2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ശാസ്ത്രമുറിയിലെ അശാസ്ത്രീയ മുറകള്‍



'കുട്ടികള്‍ സ്വാഭാവികമായും അന്വേഷണത്വരയുള്ളവരാണ്. ആ അര്‍ത്ഥത്തില്‍ അവര്‍ ജന്മനാ ശാസ്ത്രജ്ഞരാണ്. അവര്‍ എല്ലായ്‌പോഴും കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു, ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു, പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ സ്വാഭാവിക സവിശേഷതയാണത്.  ശാസ്ത്ര പഠനത്തിലൂടെ നാം അതു നശിപ്പിക്കാതിരിക്കുകയാണു വേണ്ടത്.'
                            പ്രൊഫ. യശ്പാല്‍
(ചലച്ചിത്രസംവിധായികയും വിദ്യാഭ്യാസപ്രവര്‍ത്തകയുമായ റിമ ചിബ്ബുമായി നടത്തിയ അഭിമുഖത്തില്‍ )

ഒരു കോഴിമുട്ട കൈയില്‍നിന്നു  വീണാല്‍ അതിനകത്തുള്ളതെല്ലാം പൊട്ടിച്ചിതറി താഴെ പരക്കുന്നു. എന്തുകൊണ്ട് നമുക്ക് വീണ്ടുമത് പഴയപടി ആക്കാന്‍ കഴിയുന്നില്ല? കുരുക്ഷേത്രയിലെ ഒരു സ്‌കൂളില്‍ വെച്ച് പത്തിലോ പതിനൊന്നിലോ പഠിക്കുന്ന ഒരു കുട്ടിയാണ് പ്രൊഫ. യശ്പാലിനോട് ഈ ചോദ്യം ചോദിച്ചത്. മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ മണ്ടനെന്ന കിഴുക്കുമായി ക്ലാസിലോ വരാന്തയിലോ അപമാനിതനാവേണ്ട ഈ കുട്ടി പക്ഷെ സ്പര്‍ശിച്ചത് സമയത്തെയും അതിന്റെ മുന്നോട്ടുമാത്രമുള്ള ഗതിയെയും കുറിച്ചുള്ള സൂക്ഷ്മമായ ഒരടരിലാണ് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും ഉള്ള അന്വേഷണങ്ങള്‍ വെടിഞ്ഞു വസ്തുതകള്‍ കാണാപ്പാഠം പഠിപ്പിക്കാന്‍ ചൂരല്‍ ചുഴറ്റിനില്‍ക്കുന്ന ഇന്ത്യന്‍ ക്ലാസ്മുറികളിലെ ശാസ്ത്രാധ്യാപനത്തോട് അങ്ങേയറ്റം വിയോജിക്കുന്ന അദ്ദേഹത്തെപ്പോലുള്ളവരുടെ കാഴ്ചപ്പാടിനൊപ്പമെത്താനായി പാഠ്യപദ്ധതി പരിഷ്‌കരിച്ച് രണ്ടുതവണ ഓടിയിട്ടും നമുക്ക് കഴിഞ്ഞോ എന്ന് നാം ഗൗരവത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.

ഹയര്‍ സെക്കന്ററിയിലെ ഒരു ശാസ്ത്രവിഷയത്തിന്റെ അധ്യാപകപരിശീലനം നടന്നുവരുന്നു. അധ്യാപകരുടെ ശാസ്ത്രാവബോധത്തെക്കുറിച്ച് ക്ലാസെടുത്തുകൊണ്ടിരുന്ന റിസോഴ്‌സ് പേഴ്‌സണ്‍ സാന്ദര്‍ഭികമായി, ഒരു സ്‌കൂളില്‍ നടന്ന സംഭവം ഉദാഹരണമെന്നോണം പറഞ്ഞു. ജീവന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള പാഠപുസ്തകത്തിലെ വിവിധ അഭിപ്രായങ്ങള്‍ വിശദീകരിച്ച ഒരു ശാസ്ത്രാദ്ധ്യാപകന്‍ ആ വിഷയം ഇങ്ങനെയാണ് ഉപസംഹരിച്ചത്: 'ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷ എഴുതാന്‍ കൊള്ളാം. ഇങ്ങനെ എഴുതിയാലേ മാര്‍ക്ക് കിട്ടൂ. പക്ഷെ, ജീവന്റെ ഉല്‍പ്പത്തി ഇങ്ങനെയല്ല.' പിന്നീട് അദ്ദേഹം താന്‍ പൂര്‍ണമായും വിശ്വസിക്കുന്ന മതപാഠം നൂറുശതമാനം ആത്മാര്‍ത്ഥമായി, ആവേശത്തോടെ വ്യക്തമാക്കി. പൊടിപ്പും തൊങ്ങലും വച്ചുള്ള മാഷുടെ അവതരണം കുട്ടികളില്‍ ഭയവും ഭക്തിയും നിറച്ചു. ആ സെഷന്റെ ഒടുവില്‍ നടന്ന ചര്‍ച്ചയില്‍ റിസോഴ്‌സ് പേഴ്‌സന്റെ പപ്പും പൂടയും ശാസ്ത്രാധ്യാപകര്‍ പറിച്ചുമാറ്റി, 'എങ്ങനെ നിങ്ങള്‍ക്ക് ധൈര്യം വന്നു, ഇതുപോലൊരു പരിശീലനവേളയില്‍ ഇത്തരം ഒരു ഉദാഹരണം പറയാന്‍ .' വിദ്യാര്‍ത്ഥികളില്‍ പാകിമുളപ്പിക്കേണ്ട ശാസ്ത്രീയ അവബോധത്തെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളുടെ ഹരിശ്രീ ആദ്യം അധ്യാപകരുടെ കൈവിരല്‍ പിടിച്ച് എങ്ങനെയെഴുതിക്കും എന്ന് വിഷമിച്ചുകൊണ്ട്  പാവം റിസോഴ്‌സ് പേഴ്‌സണ്‍ തലകുനിച്ചിരുന്നു. ഒരു കാലത്ത് സമൂഹത്തെ ശാസ്ത്രീയചിന്തയിലേക്കും മതേതരമായ പൊതു ബോധത്തിലേക്കും ഉയര്‍ത്താനും മുന്നില്‍ നിന്ന, പുതിയൊരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പഠിപ്പിച്ച അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാള്‍ അയവിറക്കിക്കൊണ്ടിരുന്നു.

ശാസ്ത്രാധ്യാപകരുടെ ഇത്തരത്തിലുള്ള ക്ലാസ്‌റൂം പെരുമാറ്റത്തെക്കുറിച്ചുള്ള നൂറുനൂറു കഥകള്‍ ഓരോ സ്‌കൂളിനും പറയാനുണ്ടാകും.  പരിചയക്കാരനായ ഒരു ശാസ്ത്രാധ്യാപകന്‍ സ്‌കൂളില്‍ വൈകിയെത്തുന്നത്തിനു കാരണമായി  പറയാറുള്ളത് ശകുനം ശരിയാവാത്തതുകൊണ്ട്  ഇറങ്ങാന്‍ അല്‍പ്പം വൈകി എന്നാണ്. ജ്യോതിഷി പറഞ്ഞതിന് അപ്പുറത്തും ഇപ്പുറത്തും കാല്‍വെക്കാത്ത ഫിസിക്‌സ് അധ്യാപകരും ഒട്ടും അപൂര്‍വ്വമല്ല. താന്‍ പഠിപ്പിക്കുന്ന വിഷയത്തിന്റെയെങ്കിലും ഭൗതികവും ദാര്‍ശനികവും ആയ മാനത്തെ ഇത്തരത്തില്‍ നിരന്തരം അപമാനിക്കുന്നവര്‍ക്ക് സാര്‍വദേശീയ- ദേശീയ ശാസ്ത്രബോധന തത്ത്വശാസ്ത്രങ്ങളോട് എങ്ങനെ നീതിപുലര്‍ത്താന്‍ കഴിയും? ശാസ്ത്രാധ്യാപനത്തെ എങ്ങനെയാണ് നമ്മുടെ അധ്യാപകര്‍ സമീപിക്കുന്നത്? ക്ലാസ്മുറിയില്‍ ഏതു തരത്തിലാണ് ശാസ്ത്രതത്ത്വങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്? അതിലൂടെ ആത്യന്തികമായി കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുന്ന മനോഭാവങ്ങള്‍ ഏതു തരത്തിലുള്ളതാണ്? ശാസ്ത്രാധ്യാപനത്തെ ഇത്തരത്തിലുള്ള കുറിയ കുറ്റിയില്‍ കെട്ടിയിടാന്‍ സമൂഹത്തിന്റെ ഏതു തരത്തിലുള്ള മനോഭാവമാണ് കാരണമായിട്ടുള്ളത്? യുക്തിയുടെ ഭാഷയുപയോഗിച്ച് അന്ധവിശ്വാസങ്ങളുടെ ലോകത്തുനിന്ന് പുറത്തുകടക്കാന്‍ വരും തലമുറയെ പിന്നെ ആരാണ് പ്രാപ്തരാക്കേണ്ടത്? തുടങ്ങിയ ചോദ്യങ്ങള്‍ തുറന്നു ചോദിക്കാതെ ഒരടി മുന്നോട്ടുപോകാന്‍ കഴിയാത്തവണ്ണം നമ്മുടെ സമൂഹം ശാസ്ത്രീയ അവബോധത്തെ ഇന്ന് പലതലത്തിലും ആവശ്യപ്പെടുന്നുണ്ട്.



ജോണ്‍ ആര്‍ സ്റ്റാവറിന്റെ സയന്‍സ് ടീച്ചിംഗ് (യുനസ്‌കോ, 2007 ) എന്ന ഗ്രന്ഥത്തില്‍ ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളായി കണക്കാക്കുന്ന മൂന്നു കാര്യങ്ങളില്‍ ഒന്ന് കൂടുതല്‍ ശാസ്ത്രസാക്ഷരതയുള്ള പൗരനെ വളര്‍ത്തുക എന്നതാണെന്ന് അര്‍ത്ഥശങ്കയില്ലാതെ പറയുന്നുണ്ട്. സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഉത്പാദനപ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായി പങ്കെടുക്കാനും ആവശ്യമായ രീതിയില്‍ ശാസ്ത്രാശയങ്ങളെക്കുറിച്ചും ശാസ്ത്രപ്രക്രിയകളെക്കുറിച്ചും ഉള്ള ധാരണയാണ് ശാസ്ത്രസാക്ഷരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാസ്ത്രത്തിന്റെ മേഖലയില്‍ ഉപരി അന്വേഷണം നടത്തുകയും തൊഴില്‍ കണ്ടെത്തുകയും ചെയ്യുക എന്നതിനപ്പുറം പ്രധാനപ്പെട്ടത് ഇതാണ്. ശാസ്ത്രം അറിവിന്റെ വഴിയും അറിവിന്റെ ശരീരവുമാണ്. അത് ശാസ്ത്രീയമായ അന്വേഷണത്തെ ശാസ്ത്രീയമായ അറിവുമായി ബന്ധിപ്പിക്കുന്നതിലാണ് ഊന്നുന്നത്. നിലവില്‍ ശാസ്ത്രാധ്യാപകര്‍ ചില വസ്തുതകളെക്കുറിച്ച് പ്രഭാഷണം നടത്തുകയോ ചില അസൈന്‍മെന്റുകള്‍ ചെയ്യിപ്പിക്കുകയോ അല്ലാതെ ശാസ്ത്രീയാന്വേഷണത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സ്റ്റാവര്‍ തന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നുണ്ട്. സയന്‍സ് ലാബുകളില്‍ പോലും ലബോറട്ടറി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷികളും തന്ത്രങ്ങളുമല്ലാതെ പുതിയ ആശയനിര്‍മിതിക്കായി ഒരു തരത്തിലുള്ള പരീക്ഷണങ്ങളും അന്വേഷണങ്ങളും നടക്കുന്നില്ല. ഇത് നാളത്തെ ലോകത്തു ജീവിക്കാനുള്ള വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസമാണ് ഇല്ലാതാക്കുക. ഇന്ന് അവന്‍ പരിചയപ്പെടുന്ന ഉപകരണങ്ങളായിരിക്കില്ല നാളെ ജീവിതത്തിന്റെ പുതിയ വഴികളില്‍ അവനു കൂട്ടുണ്ടാവുക. അന്നും അവന്  കരുത്താവുക ശാസ്ത്രീയമായ അന്വേഷണത്തിന്റെ രീതിശാസ്ത്രവും ശാസ്ത്രീയമായ അറിവും എങ്ങനെ തന്റെ വ്യക്തിജീവിതത്തെ, തൊഴിലിനെ, സാമൂഹിക ഇടപെടലിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സഹായിക്കും എന്ന അനുഭവബോധ്യമാണ്. ശാസ്ത്രവസ്തുതകളുടെ കേവല മനപ്പാഠങ്ങളെക്കാള്‍ നമ്മുടെ അധ്യാപകര്‍ ശ്രദ്ധിക്കേണ്ടത് ശാസ്ത്രീയമായ അന്വേഷണത്തിന്റെ ഈ വഴിയില്‍ തിരിതെളിയിക്കാനാണ്. ശാസ്ത്രീയമായ അന്വേഷണത്തെ സയന്‍സിന്റെ ഒരു പഠനരീതി മാത്രമായല്ല അധ്യാപകര്‍ കണക്കാക്കേണ്ടത്, അതാണ് ശാസ്ത്രപഠനത്തിന്റെ കേന്ദ്രമേഖലയെന്നാണ്. കേവലമായ അഭ്യാസങ്ങളുടെ സ്ഥാനത്തു പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന രീതിശാസ്ത്രത്തിനാണ് യൂനിസെഫ് രേഖ ഊന്നല്‍ നല്‍കുന്നത്.

കാനഡയിലെ ആല്‍ബെര്‍ട്ട, ഒന്റെറിയോ തുടങ്ങി പത്തു സംസ്ഥാനങ്ങളിലെ ശാസ്ത്രപഠനത്തെക്കുറിച്ച് പഠിച്ച വെസ്‌റ്റേണ്‍ ഒന്റെറിയോ യൂനിവേഴ്‌സിറ്റിയിലെ  മനഃശാസ്ത്രജ്ഞനായ സി. എച്ച്. വാണ്ടര്‍ വൂള്‍ഫിന്റെ നേതൃത്വത്തിലുള്ള സമിതി പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍  മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രബോധനം' എന്ന റിപ്പോര്‍ട്ടില്‍ പത്തു സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ശിശുകേന്ദ്രിത പഠനരീതിയാണ് ശാസ്ത്രവിദ്യാഭ്യാസത്തിന്റെ അപചയത്തിനുള്ള കാരണമെന്നാണ് അവരുടെ നിരീക്ഷണം. അന്വേഷണാത്മകപഠനം, കണ്ടെത്തല്‍ പഠനം എന്നിവ യാതൊരു വിവേചനവുമില്ലാതെ ശാസ്ത്രപഠനത്തിന്റെ മേഖലയില്‍ ഉപയോഗിക്കുന്നതും ശാസ്ത്രീയവിവരങ്ങളുടെ ക്രമാനുഗതമായ വളര്‍ച്ച ഉറപ്പാക്കാത്ത പഠനവസ്തുക്കളും കുട്ടികളെ മിക്കപ്പോഴും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ബോധനശാസ്ത്രവും അവരുടെ കളിയാക്കലുകള്‍ക്കു കാരണമാവുന്നുണ്ട്. എങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രീയ അവബോധം രൂപീകരിക്കുക തന്നെയാണ് ശാസ്ത്ര പഠനത്തിന്റെ ലക്ഷ്യം എന്ന കാര്യത്തില്‍ ഇവര്ക്കും  സംശയം ഇല്ല. (Teaching science in 21 st century - An examination of Canedian science carricula from Kindergarten to Grade 12)


എന്‍. സി. ഇ. ആര്‍ . ടി. തയ്യാറാക്കിയ ശാസ്ത്രപഠനത്തെക്കുറിച്ചുള്ള നിലപാടുരേഖയില്‍   (POSITION PAPER 1.1 , NATIONAL  FOCUS GROUP ON TEACHING OF SCIENCE ) ശാസ്ത്രപഠനത്തില്‍ നിലനില്‍ക്കുന്ന പോരുത്തക്കേടുകളെ അക്കമിട്ടു പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തില്‍ നിന്ന് ബഹുകാതം പിന്നിലാണ് ഇന്നത്തെ ശാസ്ത്രപഠനം എന്നതാണ് സാമൂഹികമായി നോക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. കേരളപാഠ്യപദ്ധതി രൂപീകരണവുമായി (KCF 2007) ബന്ധപ്പെട്ട്, നിലനില്‍ക്കുന്ന ശാസ്ത്രപഠനത്തിന്റെ പരിമിതികള്‍ അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ , മറ്റു വിദഗ്ധര്‍ എന്നിവരുമായുള്ള ചര്‍ച്ചയിലൂടെയും ഉപയോഗിച്ചുകൊണ്ടിരുന്ന പഠനസാമഗ്രികളുടെ സൂക്ഷ്മമായ പരിശോധനയിലൂടെയും കണ്ടെത്തിയിരുന്നു. നിലവില്‍ ഏറ്റവുമധികം വിമര്‍ശനം നേരിടുന്ന ഒന്നായാണ് അന്നത്തെ ശാസ്ത്രപഠനത്തെ ആ രേഖയില്‍ ചൂണ്ടിക്കാട്ടിയത്.

'ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിനു യോജിച്ച ഒരു സമീപനം കൈക്കൊള്ളാനോ ഈ രംഗത്ത് ലോകത്തെമ്പാടുമുണ്ടായിട്ടുള്ള  ആധുനിക ചിന്താഗതികള്‍ ഉള്‍ക്കൊള്ളാനോ  നമുക്ക് കഴിഞ്ഞിട്ടില്ല. പാഠപുസ്തകത്തില്‍ പേരിനെങ്കിലും ചില പരീക്ഷണങ്ങള്‍ കൊടുക്കുന്നത് വസ്തുതകളും തത്ത്വങ്ങളുമൊന്നും കണ്ടെത്താനല്ല, വിശദീകരിക്കപ്പെട്ട വസ്തുതകള്‍ തെളിയിക്കാനാണ്! പരീക്ഷണ നിരീക്ഷണങ്ങളുടെ മുഴുവന്‍ നിഗമനങ്ങളും കൊടുക്കുക വഴി പരീക്ഷണങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്ന് മാത്രമല്ല, കുട്ടിയുടെ കൗതുകവും അന്വേഷണാത്മക പഠനത്തിനുള്ള സാധ്യതയും തീര്‍ത്തും ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രായോഗികജീവിതവുമായി പറയത്തക്ക ബന്ധമൊന്നും ഇല്ലാത്തതാണ് ഇന്നത്തെ ശാസ്ത്രവിദ്യാഭ്യാസം. ഇതിന്റെ ഫലമോ, നിത്യജീവിതത്തിലെ ഒരു പ്രശ്‌നത്തിന്റെയെങ്കിലും പരിഹാരത്തിന് ശാസ്ത്രത്തിന്റെ രീതി ഉപയോഗപ്പെടുത്താന്‍ നമുക്ക് ആവുന്നില്ല. ഇന്നത്തെ പാഠപുസ്തകത്തില്‍ കാണുന്ന വസ്തുതകളില്‍ നിന്നും തികച്ചും വ്യത്യസ്തവും സങ്കീര്‍ണവുമാണ് പ്രായോഗികജീവിതം. പാഠപുസ്തകങ്ങളില്‍ കാണുന്ന ഒറ്റ ഉത്തരവുമായി സമൂഹത്തിലേക്കിറങ്ങുന്ന കുട്ടി പകച്ചുപോവുക സ്വാഭാവികമാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും ദൈനംദിന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യത്യസ്ത സാധ്യതകള്‍ വിശകലനം ചെയ്യാനോ ചര്‍ച്ചചെയ്യാനോ പരീക്ഷിച്ചുനോക്കാനോ ഉള്ള ശേഷിയും പ്രശ്‌നാപഗ്രഥനത്തിന് ആവശ്യമായ മനോഭാവമോ ഒന്നും നമ്മുടെ ശാസ്ത്രവിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് നേടാന്‍ ആകുന്നില്ല. ശാസ്ത്രബോധത്തിന്റെ സ്വാംശീകരണം പരിഗണയില്‍ പോലുമില്ല.' മുന്‍വിധിയിലാതെ സൂക്ഷ്മവും കൃത്യവുമായ നിരീക്ഷണത്തിനുള്ള ശേഷിയും അവബോധവും, വിവരങ്ങള്‍ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും നിഗമനങ്ങളില്‍ എത്താനുമുള്ള ശേഷി, തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്ന നിര്‍ബന്ധം, അശാസ്ത്രീയമായ ആശയങ്ങളും അഭിപ്രായങ്ങളും എത്ര ഉന്നത സ്ഥാനത്തുനിന്നുമുള്ളതായാലും തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള കഴിവ്, യുക്തിചിന്ത, വസ്തുനിഷ്ഠമായ അന്വേഷണം തുടങ്ങിയ ശാസ്ത്രീയരീതികളോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയാണ് ശാസ്ത്രബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഇല്ലെന്നു മാത്രമല്ല, 'അര്‍ഥം ഗ്രഹിക്കാതെ കാണാപ്പാഠം പഠിച്ച് പരീക്ഷയില്‍ മികവു പുലര്‍ത്തുന്ന രീതിയാണ് ഇന്നും പ്രോല്‍സാഹിക്കപ്പെടുന്നത്, കുട്ടികളുടെ സ്വാഭാവികമായ ജിജ്ഞാസയോ ശാസ്ത്രാന്വേഷണ താത്പര്യമോ പ്രോല്‌സാഹിക്കപ്പെടുന്നില്ല, പാഠപുസ്തകങ്ങളും പഠനബോധന പ്രവര്‍ത്തനങ്ങളും പരീക്ഷയെ കേന്ദ്രീകരിച്ച് മാത്രമാണ് നടക്കുന്നത്, ശാസ്ത്രവിദ്യാഭ്യാസം ജീവിത ഗന്ധിയല്ല, കുട്ടിയെ സംബന്ധിച്ച് ആകര്‍ഷകമല്ല' എന്നിങ്ങനെ ശാസ്ത്രപഠനവുമായി ഒരിക്കലും ചേര്‍ത്തു പറയാന്‍ കഴിയാത്ത കാര്യങ്ങളാണ് നമ്മുടെ ക്ലാസുമുറികളില്‍ മടക്കുന്നത് എന്നും ഈ ഓഡിറ്റിങ്ങില്‍ കണ്ടെത്തുകയുണ്ടായി.

1997 ല്‍ പുതിയ പാഠ്യപദ്ധതി ആവിഷ്‌കരിച്ചു പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് എട്ടാം ക്ലാസിലെ പാഠപുസ്തകം വീണ്ടും നവീകരിക്കുന്ന 2009 ലേത്തതാണ് മേല്‍ കൊടുത്ത ഏറ്റുപറച്ചില്‍. (2009 ല്‍ പുറത്തിറക്കിയ ഒന്പതാം തരം ജീവശാസ്ത്രം അധ്യാപക സഹായിയില്‍ നിന്ന്). പാഠപുസ്തകത്തെയും അധ്യാപകനെയും കേന്ദ്രീകരിച്ച് വ്യഹഹാര മനശാസ്ത്രത്തിലധിഷ്ടിതമായ അതിനു മുമ്പുണ്ടായിരുന്ന ഒരു പഠനരീതി അഴിച്ചുപണിതാണ് പുതിയ പാഠ്യപദ്ധതി 1997 മുതല്‍ ഇവിടെ നടപ്പിലാക്കിത്തുടങ്ങിയത്. അതിന് അന്ന് നാം പറഞ്ഞ അതേ കാരണങ്ങള്‍ , കുറവുകള്‍ , പരിമിതികള്‍ എന്നിവ പന്ത്രണ്ടു വര്‍ഷം ശിശുസൗഹൃദരീതിയും ജീവിതവുമായി ബന്ധിപ്പിച്ചുള്ള പഠനവും പ്രവര്‍ത്തനാധിഷ്ടിതവും പ്രക്രിയാബന്ധിതവും സഹവര്‍ത്തിതവുമായ രീതിയും അവലംബിച്ചിട്ടും അതേപടി നില്‍ക്കുന്നു എന്ന് എസ്.സി. ഇ. ആര്‍.ടി. തന്നെ ഏറ്റുപറയുമ്പോള്‍ ശാസ്ത്ര പഠനത്തെ സമ്പന്ധിച്ച പുതിയ സമീപനത്തെ തന്നെ നാം സംശയിച്ചു പോകും.  അപ്പോള്‍ ചിലപ്പോള്‍ നമുക്ക് സമ്മതിക്കേണ്ടി വരും പഠനരീതിയുടെയോ സിദ്ധാന്തത്തിന്റെയോ ബലത്തിലല്ല നമ്മുടെ ക്ലാസ് മുറികള്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്. എന്താണ് ശാസ്ത്രപഠനം കൊണ്ടുണ്ടാകേണ്ടത് എന്നതിന് ഇത് തന്നെയല്ലേ പന്ത്രണ്ടു വര്‍ഷം മുന്‍പും നാം പറഞ്ഞത്! എന്നിട്ടും, 'ഹാ കഷ്ടം!  ശാസ്ത്രബോധത്തിന്റെ സ്വാംശീകരണം പരിഗണനയില്‍ പോലുമില്ല' എന്ന വിലാപം ആരുടെ മേല്‍ തറച്ച അമ്പിനെ നോക്കിയാണ് എന്നതാണ് മനസ്സിലാകാത്തത് (നേരിയ തെങ്കിലും ചില മാറ്റങ്ങള്‍ കുറച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നെങ്കിലും ഉണ്ടായതിനെ തമസ്‌കരിക്കാന്‍ ഇതിനിടയിലും കഴിയില്ല. ഇതിനിടയില്‍ കേരളത്തിലെ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്ന പാരിസ്ഥിതികമായ അവബോധത്തിനൊപ്പം നില്‍ക്കാന്‍ കുറച്ച് ശാസ്ത്രാധ്യാപകരെങ്കിലും മുന്നില്‍നിന്നിരുന്നു. അവര്‍ കുട്ടികളെ തങ്ങളുടെ പരിസരത്തേക്കു കൊണ്ടുപോയിരുന്നു. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി അവര്‍ വ്യത്യസ്ത സന്ദേശങ്ങളുമായി പൊതുസമൂഹത്തിലേക്ക് ഇറങ്ങിയിരുന്നു. സ്‌കൂളുകള്‍ ശാസ്ത്രപ്രദര്‍ശനങ്ങളും സെമിനാറുകളും നടത്തിയിരുന്നു. ആല്‍ബങ്ങളും ചുവര്‍പത്രികകളും തയ്യാറാക്കി ശാസ്ത്രജ്ഞരെ ആദരിച്ചിരുന്നു. ചുരുക്കമാണെങ്കിലും അവരുടെ ശ്രമങ്ങളെ കാണാതെ ഇത്തരം ആമുഖം  എസ്.സി. ഇ. ആര്‍ .ടി. തയ്യാറാക്കിയതും കുറ്റകരം തന്നെയാണ്).

ഇപ്പോള്‍ വീണ്ടും പുതിയ പുസ്തകങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ശാസ്ത്രപഠനത്തിന്റെ ലക്ഷ്യങ്ങളായി നാം നിര്‍ണയിക്കുന്ന ചില കാര്യങ്ങളുണ്ട്. കുട്ടിയില്‍ ശാസ്ത്രബോധം വളര്‍ത്തുക, ശാസ്ത്രത്തിന്റെ പ്രവര്‍ത്തനരീതി തിരിച്ചറിയുക, ദൈനംദിന ജീവിതപ്രശ്‌നങ്ങളെയും സാമൂഹികപ്രശ്‌നങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യാനും അവയ്ക്ക് യുക്തിഭദ്രമായ പരിഹാരം കണ്ടെത്താനും കഴിയുക, യുക്തിചിന്ത വളര്‍ത്തുക, മാനവികമൂല്യങ്ങള്‍ സ്വാംശീകരിക്കുക, സമൂഹത്തിലെ അശാസ്ത്രീയതകളെയും ദുരാചാരങ്ങളെയും തിരിച്ചറിഞ്ഞു പ്രതികരിക്കുക മുതലായവ അതില്‍ പ്രധാനമാണ്. കേരള പാഠ്യപദ്ധതി രൂപപ്പെടുത്തി, അറിവിന്റെ നിര്‍മ്മാണത്തോടൊപ്പം വിമര്‍ശനാത്മകമായ പഠനം കൂടി സൈദ്ധാന്തികമായി സ്വീകരിച്ച് പുതിയരീതിയില്‍ പ്രശ്‌നാധിഷ്ഠിതമായി നാം പാഠപുസ്തകങ്ങള്‍  രൂപപ്പെടുത്താന്‍ തുടങ്ങിയിട്ടു നാലു വര്‍ഷമായി. ഏതെങ്കിലും തരത്തില്‍ ഈ സമീപനം നമ്മുടെ ക്ലാസ് മുറിയില്‍ നടക്കുന്നുണ്ടോ? നേരത്തേ പറഞ്ഞ പരീക്ഷയും അതിന് വേണ്ടിയുള്ള പഠിപ്പിക്കലും അല്ലാതെ ശാസ്ത്രപഠനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളില്‍ ഒന്നിനെങ്കിലും നമ്മുടെ അധ്യാപകര്‍ പ്രാധാന്യം കൊടുത്തിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഒരു സംസ്ഥാനത്തിന്റെ പഠനരീതിയെ സംബന്ധിച്ച അടിസ്ഥാന നിലപാട് തന്നെ ചോദ്യം ചെയ്തുകൊണ്ട് ഇവര്‍ക്കെങ്ങനെ 'പഠിപ്പിക്കല്‍ ' മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയുന്നു? ഇത്തരം ചോദ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നുവന്നില്ലെങ്കില്‍ വീണ്ടും പത്തുവര്‍ഷം കഴിഞ്ഞു പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഇതേ പരിമിതികളും ലക്ഷ്യങ്ങളും തന്നെ നമുക്ക് 'കട്ട് ആന്‍ഡ് പേസ്റ്റ് 'ചെയ്യേണ്ടിവരും.

തീര്‍ച്ചയായും അധ്യാപകരുടെ മനോഭാവം, പഠനത്തെ സംബന്ധിച്ച് അവരുടെ ഉള്ളില്‍ ഉറച്ച ധാരണകള്‍ , അധിക ചുമതലകള്‍  ഏറ്റെടുക്കാനുള്ള താത്പര്യമില്ലായ്മ, പഠനപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ ആസൂത്രണം ചെയ്യാനുള്ള ധാരണക്കുറവ്, പുതിയ സാഹചര്യങ്ങളെ വെല്ലുവിളിയായിക്കണ്ട് ഏറ്റെടുക്കാനുള്ള വിമുഖത, പാരിസ്ഥിതികമായ ഉല്‍കണ്ഠകള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത മനസ്സ്, ഉയര്‍ന്ന സാമൂഹികബോധത്തിലുള്ള കുറവ്, തന്റെ വിഷയത്തിന്റെ മേഖലയില്‍ നടക്കുന്ന അന്വേഷണങ്ങളെക്കുറിച്ചുള്ള സാമാന്യബോധംപോലും ഇല്ലാത്ത അവസ്ഥ എന്നിവതന്നെയാണ് നമ്മുടെ ശാസ്ത്ര ക്ലാസ്മുറികളെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പിലുള്ള അവസ്ഥയില്‍ തറപ്പിച്ചു നിര്‍ത്തുന്ന ഒരു കാരണം. പഠനസമീപനത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള വേവലാതികള്‍ ഒരിക്കലും നമ്മുടെ ബഹുഭൂരിപക്ഷം അധ്യാപകരെയും സ്പര്‍ശിച്ചിട്ടില്ല എന്നത് ഒരു വാസ്തവമാണ്. അന്നന്നത്തെ അപ്പത്തിനുള്ള വിഭവങ്ങളല്ലാതെ മറ്റൊന്നും അവര്‍ മുഖ്യമായി കരുതാറില്ല. പഠനത്തിന്റെ അടിസ്ഥാനമായ സമീപനത്തെയും അതിന്റെ പുതിയ വഴികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന അധ്യാപക സഹായികള്‍ എന്ന പുസ്തകം പലരും മറിച്ചുനോക്കാറുപോലുമില്ല. ഒരര്‍ത്ഥത്തില്‍ പാഠപുസ്തകത്തേക്കാള്‍ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കുന്നവയാണ് അധ്യാപകസഹായികള്‍ .  അവിടെയാണ് പാഠപുസ്തകത്തിലെ പരീക്ഷണനിരീക്ഷണങ്ങളുടെ വിശദമായ പ്രക്രിയകളും വഴികളും നല്‍കിയിട്ടുണ്ടാവുക. ഓരോ അധ്യാപികയ്ക്കും/അധ്യാപകനും അവരുടേതായ പരിതസ്ഥിതിയില്‍ മുന്നോട്ടു കൊണ്ടുപോകാവുന്ന തുടര്‍പ്രവര്‍ത്തനത്തിന്റെ സൂചനകള്‍ ഉണ്ടാവുക. ക്ലാസില്‍ പോകുന്നതിനു തൊട്ടുമുമ്പ്, പാഠപുസ്തകത്തില്‍ സൂചിപ്പിച്ച ഏതെങ്കിലുമൊരു ശാസ്ത്രജ്ഞനെക്കുറിച്ചോ ശാസ്ത്രവസ്തുതകളെക്കുറിച്ചോ സംശയം തോന്നിയാല്‍ മറിച്ചുനോക്കാനുള്ള ഒരു റെഡി റെക്കണര്‍ മാത്രമാണ് പലര്‍ക്കും ഈ പുസ്തകം. അത്തരം വിവരങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ മിക്കപ്പോഴും ഇത് കൈകൊണ്ടു തൊടുന്നത്.  അധ്യാപകസഹായിയുടെ ആദ്യഭാഗത്താണ് പഠനത്തിന്റെ ലക്ഷ്യത്തെയും മാര്‍ഗത്തെയും സംബന്ധിക്കുന്ന കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടാവുക. യഥാര്‍ത്ഥത്തില്‍ ഒരു നല്ല  അധ്യാപികയ്ക്ക് /അധ്യാപകന് വഴികാട്ടിയായി അതുമാത്രം മതി. ആ ലക്ഷ്യത്തിലെത്താനുള്ള ടെക്സ്റ്റ് അവര്‍ ഉണ്ടാക്കിക്കൊള്ളും. എന്നാല്‍ ആ ആമുഖഭാഗം ബഹുഭൂരിപക്ഷം അധ്യാപകരും മറിച്ചുനോക്കാറേയില്ല. അധ്യാപനത്തെ, കുട്ടിയെ, വിഷയത്തെ സംബന്ധിച്ച താത്ത്വികമായ കാര്യങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അനാവശ്യമാണ്.

ഇപ്പോഴത്തെ നമ്മുടെ സ്‌കൂളുകളിലെ ശാസ്ത്രാധ്യാപകരില്‍ മിക്കവരും പഴയ വിദ്യാഭ്യാസരീതിയുടെ ആരാധകരാണ് എന്നതാണ് വാസ്തവം. നേരത്തേ അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ അച്ചിലാണ് അധ്യാപനത്തെ സംബന്ധിക്കുന്ന അവരുടെ ധാരണകളും ഉരുവം കൊണ്ടത്.  കടുകട്ടിയായ ശാസ്ത്ര വസ്തുതകളും നിയമങ്ങളും ബിരുദതലത്തിലും ബിരുദാനന്തബിരുദതലത്തിലും രാത്രിയെ പകലാക്കി ക്കൊണ്ട് പഠിച്ചുതീര്‍ത്തതിന്റെ കയ്പ് ഇന്നും അവരിലുണ്ട്. അന്ന് പഠിച്ച ശാസ്ത്രീയസത്യങ്ങളെക്കാള്‍ അവരില്‍ ഉയിര്‍ത്തെഴുന്നേറ്റത് ആ പഠനരീതിയാണ്. റിക്കോഡുകളും ഒബ്‌സര്‍വേഷന്‍ നോട്ടുകളും ചിറകിട്ടടിച്ചുകൊണ്ട് കണ്മുന്നിലൂടെ പറന്നുപോകുന്ന കാഴ്ച അപമാനഭാരത്താല്‍ മുഖം കുനിച്ചെങ്കിലും കണ്ടവര്‍ അവരില്‍ ഉണ്ട്. പറഞ്ഞ ദിവസത്തിനപ്പുറം ഒരു ദിനം മാത്രം റിക്കോഡ് വെക്കാന്‍ വൈകിയപ്പോള്‍ മാപ്പ് പറഞ്ഞവരുണ്ട്. വളവിനും തിരിവിനും കുത്തിനും കോമയ്ക്കും മാര്‍ക്ക് കുറച്ചതിന്റെ വേദന അവരില്‍ ഇന്നും ശേഷിച്ചിട്ടുണ്ട്. ലാബുകളില്‍ ഒന്നും മനസ്സിലാകാതെ ചെയ്തുതീര്‍ത്ത, ഒരിക്കലും കൃത്യമായ അളവുകള്‍ കിട്ടാതെ പോയ പരീക്ഷണങ്ങള്‍  പഠിപ്പിച്ച പാഠം അവരിലുണ്ട്. അതിനപ്പുറം അവരെ തന്റെ പരിസരത്തേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയ, പ്രകൃതിയിലെ ഓരോ ഭാവത്തിന്റെയും പിറകിലുള്ള ഊര്‍ജ്ജതന്ത്രവും രസതന്ത്രവും ജീവശാസ്ത്രവും തൊട്ടുകാട്ടിക്കൊടുത്ത എത്ര അധ്യാപകരെക്കുറിച്ച് അവര്‍ക്ക് ഓര്‍ക്കാന്‍ കഴിയും? ഉള്ളില്‍ ശരിയായ ശാസ്ത്രബോധത്തിന്റെ  ഹരതകാന്തി വിരിയിച്ച ഒരു ജോണ്‍ സി ജേക്കബോ മറ്റോ കാണും. അദ്ദേഹമല്ല അവരുടെ ഉദാത്തമാതൃക, നേരത്തേ പറഞ്ഞ പീഡകരാണ് അവരില്‍ 'പഠിപ്പിക്കലിനെ' സംബന്ധിച്ച, ഏതു പുതിയ പരിശീലനത്താലും സിദ്ധാന്തത്താലും മായ്ച്ചാല്‍ മായാത്ത ദൃഢമുദ്രകള്‍ പതിപ്പിട്ടുള്ളത്. പുതിയ പഠനരീതി എത്ര പ്രാധാന്യം കുറച്ചുകാട്ടിയിട്ടും ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ റിക്കോഡുകളുടെ പേരിലുള്ള പീഡനങ്ങള്‍ ഇപ്പോഴും തുടരുന്നത് ഈ 'ഹാങ്ങോവര്‍ ' കൊണ്ടാണ്. വിനയത്തോടെ നിന്നും ഓച്ഛാനിച്ചും  ലാബിലെ ഒബ്‌സര്‍വേഷന്‍ നോട്ടിലും ഫെയര്‍ റിക്കോഡിലും ഒപ്പുവെപ്പിക്കലാണ് നല്ല ശാസ്ത്രപഠിതാവിന്റെ ഇക്കാലത്തെയും ലക്ഷണം. ചോദ്യംചെയ്യലും സംശയിക്കലും യുക്തിയുയര്‍ത്തിപ്പിടിക്കലും കുട്ടിയെ കൂടുതല്‍ അപമാനിതനാക്കുകയേയുള്ളൂ.  ഇതെല്ലാം  പുതിയ രീതിശാസ്ത്രത്തെക്കാള്‍ എളുപ്പവുമാണ്. ഏതെങ്കിലും ഒരു സിദ്ധാന്തത്തെ വസ്തുതയെ പാടിനീട്ടി ആത്മനിര്‍വൃതി കൊള്ളാനും രസമാണ്.

ശരിയായ ശാസ്ത്രവിദ്യാഭ്യാസത്തിനു അപ്പര്‍പ്രൈമറി തലം മുതലെങ്കിലും നല്ല ലബോറട്ടറികളുടെ സഹായം ആവശ്യമാണ്. ലോവര്‍ പ്രൈമറി തലത്തിലെ പരീക്ഷണങ്ങള്‍ നമുക്ക് ചുറ്റിലും നിന്ന് കിട്ടുന്ന വളരെ ചെലവുകുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചുതന്നെ ചെയ്യാവുന്നതുകൊണ്ടുതന്നെ ലബോറട്ടറികളില്ലാത്തതാണ് ഞങ്ങള്‍ പരീക്ഷണങ്ങള്‍ ക്ലാസില്‍ വെച്ച് ചെയ്യാത്തതിന്റെ കാരണം എന്ന് പറഞ്ഞൊഴിയാന്‍ അവര്‍ക്കെങ്കിലും കഴിയില്ല. സെക്കന്ററിതലത്തിലും  ഹയര്‍ സെക്കന്ററിതലത്തിലും  സുസജ്ജമായ ലാബുകള്‍ ശാസ്ത്രപഠനത്തിന് അത്യാവശ്യമാണ്. പുതിയ രീതിയിലുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതുതന്നെ സ്വന്തമായ പരീക്ഷണനിരീക്ഷണങ്ങളിലൂടെ, പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെയാണ്  കുട്ടികള്‍ ശാസ്ത്രീയമായ അറിവ് നിര്‍മ്മിക്കുന്നത് എന്ന അടിസ്ഥാനസങ്കല്‍പ്പത്തിലാണ്. ക്ലാസ്മുറിയും ലബോറട്ടറിയും രണ്ടല്ലാത്ത വിധം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം. എന്നാല്‍ ഒരു ദിവസം പോലും കുട്ടികളെ ലാബില്‍ കയറ്റാതെ ശാസ്ത്രപുസ്തകങ്ങള്‍ വായിച്ചു മാത്രം പഠിപ്പിക്കുന്ന എത്രയോ ശാസ്ത്രാധ്യാപകര്‍ നമുക്ക് ചുറ്റുമുണ്ട്.

ശാസ്ത്രപഠനത്തിനു ലാബുകള്‍ ശരിയായി പ്രയോജനപ്പെടുത്താന്‍ കഴിയാത്തതിന് പല കാരണങ്ങളുമുണ്ട്. നല്ല ലാബുകള്‍ ഇല്ലാത്തതാണ് മിക്കയിടത്തെയും പ്രശ്‌നം. ഹൈസ്‌കൂളുകള്‍ക്കു സുസജ്ജമായ ശാസ്ത്രലാബ് എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്ന പ്രാദേശിക ഭരണനേതൃത്വവും അധ്യാപക രക്ഷാകര്‍ത്തൃ സമിതിയും ഐ. ടി. ലാബ് എന്നാകുമ്പോള്‍ പുളകിതരാകുന്നത്  കാണാം. കഴിഞ്ഞ അഞ്ചെട്ടു കൊല്ലം കൊണ്ട് സ്‌കൂള്‍ ഐ. ടി. ലാബുകള്‍ സ്‌കൂളിന്റെ കണ്ണായതും അഭിമാനമായതും ശാസ്ത്രാധ്യാപകര്‍ കണ്ടു പഠിക്കേണ്ടതാണ്. കൃത്യമായ ഇച്ഛാശക്തിയുണ്ടെങ്കില്‍ പൊതുസമൂഹത്തെയും പ്രാദേശിക ഭരണകൂടങ്ങളെയും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി മറ്റെല്ലാത്തിനും പണം വാരിക്കോരിയെറിഞ്ഞ ഇക്കഴിഞ്ഞ  കുറച്ചു വര്‍ഷത്തിനിടയില്‍ ഒന്നാന്തരം ശാസ്ത്രലാബുകള്‍ നമുക്ക് സ്ഥാപിക്കാമായിരുന്നു. ഇന്നും പൊടിപിടിച്ച റാക്കുകളില്‍ പഴകിയ ചില കെമിക്കലുകളും ഉപകരണങ്ങളും കൂട്ടിയിട്ട വിജനമായ സ്ഥലങ്ങളാണ് സ്‌കൂളിലെ ലാബുകള്‍ . ഒരു ക്ലാസിലെ പകുതി കുട്ടികളെയെങ്കിലും ലാബില്‍ കൊണ്ടുപോയി എന്തെങ്കിലും ചെയ്യിക്കാന്‍ സൗകര്യമുള്ള സ്‌കൂള്‍ ലാബുകളുടെ എണ്ണം പരിതാപകരമാണ്. കുട്ടികളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ ശാസ്‌ത്രോപകരണങ്ങള്‍, കെമിക്കലുകള്‍, മോഡലുകള്‍ എന്നിവ തൊണ്ണൂറു ശതമാനം സ്‌കൂളുകളിലും വിരളമാണ്. പരീക്ഷണം എന്നാല്‍ ഇന്നും അദ്ധ്യാപകര്‍ കാണിച്ചു കൊടുക്കുന്നതു തന്നെയാണ്; കുട്ടി ചെയ്യുന്നതല്ല. എന്നാല്‍ താരതമ്യേന ഹയര്‍ സെക്കന്ററി വിഭാഗത്തിന് നല്ല ലാബുകള്‍ ഉണ്ട്. അവ പ്രയോജനപ്പെടുത്താന്‍ യു. പി- ഹൈസ്‌കൂള്‍ ക്ലാസുകള്‍ക്ക് എളുപ്പത്തില്‍ കഴിയും. എന്നാല്‍ ഇന്നുവരെ ഇവര്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം തീരാത്തതുകൊണ്ട്  മിക്കപ്പോഴും ആ വാതില്‍ അടഞ്ഞുതന്നെയാണ് കിടക്കുന്നത്. ഹൈസ്‌കൂളിലും ലാബ് പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മൂല്യനിര്‍ണയവും പ്രത്യേകമായ സമയവും നീക്കിവെച്ചുകൊണ്ടേ ലാബുകളുടെ അപര്യാപ്തതയും അപ്രാധാന്യവും മറികടക്കാന്‍ കഴിയൂ.

ഹയര്‍ സെക്കന്ററി ലാബ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുന്നത് സൗകര്യങ്ങളുടെ കുറവല്ല, മറിച്ച് ഒരു തരം യാന്ത്രികതയാണ്. അറിയേണ്ടുന്ന വിഷയങ്ങള്‍ ലാബ് പ്രയോജനപ്പെടുത്തി കണ്ടെത്തുകയല്ല അവിടെ നടക്കുന്നത്. തിയറി ഒരു വഴിക്കും പ്രാക്റ്റിക്കല്‍ മറ്റൊരു വഴിക്കും നീങ്ങുന്ന വിചിത്രമായ ഒരു കാളപൂട്ടലാണത്. പ്രാക്റ്റിക്കലിന് മറ്റൊരു പാഠപുസ്തകം തന്നെയുണ്ട്! പഠനത്തിന്റെ പ്രക്രിയയാണ് ലാബില്‍ നടക്കേണ്ടത് എന്ന സാമാന്യമായ കാഴ്ചപ്പാടുപോലും ഉള്‍ക്കൊള്ളാന്‍ ഇതുവരെയായും ഹയര്‍ സെക്കന്ററിക്കാര്‍ക്കു കഴിഞ്ഞിട്ടില്ല. എട്ടാംക്ലാസിലും ഒമ്പതാം ക്ലാസിലും വായിച്ചുപഠിച്ച ചില സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ ചെയ്തു പരിശീലിക്കുന്നു എന്നു മാത്രം. തമിഴ്‌നാട്ടില്‍ , തന്റെ ചുറ്റിലുമുള്ള  മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരപരിശോധനയും രക്തപരിശോധനയും പ്രാക്റ്റിക്കലിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കു ചെയ്യാനുള്ളിടത്താണ് നമ്മുടെ ഈയവസ്ഥ എന്നോര്‍ക്കണം. അടിസ്ഥാന ലാബ് ശേഷികള്‍ നേടുന്നത് ഹയര്‍ സെക്കന്ററി തലത്തിലാണ് എന്നത് നമ്മുടെ ശാസ്ത്രപഠനത്തിന്റെ നേട്ടത്തെയാവുമോ സൂചിപ്പിക്കുന്നത്?
  
ഓരോ ഘട്ടത്തിലും പഠിക്കുന്നതിനു വേണ്ടി നിര്‍ദ്ദേശിക്കുന്ന ശാസ്ത്രപുസ്തകങ്ങളുടെ അധികഭാരമാണ് സയന്‍സ് പഠനത്തെ ശുഷ്‌കമാക്കുന്ന പ്രധാനപ്പെട്ട സംഗതി. ദേശീയ തലത്തില്‍ത്തന്നെ ഏറ്റവും അധിക്ഷേപം ഇക്കാര്യത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. ഏതുതരത്തിലുള്ള ബോധന ശാസ്ത്രം മുന്നോട്ടുവെക്കുമ്പോഴും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറാകുന്നില്ല. നേരത്തേ ഡി. പി. ഇ. പിക്കാലത്ത് ശാസ്ത്രത്തെ ജീവിതപരസരവുമായി ബന്ധിപ്പിച്ചുകൊണ്ട് മാത്രം പഠനത്തിനെടുക്കുന്ന രീതി മുന്നോട്ടുവെച്ചിരുന്നു. ശാസ്ത്രവസ്തുതകള്‍ കുത്തിനിറച്ച പാഠപുസ്തകങ്ങള്‍ സി. ബി. എസ്. സിയും ഐ. സി. എസ്. സി യും ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി നമ്മുടെ പുസ്തകങ്ങളില്‍  ആനകളിയും കൂട്ടപ്പാട്ടും മാത്രമേയുള്ളൂ എന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ അക്കാലത്താണ് ഉണ്ടായത്. യഥാര്‍ഥത്തില്‍ അപ്പോഴും നമ്മുടെ പ്രൈമറി പാഠപുസ്തകങ്ങള്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വളരെയൊന്നും  പിന്നിലായിരുന്നില്ല. പക്ഷേ, നേരത്തേ സ്വീകരിച്ചിരുന്ന ഒരു സമീപനമല്ല ഇക്കാര്യത്തില്‍ പുതിയ പഠനരീതി അവലംബിച്ചത് എന്നുമാത്രം. ഒരു പഠനവസ്തുത പാഠപുസ്തകത്തില്‍ വിശദമായി നല്കുന്നതിനു പകരം ഉചിതമായ ജീവിതസന്ദര്‍ഭത്തെ മുന്‍ നിര്‍ത്തി  ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്ന രീതിശാസ്ത്രമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ്  അമ്പതും അറുപതും പേജുള്ള പാഠപുസ്തകങ്ങള്‍ക്ക് ഇരുനൂറു പേജുള്ള അധ്യാപകസഹായികള്‍ ഉണ്ടായത്. ഉള്ളടക്കത്തിന്റെ എല്ലാ വിശദാംശങ്ങളും ശാസ്ത്രവസ്തുതകളും അവിടെ വിശദമായി പറഞ്ഞുവെച്ചിരുന്നു.  രണ്ടു രീതിയിലുള്ള ഫലവും ഇതുണ്ടാക്കി. ഇവ അധ്യാപകരുടെ 'ബ്ലാക്ക് ബോക്‌സുകള്‍ ' ആയതുകൊണ്ട് അവസാനം വരെ ഇത് മറ്റാരും കണ്ടില്ല. പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ തൊലിക്കു പുറമേ പറഞ്ഞു പോയി ഒരുപാടു പേര്‍ തടിയൊഴിച്ചു. ആത്മാര്‍ത്ഥതമായും ഇക്കാര്യങ്ങള്‍ പിന്തുടരാന്‍ ആഞ്ഞവര്‍ക്ക് വിഷയത്തിന്റെ പകുതി പോലും കൊല്ലാവസാനമെത്തുമ്പോഴും എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. പാഠപുസ്തകങ്ങളില്‍ കണ്ടന്റിന്റെ കുറവാണ് എന്ന മുറവിളി അതേ നാണയം കൊണ്ടുതന്നെയാണ് പിന്നീട് നേരിട്ടത്. അപ്പോഴേക്കും കേരളത്തിന്റെ പാഠ്യപദ്ധതിസമീപനം കൈക്കൊണ്ടുകൊണ്ട് എന്‍ .സി.ഇ. ആര്‍ .ടി യും പ്രവര്‍ത്തനാധിഷ്ഠിതവും അറിവിന്റെ നിര്‍മ്മാണത്തില്‍ ഊന്നുന്നതുമായ ഒരു രീതിശാസ്ത്രം സ്വീകരിച്ചിരുന്നു. വന്നുവന്ന് ഇപ്പോള്‍ എന്‍ .സി.ഇ. ആര്‍ .ടി. പാഠപുസ്തകങ്ങളെക്കാള്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പാഠപുസ്തകങ്ങള്‍ മുകളില്‍ പോകുന്ന അവസ്ഥ വന്നു. ഹയര്‍ സെക്കന്ററിയില്‍ എന്‍ .സി.ഇ. ആര്‍ .ടിയുടെ പുസ്തകങ്ങള്‍ അതേപടി പിന്തുടരുകയാണ് നമ്മളും. ഇത്രമാത്രം വസ്തുതകള്‍ കുത്തിനിറച്ച പുസ്തകങ്ങള്‍ ഈയൊരു രീതിയില്‍ വിനിമയം ചെയ്യുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്. ഉത്തരത്തിലുള്ളത് എടുക്കുകയും വേണം കക്ഷത്തിലുള്ളത് പോകാനും പാടില്ല എന്ന സമീപനം നമ്മെ എവിടെയും കൊണ്ടെത്തിക്കില്ല എന്ന് നിര്‍ദേശിക്കുന്നവരെങ്കിലും തിരിച്ചറിയണം.ഏറ്റവും പുതിയ വിദ്യാഭ്യാസ തത്ത്വചിന്തയുടെ വക്താക്കളാകാനും അതേസമയം വിവരങ്ങളുടെ കുത്തിനിറയ്ക്കലാണ് ശരിയായ പഠനം എന്ന് വിചാരിക്കുന്നവരെ തൃപ്തിപ്പെടുത്താനും ശ്രമിക്കുന്നതിലെ പരിഹാസ്യത എസ്. സി ഇ. ആര്‍ . ടി. എങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

ഹൈസ്‌കൂള്‍തലത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്ക്  അനുവദിച്ച പിരിയഡുകളുടെ എണ്ണവും ഈ പഠനഭാരവും തമ്മില്‍ ഒരു തരത്തിലും പൊരുത്തമില്ല എന്നതാണ് മറ്റൊരു വസ്തുത. എട്ടാംതരത്തില്‍ രസതന്ത്രവും ഊര്‍ജതന്ത്രവുമടങ്ങുന്ന അടിസ്ഥാനശാസ്ത്രത്തിന് ആഴ്ചയില്‍ മൂന്നു പിരിയഡാണുള്ളത്; ജീവശാസ്ത്രത്തിന് രണ്ടും. ഒന്‍പതിലെത്തുമ്പോള്‍ മൂന്നെണ്ണത്തിനും രണ്ടുവീതം പിരിയഡുകള്‍ . പത്താംതരത്തില്‍ ജീവശാസ്ത്രത്തിന് മൂന്നും രസതന്ത്രം, ഊര്‍ജതന്ത്രം എന്നിവയ്ക്ക് രണ്ടുവീതം പിരിയഡുകളും. പാഠ്യപദ്ധതിയിലെ കോര്‍ വിഷയം എന്നു വിളിക്കപ്പെടുന്ന ശാസ്ത്രപഠനത്തിന് ഇത്രയും കുറച്ചു പഠനസമയം അനുവദിക്കുമ്പോള്‍ താരതമ്യേന പഠനഭാരം കുറഞ്ഞ ഐ.ടിക്ക് നാലു പിരിയഡാണ് അനുവദിച്ചിരിക്കുന്നത്. മറ്റൊരു രീതിയില്‍ പരിശോധിച്ചാല്‍ , ശാസ്ത്രവിഷയങ്ങള്‍ക്ക്  നാല്‍പ്പത് സ്‌കോറിനുള്ള പരീക്ഷകള്‍ നടക്കുമ്പോള്‍ ഐ.ടിക്ക് പത്ത് സ്‌കോറിനുള്ള പരീക്ഷയാണുള്ളത് എന്നും കാണാം.

ഹയര്‍ സെക്കണ്ടറിയിലെ ശാസ്ത്രപഠനം അതിന്റെ ഉള്ളടക്കഭാരം കൊണ്ട് ശാസ്ത്രപഠനത്തിന്റെ  അടിസ്ഥാനഘടകങ്ങളെ മാത്രമല്ല നശിപ്പിക്കുന്നത്, മൊത്തം സ്‌കൂളിലെ പഠനാന്തരീക്ഷത്തെയാണ്. ഒരു മിനിട്ടുപോലും ശ്വാസം വിടാന്‍ കഴിയാതെയാണ് ആഴ്ചയിലെ ആറു ദിവസവും കുട്ടികള്‍ സ്‌കൂളില്‍ ചെലവഴിക്കുന്നത്. ആറുദിവസം ഏഴുമണിക്കൂര്‍ വീതം സ്‌കൂളില്‍ കെട്ടിയിടപ്പെടുന്ന ചിലപ്പോള്‍ ലോകത്തിലെ തന്നെ ഏക വിദ്യാര്‍ത്ഥിവിഭാഗം നമ്മുടെ ഹയര്‍ സെക്കണ്ടറി കുട്ടികള്‍ ആയിരിക്കും. ഞായറാഴ്ചയിലും സ്‌പെഷല്‍ ക്ലാസെടുത്താല്‍ തീരില്ല ഇവിടത്തെ സയന്‍സ് സിലബസ് എന്ന് പരിതപിക്കുന്ന അധ്യാപകര്‍ പരീക്ഷണങ്ങള്‍ ബ്ലാക്ക് ബോര്ഡില്‍ ഒതുക്കാതെ എന്ത് ചെയ്യും? സയന്‍സ് പഠിക്കുന്ന കുട്ടികള്‍ക്ക്  ഭാഷാപഠനവുമായി ബന്ധപ്പെട്ട് ഒരു ചലച്ചിത്രോത്സവം നടത്താന്‍ , സര്‍ഗാത്മകമായ എന്തെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ അവരെ ഉള്‍പ്പെടുത്താന്‍ സയന്‍സ് അധ്യാപകരുടെ കണ്ണുരുട്ടലിനു വിധേയരായേ പറ്റൂ. സ്‌കൂളിലെ മൊത്തം സാംസ്‌കാരികപ്രവര്‍ത്തനങ്ങളെ മരവിപ്പിക്കുന്നതിന്റെ മുഖ്യമായ ഒരു ശീതീകരണശാല സയന്‍സിന്റെ ഈ അധികഭാരം തന്നെയാണ്.

ശാസ്ത്രപഠനത്തെക്കുറിച്ച് നാം മുന്നോട്ടുവെച്ച സമീപനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണോ ക്ലാസ് മുറിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന് ആരാണ് മോണിട്ടര്‍ ചെയ്യേണ്ടത്? ഇന്ന് നമ്മുടെ വിദ്യാഭ്യാസ രംഗത്ത് മഷിയിട്ടുനോക്കിയാല്‍ കാണാത്തത് അക്കാദമിക മോണിറ്ററിംഗ് ആണ് എന്നു കാണാം. അധ്യാപകരോരോരുത്തരും അവരവരുടെ വിഷയത്തിന്റെ ഹിറ്റ്‌ലര്‍മാരാണ്. അവിടെ അവരുടെ തീരുമാനങ്ങളെ, പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ ഒരാളുമില്ല. കുട്ടികളെയും പാഠഭാഗങ്ങളെയും സംബന്ധിച്ച് അവരുടെ പ്രീതിയും അനിഷ്ടവും ആര്‍ക്കും  ചോദ്യം ചെയ്യാന്‍ പോലും കഴിയില്ല. പഠനം എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് എന്ന് വിശദമാക്കുന്ന ഹാന്‍ഡ്ബുക്കുകള്‍ പൊതുജനം കാണുന്നേയില്ല. പാഠപുസ്തകത്തിലെ അഭ്യാസങ്ങള്‍ എങ്ങനെ പൂര്‍ത്തീകരിച്ചാലും രക്ഷിതാവിന് അത് ചോദ്യം ചെയ്യാന്‍ കഴിയില്ല. കോശങ്ങളുടെ സവിശേഷതകള്‍ പഠിക്കേണ്ടത് കുട്ടികള്‍ വ്യക്തിഗതമായി മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് നിരീക്ഷണം നടത്തി കണ്ടെത്തലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് എന്ന് ഹാന്‍ഡ്ബുക്കില്‍ വിശദമാക്കിയിട്ടുണ്ടാവും. ശാസ്ത്രാധ്യാപകര്‍ക്ക്് പുറമേ മറ്റൊരാള്‍ക്കു കൂടി ഇക്കാര്യം അറിയാന്‍ കഴിയും, സ്‌കൂള്‍ തലവന്. എന്തുകൊണ്ടാണ് നിങ്ങള്‍ മൈക്രോസ്‌കോപ് ക്ലാസിലേക്ക് കൊണ്ടുപോകാത്തത് എന്ന്, എന്തേ ഇപ്പോള്‍ കുട്ടികളെ തീരെ ലാബിലേക്ക് കൊണ്ടുപോകാത്തത് എന്നു ചോദിക്കുന്ന ഒരു ഹെഡ്മാസ്റ്റര്‍ / ഹെഡ്മിസ്ട്രസ് ഉണ്ടെന്നു വിചാരിക്കൂ. തീര്‍ച്ചയായും ആ സ്‌കൂളില്‍ ലാബ് ഉണ്ടാവുകയും സാമാന്യം നന്നായി അതു പ്രയോജനപ്പെടുത്തുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ അടുത്ത വര്‍ഷം റിട്ടയര്‍ ചെയ്യേണ്ടുന്ന ഞാന്‍ എന്തിനു മാഷുടെ/ ടീച്ചറുടെ ശത്രുത സമ്പാദിക്കുന്നു, എങ്ങനെ വേണമെങ്കിലും പഠിപ്പിക്കട്ടെ, നൂറുശതമാനം എങ്ങനെയെങ്കിലും പാസായി കിട്ടിയാല്‍ മതി എന്നാണ് അവരുടെ ഏക പ്രാര്‍ത്ഥന. ഹാന്‍ഡ്ബുക്കുകള്‍ തയ്യാറാക്കി മുഴുവന്‍ രക്ഷകര്‍ത്താക്കള്‍ക്കും  നല്‍കി പഠനപ്രവര്‍ത്തനത്തിന്റെ വഴികള്‍ അവരെക്കൂടി അറിയിച്ച്, എന്തുകൊണ്ട് ഇത് ഇങ്ങനെ ചെയ്തു എന്ന് അവര്‍ ചോദ്യം ചെയ്യുന്ന കാലത്തേ സ്‌കൂളുകളില്‍ മികച്ച ലാബുകള്‍ ഉണ്ടാവുകയും അവ പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാവുകയും ചെയ്യൂ.

ശാസ്ത്രപഠനം വസ്തുതകളുടെ മനപ്പാഠമാക്കലിലും ഒറ്റവാക്കിലുള്ള ഉത്തരമായി ചുരുക്കലിലും കുരുങ്ങിക്കിടക്കാന്‍  അധ്യാപകരുടെ മനോഭാവവും സ്‌കൂളിലെ അപര്യാപ്തതകളും മാത്രമല്ല കാരണമായത്. പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസവിഷയത്തിലുള്ള അമിതമായ ഉത്കണ്ഠയും കുട്ടികളെക്കുറിച്ചുള്ള ഉയര്‍ന്ന പ്രതീക്ഷകളും ഇക്കാര്യത്തില്‍ നിര്‍ണായകമായ ഒരു പങ്കുവഹിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ തൊണ്ണൂറു ശതമാനം കുട്ടികളും പ്ലസ്ടുവിനു സയന്‍സ് വിഷയത്തിനാണ് ഒന്നാമത്തെ ഓപ്ഷന്‍ നല്‍കാറുള്ളത്. ശാസ്ത്രപഠനത്തോട് കുട്ടികള്‍ക്കുള്ള അഭിരുചിയുടെ ലക്ഷണമായി ഇതിനെ കാണാന്‍ കഴിയുമോ? അല്ലെന്നു മാത്രമല്ല,  വലിയൊരു വിഭാഗം കുട്ടികളും സയന്‍സ് എടുക്കുന്നത് രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ്. ഭാഷയും മാനവികവിഷയങ്ങളും പഠിക്കാന്‍ താത്പര്യം ഇല്ലാഞ്ഞിട്ടല്ല, അവരില്‍ പലര്‍ക്കും  യഥാര്‍ത്ഥത്തില്‍ ചതുര്‍ഥിയായ കെമിസ്ട്രിയുടെയും ഫിസിക്‌സിന്റെയും തലകറങ്ങുന്ന പിരിയന്‍ ഗോവണിയിലേക്ക് കയറാന്‍ അവര്‍ തയ്യാറായത്. സയന്‍സ് പഠിക്കുക എന്നത് രക്ഷിതാവിന്റെ കൂടി അന്തസ്സിന്റെ പ്രശ്‌നമാണ്. അതുവഴിയാണ് മെഡിസിന്റെയും എഞ്ചിനീയറിംഗിന്റെയും സ്വര്‍ഗവാതില്‍ നാളെ തുറക്കേണ്ടത്. അവിടേക്ക് കടക്കണമെങ്കില്‍ ഈ വൈതരണി താണ്ടിയേ കഴിയൂ. തന്റെ കുട്ടികളെ ശാസ്ത്രീയ അവബോധത്തിലേക്കു നയിക്കാന്‍ താത്പര്യമുള്ള ഏതെങ്കിലും ഒരു സയന്‍സ്് അദ്ധ്യാപകന്‍ പൊതുവായ ഒരു വിഷയത്തെക്കുറിച്ചു സംസാരിച്ചാല്‍ രക്ഷിതാക്കള്‍ക്ക്  പരാതിയായി. എന്‍ട്രന്‍സ് ആണ് പരമമായ ഈശ്വരന്‍ . അതിനുവേണ്ടി പുലര്‍ച്ചെ മുതല്‍ അന്തിയാകും വരെ ട്യൂഷന്‍ സെന്ററിലും സ്‌കൂളിലുമായി കുട്ടികള്‍ വിയര്‍ക്കുകയാണ്. ശാസ്ത്രീയ അവബോധം പോയിട്ട് ബോധം പോലും തെളിയാത്ത അവസ്ഥ. നൂറു ശതമാനത്തിനു വേണ്ടിയുള്ള വെമ്പലും ട്യൂഷനും ആണ് ശാസ്ത്രപഠനത്തിന്റെ ശരിയായ ഘാതകര്‍ എന്ന് പ്രൊഫ. യശ്പാല്‍ നിരീക്ഷിക്കുന്നുണ്ട്.

ശാസ്ത്ര പഠനത്തില്‍ നിന്നും വറ്റിപ്പോകുന്ന യുക്തിചിന്തയേയും ശാസ്ത്രീയ അവബോധരൂപീകരണത്തേയും കുറിച്ചുള്ള വിചാരങ്ങള്‍ തന്നെ അപ്രസക്തമാക്കുന്നതാണ് നമ്മുടെ പൊതുസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നതും പറയാതെവയ്യ. സമൂഹത്തെ യുക്തിചിന്തയുടെ വെളിച്ചത്തിലേക്ക് ധൈര്യപൂര്‍വം കൈപിടിച്ചു നടത്തേണ്ടുന്നവര്‍ ഒന്നടങ്കം അന്ധവിശ്വാസങ്ങള്‍ക്കു ചൂട്ടുപിടിക്കുന്ന വിചിത്രമായ കാഴ്ചയാണ് എവിടെയും. ശാസ്ത്രസത്യങ്ങള്‍ അരച്ചുകലക്കിക്കുടിച്ചവരടക്കം ആള്‍ദൈവങ്ങളുടെ കാല്‍ച്ചുവട്ടില്‍ കുമ്പിട്ടുനില്‍ക്കുന്നു, രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കനുസരിച്ചു ഭരണാധികാരികള്‍ ദിവ്യപ്രഭകള്‍ക്കു  മുന്നില്‍ വിനീതരാകുന്നു, മാധ്യമങ്ങള്‍ എല്ലാ ആഘോഷങ്ങളും തത്സമയം വിറ്റുകാശാക്കുന്നു. ഇവരിലൂടെ എല്ലാ വൈരുദ്ധ്യങ്ങളെയും ആഞ്ഞുപുല്‍കുന്ന മനോഭാവം വൈറസിനെക്കാള്‍ വേഗത്തില്‍ സാധാരണക്കാരിലേക്ക് പരക്കുന്നു. രാഷ്ട്രീയം, അധികാരം, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും ഗാലറിയിലേക്കു മാറിയിരുന്ന് ഈ ആഘോഷത്തിമര്‍പ്പില്‍ മതിമറക്കുമ്പോള്‍ , ഈ ആരവത്തിനിടയിലേക്ക് യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ഭാരിച്ച പതാകയുമേന്തി ഒറ്റയ്ക്കു നടക്കാന്‍ , അല്ലെങ്കില്‍ അധ്യാപകരെ മാത്രം നിര്‍ബന്ധിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? 
(മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ  വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം )



2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം.


പുതിയൊരു ഔഷധസസ്യത്തെപ്പറ്റിയാണ്‌ ഇത്തവണ നാരായണന്‍ ഗുരുക്കള്‍ക്ക്‌ പറയുവാനുണ്ടായിരുന്നത്.  ഗുരുക്കള്‍ക്ക്‌ കഴിഞ്ഞ മാസം ഒരു ആന്‍ജിയോപ്ലാസ്റ്ററി കഴിഞ്ഞിരുന്നു. ഞാന്‍ കാണുന്ന കാലം മുതല്‍ കടുത്ത ആസ്ത്മയുടെ ഇരയായിരുന്നു അദ്ദേഹം. തന്റെ നിരന്തരമായ കളരി പരിശീലനം കൊണ്ടും ചിട്ടയായ ജീവിതം കൊണ്ടും ആണ് ആസ്ത്മയുടെ ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നത്. ഇപ്പോള്‍ എഴുപത്തഞ്ചിനടുത്ത ഗുരുക്കള്‍ക്ക് പിന്നിട്ട ജീവിത വഴികളിലെ ഓരോ ചുവടും വാള്‍തിളക്കത്തോടെ ഓര്‍മ്മയില്‍ എത്തും.

പച്ച മരുന്നുകള്‍ക്ക് പിന്നാലെയുള്ള ഗുരുക്കളുടെ യാത്രകള്‍ ആരംഭിക്കുന്നത് സ്കൂള്‍ വിദ്യാഭ്യാസ കാലത്താണ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളില്‍ അദ്ദേഹം മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു. അക്കാലത്ത്  ചികിത്സക്കായി ഗുരുക്കളെ  കൂട്ടാന്‍ ആളുകള്‍ സ്കൂളിലെക്കായിരുന്നു വരാറുണ്ടായിരുന്നത്. അദ്ദേഹം ആകട്ടെ പലപ്പോഴും പീച്ചാളി നാരായണന്‍ ഗുരുക്കള്‍ എന്ന അക്കാലത്തെ പ്രശസ്തനായ കളരി ഗുരുക്കളുടെ കൂടെ കളരിയിലോ മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കും. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് അന്ന് പീച്ചാളി നാരായണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന കളരിയുടെ ചുമതല നാരായണന്‍ ഗുരുക്കള്‍ക്ക് ആയിരുന്നു. കളരി പഠനത്തോടൊപ്പം കളരി ചികില്‍സയുടെ ബാലപാഠങ്ങളും തന്റെ ഗുരുക്കളുടെ മുഖത്തു നിന്ന് നേരിട്ടുതന്നെ മനസ്സിലാക്കാന്‍ കുട്ടിയായിരുന്ന നാരായണന് ഭാഗ്യമുണ്ടായി. ഓരോ ചികിത്സയും, സൂക്ഷ്മദൃക്കായിരുന്ന ആ കുട്ടിക്ക് പകര്‍ന്നു കൊടുത്ത അനുഭവങ്ങള്‍ വലുതായിരുന്നു. അതോടൊപ്പം അപൂര്‍വ്വമായ ഔഷധക്കൂട്ടുകള്‍ , പച്ചമരുന്നുകള്‍ , രോഗനിര്‍ണയ തന്ത്രങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. കളരി ചികിത്സയ്ക്ക് പിന്നാലെയുള്ള അലച്ചിലുകളില്‍ നിന്നാണ് ഏച്ചില്‍ , മുക്കണ്ണന്‍ പെരിയില, വട്ടപ്പെരികം,സൂത്രവള്ളി, ഇടിഞ്ഞില്‍  തുടങ്ങി നാട്ടുവൈദ്യത്തില്‍ ഉപയോഗിച്ചിരുന്ന പല അപൂര്‍വ്വ പച്ച മരുന്നുകളെക്കുറിച്ചും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്നതോട് കൂടി അപൂര്‍വ്വമായ ചികിത്സകള്‍ എവിടെ നടക്കുന്നുണ്ടെങ്കിലും, അതെത്ര ദൂരമായാലും അവിടെ ചെന്ന് അത് സ്വായത്തമാക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം കൂടുകയേ ഉണ്ടായിട്ടിള്ളൂ. അത്തരത്തിലുള്ള ഒരു ഔഷധവിദ്യ മനസ്സിലാക്കിയെടുത്തതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

തളിപ്പറമ്പിലെ ചിറവക്കിനടുത്ത കൂവട്ടു കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ അപൂര്‍വ്വമായ ചില പച്ചമരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു എന്ന് പലരില്‍ നിന്നായി നാരായണന്‍ ഗുരുക്കള്‍ കേട്ടറിഞ്ഞിരുന്നു. ഏകദേശം മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. വൈദ്യരാണെങ്കില്‍ അതീവ ഗോപ്യമായാണ് മരുന്ന് തയ്യാറാക്കുന്നതും പ്രയോഗിക്കുന്നതും. പച്ചമരുന്നിന്റെ തെളിരില കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്തു അരച്ച് തന്റെ സമീപം തന്നെ വച്ചിരിക്കും. അത് പുരട്ടി പെട്ടെന്ന് തന്നെ തുണി കൊണ്ട് ചതവോ പൊട്ടലോ ഉണ്ടായ ഭാഗം കെട്ടും. അരച്ച മരുന്ന് എന്തൊക്കെ ചേര്‍ത്തു ഉണ്ടാക്കിയതാണെന്ന് നോക്കണമെങ്കില്‍ , മരുന്ന് നേരിട്ട് നമുക്ക് കാണാന്‍ പോലും പറ്റില്ല. അകത്ത് കഴിക്കാനുള്ള തൈലമാണെങ്കില്‍ കുപ്പിക്ക് പുറത്തു മരുന്നിന്റെ പേരോ മറ്റു കാര്യങ്ങളോ ഒന്നും എഴുതുകയുമില്ലല്ലോ. എന്തായാലും മരുന്ന് അത്യന്തം ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്ങിനെയായാലും ഈ മരുന്നിനെക്കുറിച്ച് അറിയണമെന്ന് ഗുരുക്കള്‍ നിശ്ചയിച്ചു.  ആദ്യം നേരെ വൈദ്യരുടെ അടുത്തു തന്നെ പോയി. ചികിത്സയ്ക്ക് എന്ന വണ്ണമാണ് പോയിരുന്നതെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ മുഖത്ത് നോക്കി കളവു പറയാന്‍ തോന്നിയില്ല. കാര്യം തുറന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറയുന്നില്ല. സാധാരണ പ്രയോജനപ്പെടുത്തുന്ന ചില മരുന്നുകളെക്കുറിച്ചാണ് പറയുന്നത്. അതൊന്നും അല്ല ഈ തൈലത്തിലെ പ്രധാന മരുന്ന് എന്ന് അവിടുന്ന് വരുന്ന മണം കൊണ്ട് തന്നെ ഗുരുക്കള്‍ക്ക് മനസ്സിലായിരുന്നു. എങ്കില്‍ ശരി എന്ന് പറഞ്ഞു അദ്ദേഹം എഴുന്നേറ്റു. അന്ന് തിരിച്ചു വന്നെങ്കിലും ഇത് എന്താണെന്ന് പഠിച്ചേ പറ്റൂ എന്ന് ഗുരുക്കള്‍ അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. വൈദ്യര്‍ക്കു മരുന്ന് ഉണ്ടാക്കാന്‍ സഹായിയായി നില്‍ക്കുന്ന ഒരാളെക്കുറിച്ച് അപ്പോഴാണ്‌ അദ്ദേഹം കേട്ടത്. അയാള്‍ മരുന്നുണ്ടാക്കാന്‍ സഹായിക്കുക മാത്രമല്ല വൈദ്യരുടെ കൂടെ കാട്ടില്‍ മരുന്ന് തേടാനും നായാട്ടിനും പോകുന്ന ഒരാള്‍ ആയിരുന്നു. ഏറെ കാലത്തെ ശ്രമഫലമായാണ് അയാളുടെ പക്കല്‍ നിന്ന് 'മലതാങ്ങി' എന്ന പച്ചമരുന്നാണ് അദ്ദേഹം ചികിത്സക്കായി ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. മരുന്നിന്റെ പേര് മാത്രമല്ല ഉപയോഗക്രമം എന്തൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന കാര്യമെല്ലാം മനസ്സിലാകുന്നത്‌.

സാധാരണയായി മലമ്പ്രദേശത്താണ് ഈ മരുന്ന് കണ്ടു വരുന്നത് അതുകൊണ്ടാവാം ഇതിനെ മലതാങ്ങി എന്ന് വിളിച്ചുവരുന്നത്‌. മലയിടുക്കുകളില്‍ വള്ളിവള്ളിയായി കാണപ്പെടുന്ന മനോഹരമായ ഒരു ചെടിയാണിത്. മറ്റു മരുന്നുകളെ അപേക്ഷിച്ച് ഇലകള്‍ തീരെ പശയില്ലാത്തതാണ്. ഇളം തളിരുകള്‍ക്ക് നേരിയ ചുവപ്പുനിറവും മറ്റു ഇലകള്‍ക്കും വള്ളികല്‍ക്കും പച്ചനിറവുമാണ്. പച്ച നിറത്തിലുള്ള ഇലകള്‍ പൊടിച്ചാല്‍ പൊടിഞ്ഞു പോകും. പൊതുവേ ഇലകള്‍ പരുപരുത്ത പാറപ്പുറങ്ങളില്‍ വളരുന്നത്‌ കൊണ്ടാവാം പരുക്കനാണ്. തീര്‍ത്തും ജലരഹിതമായതുകൊണ്ടുതന്നെ ഇലകള്‍ പൊടിച്ചാല്‍ പൊടിയുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് നീര് പിഴിഞ്ഞ് എടുക്കണമെങ്കില്‍ അവ വാട്ടിപ്പിഴിയണം. ഇങ്ങനെ രസം എടുത്താണ് തൈലങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഈ തൈലമാകട്ടെ പുറമേ പുരട്ടുവാനും അകത്തു കഴിക്കുവാനും ഉത്തമമാണ്.

ഇലകള്‍ മാത്രമല്ല മലതാങ്ങിയുടെ സമൂലഭാഗങ്ങളും ചികിത്സയില്‍ ഉപയോഗിക്കാവുന്നത്രയും ഔഷധ ഗുണമുള്ളതാണ്. തളിര് ഭാഗം അരച്ചെടുത്ത് ഉപയോഗിക്കാം. ഇല വാട്ടിപ്പിഴിഞ്ഞാണ് തൈലത്തില്‍ ചേര്‍ക്കുന്നത്. വേരാകട്ടെ തൈലം ഉണ്ടാക്കാനുള്ള കല്‍ക്കത്തിനു ഉത്തമമാണ്. തൈലത്തില്‍ മുക്കിക്കെട്ടിയാല്‍ അസ്ഥിഭംഗം ഉള്ള ഭാഗത്തെ വേദന പൂര്‍ണ്ണമായി ശമിക്കുകയും നീര് കുറയുകയും ചെയ്യും. വയറു വേദനക്കും ശരീര വേദനക്കും തൈലം അകത്തു കഴിക്കുന്നതും നല്ലതാണ്. അകത്തു കഴിക്കുമ്പോള്‍ സമം പശുവിന്‍ നെയ്യിനൊപ്പം വേണം കഴിക്കാന്‍ .

ശരീരപുഷ്ടിക്കും മലതാങ്ങിയുടെ വേര് ചേര്‍ത്തു ഉണ്ടാക്കുന്ന ലേഹവും ഇലയില്‍ നിന്നുള്ള എണ്ണയും ഉപയോഗപ്രദമാണ്. ശരീരത്തിന് ബലവും പുഷ്ടിയുമുണ്ടാകുന്നതിനു നാടന്‍ ചികിത്സയില്‍ ഇത്രയധികം ശക്തിയുള്ള മറ്റൊരു മരുന്ന് ഇല്ലെന്നു തന്നെയാണ് ഗുരുക്കളുടെ അഭിപ്രായം. ഒടിവ് ചതവ് മറ്റു അസ്ഥി സംബന്ധമായ വേദനകള്‍ എന്നിവ മുഖ്യമായും ചികിത്സിക്കുന്ന ഗുരുക്കളെ സംബന്ധിച്ചിടത്തോളം ഈ പച്ചമരുന്നിനെക്കുറിച്ചുള്ള അറിവ് വളരെ വിലപ്പെട്ടതായിരുന്നു. അന്ന് ഈ ചെടി പയ്യന്നൂരിനടുത്ത കോറോം, കാനായി ഭാഗങ്ങളില്‍ സമൃദ്ധമായി ഉണ്ടായിരുന്നു. ഇപ്പോള്‍ എഴിമലയില്‍ ഈ മരുന്ന് ധാരാളമായി കണ്ടു വരുന്നുണ്ട്. ഇതില്‍ നിന്നും ഉണ്ടാക്കിയ തൈലവും മറ്റു മരുന്നുകളും അദ്ദേഹത്തിന്റെ ചികിത്സാനുഭവത്തിലെ  പ്രധാന അധ്യായങ്ങളിലെല്ലാം സുഗന്ധംപരത്തി നില്‍പ്പുണ്ട്.