2009, ജൂൺ 18, വ്യാഴാഴ്‌ച

ഒറ്റും തെറ്റും



മൈതാനപ്രസംഗത്തില്‍ ആദ്യം കത്തിക്കുക വസ്‌തുതകളുടെ ചൂട്ടുകളാണ്‌. സ്വര്‍ണം പൂശിയ വ്യാജതെളിവുകള്‍ അന്തരീക്ഷത്തിലുയര്‍ത്തിക്കാട്ടി ശ്രോതാക്കളെ ആവേശഭരിതരാക്കുന്നിടത്തേക്ക്‌ സത്യത്തിന്റെ പൂച്ചകള്‍ക്ക്‌ പതുങ്ങിപ്പോലും ചെല്ലാന്‍ കഴിയില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെയുള്ള ഡോ.പി. സോമനാഥന്റെ ലേഖനവും (ഇതിലും ഭേദം ആഗോളവത്‌കരണം തന്നെ) ഉണ്ടാക്കിയത്‌ വെറും മുക്കുകൊണ്ടാണെന്ന്‌ തിരിച്ചറിയാന്‍ അത്‌ അല്‌പമൊന്ന്‌ ചുരണ്ടിനോക്കുകയേ വേണ്ടൂ. വിമര്‍ശനാത്മക ബോധനത്തെ അടിസ്ഥാന തത്വചിന്തയായി സ്വീകരിക്കുന്ന ഒരു പാഠ്യപദ്ധതി വിമര്‍ശനങ്ങളില്‍ നിന്ന്‌ ഒട്ടും മുക്തമല്ല; ആവുകയുമരുത്‌. വിമര്‍ശനാവബോധം ഒപ്പം വലിയ ഉത്തരവാദിത്വവുമാണ്‌. ഇതുവരെയുള്ള വസ്‌തുതകളുടെ സൂക്ഷ്‌മപഠനം, പുതിയതിനുവേണ്ടിയുള്ള ചിന്ത എന്നിവ അതാവശ്യപ്പെടുന്നു. സൂക്ഷ്‌മമായ അപഗ്രഥനമാണ്‌ ഓരോന്നിലും അന്തര്‍ഭവിച്ച ആന്തരിക വൈരുദ്ധ്യങ്ങളെയും ഇടര്‍ച്ചകളേയും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമാവുന്നത്‌. ഇതിന്റെ തുടര്‍ച്ചതന്നെയാണ്‌ ബദലുകളെക്കുറിച്ചുള്ള അന്വേഷണവും. സോമനാഥന്റെ ലേഖനങ്ങളില്‍ മിക്കപ്പോഴും കാണാത്തത്‌ ഈ അപഗ്രഥനവും അന്വേഷണവും ആണ്‌. അവിടുന്നും ഇവിടുന്നും കടിച്ചെടുത്ത ചില പത്ര/പാഠപുസ്‌തക/പരീക്ഷാപേപ്പര്‍ കട്ടിംഗുകള്‍ നിരത്തല്‍, ഒട്ടും ബന്ധമില്ലാത്ത പലതിനേയും കൂട്ടിച്ചേര്‍ത്ത്‌ പുതിയ അര്‍ത്ഥപരിസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കല്‍ എന്നിവയാണ്‌ അദ്ദേഹത്തിന്‌ പഥ്യമായ വഴികള്‍.

പാഠ്യപദ്ധതി
വിമര്‍ശകര്‍ സാധാരണചെയ്യാറില്ലാത്ത ഒരു കാര്യം സോമനാഥന്‍ ചെയ്‌തത്‌ അഭിനന്ദിക്കാതെ വയ്യ. തന്റെ പക്ഷം മറയില്ലാതെ വെളിവാക്കുക എന്നതാണത്‌. ഇടതുപക്ഷം എന്ന്‌ പലരും അഭിമാനിക്കുന്നത്‌ അര്‍ത്ഥമില്ലാതെയാണെന്നും വലതുപക്ഷമെന്നുകേട്ടാല്‍ നെറ്റിചുളിയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തുറന്നുതന്നെ പറയുന്നുണ്ട്‌. തന്റെ ഇടതുപക്ഷവിരുദ്ധമനോഭാവം ( `ഇതിലും ഭേദം ആഗോളവത്‌കരണം തന്നെ' എന്ന തീര്‍പ്പ്‌ പോലും എത്ര മനോഹരം!) ലേഖനത്തിലുടനീളം ഉരുക്കിയൊഴിക്കാന്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‌ മടിക്കേണ്ടതില്ല. ഭാഷാപഠനം അടിയന്തിരമായി പ്രശ്‌നവത്‌ക്കരിക്കപ്പെട്ടത്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളിലൂടെയാണ്‌. ബിരുദതലത്തില്‍ ഗ്രേഡിംഗും സെമസ്റ്റര്‍ രീതിയും നടപ്പാക്കുന്നതിന്റെ മറവില്‍ പൊതുവായുള്ള ഭാഷാസാഹിത്യപഠനം വെട്ടിക്കുറക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്‌തു എന്നതാണത്‌. ആശ്ചര്യജനകമായ കാര്യം സോമനാഥന്‍ ഇതിന്‌ പ്രതികൂട്ടില്‍ കയറ്റുന്നത്‌ ഹയര്‍സെക്കന്ററി തലം വരെ പാഠപുസ്‌തകങ്ങളും പാഠ്യവസ്‌തുതകളും രൂപം നല്‍കുന്നതില്‍ പങ്കാളികളായിട്ടുള്ള അധ്യാപകരെയാണ്‌. ഒറ്റുകാരെന്നാണ്‌ അവരെ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌. ആ ഒറ്റുകാരെ കേട്ടിരുന്ന, അവരെ ചെരിപ്പെടുത്തെറിയാതിരുന്ന (അതാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍) മുഴുവന്‍ മലയാളം അധ്യാപകര്‍ക്കും കൂടി ഇതില്‍ പങ്കുണ്ടെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു! ബിരുദതലത്തില്‍ ഭാഷാസാഹിത്യപഠനത്തെ എടുത്തുകളയുന്നണ്ടെങ്കില്‍ അതിനെ, കേരളത്തിന്റെ പൊതുമനസ്സിനെ ഉണര്‍ത്തി അധ്യാപക വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിന്‌ പകരം വ്യാജ ശത്രുക്കളെ സൃഷ്‌ടിച്ച്‌ അതിനെ പരിഹസിച്ച്‌ തൃപ്‌തിയടയുന്നത്‌ മേലനങ്ങാതിരിക്കുന്നതിലുള്ള സുഖത്തിന്‌ വേണ്ടിയാണ്‌; മറ്റേതിന്‌ കുറേ ഉഷ്‌ണിക്കേണ്ടിവരും. സ്വന്തം കാര്യമല്ലാതെ,മറ്റൊരു ജീവിയുടേയും ജീവിതപരിസരങ്ങളിലേക്ക്‌ നാളിതുവരെ എത്തി നോക്കിയിട്ടുപോലുമില്ലാത്ത കോളേജ്‌ വാധ്യാന്മാര്‍ക്ക്‌ ഇതിനെല്ലാം എവിടുന്ന്‌ നേരം? മറ്റൊന്ന്‌, യഥാര്‍ത്ഥത്തില്‍ ഈ പരിഹാസത്തിന്‌ കേരളത്തിലെ പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി തലത്തിലെ അധ്യാപകരും പാഠപുസ്‌തകത്തിനും പാഠ്യപദ്ധതിയ്‌ക്കും രൂപം നല്‍കിയവരും പാത്രമാകേണ്ടവരാണോ? അവിടങ്ങളില്‍ ഭാഷാസഹിത്യപഠനമൊന്നും ഇല്ലേ? പിന്നെന്താണ്‌ ഇവര്‍ ക്ലാസ്‌ മുറിയില്‍ കാട്ടിക്കൊണ്ടിരിക്കുന്നത്‌? സോമനാഥന്‍ പറയുന്നു:
  • വിദ്യാഭ്യാസത്തെ മൊത്തം കുട്ടിക്കളിയാക്കി മാറ്റി.
  • ഭാഷയേയും സാഹിത്യത്തേയും പടിയടച്ച്‌ പിണ്‌ഡം വെച്ചു.
  • പത്താം ക്ലാസ്‌ കഴിഞ്ഞുവരുന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും മലയാളമോ ഇംഗ്ലീഷോ എഴുതാനറിയില്ല.
  • പൊതുവിദ്യാലയങ്ങള്‍ എഴുത്തിനെ പാടേ തള്ളിക്കളഞ്ഞു.
  • നോട്ടീസും പോസ്റ്ററും എഴുതാനുള്ളതാണ്‌ ഭാഷ
  • തെറ്റുകള്‍ എന്നൊരു സംഗതിയേയില്ല.
  • ഉത്തരമെഴുതാന്‍ ഒരുങ്ങിയാല്‍ മാര്‍ക്കുകൊടുക്കണം. അതാണ്‌ ഗ്രേഡിംഗ്‌.
  • പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ അയക്കുന്നത്‌ ബുദ്ധിശൂന്യതയാണ്‌.
ആധികാരികതയുടെ തുപ്പല്‍ പുരട്ടി വലിച്ചുനീട്ടുന്ന ഈ റബ്ബര്‍മിഠായികള്‍ ആരെ സന്തോഷിപ്പിക്കാനാനാണ്‌? ആഗോള വല്‍കരണത്തിന്റെ സ്‌തുതിപാഠകാര്‍ക്ക്‌, അതിന്റെ ഭാഗമായി വ്യാപിച്ചിട്ടുള്ള `വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കാണ്‌' എന്ന സങ്കല്‌പനത്തെയും പിന്തുണക്കാതിരിക്കാന്‍ കഴിയില്ല. ലേഖനത്തിലുടനീളം തെളിയുന്ന CBSE പ്രകീര്‍ത്തനത്തിന്റെ കാരണവും മറ്റൊന്നല്ല. പണം കൊടുത്ത്‌ വിദ്യ വാങ്ങാന്‍ ഉത്സാഹിക്കുന്നരുടെ എണ്ണം പുതിയ പാഠ്യപദ്ധതിവരുന്നതിനുമുമ്പു തന്നെ കേരളത്തില്‍ പ്രബലമായിരുന്നു, ആഗോളവത്‌കരണശ്രമങ്ങളാരംഭിച്ച 90കള്‍ മുതല്‍ തന്നെ. ലോകകമ്പോളത്തിന്‌ നല്ല വിലക്ക്‌ വില്‍ക്കാന്‍ പാകത്തില്‍ സ്വന്തം മക്കളെ ഒരുക്കിനിര്‍ത്തേണ്ടവര്‍ CBSE സ്‌കൂളുകള്‍ക്ക്‌ മുന്നില്‍ ക്യൂ നിന്നു. പക്ഷേ കൂണുകള്‍ പോലെ പൊട്ടിമുളച്ച കേരളത്തിലെ CBSE സ്‌കൂളുകളുടെ നിലവാരത്തെക്കുറിച്ച്‌ നാളിതുവരെ ഒരൊറ്റ വിമര്‍ശനം പോലുമുണ്ടായിട്ടില്ല. NCERT രൂപം കൊടുക്കുന്ന പാഠപുസ്‌തകങ്ങളില്‍പോലും അത്തരം സ്‌കൂളുകള്‍ക്ക്‌ വിശ്വാസമില്ല. അവര്‍ക്കായി സ്വകാര്യ പ്രസിദ്ധീകരണശാലകള്‍ `നിലവാര' (വില?) മുള്ള പുസ്‌തകങ്ങള്‍ പുറത്തിറക്കും. പാഠപുസ്‌തകങ്ങള്‍ പുറത്തിറക്കുന്നതിനുമുമ്പ്‌ ആവശ്യമായ ഗവേഷണങ്ങളോ ചര്‍ച്ചകളോ ആശയ രൂപികരണങ്ങളോ പൂര്‍ത്തീകരിച്ചാണോ ഈ പുസ്‌തകങ്ങള്‍ തയ്യാറാക്കുന്നത്‌? ഇതിന്‌ ചാര്‍ത്തുന്ന വ്യക്തികളുടെ പേരുകള്‍ പലപ്പോഴും അവരുടെ സൗമനസ്യത്തിന്റെ തെളിവുകള്‍ മാത്രം. ?‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ അയക്കുന്നത്‌ ബുദ്ധിശൂന്യതയാണെന്ന്‌ എല്ലാവരും കണ്ടെത്തിയെന്ന്‌ പറയുന്നതിലെ ആധികാരികതയ്‌ക്ക്‌ അടിസ്ഥാനമെന്ത്‌? ഇത്തരം ചോദ്യങ്ങളൊന്നും സോമനാഥന്‌ ബാധകമല്ല.

ഒരു ലേഖനത്തിനകത്തുതന്നെ വരുന്ന ആന്തരിക വൈരുദ്ധ്യങ്ങളെ സോമനാഥന്‍ തിരിച്ചറിയാതെ പോകുന്നതെന്തുകൊണ്ടാണ്‌? `ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്നതിന്‌ മാത്രമേ പ്രയോജനമുള്ളൂ' എന്ന പുതിയ യുക്തിയെ എതിര്‍ക്കേണ്ടുന്നത്‌ ഏത്‌ അടിസ്ഥാനത്തിലാണ്‌? അത്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ, അതിന്റെ മാറിയ വഴികളെ തൊട്ടുകൊണ്ടായിരിക്കണം. അല്ലാതെ ചുരണ്ടാന്‍ പോലും ക്ഷമകാണിക്കാതെ, കണ്ടെത്തേണ്ടുന്നവയെ ഒറ്റനോട്ടത്തില്‍ കുറിച്ചുതരുന്ന CBSE വഴികളില്‍ കിടന്നുരുണ്ടുകൊണ്ടല്ല. ഈ വഴികളില്‍ നിന്ന്‌ ഭാഷാസാഹിത്യപഠനത്തിന്റെ സര്‍ഗ്ഗാത്മക വസന്തത്തിലേക്ക്‌ വിരിയുന്ന മൊട്ടുകളെത്ര? CBSE ,എന്‍ട്രന്‍സ്‌, സ്വാശ്രയം പ്രഭൃതികളാണല്ലോ മലയാളം സെക്കന്റ്‌ ലാംഗ്വേജും മെയിനും (പുതിയ ഭാഷയില്‍ കോമണ്‍ കോഴ്‌സും കോര്‍ കോഴ്‌സും) എടുക്കാന്‍ പോകുന്നത്‌! സാര്‍, അവര്‍ക്ക്‌ നിങ്ങളുടെ മലയാളപഠനമോ മലയാളത്തിലൂടെയുള്ള പഠനമോ ആവശ്യമില്ല. ഭാഷ, സംസ്‌കാരം, സാഹിത്യം എന്നിവ അവര്‍ക്കുമുന്നില്‍ പണ്ടേതോ കാലത്തെ ജീര്‍ണിച്ച ഭാണ്‌ഡകെട്ടുകള്‍ മാത്രം. അവിടെ നിന്ന്‌ നിങ്ങള്‍ക്ക്‌ എങ്ങിനെ കേള്‍ക്കാന്‍ കഴിഞ്ഞു `സ്‌ഫുടമായ ഭാഷയും സാഹിത്യത്തിന്റെ മധുരമൊഴികളും. (ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്ന പന്തിയിലാണോ സോമന്റെ ആത്മാവ്‌? ശരീരം തൊഴിലുകൊണ്ട്‌ മലയാളം മാഷും. ഈ സംഘര്‍ഷം എങ്ങിനെ കുടഞ്ഞുകളയും. സോമന്‍ മലയാളം മാഷ് അല്ലെങ്കില്‍ മലയാളം നിരോധിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് അദ്ദേഹം ആവുമായിരുന്നോ? ). മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലെ ചില കവിതകളുടെ പേരിലല്ല മലയാളപഠനത്തിന്റെ ജീവനിരിക്കിന്നത്‌. (പത്ത്‌ വര്‍ഷം മുമ്പ്‌ ഡോ. പി.കെ.തിലക്‌ രൂപം നല്‍കിയ ഒരു പാഠപുസ്‌തകത്തെ ഈ ചര്‍ച്ചയിലേക്ക്‌ കൊണ്ടുവന്ന അതിബുദ്ധിക്ക്‌ അഭിനന്ദനം). ഇത്തരം കാവ്യഭാഗങ്ങള്‍ ഏത്‌ രീതിയില്‍ വിനിമയം ചെയ്യണം, ഭാഷയുടെ വിവിധ ധര്‍മ്മങ്ങളില്‍ പ്രാവീണ്യമുണ്ടാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഊന്നല്‍ നല്‍കെണ്ടത്‌? ഇതുമായിബന്ധപ്പെടുത്തി ഏതൊക്കെ സര്‍ഗാത്മകശേഷികളാണ്‌ ഉണര്‍ത്തേണ്ടത്‌, കവിതയുടെ താളം, ഭാവം, ശൈലി എന്നിവ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്‌ ഏത്‌ രീതിയാണ്‌ ഉപയോഗിക്കുന്നത്‌, കുട്ടികളുടെ മാനസികവും ശാരീരികവുമായ ശേഷികള്‍, താത്‌പര്യം, മനോഭവം ഇവയില്‍ വരുത്തേണ്ടുന്ന ഗുണപരമായ വ്യതിയാനങ്ങള്‍ എന്തൊക്കെ വേണം, അവയുമായി ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയെടുക്കാനുദ്ദേശിക്കുന്ന ഉത്‌പന്നങ്ങള്‍ എന്തൊക്കെയാണ്‌ തുടങ്ങിയ ബോധനശാസ്‌ത്രപരമായ ടൂളുകള്‍ ഉപയോഗിച്ചാണ്‌ മലയാളപഠനത്തിന്റെ നിലവാരം താരതമ്യം ചെയ്യേണ്ടത്‌. കടമ്മനിട്ടയുടെ ശാന്തയില്‍ നിന്നും ഏഴാം ക്ലാസിലെ കുട്ടിക്ക്‌ പഠിക്കാനായി നിര്‍ദ്ദേശിച്ച, സോമനാഥന്റെ വിമര്‍ശനത്തിന്‌ പാത്രമായി പാഠഭാഗവുമായി ബന്ധിപ്പിച്ച്‌ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്‌ പാഠപുസ്‌തകത്തിലും അധ്യാപകസഹായിലും നിര്‍ദ്ദേശിച്ചിരുന്നതെന്ന്‌ നോക്കുക.

`ശാന്ത' എന്ന കവിതയുടെ സമഗ്രഭാവം എന്താണ്‌? ഏതു സന്ദര്‍ഭത്തിലാണ്‌ വറ്റിപ്പോകുന്ന ഉറവകളെക്കുറിച്ച്‌ കവി ഉല്‍കണ്‌ഠാകുലനാവുന്നത്‌? കവിതയിലെ വരള്‍ച്ചയ്‌ക്ക്‌ മറ്റ്‌ അര്‍ഥതലങ്ങളുണ്ടോ? `ശാന്ത'(കടമ്മനിട്ടയുടെ കവിതകള്‍) എന്ന കവിതയുടെ സമഗ്രഭാവം ഉചിതസന്ദര്‍ഭത്തില്‍ കുട്ടികളെ പരിചയപ്പെടുത്തുമല്ലോ.
കടമ്മനിട്ടയുടെ `ശാന്ത' എന്ന കവിതയിലെ ഒരു ഭാഗം പാഠപുസ്‌തകത്തില്‍ കൊടുത്തത്‌ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെ പ്രശ്‌നമേഖലയെ പ്രതിപാദിക്കാനാണ്‌. യഥാര്‍ഥത്തില്‍ കവിതയില്‍ സൂചിപ്പിക്കുന്ന വരള്‍ച്ചയ്‌ക്കു വിപുലമായ അര്‍ഥതലങ്ങളാണുള്ളത്‌. സ്വാതന്ത്ര്യനിഷേധവും ജനാധിപത്യധ്വംസനവും തീവ്രമായ പ്രതിഷേധത്തോടെ ആവിഷ്‌കരിക്കപ്പെട്ട കവിത എന്ന നിലയിലാണ്‌ കേരളീയര്‍ `ശാന്ത'യെ സ്വീകരിച്ചത്‌. മനോഹരമായ ബിംബങ്ങളും ഉചിതമായ പ്രയോഗങ്ങളുംകൊണ്ട്‌ സമ്പന്നമായ ഈ കവിതയുടെ സമഗ്രതലം ചെറുതായെങ്കിലും കുട്ടികളുമായി പങ്കുവയ്‌ക്കേണ്ടതുണ്ട്‌. വെള്ളം കിട്ടാതെ അലയുന്ന വേരുകളും തലകുമ്പിട്ടിരിക്കുന്ന കടത്തുകാരനുമെല്ലാം ഒരു ചരിത്രകാലഘട്ടത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന പ്രതീകങ്ങളാണെന്ന കാര്യം കൂടി കുട്ടികള്‍ അറിയണം. വരള്‍ച്ച എന്ന പ്രശ്‌നത്തിലൊതുങ്ങാതെ, ഈകവിതയുടെ ഒരു സമഗ്രതലം കുട്ടികളിലെത്തിക്കാന്‍ ശ്രമിക്കണം..............

പ്രയോഗഭംഗി

കവിതയുടെ സൗന്ദര്യാസ്വാദനത്തെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഈ പ്രവര്‍ത്തനം. `ജലം തേടിപ്പോകല്‍' ഒരു സാധാരണ കാര്യമാണ്‌. എന്നാല്‍ ജലം തേടിപ്പോകുന്നതു വേരുകളാകുമ്പോള്‍ അവിടെ സവിശേഷമായ മറ്റൊരര്‍ഥംകുടി വന്നുചേരുന്നു. പ്രയോഗം അസാധാരണവും സൗന്ദര്യാത്മകവുമാകുന്നു. വയലിന്റെ സൗന്ദര്യം സാധാരണ പ്രയോഗമാണ്‌. എന്നാല്‍ `വയലിന്റെ വാത്സല്യം' സര്‍ഗാത്മക പ്രയോഗമാണ്‌. അപ്പോള്‍ കൈവരുന്ന മാതൃഭാവം ശ്രദ്ധയില്‍ കൊണ്ടുവരണം. ` തൊണ്ടവരണ്ട വയലുകള്‍' എന്ന പി. ഭാസ്‌ക്കാരന്റെ പ്രയോഗവും ശ്രദ്ധയില്‍പ്പെടുത്താം.`വെള്ളത്തിന്റെ ഉറവ'സാധാരണ പ്രയോഗമാകുമ്പോള്‍ `കാറ്റിന്റെ ഉറവ' അസാധാരണമാകുന്നു. ഇത്തരം പ്രയോഗങ്ങളാണു കാവ്യഭാഷയെ ശക്തമാക്കുന്നത്‌ എന്നു ബോധ്യപ്പെടുത്താന്‍ മറ്റ്‌ ഉദാഹരണങ്ങള്‍ നല്‍കണം. ............

`വറുതിക്കാഴ്‌ചക'ളില്‍ ചില സുക്ഷ്‌മചിത്രങ്ങളിലൂടെയാണല്ലോ കവി വേനലിന്റെ തീക്ഷ്‌ണതയും ക്രൂരതയും നമ്മെ അനുഭവിപ്പിക്കുന്നത്‌. ഒന്നും ചെയ്യാനില്ലാതെ, കടവില്‍ കയറ്റിവച്ച വള്ളത്തിന്റെ അമരത്ത്‌ മുട്ടിനിടയില്‍ തലതിരുകിയിരിക്കുന്ന കടത്തുകാരന്‍, കരിഞ്ഞുണങ്ങിയ വെള്ളരിവള്ളികള്‍, വരമ്പുകളിലെ വിടവുകളില്‍ ചത്തിരിക്കാവുന്ന തവളകള്‍, വറ്റിപ്പോയ നീരുറവയ്‌ക്കരികില്‍ അന്യോന്യം പുലഭ്യം പറയുന്ന ഗ്രാമീണര്‍, നിശ്ചലമായ മരങ്ങള്‍, അടിവയറ്റില്‍ മഴക്കാറിന്റെ നിറം പോലുമില്ലാത്ത ഈയാംപാറ്റകള്‍ മുതലായവ ശ്രദ്ധിച്ചല്ലോ. ഇത്തരം കല്‌പനകളിലൂടെ (ഇമേജുകളിലൂടെ) ഭാവം പകരുക എന്നത്‌ ആധുനികകവിതകളുടെ സവിശേഷതകളാണ്‌. ദൂരക്കാഴ്‌ചയില്‍ തന്നെ ശ്രദ്ധയില്‍ വരുന്ന വരണ്ടു വിണ്ടുകീറിയ നദിയുടെ ചിത്രത്തില്‍ നിന്ന്‌ മഴക്കാറിന്റെ അടയാളം വറ്റിപ്പോയ ഈയാംപാറ്റയുടെ അടിവയറ്റിലെ സൂക്ഷ്‌മദൃശ്യത്തിലെത്തിയാണ്‌ കവിത അവസാനിക്കുന്നത്‌. ......................

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സോമനാഥന്‌ കുട്ടിക്കളിയും, കവിതകൊടുത്ത്‌ കഠിനപദം, വിപരീതം, പര്യായം, സന്ധി, സമാസം എന്നിവ പഠിപ്പിക്കുന്നത്‌ അമൂല്യമായ കാവ്യപഠനവും! കേരളത്തിലെ മുഴുവന്‍ ഹയര്‍സെക്കന്ററി മലയാളം അധ്യാപകരും നെഞ്ചോടുചേര്‍ത്ത പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്‌തകത്തിനെ കളിയാക്കാന്‍ ഒരു സാങ്കല്‌പികചോദ്യവും! വിസ്‌താരഭയത്താല്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാംവര്‍ഷ മലയാളപരീക്ഷയുടെ ചോദ്യപേപ്പര്‍ ഇവിടെ ഉദ്ദരിച്ചു ചേര്‍ക്കുന്നില്ല. ഓരോരചനയുടെയും ആന്തരികാര്‍ത്ഥത്തിലേക്കും വ്യാഖ്യാന സാധ്യതകളിലേക്കും ചിന്തയുടെ വെളിച്ചം തെളിക്കുന്ന, വൈവിധ്യപൂര്‍ണമായ വ്യവഹാരരൂപങ്ങളില്‍ ആവിഷ്‌കരിക്കുന്നതിനുള്ള ചോദ്യങ്ങളായിരുന്നു പൊതുപരീക്ഷയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. (സമീപനവുമായോ പാഠപുസ്‌തകവുമായോ ഒരു ബന്ധവുമില്ലാത്ത കോളേജ്‌ വാധ്യാന്മാരിട്ടാലേ ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നിലനില്‌ക്കു എന്നാണല്ലോ നമ്മുടെ വകുപ്പിന്റെ ധാരണ. ഇത്തരക്കാരിടുന്ന ചോദ്യപേപ്പറുകളുടെ ഗുണദോഷവിചിന്തനമാണ്‌ പാഠ്യപദ്ധതി ചര്‍ച്ച എന്ന്‌ വിചാരിക്കുന്നത്‌ എന്ത്‌ മണ്ടത്തരമാണ്‌?) ചോദ്യങ്ങള്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫുള്‍മാര്‍ക്ക്‌ എന്നത്‌ എവിടെ നിര്‍ദ്ദേശിക്കപ്പെട്ടുവെന്ന്‌ സോമനാഥന്‍ വ്യക്തമാക്കണം. എഴുത്തു പരീക്ഷകള്‍ക്കായി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുമ്പോഴുള്ള നിര്‍ദ്ദേശങ്ങളിലൊന്നാണ്‌ വ്യത്യസ്‌തനിലവാരക്കാര്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയുന്ന ഒരു തലം ചോദ്യങ്ങള്‍ക്കുണ്ടാകണമെന്നത്‌. മണ്ടന്മാര്‍ക്ക്‌, ശരാശരിക്കാര്‍ക്ക്‌, മിടുക്കന്മാര്‍ക്ക്‌ എന്നിങ്ങനെ ഓരോ വിഭാഗത്തിനും കൃത്യമായും ചില ചോദ്യങ്ങള്‍ വീതിച്ചുകൊടുക്കലായിരുന്നല്ലോ പഴയരീതി. വിത്യസ്‌തനിലവാരക്കാര്‍ക്ക്‌ അവരവരുടെ തലത്തില്‍ നിന്ന്‌ പ്രതികരിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ ഇന്ന്‌ ഓരോ ചോദ്യവും തയ്യാറാക്കപ്പെടുന്നത്‌. നല്‍കിയ ഒരു കവിതയുടെ ധ്വനിതലത്തിലൂന്നി കുറിപ്പ്‌ തയ്യാറാക്കണമെങ്കില്‍ അതിന്റെ സാമാന്യാശയതലം ആയിരിക്കും എന്‍ട്രിലെവല്‍. അതിന്‌ മൊത്തം സ്‌കോറിന്റെ പകുതിയില്‍ താഴെ മാത്രം സ്‌കോര്‍ ലഭിക്കും. ഒപ്പം ഘടന, ശൈലി എന്നിവയും പരിഗണിക്കപ്പെടും. അക്ഷരത്തെറ്റുകള്‍, വ്യാകരണപിശകുകള്‍, ആശയപരമായപിഴവുകള്‍ എന്നിവ അക്കമിട്ട്‌ നിരത്താന്‍ കുട്ടികളുടെ ഉത്തരക്കടലാസിന്റെ ഫോട്ടോസ്റ്റാറ്റ്‌ തപ്പിനടക്കുന്നവര്‍ക്ക്‌ പ്രളയകാലം വരെ അതിനുള്ള സാധ്യത ഉണ്ടായിരിക്കുകതന്നെ ചെയ്യും. കൗടില്യശാസ്‌ത്രത്തില്‍ അഗ്രഗണ്യരായ ഇവര്‍ക്ക്‌ ദയാദാക്ഷിണ്യമില്ലാതെ ശൂലത്തില്‍ കോര്‍ക്കാന്‍ ദലിതരുടെ, ആദിവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ തെറ്റുകള്‍ നിറഞ്ഞ ഉത്തരക്കടലാസുകള്‍ എത്രവേണമെങ്കിലും ലഭിക്കും. തെറ്റുകളോടൊപ്പം അവയില്‍ അവരെ അങ്ങിനെ ആക്കിത്തീര്‍ത്ത വ്യവസ്ഥയുടെ ചിഹ്നങ്ങള്‍ കാണുകയും, അത്‌ മറികടക്കാന്‍ വ്യക്തിപരമായും സാമൂഹികമായും തനിക്ക്‌ എന്തുചെയ്യാന്‍ കഴിയും എന്ന്‌ വേവലാതിപ്പെടുകയും ചെയ്യുന്നവരുടെ മുഖ്യപരിഗണന ഉത്തരക്കടലാസിലെ ചില പിഴവുകള്‍ മാത്രമാവുകയില്ല. തെറ്റുകള്‍ നിറഞ്ഞ ഉത്തരങ്ങള്‍ ഉറക്കെ വായിക്കുകയും ഉദാഹരിക്കുകയും ചെയ്യുന്ന ചിലരുണ്ട്‌. അവര്‍ ഇന്നുവരെ ഏതെങ്കിലും സദസ്സില്‍, തങ്ങള്‍ പഠിച്ച കാലത്തും ഇപ്പോഴും എഴുതുന്നതിനേക്കാള്‍ എത്രയോ മനോഹരമായും ആശയഭദ്രതയോടുകുടിയും കുട്ടികള്‍ എഴുതിയിട്ടുള്ള, ഉയര്‍ന്നനിലവാരത്തിലുള്ള ഉത്തരങ്ങള്‍ വായിച്ചിട്ടുണ്ടോ? ക്ഷമിക്കണം, പൂവിരി നടക്കാവുവിട്ട്‌ ചളിക്കുഴമ്പുവരമ്പുകള്‍ മാത്രം കാണുന്ന ഈ ശീലം ഒരു മനോരോഗമാണോ, ഡോക്‌ടര്‍.
സോമനാഥന്റെ മറ്റൊരു ഗുരുതരമായ ആരോപണം ക്രിറ്റിക്കല്‍ പെഡഗോജിയുടെ പേരില്‍ സൗന്ദര്യശാസ്‌ത്രത്തെ മതിലിനു വെളിയിലാക്കി സാമൂഹ്യശാസ്‌ത്രം ആ സ്ഥാനം കയ്യടക്കിയെന്നതാണ്‌ കേരളം അനുഭവിക്കുന്ന അതീവഗുരുതരമായ ചില സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്‌ പുതിയ കരിക്കുലം. ഇത്‌ പക്ഷേ ചെയ്യുന്നത്‌ ഓരോ വിഷയത്തിന്റയും തനത്‌ സ്വഭാവത്തേയും അതിലെ Concept കളെയും നിലനിര്‍ത്തിക്കൊണ്ടുമാത്രമാണ്‌. സാമൂഹികമായ വിഷയങ്ങള്‍ ക്ലാസ്‌മുറിയില്‍ ചര്‍ച്ചയ്‌ക്കു വരേണ്ടതില്ല എന്ന്‌ ഇന്നത്തെ ഏത്‌ വിദ്യാഭ്യാസപ്രവര്‍ത്തകനാണ്‌
പറയാന്‍ കഴിയുക. കുട്ടികള്‍ നാളത്തെ പൗരന്മാരല്ല അവര്‍ ഇന്നത്തെ പൗരന്മാരാണ്‌ എന്നതാണല്ലോ പുതിയ കാഴ്‌ചപ്പാട്‌ Pedagogy എന്നതിനുപകരം Andragogy എന്ന്‌ ഇന്ന്‌ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കൂടി വിളിക്കുന്നത്‌, സ്‌പൂണ്‍ ഫീഡിംഗിനുപകരം സ്വന്തം ചിന്താശെഷിയെ പ്രയോഗിച്ചുള്ള പഠനരീതിയെ മുന്‍ നിര്‍ത്തിയാണ്‌. ഭാഷയുടേയും സാഹിത്യത്തിന്റേയും പിറവിയും വികാസവും സാമൂഹികമായ ആവശ്യത്തിന്റെ പുറത്തല്ലേ? ഓരോ കാലത്തിന്റേയും സാമൂഹികമായ ആവശ്യങ്ങളോടുള്ള പ്രതിഭകളുടെ പ്രതികരണമല്ലേ അതത്‌ കാലത്തെരചനകള്‍? സമൂഹത്തെ നമുക്ക്‌ ഏത്‌ സാഹിത്യവിഭാഗത്തില്‍ നിന്നാണ്‌ മായ്‌ച്ചുകളയാന്‍ കഴിയുക? ഇന്ന്‌ എങ്ങിനെയാണ്‌ ഒരു വായനക്കാരന്‌ ഒരു രചനയിലെ സാമൂഹികജീവിതാംശങ്ങള്‍ കാണുമ്പോള്‍ വിറകൊള്ളാന്‍ കഴിയുന്നത്‌?

സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന പത്തോ പന്ത്രണ്ടോ വരികള്‍ കാണാതെ പഠിക്കുന്നതിനപ്പുറത്തേക്ക്‌ കവിതാപഠനം എത്രമാത്രം വളര്‍ന്നു എന്ന്‌ തിരിച്ചറിയാന്‍ സോമനാഥന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമം നടത്തണം. ഏതൊരു സാഹിത്യകൃതിയായാലും അതിന്റെ തെരഞ്ഞെടുപ്പുമുതല്‍ വിനിമയം വരെ മുഖ്യമായി കാണുന്നത്‌ ആസ്വാദനാംശം തന്നെയാണ്‌. പ്രയോഗഭംഗി, ചൊല്ലല്‍ സവിശേഷതകള്‍, അര്‍ത്ഥതലങ്ങള്‍, ഔചിത്യം, ധ്വനി എന്നിവയിലേക്കൊക്കെ വളരുന്ന ചര്‍ച്ചകളാണ്‌ ക്ലാസില്‍ നടക്കുന്നത്‌. ഉപരിപ്ലവമായി അതിലെ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചുമാത്രം ഉപന്യസിച്ചു പോകുന്നവരുണ്ടാവാം. അത്‌ അത്തരക്കാരുടെ കഴിവുകേട്‌ മാത്രം. പാഠപുസ്‌തകവും അധ്യാപകസഹായിയും ആവശ്യപ്പെടുന്നത്‌ അതല്ല. കടമ്മനിട്ടയുടെ `ശാന്ത'യില്‍ ഒരു വരള്‍ച്ചയുണ്ട്‌. അത്‌ നന്മയുടെ, സത്യത്തിന്റെ, ജനകീയതയുടെ വരള്‍ച്ചകൂടിയാണെന്നത്‌ ആ കവിതയുടെ ചര്‍ച്ചയില്‍ ക്ലാസില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. ഇതിനൊരു മറുവാദം കൂടിയുണ്ട്‌. സാമൂഹികശാസ്‌ത്രത്തില്‍, പല പ്രശ്‌നങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധയെ കൊണ്ടുപോകാന്‍ അവര്‍ ഉപയോഗിക്കുന്നത്‌ മലയാള കവിതകളെയും കഥകളെയുമാണ്‌. അതൊരു വളര്‍ച്ചയായി പരിഗണിക്കാമോ സാര്‍.

നേരത്തെ കാണുന്നതിനേക്കാള്‍ തെറ്റുകള്‍ രചനയില്‍ വരുന്നതെന്നത്‌ പക്ഷേ ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതാണ്‌. ഒരു കാരണം,`ഹംസത്തിന്റെ ദൗത്യപാടവം' `എഴുത്തച്ഛന്‍ നമ്മെ ഉപദേശിക്കുന്ന ആചാര്യന്‍' ഇവയില്‍ രണ്ടില്‍ ഒരു ഉപന്യാസം തീര്‍ച്ചയായും പത്താംക്ലാസിലെ പൊതുപരീക്ഷയ്‌ക്കു വരുമെന്നറിയുന്നതുകൊണ്ട്‌ അവ അടിച്ചിട്ടായാലും കാണാപ്പാഠം പഠിപ്പിക്കുമായിരുന്നു പണ്ട്‌. അവിടെ തെറ്റുകള്‍ കുടുതല്‍ വരാന്‍ സാധ്യത കുറവ്‌. അധ്യാപകന്‍ എഴുതികൊടുക്കുന്നത്‌ കുട്ടി പരീക്ഷക്കടലാസില്‍ പകര്‍ത്തുന്നു. ഇന്ന്‌ ഒരു പുതിയ സാഹചര്യമാണ്‌ ഓരോ ചോദ്യവും കുട്ടിയുടെ മുന്നില്‍ ഉയര്‍ത്തുന്നത്‌. താന്‍ മനസിലാക്കിയ ആശയങ്ങള്‍/സ്വായത്തമാക്കിയ ശേഷികള്‍ പ്രയോഗിക്കുന്നതിനാണ്‌ ഊന്നല്‍. രചനകള്‍ സ്വതന്ത്രമായി അപ്പോള്‍ ജനിക്കുന്നവയാണ്‌. അതില്‍ നേരത്തേതിനേക്കാള്‍ കുടുതല്‍ അക്ഷരതെറ്റുകള്‍ സ്വാഭാവികം. ഇത്‌ തിരുത്തുവാനുള്ള സന്ദര്‍ഭം പൊതുപരീക്ഷയല്ല, ക്ലാസ്‌ മുറിയാണ്‌. ഇന്ന്‌ കുട്ടികളുടെ രചനകള്‍ പലരീതിയില്‍ റിഫൈന്‍മെന്റിന്‌ വിധേയമാക്കണമെന്ന ആശയവും അതിന്റെ പ്രായോഗികരീതികളും അധ്യാപകര്‍ക്ക്‌ സ്വായത്തമാണ്‌. എഴുത്തിനെ ചിതറിച്ചുകളഞ്ഞു, സംസാരഭാഷയ്‌ക്കാണ്‌ ഊന്നല്‍ എന്നിത്യാദി ആരോപണങ്ങള്‍ ഡി.പി.ഇ.പി വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ്‌. വാമൊഴി പ്രയോഗങ്ങള്‍ ധാരാളം ഉപയോഗിച്ചുള്ള സാഹിത്യരചനകള്‍, നാടന്‍ പാട്ടുകള്‍ എന്നിവ പുതിയ പാഠ്യപദ്ധതിക്കാലത്ത്‌ പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. പ്രാദേശികഭാഷാപഠനം, പ്രാദേശിക ചരിത്ര-സംസ്‌കാര പഠനം എന്നിവയ്‌ക്ക്‌ ഇന്ന്‌ ലോകത്താകമാനം കൈവന്നിട്ടുള്ള പ്രാധാന്യം എന്താണ്‌ നന്മുടെ നിരൂപകന്മാര്‍ കാണാതെ പോകുന്നത്‌? (പ്രാദേശികഭാഷയെന്നു കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ ഇവര്‍ക്കു ഹാലിളകുന്നത്‌?)അത്തരം ഭാഷമാതൃകയില്‍ തന്നെ എഴുതിയാല്‍ മതി എന്ന്‌ ആരെങ്കിലും നിര്‍ദ്ദേശിച്ചിരുന്നോ?

ആസ്വാദനം
, നിരുപണം, താരതമ്യം,വിശകലനം, വ്യാഖ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിഎത്രയെത്ര രചനകള്‍. സെമിനാര്‍ പ്രബന്ധങ്ങള്‍, റിപ്പോര്‍ട്ടുകള്‍, സംവാദക്കുറിപ്പുകള്‍,ഡയറി, പുസ്‌തകനിരൂപണം, ഫീല്‍ഡ്‌സ്റ്റഡിക്കുറിപ്പുകള്‍, ഉപന്യാസങ്ങള്‍, അഭിമുഖത്തിനുള്ള ചോദ്യവാലികള്‍ തുടങ്ങി ഇനിയും നീളുന്നു ഇവയുടെ പട്ടിക. ഇത്രമാത്രം രചനാപ്രവര്‍ത്തനങ്ങള്‍, സര്‍ഗാത്മക രചനകള്‍ ഇതിനുമുമ്പുള്ള നമ്മുടെ മലയാളം ക്ലാസുകള്‍ ആവശ്യപ്പെട്ടിരുന്നോ? എഴുത്തിന്റെ പ്രാധാന്യം കുറച്ചത്‌ പിന്നെങ്ങിനെ? വന്‍പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ശബ്‌ദത്തോടൊപ്പം കുറച്ച്‌ വെളിച്ചമെങ്കിലും വേണ്ടേ മാഷേ? ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഭാഷാപഠനം വേണ്ടെന്നുവെക്കുന്നുവെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ മാറിയ ഭാഷാപഠനസങ്കല്‌പനങ്ങളുടെ അടിസ്ഥാനത്തിലാണ്‌. കേവലമായി ചില സാഹിത്യരചനകളുടെ ആശയം കാണാപ്പാഠം പഠിക്കല്‍ മാത്രമാണ്‌ അതെങ്കില്‍ അതെടുത്തുപോയാലും വലിയപ്രശ്‌നമില്ല, ചില മാഷന്മാര്‍ക്കല്ലാതെ. മറിച്ച്‌ മറ്റേതൊരു ജ്ഞാനശാഖയുംപോലെ അതിന്റേതായ ചരിത്രവും ആഴത്തിലുള്ള ധര്‍മ്മവും സൈദ്ധാന്തിക അടിത്തറയും വിശകലനരീതിയും ശാസ്‌ത്രവും ഉള്ള ഒരു പഠനമേഖലയാണ്‌ ഭാഷാപഠനമെന്നാണ്‌ നമ്മള്‍ സ്ഥാപിക്കേണ്ടത്‌. മാധ്യമപഠനം, വിവര്‍ത്തനം, ചരിത്രപഠനം, നരവംശശാസ്‌ത്രപഠനം, വിവര്‍ത്തനം തുടങ്ങിയ പഠനശാഖകളിലേക്ക്‌ വളരുന്നതിന്റെ അടിസ്ഥാനം ഭാഷാപഠനമാണ്‌. വ്യക്തിയില്‍ ഏറ്റവും ശക്തമായ ഊര്‍ജ്ജപ്രവാഹമായി മാറേണ്ട സൗന്ദര്യബോധം രൂപപ്പെടുത്താനും വളര്‍ത്താനും ഭാഷാസാഹിത്യപഠനത്തിലൂടെയല്ലാതെ കഴിയില്ല. ഈ കാഴ്‌ചപ്പാടോടുകുടിയാണ്‌ ഹയര്‍സെക്കന്ററി വരെയുള്ള പാഠപുസ്‌തകങ്ങളും പഠന പ്രര്‍ത്തനങ്ങളും ചിട്ടപ്പെടുത്തിട്ടുള്ളത്‌. ഭാഷാധ്യാപകരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ അന്ത:സത്തയും ഗൗരവവും ബോധ്യപ്പെടുത്തിയും പുരോഗമനാത്മക ചിന്തയുടെ തേരാളികളാക്കാന്‍ പ്രേരിപ്പിച്ചും അല്ലാതെ ഇതൊന്നും സാധ്യമല്ല. അത്തരം പരിശ്രമങ്ങള്‍ക്ക്‌ കരുത്തു പകരുന്നതിനുപകരം, ഉന്നതവിദ്യാഭ്യാസ കൗണ്‍സലിനെ മുന്‍നിര്‍ത്തിയുള്ള സുസംഘടിതമായ അക്രമണത്തിലൂടെ ഒരു ജ്ഞാനശാഖയെത്തന്നെ തകര്‍ത്തുകളയാനായുന്ന ഈ സന്ദര്‍ഭത്തില്‍ പാളയത്തില്‍ത്തന്നെ പടകൂട്ടുന്നവരെയാണ്‌ ചരിത്രം ഒറ്റുകാരെന്നുവിളിക്കുക.

2009, ജൂൺ 4, വ്യാഴാഴ്‌ച

സ്‌കൂളിലെ കഷ്‌ടജീവിതവും കോച്ചിംഗ്‌ സെന്ററിലെ (വി)ശിഷ്‌ടജീവിതവും



ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററിക്കുകൂടി പൊതുപരീക്ഷ ഏര്‍പ്പെടുത്തിയത്‌ ഉപകരമായത്‌ ഒരൊറ്റ വിഭാഗത്തിനാണ്‌-കേരളത്തിലെ സ്വകാര്യട്യൂഷന്‍/ കോച്ചിംഗ്‌ സ്ഥാപനങ്ങള്‍ക്ക്‌. ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വ്യാപകമായതോടുകൂടി പൂട്ടാനാഞ്ഞ പാരലല്‍ കോളേജുകള്‍, ഞൊടിയിടയിലാണ്‌ വന്‍കിട കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികളായി മാറിയത്‌. നേരത്തെ പതിനൊന്നാം ക്ലാസ്‌ പഠനം കുറേക്കൂടി സ്വതന്ത്രവും ഉല്ലാസപ്രദവുമായിരുന്നത്‌ മാറി അതും പത്തിനെയും പന്ത്രണ്ടിനെയും പോലെ ജയപരാജയങ്ങളുടെയും ഗ്രേഡിന്റെയും മാര്‍ക്കിന്റെയും ഭീഷണിയുടെയും അമിത പ്രതിക്ഷകളുടെയും ഉത്‌കണ്‌ഠകളുടെയും തുലാസിലേക്ക്‌ വന്നു വീഴുകയും ചെയ്‌തു.

ഹയര്‍സെക്കന്ററി
തലത്തിലെ വാര്‍ഷിക കോച്ചിംഗ്‌ ഫീസ്‌ 12000 ത്തിനും 15000 നും ഇടയിലാണ്‌.ഇത്‌ മുപ്പതിനായിരം വരെ ആകുന്ന സ്ഥാപനങ്ങളും ഉണ്ട്‌. പൊതുവിദ്യാഭ്യാസം സൗജന്യമാണ്‌ എന്നൊക്കെ വിശ്വസിക്കുന്നവരായി ഇക്കാലത്ത്‌ ഒരു രക്ഷകര്‍ത്താവും ഉണ്ടാവില്ല. വിദ്യാഭ്യാസം ഒരുപാട്‌ മുതല്‍ മുടക്കുള്ളതും ചെലവേറിയതും ആണെന്ന സമ്മതിപത്രം നേരത്തെ തന്നെ സമൂഹം അധികാരികള്‍ക്ക്‌ നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ സ്‌കൂളിലെ IT പഠനത്തിനായി പ്രതിവര്‍ഷം 250 രൂപ വാങ്ങാനുള്ള തീരുമാനം ഒരെതിര്‍പ്പും കുടാതെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്‌.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍, വിദ്യാലയത്തിനകത്തെ പഠനത്തില്‍, തന്റെ കുട്ടിയുടെ കഴിവുകളില്‍ വിശ്വാസം നഷ്‌ടപ്പെട്ടവരാണ്‌ ഇന്ന്‌ കേരളത്തിലെ രക്ഷിതാക്കളില്‍ അധികവും. പണമിറക്കി പണം നേടുക എന്ന ചൂതാട്ടയുക്തിയാണ്‌ അവരെ ഭരിക്കുന്നത്‌. ഫീസ്‌ ഏറ്റവും കൂടിയ ട്യൂഷന്‍സെന്ററില്‍ കുട്ടിയ ചേര്‍ക്കുകയാണ്‌ ഏറ്റവും സുരക്ഷിതമായ മാര്‍ഗം. മുടക്കിയ കാശ്‌ നഷ്‌ടമാകാനുള്ള സാധ്യത ഇവിടെ വളരെക്കുറവ്‌. ഏറ്റവും ഉന്നതരായവര്‍ക്ക്‌ പ്രവേശനപരീക്ഷകളില്‍ ഇടറിയാലും പരിഭ്രമിക്കാനില്ല. മെഡിസിനുള്ള മുപ്പതോ നാല്‌പതോ ലക്ഷമോ, എഞ്ചിനീയറിംഗിനുള്ള അഞ്ചോ പത്തോ ലക്ഷമോ അവരുടെ കയ്യില്‍ ഇപ്പോഴെ റെഡി. തനിക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങള്‍ മക്കളിലൂടെയെങ്കിലും സാക്ഷാത്‌കരിക്കണം എന്ന സ്വപ്‌നത്താല്‍, മക്കളൂടെ പഠനത്തിനുവേണ്ടി സ്വന്തം ജീവിതസൗഭാഗ്യങ്ങള്‍പോലും ഉപേക്ഷിച്ച ഇടത്തരം രക്ഷകര്‍ത്താക്കളാണ്‌ കോച്ചിംഗ്‌ സെന്ററുകാരുടെ പ്രധാന ഇരകള്‍. മൂന്ന്‌ സയന്‍സ്‌ വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ത്ഥിനിക്കായി SAY പരീക്ഷയുടെ ഫീസ്‌ അടക്കാന്‍ വന്ന രക്ഷകര്‍ത്താവിനോട്‌ `മകളെവിടെ' എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പോയിരിക്കുകയാണ്‌ എന്നാണുത്തരം! ഇദ്ദേഹവും മകളെ പന്ത്രണ്ടായിരം രൂപ നല്‍കി ഒരു വര്‍ഷം `എന്‍ട്രന്‍സ്‌ ഓറിയന്റഡ്‌' കോച്ചിംഗ്‌ സ്ഥാപനത്തില്‍ അയച്ചതാണ്‌. ഒട്ടുമിക്ക സര്‍ക്കാര്‍, എയിഡഡ്‌ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ഇന്ന്‌ കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ അനുബന്ധം മാത്രമാണ്‌. റജിസ്‌ട്രേഷന്‍, പരീക്ഷയെഴുത്ത്‌, പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണയം ഇവയ്‌ക്കുവേണ്ടി മാത്രം ഒരു സ്‌കൂള്‍. പഠനവും പരിശീലനവും കോച്ചിംഗ്‌ സെന്ററുകളില്‍!

സര്‍ക്കാരില്‍
നിന്ന്‌ പതിനായ്യായിരം മുതല്‍ കാല്‍ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളമായി പറ്റുന്ന അധ്യാപകര്‍തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളില്‍ നിന്ന്‌ അത്രയുമോ അതിലുമേറെയോ സമ്പാദിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസത്തെ ഒറ്റുകൊടുക്കുന്നത്‌. അവരുടെ കോച്ചിംഗ്‌ സെന്ററുകളിലെ പ്രഭാഷണങ്ങളും പ്രവൃത്തികളുമാണ്‌, വിദ്യാലയത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചും രക്ഷകര്‍ത്താക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തത്‌. പാഠ്യപദ്ധതി, അധ്യാപക പരിശീലനങ്ങള്‍, മൂല്യനിര്‍ണയം, ക്ലസ്റ്ററുകള്‍ എന്നിവയെ അങ്ങേയറ്റം വിഷലിപ്‌തമായ വാക്കുകളാല്‍ അധിക്ഷേപിക്കുന്ന ഇവര്‍, പ്രതിമാസം തുപ്പലുതൊട്ട്‌ നോട്ടുകളെണ്ണി വാങ്ങുന്ന കാര്യത്തില്‍ മാത്രമാണ്‌ സ്വന്തം വിദ്യാലയത്തില്‍ ശുഷ്‌കാന്തി കാട്ടുന്നത്‌.
ചെറുക്ലാസുകളില്‍ നിന്നേ ആരംഭിക്കുന്ന ട്യൂഷന്‍ സംസ്‌ക്കാരം കുട്ടിയുടെ പ്രായോഗികജീവിതത്തിലും ശാരീരിക-മാനസിക ആരോഗ്യത്തിലും വരുത്തുന്ന ഗുരുതരമായ താളഭംഗങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌. ഉരുവിട്ടുറപ്പിക്കാനും കാണാപ്പാഠം പഠിക്കാനും മാത്രം ആവശ്യപ്പെട്ടിരുന്ന ഒരു പഠനരീതിയുടെ സ്ഥാനത്ത്‌ സ്വന്തം ചിന്താശേഷിയെയും അന്വേഷണത്വരയെയും ആശയവിനിമയപാടവത്തെയും കേന്ദ്രസ്ഥാനത്ത്‌ വെക്കുന്ന മറ്റൊരു രീതിശാസ്‌ത്രം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്‌ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. നേരത്തെ ട്യൂഷനുകള്‍ അല്‌പമെങ്കിലും ഉപകാരപ്രദമായിരുന്നത്‌ ഇവിടെ നടന്നതിന്റെ (ചിലപ്പോള്‍ തിരിച്ചും) ആവര്‍ത്തനം ഒരിക്കല്‍ക്കൂടി നടക്കുന്നു എന്നതുകൊണ്ട്‌ മാത്രമാണ്‌. ചില വസ്‌തുതകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവ സഹായകമാവുന്നു. എന്നാല്‍ ഇന്ന്‌ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന രീതിയുടെ കടകവിരുദ്ധമായ രീതിയാണ്‌ ട്യൂഷന്‍ സെന്ററുകളില്‍ സ്വീകരിക്കപ്പെടുന്നത്‌. ചില ശേഷികള്‍ (Skill) വളര്‍ത്തിയെടുക്കാനുള്ള പരിശീലനം മാത്രം. (പരിശീലനമെന്നപദം തന്നെ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ്‌ കുടുതല്‍ ചേരുക). ഒരിടത്ത്‌ അസൈന്മെന്റുകളും പ്രൊജക്‌ടുകളും ഫീല്‍ഡ്‌ സ്റ്റഡിയും സംവാദവും ചര്‍ച്ചയും. മറ്റേയിടത്ത്‌ ആവര്‍ത്തിച്ചുറപ്പിക്കലും കാണാപ്പാഠം പഠിക്കലും. സ്വാഭാവികവും ജൈവികവുമായ അറിവുനിര്‍മ്മാണവും കൃത്രിമവും യാന്ത്രികവുമായ ഓര്‍മ്മപരീക്ഷണവും. രണ്ട്‌ രീതിയും ഒരേ സമയം പീഡിപ്പിക്കുന്ന കുട്ടികളുടെ നിലവിളി ആര്‌ കേള്‍ക്കാനാണ്‌?

കോച്ചിംഗ്‌
സെന്ററുകള്‍ നിലനില്‍പ്പിനായി കളിക്കുന്ന തുരുപ്പാണ്‌ പാഠഭാഗങ്ങള്‍ മുന്‍കൂട്ടി പഠിപ്പിക്കല്‍ എന്നത്‌. പാഠത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അധ്യാപകര്‍, വിഷയത്തെക്കുറിച്ച്‌ എന്തൊക്കെ മുന്നറിവുകള്‍ കുട്ടി ആര്‍ജ്ജിച്ചിട്ടുണ്ട്‌ എന്ന്‌ തിരിച്ചറിയുന്നതിനായി ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്‌. വലിയ വായില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്നത്‌ ട്യൂഷന്‍ സന്താനങ്ങളായിരിക്കും. എല്ലാ തലകളും പിന്നീട്‌ അവളുടെ/അവന്റെ നേര്‍ക്ക്‌ വടക്കുനോക്കിയന്ത്രത്തിന്റെ സൂചിപോലെ തിരിഞ്ഞിരിക്കും. കുട്ടികളെ വ്യക്തിപരമായോ സംഘങ്ങളായോ ഒരു പ്രവര്‍ത്തനത്തിന്റെ വ്യത്യസ്‌ത ഘട്ടത്തിലുടെ കടത്തിക്കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം ചിന്താശേഷി ഉപയോഗിച്ച്‌ ഉത്തരങ്ങള്‍ / മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവര്‍ മുന്നോട്ടുപോകും. കണ്ടെത്തുന്ന ഉത്തരങ്ങളേക്കാള്‍ പ്രധാനം അതിന്റെ പ്രക്രിയയ്‌ക്കാണ്‌. ഇതാണ്‌ കുട്ടിയില്‍ ആത്മവിശ്വാസം നിറയ്‌ക്കുന്നത്‌. ഓരോ പ്രശ്‌നങ്ങളെയും നേരിടാനുള്ള പ്രയോഗികാനുഭവം പ്രദാനം ചെയ്യുന്നത്‌. പുതിയ വഴികള്‍ ആരായാന്‍ പ്രേരണയാകുന്നത്‌. ഇതെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നു എന്നല്ല. അതിനായിയുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. അതിനെ ഒട്ടാകെ തുരങ്കം വെക്കുന്നത്‌ ട്യൂഷന്‍സെന്ററുകളില്‍ ഹൃദയവും ബുദ്ധിയും കെട്ടിത്തൂക്കിയ പുതിയ കാലത്തെ അധ്യാപകര്‍ തന്നെയാണ്‌. സ്‌പൂണില്‍ ഫീഡ്‌ ചെയ്‌ത്‌ കയറ്റിയ വിജ്ഞാനശകലങ്ങളുടെ ബലത്തില്‍ ഉന്നതസ്‌കോര്‍ / നില നേടിയ പലരും ജീവിതത്തിന്റെ ചരല്‍പ്പാതകളില്‍ കാലിടറിവീഴുന്നത്‌ മാത്രം ആരും കാണുന്നില്ല.

സര്‍ക്കാര്‍
, എയിഡഡ്‌ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകന്മാര്‍ തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളിലെയും താരങ്ങള്‍. തങ്ങളുടെ ആത്മാവ്‌ പണയം വെച്ച കോച്ചിംഗ്‌ സ്ഥാപനങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനാണ്‌ ഇവര്‍ മാതൃസ്ഥാപനങ്ങളില്‍ ചെല്ലുന്നത്‌. തങ്ങളുടെ സ്ഥാപനത്തില്‍ ചേരാത്ത കുട്ടികളെ പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണ്ണയം എന്നിവകാട്ടി ഭീഷണിപ്പെടുത്തുവാന്‍ പോലും തയ്യാറാകുന്നവരുണ്ട്‌. പഴയ ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകരെ ഓര്‍മ്മയില്ലേ. സ്ഥിരം ജോലി ലഭിക്കുന്നതിനുമുന്നിലെ ഇടവേളകളില്‍ ഒട്ടനവധിപേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്‌തിരിക്കും. ക്ലാസുകള്‍ കഴിഞ്ഞാലും സംസ്‌കാരിക -രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ ചര്‍ച്ചയും വിശകലനവുമായി, അവിടുന്ന്‌ ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, സൗഹൃദങ്ങളുടെ ലഹരിയുമായി കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ ഒട്ടനവധി പേര്‍ക്കുണ്ടാവും. കാറിലും ബൈക്കിലും വന്നിറങ്ങി മണിക്കൂറുകള്‍ക്ക്‌ ആയിരങ്ങള്‍ വിലപേശിവാങ്ങിക്കുന്ന, പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ ജീവിക്കുന്ന പുതിയ കാലത്തെ കോച്ചിംഗ്‌ വിദഗ്‌ധര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയില്ല അക്കാലം. സംസ്ഥാനത്തെ മൂന്ന്‌ലക്ഷത്തോളം വരുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ രണ്ട്‌ ലക്ഷത്തിനടുത്തുവരും സയന്‍സ്‌ വിദ്യാര്‍ത്ഥികള്‍. ഇതില്‍ പകുതിപ്പേരെങ്കിലും സ്ഥിരമായി കോച്ചിംഗിന്‌ പോകുന്നവരാണെന്ന്‌ കണക്കുകൂട്ടിയാല്‍ തന്നെ രണ്ടുവര്‍ഷത്തേക്കായി 150 മുതല്‍200 കോടി രൂപയാണ്‌ രംഗത്ത്‌ മുടക്കപ്പെടുന്നത്‌ (75,000 X10,000 X2).നൂറ്‌ശതമാനവും പ്രയോജനരഹിതമായ ഒരു വ്യായാമത്തിനായി ദരിദ്രസംസ്ഥാനം പ്രതിവര്‍ഷം മുടക്കുന്നത്‌ 150 കോടി രൂപ. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ കഞ്ഞികുടിക്കായല്ല തുക വിഭജിച്ചുപോകുന്നതെന്ന്‌ ഓര്‍ക്കണം. എന്‍ട്രന്‍സ്‌ എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ഇത്‌ കൂടിവരികയേയുള്ളു. നഗരങ്ങളില്‍ മാത്രം മുന്‍വര്‍ഷങ്ങളില്‍ ഒതുങ്ങിയിരുന്ന കോച്ചിംഗ്‌ സെന്ററുകള്‍ ഇന്ന്‌ ഗ്രാമീണമേഖലയില്‍പ്പോലും ഒഴിച്ചുകുടാന്‍ കഴിയാത്ത സ്ഥാപനങ്ങളായിത്തീര്‍ന്നു.

സ്വന്തം
സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുന്ന കഴിവുള്ള അധ്യാപകര്‍ തന്നെയാണ്‌ സ്‌കൂളുകളെ ഒറ്റുകൊടുത്തുകൊണ്ട്‌ പ്രവണതയ്‌ക്ക്‌ ശക്തി പകരുന്നത്‌. സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ മറ്റധ്യാപകര്‍ക്കുകൂടി താത്‌പര്യം നഷ്‌ടപ്പെടുന്ന രീതിയിലാണ്‌ ഇതിപ്പോള്‍ എത്തിനില്‍ക്കുന്നത്‌. ക്ലാസില്‍ പുതുതായി, നല്ല ആസൂത്രണത്തോടെ അവതരിപ്പിക്കേണ്ടുന്ന ഒരു പ്രശ്‌നം കേവലം കാണാപ്പാഠം പഠിക്കേണ്ട വസ്‌തുതയായി ട്യൂഷന്‍ ക്ലാസില്‍ നിന്നും പൊതിഞ്ഞു കൊടുത്തിരിക്കും. സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസുകള്‍ എടുക്കണമെങ്കില്‍, കുട്ടികള്‍ക്കായി ക്യാമ്പുകളോ ചലച്ചിത്രപ്രദര്‍ശനങ്ങളോ നടത്തണമെങ്കില്‍ കോച്ചിംഗ്‌ ക്ലാസുകാരുടെ കൂടി അനുവാദം ആവശ്യമാണ്‌. അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാവില്ല ഇതിനൊന്നും. ഇതിന്‌ മുന്‍കൈയെടുത്ത അധ്യാപകന്‍/ അധ്യാപിക കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കോച്ചിംഗ്‌സെന്ററുകാരുടെയും കരിമ്പട്ടികയിലും ആകും.
സ്‌കൂളിലെയും കോച്ചിംഗ്‌സെന്ററിലെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ അതിദയനീയമാണ്‌. പുലര്‍ച്ചെ ആരംഭിക്കുന്ന ഇവരുടെ പഠനക്ലാസുകള്‍ ചിലപ്പോള്‍ രാത്രിവരെ നീളും. അതിനുശേഷം വേണം രണ്ടിടങ്ങളിലെയും രചനകള്‍ പൂര്‍ത്തീകരിക്കാനും ടെസ്റ്റുകള്‍ക്ക്‌ തായ്യാറാവാനും. തനിക്കുവേണ്ടി രക്ഷകര്‍ത്താക്കള്‍ മുടക്കിയിട്ടൂള്ള ഭീമമായ തുകയെക്കുറിച്ചുള്ള ചിന്ത, അവരുടെ പ്രതീക്ഷകള്‍, വിഷയത്തില്‍ പലതും തനിക്ക്‌ പിടികിട്ടാത്തതിലുള്ള ഉത്‌കണ്‌ഠ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഊഹാതീതങ്ങളാണ്‌. ഭീതിയുടെയും ഉത്‌കണ്‌ഠകളുടെയും കൊടുമുടിയിലേക്ക്‌ കുട്ടികളെ ഉന്തിക്കേറ്റുന്നതാണോ വിദ്യാഭ്യാസം? പ്രാഥമിക കൃത്യങ്ങള്‍പോലും ശരിയായി നിര്‍വ്വഹിക്കാതെ, നേരത്തിനും കാലത്തിനും വല്ലതും കഴിക്കാതെ, ശരിയായി ഉറങ്ങാതെ നിര്‍വ്വഹിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം? തൊട്ടടുത്തിരിക്കുന്ന കുട്ടിയെവരെ മനസ്സില്‍ ശത്രുവായി പ്രതിഷ്‌ഠിച്ച്‌ നടത്തേണ്ട പോരാട്ടമാണോ വിദ്യാഭ്യാസം ? വിദ്യാഭ്യാസമെന്ന ആര്‍ക്കും തട്ടിക്കളിക്കാവുന്ന പന്തിനെ കച്ചവടത്തിന്റെ കോര്‍ട്ടില്‍ നിന്ന്‌ വിശാലമായ മൈതാനത്തിലേക്ക്‌ കൊണ്ടുവരുന്നതുവരെ ഇത്തരം ചോദ്യങ്ങള്‍ക്കുതന്നെ പ്രസക്തിയുണ്ടാവില്ല.