2013, ജനുവരി 13, ഞായറാഴ്‌ച

മലയാളം മൂന്നാംതരമാക്കുന്നതാര്?





മലയാളത്തിന്റെ നാമത്തില്‍ ഒരു വിശ്വമഹോത്സവം കോടികള്‍ ചിലവിട്ടു നടത്തിയതായിരുന്നു ഈ വര്‍ഷത്തെ  മലയാള വാരാചരണത്തിന്റെ മുഖ്യ അജണ്ട. കൂടാതെ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ തന്നെ ആരംഭിക്കുന്ന മലയാള സര്‍വ്വകലാശാലക്ക് തുടക്കവുമായി. ഒപ്പം ക്ലാസിക് പദവിക്ക് വേണ്ടിയുള്ള ശ്രമം കേന്ദ്രത്തില്‍ പൂര്‍വ്വാധികം ശക്തമായിത്തന്നെ ചെലുത്തിക്കൊണ്ടിരിക്കുന്നു. എല്ലാം വേണ്ടത് തന്നെ. പക്ഷെ, മലയാളം നമ്മുടെ അഭിമാനം എന്ന ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും എത്രയോ തവണ പാടി നീട്ടിയിട്ടും ലഘുവായി ത്തന്നെ തുടരുന്ന സ്‌കൂളുകളിലെ മലയാള പഠനത്തിന്റെ അവസ്ഥയ്ക്ക് ഇതൊന്നും യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല എന്നതാണ് ഖേദകരം. മലയാളം കേരളത്തിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിതമാക്കാന്‍ ഇറങ്ങിയ നിരവധി ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഇന്നും വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളിലെ പൊടിപിടിച്ച മേശ വെലിപ്പുകളില്‍ ചുളിഞ്ഞു കിടക്കുകയാണ്. അതിലെ ചില വ്യവസ്ഥകള്‍ കോടതി തന്നെ ദുര്‍ബലപ്പെടുത്തുകയും ചെയ്തു. ആര്‍ക്കാണ് മുണ്ഡിതശിരസ്‌കയായും ഭ്രഷ്ടയായും അപമാനിതയായും കേരളത്തിലെ വിദ്യാഭ്യാസപ്പെരുവഴിയിലൂടെ അലയുന്ന മലയാളത്തിന്റെ വേദനകള്‍ക്ക് അറുതിയുണ്ടാക്കാന്‍, നിരന്തരമായി അതിനു പിറകെ പോകാന്‍ സമയം?
മാതൃഭാഷയ്ക്കു വേണ്ടി കേരളത്തില്‍ ശക്തമായ സമരവും പ്രചാരണ പരിപാടികളും ഒരിക്കല്‍ക്കൂടി ആരംഭിച്ചത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുണ്ടായ ചില പരിഷ്‌കരണങ്ങളിലും ഉത്തരവുകളിലും മലയാളം അവഗണിക്കപ്പെടുകയോ പിന്നോക്കം പോവുകയോ ചെയ്തത് കൊണ്ടാണ്. മലയാളം എഴുതാനും വായിക്കാനും അറിയാതെ, ഭാഷയിലുണ്ടായ ഒരു കൊച്ചു കൃതിയെങ്കിലും പഠിക്കാതെ നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവേപ്പുകളെക്കുറിച്ച് തികച്ചും അജ്ഞരായിക്കൊണ്ട് ഒരാള്‍ക്ക് കേരളത്തില്‍ സെക്കന്ററി ഹയര്‍ സെക്കന്ററി തുടങ്ങി ബിരുദ ബിരുദാനന്തര തലം വരെ പഠിക്കുവാനും ഏറ്റവും ഉന്നതമായ ഒദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുവാനും കഴിയും എന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താനാണ് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി നിരന്തരമായ സമരങ്ങളും പരിശ്രമങ്ങളും നടന്നു വരുന്നത്. ഒ.എന്‍.വി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍ തുടങ്ങി കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒട്ടൊക്കെ ഈ ആവശ്യത്തിനു പിന്നില്‍ അണിനിരന്നിട്ടും എളുപ്പമായിരുന്നില്ല സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഭാഷയാക്കി ഒരു പ്രഖ്യാപനം വരുവാന്‍. അത്തരമൊരു സമരം സാധ്യമാക്കിയ സാഹചര്യങ്ങളില്‍  നിന്ന് നാം എത്രമാത്രം മുന്നോട്ടു പോയി, സ്‌കൂളുകളില്‍ മാതൃഭാഷാ പഠനത്തിന്റെ അവസ്ഥ  ഇപ്പോള്‍ എന്താണ്, എന്തുകൊണ്ടാണ്ടാണ് അങ്ങേയറ്റം ലളിതവും സാധാരണവുമായ ഈ കാര്യം ചെയ്യാന്‍ അന്യഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനെക്കാളും ആലോചനകള്‍ നടത്തി ഈ കാര്യങ്ങള്‍ അനന്തമായി നീട്ടിവെക്കാന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം തുനിയുന്നത് എന്നെല്ലാം ആത്മാര്‍ത്ഥമായി ആലോചിക്കുകയാണ് സത്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ഓരോ മലയാളിയും ചെയ്യേണ്ടത്.

കേരളത്തില്‍ 2009 ല്‍ കുറെ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ ഒന്‍പതിടത്ത്, രണ്ടാം ഭാഷയായിപ്പോലും മലയാളത്തെ തങ്ങളുടെ പരിസരത്തു അടുപ്പിക്കാന്‍ മാനേജുമെന്റുകള്‍ കൂട്ടാക്കിയില്ല. സ്വന്തം മാതൃഭാഷ ഹയര്‍സെക്കന്ററി ക്ലാസ്സില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ അതിനു അവസരം നിഷേധിച്ചതു തങ്ങള്‍ക്കു തോന്നിയ സിലബസ് / വിഷയം, തോന്നിയ പോലെ പഠിപ്പിക്കുന്ന സ്വകാര്യ അണ്‍ എയിഡഡ്  സ്‌കൂളുകളല്ല. സര്‍ക്കാര്‍ അനുവദിച്ച, അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്ന മലയാളിയുടെ സ്വന്തം സ്‌കൂളുകള്‍. ഒരു പ്രദേശത്തിന്റെ രൂപീകരണത്തിന്റെ തന്നെ അടിസ്ഥാനവും, മറ്റെല്ലാ വിഭാഗീയ ചിന്തകളില്‍ നിന്നും ഉപരി അതിനെ സുദൃഢമായി ബന്ധിപ്പിച്ചു നിര്‍ത്താന്‍ ഇന്നുള്ള ഏക പിടിവള്ളിയുമായ നമ്മുടെ മാതൃഭാഷയുടെ നേര്‍ക്ക് ഭരണാധികാരികളും വിദ്യാഭ്യാസ മേലധ്യക്ഷന്മാരും  വച്ച് പുലര്‍ത്തുന്ന അങ്ങേയറ്റം നിരുത്തരവാദപരവും അന്തസ്സാരമില്ലത്തതുമായ സമീപനത്തിന്റെ ആഴം വ്യക്തമാക്കിയ നടപടിയായിരുന്നു ഇത്. ഹയര്‍ സെക്കന്ററിയിലെ ഒരു ഉപഭാഷാ പഠനത്തിന്റെ പ്രശ്‌നം മാത്രമല്ലിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ഈ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയത്.


വിദ്യാഭ്യാസത്തില്‍ മാതൃഭാഷയുടെ സ്ഥാനമെന്തെന്ന് യുനസ്‌കോ മുതല്‍ നമ്മുടെ നാടന്‍ കമ്മീഷനുകള്‍ വരെ അക്കമിട്ടു നിരത്തിയിട്ടുള്ളതാണ്. കേരളത്തില്‍ സെക്കന്ററി തലം വരെ തത്വത്തില്‍ മലയാളം ഒന്നാം ഭാഷതന്നെയാണ്. എങ്കിലും എല്ലാവരും മലയാളം പഠിച്ചു കൊള്ളണമെന്നില്ല! മലയാളത്തിനു പകരമായി സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ തെരഞ്ഞെടുപ്പ് അവിടെയുണ്ട്. എങ്കിലും രണ്ടാം പേപ്പറായി ( നേരത്തെ ഉപപാഠമായി ഇപ്പോള്‍ അടിസ്ഥാന പാഠാവലിയായി ) എല്ലാവരും മലയാളം പഠിക്കണമെന്നാണ് വെപ്പ്. അവിടെയും മലയാളം തീര്‍ത്തും വര്‍ജ്യമായിരിക്കുന്നവര്‍ക്ക് ഒറ്റമൂലികളുണ്ട്. സ്‌പെഷല്‍ ഇംഗ്ലീഷ് മുതലായവ. മാതൃഭാഷയുടെ സാംസ്‌കാരിക മഹിമയെന്തെന്ന് അറിയാതെ, അതില്‍ നല്ല രീതിയില്‍ ഭാഷണത്തിലൂടെയായാലും ലേഖനത്തിലൂടെയായാലും ആശയ വിനിമയം നടത്താന്‍ കഴിയാതെ ആണ് കേരളത്തിലെ ഏറ്റവും 'എലീറ്റ് ക്ലാസ്' ഉന്നത വിദ്യാഭ്യാസം നേടുന്നതും ഉയര്‍ന്ന ഉദേ്യാഗങ്ങളില്‍ വിരാജിക്കുന്നതും.
ഹയര്‍ സെക്കന്ററിയിലെ കഥ ഇതിലും വിചിത്രമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും മലയാളം, ഹിന്ദി എന്നിവയാണ് രണ്ടാം ഭാഷയായി പഠിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇവ കൂടാതെ അറബിക്, ഉറുദു, സംസ്‌കൃതം, കന്നഡ, തമിഴ്, ഫ്രഞ്ച്, സിറിയന്‍, റഷ്യന്‍, ജര്‍മ്മന്‍, ലാറ്റിന്‍ തുടങ്ങിയ സ്വദേശിയും വിദേശിയും ആയ ഭാഷകളുടെ ഓപ്ഷനും ഉണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നാണ് രണ്ടാം ഭാഷയായി പഠിക്കേണ്ടത്. നേരത്തെ തന്നെയുള്ള നമ്മുടെ നാട്ടിലെ നടപ്പ് വിശ്വാസങ്ങളില്‍ ഒന്ന് മലയാളത്തിനു മാര്‍ക്ക് കിട്ടാന്‍ പ്രയാസമാണ് എന്നാണ്. അതുകൊണ്ട് തന്നെ എസ്. എസ്. എല്‍ . സി ക്ക് മികച്ച സ്‌കോര്‍ നേടിയവര്‍ നേരെ മലയാളം ഒഴിവാക്കിയുള്ള ഏതെങ്കിലും രണ്ടാം ഭാഷ തെരഞ്ഞെടുക്കും. ആ ഭാഷയോടുള്ള പ്രണയമോ അത് പഠിച്ചാല്‍ നാളെ വിരിയുന്ന സ്വര്‍ഗത്തെക്കുരിച്ചുള്ള പ്രതീക്ഷകളോ ഒന്നുമല്ല ആ തെരഞ്ഞെടുപ്പിന് പിന്നില്‍. ചുളുവില്‍ മാര്‍ക്ക് കിട്ടാന്‍ അതാണ് നല്ലത് എന്ന് മാത്രം. മലയാളത്തിന്റെ പിരിയേഡ് ക്ലാസിലെത്തുമ്പോള്‍ സ്‌കൂളിലെ മറ്റെല്ലാ കാര്യത്തിനും മുന്നില്‍ നില്‍ക്കുന്ന, പഠന നിലവാരത്തില്‍ മുന്നിലായ കുട്ടികള്‍ ഹിന്ദിയുടെയെ സംസ്‌കൃതത്തിന്റെയോ ക്ലാസിലേക്ക് എഴുന്നേറ്റു പോകുന്ന കാഴ്ച മലയാളം മാഷുടെ കനത്ത ദുര്‍വിധികളില്‍ ഒന്നാണ്.
രണ്ടാം ഭാഷയെന്ന നിലയില്‍ പരിഗണിക്കപ്പെടുന്നതുകൊണ്ട് തന്നെ മലയാള പഠനത്തിന് ഇവിടെ ഏറെ പരിമിതികളുണ്ട്; അതിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നതില്‍, പഠന സാമഗ്രികള്‍ നിര്‍ണയിക്കുന്നതില്‍, വിലയിരുത്തലില്‍. ഏറ്റവും അടിസ്ഥാനപരമായ കാര്യം അധ്യാപകന്റെ അരക്ഷിതാവസ്ഥയാണ്. അടുത്ത വര്‍ഷം ഈ വിഷയം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാണ് തന്റെ പോസ്റ്റിന്റെ നിലനില്‍പ്പുതന്നെ എന്ന ഭീഷണിയാണ് അത്. അധ്യാപകന്റെ ജോലി തന്നെ വിഷയം തെരെഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാവുമ്പോള്‍ നിലവാരത്തിന്റെ എന്ത് നിഷ്‌കര്‍ഷ, മാനദണ്ഡം ആണ് നിങ്ങള്‍ക്ക് അവരോടു മുറുകെപ്പിടിക്കാന്‍ ആവശ്യപ്പെടാനാവുക. അവിടെ ഒരു മിനിമം ലക്ഷ്യമേയുള്ളൂ. തന്റെ പോസ്റ്റ് അടുത്ത വര്‍ഷവും അതുപോലെ, അവിടെത്തന്നെ ഉറപ്പിക്കുക. നേരത്തെ ഹിന്ദി, സംസ്‌കൃതം മുതലായവര്‍ പയറ്റി കൊണ്ടിരിക്കുന്ന അതെ പൂഴിക്കടകന്‍. ശരാശരി ഉത്തരത്തിനും മികച്ച മാര്‍ക്ക്! മലയാളം അധ്യാപകരും ഈ അറ്റകൈ പ്രയോഗിക്കുന്നതില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ?
ഹയര്‍ സെക്കന്റുറിയില്‍ ഒരു ഭാഷ മാത്രം പഠിച്ചാല്‍ മതി എന്ന ആലോചന പോലും ഒരു ഘട്ടത്തില്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങിനെയാണെങ്കില്‍ ആ സ്ഥാനം  ഇംഗ്ലീഷിനായിരിക്കുമെന്നത്  തീര്‍ച്ചയാണല്ലോ. മാതൃഭാഷയടക്കം പടിക്ക് പുറത്താവും.  എന്തുകൊണ്ടാണ് ഇത്തരമൊരു ആലോചനയുണ്ടാകുന്നത്?  ഭാഷാപഠനത്തെ കേവലം ഉപകരണവാദത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കണ്ട് അത് അനാവശ്യവും പ്രയോജനമില്ലാത്തതും മറ്റു വിഷയങ്ങളുടെ പഠനത്തിന്  തടസ്സവും ആയി കാണുന്ന സമീപനമാണ് ചില വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് പോലും ഉള്ളത്. എങ്ങിനെയാണ് ഭാഷാപഠനം സംസ്‌കാര പഠനത്തിന്റെ  ഭാഗമാകുന്നത്, അതിന്റെ രീതിശാത്രം എങ്ങിനെ ഇതര പഠനശാഖകളുടെ കൂടി വിശകലനത്തിന് പ്രയോജനപ്പെടുന്നു, എങ്ങിനെ അത് വൈകാരിക ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സാകുന്നു, ആത്മവിശ്വാസത്തിന്റെ അഗ്‌നിജ്വാലകള്‍ എങ്ങിനെ അത് കരളില്‍ കൊളുത്തുന്നു, അതിരുകളില്ലാത്ത ലോകബോധത്തിലേക്ക് എപ്രകാരം അത് നമ്മെ തേറ്റിയുണര്‍ത്തുന്നു, മനുഷ്യനെ മനുഷ്യനാക്കുന്ന ഹൃദയ ഭാവങ്ങളെ എത്രമാത്രം പരിപോഷിപ്പിക്കുന്നു.. ഇങ്ങനെ ഒരു പട്ടികയിലും ചിലപ്പോള്‍ വരാത്ത, ഒരു സ്വാശ്രയത്തിലും പരിഗണന കിട്ടാത്ത ചിലതുണ്ടല്ലോ. മനുഷ്യന് സാമൂഹിക ജീവിതം തന്നെ സാധ്യമാക്കുന്ന ചില ഗുണവിശേഷങ്ങള്‍. അവ ആര്‍ജിക്കേണ്ടവയെങ്കില്‍ ഭാഷാ പഠനത്തെ നിങ്ങള്‍ക്ക് ഈ വണ്ടിയുടെ പിന്നില്‍ കെട്ടാന്‍ കഴിയില്ല. മാതൃഭാഷയിലൂടെ ലഭിക്കുമ്പോണ് ഇവ ഓരോന്നും നേരിട്ട് അവരുടെ ഹൃദയത്തിലേക്ക് കടക്കുന്നത്.


മാര്‍ക്കിനും ഗ്രേഡിനും  അപ്പുറം എന്താണ് മാതൃഭാഷാ പഠനം ഒരു കുട്ടിക്ക് നല്‍കുന്നത് എന്നതാണ് പരിശോധിക്കപ്പെടെണ്ടത്  എന്തൊക്കെയാണ് അവിടെ ചര്‍ച്ചചെയ്യപ്പെടുന്ന ആശയങ്ങള്‍? അതിലൂടെ രൂപീകരിക്കപ്പെടുന്ന മനോഭാവങ്ങള്‍ എന്തൊക്കെയാണ്? കുട്ടികളുടെ എന്തൊക്കെ ശേഷികളാണ് ഇവയിലൂടെ ഉയര്‍ത്തിയെടുക്കാന്‍ യത്‌നിക്കുന്നത്? അവരുടെ ചിന്താശേഷികളെ എങ്ങിനെയാണ് തെളിയിച്ചെടുക്കുന്നത്? ജീവിതത്തെക്കുറിച്ചുള്ള എന്ത് സമഗ്ര ധാരണയാണ് അവിടെ നിന്നും ലഭിക്കുന്നത്? അവയെയാണ് മാതൃഭാഷാ പഠനത്തിന്റെ ആത്യന്തിക ഫലമായി പരിഗണിക്കേണ്ടത്.
സാമൂഹിക ജീവിതത്തെ ആഴത്തില്‍ അടയാളപ്പെടുത്തിയ ഒട്ടേറെ സര്‍ഗാത്മക രചനകള്‍ ഹയര്‍ സെക്കന്ററി തലത്തിലാണ് കുട്ടികള്‍ പരിചയപ്പെടുന്നത്. ഹയര്‍ സെക്കന്ററി തലത്തിലോക്കെ എത്തുമ്പോഴാണ്  ഒരു കൃതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ അടരുകളെ സൂക്ഷ്മതലത്തില്‍ കണ്ടെത്താനും വ്യാഖ്യാനിക്കാനും ഒരു കുട്ടിക്ക് കഴിയുക. നമ്മുടെ സാഹിത്യ സമ്പത്തിന്റെ ഏറ്റവും പ്രകാശവത്തായ മുഖമാണ് ഭാഷാ ക്ലാസുകളിലെ സാഹിത്യ രചനകള്‍. ഇവയുടെ സൂക്ഷ്മതലത്തിലുള്ള, ആശയപരവും രചനാപരവുമായ ചര്‍ച്ചകള്‍ സാഹിത്യത്തെ ഏറ്റവും അടുത്തു നിന്ന് മനസ്സിലാക്കാന്‍ കുട്ടിക്ക് അവസരം നല്‍കുന്നു. അതുണ്ടാക്കുന്ന സൌന്ദര്യാത്മകതലം, അവബോധം നിങ്ങള്‍ക്ക് മറ്റൊരു തരത്തിലും കുട്ടികളില്‍ വിളയിച്ചെടുക്കാന്‍ കഴിയില്ല. ഇവയുമായി ബന്ധപ്പെട്ടു പരിസ്ഥിതി, ഉപഭോഗ സംസ്‌കാരം, മാധ്യമ വിമര്‍ശനം, സ്ത്രീസ്വാതന്ത്ര്യം, ടൂറിസം, ഭാഷ, വിദ്യാഭ്യാസം, സാമൂഹിക ജീവിതം, യാത്ര തുടങ്ങി എത്രയെത്ര വിഷയങ്ങളാണ് ക്ലാസ് മുറിയില്‍ ചര്‍ച്ചയ്ക്കു വരുന്നത്. ഇവയിലൂടെ താന്‍ മുന്നേറാന്‍ പോകുന്ന ജീവിതത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച്, അവിടെ ദിശാബോധം നല്‍കിയേക്കാവുന്ന വെളിച്ചത്തെക്കുറിച്ച് ഉള്‍ക്കാഴ്ച നേടാന്‍ അവര്‍ ഇന്നേ കെല്‍പ്പുള്ളവരാകുന്നു. അവനവന്റെ ഉള്ളു കണ്ടെത്താന്‍, അവിടുത്തെ സര്‍ഗാത്മകതയുടെ തുടിപ്പുകള്‍ കണ്ടെത്താന്‍ മാതൃഭാഷയുടെ ക്ലാസ്സിലാണ് ഏറ്റവും കൂടുതല്‍ അവസരം കൈവരുന്നത്. ഏതു വിഷയം ചര്‍ച്ചയ്ക്കു വരുമ്പോഴും അതില്‍ തന്റെ നിരീക്ഷണം യുക്തിപൂര്‍വ്വം അവതരിപ്പിക്കാന്‍, ആശയങ്ങള്‍ തുറന്നു പ്രകാശിപ്പിക്കാന്‍ മാതൃഭാഷയില്‍ കഴിയുന്നത് പോലെ മറ്റേതു വിഷയത്തില്‍ സാധ്യമാകും. വായന, ചിന്ത ഇവയിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ്, രൂപപരമായ വടിവുകളേക്കാള്‍ തന്നെ അടയാളപ്പെടുത്തുക എന്ന് മറ്റാര്‍ക്ക് അവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയും. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ തന്നെ ആത്യന്തിക ലക്ഷ്യം ഇതൊക്കെ തന്നെയല്ലേ? കേവലം എന്‍ട്രന്‍സിനു മുന്നിലെത്താവുന്ന ഒറ്റവാക്കുകളില്‍ വിദ്യാഭ്യാസ ജീവിതത്തെ മൊത്തം തളച്ചിടുമ്പോള്‍ ചുരുങ്ങിപ്പോവുന്ന അവരുടെ ലോകങ്ങളെക്കുറിച്ച് ആര്‍ക്കും ഉല്‍ക്കണ്ഠയില്ലാതായിരിക്കുന്നു. അവരാണ് മാതൃഭാഷാപഠനത്തെ രാണ്ടാംതരമോ മൂന്നാംതരമോ ആയി ചുരുക്കുന്നത്.
മലയാളം നിര്‍ബന്ധിത ഭാഷയാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗികുകയും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. പത്താം ക്ലാസ് വരെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ. ഉള്‍പ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഉത്തരവ് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മാസത്തിലാണ് ഇറങ്ങിയത്. കന്നഡ, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. രാഷ്ടീയവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്ത ഈ ഉത്തരവ് പക്ഷേ, നടപ്പാക്കാനുള്ള പ്രാരംഭനടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അറബി, സംസ്‌കൃതം ഭാഷകള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലും പാര്‍ട്ട് രണ്ടില്‍ രണ്ടാം പേപ്പറായി മലയാളം പഠിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ മലയാളം പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ മലയാളം പാര്‍ട്ട് രണ്ട് ഫലപ്രദമായി പഠിപ്പിക്കാന്‍ ആഴ്ചയില്‍ മൂന്ന് പീരിയഡ് വേണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. നിലവില്‍ ഇതിന് രണ്ട് പീരിയഡ് മാത്രമേയുള്ളൂ. ഒരു പീരിയഡ് കൂട്ടാന്‍ ചൊവ്വാഴ്ചകളില്‍ നിലവിലുള്ള ഏഴ് പീരിയഡ് എട്ടായി ഉയര്‍ത്തണമെന്നും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു. ചെവ്വാഴ്ചകളില്‍ ഉച്ചവരെ 40 മിനിറ്റ് വീതം നാലും ഉച്ചയ്ക്കുശേഷം 35 മിനിറ്റ് വീതം നാലും പീരിയഡായി ക്രമീകരിക്കാനാണ് നിര്‍ദേശം. മലയാളം അധികമായി പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നോ ദിവസവേതനാടിസ്ഥാനത്തിലോ അധ്യാപകരെ നിശ്ചയിക്കാനും അനുവാദം നല്‍കിയിരുന്നു.

ഇത്രയും വ്യക്തമായ ഒരുത്തരവ് ഇറങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടു പോകാനുള്ള ആര്‍ജ്ജവം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് കാണിച്ചിട്ടില്ല. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വിഭാഗത്തിന്റെയോ അവഗണനയുടെയും പരിഗണനയുടെയും പ്രശ്‌നമാണ് വിഷയമെങ്കില്‍  മണിക്കൂറുകള്‍ വെച്ച് ഉത്തരവുകള്‍ നടപ്പിലാവുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന് ഭരണാധികാരികള്‍ നേരിട്ട് ഉറപ്പുവരുത്തുകയും ചെയ്യുന്ന നാടാണിത്. ഇത് പക്ഷെ മാതൃഭാഷയുടെ പ്രശ്‌നമാണ്. നമ്മുടെ വിദ്യാഭ്യാസവഴികളില്‍ അന്തസ്സോടെ നില്‍ക്കാനും അഭ്യസ്തവിദ്യനായ ഒരു മലയാളിക്ക് നമ്മുടെ സാഹിത്യത്തിന്റെയും കലയുടെയും ഈടുവെപ്പുകളെക്കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കാനും കഴിയുന്ന ഒരവസ്ഥ മാതൃഭാഷയ്ക്ക് ഉണ്ടാകേണ്ട വിഷയമാണ്. അത് ആര്‍ജ്ജവത്തോടെ നടപ്പില്‍ വരുത്തുന്നതിന് ആഘോഷങ്ങളുടെ പൊലിമയുണ്ടാവില്ല. മാധ്യമങ്ങളുടെ വാഴ്തുപാട്ടുകള്‍ അപ്പോള്‍ മുഴങ്ങിയെന്നു വരില്ല. സമുദായ നേതാക്കളുടെ പ്രീതിയുടെ വിശുദ്ധതീര്‍ത്ഥങ്ങള്‍ അതിനു മേല്‍ ചൊരിയപ്പെടുകയില്ല. ഒരു പക്ഷേ ഉദേ്യാഗസ്ഥ പ്രമാണിമാര്‍ക്ക് മാതൃഭാഷയെക്കാള്‍ പ്രിയം, എല്ലാവരും ആംഗലം മാത്രം മൊഴിയുന്ന, അധിനിവേശത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന നാളെയുടെ നിശകളായിരിക്കും. അപ്പോഴും, മാതൃഭാഷയും ദേശത്തിന്റെ തനതു സംസ്‌കാരവും മരിച്ചു കഴിഞ്ഞ ഒരു ദേശത്തു നിന്ന് അതിനു എത്രയോ മുന്‍പുതന്നെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വേരോടെ ഒഴുകിപ്പോയിരിക്കും എന്ന് തിരിച്ചറിയേണ്ടത് ഇന്നത്തെ  രാഷ്ട്രീയ നേതൃത്വം തന്നെയാണ്. ഓരോ കേരളപ്പിറവിയും ഇക്കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ കൂടി അവര്‍ കുറച്ചു സമയം നീക്കിവെക്കുന്നത് നന്നായിരിക്കും
(കണ്ണൂരില്‍  നിന്നും പ്രസിദ്ധീകരിക്കുന്ന അകം മാസികയില്‍ വന്ന ലേഖനം.)

6 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. അജ്ഞാതന്‍2022, മാർച്ച് 30 5:24 PM

      വട്ടേന്‍തിരിപ്പ്‌: മലയാളം മൂന്നാംതരമാക്കുന്നതാര്? >>>>> Download Now

      >>>>> Download Full

      വട്ടേന്‍തിരിപ്പ്‌: മലയാളം മൂന്നാംതരമാക്കുന്നതാര്? >>>>> Download LINK

      >>>>> Download Now

      വട്ടേന്‍തിരിപ്പ്‌: മലയാളം മൂന്നാംതരമാക്കുന്നതാര്? >>>>> Download Full

      >>>>> Download LINK 4m

      ഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. മലയാളത്തെ രക്ഷിക്കുന്നതിന് ചില പ്രായോഗിക മാർഗങ്ങൾ :

    1.സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും
    2. വിവാഹ ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക
    3.കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തില്‍
    4. ഭരണ ഭാഷ ( ഭരണം ജനങ്ങളുടെ ഭാഷയിലാവണം)
    5.കേരളത്തിലെ പൊതു ഗ്രന്ഥശാലകൾ സംരക്ഷിക്കുക
    6.സർക്കാർ രേഖകൾ മലയാളത്തിൽ ആക്കുക
    7.സർക്കാർ ഓഫീസകൾ,പൊതു മേഖല സ്ഥാപനങ്ങൾ,സർവകാലശാലകൾ,ആശുപത്രികൾ,കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളി ലെ ബോർഡുകൾ നിർബന്ധമായും മലയാളത്തിലേക്ക് മാറ്റുക
    8. PSC പരീഷകൾ മലയാളികരിക്കുക.

    9. മലയാളം ബ്ലോഗ്‌ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

    10.മലയാളം ഒരു പേപ്പർ ആയി എല്ലാ ക്ലാസ്സിലും പഠിപ്പിക്കുക

    മറുപടിഇല്ലാതാക്കൂ
  4. മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം ഓരോ മലയാളിയുടെയും ജന്മവകാശമാണ് .മലയാള ഭാഷയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇനി സർക്കാർ സർവീസിൽ എത്താം എന്ന തീരുമാനം തികച്ചും അനവസരത്തിലുള്ളതായി പോയി.ഭരണ ഭാഷ മലയാള ഭാഷ ആചരിക്കുന്ന വർഷം തന്നെയാണ് ഇത്തരത്തിലുള്ള തെറ്റായ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമങ്ങളും ഉത്തരവുകളും ഇറക്കുന്നതിന്റെ പിന്നിൽ കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷ യുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ഇത് തികച്ചും തെറ്റായ നടപടിയാണ്.പ്രതികരിക്കുക,പ്രതിഷേധിക്കുക
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2022, മാർച്ച് 30 5:24 PM

    വട്ടേന്‍തിരിപ്പ്‌: മലയാളം മൂന്നാംതരമാക്കുന്നതാര്? >>>>> Download Now

    >>>>> Download Full

    വട്ടേന്‍തിരിപ്പ്‌: മലയാളം മൂന്നാംതരമാക്കുന്നതാര്? >>>>> Download LINK

    >>>>> Download Now

    വട്ടേന്‍തിരിപ്പ്‌: മലയാളം മൂന്നാംതരമാക്കുന്നതാര്? >>>>> Download Full

    >>>>> Download LINK

    മറുപടിഇല്ലാതാക്കൂ