2009, ഏപ്രിൽ 24, വെള്ളിയാഴ്‌ച

ക്ലാസുമുറിയിലെത്തുന്ന സിനിമ

'Film was the backbone of mass culture'
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പാഠ്യപദ്ധതി അവലോകനം ചെയ്യുകയും ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്‌. സ്‌കൂള്‍ പാഠ്യപദ്ധതിക്ക്‌ അകത്തുനിന്നുമാത്രം വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുക ഇന്ന്‌ എളുപ്പമല്ല. സമൂഹവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഏത്‌ അറിവും ഉല്‍പ്പാദിപ്പിക്കാനും വിനിമയം ചെയ്യാനും കഴിയൂ എന്ന സാമൂഹിക ജ്‌ഞാനനിര്‍മ്മിതി വാദത്തിന്റെ (Social Constructivism) അടിത്തറിയിലാണ്‌ പുതിയ പാഠ്യപദ്ധതിയും പടുത്തുയര്‍ത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുബോധം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ദൃശ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ കാണാതെ പാഠ്യപദ്ധതി രൂപീകരണ പ്രക്രിയക്ക്‌ മുന്നോട്ടുപോകാന്‍ കഴിയില്ല.
കേവലം ചില വസ്‌തുതകളോ ആശയങ്ങളോ കാണാപ്പാഠം പഠിക്കലല്ല വിദ്യാഭ്യാസം എന്ന്‌ ഇന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സാമൂഹിക ജ്ഞാന നിര്‍മ്മിതി വാദത്തിനു പുറമെ ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി എന്നീ ആശയങ്ങളുടെ സാധ്യതകളേയും ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള, നിലനില്‍ക്കുന്ന പാഠ്യപദ്ധതിയില്‍ തന്നെ സാംസ്‌കാരികമായും ചരിത്രപരമായും ഉന്നതബോധമുള്ള പൗരനെ വളര്‍ത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ട്‌. തന്റെ നാടിന്റെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതകവുമായുള്ള സവിശേഷതകള്‍ തിരിച്ചറിയുകയും അതിനെതിരെ നടക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശങ്ങളെ ചെറുക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്‌.
ഇവിടെയെത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഒരു കുട്ടിയെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്‌തനായ പൗരനായി വളര്‍ത്തിയെടുക്കുക നമ്മുടെ വിദ്യഭ്യാസത്തിന്റെ ലക്ഷ്യമായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എത്രമാത്രം നമുക്കതിന്‌ കഴിഞ്ഞിട്ടുണ്ട്‌ ? ജീവിതത്തോടുള്ള കാഴ്‌ചപ്പാട്‌, തൊഴില്‍ സംസ്‌കാരം, മനോഭാവങ്ങള്‍, മൂല്യങ്ങള്‍, പുരോഗമനാശയങ്ങള്‍ ഇവ കരുപ്പിടിപ്പിക്കുന്നതിന്‌ എന്ത്‌ പങ്കാണ്‌ നിലനില്‍ക്കുന്ന വിദ്യാഭ്യാസത്തിന്‌ ഉള്ളത്‌ ? പഠനത്തിനകത്ത്‌ ഇവയ്‌ക്കൊന്നും സ്ഥാനമില്ലെങ്കില്‍ പിന്നീട്‌ ആര്‌, എങ്ങിനെ ഇവ അവരില്‍ പാകി വിളയിക്കും ? അവ സമൂഹ പുരോഗതിക്ക്‌ അനുഗുണമായിരിക്കുമോ ? ദൃശ്യമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റ്‌ മൊബൈല്‍ എന്നിവ കൂടി വരുന്ന നവ മാധ്യമങ്ങളും (New Media) ആണ്‌, വിദ്യാഭ്യാസത്തില്‍ നാം പരിഗണിക്കാതെയിരുന്ന ഈ വിടവിലേക്ക്‌ സര്‍വ്വ ശക്തിയോടുംകൂടി കടന്നുവരുന്നത്‌.
ദൃശ്യസാക്ഷരത
അക്ഷരം എഴുതാനും വായിക്കാനും ഉള്ള കഴിവിനെയാണ്‌ നാം സാക്ഷരത എന്ന ഓമനപ്പേരില്‍ വിളിച്ചുവരുന്നത്‌. സമ്പൂര്‍ണ്ണ സാക്ഷരരാണെന്ന്‌ പറയുമ്പോഴും ഇതിനപ്പുറം നമുക്ക്‌ കടക്കാന്‍ കഴിഞ്ഞുവോ എന്ന്‌ ആലോചിക്കേണ്ടതാണ്‌. അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോള്‍ നമുക്ക്‌ മുന്നില്‍ തെളിയുന്ന ആശയലോകത്തെ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും കഴിയുമ്പോഴാണ്‌ നാം യഥാര്‍ത്ഥത്തില്‍ സാക്ഷരരാവുന്നത്‌. എന്നാല്‍ ഇന്ന്‌ അക്ഷരത്തേക്കാള്‍ അളവിലും ശക്തിയിലും നമുക്ക്‌ മുന്നിലെത്തുന്നത്‌ ദൃശ്യങ്ങളാണ്‌. നമ്മുടെ യഥാര്‍ത്ഥ കാഴ്‌ചകളെപ്പോലും രൂപപ്പെടുത്തുന്നതില്‍ ഇത്തരം ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അക്ഷരങ്ങള്‍ നേരിട്ട്‌ ഒന്നും ബോധിപ്പിക്കുന്നില്ല. അവയെ ആശയങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഒരാളുടെ മനസ്സിനുള്ള സ്ഥാനം ചെറുതല്ല. എത്ര ലളിതമായ വായനയിലും ഇത്‌ പ്രസക്തമാണ്‌. ആഴത്തിലുള്ള വായനക്കായി നിതാന്തമായ ജാഗ്രതയും ചിന്തയുടെയും യുക്തിയുടെയും മിനുസപ്പെടുത്താത്ത ഉരകല്ലും സജ്ജമാക്കേണ്ടതുണ്ട്‌. എന്നാല്‍ ദൃശ്യമാധ്യമങ്ങളിലൂടെ പെയ്യുന്ന നിറവാര്‍ന്ന ദൃശ്യങ്ങളുടെ പെരുമഴ നനയാന്‍ ഇതൊന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം മാധ്യമദൃശ്യങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്ന രീതിയാണ്‌ സാമാന്യ ജനത്തിനുള്ളത്‌.
കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
* ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
* ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?
ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വലിയ കുമിളകളെ ഉടക്കാന്‍ ചെറിയ മുള്ളുമതി. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം. സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ നമുക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ നമ്മളും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ (art of the late capitalism) അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും.
ദൃശ്യമാധ്യമങ്ങള്‍ ക്ലാസ്‌ മുറിയില്‍
ദൃശ്യസാക്ഷരതയ്‌ക്കായി മാധ്യമങ്ങളുടെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളോടൊപ്പം തന്നെ ഫലവത്തായ ഏറെ കാര്യങ്ങള്‍ക്കായി ഇവയെ നേരിട്ട്‌ ക്ലാസില്‍ ഉപയോഗിക്കാനും കഴിയും. ചലച്ചിത്രത്തെ മറ്റ്‌ രചനകള്‍ പോലെ തന്നെ ഒരു ടെക്‌സ്‌റ്റ്‌ ആയി കാണാം. മറ്റേതൊരു കലാസൃഷ്‌ടിയെയും പോലെതന്നെ ക്ലാസ്‌ മുറിയിലേക്ക്‌ കടന്നുവരാന്‍ ഇന്ന്‌ സിനിമ യോഗ്യത തെളിയിച്ചിട്ടുണ്ട്‌. പാഠപുസ്‌തകങ്ങളില്‍ സിനിമകളെ സംബന്ധിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനപ്പുറം സിനിമകള്‍ തന്നെ ടെക്‌ ആയി നിര്‍ദേശിക്കപ്പെടണം. ക്ലാസിക്‌ ചലച്ചിത്രങ്ങള്‍ പലതവണ കണ്ടുകൊണ്ട്‌, ഒരു കലാസൃഷ്‌ടി എന്ന നിലയില്‍ സിനിമയിലൂടെ ലഭിക്കുന്ന ആഹ്ലാദം, വികാരവിമലീകരണത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഇവ അനുഭവപ്പെടുത്താന്‍ കഴിയണം. അവയിലെ സാമൂഹിക പരിസരം, നിലപാടുകള്‍, ഊന്നലുകള്‍ ഇവയെല്ലാം വിശകലനവിധേയമാക്കാം. ഭാഷാപഠനത്തില്‍ ഒരു കഥയോ കവിതയോ ഉപയോഗിക്കുന്നതുപോലെ അവധാരണം ചെയ്യുന്നതിന്‌, കഥാപാത്ര പഠനം നടത്തുന്നതിന്‌, ധ്വന്യാത്മക തലം കണ്ടെത്തുന്നതിന്‌, ദൃശ്യങ്ങളെ വ്യാഖ്യാനിക്കുന്നതിന്‌ ഒക്കെ സിനിമയെ ഉപയോഗപ്പെടുത്തണം.
ഏതൊരു പഠനത്തിന്റെയും മികച്ച റഫറന്‍സ്‌ കൂടിയാണ്‌ ഇന്ന്‌ സിനിമ. ഏത്‌ പഠനമേഖലയുടെ താരതമ്യത്തിനും ഉപയോഗിക്കാവുന്ന ഒന്ന്‌, വായിച്ചറിഞ്ഞ ഒന്നിനെ ആഴത്തിലറിയാന്‍, മറ്റൊരു കോണില്‍ നിന്നും നോക്കിക്കാണാന്‍ സഹായിക്കുന്ന ഒന്ന്‌, അപരിചിതമായ പരിസരങ്ങളെ അടുത്തറിയിക്കുന്ന ഒന്ന്‌. ചരിത്രസംഭവങ്ങളെ മഹത്‌വ്യക്തിത്വങ്ങളെ, കേട്ടറിഞ്ഞ വാമൊഴി ഭേദങ്ങളെ തൊട്ടറിയാന്‍ കുട്ടികള്‍ക്ക്‌ ഏറെ പഥ്യമാവുക കലയുടെ ഈ കൈവഴി തന്നെയാകാം. (Did not go to the movies to dream, but to learn) ഡിജിറ്റല്‍ യുഗമെന്ന്‌ കേളികേട്ട ഇന്ന്‌ കേവലം പ്രേക്ഷകനായിരിക്കുക എന്നിടത്തുനിന്ന്‌ ഒരു ചലച്ചിത്രകാരനാവുക എന്നത്‌ നല്ലൊരു ചലച്ചിത്ര വിദ്യാര്‍ത്ഥിക്ക്‌ അപ്രാപ്യമായ സംഗതിയല്ല. തന്റെ ചുറ്റിലുമുള്ള ജനകീയ പ്രശ്‌നങ്ങളിലേക്ക്‌ സമൂഹത്തിന്റെ ശ്രദ്ധയെത്തിക്കാന്‍ ക്യാമറയുമായി തുനിഞ്ഞിറങ്ങിയ `ക്യാമറാ ബഫു' കളെ ഇന്ന്‌ സര്‍വ്വകലാശാലകളില്‍ മാത്രമല്ല സ്‌കൂളുകളിലും കണ്ടെത്താം.
സിനിമയുടെ ജനപ്രിയ ചേരുവകളുടെ ആരാധകരാക്കി ഫിലിം പെട്ടിയെ തലമൊട്ടയടിച്ച്‌ പൂജിച്ച്‌ പ്രാര്‍ത്ഥനാപൂര്‍വ്വം എഴുന്നള്ളിക്കേണ്ട ദിവ്യവസ്‌തുവായി പരിഗണിക്കുന്ന ബുദ്ധിമാന്ദ്യത്തിലേക്ക്‌ പുതുതലമുറയെ എത്തിക്കുന്നതില്‍, ഈ വിഷയത്തെക്കുറിച്ച്‌ ക്ലാസ്‌ മുറിക്കകത്തും പുറത്തും മൗനം പാലിച്ച നമ്മുടെ വിദ്യാഭ്യാസ പണ്ഡിതരും അധ്യാപകരും തന്നെയാണ്‌ കുറ്റവാളികള്‍ . ദൃശ്യമാധ്യമങ്ങളുടെ സാങ്കേതികവും സൗന്ദര്യാത്മകവും ധ്വന്യാത്മകവുമായ അംശങ്ങളെ സംബന്ധിച്ച്‌ വായിച്ചും കണ്ടും അറിയാന്‍ ഇനിയും അവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ `സാമ്പ്രദായിക ആര്‍ട്ട്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളേക്കാള്‍ വിജനമായിരിക്കും അവരുടെ ക്ലാസ്‌ മുറികള്‍.