2009, മേയ് 28, വ്യാഴാഴ്‌ച
പാമരനാം പാട്ടുകാരന്‍
നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖഭോഗങ്ങളെ, സൗകര്യങ്ങളെ മൂര്‍ച്ചയുള്ള മുള്ളുകളാലെന്നവണ്ണം കുത്തിക്കീറി വിചാരണയക്ക് പാത്രമാക്കുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിരിക്കണം. നമുക്കൊപ്പമുണ്ടായിരുന്ന കഴിവുറ്റവര്‍ ജീവിതവഴിയുടെ ജീര്‍ണഗര്‍ത്തങ്ങളില്‍ നിപതിച്ച്, അല്‌പം ആശ്വാസത്തിനായി പിടയുമ്പോഴാണ് അനര്‍ഹമെന്നുപോലും പറയാവുന്ന ഉയരത്തില്‍ നാം അഹങ്കാരികളായി വിഹരിക്കുന്നത്. എന്തുകൊണ്ട് നമ്മേക്കാള്‍ പ്രതിഭയുള്ളവരായിട്ടും ജീവിതത്തിന്റെ സൗവര്‍ണശോഭ അവരുടെ ശിരസ്സുകളില്‍ മാത്രം പതിയുന്നില്ല? ആരാണ് അവരെ കഠിനാധ്വാനത്തിന്റെ കരിങ്കല്‍കുഴികളിലേക്ക് തള്ളിയിട്ടത്?
ഞാന്‍ ഇങ്ങനെ കഠിനമായി പിടയാറുള്ള ഒരു സന്ദര്‍ഭം എന്റെ സഹപാഠിയായിരുന്ന ബാബുവിന്റെ സാന്നിധ്യമാകുന്ന നെരിപ്പോടിലാണ്. എന്നെ കാണുമ്പോള്‍ ഹൃദ്യമായി ചിരിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന അവന്‍ അറിയുന്നില്ല, തീ പൊള്ളലേറ്റ് പിടഞ്ഞുകൊണ്ടാണ് അവന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നതെന്ന്. എന്റെ സമപ്രായമാണെങ്കിലും ജീവിതായാസത്തിന്റെ കഠിനവ്രണങ്ങളുടെ വടു അവന്റെ ശരീരത്തില്‍ തെറിച്ചുനിന്നിരുന്നു. തോളില്‍ കൈക്കോട്ടോ മഴുവോ ഗദപോലെ പിടിച്ച്, അവന്‍ ഉറച്ച കാല്‍വയ്‌പുകളോടെ മുന്നോട്ടു നടക്കുമ്പോള്‍, ആ ആയുധത്തിന്റെ പ്രഹരശേഷി പൂര്‍ണമായും എന്റെ തലയിലേക്ക് ചരിയുന്നതായി എന്നിക്കുതോന്നും.
രണ്ടുമാസം മുമ്പ്, കുറിഞ്ഞിക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപനദിവസം, ചൈനീസ് വെടിക്കെട്ടു കാണാന്‍ വിശാലമായ വയലില്‍ ഇരിപ്പിടം തേടി നടക്കുമ്പോള്‍ ഞാന്‍ ബാബുവിനേയും കുടുംബത്തേയും കണ്ടു. എന്തുതന്നെയായാലും അവന്റെ ചാരത്തുതന്നെയിരിക്കണം എന്ന് തീരുമാനിച്ച്, അടുത്തുള്ള മറ്റൊരു കുടുംബത്തിന്റെ നീരസം പോലും പരിഗണിക്കാതെ തിക്കിത്തിരക്കി ഞാന്‍ കുടുംബസമേതം അവന്റെ സമീപത്തുതന്നെയിരുന്നു. ഞങ്ങള്‍ പഠിച്ച അതേ സ്‌കൂളിലെ പ്രൈമറിക്ലാസുകളില്‍ പഠിക്കുന്നു അവന്റെ രണ്ടുപെണ്‍കുട്ടികളും. ബാബുവിന്റെ ഭാര്യയോട് ഞാന്‍ പറഞ്ഞു `ഞങ്ങള്‍ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ ഹീറോയായിരുന്നു ബാബു. ശരിക്കും ഒരു സകലകലാവല്ലഭന്‍ . ഇവന്‍ വല്ലതും പറഞ്ഞിരുന്നോ?' അവിശ്വസനീയമായ എന്തോകേട്ടതുപോലെ ആ പാവം സ്‌ത്രീ ഞങ്ങളെ മാറിമാറി നോക്കി എന്തായിപറയുന്നത്.. അതും ഇയാളോ...'
ഞങ്ങള്‍ ഒരുമിച്ച് പഠിച്ചത് പയ്യന്നുരിനടുത്ത തായിനേരിയിലെ എസ്. എ. ബി.ടി. എം ഹൈസ്‌കൂളിലാണ.് തായിനേരിയിലെ പള്ളിക്കമ്മറ്റി നടത്തിയിരുന്നതുകൊണ്ടുതന്നെ പഴയ തലമുറയിലെ ആളുകള്‍ മാപ്പിളസ്‌കൂള്‍ എന്നാണ് വിളിക്കാറ്. നാലാം ക്ലാസ്സില്‍ വച്ചുതന്നെ സ്‌കൂളിലെ ആസ്ഥാന ഗായകപ്പട്ടം ബാബു സ്വന്തമാക്കിയിരുന്നു. ബാബുവിന്റെ ബന്ധുവായ വേലായുധനായിരുന്നു മറ്റൊരു പാട്ടുകാരന്‍ . രണ്ടുപേരും പുലയസമുദായത്തില്‍പെട്ടവര്‍. ബാബു ശരിക്കും സ്‌കൂളില്‍ ഒരു സ്റ്റാര്‍ തന്നെയായിരുന്നു. സമൃദ്ധമായ മുടി നെറ്റിയിലേക്ക് കുരുവിക്കൂടുപോലെ ചീകിവെച്ച്, നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള വസ്‌ത്രം ധരിച്ച് അവന്‍ സ്‌കൂളില്‍ ഒഴുകി നടന്നു. എത്രമാത്രം മധുരമുള്ളതായിരുന്നു അവന്റെ പാട്ടുകള്‍! സ്‌കൂളിലെ ഏത് പരിപാടിയുണ്ടെങ്കിലും അവന്റെ പാട്ടുണ്ടാകും. അന്ന് ഞങ്ങളുടെ സ്‌കൂളിലെ പ്യൂണായ അസീസ്‌ക്കായ്‌ക്ക് ഒരു ഗാനമേള ട്രൂപ്പ് ഉണ്ടായിരുന്നു. (പില്‍കാലത്ത് മാപ്പിളപ്പാട്ടുരംഗത്തെ അതികായനായി മാറിയ, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അസീസ് തായിനേരി. ഇന്ന് അതേ സ്‌കൂളിന്റെ മാനേജര്‍) ആ ട്രുപ്പിലെ ഗായകനായിരുന്നു ബാബു. സ്‌കൂള്‍ വാര്‍ഷികത്തിന് മറ്റാര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അലങ്കരിച്ച സ്റ്റേജില്‍ ഓര്‍ഗന്‍ , തബല, ട്രപ്പിള്‍, ജാസ്, വയലിന്‍ , ഗിറ്റാര്‍ തുടങ്ങിയ സംഗീതോപകരണങ്ങളുടെ നടുവില്‍ നിന്ന് ബാബു പാടി ``കാഞ്ചീരേ..കാഞ്ചീരേ... ഗീത് മെരാ സാത്...'' ഞങ്ങളുടെ ക്ലാസിലാണ് ഈ ഗായകന്‍ പഠിക്കുന്നതെന്ന അഭിമാനം ഞങ്ങള്‍ കുട്ടുകാര്‍ നെഞ്ചേറ്റി. പാടുന്നതില്‍ മാത്രമല്ല നിമിഷനേരം കൊണ്ട് പാരഡിയുണ്ടാക്കുന്നതിലും ബാബുവും വേലായുധനും മിടുക്കരായിരുന്നു. ഔപചാരികമായ യാതൊരു സംഗീതാഭ്യസനവും ഇല്ലാതെയാണ് ബാബു അന്ന് ശാസ്‌ത്രീയഗാനങ്ങളടക്കം പാടിയിരുന്നത്. ബാബുവിന്റെ പ്രതിഭ ഒഴുകിപരന്ന മറ്റൊരു മണ്ണ് ഫുട്‌ബോള്‍ കളിയുടേതായിരുന്നു. വേഗതയിലും പന്തടക്കത്തിലും ഫിനിഷിംഗിലും അവന്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയിരുന്നു. യാതൊരു ബഹളങ്ങളിലും ചെന്നുചാടാത്ത, മിതഭാഷിയായ അവന്‍ ഞങ്ങള്‍ കുട്ടുകാരുടെ ആരാധനപാത്രമായിരുന്നു.
ഓര്‍മ്മയില്‍ കണ്ണീരുകിനിയുന്ന മറ്റൊരു ഭീകരരംഗമാണ് എപ്പോഴും ഇതിനെ തുടര്‍ന്ന് വരാറ്. അന്ന് ഞങ്ങള്‍ ആറിലാണ് പഠിക്കുന്നത് .പഠിപ്പിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം മുഷിപ്പനായ ഞങ്ങളുടെ സാമൂഹ്യം മാഷ് ടെക്‌സ്റ്റ് ബുക്കിലെ ഏകദേശം ഒരു പേജോളം പകര്‍ത്താന്‍ പറഞ്ഞ് കുറച്ചുദൂരെ മറ്റൊരു മാഷുമായി എന്തോ വിശദമായ ചര്‍ച്ചയിലായിരുന്നു. ഒരു കാര്യമില്ലാത്ത, അങ്ങേയറ്റം മടുപ്പിക്കുന്ന ഈ നോക്കിയെഴുത്ത് ഞങ്ങളിലുണ്ടാക്കിയ അലോസരം ചില്ലറയല്ല. പിറുപിറുക്കലുകള്‍ അടക്കിയ ചിരിയിലേക്കും ചെറുവര്‍ത്തമാനങ്ങളിലേക്കും പതുക്കെ നല്ല ബഹളത്തിലേക്കും നീങ്ങി. ബഹളം തട്ടിയില്ലാത്ത തൊട്ടപ്പുറത്തെ ക്ലാസിനേയും ബാധിച്ചപ്പോള്‍ കുപിതനായി മാഷ് കിതച്ചെത്തി. എഴുതിയഭാഗം എടുത്തു കാണിക്കാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും വരുത്തിയ തെറ്റിന്, വിട്ടുപോയ വരികള്‍ക്ക് എണ്ണിയെണ്ണിയുള്ള അടി, ഞാനും ബാബുവും ഒരേ പോലെയാണ് എഴുതിയിരുന്നത്. അതിശയകരമായ ഒരു കാര്യം എനിക്ക് കിട്ടിയതിനേക്കാള്‍ എണ്ണത്തിലും കനത്തിലും എത്രയോ അധികമായിരുന്നു ബാബുവിന് കിട്ടിയ അടി.
പാട്ടുപാടുന്ന സന്ദര്‍ഭങ്ങളിലൊഴികെ ബാബുവിനേയും വേലായുധനേയും പോലുള്ള കുട്ടികള്‍ അധ്യാപകരുടെ പരിഹാസ്യകഥാപാത്രങ്ങളാണെന്ന് വേദനയോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. സ്‌കൂളിലേക്ക് പണവും തേങ്ങയും സംഭാവനയായി കൊണ്ടുവരേണ്ടസന്ദര്‍ഭങ്ങളില്‍ പലപ്പോഴും അതിനു കഴിയാതിരുന്ന ഇവര്‍ അധ്യാപകരുടെ അതിനിശിതനായ പരിഹാസത്തിന് ഇരകളായി. ക്ലാസ്‌പരീക്ഷയുടെ മാര്‍ക്കുകള്‍ വായിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി. ഗൃഹപാഠങ്ങള്‍ നിവര്‍ത്തിപിടിച്ച ഇവരുടെ പുസ്‌തകങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുകളിച്ചു .ഡ്രോയിംഗ് പുസ്‌തകങ്ങള്‍ എടുക്കാത്തതിന്റെ പേരില്‍, ഇന്‍സ്‌ട്രമെന്റ് ബോക്‌സുകള്‍ കൊണ്ടുവരാത്തതിന്റെ പേരില്‍ ക്രൂരമായ പരിഹാസങ്ങള്‍ക്കും ശിക്ഷകള്‍ക്കും ഇവര്‍ ഇരയായി. ഉയര്‍ന്ന ക്ലാസിന്റെ പടവുകള്‍ കയറുന്തോറും കറുത്തുമെലിഞ്ഞ എന്റെ ഈ കുട്ടുകാര്‍ ഓരോരുത്തരായി കുറഞ്ഞുവന്നു. കുമാരന്‍ , കുഞ്ഞികൃഷണന്‍ ,ജനാര്‍ദ്ദനന്‍ , ബാലന്‍ .... (പാട്ടുകാരനായ വേലായുധന്‍ ആറാം ക്ലാസില്‍ വെച്ചുതന്നെ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞിരുന്നു.)
അത്യന്തം ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നാണ് ഇവരെല്ലാവരും വന്നിരുന്നത്. ചെറ്റക്കുരകള്‍ എന്ന് മാത്രം വിളിക്കാവുന്ന വീടുകള്‍. സ്‌കൂള്‍ സമയത്തിനുശേഷം മീന്‍ പിടിക്കാനും കൃഷിപ്പണിക്കും അച്ഛനമ്മമാരെ സഹായിക്കണം. നിരക്ഷരരായ രക്ഷകര്‍ത്താക്കള്‍. ഈ സാഹചര്യങ്ങള്‍ മനസിലാക്കാനോ, അനുഭാവപൂര്‍വ്വം അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ ചെറിയൊരു ശ്രമം പോലും അന്നത്തെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായോ ജാതീയമായോ ഉന്നതരായ വിഭാഗത്തോടുമാത്രമായിരുന്നു അവരുടെ പരിഗണന. അവരുമായി താരതമ്യം ചെയ്യപ്പെട്ട് നിരന്തരം ഇവര്‍ അപമാനിക്കപ്പെട്ടു. സ്‌കൂളിലെ അന്തസ്സുകെട്ട പ്രവൃത്തികള്‍ ഇവരെ ഏല്‍പ്പിക്കാന്‍ അധ്യാപകന്‍ മത്സരിച്ചു. പതിനൊന്ന് മണിയാകുമ്പോള്‍ ആറോ ഏഴോ അധ്യാപകര്‍ക്കുള്ള കുറ്റന്‍ ടിഫിന്‍കാരിയറുമായി രണ്ട് കിലോമിറ്റര്‍ ദൂരെയുള്ള ടൗണിലേക്ക് രുചികരമായ ഉച്ചഭക്ഷണം വാങ്ങിക്കാന്‍ വിജയന്‍ എന്ന കുട്ടിയെ ലജ്ജയില്ലാതെ പറഞ്ഞയക്കും (മാസം എല്ലാവരും ചേര്‍ന്ന് അഞ്ചോ പത്തോ രുപ വിജയന് ശമ്പളവും നിശ്ചയിച്ചിരുന്നു)
ഓം പ്രകാശ് വാത്മീകിയും (എച്ചില്‍)ശരണ്‍കുമാര്‍ ലിംബാലെയും (അക്കര്‍മാശി) ലക്ഷ്‌മണന്‍ ഗെയ്‌ക്ക്‌വാദും (ഉചല്യ) പാമയും (സംഗതി) വര്‍ണിക്കുന്ന അതന്ത്യം ക്രൂരമായ ജാതി വിവേചനങ്ങള്‍ നമ്മുടെ സ്‌കൂള്‍ ക്ലാസുമുറികളിലും പ്രത്യക്ഷമായും പ്രച്ഛന്നമായും നിലനിന്നിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരുപാട് ദലിത് കുട്ടികളുടെ കണ്ണുനീരുവീണ് നമ്മുടെ വിദ്യാലയങ്ങളിലെ പിന്‍ബഞ്ചുകളും കുതിര്‍ന്നിരുന്നു. ശരാശരിക്കാരായ ഒട്ടേറെപ്പേര്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അവരുടെ കലാപരമായും കായികപരമായും ഉള്ള കഴിവുകള്‍ കണ്ടെത്തുന്നതിലോ വളര്‍ത്തിയെടുക്കുന്നതിലോ ഉള്ള ഗൗരവമായ ഒരു ശ്രമവും ഉണ്ടായിരുന്നില്ല. സമ്പത്തിന്റേയും ജാതിയുടേയും പേരില്‍ നിരന്തരം അപമാനിക്കപ്പെട്ട്, ഉള്ള കഴിവുകള്‍ തന്നെ മുരടിച്ചുപോയ എത്രയോ ദലിതുകുട്ടുകാര്‍, ഇന്ന് ഇടത്തരം ഉദ്യോഗങ്ങള്‍ ലഭിച്ചു കഴിയുന്ന മറ്റുള്ളവരെപ്പോലെത്തന്നെ ശരാശരിക്കാരായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നും ഉള്ള അല്‌പം പരിഗണന, പഠനകാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധ, വരുത്തുന്ന തെറ്റുകളില്‍ കുറച്ച് അനുഭാവം, അപമാനിക്കാന്‍ മാത്രം ഉച്ചരിക്കുന്ന വാക്കുകളില്‍ മിതത്വം എന്നിവയുണ്ടായിരുന്നെങ്കില്‍ ഇവരില്‍ മിക്കവരും ജീവിതത്തിന്റെ കുറച്ചുകുടി പ്രസന്നമായ ഇടങ്ങളില്‍ എത്തിച്ചേരുമെന്നത് ഉറപ്പാണ്. ഇത്തരം ഒരു മനോഭാവം എന്തുകൊണ്ടാണ് അക്കാലത്തെ നമ്മുടെ അധ്യാപകര്‍ക്ക് ഇല്ലാതെ പോയത്? ഇതിനുള്ള പ്രധാനകാരണമായി എനിക്കുതോന്നുന്നത് അന്നത്തെ അധ്യാപകരില്‍ മിക്കവരും സവര്‍ണരായിരുന്നു എന്നതാണ്. ഇത്തരം പ്രവൃത്തികള്‍ അപമാനകരമാണെന്നോ കുറ്റകരമാണെന്നോ ഉള്ള ചിന്തകള്‍ അവരെ സ്‌പര്‍ശിച്ചില്ല. വിദ്യാലയ നടത്തിപ്പിന്റെ ഒരു മേഖലയിലും ദലിതുകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല; മാനേജുമെന്റിലായാലും ഉദ്യോഗസ്ഥരിലായാലും അധ്യാപകരിലായാലും. സവര്‍ണരായ മിക്ക അധ്യാപകരും ഇവരുടെ ഉയര്‍ച്ചയെ ഭയപ്പെടുകപോലും ചെയ്‌തിരുന്നു. പുരോഗമനാത്മകവും സ്വതന്ത്രവുമായ കാഴ്‌ചപ്പാട് എന്നെ ഹൈസ്‌കൂള്‍ ക്ലാസുവരെ പഠിപ്പിച്ച ഒരൊറ്റ അധ്യാപകനിലും ഞാന്‍ കണ്ടിട്ടില്ല. ജാതിയും നിറവും തൊട്ടുള്ള അപമാനിക്കല്‍, തെറ്റുകള്‍ക്കുള്ള കഠിന ശിക്ഷകള്‍, പുസ്‌തകങ്ങളും പഠനസാമഗ്രികളും കൊണ്ടുവരാത്തതിന് ക്ലാസിന് പുറത്തുനിര്‍ത്തല്‍ എന്നിവ എല്ലാവരും തങ്ങളുടെ അവകാശമായെണ്ണി.
ഇരുപത്തിയഞ്ച് വര്‍ഷത്തിനിപ്പുറം നിന്ന് ആലോചിക്കുമ്പോള്‍, ഇത്തരം ശാപവാക്കുകള്‍ നമ്മുടെ വിദ്യാലയപരിസരത്തുനിന്ന് അപ്രത്യക്ഷമായോ എന്ന കുത്തിമുറിവേല്‌പിക്കുന്ന ചോദ്യം എന്റെ നേര്‍ക്കു തന്നെ ഉയര്‍ന്നവരുന്നുണ്ട്. നേരിട്ടല്ലെങ്കിലും, സ്റ്റാഫ്‌മുറിയില്‍, പ്രിന്‍സിപ്പാളിന്റെയും ഹെഡ്‌മാഷുടെയും മേശക്കുചുറ്റും, വിവിധ ഓഫീസുകളില്‍ മണ്ടന്മാര്‍, ഒന്നിനും കൊള്ളാത്തവര്‍, വഴക്കാളികള്‍, ബഹളക്കാര്‍ എന്നൊക്കെ വിളിച്ച് ഇന്നും പരിഹസിക്കപ്പെടുന്നത് ബാബുമാര്‍ തന്നെയല്ലേ ?
സ്‌കൂളിന്റെ വിജയശതമാനം കുറക്കുന്നവര്‍, സ്റ്റൈപ്പന്റിനുവേണ്ടിമാത്രം വരുന്നവര്‍ എന്നിത്യാദി ക്രൂരവര്‍ത്തമാനങ്ങള്‍ ഉയരുമ്പോള്‍, എത്രയടുത്തസുഹൃത്താണ് പറഞ്ഞതെങ്കിലും അയാളെ ശക്തിയായി എതിര്‍ക്കാന്‍ ഞാന്‍ എത്രമാത്രം ശ്രമിക്കാറുണ്ട്? പഠനത്തില്‍ പിന്നാക്കമാണ് അവരെങ്കില്‍ അവര്‍ക്കുവേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ മെനക്കെടാറുണ്ടോ? അവരുടെ ഓരോരുത്തരുടെയും കുടുംബപരവും സാമൂഹികവുമായി ചുറ്റുപാടുകളെ തിരിച്ചറിയാന്‍ ഞാന്‍ എന്ത് ശ്രമമാണ് നടത്താറുള്ളത്? അവരുടെ സഹജമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ എത്ര മാത്രം ശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്? അവര്‍ക്ക് പ്രത്യേകമായുള്ള അവകാശങ്ങളെക്കുറിച്ച് അവരെ ബോധവത്‌കരിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ? അവരോട് അനൂകുലമായ മനോഭാവം മറ്റ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാനായി ഞാന്‍ എന്താണ് ചെയ്യാറുള്ളത്? ഓരോ അധ്യാപകരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിതൊക്കെ. എല്ലാത്തിനും ഒന്നുമില്ല എന്നാണ് ഉത്തരമെങ്കില്‍ മറ്റൊരു കാലം നമ്മെ മുക്കാലിയില്‍ കെട്ടി വിചാരണ ചെയ്യുകതന്നെ ചെയ്യും.
പിന്‍കുറിപ്പ്: ക്ലാസ് നടന്നുകൊണ്ടിരിക്കെ വലിയൊരു ലിസ്റ്റുമായി കയറിവന്ന പ്രിന്‍സിപ്പാള്‍`ഞാന്‍ പേരുവായിക്കുന്ന എസ്. സി, എസ്.ടി കുട്ടികള്‍ എഴുന്നേറ്റുനില്‍ക്കണം. അവര്‍ സ്റ്റൈപ്പന്റ് വാങ്ങിക്കാന്‍ നാളെത്തന്നെ രക്ഷകര്‍ത്താക്കളേയും കുട്ടിവരണം: സ്റ്റൈപ്പന്റൊക്കെ കഴിഞ്ഞകൊല്ലത്തേക്കാള്‍ നന്നായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട് കേട്ടോ എന്ന ആമുഖത്തോടെ കുട്ടികളുടെ പേരുവായിക്കാന്‍ തുടങ്ങി. കുനിഞ്ഞ ശിരസ്സുമായി കുറേ കുട്ടികള്‍ എഴുന്നേറ്റുനിന്നു. പുറത്തിറങ്ങിയ പ്രിന്‍സിപ്പാളിനോട് `ഇത് ശരിയല്ല. ക്ലാസില്‍ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും എഴുന്നേല്‌പിച്ച് നിര്‍ത്തരുത്' എന്ന് പറഞ്ഞതിന് അദ്ദേഹം ഒരാഴ്‌ച മുഖം വീര്‍പ്പിച്ചു നടന്നെങ്കെിലും ആ രീതി പിന്നീട് പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു.
2009, മേയ് 25, തിങ്കളാഴ്‌ച
പൊള്ളത്തരത്തിനുമേല്‍ വിരിച്ച പകിട്ടുകള്‍.
(1) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ നാല്‌പത് ഹയര്‍സെക്കന്ററി സ്‌കുളുകള്‍ക്ക് ഒന്നരക്കോടി രുപ ?വീതം ഹയര്‍സെക്കന്ററികോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനായി അനുവദിച്ചു.
(2) ഒരു ജില്ലയിലെ ഏഴ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് 12ാം ധനകാര്യ കമ്മീഷന്‍ 65 ലക്ഷം രുപ കെട്ടിടം,ലാബ്,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി അനുവദിച്ചു.
(3) സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി തീരദേശങ്ങളിലെ ഓരോ ജില്ലയിലെയും ഇരുപതോളം സ്‌കുളുകള്‍ക്ക് 20 മുതല്‍ 25ലക്ഷം രുപ വരെ കെട്ടിടനിര്‍മ്മാണത്തിനായി അനുവദിച്ചു.
(4) എം. പി, എം എല്‍.എ ഫണ്ടിന്റെ വലിയൊരു വിഭാഗവും സ്‌കുള്‍ വികസനപദ്ധതികള്‍ക്കായാണ് ചെലവിടുന്നത്.
(5) തന്റെ മണ്‌ഡലത്തിലെ 19സ്‌കുളുകള്‍ക്കും ഉഘജ പ്രൊജക്‌ടര്‍ അടക്കമുള്ള സ്‌മാര്‍ട്ട് ക്ലാസ് റും എം. എല്‍.എ.അനുവദിച്ചു (പയ്യന്നുര്‍)
(6) ഹയര്‍സെക്കന്ററി ഡയരക്‌ടറേറ്റ് ഐ.സി.ടി. കമ്പ്യുട്ടര്‍ വാങ്ങുന്നതിനായി എല്ലാ ഹയര്‍സെക്കന്ററി സ്‌കുളുകള്‍ക്കും 2ലക്ഷം രുപ അനുവദിച്ചു. കഴിഞ്ഞകൊല്ലം കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 1 ലക്ഷം രുപ നല്‍കിയിരുന്നു. ലൈബ്രറി, ലാബ് നവീകരണങ്ങള്‍ക്കായി 2ലക്ഷം രുപവേറെയും അനുവദിച്ചു.
(7) ഐ.ടി.അറ്റ്‌സ്റ്റുകള്‍ ഐ.സി.ടി.പദ്ധതിയില്‍പ്പെടുത്തി ലാപ്‌ടോപ്പ്, ഡിജിറ്റല്‍ ക്യാമറ, മൂവിക്യാമറ എന്നിവ ജില്ലയിലെ മിക്ക സ്‌കുളുകള്‍ക്കും അനുവദിച്ചു.
(8) എസ്. എസ്. എ വഴി സ്‌കൂള്‍ഗ്രാന്റ്, അധ്യാപകഗ്രാന്റ് തുടങ്ങിയവയും ടോയ്‌ലറ്റ്,മറ്റുകെട്ടിടങ്ങള്‍ എന്നിവയ്‌ക്കുള്ള ഫണ്ടും വര്‍ഷങ്ങളോളമായി നല്‍കിവരുന്നു.
(9) തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതിവിഹിതത്തിന്റെ വലിയൊരു ശതമാനം തുകയും വിദ്യാലയങ്ങള്‍ക്കാണ് അനുവദിക്കുന്നത്.
(10) സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കളിക്കളങ്ങളുടെ വികസനത്തിനായി 5ലക്ഷം രൂപവരെ സ്‌കൂളുകള്‍ക്ക് അനുവദിച്ചുവരുന്നു.
പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കുക എന്ന സുദൃഢമായ തീരുമാനത്തിന്റെ വിവിധ തരത്തിലുള്ള പ്രതിഫലനങ്ങളാണിതൊക്കെ. കുട്ടികളില്‍ നിന്നും ഫീസ് വാങ്ങി നടത്തിക്കൊണ്ടുപോകുന്ന അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ക്കോ, സ്ഥിരമായി അധ്യാപകനിയമനങ്ങള്‍ നടക്കാത്ത എയിഡ്‌ഡ് സ്‌കുളുകള്‍ക്കോ ഇത്രമാത്രം തുക ഭൗതികസൗകര്യങ്ങളുടെ വികസനത്തിന് നീക്കിവെക്കാനാവില്ല എന്നത് ഉറപ്പാണല്ലോ.
മനോഹരമായ കെട്ടിടങ്ങളും കളിസ്ഥലവും സ്‌മാര്‍ട്ട് ക്ലാസ്‌റൂമുകളും, ഡിജിറ്റല്‍ ലൈബ്രറിസൗകര്യങ്ങളും മാത്രമാണോ ഒരു സ്‌കൂളിനെ മികച്ചതും പരിഗണാനാര്‍ഹവും ആക്കുന്നത്. അത്യന്താധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അവയൊന്നും തൊട്ടും നോക്കാന്‍ മനസ്സുറപ്പും സമയവും ഇല്ലാത്ത അധ്യാപകരാണ് അവിടെയുള്ളതെങ്കിലോ? വിദ്യാര്‍ത്ഥിയുടെ പക്ഷത്ത് നിന്ന് നോക്കുമ്പോള്‍ വിവരസാങ്കേതികവിദ്യയുടെ അതിശയിപ്പിക്കുന്ന പിന്തുണയും പുതിയ പഠനരീതിയുടെ ആത്മവിശ്വാസവും ഇന്നവര്‍ക്കുണ്ട് ചീത്തഅധ്യാപകരും ശരാശരി അധ്യാപകരും അപരുടെ സമയം മിനക്കെടുത്തുന്ന കത്തികള്‍ മാത്രമല്ലേ? മിടുക്കരായ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അപമാനത്തോടെയല്ലാതെ നില്‍ക്കാന്‍ കഴിയുന്ന എത്രശതമാനം അധ്യാപകരുണ്ട്.
അധ്യാപകന്‍ സഹപഠിതാവും ജനാധിപത്യവാദിയും മാര്‍ഗനിര്‍ദ്ദേശകനും ഗവേഷകനും സുഹൃത്തും ആണെന്നാണ് പുതിയ കാഴ്‌ചപ്പാട്. എങ്ങിനെയാണ് `അകം ശുന്യവും പുറം പകിട്ടും 'കൊണ്ടുനടക്കുന്ന ബഹുഭുരിപക്ഷം അധ്യാപകര്‍ക്കും ഇങ്ങനെ ആകാന്‍ കഴിയുക. ഏകാധിപത്യത്തിന്റേയും ചൂരലിന്റേയും അപമാനിക്കലിന്റെയും എളുപ്പവഴിയാണ് അവര്‍ക്ക് പഥ്യം. അധ്യാപകന്റെ മാറിയ റോള്‍ അവര്‍ക്ക് ഏട്ടിലെ പശു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം പറ്റുന്ന കേരളത്തിലെ വിവിധ തരത്തിലുള്ള അധ്യാപകരെ താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന മെച്ചം സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെയാണ്. എയിഡഡ് സ്‌കൂളിലെ ഇന്നത്തെ വിലക്കയറ്റത്തിനൊപ്പം മത്സരിക്കാന്‍ ശരാശരിക്കാര്‍ക്കൊന്നും കഴിയില്ല. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷത്തോളമായി അവിടുത്തെ വിലനിലവാരം അതാണ്. ആറ് ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ. ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ ഉള്ള ഭാര്യമാര്‍, പുത്തന്‍പണക്കാരുടെ പെണ്‍മക്കള്‍, സ്‌ത്രീധനം കുറഞ്ഞുകിട്ടാന്‍ സമ്പാദ്യം മുഴുവന്‍ മാനേജരുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിക്കുന്ന രക്ഷാകര്‍ത്താക്കളുടെ പുന്നാരമക്കള്‍ എന്നിവരുടെ അഭയ കേന്ദ്രമാണ് എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനം. സ്വാശ്രയത്തില്‍ പഠിച്ച് സ്വാശ്രയത്വത്തിലൂടെ ജോലി സമ്പാദിച്ച ഇക്കൂട്ടരില്‍ നിന്ന് എന്ത് അക്കാദമിക് കമ്മിറ്റ്‌മെന്റാണ് പ്രതീക്ഷിക്കാന്‍ കഴിയുക. ഗൈഡുകള്‍ കാണാപ്പാഠം പഠിച്ചെഴുതി പാസാകാന്‍ കഴിയുന്നത്രയും ലാഘവത്തോടെ നടത്തുന്ന അതുകൊണ്ട് തന്നെ ഭാഗ്യക്കുറിടിക്കെറ്റെടുക്കലാകുന്ന ഒന്നാണ് ഇന്നത്തെ പി.എസ്സ്.സി അധ്യാപകപരീക്ഷകള്‍.അധ്യാപകഭിരുചി നിര്‍ണയിക്കുന്ന ചോദ്യങ്ങള്‍പോലും കാണാതെ പഠിച്ചെഴുതുന്നവരാണ് ജയിക്കുന്നത്,യഥാര്‍ത്ഥ അഭിരുചിയുള്ളവരല്ല. അണ്‍ എയിഡസ് സകുളൂകളുടെ കാര്യം പറയാനില്ല. 1000രുപ മുതല്‍ 3000രുപവരെ ശന്വളത്തിന് രാവിലെ മുതല്‍ വൈകുന്നരം വരെ നില്‍ക്കാന്‍ ഒരാള്‍ എന്നതില്‍ കവിഞ്ഞ് അവിടെ മറ്റൊന്നും പ്രസ്‌ക്തമല്ല. എത്രകുറച്ച് ശന്വളം ആവശ്യപ്പെടുന്നു എന്നതാണ് അവിടുത്തെ യോഗ്യത.
എന്തെങ്കിലുമാവട്ടെ, സ്‌കൂളിലെത്തിയ അധ്യാപകരെ ആ പ്രവൃത്തിക്ക് യോഗ്യരാക്കുവാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ? അവരെ `പ്രൊഫഷണനലൈസ്' ചെയ്യാന്‍ നമ്മുടെ അധ്യാപകപരിശീലനങ്ങള്‍ക്ക് കഴിയുന്നണ്ടോ? അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍, അധ്യാപകസഹായികള്‍ക്കോ ക്ലാസ്റ്ററുകള്‍ക്കോ ആകുന്നുണ്ടോ? തന്റെ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ജ്ഞാനം, അതില്‍ ഇന്നും നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചുള്ള ധാരണ, കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള സാമാന്യമായ ബോധ്യം, സമകാലിക സാമൂഹികവിഷയങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവ്, യുക്ത്യധിഷ്‌ഠിതമായി വസ്‌തുതകളെ വിലയിരുത്താനുള്ള കഴിവ്, ഐ ടി പോലുള്ള സാങ്കേതിക വിഷയങ്ങളില്‍ പ്രായോഗിക അറിവ് എന്നിവയൊന്നുമില്ലാത്ത ഒരാളെ അധ്യാപകന്‍ എന്ന് എങ്ങിനെ വിളിക്കും. ഇതുകൂടാതെ പുരോഗമനാത്മകമായ കാഴ്‌ചപ്പാട്, പാരിസ്ഥിതികബോധം മനുഷ്യത്വപരമായ ലോകവീക്ഷണം, എല്ലാവിഭാഗങ്ങളോടുമുള്ള പരിഗണന എന്നിവയും അധ്യാപകന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണം ബി. എഡ് പഠനകാലത്ത് ആര്‍ക്കാനും വേണ്ടി പഠിച്ച മൃതവസ്‌തുതകളല്ല അധ്യാപനത്തിന്റെ ദര്‍ശനവും മന:ശാസ്‌ത്രവുമെന്ന് അവരെ ബോധ്യപ്പെടുത്തിയേ കഴിയൂ. കാസ്ല്‌മുറിയിലെ തന്റെ വിനിമയത്തെ ശക്തവും പ്രായോഗികവുമാക്കാന്‍ ആവശ്യമായ പഠനതന്ത്രങ്ങള്‍ കണ്ടെത്താണങ്കിലും വിദ്യാഭ്യാസദര്‍ശനങ്ങളിലേക്ക് മുഖം താഴ്‌ത്തട്ടെ. ഇതാണ് തന്റെ ചോറെന്ന ഉത്തമ ബോധ്യത്തോടെ.
വായന, പങ്കുവെയ്‌ക്കല്‍, ആസൂത്രണം, ഗവേഷണം, പരിശീലനം എന്നിവയല്ലേ അധ്യാപകരെ നവീകരിക്കേണ്ടുന്ന ഉപാധികള്‍. ഇതില്‍ ഏതെങ്കിലും ഒന്നിലെങ്കിലും ഹൃദയപൂര്‍വ്വം താന്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് എല്ലാ അധ്യാപകരും നെഞ്ചത്ത് കൈവച്ച് ചോദിക്കേണ്ടതായുണ്ട്. മാസികകള്‍, പുസ്‌തകങ്ങള്‍ എന്നിവ പോയിട്ട് പത്രങ്ങളെങ്കിലും ശ്രാദ്ധപൂര്‍വ്വം വായിക്കുന്ന എത്രപേരുണ്ട് അദ്ധ്യാപകരില്‍? നേരംപോക്കിനുള്ള ഗോസിപ്പുമാസികകളല്ലാതെ, ഗൗരവത്തില്‍ സാമൂഹിക-രാഷ്‌ട്രിയ സംസ്‌കാരിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ ഇവര്‍ മറിച്ചുനോക്കാറുണ്ടോ ? തന്റെ വിഷയത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളോ സാഹിത്യകൃതികളോ കാണ്ടാല്‍ അവരുടെ മുഖം ചുളിയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. അക്കാദമിക വിഷയങ്ങള്‍ ഗൗരവത്തോടെ പങ്ക് വെയ്‌ക്കുന്ന ഏതെങ്കിലും അധ്യാപകകുട്ടായ്‌മകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാ? അതിനായി രുപം കൊടുത്ത ക്ലസ്റ്ററുകള്‍ പോലും വെറും വാചകമടിയായി അന്തരീക്ഷത്തില്‍ ലയിക്കാറല്ലേ പതിവ്. ?``സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാറിനെ ചീത്ത പറയാനുള്ള ഒരവസരം'' എന്നാണ് ക്ലസ്റ്ററിനെ ഒരു അധ്യാപകന്‍ നിര്‍വ്വചിച്ചത്. വെറുതെ ഒരു ദിവസം നശിപ്പിച്ചു എന്ന ദീര്‍ഘനിശ്വാസം വിടുന്ന അക്കാദമീഷ്യന്മാര്‍ ബാക്കിദിവസം സ്‌കുളില്‍ ചെയ്യുന്ന മഹത്തായകാര്യങ്ങള്‍ പറയാതിരിക്കുന്നതാവും ഉചിതം. യഥാര്‍ത്ഥത്തില്‍ അധ്യാപകരുടെ കഴിവിലും അറിവിലും ഉള്ള അന്തരത്തെ ഒരു പരിധിവരെയെങ്കിലും മറികടക്കാനും കുട്ടിക്ക് ലഭിക്കേണ്ടുന്ന ചുരുങ്ങിയ പഠനാനുഭവങ്ങള്‍ ഉറപ്പിക്കുവാനും ക്ലസ്റ്റര്‍ പോലുള്ള സംവിധാനങ്ങള്‍ എത്രഫലപ്രദമായി പ്രയോജനപ്പെടുത്താമായിരുന്നു. സ്‌കുള്‍ റിസോര്‍സ് ഗ്രൂപ്പ്, സബ്‌ജക്‌ട് റിസോര്‍സ് ഗ്രൂപ്പ് എന്നിവ അവയ്‌ക്കുള്ള മിനുട്‌സ് ബുക്കില്‍ ഭദ്രം.
സമഗ്രാസൂത്രണം, പ്രവര്‍ത്തനാസൂത്രണം എന്നിവ പത്ത് ശതമാനം പേര്‍പോലും ആത്മാര്‍ത്ഥമായി ചെയ്യുന്നില്ല. ഉള്ളവര്‍ തന്നെ ബോധ്യപ്പെടുത്തലിനായും നല്ല പിള്ള ചമയനായും മാത്രം. (ഇതിനിടെ വിവരാവകാശ നിയമപ്രകാരം ഒരാധ്യാപകന്റെ കഴിഞ്ഞ രണ്ട് മാസത്തെ ദൈനംദിനാസൂത്രണരേഖയ്‌ക്ക് ഒരു വിരുതന്‍ പണമാടച്ചതും മാഷ് കുടുങ്ങിയതും അറിഞ്ഞില്ലോ) സ്വന്തം വിഷയമേഖലയിലും ക്ലാസ്‌റും അനുഭവങ്ങളുമായി ബന്ധപ്പെട്ടും ചെറിയരീതിയിലെങ്കിലുമുള്ള അന്വേഷണങ്ങള്‍ക്ക് സാധ്യതയെത്ര! കുട്ടികള്‍ അഭിമുഖീകരിക്കുന്ന പഠനപ്രശ്‌നങ്ങള്‍ അതിനവരെ വ്യാകുലപ്പെടുത്തിയിട്ടുവേണ്ടേ അന്വേഷണങ്ങള്‍ക്കു മുതിരാന്‍! അധ്യാപക പരിശീലനങ്ങളുടെ കാര്യമാണ്. ഏറ്റവും കെങ്കേമം. കോടികളാണ് ഓരോ വര്‍ഷവും അധ്യാപക പരിശീലനങ്ങള്‍ക്കായി സര്‍ക്കാര്‍ചെലവിടുന്നത്. ഭൂനികുതിയായും വീട്ടുനികുതിയായും വില്‍പ്പന നികുതിയായും ഏറ്റവും ദരിദ്രരടക്കം സര്‍ക്കാരിലൊടുക്കുന്ന പണമാണിതെന്ന് ഓര്‍ക്കണം പരിശീലനത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തുന്നതിനും മാത്രം കോടികള്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ശന്വളം കൊടുക്കുന്ന സ്ഥാപനങ്ങളെകുടി ഈ വിചരണയിലുള്‍പ്പെടുത്തണം. ഇവര്‍ തയ്യാറാക്കുന്ന മൊഡ്യുളുകള്‍ അധ്യാപകരുടെ ആവശ്യബോധത്തെ പരിഗണിച്ചാണോ? അവരെ ഏതെങ്കിലും വിധത്തില്‍ ആവേശഭരിതരാക്കാന്‍, ചലിപ്പിക്കാന്‍ പരിശീലനങ്ങള്‍ക്ക് സാധിക്കാറുണ്ടോ? എത്രമാത്രം അലംഭാവത്തോടുകുടിയാണ് നമ്മുടെ അധ്യാപകര്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാറുള്ളത്? തനിക്ക് അറിയാത്ത എന്ത് കാര്യങ്ങളാണ് ഇവിടെ കിട്ടിയത് ഈ പറയുന്നതൊന്നും എന്റെ ക്ലാസ് മുറിയില്‍, മണ്ടന്‍മാരായ കുട്ടികളുടെ അടുത്ത് നടപ്പില്ല, ഇവിടെ പാഠം തീര്‍ക്കാന്‍ തന്നെ കഷ്‌ടപ്പെടുന്നതിതിടയിലാണ് ഇത്തരം ഓരോ പുലിവാല് എന്ന്‌ത്യാദി ആത്മഗതങ്ങളാല്‍ മുഖരിതങ്ങളല്ലേ പരിശീലനത്തിന്റെ ഇടവേളകള്‍.
തങ്ങളുടെ വിവരംകെട്ട എല്ലാ ജല്‌പനങ്ങളും കുട്ടികള്‍ തലയാട്ടി അംഗീകരിക്കുന്നതുകൊണ്ട്, തങ്ങള്‍ അല്‍പ ബുദ്ധികളാണെന്ന് സ്വയം തിരിച്ചറിയാന്‍ ഈ വിഭാഗത്തിന് ഒരിക്കലും കഴിയില്ല. (മിടുക്കരായ കുട്ടികള്‍ സഹതാപത്തോടെയാണ് ഇത്തരം അധ്യാപകരെ നോക്കിക്കാണാറ്. അതവര്‍ കുട്ടുകാരോടും രക്ഷകര്‍ത്താക്കളോടും നല്ല ബന്ധമുള്ള അദ്ധ്യാപകരോടു തന്നെയും പറഞ്ഞ് ചിരിക്കാറുണ്ട്). എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ലോകത്തേറ്റവും പ്രയാസമുള്ള വിഭാഗം എന്ന ലോകത്താകമാനമുള്ള ചീത്തപ്പേര് കളയാതിരിക്കാന്‍ നമ്മുടെ അധ്യാപകരും ഉത്സാഹം കാണിക്കാറുണ്ട്. തന്റെ സ്വകാര്യമായ നേട്ടങ്ങളെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച്, ഉത്‌കണ്‌ഠകളെക്കുറിച്ച് അല്ലാതെ മറ്റൊന്നും അവരുടെ തലയില്‍ കയറില്ല. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ എങ്ങിനെ പരിഗണിക്കപ്പെടണം എന്ന് ക്ലാസെടുക്കാന്‍ വന്ന ഡോക്‌ടര്‍ക്ക് അധ്യാപകരുടെ സ്വന്തം കുട്ടികളുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉപദേശിക്കാതെ ഒരു വാക്ക്‌പോലും സംസാരിക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭവും പരിശീലനത്തിലുണ്ടായിട്ടുണ്ട്. കേരളം അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി, അതത് വിഷയത്തിന്റെ തലത്തില്‍ നിന്നും അതിനെ മറികടന്നുകൊണ്ടും ചര്‍ച്ചകൊണ്ടു ചെയ്യുന്ന സമീപനത്തോടെ വികസിപ്പിച്ചെടുത്ത പുതിയ പാഠ്യപദ്ധതി, കേരളത്തില്‍ നിലവിലുള്ള എത്ര അധ്യാപകര്‍ക്ക് ഏറ്റെടുക്കാനാവും. വിമര്‍ശനാത്മകപഠനം മുന്നോട്ടുവെക്കുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്ന ആശയത്തില്‍ തൊട്ടാല്‍ ഷോക്കടിച്ച് ആദ്യം മരിക്കുന്നത് അധ്യാപകരായിരിക്കും.
അങ്ങേയറ്റം പാരമ്പര്യവാദികളും സവര്‍ണ്ണമൂല്യങ്ങള്‍ സൂക്ഷിക്കുന്നവരും അന്ധവിശ്വാസികളും സുഖലോലുപരും ഉപഭോഗാസക്തി പിടിപ്പെട്ടവരും പാരസ്ഥിതികബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സ്വാര്‍ത്ഥരും ആയ ഒരു വിഭാഗമാണ്, ഇതിനെയെല്ലാം ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പുണ്ടാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്.
''ഒന്നു പോ മാഷേ , വിദ്യാഭ്യാസം എന്ന സംഗതി തന്നെ തനിക്ക് മാസം ഒരു പത്തിരുപതിനായിരം രൂപ ശമ്പളം തരാനുള്ള ഒരേര്‍പ്പാടാണെന്ന് അറിയാത്തതുപോലെ.''
സമര്‍പ്പണം
സാമൂഹിക ശാസ്‌ത്രക്ലാസ്സില്‍ സംശയം ചോദിച്ച എന്റെ മകളെ `` വരാന്തയിലൂടെ ഹെഡ്‌മാസ്റ്റര്‍ പോകുമ്പോള്‍ സംശയം ചോദിക്കുന്നത് എന്നെ ചീത്തകേള്‍പ്പിക്കുന്നതിനല്ലേ'' എന്ന് ആക്രോശിച്ച് പുസ്‌തകം കൊണ്ട് അടിച്ച അധ്യാപികയ്‌ക്ക്.
2009, മേയ് 24, ഞായറാഴ്‌ച
അകക്കോവിലില്‍ വിളക്കുള്ളവര്‍

വിശകലനം ചെയ്യുക
``അകക്കോവിലിലുള്ളൊരു
വിളക്കിന്‍ പ്രതിബിംബമായ്
അനങ്ങാതെ തിരിത്തുമ്പ-
ത്തിരിക്കും സര്‍വസാക്ഷിതാന്‍''
സമകാല ജാതി മതസംഘര്‍ഷങ്ങളുമായി ബന്ധപ്പെടുത്തി ഈ വരികളുടെ ആശയം വിശകലനം ചെയ്യുക.
പി. കുഞ്ഞിരാമന്‍ നായരുടെ അതീവഹൃദ്യമായ `ദീപം' എന്ന ഭാവഗീതത്തിലെ അവസാന വരികളാണ് മുകളിലെ ചോദ്യത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതസന്ദര്‍ഭങ്ങള്‍ക്കെല്ലാം സാക്ഷിയായ ദീപത്തെ ഭാവാത്മകമായി അവതരിപ്പിക്കുന്ന ഈ കവിതയില്‍ പ്രത്യക്ഷമായ സാമൂഹ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി മലയാളം പാഠപുസ്‌തകത്തില്‍ `ചേതോഹരക്കാഴ്‌ചകള്‍' എന്ന സാഹിത്യാസ്വാദനത്തിനായുള്ള യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് രചനകളിലെല്ലാം സാമൂഹികപ്രശ്‌നങ്ങള്‍ മുഴുത്ത രൂപത്തില്‍ പൊങ്ങിക്കിടപ്പുണ്ട്. ``ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും....'' എന്നു പറഞ്ഞതുപോലെ ചോദ്യകര്‍ത്താവിന് `ദീപ'ത്തിലും താല്‍പര്യം സാമൂഹികപ്രശ്‌നങ്ങളുടെ ചോരമണം തന്നെ.
ഈ ചോദ്യം ഇവിടെ എടുത്തു ചേര്‍ത്തത് മറ്റൊരു കാര്യം ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ്. ഇതിന് ഉത്തരമെഴുതേണ്ടത് ബധിരരും മൂകരുമായ വിദ്യാര്‍ത്ഥികളാണ്!! അവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിലെ `ലളിതമായ' ചോദ്യങ്ങളിലൊന്ന്!!
വിളക്ക്, സൂര്യന്‍, അകക്കോവിലിലുള്ള വിളക്ക് (അത്മാവ്?), അതിന്റെ പ്രതിബിംബം എന്നിങ്ങനെ പരസ്‌പര ബന്ധത്താല്‍ അനന്തമായ അര്‍ത്ഥകല്‌പനകള്‍ ഉത്‌പാദിപ്പിക്കുന്ന ഭാവതലം ആ വരികള്‍ക്കകത്തുണ്ട്. ഉയര്‍ന്ന സാഹിത്യാസ്വാദനശീലത്തിന്റെയും ഭാഷാജ്ഞാനത്തിന്റേയും ചിന്തയുടേയും സഹായത്തോടെ മാത്രമേ ആ ഭാവതലത്തിലേക്കെത്തിച്ചേരാന്‍ കഴിയൂ. ഉയര്‍ന്ന സ്‌കോറിനു പുറമേ നല്ല അഭിരുചിയുമുള്ള പൊതുസ്‌കൂളിലെ ഒരു കുട്ടിക്കുപോലും സൂക്ഷ്‌മതലത്തിലേക്കിറങ്ങാന്‍ പ്രയാസമാകുന്ന ഇത്തരം കാവ്യഭാഗങ്ങള്‍, ഭാഷയുടെ സാധാരണഘടന പോലും തിരിച്ചറിയാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വിശകലനത്തിനായി നല്‍കുന്നത് എന്തൊരു ക്രൂരതയാണ്. (`പോയിരുന്നു അവന്റെ ഞാന്‍ ഇന്നലെ വീട്ടില്‍' എന്ന വാക്യം ശരിയായ രീതിയില്‍ മാറ്റിയെഴുതാന്‍ പോലുമാകാത്ത കുട്ടികളാണ്. അതോടൊപ്പം നേരത്തേ മനഃപാഠമാക്കിയ ``സാമൂഹികപ്രശ്‌നങ്ങളുടെ ഏകാഗ്രമായ ആവിഷ്‌കാരത്വരയാണ് ഗ്രന്ഥകര്‍ത്താവിനെ, ഘടനാപരമായും ആഖ്യാനപരമായും പുതിയ കാലത്തിന്റെ മുദ്രകളെപ്പേറുന്ന ഈ കഥാശില്‌പം മെനയാന്‍......'' എന്നു നീണ്ടുപോകുന്ന കടുകട്ടിവാക്യങ്ങള്‍ നിഷ്‌പ്രയാസം അവര്‍ എഴുതുകയും ചെയ്യും!).
ഹയര്‍സെക്കന്ററി മൂല്യനിര്‍ണയക്യാമ്പില്‍ വെച്ച് ഇത്തരം വിദ്യാര്‍ത്ഥികളുടെ നാല്‍പതോളം പേപ്പറുകള്‍ എനിക്ക് നോക്കേണ്ടിവന്നു. ബധിരരും മൂകരും എന്ന് പുറത്തെഴുതി ഇരുപത് ശതമാനം മാര്‍ക്ക് അധികം നല്‍കണം എന്ന് നിര്‍ദേശിക്കുന്നിടത്ത് തീരുന്നതല്ല ഇവരുടെ വിദ്യാഭ്യാസകാര്യത്തില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമെന്നും മനുഷ്യത്വപരവും അക്കാദമികവുമായ ഒട്ടേറെ സങ്കീര്‍ണസമസ്യകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെന്നും ഞാന്‍ വിചാരിക്കാന്‍ തുടങ്ങിയത് അന്നുമുതലാണ്.
``പ്രത്യകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൊതുധാരയില്‍ എത്തിക്കാന്‍ സങ്കലിതവിദ്യാഭ്യാസം (inclusive education)കേരളത്തിലും നടപ്പിലാക്കേണ്ടതുണ്ട്. പരിമിതികളുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. അവര്‍ക്ക് സാമൂഹികനീതി ഉറപ്പാക്കണം. പൊതുവിദ്യാലയങ്ങളില്‍ യാതൊരു ഉപാധിയുമില്ലാതെ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളേയും ചേര്‍ക്കണം. അതില്‍ ശാരീരികമോ വൈകാരികമോ സാമൂഹ്യമോ ഭാഷാപരമോ ആയ യാതൊരു വിമോചനവും പാടില്ല.'' കേരളാ പാഠ്യപദ്ധതി ചട്ടക്കൂട്-കെ.സി.എഫ്-2007- പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം.
കെ.സി.എഫിന്റെ കാഴ്‌ചപ്പാടിനു പിറകിലുള്ള ദാര്‍ശനികതലം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം കുട്ടികളോട് യാതൊരു വിവേചനവും അരുത്; എല്ലാ തരത്തിലുള്ള അറിവും ലഭിക്കാന്‍ അവര്‍ക്കവകാശമുണ്ട്, ഒറ്റപ്പെടല്‍ അവരുടെ ആത്മവിശ്വാസത്തെ ഇല്ലായ്‌മ ചെയ്യും, ഇവരെ കൂട്ടത്തില്‍ ചേര്‍ത്തുകൊണ്ടേ മറ്റുള്ളവര്‍ക്ക് ഇവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയൂ, മറ്റുതരത്തിലുള്ള ഇവരുടെ കഴിവുകള്‍ സ്‌കൂളിന് മൊത്തം ബോധ്യപ്പെടണം എന്നിങ്ങനെയുള്ള ചിന്തകള്‍ ആധുനിക മനുഷ്യബോധത്തിന്റെ പ്രതിഫലനം കൂടിയാണ്. inclusive education പൂര്‍ണമായും കേരളത്തില്‍ നടപ്പില്‍ വരുത്തിക്കഴിഞ്ഞിട്ടില്ല. ബധിരമൂകവിദ്യാര്‍ത്ഥികള്‍ക്കായി മാത്രം ഹയര്‍സെക്കന്ററി തലം വരെയുള്ള നിരവധി സ്‌കൂളുകള്‍ ഇന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഇപ്പോഴത്തെ പാഠ്യപദ്ധതിയും പരീക്ഷാരീതിയും തന്നെ എത്രമാത്രം ഭീകരമാണെന്ന് തിരിച്ചറിയുമ്പോഴേ, വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയാകുമോ inclusive education എന്ന് നമ്മളും ആശങ്കിക്കുകയുള്ളൂ.
പഴയ വ്യവഹാരവാദത്തില്‍ നിന്നും വിഭിന്നമായ ജ്ഞാനനിര്‍മിതി, സാമൂഹിക ജ്ഞാനനിര്‍മിതി, ബഹുമുഖബുദ്ധി, ഭാഷാസമാര്‍ജനം, വൈകാരികബുദ്ധി എന്നിങ്ങനെയുള്ള, ലോകമെങ്ങും അംഗീകാരം നേടിയ ദര്‍ശനങ്ങളുടെ വെളിച്ചത്തിലാണ് പുതിയ പാഠ്യപദ്ധതി പടുത്തുയര്‍ത്തിയിരിക്കുന്നത്. പഴയ ക്ലാസ്‌റൂം വിനിമയവും പരീക്ഷാരീതിയും നമ്മുടെ ഓര്‍മയിലും ഉണ്ടല്ലോ. ഏതൊക്കെയാണ് പ്രധാനഭാഗങ്ങള്‍ എന്ന് അധ്യാപകന്‍ പാഠപുസ്‌തകത്തില്‍ അടയാളപ്പെടുത്തും. അല്ലെങ്കില്‍ നോട്ട്. അതിന് അപ്പുറവും ഇപ്പുറവും പോകാത്ത പരീക്ഷകള്‍. ഏതെങ്കിലും ചില വാക്കുകള്‍ കൊണ്ട് ചോദ്യം തിരിച്ചറിയുകയും പുറത്തേക്ക് വരികയും ചെയ്യുന്ന രിതിയാണത്. പൊതുവിഭാഗത്തിലെ ഒരു കുട്ടിയെപ്പോലെതന്നെ ഏത് വിഭാഗം കുട്ടികളേയുംപരിശീലിപ്പിച്ചെടുത്താല്‍ നൂറ് ശതമാനം മാര്‍ക്കും ഉറപ്പ്.
കുട്ടി അറിവ് നിര്‍മ്മിക്കുന്നു എന്നതാണ് പുതിയ കാഴ്‌ചപ്പാട്. പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സംവാദത്തിലൂടെയും താരതമ്യത്തിലൂടെയും തന്റെ ഉള്ളില്‍ ഉറച്ച ഓരാശയത്തെ വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനാണ് ഊന്നല്‍. എഴുത്തുപരീക്ഷാരീതിയും കുറേ മാറിയിട്ടുണ്ട്. താന്‍ മനസിലാക്കിയവ ഒരു പുതിയ സാഹചര്യത്തില്‍ പ്രയോഗിക്കുവാനാണ് എഴുത്തുപരീക്ഷയിലും കുട്ടിയോട് ആവശ്യപ്പെടുന്നത്.
പഠനവസ്‌തു, പഠനരീതി, പരീക്ഷ ഇവ മൂന്നും ശ്രദ്ധാപൂര്‍വം ചിട്ടപ്പെടുത്തിയില്ലെങ്കില്‍, പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവ ഒരു പീഡനമായി മാറും. ഹയര്‍സെക്കന്ററി തലത്തില്‍ എന്‍.സി.ഇ.ആര്‍.ടി. രൂപം കൊടുക്കുന്ന ഭാരിച്ച സിലബസ് തന്നെയാണ് ഇവര്‍ക്കും നല്‍കുന്നത്. എഞ്ചിനീയറിങിനും വൈദ്യശാസ്‌ത്രത്തിനും മറ്റ് ശാസ്‌ത്ര-സാമൂഹിക ശാസ്‌ത്രഗവേഷണങ്ങള്‍ക്കും അടിസ്ഥാനമാകണം എന്നുദ്ദേശിച്ചിട്ടുള്ള `കനപ്പെട്ട സിലബസ്' അത്തരം മേഖലകള്‍ നിര്‍ഭാഗ്യവശാല്‍ അന്യമായിട്ടുള്ള (അപൂര്‍വം പ്രതിഭകള്‍ അത്തരം മേഖലകളിലേക്കും വന്നിട്ടുണ്ട്.) ഈ കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയല്ലാതെ മറ്റെന്താണ്? സിലബസ് ഭാരം, പുസ്‌തകഭാരം എന്നിവ പൊതുവിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അല്‌പം കൂടിയാല്‍ ഹാലിളകുന്ന ദേശീയ വിദ്യാഭ്യാസ വിചക്ഷണരും ഇക്കാര്യത്തില്‍ മൗനം പൂകുന്നു. അതീവശ്രദ്ധയോടെയുള്ള പരിശീലനത്താല്‍ അവരില്‍ ഉല്‍പാദിപ്പിച്ചെടുത്തിട്ടുള്ള പരിമിതമായ ഭാഷാശേഷിയില്‍ നിന്നുകൊണ്ട് , ഇത്തരം ഗഹനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുക എത്രമാത്രം പ്രയാസകരമായിരിക്കും? ആവര്‍ത്തിച്ചുറപ്പിക്കുക എന്നതിനുപകരം സ്വീകരിച്ചിട്ടുള്ള പഠനതന്ത്രങ്ങള്‍ ഇവര്‍ക്ക് എത്രമാത്രം വഴങ്ങും? സെമിനാര്‍, സംവാദം, പാനല്‍ ചര്‍ച്ച, പൊതുചര്‍ച്ച, പ്രഭാഷണം, ആസൈന്‍മെന്റുകള്‍, കവിതാകഥാ പാരായണങ്ങള്‍, ഫീല്‍ഡ് സ്റ്റഡി, അഭിമുഖം, ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയാണ്, ഒട്ടും കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത കുട്ടികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ള പുസ്‌തകങ്ങളിലേയും പഠനപ്രവര്‍ത്തനങ്ങള്‍!!! ഇതില്‍ എത്രയെണ്ണം ഏറ്റെടുക്കാന്‍ ഈ വിഭാഗത്തില്‍ പെടുന്ന ഒരു കുട്ടിക്ക് കഴിയും? ഇവയിലൂടെ വേണം ഗണിതവും ശാസ്‌ത്രവും സാമൂഹിക ശാസ്‌ത്രവും ഭാഷയും ഇവര്‍ ആര്‍ജിക്കാന്‍! ഏറ്റെടുക്കല്‍ കഴിയാത്തത്രയും ഭാരം ഇവര്‍ക്കുമേല്‍ കെട്ടിയേല്‍പിക്കാന്‍ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്ത്തിലെയും കരിക്കുലം കമ്മിറ്റിയിലേയും കാണാനും കേള്‍ക്കാനും പറയാനും കഴിവുള്ള വിദഗ്‌ദ്ധര്‍ക്ക് എന്ത് അവകാശമാണുള്ളത്?
പുതിയ രീതിയിലുള്ള എഴുത്തുപരീക്ഷകളാണ് ഇവര്‍ക്കുമേലുള്ള മറ്റൊരു അശനിപാതം. ചോദ്യങ്ങള്‍ വിശദീകരിച്ചുകൊടുക്കാനായി പത്തോ പന്ത്രണ്ടോ കുട്ടികള്‍ക്ക് ഒരു ഹെല്‍പര്‍ ഉണ്ടെങ്കില്‍പ്പോലും ചോദ്യങ്ങള്‍ ശരിയാംവണ്ണം വായിച്ച് മനസ്സിലാക്കാന്‍ തന്നെ അവര്‍ക്ക് പറ്റാറില്ല. ഇവര്‍ക്കായി പ്രത്യേകം ചോദ്യപേപ്പറുകള്‍ തയ്യാറാക്കാറുണ്ടെങ്കില്‍ പോലും പൊതുചോദ്യപേപ്പറുകളില്‍ നിന്ന് അവയ്‌ക്ക് വലിയ വ്യത്യാസമൊന്നും ഉണ്ടാകാറില്ല. അത്രയും ലാഘവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നത് എന്നതാണ് ഇതിനര്‍ത്ഥം. ഇത്തരം കുട്ടികളെ രണ്ടു വാക്കുകളെങ്കിലും പഠിപ്പിച്ചിട്ടുള്ള ഒരാള്‍ വേണം ഇവര്‍ക്കായുള്ള ചോദ്യപേപ്പറുകള്‍ അന്തിമമായി തെരഞ്ഞെടുക്കേണ്ടത്.
പഠിക്കാന്‍ താല്‍പര്യപ്പെട്ടു എന്നതിന്റെ പേരില്‍ മാത്രം ഈ മൂന്നു വടികള്‍കൊണ്ടും ഇവരെ ശിക്ഷിക്കാന്‍ നമ്മുടെ വിദ്യാഭ്യാസവകുപ്പിനല്ലാതെ മറ്റാര്‍ക്ക് കഴിയും. അന്താരാഷ്‌ട്ര നിലവാരമുള്ള മുദ്രാവാക്യങ്ങള്‍ മെനയുന്നതിനപ്പുറം, അവരെ തിരിച്ചറിഞ്ഞുകൊണ്ട് അവര്‍ക്കായി ചെറുവിരലെങ്കിലും അനക്കാന്‍ ആരാണ് നമ്മുടെ വകുപ്പിനെ ഉപദേശിക്കുക
2009, മേയ് 22, വെള്ളിയാഴ്‌ച
ഒരു പ്രസംഗ മത്സരവുംചില`വിധി' വിചാരങ്ങളും

സ്കൂള്‍ കലോത്സവത്തിലെ മലയാളപ്രസംഗമത്സരത്തിനുശേഷം ഒരു രക്ഷാകര്‍ത്താവും വിധികര്‍ത്താവായ അധ്യാപികയും തമ്മില്‍ നടന്ന സംഭാഷണം.
(ഇത് തികച്ചും സാങ്കല്‌പികം. ജിവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും ഇവിടെ പരാമര്‍ശിക്കുന്ന സംഭവത്തിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഉണ്ടെന്നു തോന്നുന്നെങ്കില്‍ അത് തികച്ചും യാദൃശ്ചികമാണെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു)
രക്ഷകര്‍ത്താവ് : ടീച്ചര്‍, ഞാന്‍ എട്ടാംക്ലാസിലെ ഗീതുവിന്റെ അമ്മയാണ്. മോള് ഇപ്പോള്‍കഴിഞ്ഞ മലയാള പ്രസംഗമത്സരത്തിനുണ്ടായിരുന്നു.
ടീച്ചര്‍ : അതെയോ? മോള്‍ക്ക് സമ്മാനമുണ്ടോ?
രക്ഷകര്‍ത്താവ് : ഇല്ല. അതിനെക്കുറിച്ചുള്ള ചില സംശയങ്ങള്‍ തീര്‍ക്കാനാണ് ഞാന്‍ ടീച്ചറെ കാണാന്‍ വന്നത്.
ടീച്ചര്‍ : (വിചാരം : എന്റീശ്വരാ... പ്രസംഗത്തിനിരിക്കില്ലാ എന്ന് ഞാന്‍ അപ്പഴേ പറഞ്ഞതാണ്. ആ ദുഷ്‌ടന്‍ ഗംഗാധരന്‍ മാഷാണ് എല്ലാത്തിനും കാരണം) അതിനെന്താ? നമുക്ക് ആ തിരക്കില്ലാത്ത മൂലയിലോട്ടിരിക്കാം.
രക്ഷകര്‍ത്താവ് : മോളുടെ പ്രസംഗത്തിന്റെ പ്രധാനകുഴപ്പങ്ങളെന്തായിരുന്നു ടീച്ചര്‍?
ടീച്ചര്‍ : ഹേയ്.. അങ്ങിനെ കുഴപ്പമൊന്നുമില്ലായിരുന്നു. എ ഗ്രേഡ് ലഭിച്ചില്ലേ?
രക്ഷകര്‍ത്താവ് : ഇല്ല, ബി ഗ്രേഡാണ്. ഞാന്‍ മുഴുവന്‍ പ്രസംഗങ്ങളും കേട്ടിരുന്നു. രണ്ടോ മൂന്നോ കുട്ടികള്‍ക്കല്ലേ ബി ഗ്രേഡുള്ളൂ. അതിലൊന്ന് മോള്‍ക്കാണ്. അവള്‍ക്ക് എന്തൊക്കെ പിശക് സംഭവിച്ചൂവെന്നറിയാനാണ് ടീച്ചറോട് സംസാരിക്കാമെന്ന് വിചാരിച്ചത്. ടീച്ചര്‍ക്ക് പ്രയാസമൊന്നുമില്ലല്ലോ?
ടീച്ചര്‍ : ഹേയ് എനിക്കെന്തു പ്രയാസം... നല്ലകാര്യം (ഇതു മിക്കവാറും പ്രശ്‌നമാകുമെന്നാണ് തോന്നുന്നത്. കൂടെയിരുന്ന ആ സുശീലടീച്ചറേയും മാലിനിടീച്ചറേയും കാണാനുമില്ല. എവിടേക്കാണാവോ ഇത്രവേഗം മുങ്ങിയത്) മോളുടേത് എത്രാമത്തെ പ്രസംഗമായിരുന്നു?
രക്ഷകര്‍ത്താവ് : ആദ്യത്തെ.
ടീച്ചര്‍ : ശരിയാ.. എനിക്ക് ഓര്‍മ്മയുണ്ട്. ശ്ശൊ! അവളെന്തിനാ ആദ്യത്തെ നമ്പെറെടുക്കാന്‍ പോയത്. അതാണ് അവള്‍ക്ക് പറ്റിയ പ്രശ്‌നം.
രക്ഷകര്‍ത്താവ് : അതെന്താ ടീച്ചര്‍.. ആദ്യത്തെ നമ്പറിന് മാര്‍ക്കിടാറില്ലേ?
ടീച്ചര്‍ : അതല്ല. ആദ്യത്തെ നമ്പറിന് ഒരു ശരാശരി മാര്‍ക്കിടും. പിന്നെ അതുവെച്ചാണ് മറ്റേതിനൊക്കെ മാര്‍ക്കിടുന്നത്. അവസാനത്തിന് തൊട്ടുമുമ്പു പ്രസംഗിച്ച കുട്ടിക്കല്ലേ ഒന്നാം സമ്മാനം? നിങ്ങള് ഇനിയെങ്കിലും ശ്രദ്ധിക്കണം. ഒരിക്കലും ഒന്നാമത്തെ നമ്പര്‍ എടുക്കരുത്. അഥവാ കിട്ടിയാലും എന്തെങ്കിലും പറഞ്ഞ് സ്റ്റേജീന്ന് മാറ്റാന്‍ നോക്കണം.
രക്ഷകര്‍ത്താവ് : അല്ല ടീച്ചര്‍, പ്രസംഗത്തിന് മാര്‍ക്കിടാന്‍ value points ഉണ്ടാവില്ലേ? അതുപ്രകാരം മാര്‍ക്കിടുമ്പോള്‍ ഇങ്ങിനെ വരുമോ?
ടീച്ചര്‍ : അതൊക്കെ സബ്‌ജില്ലാ, ജില്ലാ യൂത്ത് ഫെസ്റ്റിവലിലേ നടക്കൂ. സ്‌കൂളില്‍ നമ്മള്‍ നോക്കുന്നത് മൊത്തത്തിലുള്ള ഭംഗിയാണ്.
രക്ഷകര്‍ത്താവ് : കലോത്സവ മാന്വലില്‍ ഓരോ ഇനത്തിന്റെയും value points ഉണ്ടെന്നാണല്ലോ പറയുന്നത്. സ്‌കൂളിലും അതൊക്കെ നോക്കേണ്ടതല്ലേ?
ടീച്ചര്‍ : (എന്റ ദൈവമേ.. ഇവരെല്ലാം പഠിച്ചിട്ട് വന്നവരാണ്. ഏത് സ്‌കൂളില്‍ നിന്നാണാവോ ഇക്കൊല്ലം ഇങ്ങോട്ട് കെട്ടിയെടുത്തത്? ഈ മാന്വല്‍ എന്ന സാധനം ഇതുവരെ കണ്ടിട്ടില്ലാ എന്ന് പറഞ്ഞാലോ?) നോക്കാറില്ലെന്നല്ല. അല്ല.. മൊത്തത്തില്‍ നോക്കുമ്പോഴും അതൊക്കത്തന്നെയാണല്ലോ വരുന്നത്?
രക്ഷകര്‍ത്താവ് : ഒന്നാം സമ്മാനവും എ ഗ്രേഡും നേടിയ കുട്ടിയുടെ പ്രസംഗം ഞാന്‍ കേട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യവും അവന്‍ പറഞ്ഞില്ലല്ലോ ടീച്ചര്‍. പിന്നെങ്ങനെ... അവന്..?
ടീച്ചര്‍ : (ഓ... സ്‌കൂളിലെ നേതാവ് ഷാഫി. അവനെങ്ങാനും സമ്മാനം കൊടുത്തില്ലെങ്കില്‍ കാണാമായിരുന്നു പിള്ളേരുടെ പുകില്. വൈകുന്നേരം ഞാന്‍ തനിയെയാ വീട്ടിലേക്ക് പോകുന്നത്.. അവന്‍ വല്ല പ്രശ്‌നവും ആക്കിയാല്‍.. എന്തായിരുന്നു വിഷയം.. ങാ.. വായനയുടെ പ്രസക്തി) അതോ.. അത്.. അവന്റെ പ്രസംഗത്തിന്റെ ആക്ഷന്‍ ശ്രദ്ധിച്ചിരുന്നില്ലേ. പ്രസംഗമാവുമ്പോള്‍ ഇരുകൈകൊണ്ടും നന്നായി ആക്ഷന്‍ കാണിക്കണം. ശബ്‌ദം നന്നായി കൂട്ടിപ്പറയണം. രാഷ്‌ട്രീയ നേതാക്കന്മാരുടെ പ്രസംഗം ടി.വിയിലും മറ്റും കണ്ടിട്ടില്ലേ? അതുപോലെ.. അതുകൊണ്ടാ അവന് സമ്മാനം കൊടുത്തത്.
രക്ഷകര്‍ത്താവ് : ഓരോ പ്രസംഗത്തിനും ഓരോ ശൈലിയല്ലേ ടീച്ചര്‍. രാഷ്‌ട്രീയ പ്രസംഗത്തിന്റെ ശൈലിയിലാണോ ` വായനയുടെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുക? മാത്രമല്ല, അവശ്യം വേണ്ടുന്ന ചലനങ്ങളും ഭാവവും ഒക്കെ മോളുടെ പ്രസംഗത്തിനും ഉണ്ടായിരുന്നു.
ടീച്ചര്‍ : ( ആ സുശീലടീച്ചര്‍ എവിടെപ്പോയി കിടക്കുകയാണീശ്വരാ.. ആരെങ്കിലും ഒന്നു വന്നെങ്കില്‍) ഇല്ലാന്നല്ല.. പിന്നെ അവള്‍ വിഷയവുമായി ബന്ധമില്ലാത്ത കുറേകാര്യങ്ങളല്ലേ അവസാനം പറഞ്ഞത്. കമ്പ്യൂട്ടറും.. ഇന്റര്‍നെറ്റും.. അങ്ങിനെ.. വായനയുടെ കാര്യം പറയുമ്പോള്‍ അതൊന്നും പറയേണ്ടിയിരുന്നില്ല.
രക്ഷകര്‍ത്താവ് : അത് പുതിയതരം വായനയെക്കുറിച്ച് പറഞ്ഞതല്ലേ. ടീച്ചര്‍ കേട്ടിട്ടില്ലേ e-reading എന്നൊക്കെ? അവള്‍ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കാറുണ്ട്. അവള്‍ക്ക് സ്വന്തമായി ഒരു ബ്ലോഗ് തന്നെയുണ്ട്.
ടീച്ചര്‍ : (ഇ-റീഡിംഗോ.. അതെന്താ ഭഗവാനേ സാധനം? ഈ ബ്ലോഗെന്നു പറയുന്നത് എന്തു കുന്തമാണാവോ?) അതൊക്കെ കേട്ടിട്ടുണ്ട്... അതുമാത്രമല്ല അവള്‍ പറഞ്ഞ പലപുസ്‌തകങ്ങളുടെയും പേര് ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല.
രക്ഷകര്‍ത്താവ് : അതെല്ലാം അവള്‍ വായിച്ചതാ ടീച്ചറേ... ടീച്ചര്‍ക്ക് ഓര്‍മ്മയുണ്ടോയെന്നറിയില്ല. കഴിഞ്ഞ പി.ടി.എ. മീറ്റിംഗില്‍ സ്വാഗതം പറയുമ്പോള്‍ ടീച്ചര്‍ വിയര്‍ത്ത് വിറച്ച് വീഴാമ്പോയത്. സ്വാഗതത്തിന് പകരം നന്ദീന്നല്ലേ അന്ന് ടീച്ചര്‍ പറഞ്ഞത്. പി.ടി.എ. പ്രസിഡണ്ടിന്റെ പേരുപോലും തെറ്റിയാ പറഞ്ഞത്. അങ്ങിനെയുള്ള ടീച്ചര്‍ക്ക് മനസ്സിലാവില്ലേ, യാതൊരു പേടിയും കൂടാതെ കുട്ടികള്‍ സ്റ്റേജില്‍ നിന്ന്, ആലോചിച്ച് ഇങ്ങനെയൊക്കെ പറയുന്നതിന്റെ പ്രയാസം. എന്നിട്ടും ഒട്ടും ഗൗരവമില്ലാതെ, അറിയാത്ത കാര്യങ്ങളെക്കുറിച്ച് വിധിപ്രഖ്യാപിക്കുന്നത് ശരിയാണോ?
ടീച്ചര്‍ : എന്റെ പൊന്നു ചേച്ചീ, സത്യം ഞാന്‍ നിങ്ങളോട് തുറന്നുപറയാം പ്രസംഗമത്സരത്തിന് ജഡ്‌ജായി ഇരിക്കില്ലെന്ന് ഗംഗാധരന്‍ മാഷോട് ഞാന്‍ നൂറുവട്ടം പറഞ്ഞതാ. ഒന്നാമത് നല്ല പഠിക്കുന്ന പിള്ളേരാ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്ന മിക്കതും. അവര്‍ എവിടെ നിന്നെല്ലാം എടുത്ത എന്തെല്ലാം കാര്യങ്ങളാണ് പറയുക എന്ന് ആര്‍ക്കും നിശ്ചയിക്കാന്‍ കഴിയില്ല. അതില്‍ ഏതൊക്കെയാണ് ശരി, ഏതൊക്കെയാണ് തെറ്റ് എന്നൊന്നും ഞങ്ങള്‍ക്ക് ഒരു പിടിയും ഇല്ല. പിന്നെ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ കലാപരിപാടിയുടെ അടുത്തുകൂടി ഞാന്‍ പോയിട്ടില്ല. പറഞ്ഞിട്ടെന്താ... ഇവിടെ വന്നതുമുതല്‍ യൂത്ത് ഫെസ്റ്റ്‌വലിന്റെ ഒരു സ്ഥിരം ജഡ്‌ജ് ഞാനാണ്... അവര്‍ക്കറിയാം എനിക്ക് കുട്ടികളെ പരിപാടിക്കായി ഒരുക്കിയിറക്കാനോ മേക്കപ്പിന് സഹായിക്കാനോ കഴിയില്ലെന്ന്... എന്നാല്‍ പിന്നെ ഒരു പണി ഏല്‍പ്പിക്കണമെന്ന് വിചാരിച്ചാണ് രാവിലെമുതല്‍ വൈകുന്നേരം വരെയുള്ള ഈ ജഡ്‌ജിപ്പണി എന്റെ മേല്‍ വെച്ചുകെട്ടിയത്. ഈ ആണ്‍മാഷന്മാര്‍ ആകെ മോണോആക്‌ടിനും മിമിക്രിക്കും നാടകത്തിനും മൈമിനും മാത്രമേ ഇരിക്കൂ. ബാക്കിയെല്ലാം ഞങ്ങള്‍ ലേഡിടീച്ചര്‍മാരാ മാര്‍ക്കിടുന്നത്. ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും മാത്രമേ പണ്ടെല്ലാം പ്രശ്‌നമുണ്ടാകാറുള്ളൂ. അതിന് മാത്രം പുറത്തുനിന്ന് ആളുകളെ വിളിക്കും. പിന്നെ.. ആരെങ്കിലും മാര്‍ക്കിട്ട് കുറച്ചെണ്ണത്തിനെ സബ്‌ജില്ലയില്‍ എത്തിക്കണമല്ലോ. ഇന്ന് തന്നെ ആറാമത്തെ ഇനത്തിനാണ് ഞാന്‍ മാര്‍ക്കിട്ടുവരുന്നത്.അതാ സുശീലടീച്ചര്‍ വരുന്നുണ്ട്. എനിക്ക് ഇംഗ്ലീഷ് പ്രസംഗം നോക്കാന്‍ പോകണം. അത് ഇതിനേക്കാള്‍ പൊല്ലാപ്പാ. ഇംഗ്ലീഷിന്റെ എബിസിഡി എനിക്ക് അറിഞ്ഞുകൂട. എല്ലാം എന്റെ വിധി. നമുക്ക് ഇതിന്റെ എല്ലാകാര്യവും വിശദമായി പിന്നീട് സംസാരിക്കാം. എന്നാല്‍ ഞാന്‍ പോകട്ടെ.
ഉളളംകൈയിലെ നിലവിളികള്‍

വ്യത്യസ്‌ത സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ലൈംഗികമായ തൃപ്‌തികളെയും അതൃപ്‌തികളെയും കുറിച്ച് ആലോചിക്കുമ്പോള്‍, അവിചാരിതമായി സാക്ഷ്യം വഹിക്കേണ്ടിവന്ന രണ്ട് സംഭവങ്ങളാണ്, അതിന്റെ എല്ലാ വിശദാംശങ്ങളോടെയും എന്റെ മനസ്സില്‍ തെളിയാറുളളത്. മനുഷ്യന്‍ ലൈംഗികമായി ആനന്ദം കണ്ടെത്തുന്ന വിചിത്രങ്ങളായ വഴികള്‍ കേവലം വ്യക്തികളുടെ മനോഘടനയുടെ പ്രതിഫലനമല്ലെന്നും സാമൂഹിക സാമ്പത്തക കാരണങ്ങളാണ് അവയ്‌ക്ക് നിദാനമാകുന്നതെന്നും ഞാന്‍ മനസ്സിലാക്കിയത് ഈ സംഭവങ്ങളിലൂടെയാണ്. അന്നന്നത്തെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പോലും ആയാസപ്പെടുന്ന ഏറ്റവും സാധാരണക്കാരനായ മനുഷ്യന് നഷ്‌ടപ്പെടുന്ന ജീവിതസൗഖ്യങ്ങളെക്കുറിച്ചുളള ആകുലതകളാണ് ഈ സംഭവങ്ങളെ വിശകലനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.
അനുഭവം ഒന്ന്:
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എം.എ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഒന്നാമത്തെ സംഭവമുണ്ടാകുന്നത്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്.എഫ്.ഐ. നേതാവ് എന്നിങ്ങനെയുളള 'തലക്കന'ങ്ങളുമായി കോളേജ് ഭരിക്കുന്ന കാലം. ഉയര്‍ന്ന രാഷ്‌ട്രീയ പ്രബുദ്ധതയാലും സര്‍ഗ്ഗാത്മക ചര്‍ച്ചകളാലും സമ്പന്നമായ 80കളുടെ അവസാനം. കോളേജിലെ മലയാളവിഭാഗത്തിന്റെ മുന്നിലെ നീണ്ട ഇടനാഴിയുടെ അവസാനമുളള പിരിയന്‍ ഗോവണി അന്ന് കമിതാക്കളുടെ പറുദീസയായിരുന്നു. കമിതാക്കള്‍ ക്ഷീണിച്ച് സല്ലാപങ്ങള്‍ അവസാനിപ്പിക്കുന്ന വൈകുന്നേരങ്ങളില്‍ , ഗോവണിക്ക് സമീപമിരുന്ന് ചൂടേറിയ ചര്‍ച്ചകളില്‍ സ്വയം മറക്കാറുണ്ടായിരുന്നു ഞങ്ങള്‍ . പിരിയന്‍ ഗോവണി വഴി ഇറങ്ങിയാല്‍ താഴെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. അതിന് തൊട്ടുമുന്നില്‍, കൂറ്റന്‍ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന, നട്ടുച്ചയ്‌ക്കും ഇരുണ്ടു കിടക്കുന്ന ലേഡീസ് ഹോസ്റ്റല്‍ കോമ്പൗണ്ട്.
ഒരു വൈകുന്നേരം ഡിപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ എന്തോ വായിച്ച് ഞാന്‍ തനിയെ ഇരിക്കുകയായിരുന്നു. നേരം ഇരുട്ടിത്തുടങ്ങി. ഹോസ്റ്റലിലേക്ക് പോകാനൊരുങ്ങുമ്പോള്‍ , ലേഡീസ് ഹോസ്റ്റലിന് മുന്നിലെ റോഡില്‍ ഹോസ്റ്റലിന് എതിര്‍വശത്തെ മതിലിനോട് ചേര്‍ന്ന് ഒരാള്‍ നില്‌ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കഴുത്ത് പൂര്‍ണ്ണമായും തിരിച്ച് പിന്നിലെ ഹോസ്റ്റലിലേക്ക് നോക്കി അയാള്‍ മൂത്രമൊഴിക്കുന്നതിലെ കൗതുകമാണ് സൂക്ഷ്‌മമായി ആ രംഗം നിരീക്ഷിക്കാന്‍ പ്രേരണയായത്. കൗതുകം ഉടന്‍ തന്നെ ഞെട്ടലായി മാറി. അയാള്‍ മൂത്രമൊഴിക്കുകയായിരുന്നില്ല. ഹോസ്റ്റലിലേക്ക് നോക്കി സ്വയംഭോഗം ചെയ്യുകയാണ്. ഉടുതുണി പൂര്‍ണ്ണമായും ഉയര്‍ത്തിപ്പിടിച്ച് അയാള്‍ പൂര്‍ണ്ണവേഗത്തിലേക്കടുക്കുന്നത് മങ്ങിയ വെളിച്ചത്തിലും എനിക്ക് വ്യക്തമായി കാണാമായിരുന്നു. കുപ്പായത്തിന്റെ കുടുക്കുകള്‍ അഴിച്ചിട്ട മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന് . അമ്പരപ്പ് മാറിയ നിമിഷം, സദാചാരവാദിയും കോളേജിലെ 'ധാര്‍മ്മികനിലവാരത്തിന്റെ കാവല്‍ഭടനു'മായ എന്റെ ചോര തിളച്ചു. 'എടാ...' എന്നലറിവിളിച്ചുകൊണ്ട് അയാളെ പിടിക്കാനായി ഞാന്‍ ഗോവണി ഇറങ്ങി ഓടി. അപ്രതീക്ഷിതമായി കോളേജിന്റെ വരാന്തയില്‍ നിന്നുളള എന്റെ അലര്‍ച്ചയും ഓടിവരവും കണ്ട ആ മനുഷ്യന്‍ സംഗതി നിര്‍ത്തി വെപ്രാളത്തോടെ ഓടി. മെയിന്‍ റോഡുവരെ പിറകെ ഓടിയ എന്നെ വെട്ടിച്ചുകൊണ്ട് അയാള്‍ ഏതോ ഇടവഴിയിലെ ഇരുട്ടിലേക്ക് മറഞ്ഞു.
അനുഭവം രണ്ട്:
ഞാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ചട്ടഞ്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്‌തു വരുന്ന സമയത്താണ് രണ്ടാമത്തെ അനുഭവം ഉണ്ടാകുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിന്റെ വടക്കുകിഴക്കേ മൂലയിലാണ് അധ്യാപികമാരുടെയും പെണ്‍കുട്ടികളുടെയും മൂത്രപ്പുര. പ്രത്യേക മുറികളോ വാതിലുകളോ ഒന്നുമില്ലാത്ത, ഇടയില്‍ കല്ലുവച്ച് കളളികള്‍ തിരിച്ച, ഒരാള്‍ പൊക്കത്തില്‍ അരഭിത്തി മാത്രമുളള പ്രാകൃതമായ ഒന്നായിരുന്നു അത്. അതിന് പിറകിലെ മതിലിനപ്പുറം മാനേജരുടെ വിശാലമായ തെങ്ങിന്‍തോപ്പാണ്. മതിലിനും മൂത്രപ്പുരയ്‌ക്കുമിടയില്‍ കുറ്റിച്ചെടികളും പുല്ലും പടര്‍ന്ന് പിടിച്ചിരിക്കുന്നു.
മാനേജരുടെ തോട്ടത്തില്‍ പുല്ലരിഞ്ഞുകൊണ്ടിരുന്ന ജോലിക്കാരന്‍ ഒരു ദിവസം ഉച്ചയ്‌ക്ക് ഓടിയെത്തി ഞങ്ങള്‍ കുറച്ചധ്യാപകരോട് ഒരു സ്വകാര്യം പറഞ്ഞു; കുറച്ചധികം ദിവസമായി ഒരാള്‍ സ്‌ത്രീകളുടെ മൂത്രപ്പുരയ്‌ക്ക് പിറകുവശത്ത് പമ്മി നടക്കുന്നുണ്ട്. കൈയോടെ പിടികൂടാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇപ്പോള്‍ അവന്‍ അവിടെയുണ്ട്. എങ്ങിനെയും പിടികൂടണം. ഒരു 'ഇന്റര്‍നാഷണല്‍ ക്രിമിനലി'നെ കൈയോടെ പിടികൂടാന്‍ പോകുന്നത്രയും ജാഗ്രതയോടെ മാനേജരുടെ പറമ്പുവഴി മതിലുചാടി ഞങ്ങള്‍ സംഭവസ്ഥലെത്തത്തി. അവിടെ കണ്ട കാഴ്‌ച അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. മൂത്രപ്പുരയുടെ ചുമരിനോട് ചേര്‍ന്ന് ഒരാള്‍ക്ക് നീളത്തില്‍ ഒളിച്ചുകിടക്കാന്‍ പാകത്തില്‍, ചുളളിക്കമ്പുകളും പുല്ലും കൊണ്ട് ഉണ്ടാക്കിയ ഒരു പൊത്ത്. അതില്‍ ശരീരത്തിന്റെ പകുതി ഭാഗവും കടത്തി ആ വൃത്തികെട്ട ചാലില്‍ കമിഴ്‌ന്നു കിടക്കുന്ന ഒരു മനുഷ്യന്‍ . ഒരു കാബിനില്‍ മൂത്രം പുറത്തേക്ക് ഒഴുകിപ്പോകാനുണ്ടാക്കിയ ചെറു സുഷിരം ഇയാള്‍ വിദഗ്‌ധമായി വലിയൊരു പൊത്തുപോലെയാക്കി മാറ്റിയിരിക്കുന്നു. ഇപ്പുറത്തിരിക്കുന്നവര്‍ക്ക് ഈ ദ്വാരം തിരിച്ചറിയാതിരിക്കാനായി പഴകിയ സിമന്റ് തേപ്പിന്റെ നിറം തന്നെയുളള ഒരു സിമന്റ് ചാക്കുകൊണ്ട് അത് പുറത്തുനിന്നും മറച്ചിരുന്നു.
ആക്രോശത്തോടെ ഞങ്ങള്‍ അയാളെ കമിഴ്‌ന്നുളള കിടപ്പില്‍ നിന്നും വലിച്ചുയര്‍ത്തി. ഞങ്ങളുടെ പിടിയിലകപ്പെട്ട ആ മനുഷ്യന്‍ രക്ഷപ്പെടാനുളള വെപ്രാളം തുടങ്ങി. പിന്നീട് ഞങ്ങളുടെ മുന്നില്‍ ദയനീയമായ അപേക്ഷ തുടങ്ങി; ഉപദ്രവിക്കരുത്, ഇനി ആവര്‍ത്തിക്കില്ല, മാപ്പുതരണം. ദുര്‍ബലനായ ആ മനുഷ്യനെ തോട്ടത്തിലെ തെങ്ങിനോട് ചേര്‍ത്തുനിര്‍ത്തി ആദ്യത്തെ അടി ഞാന്‍ തന്നെയാണ് കൊടുത്തത്. പിഞ്ഞിതുടങ്ങിയ കുപ്പായത്തില്‍ പിടിച്ച് വലിച്ച് ഞങ്ങള്‍ കുട്ടികളുടെ മുന്നിലൂടെ അയാളെ റീഡിംഗ് റൂമില്‍ എത്തിച്ചു. അമ്പേ മുഷിഞ്ഞു നാറിയ വേഷം. കുറ്റിരോമങ്ങള്‍ വളര്‍ന്ന ആ ദയനീയ മുഖം എനിക്കിന്നും ഓര്‍മ്മയുണ്ട്. പിന്നെ മാനേജരുടെ വരവ് മര്‍ദ്ദനം, പോലീസിന്റെ വരവ് മര്‍ദ്ദനം എന്നിവയും അരങ്ങേറി.
ഈ രണ്ടു സന്ദര്‍ഭങ്ങളിലെയും കഥാപാത്രങ്ങളുടെ ശരീരഘടനയും മുഖഭാവവും ഏകദേശം ഒന്നുതന്നെയായിരുന്നു. കഷ്‌ടപ്പാടിന്റെ വിണ്ടുകീറിയ മുഖത്തെഴുത്തുകള്‍ , എഴുന്ന് നില്‍ക്കുന്ന ജീവിതപരാജയത്തിന്റെ എല്ലിന്‍കൂട്. ദാരിദ്രത്തിന്റെയും ജീവിതനൈരാശ്യത്തിന്റെയും കരി അവരില്‍ നിന്നും തൊട്ടെടുക്കാം. ലൈംഗികതയെ ഇത്രയും ജൂഗുപ്‌സാവഹമായ രീതിയില്‍ നിറവേറ്റാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്താവാം? അസന്മാര്‍ഗ്ഗികളെന്നും വൃത്തികെട്ടവരെന്നും വിളിച്ച് ഇവരെ പരിഹസിക്കുകയും ശിക്ഷിക്കുകയും ചെയ്യാന്‍ നമുക്കെന്തവകാശം? ലൈംഗികതൃപ്‌തി എന്നത് ഉപരിവര്‍ഗ്ഗ പട്ടുമെത്തകളില്‍ മാത്രം കിതപ്പാറ്റുന്ന ഒന്നാണോ? ഈ സംഭവങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധത്തോടൊപ്പം എന്നില്‍ നിറയുന്ന ചിന്തകള്‍ ഇതൊക്കെയാണ്.
ലൈംഗികാനന്ദത്തിന്റെ വൈവിധ്യപൂര്‍ണമായ വഴികളെ ദീര്‍ഘദീര്‍ഘമായി വര്‍ണിച്ചിട്ടുളള കാമശാസ്‌ത്രത്തിലെ അധ്യായങ്ങള്‍ ഉപരിവര്‍ഗ്ഗത്തിന്റെ കാമവൈരസ്യത്തെ ആട്ടിയകറ്റാനുളളതാണ്. നീലസിനിമകളും പോര്‍ണോസൈറ്റുകളും പുതിയകാലത്തും അവര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മധ്യവര്‍ഗ്ഗത്തിനും ഉപരിവര്‍ഗ്ഗത്തിനും ലൈംഗികത കിട്ടാക്കനിയല്ല. അമിതോപയോഗം കൊണ്ടുളള ചെടിപ്പാണ് അവിടെ പ്രശ്‌നം. അതകറ്റാന്‍ അവര്‍ക്ക് വയാഗ്രയുടെ ഊര്‍ജ്ജവും കൊച്ചമ്മ മാസികകളിലെ ഉപദേശവും റെഡി. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗ്ഗത്തിന് പ്രജജനനത്തിനുളള വഴി എന്നതിനപ്പുറത്തേക്ക് ലൈംഗികതയെ അനുഭവിക്കുവാന്‍ കഴിയുന്നുണ്ടോ?
ഇതിനു കാരണമായി രണ്ട് സംഗതികളാണ് ഉളളതെന്ന് ഞാന്‍ വിചാരിക്കുന്നു. ഒന്ന് ഉപരിമധ്യവര്‍ഗ്ഗം സ്വന്തം താല്‍പ്പര്യത്തിനായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കൃത്രിമമായ ധാര്‍മ്മികതയുടെ ഇരുമ്പുമറ.
ലൈംഗികതയെ സംബന്ധിച്ച എത്ര ഇടുങ്ങിയ ധാരണകളുമായാണ് മധ്യവര്‍ഗ്ഗ/ ഉപരിവര്‍ഗ്ഗ കുടുംബങ്ങളിലെ കുട്ടികള്‍ വളര്‍ന്നു വരുന്നത്. സന്മാര്‍ഗ്ഗത്തിന്റെ അപ്പോസ്‌തലന്മാരായി സമൂഹത്തിന്റെ അധികാരശ്രേണികളിലെല്ലാം ഇടംപിടിച്ച ഇക്കൂട്ടര്‍ പ്രസരിപ്പിക്കുന്ന ആശയങ്ങളാണ് സമൂഹത്തിന്റെ പൊതുലൈംഗിക ബോധമായി വികസിക്കുന്നത്. കന്യാകത്വം, ചാരിത്ര്യം, ഏക പങ്കാളി എന്നീ സങ്കല്‌പനങ്ങള്‍ക്ക് സ്വകാര്യ സ്വത്തുമായുളള ബന്ധം എംഗല്‍സ് വിശദീകരിച്ചത് ഓര്‍ക്കുമല്ലോ? തങ്ങളുടെ സ്ഥാനമാനങ്ങളും പദവിയും അധികാരവും തലമുറകളിലേക്ക് പകരുന്ന നിലയില്‍ ലൈംഗികതയെ കെട്ടിയിടാന്‍ , മെരുക്കാന്‍ ഇവര്‍ പടുത്തുയര്‍ത്തിയ സദാചാരനിയമങ്ങള്‍ക്ക് സാധിച്ചു. ഇതാകട്ടെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ലൈംഗികാനന്ദത്തിന്റെ നേരിയ വഴികളെ (സദാചാരനിയമപ്രകാരം അവ വഴിവിട്ടതാകാം) പ്പോലും തടയുന്നവയായിരുന്നു. വിവാഹജീവിതാനന്തരം ഇണയില്‍ നിന്ന് മാത്രം ലഭിക്കേണ്ടുന്ന ഒന്നായി ലൈംഗികാനന്ദത്തെ മനസ്സിലുറപ്പിച്ചാല്‍ , അങ്ങേയറ്റം ദുഷ്‌കരമായ ജീവിതപ്രയാസങ്ങള്‍ക്കിടയില്‍ ഇത് സാധിക്കുക അവര്‍ക്ക് അസാധ്യം. സദാചാരത്തെക്കുറിച്ചുളള ഉപരിവര്‍ഗ്ഗകാഴ്‌ചപ്പാടുകളെ കാറ്റില്‍ പറത്തികൊണ്ട് ജീവിക്കുന്ന പെറുക്കിക്കൂട്ടങ്ങള്‍ ഇന്നുമെത്രയോ ഉണ്ട്. മറ്റൊന്ന് ഇണയുമൊത്ത് ശയിക്കുന്നതിനുപോലുമുളള ഭൗതികസൗകര്യങ്ങള്‍ ഈ വിഭാഗത്തില്‍ എത്രപേര്‍ക്കുണ്ട്? ഒറ്റ മേല്‍ക്കൂരക്കീഴില്‍ മറകളില്ലാതെ അഞ്ചും പത്തും പേര്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യേണ്ടപ്പോള്‍ ദമ്പതികള്‍ക്ക് സഹശയനം ഒരു സ്വപ്‌നം മാത്രം. സന്താനോല്‍പ്പാദത്തിനുമപ്പുറം അതിന് ലക്ഷ്യങ്ങളില്ല. അത്യന്തം ദയനീയമായ ജീവിതസാഹചര്യങ്ങളില്‍ അഭിനിവേശങ്ങളെ കെട്ടിനിറുത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ പിന്തുടരുന്ന വി.പി.ശിവകുമാറിന്റെ തൂലിക എത്തിച്ചേരുന്നതും ഇത്തരം ഒരു സാഹചര്യത്തിലാണ്. രോഗിയായ ഭാര്യ, വിശന്നുനിലവിളിക്കുന്ന കുഞ്ഞുങ്ങള്‍ ...ഇവിടെയെത്തുമ്പോള്‍ വായനക്കാരന്‍ ആ പാവത്തിന്റെ പക്ഷം ചേരുകയാണ്.
ലൈംഗികാനന്ദത്തിന് തങ്ങളുടെതായ വഴികള്‍ കണ്ടെത്തിയ രണ്ട് ദരിദ്രനാരായണന്മാരോട് അപക്വമായി പെരുമാറിയ രീതിയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കുകയല്ലാതെ എന്തു ചെയ്യാന്‍ !
2009, മേയ് 2, ശനിയാഴ്‌ച
കുറ്റവും ശിക്ഷയും
ഏത് ആള്‍ക്കൂട്ടത്തിലും ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്. ജില്ലയിലെ അറിയപ്പെടുന്ന കായികപ്രേമി. നമ്പൂതിരി ഫലിതത്തിലെ ഏത് അതിശയോക്തിയേയും വെല്ലുന്ന ഭക്ഷണ പ്രിയന്‍. സ്ഥാനത്തും അസ്ഥാനത്തും പ്രയേഗിക്കുന്ന ഫലിതങ്ങളും സ്വയം അതാസ്വദിച്ചുകൊണ്ടുളള അട്ടഹാസവും. അരോഗദൃഢഗാത്രന്‍. അക്ഷരാര്‍ത്ഥത്തില്‍ ആജാനബാഹു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറക്കണമെങ്കില്‍ ബാക്കിയുളളവര്‍ക്ക് അല്‍ഷിമേഴ്‌സ് വരണം. (പരിചയപ്പെട്ടവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഒരു കോളിംഗ് ബെല്ലിനപ്പുറം വാതില്‍ക്കല്‍ നിന്ന് ഇടിമിന്നലോടെയുളള ആ ചിരി കാണുകയും കേള്‍ക്കുകയും ചെയ്യാം. അതിനുമാത്രം മാഷ്‌ക്ക് തന്റെ നമ്പൂതിരി മാഹാത്മ്യം തടസ്സമല്ല. റിട്ടയര്‍മെന്റിനു ശേഷം തുടര്‍ച്ചയായി കോടിപതിയാകുന്നതും ഈ ചിരിയുടെ ബലത്തിലല്ലേ).
എന്തെങ്കിലും ചെറിയൊരു കാരണമുണ്ടെങ്കില്‍ ചുരുങ്ങിയത് നാല് ദിവസമെങ്കിലും മാഷ് ഓണ്‍ഡ്യൂട്ടിയായിരിക്കും. വന്നാല്‍ തന്നെ, മാഷന്മാരില്ലാത്ത ക്ലാസില്‍ പിള്ളേര്‍ സാമ്പിള്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തിയാലും മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ പോലും ആ വരാന്തയിലൂടെ അദ്ദേഹം നടക്കില്ല. ഡിസിപ്ലിന്റെ കാര്യത്തില്‍ അത്ര ഉഷാറാണ്. എപ്പോഴെങ്കിലും കോപിഷ്‌ഠനായാലോ സ്‌ഫടികം ജോര്‍ജ്ജിനേക്കാള്‍ ക്രൂരന്‍. ആളെക്കുറിച്ച് ഒരേകദേശ ചിത്രമായല്ലോ.
ഇനി സംഭത്തിലേക്കു കടക്കാം.
ഒന്നാം നിലയിലെ ഒരറ്റത്താണ് പ്രിന്‍സിപ്പാള്‍ കം ഓഫീസ് റൂം. ഒരു സാധാരണ ക്ലാസ് മുറിയില്‍ ഷെല്‍ഫ്‌കൊണ്ട് മറച്ച് ഉണ്ടാക്കിയതാണ് പ്രിന്‍സിപ്പാളിന്റെ കാബിന്‍ അഥവാ `ഊണുമുറി.' ക്ലാര്‍ക്ക്, പ്യൂണാദികള്‍ മാഷില്ലാത്ത ദിവസങ്ങളില്‍ പ്രത്യേകിച്ചും പലതരം വിനോദങ്ങളില്‍ ഏര്‍പ്പടുന്നത് അപ്പുറത്തു ബാക്കിയുളള സ്ഥലത്തുവെച്ചാണ്. ക്ലാസ് കട്ടു ചെയ്‌തും വെടിപ്രിയരായ മാഷന്മാര്‍ ലോകവിവരം വിളമ്പാനെത്തുമെന്നതിനാല്‍ അവിടെയാണ് കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും.
മാര്‍ച്ചിലെ ചുട്ടുപൊളളുന്ന ഒരു പരീക്ഷക്കാലം. രാവിലത്തെ പരീക്ഷ കഴിഞ്ഞ് ഉച്ചയ്‌ക്കുളള പരീക്ഷ ആരംഭിക്കുന്നതിനിടയിലുളള ഷോര്‍ട്ട് ബ്രക്ക്. തന്റെ കാബിനില്‍ നിന്ന് സമൃദ്ധമായ ഊണും കഴിഞ്ഞ് (ആറോളം പാത്രങ്ങളിലായാണ് മോരടക്കമുളള വിഭവങ്ങള്‍) മാഷ് മുറിക്കുമുന്നിലെ വരാന്തയുടെ അരഭിത്തിയില്‍ വെച്ച് പാത്രം കഴുകല്‍ ആരംഭിച്ചു. തൊണ്ടകാറിച്ചും കുലുക്കിയുഴിഞ്ഞുമുളള വാ കഴുകല്‍ പരിപാടി ആ ഏരിയയെത്തന്നെ പ്രകമ്പനം കൊളളിക്കുന്നതാണ്. (മാഷുടെ ഈ കുലുക്കിത്തുപ്പലിന്റെ രക്തസാക്ഷികള്‍ തൊട്ടുതാഴെയുളള ഒന്‍പത് സിയിലെ പിള്ളേരാണ്. മാഷുളള ദിവസം ഈ കലാപരിപാടി ഓര്‍ക്കാതെ ആരെങ്കിലും പുറത്തുചാടിയാല്‍ ചൂടുളള ഒരു ഷവര്‍ബാത്ത് സൗജന്യം. ഇതെന്താടാ ഈ നട്ടപ്പൊരിയുന്ന വെയിലത്ത് മഴയോ എന്ന് മേലോട്ട് നോക്കി വാ പൊളിച്ചാല്‍ ഇല്ലത്തെ സംഭാരത്തിന്റേയും, സാമ്പാറിന്റേയും രുചി തനി മാപ്പിളക്കും അനുഭവിക്കാം. പെണ്‍കുട്ടികളാണ് ഇരകളെങ്കില്‍ വൈകിട്ട് വീട്ടിലെത്തി അമ്മ പേന്‍ നോക്കുമ്പോള്‍ ചീപ്പില്‍ കാരറ്റിന്റേയും, ബീറ്റ്‌റൂട്ടിന്റേയും വര്‍ണ്ണവിസ്‌മയങ്ങള്‍ ചിരിയുതിര്‍ക്കും.
കഴുകല്‍ സ്ഥലത്തുനിന്നു നോക്കിയാല്‍ മുന്നില്‍ വെയിലില്‍ പൊടിക്കാറ്റടിക്കുന്ന ചെമ്മണ്‍ ഗ്രൗണ്ട്. അന്ന് കുലുക്കിയുഴിച്ചിലിന്റെ ചെറിയൊരു ഗ്യാപ്പിലാണ് മാഷുടെ കണ്ണില്‍ രണ്ട് വിരുതന്മാര്‍പ്പെട്ടത്. അവര്‍ ഗ്രൗണ്ടിന്റെ അങ്ങേത്തലയ്‌ക്കലൂടെ ചൂളമടിച്ചുകൊണ്ട് നടക്കുകയാണ്. വെറും നിസ്സാര പ്രശ്‌നം. പക്ഷേ പാലം മറിഞ്ഞാലും കുലുങ്ങാത്ത കേളന്‍ ഉഗ്രമായൊന്നു കുലുക്കിത്തുപ്പി. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ ചൂളമടിയോ? സ്‌ഫടികം ജോര്‍ജ്ജിലേക്കുളള കൂടുമാറ്റം പെട്ടന്നായിരുന്നു.
ലത്തീഫേ..
(പ്യൂണായ പാവം ലത്തീഫ് മാത്രമേ മാഷ് പറഞ്ഞാല്‍ വല്ലതും കേള്‍ക്കൂ. മറ്റൊരു പ്യൂണായ വേണൂജിയാകട്ടെ, മാഷ് വല്ലതും പറഞ്ഞാല്‍ `കുറേ നാളായി ചെവിയിലെന്തോ ഒരു വേദന; ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല' എന്ന ആത്മഗതത്തോടെ മുണ്ടിന്റെ കോന്തല ചെവിയില്‍ക്കേറ്റിത്തിരിക്കാന്‍ തുടങ്ങും. എന്തെങ്കിലും കുറ്റം നാലുകിലോമീറ്ററപ്പുറത്തു നിന്നും പറഞ്ഞാല്‍ പിടിക്കുന്ന ആന്റിനയാണ് മൂപ്പരൂടേത്.)
ദാ... ആ പോണ കഴുതകളെ നേരെ ഇങ്ങോട്ടു കൂട്ടിവാ..
`എന്താ സാര്‍ പ്രശ്‌നം?'
എന്താടോയിത് ചന്തയാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാ വിസിലടി? പിടിച്ചുകൊണ്ടുവാ രണ്ടിനേയും..ഒരു പാഠം പഠിപ്പിച്ചു വിടാം. ഇനിമേലില്‍ ഈ സൂക്കേട് ഉണ്ടാവരുത്
ക്ലാസില്‍ വെച്ച് പിള്ളേര്‍ കബഡി കളിച്ചാലും നോക്കാത്ത ആളാ ഗ്രൗണ്ടിലെ ചൂളംവിളി ഏറ്റുപിടിക്കുന്നത് എന്നെല്ലാം പിറുപിറുത്ത് മുറുകിത്തുടങ്ങിയ ഉറക്കം നശിപ്പിച്ച ദേഷ്യത്തോടെ ലത്തീഫ് ഗ്രൗണ്ടിലേക്കോടി.
മാഷ് കാബിനിലെത്തി, ശാസ്‌ത്രീയമായി ശിക്ഷ എങ്ങനെ നടപ്പിലാക്കാം എന്നാലോചിച്ച് ഞെളിപിരികൊണ്ടു. ചൂരല്‍, സ്‌കെയില്‍, റൂളര്‍ എന്നിവ ഞാന്‍ ഞാന്‍ എന്ന് പറയുമ്പോലെ മേശമേല്‍ തെളിഞ്ഞു നില്‍ക്കുന്നത് മാഷില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഒടുവില്‍ കൈപ്രയോഗം തന്നെ മെച്ചം എന്ന് നിശ്ചയിച്ച്, `ഒരു മിഷ്യന്‍ കല്ല് കിട്ടിയെങ്കില്‍ കൊത്തങ്കല്ലു കളിക്കാമായിരുന്നു' എന്ന് മിമിക്രിക്കാര്‍ ജയനെ ഗോഷ്‌ഠികാണിക്കാന്‍ നില്‍ക്കുന്ന പോസില്‍ കൈനിവര്‍ത്തി റെഡിയായി നിന്നു. മൂന്നു മിനിട്ടിനകം രണ്ടു തലമുറിയന്മാര്‍ വാതില്‌ക്കല്‍ പ്രത്യക്ഷപ്പെട്ടു.
`വാടാ........ഇവിടെ' ആക്രോശം മുറിയുടെ വിസ്‌താരം ഒന്ന് തൂട്ടിയതുപോലെ.
കിടാങ്ങള്‍ ക്യാബിനിന്റെ മിന്നിലെത്തിയതും മാഷ് ഒരുവന്റെ പിടലിയില്‍ പിടുത്തമിട്ടു. `സാര്‍..........ഞാന്‍.........ഞാന്‍...............' അവന്‍ ബലിഷ്‌ഠമായ കൈയ്യില്‍ കിടന്ന് പിടച്ചു.
`ഞാനോ..................എന്ത് ഞാനെടാ...............തെമ്മാടി........ഇത് സ്‌ക്കൂളോ, ചന്തയോ....'
കുനിച്ചു നിര്‍ത്തി അവന്റെ മുതുകത്തേക്ക് 1200 മൈല്‍ സ്‌പീഡില്‍ ഒരുങ്ങി റെഡിയായി നിന്ന വലംകൈ പതിച്ചു. എത്രയോ വര്‍ഷം അധ്യാപകര്‍ക്കായുള്ള ഷോട്ട്‌പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കൈയാണത്.
ഒന്ന്.........രണ്ട്...........മൂന്ന്....
കൈയ്യല്ല പുറത്ത് ഹിമാലയം, വിന്ധ്യന്‍ തുടങ്ങിയ പര്‍വ്വതങ്ങള്‍ വന്നു വീഴുന്നതായാണ് പയ്യന് തോന്നിയത്.
കുട്ടികളായാല്‍ അച്ചടക്കം വേണം ഓരോ പദത്തിന്റെയും കൂട്ടക്ഷരത്തിന് താളമിട്ടാണ് അടി. നാല്.........അഞ്ച്...........ആറ്.....
.....അല്ല..........സര്‍..........ഞാന്‍...........അയ്യോ.............
പറയാനോങ്ങുന്നത് ഇടയില്‍ വന്നുവീഴുന്ന അടി വിഴുങ്ങുന്നതിനാല്‍ അവന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ദുര്യോധനവധം കഥകളി രംഗത്തേക്കാള്‍ ഭീകരമായ അലര്‍ച്ചയും താഢനവും ലൈവായി കാണുന്ന മറ്റവന്‍, കാബിനും വരാന്തയും ഗ്രൗണ്ടും നിമിഷാര്‍ദ്ധം കൊണ്ട് താണ്ടി ജീവനും കൊണ്ട് പറപറന്നു.
ഏഴ്..........എട്ട്........
ഇനിയിതാവര്‍ത്തിക്കുമോടാ? മാഷ് നിവര്‍ന്ന് നിന്ന് ശ്വാസം വിട്ടു.
കരിമരുന്ന് പ്രയോഗത്തിനുശേഷം താറുമാറായ, അമിട്ടുകുഴിച്ചിട്ട സ്ഥലം പോലെ തകര്‍ന്ന പുറവുമായി ശനിയന്‍ ആടിയാടി നിന്നു.
ഇല്ലസാര്‍...........ഒരിക്കലുമില്ല..............
എവിടെടാ നിന്റെ കൂട്ടുകാരന്‍..........
മറ്റവന്‍ രക്ഷപ്പെട്ടു എന്ന് കൂടി അറിഞ്ഞപ്പോള്‍ തന്റെ കഷ്‌ടകാലമോര്‍ത്ത് പയ്യന്‍ വലിയവായില്‍ നിലവിളി തുടങ്ങി. അടിയുടെ ഒച്ചയും ഹെഡ്‌മാഷുടെ അലര്‍ച്ചയും പയ്യന്റെ ദീനരോദനവുമെല്ലാം സംഭവത്തെ ഒരു കിലോമീറ്റര്‍ ദൂരെ വരെ എത്തിച്ചതുകൊണ്ട് അപ്പോഴേക്കും വന്‍ ജനാവലി കാബിനു ചുറ്റും എത്തിയിരുന്നു. കാബിനു തൊട്ടപ്പുറം ക്ലാര്‍ക്കന്മാരുടെ സീറ്റിലിരുന്ന് വെടി പറഞ്ഞുകൊണ്ടിരുന്ന പ്ലസ്‌ടുവിലെ ഫിസിക്‌സിന്റെ ബാലഗോപാലന്‍മാഷും കൂട്ടത്തിലുണ്ടായിരുന്നു. പയ്യന്‍ ആയാസപ്പെട്ട് മുഖം ഉയര്‍ത്തിയപ്പോഴാണ് അദ്ദേഹത്തിന് ആളെ മനസ്സിലായത്. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍്‌ത്ഥി, പഠിപ്പിസ്റ്റ്, പഞ്ചപാവം ഒക്കെയായ മണികണ്‌ഠന്‍.കെ.വി യാണ് ഈ ഇര.
മണീ.നീയോ........ ബാലഗോപാലന്‍ മാഷെ കണ്ടതും മണിയുടെ രോദനത്തിന് നീളം കൂടി. സാര്‍....ആശ്രയത്തിനായി അവന്‍ മാഷെ ബലമായി കെട്ടിപ്പിടിച്ചു.
എന്തുപറ്റിയെടാ... എന്താ സംഭവം........ അവന്റെ മുഖം പിടിച്ചുയര്‍ത്തി ബാലഗോപാലന്‍ മാഷ് ചോദിച്ചു.
ഞാന്‍.... സാറിനെക്കണ്ട് ....നാളത്തെ.... ഫിസിക്‌സ് ....പരീക്ഷയുടെ ....ചില സംശയങ്ങള്‍ .....ചോദിക്കാന്‍ വന്നതാ.... പേടിച്ച് തുപ്പലുപോലും വറ്റിയ മണി മുറിച്ച് മുറിച്ച് ഇത്രയും പറഞ്ഞൊപ്പിച്ചു.
സൂചി വീണാല്‍ കേള്‍ക്കുന്ന സ്ഥിതി എന്ന ഉപമിപ്പിക്കുന്നതിന് അപവാദമായി മണിയുടെ തേങ്ങലിനോടൊപ്പമുള്ള മുക്കിളവലിക്കുന്ന ശബ്‌ദവും ഹെഡ്‌മാഷുടെ കിതപ്പുമല്ലാതെ മറ്റൊന്നുമില്ല. ബാലഗോപാലന്‍ മാഷ് അതിരൂക്ഷമായി ഹെഡ്‌മാഷെ, മണി തളര്‍ന്ന കണ്ണുകളുമായി ഇടയില്‍ കൈവിട്ട് തറയില്‍ ചിതറിയ തന്റെ ഫിസിക്‌സ് പുസ്‌തകങ്ങളെ, ഹെഡ്‌മാഷ് പൊളിച്ചുപോയ വായയയുമായി ഇതെന്തു മറിമായമെന്ന മട്ടില്‍ കൂടിനില്‍ക്കുന്നവരെ...... രണ്ട് മിനിട്ടോളം നീണ്ട സ്‌തംഭനാവസ്ഥയെ തകര്‍ത്തത്, ഉറക്കം നഷ്‌ടപ്പെട്ടതിന്റെയും വെയിലത്ത് നടന്നതിന്റെയും പടികയറിയതിന്റെയും മുഴുവന്‍ ദേഷ്യവും കടിച്ചിറക്കിക്കൊണ്ടുള്ള ലത്തീഫിന്റെ ഒച്ചയാണ്
`സാറേ.... അവന്മാര് രണ്ടും വന്നില്ല..... സാറിനെ.. മുഴുത്തെറിയും പറഞ്ഞാ രണ്ടും പോയത്. ഡിങ്കന്‍ എന്ന അവരുപയോഗിച്ച പദം വായിലോളം വന്നത് ലത്തീഫ് പണിപ്പെട്ടാണ് വിഴുങ്ങിയത്.