോളേജുകളിലെ ഏറ്റവും നന്നായി പഠിപ്പിക്കുന്ന, ഇത്തരത്തില്‍ ചോദ്യങ്ങള്‍ വരുന്നതില്‍ പ്രയാസപ്പെടുന്ന എന്റെ സുഹൃത്തുക്കളോട് മുന്‍കൂര്‍ ക്ഷമാപണം )
ഇപ്പോള്‍ എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൊതു പരീക്ഷാ ചോദ്യപേപ്പറുകള്‍ അയല്‍വക്കത്തെ ഏതെങ്കിലും കുട്ടികളുടെ അടുത്തു നിന്ന് സര്‍വകലാശാലാ അധ്യാപകര്‍ ഒന്ന് വാങ്ങി നോക്കണം. കൊമാല എന്ന ചെറു കഥയിലെ ഒരു കഥാപാത്രമായ ബേങ്ക് സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്നു.
"കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബേങ്കും പൂട്ടി വീട്ടിലിരുന്നാല്‍ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല"ഇവിടെ കുട്ടികള്‍ക്ക് ബേങ്ക് സെക്രട്ടറിയെ ന്യായീകരിച്ചോ അദ്ദേഹത്തിന്‍റെ വാക്കുകളെ വിമര്‍ശിച്ചോ തങ്ങളുടെ പ്രതികരണങ്ങള്‍ രഖപ്പെടുത്താം. അവ എത്ര മാത്രം യുക്തിസഹമാണ്, തനിമയുള്ളതാണ്, അവതരിപ്പിച്ചത് എങ്ങിനെയാണ് എന്നെല്ലാമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ( കൂടുതല്‍ ചോദ്യങ്ങള്‍ മേല്‍ ലിങ്കിലുള്ളത് ശ്രദ്ധിക്കുമല്ലോ ). മിക്ക കുട്ടികളും ഇത്തരത്തില്‍ ഉത്തരം നല്‍കും. കാരണം സ്വന്തമായ ചിന്തയെ പ്രകാശിപ്പിക്കവിധത്തിലാണ് അവരുടെ പഠനം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
കൊമാല എന്ന കഥയിലെ ബേങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.
ഏറ്റവും പ്രധാനമായ മറ്റൊരു സംഗതിയുണ്ട്. സ്കൂളുകളിലെ പഠനം സംവാദാത്മകവും അന്വേഷണാത്മകവും അവതരണാത്മകവും, അക്കാദമികവും സര്‍ഗാത്മകവുമായ രചനാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതും ആക്കുമ്പോള്‍ പൊതുസമൂഹത്തിനുണ്ടായ സംശയം ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഏറ്റെടുക്കാന്‍ ആ പ്രായത്തിലെ കുട്ടികള്‍ക്ക് എത്രമാത്രം കഴിയും എന്നതായിരുന്നു. പഠനം എന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ചിന്തയുടെ ഫലമാണെങ്കില്‍ അത് ഏറ്റവും ഫലപ്രദമാവുക സര്‍വകലാശാലാ പഠന കാലയളവിലാണ്. സ്വയം പഠനത്തിന്റെ പ്രകാശ വീഥികളിലേക്ക് അവരെ ആത്മവിശ്വാസത്തോടെ നയിക്കാന്‍, ഉചിതമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍, ചിന്തകളെ വ്യത്യസ്തമായ കൈവഴികളിലേക്ക് നയിക്കാന്‍ കൈല്‍പ്പുള്ളവര്‍ നമ്മുടെ കോളേജുകളില്‍ ഉണ്ടോ എന്നത് മാത്രമാണ് ചോദ്യം. സയന്‍സിലെ ഏറ്റവും പ്രധാനമായ സിദ്ധാന്തങ്ങളായാലും സാമൂഹിക ചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമായാലും അവ തന്റെ ബുദ്ധിക്കനുസരിച്ച് കഥാപ്രസംഗം നടത്താനല്ലാതെ വിദ്യാര്‍ഥികളുടെ ഒരു അനുഭവമാക്കാന്‍ കഴിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അക്കാദമികമായ എന്ത് ഉന്നമനമാണ് നമ്മുടെ പല കോളെജുകളും അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്ന ചോദ്യം ചോദിക്കാതെ, അവരെ ബുദ്ധി ജീവികളെന്ന നിലയില്‍ പരിചരിക്കാനും സമൂഹത്തിലെ ഏതുകാര്യത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ അവകാശമുള്ളവര്‍ എന്ന സ്ഥാനപ്പേര് നിലനിര്‍ത്താനും പൊതു സമൂഹം ഏറെക്കാലം അനുവദിക്കുമെന്ന് തോന്നുന്നില്ല.
ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ മാര്‍ക്കിടുന്നതിനുള്ള വെറുമൊരു ഉപാധി മാത്രമല്ല. അത് എന്താണ് ഇവര്‍ ക്ലാസ് മുറിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ്. ഇഞ്ചാതി സംഗതികള്‍ പൂരിപ്പിക്കുന്നതിനോ രണ്ടു വാക്കില്‍ കാണാതെ പഠിച്ചത് ചര്‍ദ്ദിക്കുന്നതിനോ ആണ്, അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രായത്തില്‍ നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുന്നതങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ശിക്ഷാര്‍ഹരാണ്. ചോദ്യപേപ്പറിലെ മതസ്പര്‍ദ്ധ അങ്ങിനെ നോക്കുമ്പോള്‍ താരതമ്യേന ചെറിയ കുറ്റമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)