``പെണ്‍കുട്ടികളായ നിങ്ങളോട് എനിക്കൊന്നേ പറയാനുള്ളൂ. ഇത് ഒരു നഗരമാണ്. നിങ്ങളില്‍ പലരും ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്. നിങ്ങളീ നഗരത്തെ കരുതിയിരിക്കണം. നിങ്ങളെ റാഞ്ചിയെടുക്കുന്നതിനായി തലയ്‌ക്കു മുകളില്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്. നിങ്ങള്‍ക്കുമുകളില്‍ ചിലന്തികള്‍ വല കെട്ടിയിരിപ്പുണ്ട്. ഇവിടെ ആരെയും വിശ്വസിച്ചുകൂടാ. നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രം....''
ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി രണ്ടാംവര്‍ഷക്കാര്‍ ഒരുക്കിയ 'വെല്‍കം പാര്‍ടിയില്‍' ആശംസാപ്രാസംഗികനായ, ഞങ്ങളുടെ സ്‌കൂളിലേക്ക് ഈ വര്‍ഷം സ്ഥലംമാറ്റം കിട്ടിവന്ന ഒരധ്യാപകന്റെ സംസാരം ഇങ്ങനെ നീണ്ടു. പത്തുവര്‍ഷം പഠിച്ച വിദ്യാലയത്തിന്റെ ചെടിപ്പുകള്‍ കളഞ്ഞ് പുതിയൊരു വിദ്യാലയത്തില്‍ എത്തിയതിന്റെ ആഹ്ലാദം കുട്ടികളുടെ കണ്ണുകളില്‍ എഴുതിവച്ചിരുന്നു. അവരുടെ മനസ്സുകളില്‍ നിറയെ കൗതുകത്തിന്റെ, ആഹ്ലാദത്തിന്റെ കത്തിച്ചുവെച്ച പൂത്തിരികളുണ്ടായിരുന്നു. പ്ലസ് ടു എന്ന് ഗൗരവത്തില്‍ പേരുള്ള ഒരു സമ്പ്രദായത്തിലാണിപ്പോഴവര്‍; വെറും സ്‌കൂള്‍ കുട്ടികളല്ല. മിക്കവര്‍ക്കും ഇത് പുതിയ വിദ്യാലയം, ഇവിടേക്ക് രസകരമായ യാത്രകള്‍, പുതിയ അധ്യാപകര്‍, പുതിയ സുഹൃത്തുക്കള്‍, മുതിര്‍ന്നതിന്റെ പ്രത്യക്ഷലക്ഷണമായി തോളില്‍ തൂങ്ങുന്ന പുതിയതരം സഞ്ചികള്‍, പുത്തന്‍ വസ്‌ത്രങ്ങള്‍... ശരിക്കും അവരൊരു പുതിയ ലോകത്തില്‍ തന്നെയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാലയത്തിന്റെ സര്‍വസ്വാതന്ത്ര്യത്തില്‍ അവതാരികമാര്‍ അരങ്ങുതകര്‍ക്കുകയായിരുന്നൂ. നറുക്കു കിട്ടിയ വിഷയത്തെക്കുറിച്ച് മുക്കിമുക്കിയെങ്കിലും രണ്ടുവാക്കു സംസാരിക്കുന്ന പുതിയവര്‍.... (ആണവകരാറും പാറ്റയും എന്ന വിഷയം ലഭിച്ച മിടുക്കി നിഷ്‌പ്രയാസം പറഞ്ഞു, പത്രം തുറന്നു നോക്കിയാല്‍ ആണവക്കരാറുകൊണ്ട് രക്ഷയില്ല; പുസ്‌തകം തുറന്നാല്‍ പാറ്റയെക്കൊണ്ടും.) ഇങ്ങനെ ആഹ്ലാദത്തിന്റെ കൊടുമുടിയിലിരിക്കുമ്പോഴാണ് മാഷുടെ 'ആശംസാപ്രസംഗം'. ഒരു നിമിഷം കൊണ്ട് ഹാള്‍ നിശബ്‌ദമായി. ചിരിയുടെ വെണ്‍മേഘപരപ്പില്‍ നിന്നും ഭീതിയുടെയും സംശയത്തിന്റെയും ഉത്‌കണ്‌ഠകളുടെയും മുള്‍മുനകളിലേക്ക് ഇവരെ വലിച്ചെറിയാന്‍ ആ അധ്യാപകനെ പ്രേരിപ്പിച്ചതെന്താവും? പെണ്‍കുട്ടികളുടെ കാവലാളുകളായി അവരുടെ നന്മയ്‌ക്കുവേണ്ടിയെന്ന പേരില്‍ ഇവര്‍ നടത്തുന്ന ഇത്തരം മുന്നറിയിപ്പുകള്‍ കുട്ടികളുടെ മനസ്സില്‍ അവശേഷിപ്പിക്കുന്ന ആശങ്കകള്‍ എന്തെല്ലാമായിരിക്കും? തങ്ങളുടെ തലയ്‌ക്കുമുകളില്‍ ഇരതേടി നടക്കുന്ന പരുന്തുകളായും വലകെട്ടി കാത്തിരിക്കുന്ന ചിലന്തികളായും അവര്‍ സങ്കല്‌പിച്ചിട്ടുണ്ടാവുക ആരെയെല്ലാമായിരിക്കും?
വിനയ തന്റെ ആത്മകഥയില്‍, പെണ്‍കുട്ടികള്‍ ശരീരത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളാല്‍ നഷ്‌ടപ്പെടുത്തുന്ന ആഹ്ലാദങ്ങളെക്കുറിച്ച് സങ്കടത്തോടെ വിവരിക്കുന്നുണ്ട്. വിനോദയാത്രയ്‌ക്കായി കോവളം ബീച്ചിലെത്തിയ വിദ്യാര്‍ത്ഥിസംഘത്തിലെ ആണ്‍കുട്ടികള്‍ തിരകളില്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ദൂരെമാറി പൂഴിപ്പരപ്പില്‍ കാഴ്‌ചക്കാരായി നില്‍ക്കുന്നു. ചിലപ്പോള്‍ കടലിലെ കുളികഴിഞ്ഞ് വസ്‌ത്രം മാറുമ്പോള്‍ ഒരു നിമിഷം ആരെങ്കിലും തന്റെ ശരീരത്തിലേക്ക് പാളിനോക്കും എന്ന ഭീതിയാവാം പിന്നീട് ജീവിതത്തിലൊരിക്കലും അനുഭവിക്കാന്‍ കഴിയാത്ത ആഹ്ലാദത്തിന്റെ ആഞ്ഞടിക്കുന്ന തിരത്തലപ്പുകളില്‍ നിന്ന് അവരെ അകറ്റിയതെന്ന് വിനയ വിഷമത്തോടെ വിചാരിക്കുന്നു.
ഹയര്‍സെക്കന്ററിയിലെത്തിയ കുട്ടികളെപ്പോലും ഇപ്രകാരം ഉപദേശിക്കേണ്ടിവരുന്നതെന്തുകൊണ്ട്? ഇവര്‍ മിക്കവരും ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്, ഇന്ത്യന്‍ ജനാധിപത്യം ഇനി എങ്ങോട്ടേക്കാണ് പോകേണ്ടത് എന്ന് തീരുമാനിക്കാന്‍ അവകാശമുള്ള വോട്ടര്‍മാരായാണ് എന്ന് ഉപദേശികള്‍ ഓര്‍ക്കാത്തതെന്ത്? സമൂഹത്തെക്കുറിച്ച് ഇങ്ങനെ ഒരു ബോധമാണോ ഈ പ്രായത്തിലുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നാം നല്‍കേണ്ടത്? മാഷുടെ പ്രസംഗം എന്നിലുണ്ടാക്കിയത് ഇത്തരം പൊതുവായ ചില സംശയങ്ങളാണ്.
വളര്‍ന്നുകൊണ്ടിരിക്കുന്ന തന്റെ ശരീരത്തെ ഏറെ ഉത്‌കണ്‌ഠകളോടെയും ഒട്ടൊരു ഭീതിയോടെയും ആണ് മിക്ക പെണ്‍കുട്ടികളും നോക്കിക്കാണുന്നതെന്നാണ് മന:ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നത്. സമൂഹത്തിന്റെ കണ്ണുകള്‍ കൊത്തിവിഴുങ്ങാന്‍ തഞ്ചം നോക്കി തന്റെ ശരീരത്തിനുമേല്‍ പാറിക്കളിക്കുകയാണ് എന്ന ഭീതി അവളെ കൂടുതല്‍ തന്നിലേക്കുതന്നെ ഒതുക്കുകയല്ലേ ചെയ്യുക. അതും ഒരു വ്യക്തിയുടെ സാമൂഹികവത്‌കരണത്തിന്റെ നിര്‍ണായകഘട്ടത്തില്‍. വാര്‍ത്താമാധ്യമങ്ങള്‍ അല്ലെങ്കില്‍ത്തന്നെ അവളെ ഒരു ഇരയായി സ്വയം ബോധ്യപ്പെടുത്തിയിരിക്കയാണ്. വീട്ടിലും പിന്നെ സ്‌കൂളിലും മാത്രമാണ് ആ കണ്ണുകളില്‍ നിന്ന് ഭീതിയും സംശയവും അകലുന്നത്. ശരീരത്തെക്കുറിച്ചുള്ള ഭീതികളെ വളര്‍ത്തുന്നതിന് പകരം അവരുടെ ഉള്ളിലെ സ്വാതന്ത്ര്യദാഹത്തെ, സ്വത്വബോധത്തെ ഉണര്‍ത്താന്‍ എന്തുകൊണ്ടാണ് നമ്മുടെ രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രമിക്കാത്തത്? `ദേഹമല്ലതോര്‍ക്കില്‍ നീയായയതാത്മാവെന്ന്' അവരോട് ഓരോ ദിവസവും ആത്മാര്‍ത്ഥമായും ദൃഢമായും നാം ആവര്‍ത്തിക്കുകയാണ് വേണ്ടത്. ആത്മാവിന്റെ ആ ദാര്‍ഢ്യമാണ് തന്റെ നേര്‍ക്കുയരുന്ന വിഷലിപ്‌തമായ നോട്ടങ്ങളെയും കൈകളെയും തട്ടിമാറ്റാന്‍ അവള്‍ക്ക് കരുത്തുനല്‍കുക.
ഏതെങ്കിലും ഒരിടത്ത് നടക്കുന്ന ഒരു ലൈംഗികപീഢനകഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് രാവും പകലും വില്‍ക്കുന്ന മാധ്യമങ്ങള്‍ കഴിഞ്ഞാല്‍, ഇതില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിച്ചേ അടങ്ങൂ എന്ന് ദൃഢപ്രതിജ്ഞയെടുത്ത് അവരുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങളുടെയും താക്കീതുകളുടെയും ഉരുക്കുകൂടുകള്‍ തീര്‍ക്കുന്ന വിദ്യാലയാധികൃതരാണ് നമ്മുടെ പെണ്‍കുട്ടികളുടെ കൗമാരത്തെ ഇത്രമേല്‍ അരസികവും ആശങ്കാകുലവുമാക്കിത്തീര്‍ക്കുന്നത്.
പ്രീഡിഗ്രി ഉണ്ടായിരുന്ന കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത് എങ്ങിനെയാണെന്ന് ഓര്‍മയുണ്ടല്ലോ. ഒരധ്യാപകനും അന്ന് ക്ലാസിലെത്തി സദാചാരപ്രസംഗം നടത്തിയിട്ടില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. പി.ജിക്കാരും ഡിഗ്രിക്കാരുമടങ്ങുന്ന സീനിയേഴ്‌സിന്റെ ഇടപെടലുകള്‍, വേണ്ട സമയത്ത് സ്‌നേഹപൂര്‍വമായ ചില നിര്‍ദേശങ്ങള്‍, കണ്ടും കേട്ടും തിരിച്ചറിയാവുന്ന ഒട്ടനവധി സംഭവങ്ങള്‍... അതിലൂടെയൊക്കെക്കൂടി അവര്‍ക്കറിയാമായിരുന്നു എന്തൊക്കെ കരുതണം, എന്തിനെയൊക്കെ കരുതണം എന്നുള്ള കാര്യം. ആ അന്തരീക്ഷത്തിലെ സ്വാതന്ത്ര്യവും സൗഹൃദവും ഓരോരുത്തര്‍ക്കും നല്‍കിയിരുന്ന തന്നെക്കുറിച്ചുള്ള ബോധവും വലുതായിരുന്നു.
പുതിയ കരിക്കുലം ഹയര്‍സെക്കന്ററിയിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ആശ്വാസമാകേണ്ടതായിരുന്നു. താന്‍ അനുഭവിക്കുന്ന പലതും തുറന്നു പറയാന്‍, എഴുതാന്‍ ഒക്കെയുള്ള ആര്‍ജവം അതവര്‍ക്ക് നല്‍കിയേനെ. പക്ഷെ ചില കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം, പാഠ്യപദ്ധതിയെ ക്ലാസുമുറിയിലെ അനുഭവമാക്കാന്‍ മഹാഭൂരിപക്ഷം അധ്യാപകരും ശ്രമിച്ചില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും ഉള്ള നവീനമായ സങ്കല്‌പങ്ങള്‍ ഒട്ടനവധി ചര്‍ച്ചകളിലൂടെ അവര്‍ക്കു ലഭിക്കുമായിരുന്നു, ചൂഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളെ വിശകലനം ചെയ്യാനും കൂട്ടായ ചര്‍ച്ചകളിലൂടെ കാര്യകാരണങ്ങള്‍ കണ്ടെത്താനും അവര്‍ക്കു കഴിയുമായിരുന്നു. അതിനാദ്യം വേണ്ടത് പ്രായത്തേയും ശരീരത്തെയും ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഉപദേശമെന്ന പേരുമാറിയ ഭീഷണികള്‍ നിര്‍ത്തുകയാണ്.
ശരീരത്തെ മാത്രം പ്രധാനമായി കാണുന്ന ഒരു സംസ്‌കാരത്തെക്കുറിച്ചാണ് അവരെ ബോധ്യപ്പെടുത്തേണ്ടത്. അതിന്റെ പ്രലോഭനങ്ങളാണ് സൗന്ദര്യത്തെ കച്ചവടച്ചരക്കാക്കിയവരുടെ കണ്ണിലൂടെ തങ്ങളെ നോക്കിക്കാണാന്‍ മറ്റുള്ളവര്‍ക്ക് അശ്ലീലക്കണ്ണടകള്‍ നല്‍കുന്നതെന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്. ആ സംസ്‌കാരം തന്നെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന മിക്ക കഥകളിലെയും വില്ലന്‍.
സ്‌ത്രീത്വത്തിന്റെ വിവിധങ്ങളായ സമരമുഖങ്ങള്‍ പരിചയപ്പെടുത്തിയും, അതിജീവനത്തിനായി നിലവിളിക്കുന്ന ജന്മങ്ങള്‍ക്കായി തങ്ങളുടെ ജീവിതം തന്നെ പതിച്ചുനല്‍കിയ സ്‌ത്രീജീവിതങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നും അപരജീവിതപാഠാവലികള്‍ അവര്‍ക്ക് ഓതിക്കൊടുക്കണം. വിമോചനത്തിന്റെ വഴി തേടേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തണം. മഹത്തായ സാഹിത്യകൃതികള്‍, ചലച്ചിത്രങ്ങള്‍, ആത്മകഥകള്‍ എന്നിവ പ്രയോജനപ്പെടുത്തി അധ്യാപകര്‍ക്കല്ലാതെ മറ്റാര്‍ക്ക് ഇത് ചെയ്യാനാവും? ആശംസാപ്രസംഗത്തിലെ ഭീഷണികള്‍ക്കുപകരം ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ തന്നെയും തന്റെ ചുറ്റുമുള്ളവരേയും തിരിച്ചറിയാനുള്ള സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് ഒരുക്കാനാകട്ടെ.
2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച
2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച
അപ്പത്തിലും അടയിലും കൂടുന്ന വിദ്യ!

പാഠ്യപദ്ധതി ഒരു തരത്തിലും അതിനു ശേഷമുളള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും, ഉദ്യോഗങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് രീതി മറ്റൊരു രീതിയിലും. രണ്ടിനേയും അനുഗ്രഹിക്കുന്നത് ഒരേ കൈകള്‍
ബോധപൂര്‍വ്വമാണോ ഈ കളികള്‍ ?

ദൈവത്തിനുളളത് ദൈവത്തിനും, സീസറിനുളളത് സീസറിനും എന്നത് പ്രായോഗികതയുടെ നീതിവാക്യമാണ്. ഇരുപക്ഷത്തേയും വെറുപ്പിക്കാതെയുളള കാര്യസാധ്യത്തിന്റെ വഴി. ഇരുതോളിലും ഇറുക്കിപ്പിടിച്ചിരിക്കുന്ന താത്‌പര്യത്തിന്റെ ഞണ്ടുകളെ പറിച്ചെറിയാതെ നേരിന്റെ ധീരമായ വഴികളിലൂടെ മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അജണ്ട നിശ്ചയിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഓരോരുത്തര്‍ക്കും അവരവരുടെ കൂടെയാണ് എന്ന് തോന്നിക്കുന്ന പുതിയ രാസക്രീഡയുടെ വഴിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആഗോളവല്‍ക്കരണത്തിന്റേയും ഉപഭോഗസംസ്‌ക്കാരത്തിന്റേയും വെളളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പൊതുവിദ്യാഭ്യാസമെന്ന ഗോവര്‍ദ്ധനം ഉയര്‍ത്തിപ്പിടിച്ച് അതിനുകീഴില്‍ മൈനസ് രണ്ടു മുതല്‍ പ്ലസ് രണ്ട് വരെയുളള എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത് നിര്‍ത്താനായിരുന്നു. കെ.സി.എഫ് (കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007) ശ്രമം. പാഠ്യപദ്ധതിക്കനുസരിച്ച് വിദ്യാഭ്യാസ വ്യവസ്ഥയെ അഴിച്ചു പണിയുന്നതിനുളള ആലോചനകളെ എന്നേ മണ്ണിട്ട് മൂടിക്കഴിഞ്ഞു. സ്‌കൂള്‍ സമയമാറ്റം എന്ന ഐസുകട്ടയില്‍ ഇടിച്ചാണ് വ്യവസ്ഥാപുന:ക്രമീകരണം എന്ന പുത്തന്‍ ടൈറ്റാനിക്ക് തകര്‍ന്നത്. വിദ്യാഭ്യാസമേഖലയില്‍ മാറേണ്ടുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങള്‍ ,സ്‌കൂള്‍ ചുമതലാ വിഭജനം, അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ , പൊളിച്ചെഴുതേണ്ട അധ്യാപക കോഴ്‌സുകള്‍ എന്നിവയെക്കുറിച്ചൊക്കെ പഠിച്ച് ഗവേഷണം നടത്തി സമര്‍പ്പിച്ച പേപ്പറുകള്‍ കാറ്റില്‍ എങ്ങോട്ടോ പാറിപ്പോയി. വിദ്യാഭ്യാസത്തിന്റെ ഗതി നിശ്ചയിക്കുന്നവരുടെ അവസാന പരിഗണനകളില്‍ പോലും ഇപ്പോള്‍ ഇതിനൊന്നും കടന്നുവരാന്‍ സമയമില്ല.
സ്‌കൂള്‍ കരിക്കുലത്തെ സംബന്ധിച്ചും അതിനുശേഷം വരുന്ന പരീക്ഷ - തെരഞ്ഞടുപ്പ് രീതികളെക്കുറിച്ചും ഒരേ സമയം പുലര്‍ത്തുന്ന ഇരട്ടത്താപ്പ് ആരെയും അമ്പരിപ്പിക്കുന്നതാണ്. അറിവ് നിര്‍മ്മാണത്തിന് വേണ്ടി അന്വേഷണവും ദേശസംസ്‌കൃതിയിലേക്കുളള ഇറങ്ങിച്ചെല്ലലും ആണ് ആഗോള തലത്തില്‍ തന്നെ സമ്മതി നേടിയ ജ്ഞാനമാര്‍ഗ്ഗമെന്ന് ഒരിടത്തും സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന കോച്ചിംഗ് സെന്ററുകളുടെ കൃപാകടാക്ഷങ്ങള്‍ക്കനുസൃതമായി നിശ്ചയിച്ചിട്ടുളള തെരഞ്ഞെടുപ്പ് രീതികള്‍ മറ്റൊരിടത്തും ഒരേ സ്വരത്തില്‍ പാടിപ്പുകഴ്‌ത്തുന്നത് കേട്ടിരിക്കുക പ്രയാസം തന്നെയാണ്. തത്വത്തില്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുളള പാഠ്യപദ്ധതി നാം ഒരുവട്ടം പരിഷ്‌കരിച്ചുകഴിഞ്ഞതാണ്. രണ്ടാം ഘട്ടപരിഷ്‌കരണത്തിന്റെ വേലിയേററം ഈ വര്‍ഷം പതിനൊന്നാം ക്ലാസ്സില്‍ കൂടി കയറാന്‍ പോവുകയാണ്. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും 97 മുതല്‍ പുതിയ പാഠ്യപദ്ധതി എന്ന് വിളികൊണ്ടതുമായ വിനിമയ രീതിയുടെ മുഖ്യപരിഗണനകള്‍ എന്തെല്ലാമായിരുന്നു? കേവലമായ ആവര്‍ത്തിച്ചുറപ്പിക്കലിനും, ഓര്‍മ്മിക്കലിനും പകരം കുട്ടികളുടെ സഹജമായ ചിന്താശേഷിയെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുക, പഠനത്തെ ജീവിതവുമായി ബന്ധിപ്പിക്കുക, കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ പരിഗണിക്കുക ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരേയും ദരിദ്രരേയും പരിഗണിക്കുക, അവരുടെ ആര്‍ജ്ജിതമായ അറിവുകളെ മാനിക്കുക, വൈകാരികമായ ആരോഗ്യാവസ്ഥ പ്രദാനം ചെയ്യുക തുടങ്ങിയവയായിരുന്നു പാഠ്യപദ്ധതി സമീപനത്തിലെ ഏറ്റവും പുരോഗമനാത്മകമായ വശങ്ങള്‍ .
ഈ സൈദ്ധാന്തിക ലക്ഷ്യങ്ങളെ പ്രയോഗത്തില്‍ എത്തിക്കുന്നതിനുളള എന്തെന്ത് പരിശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുതലിറക്കിയത്. പാഠപുസ്‌തക പരിഷ്‌ക്കരണങ്ങള്‍ , നിരന്തരമായ അധ്യാപക പരിശീലനങ്ങള്‍ , നിരന്തര മൂല്യനിര്‍ണ്ണയം, ക്ലസ്റ്ററുകള്‍ , മോണിറ്ററിംഗ്, ഓണ്‍സൈറ്റ് സപ്പോര്‍ട്ട് പരീക്ഷയിലെ പരിഷ്‌കാരങ്ങള്‍ ..........എല്ലാം പുതിയ പാഠ്യപദ്ധതിക്കുവേണ്ടിയുളള കഠിനാധ്വാനങ്ങള്‍ . നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ ചേര്‍ക്കുന്ന വെളളം, എണ്ണം തികയ്‌ക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ , പ്രഹസനമാകുന്ന മോണിറ്ററിംഗ്, ക്ലാസ്സ്‌റൂമിനെ ശക്തിപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനുളള കുറുക്കുവഴികള്‍ തേടല്‍ തുടങ്ങിയ പോരായ്‌മകളൊക്കെ ഉണ്ടെങ്കിലും പണ്ടുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്‌തമായി സജീവവും ചലനാത്മകവും സംവാദാത്മകവും ആയിരുന്നു പുതിയ സമീപനം. കുട്ടികള്‍ ഉണ്ടാക്കിയ എത്ര എത്ര ഉല്‍പന്നങ്ങള്‍ , ആശയവിനിമയത്തിലും അവതരണത്തിലും അവര്‍ നേടിയ ഉയര്‍ച്ചകള്‍ , പരീക്ഷാരീതീയില്‍ വന്ന ഗുണകരമായ മാറ്റങ്ങള്‍ എന്നിവ പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും ദര്‍ശിക്കാവുന്നവയായിരുന്നു.
വിലയിരുത്തലിനെ സംബന്ധിച്ച കാഴ്‌ചപ്പാടിലുണ്ടായ മാറ്റമാണ് ദേശീയതലത്തില്‍ തന്നെ നമ്മുടെ പാഠ്യപദ്ധതിയെ ശ്രദ്ധാര്‍ഹമാക്കിയത്. നിരന്തരമൂല്യനിര്‍ണ്ണയ ഫലത്തെ നിങ്ങള്‍ക്ക് വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. എന്നാല്‍ എഴുത്തുപരീക്ഷയില്‍ വരുത്തിയ അടിസ്ഥാനപരമായ മാറ്റത്തെ കാണാതിരിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ടതെന്ന് സര്‍വ്വ സമ്മതമായ ചില കാര്യങ്ങള്‍ കാണാതെ പഠിക്കുകയും ചോദ്യത്തിന്റെ തുമ്പുകാണുമ്പോള്‍ തന്നെ ഉത്തരം യാന്ത്രികമായി പകര്‍ത്തുകയും ചെയ്യുന്ന പ്രാകൃതമായ ഒരു എഴുത്തുപരീക്ഷയ്‌ക്ക് പകരം, കുട്ടിയുടെ ചിന്താശേഷിയെ പരിഗണിക്കുന്ന, സന്ദര്‍ഭത്തെ അപ്പോള്‍ വിശകലനം ചെയ്‌തും അപഗ്രഥിച്ചും എത്തിച്ചേരുന്ന നിഗമനങ്ങളെ ആരായുന്ന, പ്രയോഗക്ഷമതയ്‌ക്ക് ഊന്നല്‍ നല്‍കുന്ന ഒരു എഴുത്തുപരീക്ഷാസമ്പ്രദായം നമുക്ക് സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. കാണാപ്പാഠം പഠിച്ചവരെ പിന്തള്ളി ചിന്തയുടെ തെളിച്ചവും പരന്ന വായനയുടെ പിന്‍ബലവുമുള്ളവര്‍ മുന്നിലെത്തി. ഇനി ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്ത വണ്ണം ധീരമായി പരീക്ഷാരീതികള്‍ നമുക്ക് നവീകരിക്കാന്‍ കഴിഞ്ഞു, രാജ്യത്തിനാകെത്തന്നെ മാതൃകയായിക്കൊണ്ട്.
ഈ കഴിഞ്ഞ കാലം മുഴുവന്‍ പുതിയ പാഠ്യപദ്ധതിക്ക് ചെല്ലും ചെലവും നല്‍കി അതിനെ പോറ്റി വളര്‍ത്തിയത് ഇടതുപക്ഷം തന്നെയാണ്. 1994 ല്‍ ഡി.പി.ഇ.പി യിലൂടെ ആരംഭിച്ച വിദ്യാഭ്യാസത്തിന്റെ ഈ അലകും പിടിയും മാറ്റല്‍ പ്രക്രിയ 2007ല്‍ 12-ആം ക്ലാസ്സ് പിന്നിടുന്നതോടു കൂടി ഒരു ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. അങ്ങനെ വന്ന കുട്ടികള്‍ പ്രവേശന പരീക്ഷാകാര്യാലയത്തിന്റേയും കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റേയും പരീക്ഷകളാണ് ഇപ്പോള്‍ എഴുതി വരുന്നത്. ഒന്നാലോചിച്ചാല്‍ ആടാന്‍ പഠിച്ചവനോട് നെയ്യാന്‍ ആവശ്യപ്പെടുമ്പോലുളള പരീക്ഷകളാണിവ.
എന്‍ട്രന്‍സ് പരീക്ഷകളുടേയും പി.എസ്.സി പരീക്ഷകളുടേയും ചോദ്യങ്ങള്‍ ഇപ്പോഴും തയ്യാറാക്കുന്നതിന്റെ മാനദണ്‌ഡങ്ങള്‍ എന്താണ് ? കുറഞ്ഞ സമയത്തിനകത്ത് പരമാവധി ചോദ്യങ്ങള്‍ തെറ്റില്ലാതെ ചെയ്‌തുതീര്‍ക്കുക എന്ന പഴകിത്തുരുമ്പിച്ച വളയം എങ്ങനെ ഈ പുതിയ കുട്ടികള്‍ക്ക് മുന്നിലും ഇവര്‍ പിടിക്കുന്നു ? കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ നയത്തെ മുഖവിലക്കെടുക്കാനും അതിനനുസരിച്ച് മാറാനും എന്തുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാക്കുന്നില്ല? ഇവിടെയാണ് ഒരേ സമയം അപ്പത്തിലും കൂടും അടയിലും കൂടും എന്ന നാടന്‍ യുക്തി ഫലപ്രദമാകുന്നത്.
നിരന്തരമായ പരിശീലനങ്ങളിലൂടെ മാത്രം വിജയിക്കാവുന്ന ഈ പരീക്ഷാരീതികള്‍ മാറ്റി മറിക്കേണ്ട കാലം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. യോഗ്യതാപരീക്ഷയ്‌ക്കുശേഷം ഇത്തരമൊരു പ്രവേശനപരീക്ഷ ഏര്‍പ്പെടുത്തുന്നതുതന്നെ നിലവിലുളള വിദ്യാഭ്യാസത്തോടുളള , അതിന്റെ വിനിമയരീതിയോടും വിലയിരുത്തല്‍ രീതികളോടും ഉളള അവിശ്വാസത്തെയാണ് കാണിക്കുന്നത്. സാമൂഹിക നീതിക്കും അവസര സമത്വത്തിനും വേണ്ടി പ്രക്ഷോഭം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കു പോലും കാശുളളവനെ മാത്രം ദൈവരാജ്യത്തിലേക്ക് കടത്തിവിടുന്ന ഈ സൂചിക്കുഴയെ തകര്‍ത്തെറിയാന്‍ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യസ രംഗം അപ്പാടെ സമ്പന്നര്‍ക്കും, നഗരവാസികള്‍ക്കും പതിച്ചുകൊടുക്കുന്ന പ്രവേശനപരീക്ഷകളെ, അതിലൂടെ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റുകളെ വേദപ്രമാണങ്ങളേക്കാള്‍ വിശുദ്ധരാക്കുന്നതും ഇവര്‍ തന്നെയല്ലേ ? അന്വേഷിക്കുകയും, കണ്ടെത്തുകയും,അപഗ്രഥിക്കുകയും , താരതമ്യപ്പെടുത്തുകയും നിഗമനങ്ങളിലെത്തുകയും ചെയ്യാന്‍ 12 വര്‍ഷവും ഉപദേശിക്കുകയും സാമ ദാന ഭേദ ദണ്‌ഡങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ് പതിമൂന്നാം വര്‍ഷം സൂത്രവാക്യങ്ങളും രാസനാമങ്ങളും കാണാതെ പഠിക്കലാണ് മുഖ്യമെന്ന് ഉപദേശിക്കുന്നത്.
പി.എസ്.സി പരീക്ഷകളുടെ കാര്യം ഇതിലും കഷ്‌ടമാണ്. കേരള സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ജീവിക്കാന്‍ തയ്യാറാകുന്ന ഒരാളോട് കേരളസംസ്‌ക്കാരത്തെ ക്കുറിച്ചും മലയാളഭാഷയെ ക്കുറിച്ചും ചോദിക്കാന്‍ നമുക്ക് അറപ്പാണ്. നമ്മുടെ ചരിത്രവും പാരമ്പര്യവും എന്താണ്? സമ്പന്നമായ നമ്മുടെ നാട്ടുവഴക്കങ്ങള്‍ എന്തൊക്കെയാണ്?കലയുടെയും സംസക്കാരത്തിന്റേയും നൂപുരമണികള്‍ കിലുങ്ങിയിരുന്നത് എവിടെ നിന്നാണ്? ഇതൊക്കെ അറിയുന്നതിനേക്കാള്‍ പ്രധാനം ഗൈഡ്‌ബുക്കുകളിലെ മണ്ടന്‍ ചോദ്യോത്തരങ്ങള്‍ കാണാതെ പഠിക്കലാണ്. ഗണിതവും യുക്തിചിന്തയും അഭിരുചി പോലും ചോദ്യോത്തരങ്ങളായി കാണാപ്പാഠം പഠിക്കുകയാണ് വേണ്ടത്. കാരണം ചോദ്യങ്ങള്‍ തയ്യാറാക്കുന്ന കടല്‍ക്കിഴവന്‍മാര്‍ അവര്‍ പഠിച്ച കാലത്തെ പുന:സൃഷ്‌ടിക്കാനാണല്ലൊ ശ്രമിക്കുന്നത്. ഈ ചോദ്യത്തരങ്ങള്‍ പരിശീലിപ്പിക്കാനും നഗരങ്ങളില്‍ എത്രയെത്ര കേന്ദ്രങ്ങള്‍!
പഠനം ഒരു തരത്തിലും, തെരഞ്ഞെടുപ്പ് മറ്റൊരു തരത്തിലുമാക്കി നിലനിര്‍ത്തുന്നത് എന്തൊരു കൊടിയ ക്രൂരതയാണ്. ഒരേ സമയം രണ്ടിനും സര്‍വ്വൈശ്വര്യങ്ങളും ചൊരിഞ്ഞ് അനുഗ്രഹിക്കുന്നതും ഒരേ കൈകള്‍ തന്നെ. ഒരു സമൂഹത്തെ അപ്പാടെ ഈ തെരഞ്ഞടുപ്പ് പ്രക്രിയകളുടെ പൊതുനിരത്തില്‍ നിന്നും അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്താനല്ലേ ഇവ ഇത്രമാത്രം ഹൈടെക്ക് ആയി നിലനിര്‍ത്തുന്നത്. ഈ രാജപാതയിലേക്കുളള പ്രവേശനത്തിനായി നാട്ടുമ്പുറത്തുകാരും, പിന്നാക്കക്കാരും എപ്പോഴാണ് അര്‍ഹരാകുക. അതിനായുള്ള മറ്റൊരു പ്രവേശന വിളമ്പരത്തിന് അവര്‍ കാതോര്‍ത്തിരിക്കുകയാണ്. അതിനുവേണ്ടിയുളള സത്യാഗ്രഹ പന്തലില്‍ അവരോടൊപ്പം മുന്‍നിരയിലിരിക്കാന്‍ വിപ്ലവകാരികളുടെ പുതിയ തലമുറയില്‍ നിന്നും എത്ര പേരുണ്ടാകും?
ലേബലുകള്‍:
എന്‍ട്രന്‍സ്,
ലേഖനം,
വിദ്യാഭ്യാസം
2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച
സ്വാശ്രയപ്രശ്നം എന്ന മുച്ചീര്‍പ്പന്‍

`` ജനിച്ച ഉടനെ തന്തയുടെ തലയെടുത്തു. എങ്ങിനെയും ജീവന്‍ നില്‍ക്കട്ടെയെന്നു കരുതി എന്തെല്ലാം ചെയ്‌തു. മുന്തിയ ഡോക്‌ടര്‍മാരെ കാണിച്ചു. പ്രശ്‌നം വെപ്പിച്ചു. അങ്ങ് ഡല്‍ഹിയിലോളം കൊണ്ടുപോയി നോക്കി. പ്രാണനൊഴിച്ച് എല്ലാം അവിടെ നിന്ന് ഓപ്പറേഷന്‍ ചെയ്‌ത് നീക്കി. ഒന്നും പോരാഞ്ഞ് കൊല്ലാകൊല്ലം മുന്തിയ ഹോട്ടലില്‍ വെച്ച് സുഖചികിത്സയും നടത്തി. എന്നിട്ടെന്താ ... ഒരു രക്ഷയുമില്ല. കുടുംബത്തിനകത്താണെങ്കില്‍ വന്നുകയറിയ അന്ന് തൊട്ട് അടിയുണ്ടാക്കാന്‍ തുടങ്ങിയതാ. എല്ലാവരെയും വെറുപ്പിച്ചു. കൊല്ലങ്ങളായി ഒരു ശല്യവുമില്ലാതെ തറവാട്ടില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന കാര്‍ന്നോന്മാരെ വരെ വെറുപ്പിച്ചു. അവരുപോലും നാക്കെടുത്തു ശപിക്കാന്‍ തുടങ്ങി. കുലം മുടിയാന്‍ കാലത്തു പിറന്ന മുച്ചീര്‍പ്പന്‍...''
ഈ പ്‌രാക്ക് മറ്റാരുടേതുമാകാന്‍ വഴിയില്ലല്ലോ, സംഭവം സ്വാശ്രയ പ്രശ്‌നത്തെക്കുറിച്ചാവുമ്പോള്‍. ഭൂജാതനായ അന്നു മുതല്‍ കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇത്രമാത്രം പ്രത്യാഘാതങ്ങളുണ്ടാക്കിയ മറ്റൊരു കേസുകെട്ട് കേരള ചരിത്രത്തിലുണ്ടോ?
കൂത്തുപറമ്പില്‍ അഞ്ച് ചെറുപ്പക്കാരുടെ ജീവന്‍ കുരുതി കഴിച്ചു. സമരത്തിന്റെ യുദ്ധഭൂമിയില്‍ ഒട്ടനവധി യുവാക്കളുടെ ചോര ചെളിവെള്ളം പോലെ റോഡില്‍ കെട്ടിനിന്നു. കുട്ടികള്‍ ഫീസ് അടക്കാന്‍ പാങ്ങില്ലാതെ ആത്മഹത്യയിലഭയം തേടി. എന്തിനധികം, കെട്ടുറപ്പുള്ള ഒരു മുന്നണിയില്പ്പോലും ഛിദ്രമുണ്ടാക്കി. ഇതൊന്നും പോരാഞ്ഞ് ചിലര്‍ ഇപ്പോള്‍ തന്നിഷ്‌ടപ്രകാരം കാശ് മേടിക്കുകയും വിദ്യാഭ്യാസം അല്‍പ്പാപ്പമായി നല്‍കുകയും ചെയ്യുന്നു. ആരെ പേടിക്കാന്‍!
രണ്ടു സ്വാശ്രയകോളേജുകള്‍ = ഒരു സര്‍ക്കാര്‍ കോളേജ് എന്ന ശ്രുതിമധുരമായ ഗാനം ചിട്ടപ്പെടുത്തിയത് സാക്ഷാല്‍ എ.കെ. ആന്റണിയാണ്. ആക്കാലത്ത് ലജ്ജാവതിയേക്കാള്‍ ഹിറ്റായിരുന്ന. തീവ്ര ഇടതുപക്ഷം പോലും കേരളത്തിലും സ്വാശ്രയമാവാം എന്ന ചിന്തയിലെത്തിയപ്പോഴാണ് ഈ ഗാനം ഇറങ്ങിയത് എന്നതും ശ്രദ്ധേയം. ഹയര്‍ സെക്കന്ററിയില്‍ നിന്ന് പാസായെത്തുന്ന ലക്ഷങ്ങള്‍ നേരെ അടുത്ത വണ്ടിക്ക് കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമല്ലേ വെച്ചടിക്കുന്നത്. പെട്ടിക്കടകള്‍ക്കുപോലും അവിടെ പേര് `ഡീംഡ് യൂണിവേഴ്‌സിറ്റി' എന്നാണ് കേള്‍വി. അവരടിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മഷിയുണങ്ങുന്നതിനുമുമ്പ് കുട്ടികളുടെ കയ്യിലെത്തും. മാര്‍ക്ക് എത്രയാണു വേണ്ടതെന്ന് പറഞ്ഞാല്‍ മതി. നമ്മുടെ കാശെന്തിനാ വല്ലവന്റേയും പെട്ടിക്കടയില്‍ കൊണ്ടുപോയി ധൂര്‍ത്തടിക്കുന്നത്. ഇവിടെ കട തുറക്കാന്‍ പറ്റിയ ആളുകളൊന്നും ഇല്ലേ? ആരും വീഴുന്നയുക്തി! മാത്രമല്ല ഈ സര്‍ട്ടിഫിക്കറ്റുകള്‍ സായ്‌പന്‍മാരെയും അറബികളേയും കാണിച്ച് തോട്ടിപ്പണി ഒട്ടകത്തെ നോക്കല്‍ തുടങ്ങിയ മുന്തിയപണി ചെയ്‌താണ് നമ്മള്‍ ഇവിടെ കഞ്ഞികുടി മുട്ടാതെ കഴിയുന്നത്.
ഇതൊക്കെക്കൊണ്ടാണ് പിറന്നുവീണ അപ്പോള്‍ തന്നെ ഈ തങ്കവളയിട്ട കൈകളില്‍ പിടിച്ചത്. പിന്നീടാണ് മനസിലായത് ഇത് തിരിഞ്ഞു കിടക്കാന്‍ വാ പിളര്‍ത്തിയ പുലിയുടെ വാലാണെന്ന്. വിദ്യാഭ്യാസ മന്ത്രിക്ക് ആശ്വാസം പകരാന്‍ പോലും മറ്റൊരാള്‍ ധൈര്യത്തോടെ വന്ന് അല്‍പ്പ സമയം ഇതൊന്ന് ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അവിടെക്കിടന്ന് ചെയ്യാവുന്ന എല്ലാ കാര്യവും ചെയ്‌തിട്ടും കുടുംബക്കാരുടെ വരെ പഴിയാണ്. ഈ പുലിവാലില്‍ കിടന്ന് കറങ്ങുന്നതുകാരണം മറ്റെന്തെങ്കിലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടോ? കണ്ണുതെറ്റിയാല്‍ ആ പുലിക്ക് ബുദ്ധികുടും; തന്റെ തലകുടി അവന്റെ വയറ്റിലാവും.
എന്തൊക്കെ കാര്യങ്ങള്‍ വകുപ്പില്‍ ചെയ്‌തു. പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. (ആപത്തുകാലത്ത് പക്കി പാമ്പാവും എന്നൊരു ചൊല്ലുപോലെ അതും വിഷം വെച്ച് ഒന്നുരണ്ട് കൊത്തുകൊത്തിയിരുന്നു. കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുന്ന തന്ത്രം അറിയാവുന്നതുകൊണ്ട് മാത്രം അന്ന് രക്ഷപ്പെട്ടതാണ്.) കേന്ദ്രഫണ്ടും സംസ്ഥാന ഫണ്ടും ചെലവാക്കി തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്ന എസ്.എസ്.എ വഴി കെട്ടിടങ്ങള്‍ എത്ര തീര്‍ത്തു. പരിശീലനം ലഭിക്കാത്ത അധ്യാപകരെ കാണണമെങ്കില്‍ അതിര്‍ത്തി കടക്കണം എന്നായി കെ.സി.എഫ് ഉണ്ടാക്കി മുക്കിനുമുക്കിന് ചര്‍ച്ച ചെയ്‌തു. ക്ലാസ് മുറിയില്ലാത്ത, കറണ്ടില്ലാത്ത സ്‌കൂളില്‍പ്പോലും ബ്രോഡ് ബാന്റും മള്‍ട്ടി മീഡിയ ലാബും സ്ഥാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ ഏകജാലകം വഴി മുഴുവനാളെയും കയറ്റുകയും ഇറക്കുകയും ചെയ്‌തു. എന്തൊക്കെ ചെയ്‌തു. ആരെങ്കിലും മൈന്‍ഡ് ചെയ്യാനുണ്ടായോ. ക്ഷമയ്‌ക്കുമില്ലേ ഒരതിര്.
സ്വാശ്രയ കരാര്‍ ചിലര്‍ക്ക് രുചിക്കാത്തത് അവരുടെ അടിസ്ഥാന വര്‍ഗ്ഗ പ്രേമം കൊണ്ടാണ്. അതൊക്കെ കഴുകിക്കളയുകയോ എന്നിട്ടും പോകുന്നില്ലെങ്കില്‍ തൊലിയടക്കം മുറിച്ചുമാറ്റുകയോ വേണ്ടുന്ന വെറും കറയല്ലേ സാര്‍ ഇക്കാലത്ത്. ആറായിരമെന്ന ഫീസ് ഇരുപത്തയ്യായിരം ആക്കിയാല്‍ ഒരു ചുക്കുമില്ലെന്ന് ഏത് രക്ഷകര്‍ത്താവാണ് ആണയിടാത്തത്. നിങ്ങള്‍ ഈ ബഹളമൊക്കെ ഒന്നു നിര്‍ത്തിയാല്‍ മാത്രം മതി. ഈ മെറിറ്റ് ലിസ്റ്റില്‍ മുന്നില്‍ വരാന്‍ എത്രയാ തുലച്ചതെന്ന് അവര്‍ക്കല്ലേ അറിയൂ. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ അന്ന് രാത്രി തുടങ്ങിയ അധ്വാനമാണ്. പ്ലസ് വണ്‍ തുടങ്ങുന്നതിനു മുമ്പേ തുടങ്ങി കോച്ചിംഗ്. എന്‍ട്രന്‍സിന്റെ ശ്രീ ശ്രീ ക്ക് സമര്‍പ്പിച്ചത് എത്ര ആയിരമാണെന്ന് ആരൊടെങ്കിലും പറയാമോ ? അവിടെ ഹോസ്റ്റല്‍, യാത്ര, ഫോണാദികളായി പണം ഒഴുക്കിയതും ചുമ്മാതല്ല. റാങ്ക് ലിസ്റ്റിന്റെ ആദ്യ പേജില്‍ തന്നെ ഇടം കിട്ടണം. പിന്നെയാണ് രണ്ട് മുക്കാലിന് ഈ പിള്ളേര്‍ കണക്ക് പറഞ്ഞ് തെരുവിലിറങ്ങുന്നത്, കാശല്ല സാറേ പ്രശ്‌നം. നല്ല ഒന്നാന്തരം കോളേജില്‍ ഞങ്ങളുടെ പിള്ളേര്‍ക്ക് പഠിക്കണം. ഹല്ല പിന്നെ.
അല്ല ആര്‍ക്കാണറിയാത്തത് ഈ എന്‍ട്രന്‍സ് എന്നു പറയുന്ന ഏര്‍പ്പാടുതന്നെ ഞങ്ങള്‍, കാശുള്ളവര്‍ മാത്രം ഇത്തരം ഇടങ്ങളില്‍ എത്തപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗമാണെന്ന്. ``ബി. പി.എല്ലുകാര്‍ എന്‍ട്രന്‍സിന്റെ ആദ്യ ലിസ്റ്റില്‍ വരികയോ? ഹ...ഹ..എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം. വരും ചിലപ്പോള്‍; കള്ളപ്പണം കൊണ്ട് കൊട്ടാരം തീര്‍ത്തെങ്കിലും ഇപ്പോഴും റേഷന്‍ കാര്‍ഡില്‍ പ്രതിവര്‍ഷവരുമാനം അഞ്ഞൂറില്‍ താഴെയുള്ള ചില എക്‌സ്‌ട്രാഭാഗ്യവന്മാര്‍. അല്ലാതെ ശരിക്കുള്ള ബി.പി.എല്ലുകാര്‍ തത്‌കാലം എന്തെങ്കിലുമൊരു ബി.എ. പഠിച്ചാല്‍ മതി. പിള്ളേര്‍ക്കെന്തിനാ കോഴിക്കഷണം, ചാറ് മതി എന്നല്ലേ പ്രമാണം.
ഹയര്‍ സെക്കന്ററിയില്‍ പാഠ്യപദ്ധതി (അതെന്താണെന്ന് പിടിപാടുള്ളവര്‍ മാഷന്മാര്‍ക്കിടയില്‍ തന്നെ കുറവാണ്. പാഠപുസ്‌തകം, നോട്ട് ബുക്ക്, പ്രാക്‌ടിക്കല്‍, പരീക്ഷ, ഗൈഡ് ഇതൊക്കെ എന്തെന്ന് ഓര്‍ക്കല്‍ തന്നെ കഷ്‌ടി. പിന്നെയാണ് പാഠ്യപദ്ധതി) മാറി എന്ന് ആണയിടാന്‍ തുടങ്ങിയിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. അറിവിന്റെ നിര്‍മ്മാണമാണ് പഠനം, അത് വസ്‌തുതകളെ കേവലം ആവര്‍ത്തിച്ചുറപ്പിക്കലോ ഓര്‍മ്മിക്കലോ അല്ല, അന്വേഷണവും കണ്ടെത്തലുകളും അവതരണങ്ങളും ആണ് പ്രധാനം, കുട്ടിയുടെ ചിന്താശേഷിയുടെ പ്രയോഗമാണ് അറിവുനിര്‍മ്മാണത്തിന്റെ വഴി, ബഹുമുഖ ബുദ്ധിയുള്ളവരായ കുട്ടികളെ എല്ലാവരേയും ഒരേ പോലെ കണ്ടാവരുത് പഠന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്, അവരുടെ വൈകാരികമായ അവസ്ഥ പരിഗണിച്ചുവേണം പഠനം തുടങ്ങിയവയാണ് പാഠ്യപദ്ധതിയുടെ അടിസ്ഥാനങ്ങള്‍ എന്ന് ജില്ലാതല സംസ്ഥാനതല പരീശിലകര്‍ക്കുപോലും ഇന്ന് ഓര്‍മ്മയുണ്ടാവില്ല. പരീക്ഷകളും കുറച്ചൊക്കെ മാറി. ഇതൊക്കെ പരിഷ്‌കരിക്കാന്‍ ഏളുപ്പമാണ്. സ്‌കൂള്‍ മാത്രം ആശ്രയിച്ച് പഠിക്കാന്‍ ഞങ്ങളെന്താ സാറോ ബി.പി.എല്ലുകാരാണോ? അത്ര കൊച്ചാക്കാതെ. സ്‌കൂളില്‍പ്രാക്‌ടിക്കല്‍, നിരന്തരമൂല്യനിര്‍ണയം, പരീക്ഷാ സെന്റര്‍, റജിസ്‌ടേഷന്‍ ഇത്യാദി കാര്യങ്ങള്‍ മാത്രം. പഠിപ്പ് പണ്ടേപ്പോലെ കാണാപ്പാഠം തന്നെ. അതിനല്ലേ ട്യൂഷന്‍ സെന്ററുകള്‍. ആദ്യം ഉറപ്പിക്കേണ്ടത് അവിടുത്തെ സീറ്റാണ്. സംഗതി ശരിയാ.. പിള്ളേര്‍ക്ക് കുറച്ച് കഷ്‌ടപ്പാടു തന്നെയാ. ശരിക്ക് മൂത്രമൊഴിക്കാന്‍ പോലും വിടാതുള്ള പരിശീലനമാ രണ്ടുവര്‍ഷം പരിശീലനത്തിടയില്‍ അച്ഛന്‍ മരിച്ചൊരു കുട്ടിക്ക് നല്‍കിയത് ഒരു ദിവസത്തെ അവധി മാത്രം. രണ്ടാം ദിനം ഇവിടെ ഹാജരുണ്ടാവണം. അച്ഛന്റെ ആത്മാവൊക്കെ ബലിച്ചോറിനായി പരീക്ഷ കഴിയും വരെ കാത്തിരിന്നോളും അന്യോന്യം മിണ്ടുകയോ അധ്യാപകരോട് സംസാരിക്കാന്‍ വിചാരിക്കുകയോ ചെയ്‌താല്‍ ശിക്ഷ ഉറപ്പ്. പിന്നെ പുതുപുത്തന്‍ കാറില്‍ പറക്കുന്ന, ബംഗ്ലാവുപോലുള്ള വീട്ടില്‍ കഴിയുന്ന ഡോക്‌ടര്‍മാരെയും എഞ്ചിനീയര്‍മാരെയും കണ്ട് നാളെ അതുപോലാവാന്‍ ഈ കഷ്‌ടപ്പാടൊക്കെ സഹിക്കുന്നു എന്ന് മാത്രം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ കുട്ടികളാണെന്നും അവരെ ശാരീരികമായോ മാനസീകമായോ പീഡിപ്പിക്കരുതെന്നും ഉള്ള നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. രണ്ടുകൊല്ലം നോക്കിയിട്ടും റാങ്ക് ലിസ്റ്റില്‍ മുന്നില്‍ വന്നില്ലെങ്കില്‍, ഒരു അവസരം കൂടിയുണ്ട്; റിപ്പീറ്റേഴ്‌സ് എന്ന ലേബില്‍. കാശ് അല്‍പ്പം കുടുമെങ്കിലും ആ ലേഹ്യം കഴിച്ചാല്‍ ഏത് കടുത്ത പരീക്ഷയും ജയിക്കാം. വിചാരിച്ചിടത്ത് പ്രവേശനം ഉറപ്പ്.
എന്നിട്ടും ചില ഏമ്പോക്കികള്‍ ഈ എന്‍ട്രന്‍സിനെ കുറ്റം പറയുന്നതാണു മനസ്സിലാവാത്തത്.എന്തു കഷ്‌ടപ്പാടാ ഇവിടെ. സാധാരണക്കാര്‍ക്കൊന്നും താങ്ങാന്‍ കഴിയില്ല. ഇത്രസമയത്തിനുള്ളില്‍ ഇത്ര ചോദ്യത്തിനുത്തരം കണ്ടെത്തണം. അതും കടുകട്ടിച്ചോദ്യം. തെറ്റിയെങ്ങാനും പോയാല്‍ നെഗറ്റീവ് മാര്‍ക്കും. ഒരു കാര്യം ശരിയാ. സ്ഥിരം പാറ്റേണ്‍ ചോദ്യങ്ങളുണ്ടാകും. അതൊക്കെ തയ്യാറാക്കുന്നതും ഞങ്ങളുടെ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണെന്ന് അടക്കം പറയുന്നവരും ഉണ്ട്. അത് കാര്യമാക്കേണ്ട. പക്ഷേ ഇവ ചെയ്‌ത് പരിശീലിക്കണം. പരിശീലിച്ചാല്‍ ഏത് ചെറുവളയത്തിലൂടെയും ചാടാം. ഏത് കമ്പിമേലും നടക്കാം. സ്‌കൂളിലെ കാര്യം തീരുമാനിക്കുന്നതുപോലെ ഇവിടുത്തെ കാര്യം എളുപ്പത്തില്‍ തീരുമാനിക്കാമെന്നാ വിചാരിച്ചത്. തൊടാന്‍ പറ്റില്ല. തൊട്ടാല്‍ കത്തില്ലേ കേരളം. രണ്ടാം വിമോചന സമരമല്ല, സ്വാതന്ത്ര്യസമരം തന്നെ നടത്തും ഞങ്ങള്‍. ഇമ്മാതിരി അല്‍പം സ്റ്റാറ്റസ്സുള്ള പണികള്‍ക്ക് കണ്ട `ചെമ്മാനേം ചെരുപ്പൂത്തിയേം' കേറ്റാനുള്ള അടവാണല്ലേ. ഗ്രാമീണര്‍ നാട്ടുമ്പുറത്തിന്റെ നന്മകളെല്ലാം അറിഞ്ഞാസ്വദിച്ച് നാളികേര പാകത്തില്‍ റബ്ബറുവെട്ടിയും നാടന്‍ പണിയെടുത്തും കഴിയട്ടെ. ഭാഗ്യവാന്മാര്‍ പ്രകൃതിയുടെ മടിത്തട്ടില്‍ കഴിയാന്‍ യോഗമുള്ളവര്‍! ഡോക്‌ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രയാസമുള്ള പണികളെല്ലാം ഞങ്ങള്‍ നഗരത്തിലെ സമ്പന്നര്‍ക്ക് വിധിച്ചിട്ടുള്ളതാ! കഷ്‌ടം, അനുഭവിക്കുക തന്നെ. പക്ഷേ ഇതില്‍ക്കേറി ഇടപെടാന്‍ വരരുത്.
അല്ല.. ഞങ്ങള്‍ക്കറിയാം. എന്‍ട്രന്‍സ് പരിഷ്‌കരണം എന്ന പുല്ല് മുന്നില്‍ കെട്ടിത്തൂക്കാതെ ഈ സ്‌കൂളിലെ മാഷന്മാരെ മുന്നോട്ട് നടത്തിക്കാന്‍ കഴിയില്ല. അതിനുവേണ്ടി ചില പ്രസ്‌താവനകളൊക്കെ നടത്തുമെന്നല്ലാതെ ഇത് തൊട്ടുകളിക്കാന്‍ ബിനോയ് സഖാവുപോലും ശ്രമിക്കില്ല എന്ന്.
ലേബലുകള്‍:
എന്‍ട്രന്‍സ്,
ലേഖനം,
വിദ്യാഭ്യാസം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)