2012, ജൂലൈ 27, വെള്ളിയാഴ്‌ച

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സ്‌കൂള്‍ നല്‍കുന്ന ശിക്ഷകള്‍


പഠനപ്രവര്‍ത്തനങ്ങളുമായും സാംസ്‌കാരിക പരിപാടികളുമായും ബന്ധപ്പെട്ട് സ്‌കൂളിലെത്തുന്ന അതിഥികള്‍ പലതരത്തിലുള്ള സന്ദേഹങ്ങള്‍ക്ക് വിധേയരാകാറുണ്ട്. സ്‌കൂളിലെ കുട്ടികളോട് സംസാരിക്കാനുള്ള ഭാഷ മുതല്‍ പരിഭ്രമങ്ങള്‍ ആരംഭിക്കും. പറയുന്ന ആശയം കുട്ടികള്‍ക്ക് മനസ്സിലാകുമോ? കുട്ടികളോടാണോ വിളിച്ചുകൊണ്ടുവന്ന മാഷന്മാരോടാണോ സംസാരിക്കേണ്ടത്? കനത്ത രീതിയില്‍ പറഞ്ഞില്ലെങ്കില്‍ കേട്ടിരിക്കുന്ന അധ്യാപകര്‍ എന്ത് വിചാരിക്കും എന്ന് തുടങ്ങി പലവിധ ആശങ്കയിലാരിക്കും അവര്‍. അടക്കവും ഒതുക്കവുമില്ലാതെ എന്താണ് നടക്കുന്നതെന്നുപോലുമറിയാതെ ഇരിക്കുന്ന കുട്ടികളുടെ മുന്നില്‍ വലിയ വിഷയങ്ങളെ സംബന്ധിച്ച് പ്രസംഗിക്കുക എന്ന സ്വയം വലിച്ചിട്ട ശിക്ഷ അനുഭവിക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറവായിരിക്കും. പരിപാടി കഴിഞ്ഞാലും പറഞ്ഞത് നന്നായോ എന്ന് കുറെ നേരം വേവലാതികൊള്ളും. എന്റെ സ്‌കൂളില്‍ ഇത്തരം പരിപാടികള്‍ക്ക് വരുന്ന അടുത്ത സുഹൃത്തുക്കളായ പലരും ഇക്കാര്യം പങ്കുവെക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ ആശ്വസിക്കാറുള്ളത് തിരുവനന്തപുരം മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് എനിക്കുണ്ടായ പോലൊരു അനുഭവം ഉണ്ടായിട്ടില്ലല്ലോ എന്നാണ്. അത് പറഞ്ഞിട്ട് ഈ വിഷയത്തിന്റെ മറ്റു പാഠങ്ങളിലേക്ക് കടക്കാം.

സംഭവം രണ്ടായിരത്തി ഏഴിലോ എട്ടിലോ ആണ്. തിരുവനന്തപുരത്തു വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മിക്ക വര്‍ഷവും പങ്കെടുക്കാറുണ്ട്. അത്തവണ ചലച്ചിത്രോത്സവത്തിനു പോകുമ്പോള്‍, അന്ന് തിരുവനന്തപുരം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്ന ഡോ. പി.കെ തിലക് ഒരു കാര്യം ഏല്‍പ്പിച്ചിരുന്നു. പൂരക്കളിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി എങ്ങിനെയെങ്കിലും സംഘടിപ്പിച്ചു കൊണ്ട് വരണം. ഞാന്‍ അതിന്റെ ഒരു ഡി വി ഡി യു മായാണ് പോയത്. ഡി വി ഡി വാങ്ങിക്കുന്നതിനു വേണ്ടി ഞങ്ങള്‍ താമസിക്കുന്ന മുറിയിലെത്തിയ തിലക് അപ്രതീക്ഷിതമായി മറ്റൊരാവശ്യവും കൂടെ മുന്നോട്ടു വെച്ചു. ''നീ വന്നു എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ ഇതൊന്നു അവതരിപ്പിക്കണം. ഒരു പതിനഞ്ചു മിനുട്ട്. ഡോക്യുമെന്ററി തുടങ്ങി നീ മടങ്ങിക്കോളൂ''.
ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷക്ലാസില്‍ പൂരക്കളിയെക്കുറിച്ചു പഠിക്കാനുണ്ട്. അന്തരിച്ച, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രഗത്ഭ പൂരക്കളി ആചാര്യന്‍ രാമന്തളി എം. കൃഷ്ണന്‍ പണിക്കരുമായുള്ള ഒരു അഭിമുഖം. പാഠപുസ്തക സമിതി അംഗമെന്ന നിലയില്‍ ഉത്തരകേരളത്തിന്റെ ഈ ജനകീയ കലാരൂപത്തെ പുസ്തകത്തില്‍ കൊണ്ടുവരുന്നതില്‍ ചെറിയൊരു പങ്ക് ഞാനും വഹിച്ചിട്ടുള്ളതിനാലും ആ സമിതിയുടെ നേതാവ് തിലകനായതുകൊണ്ടും ആ അപേക്ഷ തള്ളിക്കളയല്‍ എളുപ്പമല്ല. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ പൂരക്കളിയെക്കുറിച്ചു പറയാന്‍ എന്റെ കൈയ്യില്‍ കോപ്പില്ല എന്ന് അറിയുന്നത് കൊണ്ട് അത് ആദ്യം ഉറപ്പിച്ചു, കൃത്യം പതിനഞ്ചു മിനുട്ട്. അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല. പതിനൊന്നരക്കുള്ള സിനിമക്ക് ഞാന്‍ കേറിയിരിക്കും. ഏതായാലും ഒരു ക്ലാസിലെ അറുപതു കുട്ടികള്‍ക്കല്ലേ. നിനക്കറിയുന്നത് പറഞ്ഞാല്‍ മതി എന്ന് അവനും സമ്മതിച്ചു.

സ്‌കൂളിലെത്തിയ ഉടന്‍ പ്രിന്‍സിപ്പാളിനെ ഔപചാരികമായി ഒന്ന് പരിചയപ്പെടാനായി എന്നെ അങ്ങോട്ടാണ് കൊണ്ടു പോയത്. അവിടെയെത്തിയപ്പോള്‍ തിലകിന്റെ ഗൗരവം ഒന്ന് കൂടി. ''സാര്‍, ഇത് പയ്യന്നൂരില്‍ നിന്നും വന്ന പൂരക്കളി വിദഗ്ദന്‍  ശ്രീ. പ്രേമചന്ദ്രന്‍. അദ്ദേഹം ഇന്ന് എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പൂരക്കളിയെക്കുറിച്ച് ഒരു ക്ലാസെടുത്തു കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്...'' എന്നിങ്ങനെ പോയി പരിചയപ്പെടുത്തല്‍. അവന് ഒരു ഗമയല്ലേ എന്ന് കരുതി ഞാനും ഒരു പൂരക്കളി ആശാന്റെ ഭാവഹാവാദികളോടെ തലയാട്ടി അഭിനയിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് പ്രിന്‍സിപ്പാള്‍ ചാടിയെഴുന്നേറ്റു തിലകിനോട് ഗൗരവത്തില്‍ പറഞ്ഞു. ''തിലക്, നിങ്ങള്‍ എന്താണീ പറയുന്നത്. മലബാറില്‍ നിന്ന് ഒരു വിശിഷ്ട കലാകാരന്‍ വന്നു.  അദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ക്ലാസില്‍ മാത്രം ഒതുക്കുകയോ? അതെന്തായാലും ശരിയല്ല. രണ്ടാം വര്‍ഷത്തെ മുഴുവന്‍ കുട്ടികളും ഇരിക്കട്ടെ. നമുക്ക് ഫോട്ടോയെല്ലാം എടുത്തു ഇതൊരു നല്ല വാര്‍ത്തയുമാക്കണം. പെട്ടെന്നുതന്നെ എല്ലാം അറേഞ്ചുചെയ്യൂ.'' ''അതാണ് സാര്‍ നല്ലത്. ആദ്യത്തെ പിരിയേഡ് ആയതുകൊണ്ട് ശങ്കിച്ചതാണ്. പെട്ടെന്ന് എല്ലാം അറേഞ്ച് ചെയ്യാം'', തിലക്. അവന്‍ ഇപ്പോള്‍ എന്റെ മുഖത്തു പോലും നോക്കുന്നില്ല. ക്ലാസില്‍ പോകുന്നു. നാല് ബാച്ചിലെയും കുട്ടികളെ വിടുന്നു. ചില പയ്യന്മാര്‍ നേരെ ഓഫീസില്‍ വരുന്നു. മാഷന്മാര്‍ കമ്പ്യൂട്ടര്‍ പരതുന്നു. പ്രൊജക്ടര്‍ മാഷേ വിളിക്കാന്‍ ഓടുന്നു. ആകെ ബഹളം. ഞാന്‍ അപ്പോള്‍ തന്നെ നല്ല പരിഭ്രമത്തിലായി. പൂരക്കളി കാലാകാരന്‍ എന്നെങ്ങാനും അടിക്കുറിപ്പോടെ എന്റെ ഫോട്ടോ പത്രത്തില്‍ വന്നാലുണ്ടാകുന്ന, അതെങ്ങാനും തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ കണ്ടാലുണ്ടാവുന്ന അവസ്ഥയോര്‍ത്ത് അവിടുന്ന് എഴുന്നേറ്റ് ഓടാനുള്ള മനസ്ഥിതിയിലായി. ഒരു പത്തു മിനുട്ട് നേരത്തെ അധ്വാനം കഴിഞ്ഞു തിലകന്‍ വിയര്‍ത്തു എന്റടുത്തെത്തി. ''നീ ബേജാറൊന്നും ആവണ്ട. ഒരു പതിനഞ്ചു മിനുട്ട് എന്തെങ്കിലും പറഞ്ഞു നിന്നാ മതി. പിന്നെ സിനിമ കാണിച്ചു കൊടുത്താല്‍ മതി.'' പൂരക്കളിയുടെ നാട്ടില്‍ വളര്‍ന്നിട്ടും അതിനെക്കുറിച്ച് ആധികാരികമായി പഠിക്കാത്തതില്‍ സ്വയം ശപിച്ചു. ഇനി വരുന്നിടത്ത് വെച്ച് കാണാം എന്നു വിചാരിച്ചു അവന്റെ കൂടെ ഹാളിലേക്ക് നടന്നു.

മോഡല്‍ സ്‌കൂളിലെ പ്രസിദ്ധമായ ഹാളാണ്. മുക്കാല്‍ ഭാഗം പിള്ളേരും ഹാളിനു വെളിയില്‍ രാവിലെ തന്നെ കിട്ടിയ ഫ്രീ പിരിയേഡിന്റെ സന്തോഷത്തില്‍ മതിമറന്നു കൂട്ടംകൂടി തമാശ പറഞ്ഞും ചിരിച്ചും ആവേശത്തിലാണ്. തിലകും മറ്റൊരു മലയാളം ടീച്ചറും കൂടി പിള്ളേരെ ഹാളിലേക്ക് കയറ്റാന്‍ അവരോടു വിനീതമായി അപേക്ഷിക്കുന്നത് കണ്ടപ്പോഴേ സദസ്സിന്റെ സ്വഭാവം ഏതാണ്ട് മനസ്സിലായി.
ഹാളിലേക്ക് കടന്നപ്പോള്‍ ഞങ്ങളെ വലിയൊരു വാദ്യഘോഷമാണ് എതിരേറ്റത്. ഹാളിലെ സ്‌റ്റേജില്‍ ഓര്‍ക്കസ്ട്രാ ടീമിനുള്ള ജാസിലും ഡ്രമ്മിലും ചില വിരുതന്മാര്‍ വെച്ച് കീറുകയാണ്. രണ്ടോ മൂന്നോ ടെക്‌നീഷ്യന്മാര്‍ സ്‌ക്രീനും പ്രോജക്ടരും കമ്പ്യൂട്ടറുമെല്ലാം റെഡിയാക്കുന്നുണ്ട്. ഒരു വിധം ഇവരെയെല്ലാം ഇരുത്തിയിട്ട് തിലക് സ്വാഗതം പറയാന്‍ ആരംഭിച്ചു. ഒരു മനുഷ്യനെ ബഹുമാനിക്കണമെന്നു സാമാന്യ വിവരമുള്ള ഒരാള്‍ക്ക് തോന്നാന്‍ എന്തൊക്കെ പറയണമോ അതൊക്കെ വെച്ച് തിലകന്‍ ആകുംപോലെ ശ്രമിക്കുകയാണ്. പൂരക്കളിക്കുള്ള ജ്ഞാനപീഠം കിട്ടിയ ആളാണെന്ന് മാത്രം പറഞ്ഞില്ല. അതിനു താഴെയുള്ള സര്‍വ്വവും തികഞ്ഞ പൂരക്കളിക്കാരനായി ഞാന്‍. ഭാഗ്യത്തിന് പകുതിപ്പേരും ഒരക്ഷരം പോലും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ ഊഴമായി. ആദ്യം തന്നെ കൈയ്യിലുള്ള ഡി വി ഡി കമ്പ്യൂട്ടര്‍ ഒപ്പറേറ്റേഴ്‌സിനെ ഏല്‍പ്പിച്ചു. എഴുന്നേറ്റു പൂരക്കളിയെക്കുറിച്ച് സ്ഥിരം പറയാറുള്ള ഒന്നോ രണ്ടോ ഡയലോഗുകള്‍ പറയുമ്പോഴേക്കും, ഓ ഇതോ...എന്ന മട്ടില്‍ അവര്‍ പ്രതീക്ഷ കൈവിട്ടു. രാവിലെ തന്നെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പുതിയ പടം കാണിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്. അവര്‍ വീണ്ടും, നേരത്തെ ഞാന്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്ന മട്ടില്‍ അവരുടെ സംഭാഷണത്തിലേക്ക്  തിരിച്ചുപോയി. നോക്കുമ്പോള്‍ മിക്കവാറും അവരുടെതായ ലോകത്താണ്. ഇങ്ങിനെ ഒരാള്‍ മുന്‍പില്‍ നില്‍ക്കുന്നു എന്ന ഭാവം പോലുമില്ലാതെ ദൂരെയിരിക്കുന്ന ചങ്ങാതിമാരെയൊക്കെ വിളിച്ചിട്ടാണ് സംസാരം. മുന്നില്‍ ഇരിക്കുന്ന അഞ്ചോ പത്തോ കുട്ടികള്‍, കണ്ടാല്‍ തന്നെ അറിയാം തനി പഠിപ്പിസ്റ്റുകളും പാവത്താന്മാരും ആണെന്ന്, അവരെ മാത്രം നോക്കിയായി പിന്നെയുള്ള എന്റെ പൂരക്കളി. അഞ്ചുമിനുട്ട് എങ്ങിനെയോ ഒപ്പിച്ചു. എന്റെ ഒച്ചയാണോ പിള്ളേരുടെ വിളിയും ബഹളവുമാണോ കൂടുതല്‍ കേട്ടത് എന്ന് അറിയില്ല. എങ്കില്‍ സിനിമ തുടങ്ങാം എന്ന് ഞാന്‍ ഒപ്പറേറ്റെഴ്‌സിനോട് ആംഗ്യം കാണിച്ചു. അപ്പോഴേക്കും അവര്‍ ഒരു പന്തികെടിലാണ്. എന്തായിട്ടും ഡി വി ഡി വര്‍ക്ക് ചെയ്യുന്നില്ല. നോക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ഡി വി ഡി ഡ്രൈവ് അല്ല, സി ഡി ഡ്രൈവ് ആണുള്ളത്. തിലകന്‍ ഹാളിന്റെ അങ്ങേ മൂലയ്ക്ക് ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നില്‍പ്പാണ്. സിനിമകൂടി വരാതായപ്പോള്‍ ഹാളിലെ ബഹളം സാമാന്യം ഉച്ചത്തില്‍ തന്നെയായി. ഓഫീസിലെ ഒരു കമ്പ്യൂട്ടറില്‍ ഡി വി ഡി പ്ലയര്‍ ഉണ്ടെന്നു ഒരു വിദഗ്ദന്‍ അറിയിപ്പുതന്നു. ഉടന്‍ തിലക് പിള്ളേരെയും കൂട്ടി അത് എടുക്കാന്‍ പോയി. അവിടെ അതില്‍ എന്തോ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പ്രിന്‍സിപ്പാളിനെയും ക്ലാര്‍ക്കിനെയും വെറുപ്പിച്ചുകൊണ്ടു ആ കമ്പ്യൂട്ടര്‍ അടിയോടെ ഇളക്കി കൊണ്ടുവന്നു. ഹാളിന്റെ ഏറ്റവും പിറകിലെ വാതിലിലൂടെയാണ് കമ്പ്യൂട്ടറും കൊണ്ടു മാഷുടെ വരവ്. പിള്ളേര്‍ കയ്യടിച്ചും വിസിലടിച്ചും ആ വരവ് ആഘോഷിച്ചു. പിന്നെ വിയര്‍ത്തുകൊണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന് അതിനു കണക്ഷന്‍ കൊടുത്ത് സിനിമയിട്ടു. ഇതാ റെഡി, പൂരക്കളിവിളക്ക് തെളിഞ്ഞു. ഞാന്‍ വീണ്ടും മൈക്ക് കയ്യിലെടുത്തു സോദാഹരണം ഓരോന്നും വിശദീകരിക്കാന്‍ തയ്യാറെടുത്തു. അപ്പോഴാണ് അറിഞ്ഞത് ചിത്രമേയുള്ളൂ. സൗണ്ടില്ല. പോരെ പൂരം. പിറകില്‍ മറ്റൊരു മലയാളം ടീച്ചര്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍, എന്നെ സമാധാനിപ്പിക്കാനെന്ന പോലെ പിള്ളേരോട് 'മിണ്ടാതിരിയെടാ..' എന്നൊക്കെ പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. തിലകിനെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു. ''ഇതില്‍ മദര്‍ ബോര്‍ഡ് സി ഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. സൌണ്ട് കിട്ടില്ല.'' പിന്നെന്തു വേണമെന്നായി അവന്‍. ഒരു  ഡി വി ഡി പ്ലെയര്‍ കിട്ടിയാല്‍ സംഗതി ഒപ്പിക്കാം എന്ന് ഞാന്‍. എങ്കില്‍ ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടില്‍ പോയി  കൊണ്ടു വരാം.. നീ കുറച്ചു നേരം ആ കാണുന്ന ദൃശ്യങ്ങള്‍ ഒന്ന് വിശദീകരിച്ചു നില്‍ക്ക്. ഞാന്‍ അഞ്ചു മിനുട്ടുകൊണ്ട് എത്താം എന്നായി അവന്‍. ഞാന്‍ വീണ്ടും ദയനീയമായി മൈക്കിനടുത്തെക്കു പോയി. മുന്നില്‍ ഇരിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളെയല്ലാതെ ഈ ലോകത്ത് വേറെ ആരും ഇല്ല എന്നഭാവത്തിലാണ് പറച്ചില്‍. ഇടയില്‍ കഴുത്തുയര്‍ത്തി ടീച്ചര്‍ അവിടെയില്ലേ എന്ന് നോക്കി. ഭാഗ്യം; അവര്‍ ജീവനും കൊണ്ട് അല്‍പ്പംമുന്‍പ് രക്ഷപ്പെട്ടിരുന്നു. പകുതി പിള്ളേരും 'ഇപ്പോള്‍ ഗ്രൂപ്പ് ഡിസ്‌ക്കഷനല്ലേ' എന്ന മാതിരി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിപ്പാണ്. മുന്നിലെ എന്റെ നല്ല ശിഷ്യര്‍ മാത്രം മാഷ് അതൊന്നും ശ്രദ്ധിക്കെണ്ടാ; ഞങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ട് എന്ന മട്ടില്‍ അതിശ്രദ്ധ അഭിനയിക്കുന്നു.. സിനിമയില്‍ അപ്പോള്‍ കാണിക്കുന്നത് പൂരക്കുഞ്ഞുങ്ങള്‍ കാവ് വലം വെക്കുന്നതും മറ്റുമാണ്. ഞാന്‍ അവരെ നോക്കി സചിത്രവിവരണം നല്‍കുകയാണ്. തിലകിനെയാനെങ്കില്‍ കാണാനും ഇല്ല.

അല്‍പ്പം കഴിഞ്ഞപ്പോള്‍ തിലക് ഒരു ഡി വി ഡി പ്ലെയറും പൊക്കിപ്പിടിച്ച് ഹാളിന്റെ പിറകില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴുണ്ടായ അതിശക്തമായ കൈയ്യടിയില്‍ നിന്നും ചൂളം വിളിയില്‍ നിന്നുമാണ് എനിക്ക് അത് തിലകിന്റെ വരവാണെന്ന് മനസ്സിലായത്. ആഹ്ലാദാരവങ്ങളുടെ അകമ്പടി മാഷ് സ്‌റ്റേജിനു മുന്നിലെത്തുന്നതുവരെ തുടര്‍ന്നു. പെട്ടെന്നുതന്നെ ഡി വി ഡി പ്ലെയര്‍ വഴി കാണിക്കാന്‍ പറ്റുമോ എന്ന ശ്രമം തുടങ്ങി. അപ്പോഴാണ് ഓര്‍ത്തത് അതില്‍ നിന്ന് ആംപ്ലിഫെയറിലേക്ക് കണക്ഷന്‍ കൊടുക്കാനുള്ള വയര്‍ ഇല്ല. ''ഞാന്‍ ഒരു മിനിട്ടിനകം അതുകൊണ്ടു വരാം.. നീ കുറച്ചു നേരം കൂടി എന്തെങ്കിലും പറഞ്ഞു ഒപ്പിക്ക്.. ''എന്ന് പറഞ്ഞു തിലക് വീണ്ടും പുറത്തേക്കോടി. കൈയ്യടി, ചൂളമടി, ആരവം ഇവ ഒന്നുകൂടി ആവര്‍ത്തിച്ചു. ഞാന്‍ മനസ്സില്ലാ മനസ്സോടെ വീണ്ടും മൈക്കിനു മുന്നിലെത്തി. മുന്നിലെ അഞ്ചാറു പോരുടെ മുഖത്തു മാത്രം നോക്കി എന്തൊക്കെയോ ചിലത് പറയാന്‍ ശ്രമിച്ചു. ഇപ്പോള്‍ അവരുടെ ചുണ്ടിലും ഒരു പരിഹാസച്ചിരിയുണ്ടോ? ശ്രദ്ധ നടിച്ചു ഇവര്‍ എന്നെ കളിയാക്കുകയാണോ? ഹാളിലെ ബഹളം അതിന്റെ ഉച്ചസ്ഥായില്‍ ആണിപ്പോള്‍. ക്ഷമയ്ക്കുമില്ലേ ഒരതിര്. ഞാന്‍ മൈക്കിലൂടെ ഒരലര്‍ച്ചയായിരുന്നു. ''പരിപാടി അവസാനിച്ചു, എല്ലാവരും എണീറ്റ് ക്ലാസിലേക്ക് പൊയ്‌ക്കോളൂ...'' പിന്നെ മിന്നല്‍ വേഗത്തില്‍ ഹാളും കടന്ന്, സ്‌കൂളും കടന്ന് റോഡിലെത്തി. ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി നേരെ തിയേറ്ററിലേക്ക് വിടാന്‍ പറഞ്ഞു. അപ്പോള്‍ മൊബൈലില്‍ തിലകിന്റെ വിളി വന്നു. ''ഇതാ ഞാന്‍ വയറുമായി എത്തി.. നീ എവിടെ..'' ''വയറു നീ പുഴുങ്ങിത്തിന്നോ.. ഇമ്മാതിരി പിള്ളേര്‍ക്ക് ക്ലാസെടുക്കുന്നതിനു പകരം കൈക്കോട്ടു പണിയെടുക്കുന്നാതാടാ ഭേദം..'' ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

 

വ്യക്തിപരമായ ഇക്കാര്യം വിശദീകരിച്ചത് അത് സ്‌കൂളില്‍ പൊതുവേ നടക്കുന്ന  സാംസ്‌കാരികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഏറെ കൗതുകങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. പലപ്പോഴും ഒരു ക്ലാസ് മുറിയില്‍ സഫലമായി നടക്കുന്ന/നടത്തേണ്ട പ്രവര്‍ത്തനത്തെ സ്‌കൂളിലെ പൊതുപരിപാടിയായി മാറ്റുകയാണ് പതിവ്. മുമ്പാണെങ്കില്‍ വളരെ താത്പര്യമുള്ള ഒരു മാഷ് മുന്‍കൈയെടുത്തു ഒരു വര്‍ഷത്തിലെങ്ങാന്‍ സ്‌കൂളില്‍ ഒരതിഥി എത്തിയാല്‍ ആയി. ഇന്ന് അങ്ങിനെയല്ല. ചരിത്രവുമായി ബന്ധപ്പെട്ട്, പരിസര പഠനവുമായി ബന്ധപ്പെട്ട്, ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ഏറെ പല വ്യക്തികളെയും സ്‌കൂളില്‍ കൊണ്ടു വരേണ്ട ആവശ്യമുണ്ട്. പാഠപുസ്തകം തന്നെ അത് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുമായുള്ള അഭിമുഖത്തിന്. സോദാഹരണ ക്ലാസുകള്‍ക്ക്, അവതരണങ്ങള്‍ക്ക് എന്നിങ്ങനെ. അമ്പതില്‍ താഴെവരുന്ന കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം പരിപാടികളില്‍ അവര്‍ക്ക് നന്നായി ഇടപെടാനും അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളെക്കുറിച്ച് വ്യക്തത വരുത്താനും കഴിയും. എന്നാല്‍ അത് ആളറിയില്ലല്ലോ. പേരും ആഭിനന്ദനവും കിട്ടില്ലല്ലോ.

ക്ലാസ് മുറികളുടെ ശാക്തീകരണം എന്നത് പലപ്പോഴും നാം മറന്നു പോവാറാണ് പതിവ്. നോട്ടീസടിക്കലും പത്രത്തില്‍ ഫോട്ടോ വരുത്തലുമാണ് മുഖ്യമായ കാര്യം എന്ന നിലയിലേക്ക് നമ്മുടെ സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുകയാണ്. നഗരസഭയുടെയും പി.ടി.എ യുടെയും കാണക്കെടുപ്പുകളില്‍ അതായിരിക്കും മുഖ്യം. അതുകൊണ്ട് മാധ്യമശ്രദ്ധ കിട്ടുന്ന കാര്യങ്ങള്‍ മാത്രം പേരിനു ചെയ്യുകയും അതിന്റെ ഫോട്ടോ ഗംഭീരമായി പത്രത്തില്‍ നാലുകോളം വാര്‍ത്ത വരികയും ചെയ്യുന്നതില്‍ സംതൃപ്തി അടയുന്ന എത്രയോ പേരുണ്ട്. തങ്ങള്‍ മുന്‍പ് ഏറ്റെടുത്ത/മുഴക്കിയ മുദ്രാവാക്യങ്ങളുടെ ആശയം തന്നെ കൊല്ലമൊന്നു കഴിയുന്നതിന്‍ മുന്‍പ് അവര്‍ മറന്നു പോയിട്ടുണ്ടാകും.

ക്ലാസ് മുറികളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ പൊതുപരിപാടിയായി തെറ്റിദ്ധരിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന അധ്യാപകരും ഏറെ പ്രശ്‌നങ്ങള്‍ അനുഭവിക്കാറുണ്ട്. പുറത്തു നിന്നും ഒരു സുഹൃത്തിനെ, സാംസ്‌കാരിക പ്രവര്‍ത്തകനെ കൊണ്ടുവന്നു ഒരു ചെറിയ ക്ലാസ് കുട്ടികള്‍ക്ക് നല്‍കണമെങ്കില്‍ അതിനു സ്‌കൂളിലെ മുഴുവന്‍ ആളുകളെക്കണ്ട് വെറ്റിലയും അടക്കയും വെക്കണം. സീനിയേര്‍സിനെയും പ്രബലന്മാരെയും പ്രത്യേകം കണ്ടു പറയണം. ഇല്ലെങ്കില്‍ ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന ആഢ്യത്തം എന്തൊക്കെ അപകടമാണ് വരുത്തുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് 'ധര്‍മ്മം കിട്ടിയില്ലെങ്കിലും നായ കടിക്കാതിരുന്നാല്‍ മതി' എന്നാണു താത്പര്യമുള്ള അധ്യാപകര്‍ പോലും വിചാരിക്കാറ്.

സ്‌കൂളില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ കൃത്യമായും ആസൂത്രണം ചെയ്യാത്തത് കൊണ്ട് ഏറെ സമയവും അധ്വാനവും നഷ്ടപ്പെടുന്നതും പതിവാണ്. ആ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു എന്തെല്ലാമാണ് നടക്കേണ്ടത്, അതിനു ഏതൊക്കെ സാങ്കേതിക സൌകര്യങ്ങള്‍ ആവശ്യമായി വരും ഇതൊക്കെ പലപ്പോഴും അതിഥികളൊക്കെ എത്തിയശേഷമായിരിക്കും ആലോചിക്കുക. കമ്പ്യൂട്ടറും പ്രൊജക്ടറും ഒക്കെ വേണ്ടുന്നതാണെങ്കില്‍ പറയുകയും വേണ്ട. ശബ്ദമുണ്ടെങ്കില്‍ ചിത്രമുണ്ടാവില്ല, ലാപ്പിലുണ്ടെങ്കില്‍ സ്‌ക്രീനിലുണ്ടാവില്ല, വിന്റോസിലുള്ളത് ലിനക്‌സിലാവില്ല എന്നിങ്ങനെ പോകും പിടികിട്ടാത്ത പ്രശ്‌നം. ഇന്ന് സ്‌കൂളില്‍ ഇല്ലാത്ത ഉപകരണങ്ങളില്ല. പക്ഷെ,  ഇതൊക്കെ ആത്മവിശ്വാസത്തോടെ എങ്ങിനെ/ എപ്പോഴൊക്കെ  ഉപയോഗിക്കാം എന്ന് മിക്ക അധ്യാപകര്‍ക്കും അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യമായ പരിശീലനം ഇക്കാര്യത്തില്‍ അവര്‍ക്ക് നല്‍കാത്തതാണ് ഒരു പ്രശ്‌നം. നമ്മള്‍ ഇതൊക്കെ പഠിച്ചേ തീരൂ എന്ന് ഉള്ളില്‍ തോന്നാത്തത് പ്രഥമവും പ്രധാനവുമായ പ്രശ്‌നവും. കൂടുതല്‍ ആലോചനകളും ആസൂത്രണവും ഇല്ലാതെ, വഴിപാടായോ റിപ്പോര്‍ട്ടുകളില്‍ കാണിക്കാനായോ പത്രവാര്‍ത്തയ്ക്കായോ വേണ്ടി നടത്തുന്ന പരിപാടികള്‍ക്കായി സ്‌കൂളിലേക്ക് സാംസ്‌കാരിക പ്രവര്‍ത്തകരെ ക്ഷണിക്കുന്ന നമ്മുടെ അധ്യാപകര്‍ കുട്ടികളുടെയും അതിഥികളുടെയും വിലയേറിയ സമയമാണ് യഥാര്‍ത്ഥത്തില്‍ നശിപ്പിക്കുന്നത്.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയില്‍ വന്നത്.)

2012, ജൂലൈ 16, തിങ്കളാഴ്‌ച

വിദ്യാഭ്യാസം: സങ്കീര്‍ണമാകുന്ന പരിഷ്‌കരണങ്ങളും ലളിതമായ സത്യങ്ങളും.



വിദ്യാഭ്യാസം ഒരു ചെളിക്കുളമല്ല. നിരന്തരമായ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് അതിന്റെ ജീവന്‍ . ശരിയായ ആരോഗ്യമാണ് അതിന്റെ ലക്ഷ്യമെങ്കില്‍ കെട്ടിക്കിടന്നു മലിനമായ വെള്ളത്തോടൊപ്പം കാലങ്ങളായുള്ള അഴുക്കും ചെളിയും മറ്റു ചണ്ടിപണ്ടാരങ്ങളും അതില്‍ നിന്നും കോരിമാറ്റുകയും പുതിയ ചാലുകളില്‍ നിന്നും ഒഴികിയെത്തുന്ന തെളിനീരിനായി കാത്തിരിക്കുകയും വേണം. പഠനബോധന സമീപനങ്ങളില്‍ ,ഘടനാപരമായ ക്രമീകരണങ്ങളില്‍ എല്ലാം പുതിയ തെളിച്ചങ്ങളില്‍ നിന്നുവരുന്ന പരിഷ്‌കരണങ്ങള്‍ ചിലപ്പോള്‍ അമ്പരപ്പുണ്ടാക്കിയേക്കാം. പുതിയ വെള്ളത്തിലുള്ള കുളി ചിലരെയെങ്കിലും പനിക്കിടക്കയിലുമാക്കിയേക്കാം. അപ്പോഴും, മാറ്റം ഞങ്ങള്‍ക്ക് മാത്രം ബാധകമല്ല എന്ന സമീപനം വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഒരിക്കിലും കൈക്കൊള്ളാന്‍ കഴിയില്ല. അതോടൊപ്പം അതിനെ യുക്തിസഹമായി വിലയിരുത്താനും എല്ലാ പരിഷ്‌കരണങ്ങളും ഏതു  പക്ഷത്തിനൊപ്പമാണ്, ആരുടെ താത്പര്യങ്ങളാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് വിലയിരുത്താനും അവര്‍ക്ക് വലിയ ബാധ്യതയുമുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി വരുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ , വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ലക്ഷ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന നിയമങ്ങള്‍ , വിദ്യാഭ്യാസമെന്ന പ്രക്രിയയോടുതന്നെ ഭരണകൂടം വെച്ചുപുലര്‍ത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകള്‍ എന്നിവ പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള ആശങ്കകളും സംശയങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഒരു കാലമാണ് ഇത്. വിദ്യാഭ്യാസം ഉത്കണ്ഠയാകേണ്ടത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല. പൊതുസമൂഹത്തിന്റെ ദൃഡപേശികളില്‍ നിന്നുള്ള പോഷകങ്ങളാണ് അത് വലിച്ചെടുക്കുന്നത്. ആ ഊര്‍ജ്ജം കൊണ്ട് അത് രൂപപ്പെടുത്തുന്നത്, അതെ സമൂഹത്തിനു നേരെ കൊഞ്ഞനംകുത്തുന്ന, അതിനെ ശത്രുപക്ഷത്തു നിര്‍ത്തുന്ന, തന്റെ മാത്രം ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന വെറുമൊരു കോണിയായി അതിനെ കാണുന്ന ഒരു വിഭാഗത്തെ/ തലമുറയെ ആണെന്ന് വരുമ്പോഴോ? തീര്‍ച്ചയായും ജാഗ്രതയുടെ അണയാത്ത പന്തങ്ങളുമായി രാപ്പകല്‍ നാം കാവല്‍ നില്‍ക്കേണ്ട അമൂല്യമായ സമ്പത്താണ് നമ്മുടെ പൊതുവിദ്യാഭ്യാസം. അതില്‍ വളര്‍ന്നുവരുന്ന സാധാരണക്കാരായ പരല്‍മീനുകളെ ഭക്ഷിക്കാനായി മാത്രം ആ കുളത്തിലേക്ക് വലിയ പിരാനകളെ ഇറക്കിവിടുന്ന കരങ്ങളെ കണ്ടെത്താനും അതിനെ ചെറുക്കാനും നമുക്ക് കഴിയണം.
കേന്ദ്ര സര്‍ക്കാര്‍ സമീപനാളുകളില്‍ എടുത്ത പല തീരുമാനങ്ങളും രാജ്യത്തെ വിദ്യാഭ്യാസത്തെ ദൂരവ്യാപകമായ രീതിയില്‍ സ്വാധീനിക്കാവുന്നവയാണ്. അവയ്ക്ക് പലതിനും അക്കാദമികമായി വലിയ പ്രാധാന്യമുണ്ടുതാനും. വിദ്യാഭ്യാസ വിഷയത്തില്‍ സ്വാതന്ത്ര പ്രാപ്തിക്കു ശേഷവും വലിയ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ പോയ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും വിദ്യാഭ്യാസ അവകാശ നിയമം പുരോഗമനപരം തന്നെയാണ്. ഗുണനിലവാരമുള്ള അധ്യാപക പരിശീലനം ഉറപ്പുവരുത്തുക, സംസ്ഥാന ഗവണ്‍മെന്റിന് സാങ്കേതികവും ധനപരവുമായ സഹായം നല്‍കുക, ദുര്‍ബ്ബല വിഭാഗങ്ങളില്‍ (Weaker section) പ്പെട്ട കുട്ടികളും അവശവിഭാഗങ്ങളില്‍ (Disadvantaged group)പ്പെട്ട കുട്ടികളും യാതൊരുവിധത്തിലുമുള്ള വിവേചനത്തിനും വിധേയമാവുന്നില്ലായെന്ന് ഉറപ്പിക്കുക, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക, പ്രവേശനത്തിന് യാതൊരുവിധ ക്യാപ്പിറ്റേഷന്‍ ഫീസും സ്‌ക്രീനിംഗും പാടില്ല തുടങ്ങിയ നിയമങ്ങള്‍ ദേശീയ സാഹചര്യത്തില്‍ പ്രസക്തമായവ തന്നെയാണ്. എന്നാല്‍ കേരളം പോലുള്ള, വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച മാതൃക മുന്നോട്ടുവെച്ച ഒരു സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളില്‍ വലിയ പുതുമ ഒന്നും കാണാന്‍ കഴിയില്ലെന്ന് മാത്രമല്ല അത് നിര്‍ദ്ദേശിക്കുന്ന ഘടനാപരമായ പല മാറ്റങ്ങളും നാം ഇന്നുവരെ തനതായ രീതിയില്‍ കെട്ടിയുയര്‍ത്തിക്കൊണ്ടുവന്ന നമ്മുടെ അസ്ഥിവാരങ്ങളെ പിടിച്ചുകുലുക്കുകയും ചെയ്യും. ഉദാഹരണത്തിന് അഞ്ചാം ക്ലാസ് ലോവര്‍പ്രൈമറിയോടും എട്ടാം ക്ലാസ് അപ്പര്‍പ്രൈമറിയോടും ചേര്‍ക്കണം എന്ന നിര്‍ദ്ദേശം. കുട്ടിയുടെ പക്ഷത്തുനിന്നു നോക്കിയാല്‍ കുറേക്കൂടി ശ്രദ്ധയും പരിചരണവും ലഭിക്കുന്ന ഒരന്തരീക്ഷത്തില്‍ ഒരു വര്‍ഷം കൂടി പഠിക്കാന്‍ ലഭിക്കുന്ന അവസരം സ്വാഗതം ചെയ്യപ്പെടാം. എന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനമാണ് ഓരോ വര്‍ഷം കൂടി അവര്‍ക്ക് താമസിച്ചു ലഭിക്കുന്നത്. കേരളത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ഇതുണ്ടാക്കും. അതിശക്തമായ പൊതു വിദ്യാഭ്യാസം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത്, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക പോലുള്ള നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. വിദ്യാഭ്യാസ വിഷയത്തില്‍ തന്നെ പുതിയ ആഗോളവത്കരണ-സ്വകാര്യ വത്കരണ സാഹചര്യം സൃഷ്ടിച്ച അലകളാണ് ഇവിടെയും ആഞ്ഞടിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ പൊതുനിലപാട്. പ്രാഥമിക വിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ സ്വകാര്യമേഖലക്ക് മാത്രമേ കഴിയൂ എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടുകള്‍ക്കു കീഴില്‍ മുദ്രവെക്കുകയാണ് സര്‍ക്കാരും. ഇതിനിടെ കോര്‍പ്പറേറ്റുകളുടെ വളര്‍ത്തു പുത്രനായ ആത്മീയാചാര്യന്‍ 'സര്‍ക്കാര്‍ സ്‌കൂളുകള്‍ ക്രിമിനലുകളെയും നക്‌സലേറ്റുകളേയും ആണ് സൃഷ്ടിക്കുന്നതെന്നും വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയല്ലെന്നും അത് സന്നദ്ധസംഘടനകളുടെ കുത്തകയാണെന്നും' പ്രഖ്യാപിച്ചത് അതിന്റെ മറ്റൊരു രൂപത്തിലുള്ള പ്രകാശനമാണ്. ഇന്ത്യയിലെ വിവിധ ജാതി-മത സംഘടനകളിലെ പുതിയ ആത്മീയാചാര്യന്മാര്‍ നടത്തുന്ന സ്‌കൂളുകളിലെ കരിക്കുലവും സിലബസും എത്രമാത്രം ദേശവിരുദ്ധവും പരസ്പര സ്പര്‍ദ്ധ വളര്‍ത്തുന്നതും ആണെന്ന് തിരിച്ചറിയുമ്പോഴാണ് പൊതുവിദ്യാഭ്യാസത്തിനെതിരായി ഇവര്‍ നടത്തുന്ന ഒറ്റക്കെട്ടായുള്ള ആക്രമണത്തിന്റെ ഉള്ളുകള്ളി തിരിച്ചറിയാനാവുക.
പൊതുവിദ്യാലയങ്ങള്‍ അരാജകത്വവും ആക്രമണവും വളര്‍ത്തുന്നവയാണെന്നും നല്ല വിദ്യാഭ്യാസം നല്‍കാന്‍ സ്വകാര്യ മേഖലയ്ക്കു മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള മധ്യവര്‍ഗ്ഗ സങ്കല്‍പ്പങ്ങള്‍ക്ക് വാഗ്രൂപം നല്‍കുക മാത്രമാണ് അവരുടെ ആത്മീയാചാര്യന്‍ ചെയ്തിട്ടുള്ളത്. ഇത്രയും അസംബന്ധമായ ഒരു പ്രസ്താവനയുടെ പക്ഷം ചേര്‍ന്ന്, ഇതുസംബന്ധിച്ച്  ഇന്റര്‍നെറ്റില്‍ നടക്കുന്ന സംവാദങ്ങളില്‍ പ്രതികരിക്കാന്‍ കേരളത്തില്‍ നിന്നുപോലും ഒട്ടേറെപ്പേര്‍ ഉണ്ടായി എന്നതാണ് അതിശയകരം. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ വിമോചന സ്വപ്നം തുടങ്ങുന്നതും ഒടുങ്ങുന്നതും വിദ്യാഭ്യാസത്തില്‍ ആയതുകൊണ്ടാവാം അത്; പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ നമ്മുടെ യുവാക്കളായ/ മധ്യവയസ്‌കരായ രക്ഷകര്‍ത്താക്കളുടെ. നല്ല വിദ്യാഭ്യാസത്തിന്റെ തെളിവായി അവര്‍ മിക്കപ്പോഴും വാഴ്ത്തിപ്പാടുന്നത് സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങലെയാണ്. പഴയ തലമുറയില്‍പ്പെട്ട കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയടക്കം മിക്കരാഷ്ട്രീയ നേതാക്കളും ശങ്കയില്ലാതെ ആത്മീയാചാര്യന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ അടക്കമുള്ള ഇന്ന് രാജ്യത്തിന്റെ അഭിമാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉത്പന്നങ്ങളാനെന്നു അവര്‍ തുറന്നു പറഞ്ഞു. (പക്ഷെ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയാണ് വേണ്ടത് എന്ന പ്രഭാഷണത്തിന്റെ ഒന്നാംഭാഗത്തെ അവര്‍ സ്പര്‍ശിച്ചില്ല. അക്കാര്യത്തില്‍ ആത്മീയക്കച്ചവടക്കാരും വലതുപക്ഷ രാഷ്ട്രീയനേതൃത്വവും ഒരേപാത്രത്തില്‍ നിന്നു ഉണ്ണുന്നവരാണല്ലോ?) യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ സിലബസ്-പഠനരീതി എന്നിവ എങ്ങിനെയുള്ളതാണ്? അവര്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് എന്താണ്? അവിടുത്തെ പരീക്ഷാരീതി എങ്ങിനെയുള്ളതാണ്? അത് പുതിയ കാലത്ത് കുട്ടികളെ നമ്മുടെ സമൂഹത്തില്‍ ജീവിക്കാന്‍ പര്യാപ്തമാക്കുന്നതാണോ? അവിടുത്തെ അധ്യാപകരുടെ യോഗ്യതകള്‍ എന്താണ്? കുട്ടികളുടെ മാനസികമായ സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണ്? എന്നതിലൊക്കെ എത്രമാത്രം അജ്ഞരാണ് നമ്മുടെ യുവ/മധ്യവര്‍ഗ്ഗ രക്ഷാകര്‍ത്തൃസുഹൃത്തുക്കള്‍ എന്നത് ആശ്ച്ചര്യപ്പെടു ത്തുന്നതാണ്.
പുറംപകിട്ടില്‍ ഊന്നുന്നതും അകം പൊള്ളയുമായ കച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ് നമ്മുടെ ബഹുഭൂരിപക്ഷം സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളും. തിളക്കമാര്‍ന്ന യൂണിഫോമുകളും ടൈയും ഷൂസും വാഹനങ്ങളും വിലകൂടിയ പുസ്തകങ്ങളും പതിനായിരങ്ങള്‍ വരുന്ന പ്രതിമാസ ഫീസുകളും രാവേറെ നീളുന്ന ഹോം വര്‍ക്കുകളും ഇമ്പോസിഷനുകളും ശിക്ഷകളും അല്ല വിദ്യാഭ്യാസം എന്ന് ഈ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയുകതന്നെ ചെയ്യും. തലേദിവസംതന്നെ പറഞ്ഞു കൊടുക്കുന്ന ചോദ്യങ്ങള്‍ കാണാതെ പഠിച്ചു ഉത്തരമെഴുതി യൂനിറ്റ് ടെസ്റ്റുകളില്‍ വാങ്ങുന്ന മാര്‍ക്കുകളല്ല തങ്ങളുടെ അന്തസ്സ് എന്ന് തിരിച്ചറിയേണ്ടത് രക്ഷകര്‍ത്താക്കളാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന താന്‍ , തന്റെ കുട്ടികളെ സര്‍ക്കാര്‍ / എയിഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്നതിലാണ് അന്തസ്സ് എന്ന വീണ്ടുവിചാരമാണ് അവരില്‍ ഉണ്ടാകേണ്ടത്. ഇത് അധ്യാപകര്‍ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ അല്ല. എന്ത് ചീത്തയായാലും, അവിടെയുള്ള, നന്മയേയും തിന്മയേയും കുറിച്ച് ആലോചിക്കാനുതകുന്ന, ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന, പരസ്പരമുള്ള സഹകരണത്തെയും ബന്ധത്തെയും ഊട്ടിയുറപ്പിക്കാനായുന്ന ഒരു പഠനരീതി ഭാവിയില്‍ തനിക്കു മക്കളില്‍ നിന്നും ഇറ്റുവെള്ളം കിട്ടാന്‍ സഹായകമായേക്കാം എന്ന ബോധ്യത്തിനു വേണ്ടിക്കൂടിയാണ്. അവനവനെക്കുറിച്ചുള്ള ചിന്തയും  എന്ത് ചെയ്താലും തനിക്കു ഉയരത്തിലെത്തണം എന്ന മത്സര ബുദ്ധിയും മാത്രം കാണാപ്പാഠമുള്ള പഠനത്തോടൊപ്പം മുളപ്പിച്ചെടുക്കുന്ന, എല്ലാം പണം കൊടുത്ത് മാത്രം നടക്കുന്ന സ്‌കൂളിലെ വിദ്യാഭ്യാസം ചിലപ്പോള്‍ തുറന്നിടുന്നത് അഗതി മന്ദിരത്തിലേക്കുള്ള തങ്ങളുടെ വാതിലുകള്‍ കൂടിയാണെന്ന് ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
കേരളം സന്ദര്‍ശിക്കാനെത്തിയ ലോകത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ പണ്ഡിതന്മാരുടെ സംഘം നമ്മുടെ അതിപ്രശസ്തമായ പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സന്ദര്‍ശിച്ചു. അവര്‍ അന്തംവിട്ട ഒരെയോരുകാര്യം, എന്തിനാണ് ചെറിയ ക്ലാസുകളില്‍ ഇത്രയും ഭാരിച്ച സിലബസ് കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന കാര്യത്തിലാണ്. എവിടെയാണ് ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ പിന്നീട് ആവശ്യമായി വരുന്നത്? അപ്പോള്‍ ഇത് ഈ രൂപത്തില്‍ അവരില്‍ ഉണ്ടാകുമോ? ഇത്തരം കടുകട്ടി വിഷയങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാന്‍ ഈ പ്രായത്തില്‍ അവര്‍ക്ക് കഴിയുമോ? അറിയാനുള്ള അവരുടെ സ്വാഭാവികമായ ത്വര നഷ്ടപ്പെടുകയല്ലേ ഈ ഭാരം ചുമക്കുമ്പോള്‍ സംഭവിക്കുക? ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും യുക്തിചിന്തയുമല്ലേ അവരില്‍ തിടംവെച്ച്  വളരേണ്ടത്? മാതൃഭാഷയില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയാത്ത കുട്ടിക്കെങ്ങിനെ ഒരു വിദേശ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയും? കേരളത്തിലെ പുതിയ രക്ഷാകര്‍ത്തൃ തലമുറയുടെ ഭ്രാന്തുകള്‍ക്ക് മുന്നില്‍ അവര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയപ്പെട്ടുനിന്നു.
സ്വകാര്യവത്കരണമാണ് നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന സങ്കല്‍പ്പത്തെ അടുത്തു നിന്നു നോക്കിക്കാണാനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. മറ്റേതു സംസ്ഥാനങ്ങളിലേതു പോലെയല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസം. നമ്മുടെ സര്‍ക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരിതര ഏജന്‍സികളുമെല്ലാം കൈമെയ്  മറന്നു സഹായിച്ചതിന്റെ സത്ഫലങ്ങള്‍ അവിടെ ഒരുപാടുണ്ട്. ഇപ്പോള്‍ കേന്ദ്ര സിലബസ്സിനെക്കാലും മുകളില്‍ നില്‍ക്കുന്ന ഒരു പാഠ്യപദ്ധതിയും സിലബസ്സും ( കെ എസ് ടി എ പ്രസിദ്ധീകരിച്ച 'കേരളാ പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സി.ബി.എസ്.ഇ സിലബസ്സുകള്‍ ഒരു താരതമ്യം' എന്ന പുസ്തകം ഇക്കാര്യത്തിന്റെ സൂക്ഷ്മപഠനമാണ്.) യോഗ്യതയുള്ള അധ്യാപകര്‍ , അധ്യാപകര്‍ക്കുള്ള നിരന്തരമായ പരിശീലനങ്ങള്‍ , കുട്ടികളുടെ കലാപരവും കായികവും ആയ കഴിവുകള്‍ പരിപോഷിക്കാനുയുള്ള ഒട്ടനവധി സൌകര്യങ്ങള്‍ , മള്‍ട്ടി മീഡിയാ ക്ലാസുമുറികള്‍ , കമ്പ്യൂട്ടര്‍ ലാബുകള്‍ , ഐ ടി വിദ്യാഭ്യാസം.. സത്യത്തില്‍ ഒരു സ്വകാര്യ വിദ്യാലയത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത സൗകര്യങ്ങള്‍ ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ നിതാന്തമായ ജാഗ്രതയും ഇടപെടലും കൂടി ഉണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രക്രിയയെ ഏറ്റവും കാര്യക്ഷമമാക്കി നിലനിര്‍ത്താന്‍ നമുക്കാവും.
കേന്ദ്രം എസ് എസ് എല്‍ സി പരീക്ഷ ഉപേക്ഷിച്ചത്, സര്‍വീസിലുള്ള അധ്യാപകരുടെ യോഗ്യതവിലയിരുത്താന്‍ പരീക്ഷ കൊണ്ടുവരുന്നത്, സ്‌കൂളില്‍ നല്‍കുന്ന ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമായി കണ്ടു അധ്യാപകര്‍ക്ക് വലിയ ശിക്ഷകള്‍ ശുപാര്‍ശ ചെയ്യുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഇതെല്ലാം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഏറെ സങ്കീര്‍ണ്ണതകള്‍ നാം അഭിമുഖീകരിക്കേണ്ടി വരും. അപ്പോഴെല്ലാം ആര് നിര്‍ദ്ദേശിച്ചു എന്നതായിരിക്കരുത് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാന പരിഗണന. എന്ത് നിര്‍ദ്ദേശിച്ചു? നമ്മുടെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ അത് എന്തെന്തു പ്രശ്‌നങ്ങള്‍ ഉണ്ടാക്കും? അത് ഗുണപരമാണോ? എന്നിങ്ങനെയുള്ള, എല്ലാ സങ്കുചിത പരിഗണനകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളായിരിക്കണം. ആത്യന്തികമായി കുട്ടികളെ നാളത്തെ ലോകത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ , അപകര്‍ഷതയില്ലാതെ ആരെയും അഭിമുഖീകരിക്കാന്‍ , ഏതു സ്വര്‍ണ്ണപ്പാത്രങ്ങള്‍ക്കകത്ത് ഒളിപ്പിച്ചുവെച്ചതായാലും അതിനകത്തെ സത്യത്തെ തിരയാന്‍ പ്രേരിപ്പിക്കുന്ന, സ്വന്തം ചിന്തയുടെ നിതാന്തമായി ജ്വലിക്കുന നാളങ്ങള്‍ അണയാതിരിക്കാന്‍ സഹായകമാവുന്ന ഒന്നായിരിക്കണം ഇന്ന് അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം. ഒരു സ്വകാര്യ കച്ചവടസ്ഥാപനതിനും താത്പര്യമുണ്ടാവില്ല നമ്മുടെ കുട്ടികള്‍ക്ക് ഈ ഉയര്‍ന്ന ശേഷികള്‍ ഉണ്ടാവണം എന്നതാണ്  ഏതു വിദ്യാഭ്യാസമാണ് നല്ലത് എന്ന ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം.
(എന്‍ ജി ഒ യൂണിയന്റെ മുഖപത്രമായ കേരള സര്‍വ്വീസില്‍ പ്രസിദ്ധീകരിച്ചത്.)