2010, ഡിസംബർ 23, വ്യാഴാഴ്‌ച

ചലച്ചിത്രോത്സവത്തിലെ ഹരിതമുദ്രകള്‍


പാരിസ്ഥിതികമായ ആശങ്കകള്‍ ആഗോളതലത്തിലും പ്രാദേശികമായും നമ്മെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പതിനഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞത്. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിനിടയിലും, എന്‍ഡോസള്‍ഫാന് വീണ്ടുമൊരിക്കല്‍ കൂടി ക്ലീന്‍ ചിറ്റ് നല്‍കാനുള്ള 'സി.ഡി. മായി കമ്മറ്റിയെ' ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സമരജ്വാല ആളിക്കത്തിച്ചു കൊണ്ട് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍ ഉറക്കമൊഴിക്കുകയായിരുന്നു അപ്പോഴും. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങു തിരുവനന്തപുരത്തും, കാസര്‍ഗോടുനിന്നെത്തിയ സുഹൃത്തുക്കള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കണ്ണിനെ കലക്കുന്ന ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കാന്‍ കൈരളി തിയേറ്ററിന്റെ നടയില്‍ സ്വന്തം കാറ് തന്നെ ഗാലറിയായി നല്‍കി ബിനുലാലിനെപ്പോലുള്ള യുവാക്കള്‍ മുന്നോട്ടുവന്നു. അപ്പോള്‍ അക്കാദമി ചലച്ചിത്രോല്‍സവത്തിന്റെ ശുഭ്രവും കുലീനവുമായ തിരശ്ശീലയെ മറയാക്കി എങ്ങിനെ ഈ തപിക്കുന്ന ചിത്രങ്ങളുടെ ചൂടില്‍ നിന്നും രക്ഷപ്പെടും. ഭാഗ്യമെന്നു പറയട്ടെ, പ്രത്യക്ഷത്തിലല്ലെങ്കിലും അക്കാദമിയുടെ ഈ വര്‍ഷത്തെ ചലച്ചിത്രോല്‍സവ അടയാളങ്ങലിലെല്ലാം ജൈവവൈവിദ്യ വര്‍ഷാചരണത്തിന്റെയും പ്രകൃതിയോടുള്ള കനിവാര്‍ന്ന സമീപനത്തിന്റെയും മുദ്രകള്‍ തെളിഞ്ഞു കാണാമായിരുന്നു.

ചലച്ചിത്രോല്‍സവത്തിന്‍റെ പ്രധാന പ്രസാദമായ 'നമ്പര്‍ ' സഞ്ചി യിലാണ് വ്യത്യാസം ആദ്യം ‘മണത്തത്’. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി പരുത്തിത്തുണി കൊണ്ടുള്ള ബേഗ്. ഒന്നാന്തരം നാടന്‍ പരുത്തിസഞ്ചിയുടെ മണം ചലച്ചിത്രോല്‍സവം കഴിയുന്നത് വരെ തോളിലും മനസ്സിലും തങ്ങിനിന്നു. അതില്‍ പച്ചയില്‍ അഴക്‌ വിടര്‍ത്തിയ 'പതിനഞ്ച് 'എന്ന തവണ സംഖ്യക്ക് പുറമേ പച്ചവിരലടയാളം മാത്രം. സ്വാഭാവിക പരുത്തിയുടെ ക്രീം നിറത്തിനു മേല്‍ ഹരിതമുദ്രകള്‍ കട്ടിയില്‍ തെളിഞ്ഞു നിന്നു. കറുപ്പിലും മറ്റു കടുംനിറത്തിലും പതിവായി കിട്ടികൊണ്ടിരുന്ന സിന്തറ്റിക്ക് വസ്തുകൊണ്ടുള്ള സഞ്ചിയുടെ സ്ഥാനത്താണിത് എന്നതാണ് ഇതിനെ എടുത്തു പറയത്തക്കതാക്കുന്നത്. തിരുവനതപുരത്തെക്ക് ഫിലിം ഫെസ്റ്റിവെലിനായി മാത്രം എത്തിച്ചേരുന്ന  പത്തായിരത്തിനടുത്തു ഡെലിഗേറ്റുകള്‍ക്ക് നല്‍കാറുള്ള സിന്തറ്റിക്ക് സഞ്ചികളാണ് ഓരോ വര്‍ഷവും ചലച്ചിത്ര അക്കാദമിയുടെ പാരിസ്ഥിക സംഭാവനയായി ഉണ്ടാകാറുള്ളത്. 

ചലച്ചിത്രോത്സവത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രകളില്‍ എല്ലാം നിറഞ്ഞു നിന്നത് വിരലടയാളങ്ങള്‍ മാത്രമാണ്. കട്ടിയിലും ഇളം നിറത്തിലും അവ പ്രതലമാകെ മൂടി നിന്നു. കറുപ്പിലും വെളുപ്പിനും പുറമേ പച്ചയും അല്‍പ്പം ചുകപ്പും ചാലിച്ചുചേര്‍ത്തു നെയ്തെടുത്ത ഇത്തവണത്തെ പോസ്റ്ററുകള്‍ ആരുടെ മനസ്സിലും പച്ചയുടെ കുളിര്‍മ്മ നിറക്കുന്നതായിരുന്നു. കടും പച്ചയിലും ഇളം പച്ചയിലും ഉള്ള ചുണ്ടൊപ്പുകള്‍ ഇലകളെപ്പോലെ മനസ്സില്‍ തണല് വിരിച്ചു. താഴെ നരച്ച നിറത്തില്‍ കൈമുദ്രകള്‍ തന്നെ ആകാശവും തീര്‍ത്തു. IFFK എന്ന ഐക്കണ്‍ എഴുത്തിന് മുകളില്‍ , തുടുത്ത സൂര്യന്‍റെ മുട്ടയിട്ടെന്നോണം ചകോരം പാറിപ്പറന്നു. ഒറ്റ ലിപി പോലുമില്ലാതെ പോസ്റ്ററുകളുടെ പകുതി സ്ഥലം പച്ചയുടെ കാട് കയറി പടര്‍ന്നു നിന്നു. ഭീതിതമായ ഡിസൈനുകളിലും നിറച്ചാര്‍ത്തുകളിലും അഭിരമിക്കുന്ന ഫെസ്റ്റിവല്‍ പോസ്റ്ററുകളും ബോര്‍ഡുകളും ജൈവവൈവിദ്യ വര്‍ഷത്തിലെങ്കിലും ഇപ്രകാരം മാറ്റാന്‍ തോന്നിയതില്‍ അക്കാദമിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കൈരളിയുടെ മുന്നിലെ ഗേറ്റില്‍ ,ന്യൂവിനു മുന്നിലെ നീണ്ട അലങ്കാരങ്ങളില്‍ പച്ച നിറഞ്ഞു നിന്നു. മീഡിയാ സെന്ററുകളും സ്റ്റാളുകളും മുളകൊണ്ടും തുണികൊണ്ടും കെട്ടിയുയര്‍ത്തി.   

ഈ വിചാരത്തിനു ആക്കം കൂട്ടുന്നതായിരുന്നു ചലച്ചിത്രോത്സവത്തിന്റെ ഒപ്പ് ചിത്രം ( signature film ). കടലിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കുന്ന ഈ അനിമേഷന്‍ ചിത്രത്തില്‍ ആദ്യ ദൃശ്യത്തില്‍ തെളിഞ്ഞു വരുന്നത് ജീവി വര്‍ഗത്തിന്റെ ആദ്യ മുകുളങ്ങളാണ്. നിറച്ചാര്‍ത്തില്‍ കൊച്ചു മീനുകളും ചെടികളും വെള്ളത്തില്‍ തലയാട്ടി നിന്നു. അടുത്ത ദൃശ്യത്തില്‍ കരയുടെ ഉപരിതലത്തില്‍ താമരയ്ക്കും മറ്റു പൂക്കള്‍ക്കും വള്ളികള്‍ക്കുമിടയില്‍ ചെറുപക്ഷികളും ചിറകുവിരിച്ച കൌതുകങ്ങളും പറന്നു നടന്നു. അവിടെ നിന്ന് നിറങ്ങളില്‍ നീരാടിയ ചെറു പൂമ്പാറ്റകള്‍ ആകാശത്തേക്ക് തിരക്ക് കൂട്ടി. മേഘപടലങ്ങള്‍ക്കും മുകളില്‍ ചിരിച്ചുനിന്ന ചന്ദ്രനെ വലംവെച്ചു അവ സ്ക്രീനിലാകെ നിറഞ്ഞു മിടിച്ചു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ഇരുണ്ടു തെളിഞ്ഞപ്പോള്‍ മിന്നാമിനിങ്ങുകള്‍ മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. അവ, ചലച്ചിത്രോത്സവത്തിനു അരവിന്ദന്‍ തുല്യം ചാര്‍ത്തിക്കൊടുത്ത തോല്പാവക്കൂത്തിലെ വേഷത്തിന്റെ അലങ്കാരപ്പൊട്ടുകളായി പരിണമിക്കുമ്പോള്‍  ആ രൂപത്തില്‍ നിന്ന് പൂമ്പാറ്റകള്‍ മെല്ലെ പറന്നകലുന്നു. അപ്പോള്‍ അക്കാദമിയുടെ സ്വന്തം പക്ഷിയായ ചകോരം ശുഭ സൂചനയായി സ്ക്രീനിന്റെ ഇടത്ത് നിന്ന് വലത്തോട്ടു ചിറകടിച്ചു കൊലാഹലത്തോടെ പറന്നു ചെന്നു. 'ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികളുടെ കോലാഹലം കേട്ടുകൊണ്ട് വിനിര്‍ഗമിച്ചു' എന്നാണല്ലോ കുചേലന്റെ കൃഷ്ണനെ കാണാനുള്ള പുറപ്പാട് വര്‍ണിക്കപ്പെട്ടിട്ടുള്ളത്. മറ്റു തരത്തില്‍ ദരിദ്രരായ പ്രേക്ഷകരെ സൌന്ദര്യത്തിന്റെ കൊട്ടാരങ്ങള്‍ക്കു അവകാശികളാക്കുകയാണല്ലോ ചലച്ചിത്രോല്‍സവയാത്രയും. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ജീവന്റെ തുടിപ്പുകളെ, ജൈവ വൈവിധ്യത്തെ സമഞ്ജസമായി കൂട്ടിയിണക്കാന്‍ ഒപ്പ് ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഒന്‍പതു തിയേറ്ററുകളില്‍ രാപ്പകല്‍ അതിശക്തിയുള്ള എ. സി. പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന ഫ്ലോറോ യൂറോ കാര്‍ബണ്‍ , അതാതു ദിവസം ഒന്‍പതു തിയേറ്ററുകളിലും പതിക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിന്റെ വിശദാംശങ്ങളുടെ ഫ്ലക്സ് ബോര്‍ഡ്, പന്ത്രണ്ടായിരത്തില്‍ പരം ആളുകള്‍ നഗരത്തില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങള്‍ എന്നിവ കാണാതെയല്ല ഈ കുറിപ്പ്. ആള്‍ക്കൂട്ടത്തിനെ വിളിച്ചുകൂട്ടുന്ന ഏതു ഉത്സവവും തീര്‍ച്ചയായും പരിസ്ഥിതിക്ക് ഏറെ കോട്ടങ്ങള്‍ നല്‍കും. അത് മുന്കൂട്ടിക്കാണാനും കഴിയുന്നത്രയെങ്കിലും കുറച്ചു കൊണ്ടുവരാനും ഒപ്പം പാരിസ്ഥിതികമായ ഒരവബോധം സൃഷ്ടിക്കാനും സംഘാടകര്‍ ഈ അവസരത്തില്‍ എത്രമാത്രം പരിശ്രമിക്കുന്നു എന്നതാണ് പ്രധാനം. പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയും, വൈകുന്നേരം മുതലുള്ള പ്രദര്‍ശനങ്ങള്‍ തുറന്ന ഓഡിറ്റോറിയങ്ങളില്‍ ആക്കിയും കേരളത്തിന്റെ അഭിമാനമായ അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിനെ, മറ്റെല്ലാ തരത്തിലും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ക്ക് ഇണക്കാന്‍ ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.     

2010, ഡിസംബർ 4, ശനിയാഴ്‌ച

ഒരു 'ഏച്ചില്‍ ' മാഹാത്മ്യ കഥ

ഏച്ചില്‍ ചെടി
 പാരമ്പര്യവൈദ്യ ഫെഡറേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധത്തിന്റെ വിശാദാംശങ്ങള്‍  സംസാരിക്കാനാണ് നാരായണന്‍ ഗുരുക്കള്‍ വന്നത്. ഞങ്ങളുടെ സ്വന്തം ജീവന്‍മശായ് ആണ് എല്ലാവരും നാരായണേട്ടന്‍ എന്ന് വിളിക്കുന്ന നാരായണന്‍ ഗുരുക്കള്‍ . ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കളരിപ്പയറ്റ് പഠിക്കാനും പഠിപ്പിക്കാനും അതിലെ സൂക്ഷ്മമായ കളരി ചികിത്സ സ്വ്വയത്തമാക്കാനും വേണ്ടി ഉഴിഞ്ഞു വെച്ച കര്‍മയോഗി. ഗുരുക്കളുടെ ഒഫീഷ്യല്‍ സ്പോക് മാനും എഴുത്തുകുത്തുകളുടെ പരികര്‍മ്മിയുമായ ഞാന്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന്‍റെ ചൂരല്‍പ്രയോഗങ്ങള്‍ കളരിയില്‍ നിന്ന് ഏറെ ഏറ്റുവാങ്ങിയിട്ടുള്ള മടിയനായ ശിഷ്യനായിരുന്നു. (കളരിയിലെ ഉഴിച്ചില്‍ ദിനങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ ഇവിടെയുണ്ട്.). കളരി ചികിത്സയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു അപൂര്‍വ്വ ഒറ്റമൂലിയെക്കുറിച്ചാവാം അവതരണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.  നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണുന്ന സസ്യങ്ങളുടെ ചികില്സാപരമായ പ്രയോജനത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇതില്‍ നിന്ന് 'ഏച്ചില്‍ ' (ശാസ്ത്രീയ നാമം  Aporosa lindleyana ) എന്ന ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ചാവാം പ്രബന്ധം എന്ന് ഞങ്ങള്‍ ഒടുവില്‍ തീരുമാനിച്ചു. ഏച്ചിലിന്റെ അത്യപൂര്‍വ്വമായ ഫലസിദ്ധിയെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം നിരത്തി. ആയുര്‍വേദത്തില്‍ പോലും പ്രയോജനപ്പെടുത്താത്ത എത്രയെത്ര ഔഷധങ്ങള്‍ നമ്മുടെ സസ്യ ശേഖരത്തിലുണ്ട് എന്ന് ആ കഥകള്‍ കേട്ട് ഞാന്‍ അതിശയിച്ചു പോയി.


ആയുര്‍വേദമെന്ന  സമ്പ്രദായം മാത്രമല്ല ആരോഗ്യ - രോഗചികിത്സാ രംഗത്ത് നിരവധി നാട്ടുകൈവഴികളും നമുക്കുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നാട്ടുചികിത്സയുടെ പാരമ്പര്യം വമ്പിച്ചതാണല്ലോ. അതില്‍ തന്നെ കളരിചികിത്സ കേരളത്തിന്റെ ഏറ്റവും പഴയ ചികിത്സാപദ്ധതിയില്‍ ഒന്നാണ്. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിനോപ്പം തന്നെ ജനിച്ചു വളര്‍ന്നതാണ് കളരി ചികിത്സയും. കളരിപ്പയറ്റിനകത്ത് അതിസാഹസികമായ രീതിയില്‍ അഭ്യാസികള്‍  വിദ്യകള്‍ പരിശീലിക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കാനിടയുള്ള വീഴ്ചകള്‍ , ഉളുക്കുകള്‍ ചതവുകള്‍ , മറ്റു അപകടങ്ങള്‍ ഇവ തക്ക സമയത്ത് ചികിത്സിക്കുന്നതിനായി ആയുര്‍വേദത്തില്‍ നിന്നും വ്യത്യസ്തമായി ഒട്ടു വളരെ ചികിത്സാവിധികള്‍ കളരികള്‍ വികസിപ്പിച്ചെടുത്തിരുന്നു. പ്രത്യകിച്ചും അസ്ഥിഭംഗചികിത്സയിലും മറ്റും കളരി- മര്‍മ്മ ചികിത്സകര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ , ചികിത്സാരീതികള്‍ എന്നിവ അത്ഭുതകരമായ ഫലങ്ങള്‍ ഉള്ളവയാണ്. ഞങ്ങളുടെ സമ്പ്രദായമായ മലക്ക കളരിയെന്നറിയപ്പെടുന്ന 'വട്ടേന്‍ തിരിപ്പി'ല്‍ അത്യപൂര്‍വവും അത്ഭുതാവഹവുമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി ഔഷധങ്ങളും ചികിത്സാ വിധികളും ഉണ്ട്.

വട്ടേന്‍ തിരിപ്പില്‍ അസ്ഥിഭംഗചികിത്സയില്‍ ഉപയോഗിക്കുന്ന അപൂര്‍വയിനും ഔഷധമാണ് 'ഏച്ചില്‍ '. ഏച്ചില്‍ ചെടിയുടെ അപൂര്‍വമായ സിദ്ധികളെക്കുറിച്ച് പുറംലോകം അറിഞ്ഞതിനു ഒരു കഥയുടെ പിന്നണിയുണ്ട്. വട്ടേന്‍ തിരിപ്പ് ശൈലിയുടെ അത്യുജ്വലനായ ഗുരുവര്യനായിരുന്നു ചുവാട്ട ഗുരുക്കള്‍ . നാടാറ് മാസം കാടാറ് മാസം എന്നത് അക്കാലത്തെ കളരി ഗുരുക്കന്മാരുടെ ജീവിത ശൈലിയാണ്. വേഷം മാറിയും മാറാതെയും ഉള്ള ഇത്തരം യാത്രകളിലായിരിക്കണം പുതിയ വൈദ്യമുറകളും അഭ്യാസങ്ങളും അവര്‍ പഠിച്ചെടുക്കുന്നത്‌. തച്ചോളി ഒതേനന്റെയും ജേഷ്ഠന്‍ കോമന്റെയും യാത്രകള്‍ വടക്കന്‍ പാട്ടുകളില്‍ സുലഭമാണല്ലോ. അത്തരത്തിലൊരു യാത്രയില്‍ ചുവാട്ട ഗുരുക്കള്‍ അന്നൂരില്‍ നിന്ന് കുഞ്ഞിമംഗലത്തെത്തി. നടന്നു ക്ഷീണിച്ച ഗുരുക്കള്‍ ദാഹം തീര്‍ക്കാനായി ഒരു നായര്‍ തറവാടില്‍ എത്തി. അല്‍പ്പം വെള്ളത്തിനായി ആവശ്യപ്പെട്ട ഗുരുക്കള്‍ക്ക്‌ വാതിലിനു മറഞ്ഞുനിന്ന ഒരു യുവതിയുടെ സ്വരം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ഇവിടെ ഇപ്പോള്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്നും അവരെല്ലാം കൃഷി ചെയ്യാന്‍ പോയിരിക്കുകയാണെന്നും അവള്‍ അറിയിച്ചു. കിണ്ടിയും വെള്ളവും വാതിലിനു മറഞ്ഞു നിന്ന് മുന്നോട്ടു നീക്കിയതല്ലാതെ യുവതി പുറത്തേക്ക് വന്നതേയില്ല. താന്‍ ആരാണെന്ന് വെളിവാക്കിയിട്ടും അവള്‍ പുറത്തേക്ക് വരാതായപ്പോള്‍ ഗുരുക്കള്‍ക്ക്‌ തോന്നി അവള്‍ക്കു പ്രശ്നമെന്തോയുണ്ടെന്ന്. എന്ത് തന്നെയായാലും ഭയപ്പെടെണ്ടതില്ലെന്നും താന്‍ അവളെ ബാധിച്ച പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നും ഗുരുക്കള്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് അവള്‍ വാതിലിനു പുറത്തേക്ക് നീങ്ങി നിന്നത്. അപ്പോഴാണ്‌ ഗുരുക്കള്‍ക്ക്‌ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപ്പെട്ടത്. ആ യുവതിയുടെ ഒരു സ്തനം മറ്റത്തിനെയപേക്ഷിച്ചു വളരെ വലിപ്പം കൂടിയാണിരിക്കുന്നത്. യുവതി ഇക്കാരണത്താല്‍ മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങുകയോ ആള്‍ക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. ആയുധങ്ങളും ചികിത്സാ ഉപകരണങ്ങളും കൈയ്യിലുണ്ടായിരുന്ന ഗുരുക്കള്‍ മറ്റൊന്നും ആലോചില്ല. അപ്പോള്‍ തന്നെ യുവതിയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അവളുടെ വലിപ്പമുള്ള സ്തനം അടിയില്‍ നിന്ന് മുറിച്ചുമാറ്റി മറ്റതിനൊപ്പം നീളം കണക്കാക്കി ഒട്ടിച്ചു ചേര്‍ത്തു. ആ പറമ്പില്‍ നിന്നുതന്നെ പറിച്ചെടുത്ത ഒരു പച്ചിലമരുന്നാണ് ഗുരുക്കള്‍ മുറിവ് കെട്ടാന്‍ പ്രധാനമായും ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുക്കള്‍ ഉടന്‍ തന്നെ അവിടുന്ന് പുറപ്പെട്ടു പോരുകയും ചെയ്തു.

യുവതിയുടെ ആങ്ങളമാരും ബന്ധുക്കളും വീട്ടിലെത്തിയത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. കഷ്ടിച്ച് രണ്ടാഴ്ച കഴിഞ്ഞു കെട്ടെല്ലാം അഴിച്ചു നോക്കിയപ്പോള്‍ യാതൊരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ സ്തനം ശരീരത്തോട് ചേര്‍ന്നിരുന്നു. ഇതില്‍ അതിശയപ്പെട്ട അവര്‍ ആരാണ് അപൂര്‍വ സിദ്ധി വിശേഷമുള്ള ആ വൈദ്യര്‍ എന്ന് ആരായാന്‍ തുടങ്ങി. ലക്ഷണം വെച്ചും ആ ഭാഗത്ത് ഗുരുക്കളെ കണ്ട ചിലരുടെ വാക്കുകള്‍ വെച്ചും ആങ്ങളമാര്‍ ഉറപ്പിച്ചു, അത് ചുവാട്ട ഗുരുക്കള്‍ തന്നെ. ഉടന്‍ തന്നെ ഗുരുക്കളുടെ വീട്ടിലെത്തിയ അവര്‍ ‍, ഈ പുണ്യകൃത്യത്തിനു യുക്തമായ എന്തെങ്കിലും പ്രതിഫലം അവരില്‍ നിന്ന് ഗുരുക്കള്‍ കൈക്കൊള്ളണമെന്ന് ശഠിച്ചു. ഗുരുക്കള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ പോകാന്‍ നേരം ദക്ഷിണയായി തങ്ങളില്‍ നിന്നു വെറ്റിലയും അടയ്ക്കയുമെങ്കിലും വാങ്ങണമെന്ന് ശാഠ്യം പിടിച്ചു. ആ സമ്മര്‍ദ്ധത്തിനു  ഗുരുക്കള്‍ വഴങ്ങി. ദക്ഷിണയും വെച്ച് അവര്‍ പോയതിനു ശേഷമാണ്  ഗുരുക്കള്‍ ദക്ഷിണ എന്തെന്നു നോക്കിയത്. പൊന്നനുജത്തിയുടെ ജീവിതം തിരിച്ചു തന്നതിന് പൊന്നുകൊണ്ടുണ്ടാക്കിയ വെറ്റിലയും പൊന്നിന്റെ അടയ്ക്കയും ആണ് അവര്‍ കാഴ്ചവെച്ചത്. ഗുരുക്കള്‍ കഥ ഇങ്ങനെ അവസാനിപ്പിച്ചു, ചുവാട്ട തറവാട്ടുകാര്‍ ആ സ്വര്‍ണവെറ്റില വിറ്റ് വാങ്ങിയ നിലങ്ങള്‍ ഇന്നും അറിയപ്പെടുന്നത് 'വെറ്റിലക്കണ്ടം' എന്നാണ്!!  (കണ്ടം = വയല്‍ )

അന്ന് അവരുടെ മുറിവായ കൂടാന്‍ ഗുരുക്കള്‍ ഉപയോഗിച്ച പച്ചമരുന്നാണ് എച്ചില്‍ . കള്ള് ചെത്തുന്നവര്‍ ആണ് സാധാരണയായി ഏച്ചില്‍ ഇല ഉപയോഗിക്കാറുള്ളത്. ചെത്തുന്ന പൂക്കുല ഓരോ ദിവസവും അല്‍പ്പാല്‍പ്പം മുറിക്കുമല്ലോ. മുറിവായിലൂടെ ഒഴുകി വീഴുന്ന കള്ളിന്‍ തുള്ളികള്‍ പൂക്കുലക്കകത്തെക്ക് പോകാതിരിക്കാന്‍ ചെത്തുകാര്‍ മുറിവായയില്‍ ഏച്ചില്‍ ഇല മുറിച്ച് ഉരയ്ക്കും. ചെത്തിയ ഉടനെയുള്ള കള്ള് അസ്ഥിസ്രാവം പോലുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഔഷധമാകുന്നത് അതില്‍ ഏച്ചില്‍ ഇലയുടെ ഗുണം കൂടി ചേരുന്നത് കൊണ്ടാണ്.

ഏച്ചില്‍ ഇല പ്രധാന ഔഷധമായി പ്രയോജനപ്പെടുത്തിയ തന്റെ ഒരു അനുഭവം കൂടി നാരായണന്‍ ഗുരുക്കള്‍ സ്മരിക്കുകയുണ്ടായി. അന്നൂര്‍ പ്രദേശത്തു ഒരിക്കല്‍ ഒരു കാളക്കുട്ടന്‍ സ്വന്തം കയറില്‍ കാലു കുടുങ്ങി അത് വലിച്ചു മുറുക്കി. ഓട്ടത്തിലും വീഴ്ചയിലും കയറു മുറുകി കാലിന്റെ എല്ല് പൊട്ടി. പൊട്ടിയ എല്ലിന്‍ കഷണം കാലിലെ മാംസം തുളച്ചു രണ്ടിഞ്ചു പുറത്തേക്ക് വന്നിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ വന്നു കാലുമുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു. ഈ സമയത്താണ് ചില പരിചയക്കാര്‍ നാരായണന്‍ ഗുരുക്കളെ വിവരമറിയിക്കുന്നത്. അദ്ദേഹം ചെന്ന്, പൊട്ടി പുറത്തേക്ക് വന്ന എല്ല് ആദ്യം കഴുകി വൃത്തിയാക്കി. ചീന്തിപ്പോയ അഗ്രഭാഗം കൃത്യമായും മുറിച്ചു എല്ലുകള്‍ ചേര്‍ത്തു വെച്ചു. ഏച്ചില്‍ ഇല എണ്ണയില്‍ അരച്ച് മഞ്ഞളും ചേര്‍ത്ത് പാകപ്പെടുത്തി മുറി ഭാഗത്ത് കനത്തില്‍ പിടിപ്പിച്ച് ചേര്‍ത്തു കെട്ടി. കൃത്യം ഒരാഴ്ച കഴിയുമ്പോഴേക്കും എല്ലുകള്‍ കൂടാന്‍ തുടങ്ങിയിരുന്നു. രണ്ടു മൂന്നാഴ്ചകം കാളക്കുട്ടന്‍ സാധാരണ നില പ്രാപിച്ചു. ഇക്കാര്യം പത്രങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ജില്ലയിലെ നിരവധി ചികിത്സകര്‍ കാളക്കുട്ടനെ കാണായി എത്തിയിരുന്നു.

നാരായണന്‍ ഗുരുക്കള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇപ്രകാരം അപൂര്‍വ സിദ്ധികളുള്ള നിരവധി നാട്ടുമരുന്നുകളും അവയുടെ പ്രയോഗങ്ങളും അന്യം നിന്നു പോകുന്നത് ഓര്‍ത്ത്‌ ഞാന്‍ വേവലാതിപ്പെട്ടു. ഇവ എപ്പോഴെങ്കിലും പ്രയോഗിക്കണമെങ്കില്‍ വ്യാജ ചികിത്സകന്‍ അല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഈ 'ജീവന്‍മശായ് ' മാര്‍ എപ്പോഴും കയ്യില്‍ കരുതണമെന്നല്ലേ ഇപ്പോള്‍ 'രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍മാര്‍ ' പറയുന്നത്.