2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനായിട്ട്  ഇരുപതു വര്‍ഷമായി. ഇരുപതു അധ്യാപക ദിനങ്ങള്‍ ആഘോഷിച്ചു. ഈ ദിനത്തില്‍ പലപ്പോഴും കുട്ടികളെ കൊണ്ട് അവരുടെ ജീവിതത്തില്‍ അവരെ ഏറ്റവും സ്വാധീനിച്ച, അവര്‍ക്ക് ഇഷ്ടപ്പെട്ട അധ്യാപകരെക്കുരിച്ചുള്ള ഓര്‍മ്മകള്‍ എഴുതിച്ചിട്ടിണ്ട്. എപ്പോഴും എല്ലാവരും എഴുതിയിരുന്നത് അവരെ പ്രൈമറി ക്ലാസുകളിലോ ഹൈസ്കൂളിലോ പഠിപ്പിച്ച അധ്യാപകരെക്കുറിച്ചാണ്. അപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്, എന്നോട് ഇത്തരം ഒരു കുറിപ്പെഴുതാന്‍ കുട്ടികള്‍ തിരിച്ചു ചോദിച്ചെങ്കില്‍ ഞാന്‍ ആരെക്കുറിച്ചാണ് എഴുതുക. ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു സ്പര്‍ശം, ഒരു പ്രോത്സാഹനം, സൗഹൃദം അതിനായി എന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ എല്ലാ മൂലകളിലും അനേകം തവണ കുഴിച്ചു നോക്കിയിട്ടുണ്ട് ഞാന്‍. പരുക്കന്‍ പാറക്കഷ്ണങ്ങളല്ലാതെ മധുരമൂറുന്ന ഒരു കരിമ്പിന്‍ചണ്ടി പോലും അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്കൂളിനെക്കുറിച്ച് എന്റെ ചേച്ചിമാര്‍ പറഞ്ഞു തന്ന ചില അവക്ത മധുരമായ ചിത്രങ്ങള്‍ പ്രൈമറി ജീവിതത്തിലുടനീളം ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതെല്ലാം അനന്തന്‍മാഷുമായി ബന്ധപ്പെട്ടതായിരുന്നു. ആ പേരുപോലും ഞാന്‍ മറന്നിട്ടില്ല. സ്ലേറ്റ്‌ മായിക്കാന്‍ അന്ന് കൊണ്ടുപോകാറുണ്ടായിരുന്ന കൊച്ചുകുപ്പിയിലെ വെള്ളം ബെഞ്ചില്‍ മറിഞ്ഞാല്‍ " എന്തേ ബെഞ്ചേ, എന്റെ കുട്ടിയുടെ വെള്ളം തട്ടി മറിക്കാന്‍" എന്ന് ബെഞ്ചിനു ചുട്ട അടികൊടുക്കുന്ന അനന്തന്‍ മാഷ്‌. താന്‍ കൊണ്ടു വരുന്ന പലഹാരപ്പൊതിയില്‍ നിന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ മധുരമുള്ള വിഭവങ്ങള്‍ ഊട്ടുന്ന, ആംഗ്യപ്പാട്ട് പാടിപ്പാടി കുട്ടികളെ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന അനന്തന്‍ മാഷ്‌. എന്നാല്‍ എന്റെ പ്രൈമറി സ്കൂള്‍ കാലത്തൊന്നും എനിക്ക് വെള്ള മുണ്ടിലും കുപ്പായത്തിലും ചിരിച്ചുമാത്രം വരുന്ന അനന്തന്‍ മാഷെ കണ്ടെത്താനായില്ല. സത്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ അത്തരമൊരു മാഷ്‌ ഉണ്ടായിരുന്നോ? സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന എന്നെ പ്രലോഭിപ്പിക്കാന്‍,  അന്നേ കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന എന്റെ ചേച്ചിമാര്‍ ഉണ്ടാക്കിയ സൌമ്യ സങ്കല്പപമായിരുന്നോ അത്? അല്ല, എല്ലാ കുട്ടികളും മനസ്സില്‍ കാംക്ഷിക്കുന്ന അധ്യാപകനെ സംബന്ധിക്കുന്ന സ്നേഹരൂപമാണോ അനന്തന്‍ മാഷ്‌? അറിയില്ല.

ചെറിയ ക്ലാസുമുതല്‍ പരിചയപ്പെട്ട മിക്ക മാഷന്മാരുടെയും കയ്യില്‍ നല്ല വടിയുണ്ടായിരുന്നു. വടിയെടുക്കാതെ വരുന്നവര്‍ ക്ലാസ്സില്‍ എത്തിയ ഉടനെ വടിപൊട്ടിക്കാന്‍ ലീഡറെ പുറത്തേക്കോടിച്ചു. സ്കൂളിനു മുന്നില്‍ നിരനിരയായി നില്‍ക്കുന്ന പേരമരത്തിന്റെ മിക്ക ശാഖകളും പൊട്ടിത്തെറിച്ചത് ഞങ്ങളില്‍ ചിലരുടെ കൈവെള്ളയിലും പുറത്തും ചന്തിയിലും വെച്ചായിരുന്നു. ഒരു വടിക്ക് പകരം അഞ്ചും പത്തും വടികള്‍ പൊട്ടിച്ചു കൊണ്ട് വന്നു ലീഡര്‍മാര്‍ അവര്‍ക്കുള്ള അടിയില്‍ ഇളവുനേടി. വടിയില്ലാത്തവര്‍ രസം കണ്ടെത്തിയത് പൂഴിമണ്ണ്  ചേര്‍ത്തു കുപ്പായകൈ കയറ്റി തോല് പോകും വരെ തിരുമ്മി നുള്ളുന്നതിലായിരുന്നു. വെറുംകൈ പ്രയോഗക്കാര്‍ ചെവിയില്‍ നുള്ളിയും ചെകിടത്തടിച്ചും തൃപ്തിപ്പെട്ടു. ബെഞ്ചില്‍ കയറ്റിയും ക്ലാസിനു പുറത്തു നിര്‍ത്തിയും പെണ്‍കുട്ടികളുടെ സൈഡില്‍ കൊണ്ട് പോയി നിര്‍ത്തിയും അപമാനിച്ചവരും കുറവല്ല. എന്തോ ചെറിയൊരു വികൃതിക്ക് എനിക്ക് ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ഹെഡ് മാഷുടെ മുറിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നു. അതുവഴി വന്ന ചെറു ബാല്യക്കാരനായ മാഷ്‌ "ഇതൊക്കെ കോളേജില്‍ എത്തിയിട്ട് പോരെ മോനെ" എന്ന ഒരു സുയിപ്പ്. ഇവനൊക്കെ കൊളെജിലെത്തിയാല്‍ ആ കോളേജു തന്നെ മറിച്ചിടും എന്ന് ഹെഡ് മാഷുടെ കമന്റ് . 'കേരളാ കരിക്കുലം ഫ്രെയിം വര്‍ക്കിനെ'ക്കുറിച്ച് അതേ ഹെഡ് മാസ്റ്റര്‍ക്ക്  ക്ലാസെടുക്കാന്‍ അവസരമുണ്ടായപ്പോള്‍ 'ഇവന്‍ എന്റെ ശിഷ്യനാണ് 'എന്ന് മാഷ്‌ അഭിമാനം കൊണ്ടു. പണ്ട് അനുഭവിച്ച വിഷമം അപ്പോള്‍ ഓര്‍മ്മയില്‍ വന്നതേയില്ല. അന്ന് ഏറ്റവും മോശം എന്ന് പേരുകേട്ട ഒരു എയിഡഡ് സ്കൂളില്‍ നിന്നും നിരന്തരമായ അടിയും അപമാനിക്കലുമാല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.

അതുകൊണ്ട് തന്നെ പയ്യന്നൂര്‍ കോളേജില്‍ വെച്ച് പവിത്രന്‍ മാഷെ കാണുന്നത് വരെ അധ്യാപകരെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അന്ന് റബല്‍ സങ്കല്‍പ്പത്തിനു ഞങ്ങള്‍ക്ക് മാഷിനപ്പുറം കൊടുമുടികളുണ്ടായിരുന്നില്ല. കുടുക്ക് പൊട്ടിയ പരുക്കന്‍ ഖദര്‍ കുപ്പായം പിന്നുകുത്തിയിടുന്നതു അഭിമാനമായി കണ്ടിരുന്ന, ചെരുപ്പ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രശ്നമില്ലാത്ത, താടിയും മുടിയും അലസമായി അതിന്റെ പാട്ടിനു വിട്ടിരുന്ന മാഷുമായി സൗഹൃദം എളുപ്പമായിരുന്നു. അത് ഒരു ആളിക്കത്തലായിരുന്നു. മാഷുടെ എരിപുരത്തെ വാടക വീട്ടില്‍, ഇരിണാവിലെ തറവാട്ടില്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം കയറിയിറങ്ങി. അന്നൂരിലെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നും വായിച്ച പുസ്തകങ്ങള്‍ക്കപ്പുറമുള്ള  സാഹിത്യത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മാഷ്‌ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളില്‍ നല്ല കേള്‍വിക്കാരെ മാഷിനു പിന്നീടു ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല. ബീഡി വലിക്കാന്‍ സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ എത്ര സമയം വേണമെങ്കിലും മാഷുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചു കൂട്ടാന്‍ പ്രയാസവുമുണ്ടായില്ല. ഞാന്‍, കണ്ണഞ്ചേരി പ്രദീപന്‍ എന്നിവര്‍ മാഷുടെ ശിങ്കിടികള്‍ എന്ന് വിളികൊള്ളുന്നതില്‍ അഭിമാനിച്ചു. കോളേജ് കാന്റീനില്‍ നിന്ന് ഒരുമിച്ചു ചായകുടിച്ച്‌, വലിച്ച ബീഡികുറ്റി വലിച്ചെറിഞ്ഞ് മാഷ്‌ ക്ലാസെടുക്കാനും ഞങ്ങള്‍ ക്ലാസ്സില്‍ ഇരിക്കാനും മാത്രം രണ്ടായി. തന്റെ തിരക്കില്‍ മിക്കപ്പോഴും കോളേജില്‍ വരാതിരിക്കുകയും നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം വരെ വാങ്ങിത്തന്നു തുടര്‍ച്ചയായി സ്പെഷല്‍ ക്ലാസുകള്‍ എടുത്തുതരികയും ചെയ്തിരുന്ന എം. ആര്‍. സി മാഷ്‌, സി വി യും  കേരള പാണിനീയവും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ചിരുന്ന പട്ടേരി മാഷ്‌, ക്ലാസ് മുറിയെ പ്രഭാഷണവേദിപോലെ കണ്ടിരുന്ന മേലത്ത് മാഷ്‌ .... പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗത്തില്‍ അന്ന് പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും സിലബസ്സിന്റെ സര്‍വേ നമ്പറില്‍ കൂടി പോകാത്ത, ഒന്ന് പറഞ്ഞാല്‍ മുന്നൂറിലേക്ക്‌ യാതൊരു ആസ്പദവുമില്ലാതെ കൈവിട്ടു ചാടിക്കൊണ്ടിക്കൊണ്ടിരുന്ന, ബഷീര്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്രകാരം ദൈവത്തെപ്പോലെ ആദിയും അന്തവുമില്ലാത്ത, പവിത്രന്‍ മാഷുടെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പഠിക്കാന്‍ സീരിയസ്സായി വരുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും പക്ഷേ മാഷുടെ ക്ലാസ് തീരെ ദഹിക്കാറില്ല.

പവിത്രന്‍ മാഷ്‌ ഞങ്ങള്‍ക്ക് അന്ന് നല്‍കിയത് ഒരിക്കലും അക്കാദമികമായ ഒരു പിന്തുണയായിരുന്നില്ല. മാഷുടെ ക്ലാസില്‍ ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് മനസിലാകുന്നവയായിരുന്നില്ല. പക്ഷെ അത് നല്‍കിയ ലോകബോധം വലുതായിരുന്നു. അന്ന് മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല. ചരിത്രത്തില്‍, പ്രത്യേകിച്ചും പ്രാദേശിക ചരിത്രത്തില്‍ നല്ല താത്പര്യമുണ്ടായിരുന്ന മാഷ്‌ ഞങ്ങളെ എരമത്തെ മുനിമടകളിലേക്ക് കയറ്റുകയും മാടായിപ്പാറയിലെ ജൂതക്കുളത്തിലേക്ക് ഇറക്കുകയും ചെയ്തു. നാട്ടിന്റെ വിപ്ലവ ചരിത്രങ്ങളില്‍ ആവേശം കൊള്ളുകയും പഴയ വീരസഖാക്കളെ കണ്‍മുന്‍പില്‍ കാണിച്ചു തരികയും ചെയ്തു. 'മൂവീമാനിയ' എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ ഞങ്ങളെക്കാള്‍ മുന്‍കൈയെടുത്തു. എ സോണിനും ഇന്റര്‍ സോണിനും ഞങ്ങളെ അനുഗമിച്ചു.

ഒരു പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ മാഷിലേക്ക് വലിച്ചടുപ്പിച്ചത് മാഷുടെ കുടുംബമാണ്. സ്വന്തം വീട്ടിനെക്കാളും സ്വാതന്ത്ര്യം എടുത്തു ഞങ്ങള്‍ പെരുമാറുന്നതിന് ഒരിക്കലും തടസ്സം നിന്നില്ല രതി ടീച്ചര്‍. മാഷിനോപ്പം വായനയിലും ഞങ്ങളുടെ ചര്‍ച്ചകളിലും ടീച്ചറും പങ്കുകൊണ്ടു. കോളേജു കഴിഞ്ഞിട്ട് എത്രയോ വര്‍ഷം, ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ പങ്കാളികളായി. എന്റെ വീട്ടിലെ വിരുന്നുകള്‍ക്ക് അടുക്കളക്കാരിയായി പലപ്പോഴും രതിടീച്ചര്‍. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രന്‍ രഹസ്യമായി പറയുമായിരുന്നു, മാഷും രതിടീച്ചറും ഒരു പെരുമഴയത്ത്  ഒറ്റക്കുടയില്‍ വരുന്ന ഒരു നിമിഷത്തിലാണ് ഞാന്‍ ഒരു കുടുംബ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയതെന്ന്.

മാഷുടെ വീട് പണി തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. പ്രായോഗിക കാര്യങ്ങളില്‍ അന്ന് ഏറ്റവും പിന്നിലായിരുന്നു മാഷുടെ നടപ്പ്. അതുകൊണ്ട് തന്നെ വീടിന്റെ പണിയുടെ മേല്‍നോട്ടം, സഖാവ് എന്ന് മാത്രം എല്ലാവരും വിളിച്ചിരുന്ന മാഷുടെ അച്ഛനായിരുന്നു. ആ വീടിന് ഒരു ഗേറ്റുണ്ടാക്കാന്‍ മുള കൊത്താന്‍ പോയ സംഭവം മറക്കാന്‍ കഴിയാത്തതാണ്. വലിയൊരു കൂട്ടം മുളയില്‍ നിന്നാണ് രണ്ടോ മൂന്നോ മുള കൊത്തേണ്ടത്. സീമക്കൊന്ന കൊത്തുന്ന ലാഘവത്തോടെ മുള കൊത്താന്‍ പോയ ഞങ്ങള്‍ പെട്ട് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. നല്ലത് നോക്കി മുളങ്കൂട്ടത്തിന്റെ സൈഡില്‍ മൂന്നു മുളകള്‍ അടിയില്‍ നിന്ന് തന്നെ ആദ്യം കൊത്തിവെച്ചു. വലിച്ചപ്പോള്‍ ഓരോന്നും ഓപ്പറേഷന്‍ ചെയ്താലും വിടാത്ത മട്ടില്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. എത്ര കൊച്ചു ശിഖരങ്ങള്‍ കൊത്തി വിടര്‍ത്തിയാലും സംഭവും വീണ്ടും പഴയത് പോലെ തന്നെ . മുളയുടെ മുള്ളുകള്‍ കൊണ്ട് ശരീരം അവിടവിടെ കീറിമുറിഞ്ഞു. ഒടുവില്‍ പടുകൂറ്റന്‍ മുളയുടെ നമുക്കാവശ്യമുള്ള ഉയരം മാത്രം കൊത്തിയെടുത്ത്, ഉടമസ്ഥന്‍ കാണുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം വിട്ടു. അതുപോലെ മാഷുടെ പറമ്പില്‍  പ്രദീപന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞിമംഗലം മാവുകള്‍ വെക്കാനായി ഉത്സാഹിച്ചത്‌. ഒന്നും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത, ഓര്‍മ്മയിലെ മധുരചിത്രങ്ങളാണ്.

മാഷുടെ വീടിന്റെ കുടിയോലിനു ഞാന്‍ വലിയൊരു കടലാസ് പൊതിയും കൊണ്ടാണ് പോയത്. "എന്താണിത് ; നീ ഞങ്ങള്‍ക്ക് സമ്മാനമോ?" എന്ന് ദേഷ്യപ്പെടാനൊരുങ്ങിയ മാഷിന്റെയും ടീച്ചറിന്റെയും മുന്നില്‍ ഞാന്‍ മടിച്ചുമടിച്ച് പൊതിയഴിച്ചു. എ. എസ്. മാതൃഭൂമിയില്‍ യയാതിക്ക് വേണ്ടി വരച്ച ചിത്രം വലുതാക്കി ഒരു ക്യാന്‍വാസില്‍ ഞാന്‍ തീര്‍ത്ത പകര്‍പ്പായിരുന്നു അത്. എത്രയോ നാളുകള്‍ ആ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആ ചിത്രം തൂങ്ങിക്കിടന്നു. പിന്നീട് മാഷുടെ വീട് ഇരുനിലയാക്കിയുയര്‍ത്തി ആകമാനം പരിഷ്കരിച്ചെങ്കിലും എടുത്തുമാറ്റാതെ, അപ്പോഴേക്കും എനിക്ക് തന്നെ അപകര്‍ഷത തോന്നിക്കുന്ന അമെച്വറായ ആ ചിത്രം അവിടെ തന്നെ മാഷ്‌ തൂക്കിയിട്ടു.

ഇപ്പോഴും അത് അവിടെത്തന്നെയുണ്ടോ? സാധ്യതയില്ല.ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്, എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.
അല്ല, മാഷുടെ വീട്ടിലേക്കുള്ള വഴി ഇപ്പോള്‍ ഏതു ഭാഗത്ത് കൂടിയാണ്?

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഷേണായി ഡോക്ടര്‍

അവിചാരിതമായാണ് ഇന്നലെ ഷേണായി ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടത്. തന്റെ പഴയ ചേതക് സ്കൂട്ടറില്‍ കാണുന്ന നാട്ടുകാരോടെല്ലാം ചിരിച്ചും ചിലരോടെല്ലാം "എന്തുണ്ട് ' എന്ന് കുശലം ചോദിച്ചും മൂപ്പര്‍ മെല്ലെ ബസാറിലേക്ക് പോകുകയായിരുന്നു.

ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌ ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍ എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ് ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന് മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു. കന്നഡ കലര്‍ന്ന മലയാളത്തില്‍ "എന്റാ അമ്മാ .... വയറ്റീന്നു നല്ല മാതിരി പോക്ക് ശരിയില്ലേ ..." എന്ന മാതിരി സംസാര രീതി എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കൈപ്പുണ്യം പാടി നീട്ടി വലിയ സംഭവ കഥകളുണ്ടായി. ഞങ്ങളുടെ നാട്ടില്‍ അലിഞ്ഞു ചേര്‍ന്ന അദ്ദേഹം നാട്ടിലെ ഏതു ആഘോഷ പരിപാടികള്‍ക്കും കൈയയച്ചു സംഭാവനകള്‍ നല്‍കി, സമയം കിട്ടുമ്പോഴെല്ലാം പങ്കെടുത്തു.

ഷേണായി ഡോക്ടറെ കാണുമ്പോള്‍ പല സ്ത്രീകളും ചില പുരുഷന്മാരും നാണിച്ചു മുഖം കുനിക്കുന്നതിന്റെ രഹസ്യം എനിക്ക് പിന്നീടാണ് മനസ്സിലായത്‌. അദ്ദേഹത്തിന്റെ സര്‍ജറികളില്‍ വലിയൊരു ശതമാനവും പൈല്‍സിന്റെതായിരുന്നു. തലശ്ശേരിയിലെ ഭരതന്‍ ഡോക്ടര്‍ പേരെടുക്കുന്നതിനും നാട്ടില്‍ മൂലക്കുരു ക്ലിനിക്കുകള്‍ കൊച്ചു ലോഡ്ജു  മുറികളില്‍ പോലും പെരുകുന്നതിനും മുന്‍പ് ഇക്കാര്യത്തില്‍ ഞങ്ങളുടെ കണ്‍കണ്ട ദൈവം ഷേണായി ഡോക്ടറായിരുന്നു. തിരക്ക് വര്‍ദ്ദിച്ചു വര്‍ദ്ദിച്ച് രോഗികളുടെ മുഖം തന്നെ തിരിച്ചറിയാന്‍ കഴിയാതെയായി അദ്ദേഹത്തിന്.  ഇക്കാര്യത്തില്‍ അനേകം കഥകള്‍ അദ്ദേഹവുമായി ബന്ധപ്പെടുത്തി ഞങ്ങള്‍ നാട്ടുകാര്‍ പറഞ്ഞു രസിച്ചിരുന്നു. കുറിഞ്ഞിയിലെ കളിയാട്ടത്തിന്റെ വമ്പിച്ച തിരക്കില്‍ കണാരേട്ടന്‍ ഷേണായി ഡോക്ടറെ കാണുന്നു. ഓപ്പറേഷന്‍ ചെയ്ത് തന്റെ പ്രഭാതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ദൈവമാണ് കണാരേട്ടന് ഡോക്ടര്‍. ഓടിപ്പോയി ഡോക്ടറെ തൊഴുതു. എത്ര പരിചയപ്പെടുത്തിയിട്ടും ഡോക്ടര്‍ക്ക് ആളെ മനസ്സിലായില്ല. പിന്നെ കണാരേട്ടന്‍ മടിച്ചില്ല, മുണ്ടും പൊക്കി പിറകോട്ടു തിരിഞ്ഞു ആള്‍കൂട്ടത്തിനിടയില്‍  കുനിഞ്ഞൊരു നില്പാണ്. " ഓ.. കാനാരന്‍ .. " ഒരു നിമിഷം കൊണ്ട് ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ റൂട്ടില്‍ ട്രക്കര്‍ സര്‍വീസ് നടത്തുന്ന രാജേട്ടനാണ് ഷേണായി ഡോക്ടറുടെ രണ്ടു മൂന്നു രസകരമായ കഥകള്‍ എന്നോട് പറഞ്ഞത്. പിന്നീട് ഡോക്ടറെ കാണുമ്പോഴൊക്കെ പരിചയത്തിനപ്പുറം ആ കഥകളുടെ അലയൊലിയാലും ആണ് ഞാന്‍ വിശദമായി ചിരിക്കാറുള്ളത്.  തന്റെ വണ്ടി തടഞ്ഞു നിര്‍ത്തി ഫസ്റ്റ്‌ ഐഡ് ബോക്സ് പരതി "എവിടെ ഇതിലെ സാധനങ്ങള്‍, ഈര്‍ക്കില്‍ എവിടെ?" എന്നെല്ലാം തിരക്കിയ പോലീസുകാരോട് ഞാന്‍ ഇന്ന് രാവിലെ നാവു തുടച്ചു കളഞ്ഞതെയുള്ളൂ സാര്‍ എന്ന് നിഷ്കളങ്കമായി മറുപടി പറഞ്ഞ അന്ന് മുതല്‍ രാജേട്ടന്റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിക്കാരുണ്ടായിരുന്നു. ട്രക്കറിലെ സ്ഥിരമായ ഇരിപ്പും ഹോട്ടല്‍ ഭക്ഷണവും കാരണം ഷേണായി ഡോക്ടറെ കാണിക്കേണ്ടുന്ന വേദന ഒരിക്കല്‍ രാജേട്ടനും പിടിപെട്ടു. വിശദമായ പരിശോധനയാണ് ഈ രോഗത്തിന് ഡോക്ടര്‍ നടത്താറുള്ളത്. രോഗികളെ അടിവസ്ത്രമൊന്നുമില്ലാതെ കുനിച്ചു നിര്‍ത്തി ഇരു വിരലുകല്‍ക്കൊണ്ടും മലദ്വാരം വിടര്‍ത്തി നോക്കിയാണ് അദ്ദേഹം പരിശോധിക്കുക. ഇതിനിടയില്‍ അവിടുത്തെ പേശികളുടെ സങ്കോച വികാസങ്ങള്‍ അറിയുന്നതിന് വേണ്ടി അദ്ദേഹം രോഗികളോട് നിരന്തരമായി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അങ്ങിനെ രാജേട്ടനോട് ട്രക്കര്‍ സര്‍വീസിന്റെയും നാട്ടിലെ റോഡുകളുടെയും എല്ലാം കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് "അല്ലാ നിങ്ങള്‍ പുകവലിക്കാറുണ്ടോ" എന്ന് ഡോക്ടര്‍ അന്വേഷിച്ചത്. രാജേട്ടന്‍ " ഇല്ല ഡോക്ടര്‍, എന്താ പുക വരുന്നുണ്ടോ " എന്ന് പതിവ് നിഷ്കളങ്കതയോടെ തന്നെയാണ് ഉത്തരവും പറഞ്ഞത്.

ആയിടക്ക്‌ കുറച്ചു ദിവസം ഡോക്ടറുടെ കഴുത്തു ഒരു വശത്തേക്ക്  തിരിഞ്ഞിരുന്നു. പൈല്‍സ് കാണാന്‍ കുനിഞ്ഞു കുനിഞ്ഞു ചഞ്ഞും ചെരിഞ്ഞും നോക്കി പറ്റിയതാവനാണ് വഴിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. രാജേട്ടനാണ് സംഭവം എന്താണെന്ന് വ്യക്തമാക്കിയത്. ഡോക്ടര്‍ ഒരു ദിവസം തന്റെ പ്രിയപ്പെട്ട ചേതക്കില്‍ വരികയായിരുന്നു. നേരിയ ചാറ്റല്‍ മഴയുള്ളത്‌ കൊണ്ട് റെയിന്‍ കോട്ടും ഇട്ടായിരുന്നു വരവ്. ഒരു നല്ല വളവില്‍ ലക്കും ലഗാനുമില്ലാതെ വരുന്ന ജീപ്പുമായി ഡോക്ടറുടെ സ്കൂട്ടര്‍ ഇടിച്ചു. ഡോക്ടര്‍ സ്കൂട്ടറില്‍ നിന്നും തെറിച്ചു ദൂരേക്ക്‌ വീണു. വീഴ്ചയില്‍ തന്നെ ബോധവും പോയി. ആളുകള്‍ ഓടിക്കൂടി. നോക്കുമ്പോള്‍ ശരീരത്തില്‍ മുറിവോ ചതവോ ഒന്നുമില്ല, പക്ഷെ വീഴ്ചയില്‍ കഴുത്തു പൂര്‍ണമായും തിരിഞ്ഞു പോയിരുന്നു. മുഖം നേരെ പിറകോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. എന്തുചെയ്യണ മെന്നറിയാതെ ആളുകള്‍ അമ്പരന്നു നില്‍ക്കെ അവിടുത്തെ പ്രധാനിയായ ചന്തു ഗുരുക്കള്‍ മുന്നോട്ടു വന്നു. "ഇത് വീഴ്ചയില്‍ പറ്റിയത്താണ്. പ്രശ്നമൊന്നുമില്ല. ഇപ്പൊ ശരിയാക്കാം" എന്ന് പറഞ്ഞു ഡോക്ടറുടെ അടുത്തു തന്നെ മുട്ടുകുത്തി ഇരുന്നു. ഗുരുക്കളുടെ കാല്‍മുട്ടെടുത്തു ഡോക്ടറുടെ കഴുത്തില്‍ അമര്‍ത്തിവെച്ച് ഇരു കൈകള്‍ കൊണ്ടും തലയില്‍ മുറുകെപ്പിടിച്ച്  മെല്ലെ തിരിച്ചു ശിരസ്സ്‌ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. തല മുക്കാല്‍ ഭാഗത്തോളം തിരിഞ്ഞതും ബോധംപോയ ഡോക്ടര്‍ ഞെട്ടി ഉണര്‍ന്നു പരിസരം ഞെടുങ്ങു മാറ് ഉറക്കെ നിലവിളിച്ചു. പേടിച്ചു പോയ ഗുരുക്കള്‍ ഞെട്ടി പിറകോട്ടു മാറി. അപ്പോഴാണ്‌ ആരോ വിളിച്ചു പറഞ്ഞത്. "അയ്യോ ഡോക്ടറുടെ തല തിരിഞ്ഞതല്ല; അദ്ദേഹം ഓവര്‍ കോട്ട് തിരിച്ചിട്ടതാണ്."
പിന്നീട്‌ ഇന്നുവരെ ഏതു പെരുമഴയത്തും അദ്ദേഹം ഓവര്‍ കോട്ട് ഇട്ടിട്ടില്ല എന്നാണു രാജേട്ടന്‍ പറഞ്ഞത്.