2015, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

ഭാവനയുടെ മാര്‍ക്വേസിയന്‍ രാഷ്ട്രീയം.

                                        (ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്റെ 'പ്രകാശം ജലം പോലെയാണ്' എന്ന കഥ, അദ്ദേഹത്തിന്റെ അസാധാരണമായ കഥപറച്ചില്‍ രീതിയുടെയും സൂക്ഷ്മമായ രാഷ്ട്രീയ ബോധത്തിന്റെയും തെളിവാണ്. മാര്‍ക്കേസിന്റെ കഥാസമാഹാരങ്ങളില്‍ ഒന്നായ 'അപരിചിത തീര്‍ത്ഥാടകര്‍' എന്ന കൃതിയില്‍ ഉള്‍പ്പെട്ട ഈ കഥ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രചനാതന്ത്രമായ 'മാജിക്കല്‍ റിയലിസ'ത്തിന്റെ സ്വഭാവസവിശേഷതകളെ എടുത്തുകാട്ടാന്‍ പര്യാപ്തമാണ്. വിചിത്രമായ ഭാവനകളില്‍ അഭിരമിക്കുമ്പോഴും യാഥാര്‍ത്ഥ്യവുമായുള്ള നാഭീനാളബന്ധം അറ്റുപോകാതിരിക്കാന്‍ കഥാശില്‍പ്പത്തില്‍ എത്രമാത്രം ശ്രദ്ധയാണ്, മാര്‍ക്വേസ് എന്ന കഥയുടെ പെരുന്തച്ചന്‍ പതിപ്പിക്കുന്നത് എന്നും ഈ കഥകാട്ടി ഉദാഹരിക്കാം.

അച്ഛന്‍, അമ്മ, രണ്ടു കുട്ടികള്‍ ഇവരടങ്ങുന്ന ഒരു കുടുംബത്തിനകത്തെ വിചിത്രങ്ങളായ ചില സംഭവങ്ങളാണ് 'പ്രകാശം ജലം പോലെയാണ്' എന്ന കഥയുടെ ഇതിവൃത്തം. ഒമ്പതു വയസ്സുകാരനായ ടോട്ടോയും എഴുവയസ്സുകാരനായ ജോവലും നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളാണ്. ഇപ്പോള്‍ സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ഒരു വലിയ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലുള്ള ഇടുങ്ങിയ അപ്പാര്‍ട്ട്‌മെന്റിലാണ് അവര്‍ താമസിക്കുന്നത്. നേരത്തെ കുടുംബം കഴിഞ്ഞിരുന്നത് കാര്‍ത്താജിന എന്ന ലാറ്റിനമേരിക്കയിലുള്‍പ്പെട്ട കൊളംബിയയിലെ തുറമുഖനഗരത്തിലാണ്. കാര്‍ത്താജിന കടലിനാല്‍ ചുറ്റപ്പെട്ടതും കടലിലേക്ക് ചേരുന്ന നദികളാല്‍ സമ്പന്നവുമായ ഒരു ചെറു നഗരമാണ്. വെള്ളവും വള്ളവും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു അന്ന്. വീട്ടില്‍ നിന്ന് നേരിട്ട് ഉള്‍ക്കടലിലേക്ക് ബോട്ടുകള്‍ ഇറക്കാവുന്ന സൗകര്യം പോലും അവിടെയുണ്ടായിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞാണ് അവര്‍ക്ക് ഈ ആധുനിക പരിഷ്‌കൃത നഗരത്തിലേക്ക് കുടിയേറേണ്ടി വന്നത്.

അച്ഛനുമായി പന്തയം വെച്ച് വാശിയോടെ പഠിച്ച്, സ്‌കൂളിലെ പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയെടുക്കുന്ന ടോട്ടോയും ജോവലും സെക്സ്റ്റന്റും കോമ്പസ്സും ഉള്ള ഒരു ഒന്നാന്തരം വള്ളവും തുഴയും സമ്പാദിക്കുന്നു. ഷവറില്‍ നിന്നും അല്‍പ്പം വെള്ളം മാത്രം ലഭിക്കുന്ന, കുടുസ്സായ ഈ ഫ്‌ലാറ്റില്‍ വള്ളം കൊണ്ടുവന്നിട്ടു യാതൊരു പ്രയോജനവും ഇല്ലെന്നഭിപ്രായമുള്ള അമ്മ മാത്രമാണ് ഇതില്‍ അമര്‍ഷം കൊള്ളുന്നത്. കൂട്ടുകാരുടെ സഹായത്തോടെ വള്ളം അവര്‍ മുകളിലെത്തിച്ചു. അടുത്ത ബുധനാഴ്ച അച്ഛനും അമ്മയും സിനിമയ്ക്ക് പോയപ്പോള്‍ കുട്ടികള്‍ വീട്ടിലെ സ്വീകരണ മുറിയിലെ ബള്‍ബുകള്‍ പൊട്ടിച്ച് റൂമില്‍ മുഴുവന്‍ ജലം പോലെ പ്രകാശം നിറയ്ക്കുകയും അതില്‍ തങ്ങളുടെ തോണി തുഴഞ്ഞ് രസിക്കുകയും ചെയ്തു. ഇതിനായി അവരെ പ്രചോദിപ്പിച്ചത്, ഇടയ്ക്ക് കഥയില്‍ പ്രത്യക്ഷപ്പെടുന്ന ആഖ്യാതാവ് നടത്തിയ ഒരു പ്രസ്താവനയാണ്. പ്രകാശം ജലം പോലെയാണ് എന്ന് അയാളാണ് അവരോടു പറഞ്ഞത്. കുട്ടികള്‍ വീണ്ടും അച്ഛനോട് പന്തയം വെച്ച് സ്‌കൂളില്‍ നിന്ന് വലിയ സമ്മാനങ്ങള്‍ നേടുകയും പകരമായി നീന്തല്‍ വസ്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കുകയും ചെയ്യുന്നു. കഥാന്ത്യത്തില്‍, അച്ഛനമ്മമാര്‍ സിനിമയ്ക്ക് പോയ ഒരവസരത്തില്‍ കുട്ടികള്‍ കൂട്ടുകാരെ വിളിച്ചുകൂട്ടുകയും ആനന്ദിക്കുകയും ചെയ്യുന്നു. എല്ലാവരും ഒരുമിച്ചു ബള്‍ബുകള്‍ പൊട്ടിച്ചതിനാല്‍ പ്രകാശം മുറിയും കെട്ടിടവും കവിഞ്ഞു പുറത്തെക്കൊഴുകുകയും കുഞ്ഞുങ്ങളെല്ലാം അതില്‍ മുങ്ങിത്താഴുകയും തുടര്‍ന്ന് നഗരത്തിലേക്ക് ശക്തിയോടെ പ്രവഹിക്കുകയും ചെയ്യുന്നു. ടോട്ടോയും ജോവലും മാത്രം വഞ്ചിയില്‍ ഇരുന്ന് തുഴഞ്ഞുകൊണ്ട് കാഴ്ചകള്‍ ആസ്വദിക്കുന്നു.

മാര്‍ക്കേസിന്റെ ഈ കഥ സവിശേഷം ശ്രദ്ധിക്കപ്പെടുന്നത് അതുണര്‍ത്തുന്ന സാംസ്‌കാരിവും രാഷ്ട്രീയവുമായ സൂക്ഷ്മവിമര്‍ശനത്താലാണ്. എങ്ങിനെയാണ് ഈ കഥ നിശിതമായ സാംസ്‌കാരിക വിമര്‍ശന മൂല്യം കൈവരിക്കുന്നത്? ചരിത്രപരമായി കഥ നിര്‍വ്വഹിക്കുന്ന ദൗത്യം എന്താണ്? കഥയില്‍ സവിശേഷം സന്നിവേശിപ്പിച്ചിട്ടുള്ള ഈ ഘടകങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയുക, മാജിക്കല്‍ റിയലിസം സമര്‍ത്ഥമായി ഉപയോഗിച്ചതെങ്ങിനെ എന്ന് ഇഴപിരിക്കുമ്പോഴാണ്. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളെല്ലാം സുദീര്‍ഘമായ കാലം സ്‌പെയിന്‍ പോര്‍ച്ചുഗല്‍ തുടങ്ങിയ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായിരുന്നു. കൊളംബിയ മൂന്നു നൂറ്റാണ്ടുകാലമാണ് സ്പാനിഷ് അധിനിവേശത്തിന് കീഴില്‍ അമര്‍ന്നു കിടന്നത്. രക്തരൂഷിതമായ യുദ്ധത്തിലൂടെയാണ് നാടിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ അവിടുത്തെ വിപ്ലകാരികള്‍ക്ക് കഴിഞ്ഞത്. സ്വന്തം മണ്ണിന്റെ സംസ്‌കാരവും സമ്പത്തും അധിനിവേശശക്തികള്‍ കടപുഴക്കുന്നത് നോക്കിനില്‍ക്കാന്‍ മാത്രം കഴിഞ്ഞ ഒരു ജനതയുടെ പിടച്ചില്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ രചനകളില്‍ തെളിഞ്ഞു കാണാം. പ്രകാശം ജലം പോലെയാണ് എന്ന കഥയും നിലകൊള്ളുന്നത് ഈ ചരിത്രപരിസരത്ത് തന്നെയാണ്.
കഥയില്‍ സവിശേഷം കടന്നു വരുന്നത് രണ്ടു സ്ഥലനാമങ്ങളാണ്, മാഡ്രിഡും കാര്‍ത്താജിനയും. മാഡ്രിഡ് സ്‌പെയിനിന്റെ തലസ്ഥാനമാണ്. വിസ്തൃതിയുടെയും ജനസംഖ്യയുടെയും കാര്യത്തില്‍ ലോകത്തിലെ മെട്രോപൊലിറ്റന്‍ സിറ്റികളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന പരിഷ്‌കൃത ആധുനിക നഗരം. കാര്‍ത്താജിനയാവട്ടെ കൊളംബിയയിലെ പ്രശസ്തമായ തുറമുഖ നഗരമാണ്. കടലിനോടു ചേര്‍ന്ന് നില്‍ക്കുന്ന, നദികളാലും ജലപാതകളാലും സമ്പന്നമായ, സാംസ്‌കാരികമായി വലിയ പ്രാധാന്യമുള്ള സ്ഥലം. കൊളംബിയയിലെ ദേശീയ പൈതൃക മ്യൂസിയം സ്ഥിതിചെയ്യുന്നത് കാര്‍ത്താജിനയിലാണ്. കഥയിലെ കര്‍താജിനയില്‍ നിന്നുമുള്ള കുട്ടികള്‍ തങ്ങളുടെ ഭാവനയുടെ പ്രകാശപ്രളയത്താല്‍ മാഡ്രിഡ് നഗരത്തെ മുക്കിത്താഴ്തുകയാണ്. ഇത് ചരിത്രപരവും അസാധാരമായ വഴികളിലൂടെയുള്ളതുമായ പ്രതികാരമാണ് എന്ന് വായിക്കാവുന്നതാണ്.

പ്രകാശവും ജലവും ആണ് കഥയിലെ രണ്ട് പ്രധാന രൂപകങ്ങള്‍. പോലെ എന്ന ഉപമാവാചകമാണ് രണ്ടിനെയും ബന്ധിപ്പിക്കുന്നത്. പ്രകാശവും ജലവും സാമ്യവും വ്യത്യാസവും ഉള്ള പ്രകൃതി പ്രതിഭാസങ്ങളാണ്. പ്രകൃതിയില്‍ ജീവന്‍ സാധ്യമാകുന്നതിന് ഇവ രണ്ടും അത്യാവശ്യമാണ്. കഥയില്‍ പക്ഷെ, ഇവ പ്രത്യക്ഷപ്പെടുന്നത് രണ്ടു ജീവിതാവസ്ഥകളുടെ പ്രതിനിധാനങ്ങള്‍ ആയിട്ടാണ്. സ്വാഭാവികമായ, പ്രകൃതി പ്രതിഭാസമായ പ്രകാശമല്ല കഥയില്‍ പ്രയോജനപ്പെടുത്തുന്ന പ്രകാശം. അത് വൈദ്യുതവിളക്കില്‍ നിന്നും പ്രവഹിക്കുന്ന പ്രകാശമാണ്. വൈദ്യുതികൂടി സാധ്യമാക്കിയ ഒന്നാണ് ആധുനികത. ആധുനികമായ ജ്ഞാനത്തിന്റെ അടിസ്ഥാനം മനുഷ്യ നിര്‍മ്മിതമായ ഈ പ്രകാശമാണ്. കഥയിലെ കുഞ്ഞുങ്ങള്‍ പ്രകാശത്തെ തിരിച്ചിടുകയാണ്. മുകളില്‍ നിന്നും താഴേക്ക് വര്‍ഷിക്കുന്ന പ്രകാശത്തെ താഴെനിന്നും മുകളിലേക്ക് ഉയരുന്ന ജലമായി അവര്‍ മാറ്റിത്തീര്‍ക്കുന്നു. ജ്ഞാനത്തെ സംബന്ധിക്കുന്ന ആധുനികബോധത്തെയാണ് അവര്‍ തിരിച്ചിടുന്നത്. ജനതയുടെ ദീര്‍ഘകാലത്തെ അനുഭവവുമായി ബന്ധപ്പെട്ട അറിവുകൊണ്ടാണ് പുതിയ ജ്ഞാനരൂപങ്ങളെ തിരിച്ചിടാന്‍ അവര്‍ക്ക് കഴിയുന്നത്. ആധുനിക ജ്ഞാനത്തിന് പുറത്തുനില്‍ക്കുന്ന, മനുഷ്യന്റെ ആന്തരികമായ പൊരുളാണ് ഇവിടെ ഇതിനവര്‍ക്ക് ബലമായി വര്‍ത്തിക്കുന്നത്. അവരുടെ ഈ  അനുഭവങ്ങളാകട്ടെ ആധുനികതയ്ക്ക് അയുക്തിയും അവിശ്വസനീയവുമാണ്. ലാറ്റിനമേരിക്കന്‍ ജനതയുടെ യാഥാര്‍ത്ഥ്യമാണ് തന്റെ രചനയില്‍ ഉള്ളതെന്നും അതിനെ പുറത്തുള്ളവരാണ് മാന്ത്രികയാഥാര്‍ത്ഥ്യം എന്ന് വിളിക്കുന്നതെന്നും മാര്‍ക്കേസ് പലവട്ടം പറഞ്ഞിട്ടുണ്ട്. പ്രകാശവും ജലവും രണ്ട് പ്രതിനിധാനങ്ങള്‍ ആണെങ്കില്‍ അവ യഥാക്രമം മാഡ്രിഡിനെയും കാര്‍ത്താജിനയെയും കൂടി ഓര്‍മ്മിപ്പിക്കും. പ്രകാശം മുഖമുദ്രയായ മെട്രോ സിറ്റിയാണ് മാഡ്രിഡ്. പ്രാക്തനമായ ജലനിബിഡമായ പ്രദേശം കാര്‍ത്താജിനയും. പ്രകാശം വാസ്തവികതുടെയും ജലം നിഗൂഡതയുടെയും പ്രതീകങ്ങളാണ്. പ്രകാശം യാഥാര്‍ത്ഥ്യബോധത്തെയും ജലം ഭാവനയെയും ആണ് ഉണര്‍ത്തുക. ഗൂഡമായ സൗന്ദര്യത്തിന്റെ ഇരുണ്ടതും വന്യവുമായ ലോകങ്ങളെ മനുഷ്യ ഭാവനയില്‍ നിന്നും പുറന്തള്ളിയത് യുക്തിയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും തീഷ്ണപ്രകാശമാണ്. ആ പ്രകാശത്തെത്തന്നെ ഭാവനാത്മകമായി പുനര്‍നിര്‍വചിക്കുകയാണ് കഥയിലെ കുട്ടികള്‍ ചെയ്യുന്നത്.

ഭൗതികമായി മാത്രമല്ല അധിനിവേശശക്തികള്‍ തങ്ങള്‍ ആധിപത്യം സ്ഥാപിച്ച ദേശങ്ങളെ ദാരിദ്രമാക്കിയത്. 'കുരുമുളക് മാത്രമല്ലേ, തിരുവാതിര ഞാറ്റുവേല അവര്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ..' എന്ന് ആശ്വസിച്ച സാമൂതിരിയുടെ വിചാരം ശരിയായിരുന്നില്ലെന്ന് നമ്മള്‍ ഇന്നറിയുന്നുണ്ട്. ഭൗതികമെന്നതിനേക്കാള്‍ സാംസ്‌കാരികമായ അധിനിവേശമാണ് സാമ്രാജ്യത്വം അവരുടെ കോളനികളില്‍ നടപ്പാക്കിയത്. ഇന്ത്യന്‍ ജനതയുടെ അന്നുവരെയുള്ള അറിവുകളെ ഒരു ചെറിയ അലമാരയില്‍ ഒതുക്കാവുന്നതെയുള്ളൂ എന്ന ബോധ്യമാണ് തദ്ദേശീയര്‍ക്ക് പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്യുന്ന പാശ്ചാത്യ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായുള്ള മെക്കാളെ പ്രഭുവിന്റെ ന്യായവാദത്തിന്റെ കാതല്‍. യുക്തിയിലും കാര്യകാരണത്തിലും ഊന്നിയതും വസ്തുവിലധിഷ്ഠിതവുമായ ഒരു ജ്ഞാനത്തെമാത്രമാണ് അവര്‍ അറിവിന്റെ കള്ളിയില്‍ പെടുത്തിയിരുന്നത്. കീഴടക്കപ്പെട്ട ദേശങ്ങളിലെ മനുഷ്യരുടെ അതിബൃഹത്തായ ജ്ഞാനപാരമ്പര്യത്തെ അവര്‍ ഈ കള്ളികളിലൊന്നിലും പെടുത്തിയില്ല. ഭാവനയാലും കല്‍പ്പനയാലും രൂപം കൊടുത്ത ആ ലോകം തദ്ദേശീയര്‍ക്ക് പക്ഷേ അനുഭവവേദ്യമായിരുന്നു. നാട്ടറിവുകളായും ഐതിഹ്യങ്ങളായും പുരാവൃത്തങ്ങളായും അവര്‍ ജീവിച്ച, ചിലപ്പോള്‍ അതീന്ദ്രിയം പോലുമായ ലോകത്തെ ദര്‍ശിക്കാന്‍ പാശ്ചാത്യര്‍ക്ക് എളുപ്പമായിരുന്നില്ല. തദ്ദേശീയ ഭാഷകളെയും സാംസ്‌കാരികമുദ്രകളെയും വിലകെട്ടതായി ചിത്രീകരിച്ചും ആധുനിക ജ്ഞാനത്തിന്റെ അത്ഭുതപേടകങ്ങളെ ആകാശത്തേക്ക് വിക്ഷേപിച്ചും അവര്‍ സാംസ്‌കാരികമായ അധിനിവേശം കോളനികളിലെല്ലാം സമ്പൂര്‍ണ്ണമായി നടപ്പാക്കിയിരുന്നു. ഇതിനോടുള്ള സര്‍ഗ്ഗാത്മകമായ കലാപം ലോകത്തെല്ലായിടത്തും ഈ യുക്തിയുടെ പ്രത്യയശാസ്ത്രത്തെ തിരിച്ചിട്ടുകൊണ്ടാണ് നടന്നിട്ടുള്ളത്. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസത്തിന്റെ രാഷ്ട്രീയം ഇതാണ്. പാശ്ചാത്യയുക്തിക്ക് വഴങ്ങാത്ത, സ്വാഭാവികമായി തദ്ദേശീയര്‍ക്ക് അനുഭവവേദ്യമായ സംഭവവികാസങ്ങള്‍ സാഹിത്യത്തില്‍ സാമാന്യസംഭവങ്ങള്‍പോലെ, എന്നാല്‍ ചാരുതയോടെ ആവിഷ്‌കരിക്കപ്പെട്ടപ്പോള്‍, അതിനു ലഭിച്ച പേരുകളിലൊന്ന് മാത്രമാണ് മാജിക്കല്‍ റിയലിസം എന്നര്‍ത്ഥം.

മാഡ്രിഡും കാര്‍ത്താജിനയും കേവലം രണ്ടു സ്ഥലനാമങ്ങള്‍ മാത്രമല്ല. രണ്ടു സംസ്‌കാരത്തിന്റെ, ചിന്താരീതിയുടെ, ജീവിതവീക്ഷണത്തിന്റെ പ്രതിനിധാനങ്ങളാണ് കഥയില്‍ അവ. കാര്‍ത്താജിന കടലും കപ്പലും വള്ളങ്ങളും ധാരാളമുള്ള തുറമുഖ നഗരമാണ്. ഉള്‍ക്കടലിനു അഭിമുഖമായുള്ള അവരുടെ വീടിന് ബോട്ടുകള്‍ അടുപ്പിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ സ്ഥലം വരെ ഉണ്ടായിരുന്നു. രണ്ടു വലിയ വള്ളങ്ങള്‍ വെക്കുന്നതിനുള്ള ഷെഡ്ഡും അവരുടെ വീടിനോട് ചെര്‍ന്നുണ്ടായിരുന്നു. എന്നാല്‍ പരിഷ്‌കൃത നഗരമായ മാഡ്രിഡില്‍ അവര്‍ താമസിക്കുന്നത് ഒരു വലിയ ഫ്ളാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ കുടുസ്സായ അപ്പാര്‍ട്ട്‌മെന്റില്‍ ആണ്.  പൊള്ളുന്ന വേനലും മഞ്ഞും കാറ്റുമുള്ള, നദിയോ കടലോ ഇല്ലാത്ത സ്ഥലം എന്നാണ് കഥയില്‍ മാഡ്രിഡ് നഗരത്തെ വിശേഷിപ്പിക്കുന്നത്. മാഡ്രിഡ് നഗരത്തിന്റെ ഒടുവിലത്തെ വിശേഷണമായി ഉപയോഗിക്കുന്ന, കഥയിലെ അവസാന വാക്യത്തിലാണ് മാര്‍ക്വേസ്  കഥയുടെ മര്‍മ്മം പൊതിഞ്ഞു വച്ചിരിക്കുന്നത്.  പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഒരിക്കലും സ്വന്തമാക്കാത്ത ആളുകളുള്ള നഗരം എന്നതാണത്. പ്രകാശത്തില്‍ തുഴഞ്ഞു നടക്കുന്ന ശാസ്ത്രം ഏതാണ്? അത് ശാസ്ത്രമാണോ ഭാവനയാണോ? ആ ശാസ്ത്രം സ്വന്തമാകാത്തത് എന്തോ വലിയ നഷ്ടം എന്ന രീതിയിലാണ് മാര്‍ക്കേസ് അവതരിപ്പിചിട്ടുള്ളതും. യുക്തിയിലും കാര്യകാരണത്തിലും മാത്രം ജീവിതം തളച്ചിട്ടവര്‍ക്ക് മനസ്സിലാകാത്ത ചില വലിയ അനുഭവങ്ങളുണ്ട്. ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടു മാത്രം കിട്ടുന്നവര്‍ക്ക് മനസ്സിലാകാത്ത ചില അനുഭവങ്ങള്‍. അത് ഇമ്മിണി ബല്യ ഒന്നാണ്. കുട്ടികള്‍ നഗരത്തിലേക്ക് തുറന്നു വിടുന്ന സുവര്‍ണ്ണപ്രളയം ആ 'ശാസ്ത്ര'ത്തിന്റെത് ആകാം. ശാസ്ത്രം എന്ന സംജ്ഞയെത്തന്നെ പ്രശ്‌നവത്കരിക്കുകയാണ് മാര്‍ക്വേസ്. ഒരു വസ്തുത, പ്രതിഭാസം, അവസ്ഥ എങ്ങിനെയാണ് ശാസ്ത്രമാകുന്നത്? അത് ഒരേപോലുള്ള പരീക്ഷണ സാഹചര്യങ്ങളില്‍ എല്ലായിടത്തും നടക്കുന്നത്, കൃത്യമായ തത്വങ്ങലാല്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നത്, യുക്തിയില്‍ അധിഷ്ടിതമായി വിശദീകരിക്കാന്‍ കഴിയുന്നത് എന്നിങ്ങനെ അതിന്റെ ലക്ഷണങ്ങള്‍ നീളും. അവ മാത്രമാണ് ആധുനിക വിദ്യാഭ്യാസം ലഭിച്ച, പരിഷ്‌കൃത നഗരമനുഷ്യരെ സംബന്ധിച്ചിടത്തോളം ശാസ്ത്രം. എന്നാല്‍ ആധുനിക പരിഷ്‌കാരങ്ങളില്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത മനുഷ്യര്‍ അവരുടെ ദൃഡമായ വിശ്വാസങ്ങളെ, ആചാരങ്ങളാലും അനുഷ്ടാനങ്ങളാലും ഉറച്ചുപോയ ശീലങ്ങളെ എല്ലാം ശാസ്ത്രം എന്നുതന്നെയാണ് പലപ്പോഴും വിളിക്കുന്നത്. കഥകളെപ്പോലും അവര്‍ ശാസ്ത്രം എന്ന് വ്യവഹരിക്കും. മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിഞ്ഞല്ല അവരില്‍ വസിക്കുക. കഥാകാരനെ സംബന്ധിച്ചിടത്തോളം കെട്ടുകഥകളും ഐതിഹ്യങ്ങളും വിശ്വാസങ്ങളും കേട്ടുകേള്‍വികളുമെല്ലാം കൂടിക്കലര്‍ന്നു നില്‍ക്കുന്ന, ആന്തരികമായ ആ ലോകമാണ് പ്രധാനം. ഭാവനയും സ്വപ്‌നങ്ങളും കഥകളും അയാള്‍ക്ക് ചരിത്രമാണ്, അവ ശാസ്ത്രം കൂടിയാണ് അയാള്‍ക്ക്. ഭാവനാത്മകമായ സ്വപ്‌നാത്മകമായ അത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ കഴിയാത്ത ദേശത്തോടുള്ള സഹതാപം മാത്രമേ അയാളില്‍ ശേഷിക്കുന്നുള്ളൂ.

ഭാവനയുടെ രാഷ്ട്രീയമാണ് മാര്‍ക്വേസിന്റെ കഥയുടെ കേന്ദ്രം. എന്തിനു വേണ്ടിയാണ് മാജിക്കല്‍ റിയലിസത്തിന്റെ വിസ്മയകമ്പളങ്ങള്‍ നിവര്‍ത്തി ഭാവനയുടെ അപ്രമാദിത്വം മാര്‍ക്വേസ് ഈ കഥയില്‍ പ്രഖ്യാപിക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ്, ഈ ഭാവന ചരിത്രപരം കൂടിയാണെന്ന് വെളിവാവുക. അത് പ്രകടമായും രാഷ്ട്രീയ ധ്വനികള്‍ ഉള്ളടങ്ങിയതും ആണ്. തങ്ങളെ ഭൗതികമായി മൂന്നുനൂറ്റാണ്ടോളം ചൂഷണം ചെയ്ത സാമ്രാജ്യത്തോട് ഭാവനയുടെയും സംസ്‌കാരത്തിന്റെയും മഹാപ്രവാഹം ഉണര്‍ത്തിവിട്ടുകൊണ്ടാണ് മാര്‍ക്വേസ്  കണക്കുതീര്‍ക്കുന്നത്. അത് ഒരു ഒളിപ്പോരാണ്. സ്പാനിഷ് ആധിപത്യത്തില്‍ നിന്നും കുതറിമാറാന്‍ ലാറ്റിനമേരിക്കന്‍ സ്വാതന്ത്ര്യപ്പോരാളികള്‍ ഉപയോഗിച്ച ആയുധങ്ങളുടെ കണക്കെടുപ്പില്‍ വരില്ല ഈ യുദ്ധമുറയുടെ പ്രഹരശേഷി. നഷ്ടപെട്ടുപോയ ഭാവനാത്മകവും സാംസ്‌കാരികവുമായ ലോകത്തെ മുന്‍നിര്‍ത്തിയാണ് പ്രത്യക്ഷത്തില്‍ നിഷ്‌കളങ്കമെന്നു തോന്നാവുന്ന ഈ നീക്കങ്ങള്‍ മാര്‍ക്വേസ് വിഭാവനം ചെയ്യുന്നത്.

ഈ യുദ്ധത്തില്‍ മാര്‍ക്വേസ് മുന്നില്‍ നിര്‍ത്തുന്നത് കുട്ടികളെയാണ്. ടോട്ടോയും ജോവലും നയിക്കുന്ന ഭാവനയുടെ സുവര്‍ണ്ണപ്രവാഹമാണ് ചിലപ്പോള്‍ മാഡ്രിഡിനെ മുക്കിത്താഴ്ത്തുക. അത് കേവലമായ ഒരന്ത്യമായല്ല കഥാകൃത്ത് പരിഗണിക്കുന്നത്. വെളിച്ചത്തിന്റെ പ്രവാഹത്തില്‍ മുങ്ങിത്താണുപോയ കുട്ടികളെക്കുറിച്ച് അവര്‍ 'അനശ്വരരാവുകയാണ് ചെയ്ത'തെന്നാണ് കഥാകൃത്ത് കുറിക്കുന്നത്. ഭാവനയുടെ ലോകം അപരിചിതമായിരുന്ന മാഡ്രിഡിലെ സഹപാഠികളെ ഭാവനയാല്‍ ജ്ഞാനസ്‌നാനം ചെയ്യിക്കുകയാണ് ഒരര്‍ത്ഥത്തില്‍ ടോട്ടോയും ജോവലും ചെയ്യുന്നത്. ഭാവന പ്രകാശം പോലെയാണ്. സര്‍ഗ്ഗാത്മകവൃത്തി ദിവ്യമായ ഒരു പ്രകാശത്തിന്റെ ഫലമാണെന്ന് ആണയിടുന്ന കാല്‍പ്പനികര്‍ ഇതിനു തെളിവ് നല്‍കുന്നുണ്ട്. വരണ്ടതും ശുഷ്‌കവുമായ ആധുനിക ശാസ്ത്രത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ പരിഷ്‌കൃത നഗരത്തില്‍ നദികള്‍ പോലെ കടല്‍ പോലെ ഇല്ലാത്തത് ഭാവനയുടെ ഈ വിശുദ്ധജലം കൂടിയാണ്. മാര്‍ക്വേസിന്റെ പ്രതികാരം സര്‍ഗ്ഗാത്മകമാകുന്നത് ഇങ്ങനെയാണ്.

കഥയിലെ മാന്ത്രിക യാഥാര്‍ത്ഥ്യം ഭാവനയാണ്. അതുകൊണ്ടാണ് കഥയില്‍ കുട്ടികള്‍ കേന്ദ്രസ്ഥാനത്ത് വരുന്നത്. ഒന്നിനെ മറ്റൊന്നായി വിഭാവനം ചെയ്യാന്‍ കുട്ടികള്‍ക്ക് കഴിയുംപോലെ മറ്റാര്‍ക്കും കഴിയില്ല. ഒന്നുതന്നെ അവര്‍ക്ക് പല സന്ദര്‍ഭങ്ങളില്‍ പലതാവും. മണ്ണപ്പം ചുടുന്ന കുട്ടികള്‍ക്ക് മുന്നില്‍ നിരത്തിവെച്ച മാവിലകള്‍ ചിലപ്പോള്‍ വാഴപ്പഴങ്ങളാണ്; മറ്റു ചിലപ്പോള്‍ പിടയ്ക്കുന്ന മീനുകളും. ഏത് അസാധ്യതകളെയും സാധ്യമാക്കുന്നത്രയും തീവ്രമാണ് അവരുടെ ഭാവനാലോകം. പ്രകാശം ജലം പോലെയാവുന്നത് അവരില്‍ സ്വാഭാവികം. അവരിലൂടെയല്ലാതെ നോക്കുന്നവര്‍ക്ക് അത് അസംബന്ധമാകാം. ഷവറില്‍ നിന്ന് മാത്രം അല്‍പ്പം വെള്ളം ലഭിക്കുന്ന, ഈ വരണ്ട നഗരത്തില്‍ തോണിയും നീന്തല്‍ ഉപകരണങ്ങളും അനാവശ്യമാണെന്നതില്‍ അമ്മയ്ക്ക് സംശയമില്ല. പ്രകാശത്തില്‍ നീന്തിത്തുടിച്ചു തളര്‍ന്ന കുട്ടികളെ അച്ഛനുമമ്മയും കാണുമ്പോള്‍ അവര്‍ വെറുംനിലത്ത് കിടക്കുകയാണ്. തറയില്‍ നനവിന്റെ ലക്ഷണം പോലും ഇല്ലായിരുന്നു.

ഭാവനയുടെ അപാരമായ ഈ ലോകത്തേക്ക് അവരെ നയിച്ചത് കഥയില്‍ ഒരു സന്ദര്‍ഭത്തില്‍ മാത്രം നേരിട്ട് ഇടപെടുന്ന ആഖ്യാതാവാണ്. അദ്ദേഹം കൂടുതല്‍ ആലോചിക്കാതെ നല്‍കിയ താക്കോലാണ് ഈ വിസ്മയലോകതെക്കുള്ള വാതില്‍ തുറക്കാന്‍ അവരെ പ്രേരിപ്പിച്ചത്. 'പ്രകാശം ജലം പോലെയാണ്'എന്ന നിഗൂഡവാക്യത്തിന്റെ വിശദീകരണമാണ് 'ടാപ്പുകള്‍ തുറക്കുമ്പോള്‍ ജലം പ്രവഹിക്കുന്നതുപോലെയാണ് സ്വിച്ചിടുമ്പോള്‍ വെളിച്ചം പരക്കുന്നത്'എന്നത്. ഭാവനയെ അസാധാരണമായ കൈയടക്കത്തോടെയും മാന്ത്രികമായും കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ ഈ വിചിത്രമായ ആശയം സാധ്യമാകൂ. ആഖ്യാതാവിന്റെ അതിനുള്ള മിടുക്ക് മറ്റൊരുവാക്യത്തിലൂടെയാണ് വായനക്കാരന് ബോധ്യപ്പെടുക. ഒരു സെമിനാറില്‍ അദ്ദേഹം അവതരിപ്പിക്കുന്ന വിഷയം 'അടുക്കള ഉപകരണങ്ങളുടെ കവിത' എന്നതാണ്. അടുക്കള ഉപകരണങ്ങളുടെ പ്രയോജനത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി അവയുടെ കാവ്യാത്മകതയെ പരിഗണിക്കുന്ന ഒരാള്‍ യാഥാര്‍ത്ഥ്യത്തിന്റെ പക്ഷത്തല്ല ഭാവനയുടെ പക്ഷത്താണ് തന്റെ കൊടിക്കൂറ തൂക്കിയിടുക. കുട്ടികളുടെ ശേഷമുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ആഖ്യാതാവ് നിരീക്ഷിക്കുന്നത് ഹൃദയം അവര്‍ക്കൊപ്പം ചേര്‍ത്തു പിടിച്ചാണ്. പ്രകാശത്തില്‍ തുഴയുന്ന ശാസ്ത്രം അപരിചിതമായവരോട് അദ്ദേഹം കുട്ടികളിലൂടെ കാട്ടുന്ന കാരുണ്യമാണ് സത്യത്തില്‍ ഇതിലെ കഥ.

സ്വന്തം ജന്മഭൂമിയില്‍ നിന്ന് പറിച്ചുനട്ടവരുടെ ആകുലതകള്‍ വിട്ടൊഴിഞ്ഞവരല്ല കഥയിലെ മുതിര്‍ന്നവരും. മറ്റൊരു പ്രകാശത്തില്‍ ആണ് അവരുടെ ഭാവനയുടെ തോണികള്‍ തുഴഞ്ഞുനടക്കുന്നത് എന്ന് മാത്രം. ബുധനാഴ്ചകളില്‍ പതിവായി സിനിമകാണാന്‍ പോകുന്നവരാണ് അവര്‍. തിയേറ്ററിലെ വെള്ളിവെളിച്ചത്തില്‍ അവര്‍ തുഴയെറിയുന്നത് അവരുടെ നഷ്ടമായ ജീവിതാനുഭവങ്ങളുടെ ഓളപ്പരപ്പില്‍ തന്നെയാണ്. കഥയില്‍ രണ്ടു സിനിമകളുടെ പേര് മാര്‍ക്വേസ് എടുത്തുപറയുന്നുണ്ട്. ലാസ്റ്റ് ടോംഗോ ഇന്‍ പാരീസ് (1972) എന്ന ബര്‍ണാഡോ ബര്‍ട്ട്‌ലൂച്ചിയുടെ സിനിമയും ബാറ്റില്‍ ഓഫ് അല്‍ജിയേഴ്‌സ് (1966) എന്ന ജിലോ പുന്തിക്കോര്‍വോയുടെ സിനിമയുമാണവ. ഇതില്‍ ലാസ്റ്റ് ടോംഗോ ഇന്‍ പാരീസ് ലൈംഗികതയുടെ തുറന്ന ആവിഷ്‌കാരമെന്ന നിലയില്‍ ശ്രദ്ധേയമായ ചിത്രമാണ്. ബാറ്റില്‍ ഓഫ് അല്‍ജിയേഴ്‌സ് ഫ്രഞ്ച് അധിനിവേശത്തോട് ചെറുത്തുനില്‍ക്കുന്ന അള്‍ജീരിയന്‍ വിപ്ലവകാരികളുടെ പോരാട്ടാത്തിന്റെയും അവരെ അമര്‍ച്ച ചെയ്യാനെത്തുന്ന പട്ടാളക്കാരുടെ തന്ത്രങ്ങളുടെയും കഥപറയുന്നു. ലൈംഗികതയുടെ അസാധാരണമായ വഴികളിലൂടെയുള്ള പ്രയാണവും ജീവന്‍പോലും പണയപ്പെടുത്തി സ്വന്തം ദേശത്തിന്റെ രാഷ്ട്രീയമോചനത്തിന് വേണ്ടി പോരടിക്കുന്ന വിപ്ലവകാരികളുടെ ആത്മസമര്‍പ്പണവും ഇതിലെ മുതിര്‍ന്നവരുടെ സ്വപ്‌നങ്ങള്‍ തന്നെയാണ്. ജന്മനാട് പരിത്യജിക്കേണ്ടി വരികയും (കൊളമ്പിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന്റെ വീറുറ്റ ഒരധ്യായത്തിലാണ് മുഴുവന്‍ ജനങ്ങള്‍ക്കും കാട്ജിന വിട്ടുപോകേണ്ടി വരികയും അത് ഒരു പ്രേതനഗരമായി (Ghost town) മാറുകയും ചെയ്യുന്നത്) സ്വാതന്ത്ര്യപ്പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന മനുഷ്യരുടെ ഭാവനയാണ് സിനിമയില്‍ തൃപ്തികൊള്ളുന്നത്. മാഡ്രിഡിലെ അപ്പാര്‍ട്ട്‌മെന്റിലെ കുടുസ്സുമുറിയില്‍ നിന്ന് രക്ഷപ്പെട്ട് ഭാവനയിലെങ്കിലും അവര്‍ സാക്ഷാത്കരിക്കുന്ന തുറസ്സുകളാണ് അവ. ജീവിതത്തില്‍ നിന്നും ചോര്‍ന്നുപോയ ലൈംഗികകാമനകളെയും വിപ്ലവവീര്യത്തെയും തിരശ്ശീലയിലെ വെളിച്ചത്തിലാണ് ഭാവനാത്മകമായെങ്കിലും അവര്‍ അനുഭവിക്കുന്നത്. ഭാവനയാണ് കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും വരണ്ട ലോകത്തെ നനക്കുന്നത് എന്നര്‍ത്ഥം. കഥയില്‍ കടന്നു വരുന്ന ലൈംഗികതയുടെ ഇതരചിഹ്നങ്ങളും ഇതോട് ചെര്‍ത്തുവേക്കാവുന്നതാണ്. അച്ഛന്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകള്‍, മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന പാതിരാപ്പടം ഇതെല്ലാം ഭാവനയുടെ പ്രകാശത്താല്‍ കുട്ടികളുടെ ലോകത്തേക്കും ഒഴുകി വരികയാണ്. 'അവര്‍ക്ക് പാകത വന്നു' എന്ന പിതാവിന്റെ അഭിമാനം ഇതിനു തൊട്ടുമുന്‍പാണ് സംഭവിക്കുന്നത്. അച്ഛന്റെ കുപ്പിയില്‍ നിന്നും അവര്‍ ബ്രാണ്ടി കട്ടുകുടിക്കുന്നതും സൂചിതമാവുന്നുണ്ട്. പ്രകാശം പോലെ എല്ലാത്തിനെയും ഏകീകരിക്കുന്ന ഭാവനയുടെ പ്രവാഹത്തില്‍ കുട്ടികളും മുതിര്‍ന്നവരാകുകയാണ് എന്നും പറയാം.

കുടിയൊഴിക്കപ്പെട്ട മനുഷ്യര്‍ ജീവിക്കുന്നത് ഓര്‍മ്മകളിലും ഭാവനയിലുമാണ്. വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കലി'ലെ ജന്മിയുടെ ദേവഭാവനാദര്‍പ്പണത്തില്‍ തെളിയുന്ന സൗന്ദര്യത്തിന്റെ മായികലോകമല്ല അവരുടെ ഭാവനാവ്യവഹാരത്തില്‍ ഉള്‍പ്പെടുക. അത് നഷ്ടപ്പെട്ടതിനെ പലവഴികളിലൂടെയും പൂര്‍ത്തീകരിക്കുന്ന മനസ്സിന്റെ സ്വയംപ്രതിരോധമാണ്. ഭ്രാന്തിന്റെ പിടിയില്‍ നിന്നും ഓര്‍മ്മകളും ഭാവനയും ആണ് ഇത്തരം മനുഷ്യരെ രക്ഷിച്ചു നിര്‍ത്തുന്നത്. അത് അവരില്‍ സൃഷ്ടിക്കുന്നത് കാല്‍പ്പനികതയുടെ മൃദുലസ്പര്‍ശമല്ല, തങ്ങള്‍ക്ക് നഷ്ടമായതിനോടുള്ള വൈകാരികതയില്‍ നിന്നും പുറത്തേക്കൊഴുകുന്ന സംഹാരാത്മകതയുടെ ചുട്ടുപൊള്ളിക്കുന്ന പ്രകാശമാണ്.